RSS

Daily Archives: Jan 18, 2010

ചർച്ചയാണു് താരം

അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം. അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.

പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്. സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ? എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു. ബ്ലോഗിലെ ‘അംഗീകൃത അവിശ്വാസികളായ’ ബ്രൈറ്റ്‌, സൂരജ്‌, ജബ്ബാർ മാഷ്‌ മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് ‘കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ’ എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്. കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ്‌ അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന ‘റ്റോംസ്‌ കോനുമഠം’ എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ. ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം…

മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്. എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി “ഒന്നു്” എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?

കേരളത്തിലെ ബാർബർഷോപ്പുകളിലും ചായക്കടകളിലും സ്ഥിരമായി നടക്കുന്നതും, മലയാളികൾക്കു് ചിരപരിചിതവുമായ സമയംകൊല്ലി ചർച്ചകൾ ബ്ലോഗിലേക്കു് പറിച്ചുനടാൻ ഒരു ചിലവുമില്ലാത്ത ഒരു ഇ-മെയിൽ അഡ്രസ്സും ഒരു ID-യും മതി. ഇണ്ടാപ്പി എന്നോ, അതിബുദ്ധിമാൻ എന്നോ, xyz എന്നോ, H.G.Ramkumar എന്നോ ഒരു പേരുമായി ഏതു് “പോത്തുകച്ചവടക്കാരനും” (കടപ്പാടു്: maneesarang) ആദിസ്ഫോടനത്തിലെ “ചെവിപൊട്ടിപ്പോകുന്ന” ഒച്ചയേയും “കണ്ണഞ്ചിപ്പോകുന്ന” പ്രകാശത്തേയുമൊക്കെപ്പറ്റി ശാസ്ത്രീയ ചർച്ചകളിൽ അഭിപ്രായം പറയാം. താൻ പറയുന്നതു് “ആധികാരികമായേ” അവനു് തോന്നുകയുള്ളു. പക്ഷേ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും “പോത്തുകച്ചവടക്കാർ” അല്ലാത്തതിനാൽ ആരെങ്കിലും “രാജാവിന്റെ ഈ തുണിയില്ലായ്മ” ചൂണ്ടിക്കാണിക്കും. അതോടെ ലായത്തിലെ ഒന്നോ ഒന്നിലധികമോ കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും. താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ “വല്യ കുരങ്ങന്മാർ” രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും. ഇതാണു് മലയാളം ബ്ലോഗ്‌ ലോകത്തിൽ “ചർച്ച” എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് – മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.

മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. “ചളു ചളു” എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ “ബ്ലാ ബ്ലാ” വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.

ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. അവ കൂടാതെ, വിശ്വാസികൾ ഇതുവരെ ഉന്നയിച്ചതായി ശ്രദ്ധയിൽ പെട്ട പല എതിർവാദങ്ങളുടെയും അർത്ഥശൂന്യത എന്റെ മറ്റു് പല പോസ്റ്റുകളിലൂടെ ഞാൻ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. “പോത്തുകച്ചവടക്കാർക്കു്” അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. അല്ലെങ്കിൽ അവയ്ക്കൊക്കെ വസ്തുനിഷ്ഠമായ മറുപടികൾ ലഭിക്കുമായിരുന്നല്ലോ. അതുകൊണ്ടാണു് അത്തരക്കാർ അവരുടെ വിശ്വാസവും, നോമ്പും, പ്രാർത്ഥനയും, കുമ്പസാരവും, ദൈവവും, സ്വർഗ്ഗവും നരകവുമൊക്കെയായി സന്തുഷ്ടജീവിതം നയിക്കുക എന്നു് വീണ്ടും വീണ്ടും എനിക്കു് പറയേണ്ടി വരുന്നതും. പക്ഷേ, അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.

1. വിശ്വാസികളുമായി ചർച്ച ചെയ്തില്ല എന്ന പരാതിയുള്ള മുസ്ലീം വിശ്വാസികൾക്കായി:

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

2. ശാസ്ത്രത്തെ പരിഹസിക്കുന്ന ക്രിസ്തുമത വിശ്വാസികൾക്കായി:

3009-ലും ലോകമോ?

3. അറിവിന്റെ ആത്യന്തികതയെപ്പറ്റി “ഉത്തമബോദ്ധ്യമുള്ള” എല്ലാ മതസ്ഥർക്കുമായി:

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

ഈ പോസ്റ്റുകളും അതിലെ കമന്റുകളും (പ്രത്യേകിച്ചും ആദ്യത്തെ രണ്ടു് പോസ്റ്റുകൾ) വായിക്കുന്നവർ അവയിലെ വിശ്വാസികളുടെ പ്രതികരണങ്ങളിലെ വസ്തുനിഷ്ഠത ശ്രദ്ധിക്കുക. ശ്രദ്ധിക്കാൻ പറയുന്നതു് വിശ്വാസികളോടല്ല. അവർക്കു് അവരുടെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിയില്ലല്ലോ. എന്റെ പോസ്റ്റുകൾ വിശ്വാസികൾക്കു് വേണ്ടിയുള്ളതല്ല എന്നു് ഞാൻ ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു. കാരണം, വിശ്വാസികളുടെ റേഞ്ച്‌ അവർക്കറിയില്ലെങ്കിലും ഞാൻ അറിഞ്ഞിരിക്കണമല്ലോ.

“ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ” എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.