RSS

Daily Archives: Jan 14, 2021

ബൈനോമിയലോ, ശിവലിംഗമോ?

ബൈനോമിയൽ തിയറം, പൈതഗോറസ് തിയറം തുടങ്ങിയ ഒരു പ്രയോജനവുമില്ലാത്ത ഗണിതശാസ്ത്രങ്ങളല്ല സ്കൂളിൽ പഠിപ്പിക്കേണ്ടതു്, ലൈംഗികവിദ്യാഭ്യാസമാണു് എന്നൊരു നിർദ്ദേശം ഫെയ്സ്ബുക്കിൽ കണ്ടിരുന്നു. വിദ്യാർത്ഥികൾ പഠിക്കേണ്ടതു് സമൂഹത്തിൽ അവർക്കു് പ്രയോജനമുള്ള കാര്യങ്ങളായിരിക്കണം എന്ന നിർദ്ദേശം ആ സാമൂഹികപരിഷ്കർത്താവു് മുന്നോട്ടുവച്ചതു് സ്വന്തം വിദ്യാഭ്യാസത്തിന്റെയും അനുഭവസമ്പത്തിന്റെയും വെളിച്ചത്തിൽ ആയിരിക്കാനേ വഴിയുള്ളു. ഒന്നുമില്ലായ്മയിൽ വാക്യും ഫ്ലക്ചുവേഷൻസല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു. കേരളസമൂഹം വിലമതിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്കും, രാഷ്ട്രീയം, മതം, സിനിമ, സാഹിത്യം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാമൂഹികമായ അവരുടെ ഇടപെടലുകളിൽ മാഥമാറ്റിക്സിലെയോ ഫിസിക്സിലെയോ ഇക്കൊണോമിക്സിലെയോ ഫോർമുലകളോ തിയറികളോ ഉപയോഗിക്കേണ്ട ആവശ്യം വരാറില്ലെന്ന രഹസ്യവും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു് വളമേകിയിട്ടുണ്ടാവണം.

കേരളത്തിലെ ഇക്കൊണോമിക്സിന്റെ കാര്യത്തിൽ ഒരു ചെറിയ തിരുത്തിന്റെ ആവശ്യമുണ്ടു്. തങ്ങൾക്കു് വേണ്ടപ്പെട്ടവർക്കു്, അവരുടെ നിലയും വിലയും, അവരിൽനിന്നുള്ള പ്രയോജനവും അനുസരിച്ചു്, കിറ്റായും കിമ്പളമായും ശമ്പളമായും കമ്മീഷനായും മഹാമനസ്കതയോടെ വിതരണം ചെയ്യാൻ, പൊതുസമൂഹത്തെ പൊട്ടൻകളിപ്പിച്ചു് കേരളഗവണ്മെന്റ് വാങ്ങിക്കൂട്ടുന്ന കടത്തിന്റെ കൂട്ടുപലിശ, മദ്യനികുതിയുടെയും ലോട്ടറിവരുമാനത്തിന്റെയും ലഘുതമ സാധാരണ ഗുണിതം (ലസാഗു), ഉത്തമ സാധാരണ ഘടകം (ഉസാഘ) മുതലായവ, മാർക്സിയൻ സാമ്പത്തികശാസ്ത്രസമുദ്രത്തിന്റെ അടിത്തട്ടിൽനിന്നുള്ള തിയറികളും ഫോർമുലകളും ഉപയോഗിച്ചു് തിട്ടപ്പെടുത്തേണ്ട ആവശ്യം ഇടയ്ക്കിടെ കേരള ധനകാര്യമന്ത്രിക്കു് ഉണ്ടാവാറുണ്ടു്. അതിനപ്പുറമൊരു ശാസ്ത്രജ്ഞാനം കേരളത്തിലെ മുതിർന്ന തലമുറയ്ക്കോ, വളർന്നുവരുന്ന തലമുറയ്ക്കോ ആവശ്യമില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ പഠിക്കാനായി മനുഷ്യൻ എന്തിനു് വെറുതെ തല പുകയ്ക്കണം? എടുത്താൽ പൊങ്ങാത്ത കടത്തിന്റെ കണക്കുകൂട്ടുന്ന കേരള ധനകാര്യമന്ത്രിയുടെ തലപുകഞ്ഞുയരുന്ന വെളുവെളുത്ത പുകച്ചുരുളുകൾ കണ്ടു് സായുജ്യമടയാൻ കഴിഞ്ഞാൽ മതി, കേരളീയർക്കു് സ്വസ്ഥം സോഷ്യലിസം! ധനകാര്യമന്ത്രിയുടെ തലപുകയൽ ആരംഭകാലത്തു് ഉപരിപ്ലവമായിരുന്നെങ്കിലും, ഇപ്പോളതു്, പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളെപ്പോലെ, അഗാധതയിൽ നിന്നുയരുന്ന വെടിയും പുകയുമായി ഭയാനകമായ രൂപവും ഭാവവും പ്രാപിച്ചുകൊണ്ടിരിക്കുന്നു!

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്നും “Habemus papam” എന്ന “വാങ്കുവിളി” മുഴങ്ങുകയും, സിസ്റ്റിൻ ചാപ്പലിന്റെ ചിംനിയിൽ നിന്നും വെളുത്ത പുക ഉയരുകയും ചെയ്യുമ്പോൾ, “നമുക്കൊരു പുതിയ മാർപ്പാപ്പയെ കിട്ടി” എന്ന വിശുദ്ധരഹസ്യം “മേ!!” വിളിയുമായി വത്തിക്കാനിലെ കത്തോലിക്കാസഭയുടെ മുഖ്യതൊഴുത്തിന്റെ മുറ്റത്തു് ഉത്ക്കണ്ഠയോടെ കാത്തുനിൽക്കുന്ന മുട്ടാടുകളും പെണ്ണാടുകളും മനസ്സിലാക്കുകയും, അവർ പരസ്പരം കൈ മൊത്തി, കാൽ കഴുകി, തല മുട്ടി, ആനന്ദാശ്രുക്കൾ പൊഴിച്ചു്, അലമുറയിട്ടു് സായുജ്യമടയുന്നില്ലേ? പുകക്കുഴലിൽ നിന്നും കറുത്ത പുകയാണു് പൊങ്ങുന്നതെങ്കിൽ, പുത്തൻപാപ്പയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണർത്ഥം. അപ്പോൾ, മലയാളം വീക്ലികളിലെ, ഒറ്റനടയ്ക്കു് പോയിത്തീരാൻ കഴിയാത്തത്ര നീളമുള്ള ഇക്കിളിക്കഥകളുടെ തുടർച്ചയ്ക്കായി അനുവാചകവൃന്ദം അക്ഷമരായി കാത്തിരിക്കുന്നപോലെ, ആടുകൾ – ദൈവത്തിന്റെ ലിംഗനീതിപ്രകാരം പെണ്ണാടുകൾ തലയിൽ മുണ്ടിട്ടും, ആണാടുകൾ മുണ്ടിടാതെയും – വെളുത്ത പുകയുടെ വരവേൽപ്പിനായുള്ള കാത്തുനിൽപ്പു് അനുസ്യൂതം തുടരും. മരണത്തിനു് മുൻപു് മരണം വരെയും, മരണത്തിനു് ശേഷം – നിത്യസ്വർഗ്ഗത്തിലായാലും നിത്യനരകത്തിലായാലും – അനന്തമായും സമയമുള്ള ജീവിവർഗ്ഗമാണു് ഈശ്വരഭക്തിയും കക്ഷിരാഷ്ട്രീയഭക്തിയും “മൂത്തു് മുട്ടംതട്ടിയ” ആട്ടിൻകൂട്ടങ്ങൾ! കാത്തിരുപ്പും കാത്തുനില്പും സന്തോഷത്തോടെ ഏറ്റുവാങ്ങുന്നവരാണവർ! എത്രനേരം വേണമെങ്കിലും ഒറ്റക്കാലിൽ കാത്തുനിൽക്കാൻ കഴിയുന്ന ചില സന്ന്യാസികൾ ഭാരതത്തിലുണ്ടത്രെ! എന്തിനാണു് പ്രഭോ അങ്ങു് ഇപ്രകാരം ചെയ്യുന്നതു് എന്നു് ചോദിച്ചാൽ, സമയം പോകണ്ടേ ദാസാ എന്നാവും മറുപടി. പരമകാരുണികനും ദീനദയാലുവുമായ പിണറായി വിജയൻ വോട്ടുപിടുങ്ങാനായി പാവങ്ങളായ സമ്മതിദായകർക്കു് വിതരണം ചെയ്യുന്ന കടലക്കിറ്റുകൾ പോലെ, ടൂറിസ്റ്റുകളായ ആരെങ്കിലും സഹാനുഭൂതിയോടെ നൽകുന്ന വിദേശനാണയത്തിനു് വേണ്ടിയാണു് താൻ ഈ കടുംകൈ ചെയ്യുന്നതു് എന്നു് സമ്മതിക്കുന്നതു് ഒറ്റക്കാലിൽ നില്പന്മാരുടെ അന്തസ്സിനു് ചേർന്നതല്ലത്രെ!

ഹിന്ദുവിനു് വേണ്ടതെല്ലാം ഭഗവദ്ഗീതയിലും, മുസ്ലീമിനു് വേണ്ടതെല്ലാം ഖുർആനിലും, നസ്രാണിക്കു് വേണ്ടതെല്ലാം ബൈബിളിലും, മാക്രിസ്റ്റിനു് വേണ്ടതെല്ലാം മാനിഫെസ്റ്റോയിലും അവരവരുടേതായ ദൈവങ്ങൾ എഴുതിവച്ചിട്ടുണ്ടെന്നിരിക്കെ, അതാതു് കിത്താബുകളല്ലാതെ, മറ്റിനം കിത്താബുകൾ വായിച്ചു് സമയം കളയേണ്ട ആവശ്യം മനുഷ്യർക്കില്ല. ആ പരിഗണനയുടെ അടിസ്ഥാനത്തിലാവണം, ബൈനോമിയൽ ഫോർമുലകളോ, പൈതഗോറസ് തിയറമോ, മറ്റേതെങ്കിലും ശാസ്ത്രീയതത്വങ്ങളോ മനുഷ്യർക്കാവശ്യമില്ല എന്ന നിഗമനത്തിൽ കേരളത്തിലെ നിലയാളികളും വിലയാളികളും കൊലയാളികളും എത്തിച്ചേരുന്നതു്. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിലും, ആധുനികശാസ്ത്രങ്ങളുടെ കലവറയായ ഖുർആനിലും, ദൈവങ്ങളുടെ കയ്യൊപ്പുള്ള മറ്റിനം മതഗ്രന്ഥങ്ങളിലുമുള്ള ശാസ്ത്രങ്ങളൊന്നും പോരെന്നുണ്ടെങ്കിൽ, ഗൗളിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യോതിഷശാസ്ത്രം, കവടിക്രിയാശാസ്ത്രം, മഷിനോട്ടശാസ്ത്രം തുടങ്ങിയ ധാരാളം ശാസ്ത്രങ്ങൾ വേറെയുമുണ്ടല്ലോ ശാസ്ത്രദാഹികൾക്കു് പഠിച്ചുമദിച്ചു് ആകാശങ്ങൾ കീഴടക്കാൻ!

ലൈംഗികവിദ്യാഭ്യാസത്തിലൂടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ ലൈംഗികശാസ്ത്രം പഠിപ്പിക്കുമ്പോൾ, അതോടൊപ്പം മുഹൂർത്തശാസ്ത്രം വാസ്തുശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങൾ കൂടി പഠിപ്പിക്കേണ്ടതുണ്ടു്. വാത്സ്യായന മഹർഷിയുടെ കാമസൂത്രം നിർബന്ധമായും “കറിക്കലത്തിന്റെ” ഭാഗമായിരിക്കണം. മുന്നിൽ നിന്നോ, പിന്നിൽ നിന്നോ പിടിക്കേണ്ടതു്, ഒറ്റക്കൈകൊണ്ടു് ഒറ്റപ്പിടുത്തം പിടിക്കണോ, രണ്ടുകൈകൾകൊണ്ടു് ചാടിപ്പിടിക്കണോ ഇത്യാദി സാങ്കേതികവശങ്ങൾ ശാസ്ത്രീയമായി വിദ്യാർത്ഥികൾ മനസ്സിലാക്കിയിരിക്കണം. തിയറിയോടൊപ്പം പ്രാക്ടീസിലും പ്രാവീണ്യം കൈവരിക്കാനായി ലബോററ്ററി പോലുള്ള ഫെസിലിറ്റികൾ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടതുണ്ടു്. പോർണോ ഫിലിമുകളിൽ ആക്ടീവായി അഭിനയിക്കാൻ വേണ്ടത്ര അനുഭവസമ്പത്തോടെയേ വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു് പുറത്തുവരാവൂ. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഗുരുക്കൾ തയ്യാറാകരുതു്. സമൂഹത്തിന്റെ നവോത്ഥാനത്തിനായി പുതിയ ലഘുക്കളെ വാർത്തെടുക്കുക എന്നതാണു് ഗുരുക്കളുടെ അന്തിമമായ ലക്ഷ്യം എന്ന കാര്യം ഒരിക്കലും മറക്കരുതു്. മറന്നാൽ അതോടെ തീർന്നു ലൈംഗിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ സാമൂഹികവികസനത്തിന്റെ കഥയും കവിതയും കഥാപ്രസംഗവും!

ഗണിതശാസ്ത്രത്തിലെയും ഫിസിക്സിലെയുമെല്ലാം സമവാക്യങ്ങൾ കൊണ്ടു് എന്താണു് പ്രയോജനം? എന്തിനുവേണ്ടിയാണു് ഒരു വിദ്യാർത്ഥി അതു് പഠിക്കുന്നതു് എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്. E = mc², (a + b)² = a² + 2ab + b² തുടങ്ങിയ ശാസ്ത്രസമവാക്യങ്ങൾ ചിലച്ചു് ചായക്കടച്ചർച്ചകളിൽ ആളാകലാണു് ലക്ഷ്യമെങ്കിൽ, അവ കാണാതെ പഠിച്ചു്, രാഷ്ട്രീയത്തിലേയും മതങ്ങളിലേയുമെല്ലാം മുദ്രാവാക്യങ്ങൾ പോലെ, യഥേഷ്ടം ഛർദ്ദിച്ചാൽ മതി. അല്പമൊന്നു് ആഞ്ഞുപിടിച്ചാൽ, തത്തയ്ക്കും മൈനയ്ക്കും കഴിയുന്ന കാര്യമാണതു്. റാഷണലായ ഒരു ലോകവീക്ഷണം രൂപപ്പെടുത്തിയെടുക്കലാണു് ലക്ഷ്യമെങ്കിൽ, ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ശ്രദ്ധാപൂർവ്വം വായിച്ചും പഠിച്ചും മനസ്സിലാക്കുകതന്നെ വേണം. കുറുക്കുവഴികൾകൊണ്ടു് സാധിക്കുന്ന കാര്യമല്ല അതു്. “പണ്ഡിതൻ” വിളിച്ചുപറയുന്നതു് വിഡ്ഢിത്തമാണെന്നു് തിരിച്ചറിയണമെങ്കിൽ, കേൾക്കുന്നവർക്കു് ആ വിഷയത്തിൽ മതിയായ അറിവുണ്ടായിരിക്കണം. അല്ലാത്തിടത്തോളം, ദൈവപുത്രന്മാരും അവരുടെ സ്നാപകയോഹന്നാന്മാരും സ്വർണ്ണത്തിലും അഴിമതിയിലും പൊതിഞ്ഞു് സമൂഹത്തിന്റെ തലപ്പത്തു് കയറിയിരുന്നു് കല്പനകളും തീട്ടൂരങ്ങളുമിറക്കി, ജ്ഞാനം വിളമ്പി മനുഷ്യരെ നിയന്ത്രിച്ചുകൊണ്ടിരിക്കും.

അറിവിനു് വ്യത്യസ്തമായ തലങ്ങളുണ്ടെന്നതിനാൽ, ഒരു വിഷയത്തിൽ ഒരു ഗവേഷകനു് ഉണ്ടായിരിക്കേണ്ടത്ര ആഴത്തിലുള്ള അറിവു് ആ വിഷയം ഹൈസ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകനോ, ആ അദ്ധ്യാപകന്റെ അത്രതന്നെ അറിവു് പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകനോ ഉണ്ടായിരിക്കണമെന്നില്ല, ഉണ്ടായതുകൊണ്ടു് തെറ്റുമില്ല. പക്ഷേ, പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപകൻ തനിക്കു് ഏതൊരു ഗവേഷകനെയും “പൊളിച്ചടുക്കി തേച്ചൊട്ടിക്കാൻ” കഴിയും എന്നു് കരുതാനും, അതിനനുസരിച്ചു് സമൂഹത്തിൽ “ഇടപെടാനും” തുടങ്ങിയാൽ, അതു് മനഃശാസ്ത്രവിദഗ്ദ്ധർ കൈകാര്യം ചെയ്യേണ്ടുന്ന കേസുകെട്ടായിരിക്കുമെന്ന കാര്യം ഉറപ്പു്. എല്ലാവരും മനഃശാസ്ത്രവിദഗ്ദ്ധരും സൈക്കായട്രിസ്റ്റുകളുമായ കേരളത്തിൽ അതൊരു പ്രശ്നമാകേണ്ട കാര്യമില്ലെന്നു് മാത്രമല്ല, സൈക്കോഅനാലിസിസിൽ അഭൂതപൂർവ്വമായ ഒരു നവോത്ഥാനത്തിനും, ഒരു വിപ്ലവത്തിനുതന്നെയും അതു് വഴിതെളിച്ചുകൂടെന്നുമില്ല. സൈക്കായട്രിസ്റ്റുകൾക്കും കൗച്ച് നിർമ്മാതാക്കൾക്കും നോട്ടെണ്ണൽ മെഷീനുകളുടെ നിർമ്മാതാക്കൾക്കും അതൊരു ചാകരക്കാലമായിരിക്കും.

ഒന്നാമത്തെയും രണ്ടാമത്തെയും ബൈനോമിയൽ തിയറം ഉപയോഗിച്ചു് മനസ്സിലാക്കാവുന്ന ഒരു പ്രധാനകാര്യം കൂടി സൂചിപ്പിച്ചു് ഇന്നത്തെ “സെഷൻ” അവസാനിപ്പിക്കാം:

ഗലീലിയോയും ന്യൂട്ടണും വഴി ലോകം മനസ്സിലാക്കിയതുപോലെ, 1/ 2 mv² ആണു് കൈനറ്റിക് എനർജി.

v എന്നതിനോടു്, “ഇൻഫിനിറ്റെസിമൽ” ആയ Δv (ഡെൽറ്റ വി) ചേർത്ത “കുറ്റകൃത്യം” പരിഹരിക്കാൻ അതിൽ നിന്നും വീണ്ടും Δv കുറച്ചാൽ മതി. (v + Δv – Δv = v). എല്ലാം പഴയതുപോലെ, ഒരു പ്രശ്നവുമില്ല.

പക്ഷേ, അതുപോലൊരു “കുറ്റകൃത്യം” v-യുടെ വർഗ്ഗത്തിൽ സ്ഥായിയായ പാദമുദ്ര പതിപ്പിക്കും. അതറിയാൻ ഒന്നും രണ്ടും ബൈനോമിയൽ തിയറങ്ങൾ സഹായകമാണു്:
(v + Δv)² = v² + 2vΔv + Δv²
(v – Δv)² = v² – 2vΔv + Δv²
ഈ രണ്ടു് സമവാക്യങ്ങളുടെയും ശരാശരി കാണാൻ അവതമ്മിൽ കൂട്ടിയശേഷം രണ്ടുകൊണ്ടു് ഹരിച്ചാൽ മതിയെന്നു് ഏതു് ധനകാര്യമന്ത്രിക്കും അറിയാം. അപ്പോൾ ലഭിക്കുന്ന ഫലം, പക്ഷേ , v² അല്ല, (v² + Δv²) ആണു്! അതായതു്, v-യോടു് “ഇൻഫിനിറ്റെസിമൽ” ചേർത്തതിനുശേഷം അതിന്റെ വർഗ്ഗം കണ്ടാൽ കിട്ടുന്നതു് v² = v² എന്നല്ല, v²-നോടോപ്പം Δv² എന്ന റ്റേം കൂടി ചേർന്ന ഒരു ഫലമായിരിക്കും. മുകളിൽ കണ്ട പോലെ, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന (v = v) അല്ല എന്നു് സാരം. വസ്തുക്കളുടെ ചലനങ്ങളെപ്പറ്റിയും മറ്റുമുള്ള പഠനങ്ങളിൽ അങ്ങേയറ്റം പ്രയോജനകരമായ ഒരു തിരിച്ചറിവാണതു്.

ബൈനോമിയൽ തിയറമോ, ശിവലിംഗ തിയറിയോ? പൈതാഗൊറസോ, വാത്സ്യായനമഹർഷിയോ? തീരുമാനം നിങ്ങളുടെതാണു്.

 
Comments Off on ബൈനോമിയലോ, ശിവലിംഗമോ?

Posted by on Jan 14, 2021 in Uncategorized