ബിഗ്-ബാങ് – 3 എന്ന എന്റെ ഒരു പോസ്റ്റിനു് മോഹന്‍ പുത്തന്‍ചിറ എഴുതിയ ഒരു കമന്റിനുള്ള മറുപടിയാണിതു്.
മോഹന്‍ പുത്തന്‍ചിറ,
വായനക്കും അഭിപ്രായത്തിനും നന്ദി. ശാസ്ത്രം സമ്മാനിച്ച എല്ലാ സൌകര്യങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെ ശാസ്ത്രത്തെ തള്ളിപ്പറയാനുള്ള ചിലരുടെ പ്രവണതയെപ്പറ്റി സൂചിപ്പിച്ചതുകൊണ്ടു് അതിനെപ്പറ്റി ചിലതു് എഴുതണമെന്നു് തോന്നി, അഥവാ ചില കമന്റുകള്‍ക്കു് മറുപടി കൊടുക്കാത്തതിന്റെ കാരണം.
മെഡിസിന്‍, എലക്ട്രിസിറ്റി, കണ്‍സ്ട്രക്ഷന്‍ വര്‍ക്സ്, ട്രാന്‍സ്പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, എന്തിനു്, മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളും ഇന്നത്തെ നിലയില്‍ എത്തിയതു് ശാസ്ത്രത്തിന്റെ മാത്രം നേട്ടമാണു്. ഈ വളര്‍ച്ചയെ മതങ്ങള്‍ ഒരുവിധത്തിലും സഹായിച്ചിട്ടില്ലെന്നു് മാത്രമല്ല, കഴിയുന്നിടത്തൊക്കെ പരമാവധി ദ്രോഹിക്കുകയുമായിരുന്നു. ചില “പാണ്ടന്‍ നായ്ക്കള്‍” ആ ദ്രോഹം ഇന്നും തുടരുന്നുമുണ്ടു്. പക്ഷേ പല്ലിന്റെ ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നു് മാത്രം. മണ്ടത്തരം വിളമ്പി ശാസ്ത്രത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കാന്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുമ്പോഴെങ്കിലും ഏതൊരുവനും ആലോചിക്കാവുന്നതേയുള്ളു ശാസ്ത്രമാണോ, അതോ ഏതോ മരുഭൂമിയില്‍ നൂറ്റാണ്ടുകള്‍ക്കു് മുന്‍പുണ്ടായി എന്നു് കരുതപ്പെടുന്ന വെളിപാടുകളാണോ തനിക്കു് ഈ സൌകര്യങ്ങള്‍ ചെയ്തുതരുന്നതെന്നു്. ഒരു നേരം ആഹാരം കൊടുത്താല്‍ നായ്ക്കള്‍ പോലും അവ ജീവിച്ചിരിക്കുന്നിടത്തോളം നാള്‍ അതിനു്‍ നന്ദി പ്രകടിപ്പിക്കും. പക്ഷേ, ദൈവത്തെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതു് എന്നു് നിര്‍ബന്ധമുള്ള മനുഷ്യനു് ശാസ്ത്രത്തെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കണം. ആ നിന്ദിക്കലിന്റെ ലക്ഷ്യമോ? പണ്ടേതന്നെ സകല പ്രപഞ്ചത്തേക്കാള്‍ വലിയവനായ ദൈവത്തെ ശാസ്ത്രത്തേക്കാള്‍ക്കൂടി വലിയവനാക്കിയെടുക്കാനും!
ശാസ്ത്രത്തിനെ കൊച്ചാക്കി ദൈവത്തെ വലുതാക്കാന്‍ ഇക്കൂട്ടര്‍ ഉന്നയിക്കുന്ന “അതിഫയങ്കര” ചോദ്യങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വെളിവുള്ള ഒരു മനുഷ്യനും ചോദിക്കുന്നതല്ല. എന്നോ കാലഹരണപ്പെട്ട അത്തരം കിന്റര്‍ ഗാര്‍ട്ടന്‍ ചോദ്യങ്ങള്‍ക്കു് ഇന്നു് ഒരു പ്രസക്തിയുമില്ല. അതിലെല്ലാമുപരി, ഈ ചോദ്യങ്ങള്‍ തന്നെ എത്രയോ വട്ടം ബ്ലോഗില്‍ത്തന്നെ പല പോസ്റ്റുകളിലായി ചോദിക്കപ്പെട്ടവയാണു്. ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ അതിനു് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കുകയാണു് സാധാരണ ചെയ്യുന്നതു്. പക്ഷേ, തന്റെ ഒരേയൊരു കിത്താബില്‍ സകലമാന സത്യങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു് കരുതുന്നവര്‍ എന്തിനു് മറ്റു് കിത്താബുകള്‍ വായിക്കണം? ഇനി വായിച്ചാല്‍ തന്നെ അതില്‍ തന്റെ വിശ്വാസത്തെ ന്യായീകരിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്നു് അരിച്ചുപെറുക്കുകയാവും ഇക്കൂട്ടര്‍ ചെയ്യുന്നതു്. വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്ന കാര്യവും വ്യത്യസ്തമല്ല. ദൈവത്തിന്റെ പോരാളികളില്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ലെന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണു്. വിശദമായും ശ്രദ്ധാപൂര്‍വ്വവും അവ വായിച്ചിട്ടുള്ളവര്‍ക്കു് അതറിയാതിരിക്കാന്‍ വഴിയില്ല. വേണ്ടതു് എന്തെന്നറിഞ്ഞാല്‍ അതു് തപ്പിയെടുക്കാന്‍ വിശ്വാസിക്കും നിരീശ്വരവാദിക്കും ഒരുപോലെ സാധിക്കും. ഇവിടെയാണു് വേദഗ്രന്ഥവ്യാഖ്യാതാക്കളുടെ പ്രവര്‍ത്തനമേഖല. അതുവഴി സൂത്രത്തില്‍ അപ്പം നേടാനും വീടുവയ്ക്കാനും അവര്‍ക്കു് കഴിയുന്നു. അതവരുടെ ഭാഗ്യം! വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാനും ആളുണ്ടാവും. അതാണു് ലോകഗതി. എന്നെ ആ ഭാഗ്യങ്ങള്‍ പിടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കാത്തിടത്തോളം, എനിക്കു് ശരിയെന്നു് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുള്ളിടത്തോളം, അവരുടെ കൊടുക്കല്‍-വാങ്ങലുകള്‍ക്കു് എനിക്കൊരു എതിരുമില്ല. ആരെങ്കിലും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനോ വിശ്വസിക്കാതിരിക്കുന്നതിനോ എനിക്കു് യാതൊരുവിധ എതിര്‍പ്പുമില്ല.
ഈ വിഷയങ്ങളില്‍ എത്രയോ പോസ്റ്റുകള്‍ ബ്ലോഗില്‍ ഉണ്ടായിട്ടുണ്ടു്. അവയിലെല്ലാം അച്ചില്‍ വാര്‍ത്തെടുത്തതുപോലുള്ള ഇത്തരം ചോദ്യങ്ങള്‍ പലവട്ടം ചോദിച്ചിട്ടും ചര്‍ച്ച ചെയ്തിട്ടുമുണ്ടു്. കമന്റുകള്‍ ഇരുന്നൂറും മുന്നൂറും വരെയൊക്കെ എത്തിയിട്ടുണ്ടു്, എന്തെങ്കിലും ഒരു പ്രയോജനം ഇല്ലാതെ. ചോദ്യങ്ങള്‍ എല്ലാം ബാലിശവും വിഡ്ഢിത്തവും ആണെന്നറിഞ്ഞുകൊണ്ടുതന്നെ പലരും (സൂരജിന്റെ പേരു് ഇവിടെ എടുത്തുപറയുന്നു) പലവട്ടം ഈ യോഗ്യന്മാര്‍ക്കു് മനസ്സിലാകുമെങ്കില്‍ മനസ്സിലാകട്ടെ എന്ന സദുദ്ദേശത്തില്‍ മണിക്കൂറുകള്‍ ചിലവഴിച്ചു് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ അവയ്ക്കു് മുഴുവന്‍ മറുപടി നല്‍കിയിട്ടുമുണ്ടു്. അതൊന്നും മനസ്സിലാക്കാന്‍ കഴിവോ ആഗ്രഹമോ ഇക്കൂട്ടര്‍ക്കില്ലെന്നു് അവസാനം തിരിച്ചറിഞ്ഞപ്പോള്‍ അവരൊക്കെ ആ ശ്രമം ഉപേക്ഷിച്ചു് പിന്‍വാങ്ങുകയായിരുന്നു. ഞങ്ങടെ “ഫീഘരമായ” ചോദ്യങ്ങള്‍ക്കു് മുന്നില്‍ സകലരും തോറ്റു് പിന്‍വാങ്ങി എന്നാവും അപ്പോള്‍ ഇക്കൂട്ടരുടെ ഭാഷ്യം! ആട്ടിന്‍കാട്ടവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാത്തവരുണ്ടു്. പക്ഷേ ആസനം വൃത്തിയാക്കാന്‍ പെരുകിലയ്ക്കു് പകരം കൊടിത്തൂവയില ഉപയോഗിക്കുന്നവരുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ, അക്കൂട്ടരെയൊക്കെ നിലത്തെഴുത്തു് പഠിപ്പിച്ചു് അക്ഷരപ്പിശാശില്ലാതെ ഓലവരപ്പിച്ചുകൊള്ളാമെന്നു് ആരെങ്കിലും നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ? ഇത്രയൊക്കെ മനുഷ്യര്‍ക്കുവേണ്ടി ചെയ്യുന്ന സ്ഥിതിക്കു് ആ പണികൂടി ഇവറ്റകളുടെ ദൈവം അങ്ങു് ഏറ്റെടുക്കുന്നതല്ലേ അതിന്റെ ഒരു ഭംഗി?
എന്റെ കക്ഷത്തിലിരിക്കുന്ന കിത്താബില്‍ മുയ്മന്‍ സത്യവുമുണ്ടു് എന്നു് വിശ്വസിക്കുന്ന ഒരുവനുമായി എന്തു് ചര്‍ച്ച ചെയ്യാന്‍? അങ്ങോട്ടു് പറയുന്നതു് മനസ്സിലായില്ലെങ്കിലും, താന്‍ പറയുന്നതു് എന്തെന്നെങ്കിലും ഒരുവന്‍ അറിഞ്ഞിരിക്കണ്ടേ? ബിഗ്-ബാങ് നീ കണ്ടോ എന്നു് ചോദിക്കുന്നതിനു് മുന്‍പു് ദൈവം പ്രപഞ്ചം സൃഷ്ടിക്കുന്നതു് താന്‍ കണ്ടോ എന്നു് തന്നോടു് തന്നെ ചോദിക്കാന്‍ ഒരുവനുള്ള ബാദ്ധ്യത അവന്‍ സത്യവിശ്വാസി ആയതുകൊണ്ടു് ഇല്ലാതാവുമോ? എല്ലാം അറിയാവുന്നവനായ ഒരു ദൈവം പോക്കറ്റിലുള്ളപ്പോള്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ നശ്വരരായ മനുഷ്യരെ സമീപിക്കുന്നതു് മണ്ടത്തരമാണെന്നു് സാമാന്യമനുഷ്യര്‍ക്കുപോലും അറിയാമെന്ന സ്ഥിതിക്കു് താനൊരു അസാമാന്യമനുഷ്യനാണെന്നു് കരുതുന്ന ദൈവവിശ്വാസി പ്രത്യേകിച്ചും അറിയേണ്ടതല്ലേ? ദൈവം സര്‍വ്വശക്തിയും ഉള്ളവനെങ്കില്‍, അങ്ങനെയൊരു ദൈവം ശാസ്ത്രത്തെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടേണ്ട കാര്യമില്ലെന്നതു് വിശദീകരണം ആവശ്യമില്ലാത്ത ഒരു ലളിതസത്യമായി വിശ്വാസിക്കും തോന്നേണ്ടതല്ലേ? എല്ലാം സാദ്ധ്യമായ ഒരു ദൈവത്തിനു് തന്റെ ഇഷ്ടം മനുഷ്യരുടെ ഇടയില്‍ നടപ്പാക്കാന്‍ ഏതെങ്കിലും ഒരു “മനുഷ്യകീടത്തിന്റെ” സഹായം ആവശ്യമില്ലെന്ന യുക്തി ഏതു് മനുഷ്യത്തലയിലും ഒതുങ്ങേണ്ടതല്ലേ? മനുഷ്യരെ എന്തെങ്കിലും അറിയിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു എങ്കില്‍, ഏതെങ്കിലും ഒരു വ്യാഖ്യാതാവിന്റെ സഹായമില്ലാതെ, ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ അതു് മനുഷ്യരെ അറിയിക്കാന്‍ ഒരു ദൈവത്തിനു് കഴിയും, കഴിയണം. അതിനു് കഴിയുന്നില്ലെങ്കില്‍, ആ ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിക്കുന്നതു് പരിഹാസ്യമാണെന്നു് കാണാന്‍ തിയോളജിയിലോ ഫിലോസഫിയിലോ ഡോക്ടറേറ്റ് വേണമെന്നുണ്ടോ? പല തിയോളജി പ്രൊഫസ്സറന്മാരുടെയും ആര്‍ഗ്യുമെന്റ്സ് കാണുമ്പോള്‍, ഒരു വിദ്യാഭ്യാസവും ഇല്ലാത്തതാണു് കാര്യങ്ങള്‍ നേരേചൊവ്വേ നോക്കിക്കാണാന്‍ കൂടുതല്‍ നല്ലതു് എന്നു് തോന്നുന്നു. ഇവര്‍ നിരന്തരം ആലപിക്കുന്ന “ദൈവം മഹാന്‍” എന്ന വാചകത്തിനു് എന്തെങ്കിലും ഒരു അര്‍ത്ഥം വേണമല്ലോ. എന്താണു് ഇവര്‍ക്കു് വേണ്ടതു്? ദൈവം ഇവരെ സഹായിക്കണമോ, അതോ ദൈവത്തെ ഇവര്‍ സഹായിക്കണമോ? ഇവരുടെ എരിവു് കാണുമ്പോള്‍ ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ദൈവം കിടപ്പിലായി പോയേനെ എന്നാണു് തോന്നാറു്. ഇനി ദൈവം സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത വല്ല മന്ദബുദ്ധിയോ മറ്റോ ആണെന്നുണ്ടോ? ദൈവത്തിന്റെ കഴിവില്‍ സംശയം ഉള്ളതുകൊണ്ടാണോ ഇക്കൂട്ടര്‍ കിത്താബും കക്ഷത്തില്‍ വച്ചു് ഭൂലോകവാസികളെ മുഴുവന്‍ ദൈവവിശ്വാസികളാക്കാന്‍ ഓടിനടക്കുന്നതു്?
അറബിരാജ്യങ്ങളുടെ മണ്ണിനടിയില്‍ ആയിരത്തഞ്ഞൂറു് വര്‍ഷങ്ങള്‍ക്കും വളരെ മുന്‍പുതന്നെ ഓയില്‍ ഉണ്ടായിരുന്നു. പക്ഷേ ദൈവം എന്തുകൊണ്ടോ അതു് ആര്‍ക്കും വെളിപ്പെടുത്തിക്കൊടുത്തിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു് മുന്‍പാണു് ഓയില്‍ ഉണ്ടെന്ന വിവരം അറബി അറിഞ്ഞതു്. അതുകൊണ്ടു് ചില സൂത്രപ്പണികള്‍ ഒക്കെ ചെയ്യാം എന്നു് അവിശ്വാസിയായ സായിപ്പു് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നതിനാല്‍ ഓയിലിനു് അറബിയേക്കാള്‍ ആവശ്യം സായിപ്പിനായി. സായിപ്പു് അറബിക്കു് “യോജിച്ച” വില കൊടുത്തു് ഓയില്‍ വാങ്ങി. ഇത്തരം സൂത്രങ്ങള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ശൈത്താന്‍ നരകത്തില്‍ തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന എന്തോ കുന്ത്രാണ്ടമാണു് ഈ ഓയില്‍ എന്നു് കരുതി ഒരുപക്ഷേ അറബി അകന്നു് നിന്നേനെ! ഏതായാലും ഓയില്‍ അറബിരാജ്യങ്ങളെ സമ്പത്തില്‍ നിന്നും സമ്പത്തിലേക്കു് വളര്‍ത്തി. അറബിനാട്ടിലെ മണ്ണിനടിയില്‍ ദൈവമാണു് ഓയില്‍ പമ്പുചെയ്തു് നിറച്ചതെന്നും മറ്റുമുള്ള കഥകള്‍ രൂപമെടുക്കാന്‍ പിന്നെ അധികം താമസമുണ്ടായില്ല. കാര്യങ്ങള്‍ എല്ലാം വേണ്ടവിധം നടന്നു് കഴിയുമ്പോള്‍ ദൈവസംരക്ഷകര്‍ ദൈവത്തെ വേണ്ടപോലെ വേണ്ടിടത്തു് പ്രതിഷ്ഠിച്ചു് ഊളകളായ വിശ്വാസികളെ കൂടുതല്‍ തീവ്രമായ ആരാധനയ്ക്കു് കാഹളമൂതി വിളിക്കും.
ഇറാന്‍-ഇറാക്ക് യുദ്ധത്തില്‍ സൌദി രാജകുടുംബം സദ്ദാം ഹുസ്സൈനു് പിന്‍തുണ നല്‍കി. പക്ഷേ നിനച്ചിരിക്കാതെ സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ സദ്ദാം തന്നെയും ആക്രമിച്ചേക്കാമെന്നു് ഭയന്ന സൌദി രാജാവിനു് സദ്ദാമിനെ നേരിടാന്‍ അമേരിക്കന്‍ അവിശ്വാസിപട്ടാളത്തിന്റെ സഹായം വേണ്ടിവന്നു. ഈ അശുദ്ധബന്ധത്തിനു് സൌദിയിലെ ഇസ്ലാംപണ്ഡിതര്‍ അനുവാദവും നല്‍കി. ഇറാനില്‍ ഷാ സ്ഥാനഭ്രഷ്ടനായപ്പോള്‍ അതേ വിധി തങ്ങള്‍ക്കും സംഭവിച്ചേക്കാം എന്നു് ഭയന്ന സൌദി രാജകുടുംബത്തിനു് മതവിശ്വാസം സ്ഥിരപ്പെടുത്തി സ്വന്തം സ്ഥാനമാനങ്ങള്‍ രക്ഷപെടുത്താന്‍ അവിശ്വാസികളെ തേടിപ്പിടിച്ചു് നശിപ്പിക്കണമായിരുന്നു. അങ്ങനെയുള്ളവരെ കണ്ടെത്താന്‍ വഴിനീളെ ക്യാമറകള്‍ സ്ഥാപിക്കാനും മറ്റും “അശുദ്ധമായ” ശാസ്ത്രമല്ലാതെ സഹായത്തിനു് മറ്റൊന്നുമുണ്ടായിരുന്നില്ല. മതതീവ്രവാദികള്‍ മെക്കയിലെ വിശുദ്ധ അല്‍-ഹറാം മോസ്കില്‍ കയറി അടച്ചിരുന്നു് പതിനെട്ടു് ദിവസം പൊരുതിയപ്പോഴും അവരെ തോല്‍പ്പിച്ചു് പുറത്തു് ചാടിക്കാന്‍ ഫ്രെഞ്ച് പോലീസിന്റെ വക പരിശീലനവും സാങ്കേതികജ്ഞാനവും സൌദിരാജകുടുംബത്തിനു് ആവശ്യമായിരുന്നു. അതിനും സൌദിയിലെ ഇസ്ലാം പണ്ഡിതര്‍ അനുവാദം നല്‍കി. സൌദിയില്‍ ഏതു് തീരുമാനവും മതത്തിന്റെ അരിപ്പയിലൂടെ അരിക്കപ്പെട്ടാലേ സാധുത്വം ലഭിക്കുകയുള്ളു. അതായതു്, വിശുദ്ധിയും അശുദ്ധിയുമെല്ലാം അധികാരം രക്ഷപെടുത്താന്‍ ആവശ്യമെങ്കില്‍ തിരുത്തി എഴുതാവുന്നവയാണു്. ഇതൊക്കെയാണു് ശാസ്ത്രം ചെയ്യുന്ന തെറ്റുകള്‍!
ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ക്കറിയാം ആരാണു് അവിടത്തെ അംബരചുംബികളുടെയും സ്വര്‍ഗ്ഗീയഹോട്ടലുകളുടെയും മറ്റു് സുഖസൌകര്യങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നവരെന്നു്. അശുദ്ധരും അവിശ്വാസികളുമായ സായിപ്പന്മാര്‍ തന്നെ അധികപങ്കും. ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഒക്കെ ചെല്ലുന്ന വിശ്വാസിസഹോദരങ്ങള്‍ക്കു് താഴ്ന്ന ജോലിയും തൊഴുത്തുകള്‍ക്കു് സമമായ പാര്‍പ്പിടങ്ങളും. ഇതു് വെറുതെ പറയുന്നതല്ല. ഞാനൊരു റിപ്പോര്‍ട്ട് കണ്ടിരുന്നു. ഇങ്ങനെയൊക്കെയാണു് ദൈവനാമത്തിലെ സഹോദരസ്നേഹം! ലോകചരിത്രമോ, കെട്ടുകഥകളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളോ ഒന്നും അറിയാതെ ചാത്രം ചാത്രമെന്നു് കുരക്കുന്നവരെപ്പറ്റി സഹതപിക്കാനേ പറ്റൂ. മുടന്തുള്ളവന്‍ എഴുന്നേറ്റു് നില്‍ക്കാതിരുന്നാല്‍ മുടന്തുണ്ടെന്നു് ആരും അറിയാതിരിക്കും. പക്ഷേ, അതിനു് ആദ്യം വേണ്ടതു് തനിക്കു് മുടന്തുണ്ടെന്നുള്ള അറിവാണു്. മുടന്തനു് താനൊരു യുസൈന്‍ ബോള്‍ട്ടാണെന്നു് തോന്നാന്‍ തുടങ്ങിയാല്‍ എന്തു് ചെയ്യാന്‍? പറഞ്ഞാല്‍ മനസ്സിലാവാത്തവരെ അവഗണിക്കുകയല്ലാതെ മറ്റു് പോംവഴി ഒന്നുമില്ല.
ചുരുക്കത്തില്‍, ശാസ്ത്രത്തെ സംബന്ധിച്ചോ, ആത്മീയതയെ സംബന്ധിച്ചോ ഇക്കൂട്ടര്‍ക്കു് ഒന്നുമറിയില്ല. എന്തെങ്കിലും കാര്യങ്ങള്‍ അവരെ പറഞ്ഞു് മനസ്സിലാക്കാന്‍ സാക്ഷാല്‍ ദൈവത്തിനു് പോലും സാധിക്കുകയുമില്ല. അറിയാനായി എന്തെങ്കിലും ചോദിക്കുന്നവരോടു് മറുപടി പറയാം. അതുകൊണ്ടു് പ്രയോജനവുമുണ്ടു്. അറിയാനെന്ന വ്യാജേന പഠിപ്പിക്കാന്‍ വരുന്നവരോടു് മറുപടി പറഞ്ഞിട്ടെന്തു് കാര്യം? അദ്ധ്യാപകനെ കൊല്ലുന്നവനു് എന്തു് വിജ്ഞാനദാഹം? ദൈവഹിതം നിറവേറ്റാന്‍ എന്നപേരില്‍ മനുഷ്യരെ കുരുതികഴിക്കാന്‍ മടിക്കാത്തവര്‍ ദൈവത്തെപ്പറ്റിയോ മനുഷ്യരെപ്പറ്റിയോ എന്തു് മനസ്സിലാക്കി? ഇവര്‍ വിളിച്ചു് കൂവുന്ന വാചകങ്ങളില്‍ ആശയപരമായി ഒന്നുമില്ലെങ്കിലും ഭാഷാപരമായെങ്കിലും അല്പം കാമ്പുണ്ടായിരുന്നെങ്കില്‍ സഹിക്കുന്നതിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടായേനെ! ഇക്കൂട്ടര്‍ക്കുവേണ്ടി ചിലവാക്കുന്ന ഓരോ മിനിട്ടും നഷ്ടപ്പെട്ട മിനിട്ടുകളാണു്. എത്രയോ പോസ്റ്റുകളില്‍ കേട്ടുകേട്ടു് തഴമ്പിച്ച സ്ഥിരം പല്ലവികളുമായി ഇക്കൂട്ടര്‍ പിന്നെയും പിന്നെയും ഓരോരുത്തരെ മാറി മാറി സമീപിക്കുന്നതു് കാണുമ്പോള്‍ ഈയിടെയായി എനിക്കു് ഒന്നേ തോന്നുന്നുള്ളു – അറപ്പു്.