RSS

Daily Archives: Sep 15, 2010

ഒറ്റക്കണ്ണനായ ചുമട്ടുതൊഴിലാളി

(വോൾട്ടയറുടെ Le crocheteur borgne-ന്റെ സ്വതന്ത്ര പരിഭാഷ)

രണ്ടു് കണ്ണുകൾ ഉള്ളതുകൊണ്ടു് നമ്മുടെ ജീവിതം എളുപ്പമാവുകയല്ല ചെയ്യുന്നതു്. ഒരു കണ്ണിന്റെ ജോലി നല്ല വശങ്ങൾ കാണുക എന്നതാണെങ്കിൽ, മറ്റേതിന്റേതു് ചീത്തവശങ്ങൾ കാണുക എന്നതാണു്. ഒരുപാടു് മനുഷ്യർക്കു് ഒരു കണ്ണു് അടച്ചുപിടിക്കുക എന്ന ചീത്തയായ ശീലമുണ്ടു്. വളരെ ചുരുക്കം പേരേ രണ്ടാമത്തേതു് അടച്ചുപിടിക്കുന്നുള്ളു എന്നതാവാം, അധികം മനുഷ്യരും അവരുടെ കണ്ണിനുമുന്നിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണാതിരിക്കാൻ വേണ്ടി പൂർണ്ണമായും അന്ധരായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നതിന്റെ കാരണം. കാണുന്നവയിലെ ദുഷിപ്പു് തിരിച്ചറിയുന്ന തിന്മയുടെ കണ്ണു് ഇല്ലാത്ത ഒറ്റക്കണ്ണന്മാർ ഭാഗ്യവാന്മാർ! അതിനൊരു ഉദാഹരണമാണു് മെസ്രുർ.

മെസ്രുർ ഒരു ഒറ്റക്കണ്ണനായിരുന്നു എന്ന വസ്തുത അന്ധന്മാർ മാത്രമേ കാണാതിരുന്നുള്ളു. അവൻ ജന്മനാ അങ്ങനെ ആയിരുന്നെങ്കിലും രണ്ടാമതൊരു കണ്ണുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ഒരിക്കലും ഉണ്ടാവാത്തവിധം ആ ഒറ്റക്കണ്ണൻ അവന്റെ വിധിയിൽ പൂർണ്ണസംതൃപ്തനായിരുന്നു. അതു് ഈ കുറവിനൊരു ഉപശാന്തിയായി ഭാഗ്യദേവത അവനെ മറ്റു് അസാധാരണശേഷികൾ നൽകി അനുഗ്രഹിച്ചിരുന്നു എന്നതിനാലുമല്ല, എന്തെന്നാൽ, അവനൊരു സാദാ ചുമട്ടുതൊഴിലാളിയും അവന്റെ ചുമലുകളല്ലാതെ മറ്റു് നിധികളൊന്നും ഇല്ലാത്തവനുമായിരുന്നു – പക്ഷേ, അവൻ ഭാഗ്യവാനായിരുന്നു. അതിൽനിന്നും ഭാഗ്യം എന്നതു് ഒരു കണ്ണു് കൂടുതലോ, അൽപം അദ്ധ്വാനം കുറവോ എന്നതിൽ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമല്ല എന്നു് നമുക്കു് മനസ്സിലാക്കാം. സമ്പാദ്യവും വിശപ്പും ചെയ്ത ജോലിയുമായി എപ്പോഴും ഒത്തുപോയിക്കൊണ്ടിരുന്നു. പകൽ ജോലിചെയ്യുകയും, രാത്രി ഉറങ്ങുകയും, അന്നന്നത്തേക്കായി ജീവിക്കുകയും ചെയ്തതിനാൽ, ഭാവിയെപ്പറ്റിയുള്ള ദുഃഖങ്ങൾ അവന്റെ വർത്തമാനകാലത്തെ ഒരുവിധത്തിലും ബാധിച്ചില്ല. അവൻ, നമ്മൾ മനസ്സിലാക്കുന്നതുപോലെ, ഒരേസമയംതന്നെ ഒറ്റക്കണ്ണനും, ചുമട്ടുതൊഴിലാളിയും, തത്വചിന്തകനുമായിരുന്നു.

ഒരിക്കൽ, സുന്ദരിയായ ഒരു രാജകുമാരി ആഡംബരപൂർണ്ണമായ ഒരു രഥത്തിൽ തന്നെ കടന്നുപോകുന്നതു് കാണാൻ അവനു് കഴിഞ്ഞതു് യാദൃച്ഛികം മാത്രമായിരുന്നു. അവൾക്കു് ഒരു കണ്ണു് കൂടുതൽ ഉണ്ടായിരുന്നെങ്കിലും, അവൾ ഒരു സുന്ദരിയാണെന്നു് കാണാൻ അവന്റെ ഒറ്റക്കണ്ണു് ഒരുവിധത്തിലും അവനൊരു തടസ്സമായിരുന്നില്ല. ഒറ്റക്കണ്ണന്മാരെ മറ്റു് പുരുഷന്മാരിൽ നിന്നും വ്യത്യസ്തരാക്കുന്നതു് കേവലം ഒരു കണ്ണിന്റെ കുറവു് മാത്രമാണെന്നതിനാൽ, അവൻ മരണതുല്യം പ്രണയപരവശനായി.

ഒരുവൻ ഒറ്റക്കണ്ണനും, ചുമട്ടുതൊഴിലാളിയും ആണെന്നിരിക്കെ, അവൻ പ്രേമിക്കാൻ പാടില്ലെന്നു്, പ്രത്യേകിച്ചും ഒരു രാജകുമാരിയെ, അതും രണ്ടുകണ്ണുകളുള്ള ഒരു രാജകുമാരിയെ യാതൊരു കാരണവശാലും പ്രേമിക്കാൻ പാടില്ലെന്നു് വേണമെങ്കിൽ പറയാം. അതുപോലൊരു പ്രേമസന്ദർഭത്തിൽ പ്രതിപ്രണയം ഉണ്ടാവാതിരിക്കാനുള്ള സാദ്ധ്യതയെ ഭയപ്പെടേണ്ടിയിരിക്കുന്നു എന്നും ഞാൻ സമ്മതിക്കുന്നു. പക്ഷേ, പ്രതീക്ഷ ഇല്ലാത്ത പ്രണയമില്ല എന്നതിനാൽ, നമ്മുടെ ചുമട്ടുതൊഴിലാളി പ്രണയിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു.

അവനു് കണ്ണുകളേക്കാൾ കൂടുതൽ കാലുകൾ ഉണ്ടായിരുന്നതിനാലും, ആ കാലുകൾ നല്ല കാലുകൾ ആയിരുന്നതിനാലും തന്റെ പ്രണയദേവത സഞ്ചരിച്ചിരുന്നതും, ശക്തിയുള്ള ആറു് വെള്ളക്കുതിരകളാൽ അമ്പെയ്തപോലെ വലിച്ചുകൊണ്ടിരുന്നതുമായ ആ രഥത്തെ നാലു് മൈലോളം അവൻ പിന്തുടർന്നു. കുലീനവനിതകൾ ഭൃത്യന്മാരോ, വണ്ടിക്കാരനോ ഇല്ലാതെ ഒറ്റക്കു് യാത്ര ചെയ്യുന്നതും സ്വയം വാഹനം നിയന്ത്രിക്കുന്നതും അക്കാലത്തു് ഫാഷനായിരുന്നു. സ്ത്രീകൾ ഒറ്റക്കു് യാത്രചെയ്തു് അവരുടെ കഴിവും ശേഷിയും ഉറപ്പുവരുത്തണമെന്നു് ഭർത്താക്കന്മാരും ആഗ്രഹിച്ചിരുന്നു – ഈ നിലപാടു് പക്ഷേ, സദാചാരതത്വചിന്തകരുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഏകാന്തതയിൽ സ്ത്രീകള്‍ക്ക് കഴിവും ശേഷിയും ഉണ്ടാവില്ല എന്നായിരുന്നു അവരുടെ അവകാശവാദം.

മെസ്രുർ ആ വാഹനത്തിന്റെ ചക്രങ്ങളോടു് ചേർന്നു് ഓടിക്കൊണ്ടിരുന്നു. ആ രാജകുമാരിയിൽ പതിപ്പിച്ച ആകെയുള്ള ഒരു കണ്ണു് പറിക്കാതെയുള്ള അവന്റെ ഓട്ടം കണ്ടു്, ഒരു ഒറ്റക്കണ്ണനു് ഇത്ര ചുറുചുറുക്കോ എന്നവൾ അത്ഭുതപ്പെട്ടു. പ്രണയപാത്രത്തിനുമുന്നിൽ ഒരുവൻ അർപ്പിക്കുന്ന ബലികൾ ഒന്നും ഒട്ടും കൂടുതലല്ല എന്നു് അങ്ങനെ അവൻ തെളിയിച്ചുകൊണ്ടിരുന്നപ്പോൾ, വേട്ടക്കാരിൽ നിന്നും രക്ഷപെട്ടു് ഓടുകയായിരുന്ന ഒരു കലമാൻ വാഹനത്തിനു് വട്ടം ചാടി കുതിരകളെ ഭയപ്പെടുത്തി. അവയുടെ നിയന്ത്രണം വിട്ടതിനാൽ വാഹനം സുന്ദരിയുമായി ഒരു കിടങ്ങിൽ വീണു. രാജകുമാരിയേക്കാൾ കൂടുതൽ സംഭ്രാന്തനായിരുന്നെങ്കിലും നവകാമുകൻ അത്ഭുതകരമായ വൈഭവത്തോടെ കയറുകൾ എല്ലാം മുറിച്ചുമാറ്റി. കിടങ്ങിൽ നിന്നും രക്ഷപെടാനുള്ള ചാട്ടം കുതിരകൾ സ്വയം ഏറ്റെടുത്തു.

ഭയം കൊണ്ടു് ആ കുതിരകളെപ്പോലെ വെളുത്തുപോയ രാജകുമാരി ഒരു ഞെട്ടലോടെയാണെങ്കിലും രക്ഷപെട്ടു. അവൾ അവനോടു് പറഞ്ഞു: ” നിങ്ങൾ ആരായാലും ശരി, എന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങൾക്കു് എന്താണു് വേണ്ടതെങ്കിലും ചോദിച്ചുകൊള്ളൂ. എനിക്കുള്ളതെല്ലാം നിങ്ങളുടേതാണു്.” മെസ്രുർ മറുപടി പറഞ്ഞു: “ആഹ്‌, അതേ സമ്മാനം നിങ്ങൾക്കും നൽകാൻ അതിലേറെ കാരണം എനിക്കുണ്ടു്, എങ്കിലും, അപ്പോഴും അതു് നിങ്ങളുടെ സമ്മാനത്തേക്കാൾ കുറവായിരിക്കും, കാരണം, എനിക്കു് ഒരു കണ്ണേയുള്ളു, നിങ്ങൾക്കു് രണ്ടെണ്ണമുണ്ടു്. പക്ഷേ, നിങ്ങളെ നോക്കുന്ന ഒരു കണ്ണു് നിങ്ങളുടെ കണ്ണുകളിലേക്കു് നോക്കാത്ത രണ്ടു് കണ്ണുകളേക്കാൾ വളരെ വിലപ്പെട്ടതാണു്.” ഒറ്റക്കണ്ണന്റേതായാലും കോമ്പ്ലിമെന്റുകൾ കോമ്പ്ലിമെന്റുകൾ തന്നെയാണെന്നതിനാലും, കോമ്പ്ലിമെന്റുകളിൽ മയങ്ങുന്നവർ പുഞ്ചിരിക്കുമെന്നതിനാലും ആ യുവതീരത്നവും അവനെ പുഞ്ചിരിച്ചുകാണിച്ചു. “ഞാൻ സന്തോഷത്തോടെ ഒരു രണ്ടാം കണ്ണു് നിങ്ങൾക്കു് നൽകിയേനെ. പക്ഷേ, നിങ്ങളുടെ മാതാവിനല്ലാതെ മറ്റാർക്കും അതുപോലൊരു സമ്മാനം നൽകാനാവില്ല. ഏതായാലും നിങ്ങൾ എന്നോടൊപ്പം വരൂ.” ആ രാജകുമാരി അവനെ ക്ഷണിച്ചു. ഇതു് പറഞ്ഞശേഷം ബാക്കിവഴി നടന്നുപോകാനായി അവൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. കൂട്ടത്തിൽ ചാടിയിറങ്ങിയ പട്ടി അവളുടെ അകമ്പടിക്കാരനായ വിചിത്രജീവിയെ നോക്കി കുരച്ചുകൊണ്ടു് അവളോടൊപ്പം നടന്നു. “അകമ്പടിക്കാരൻ” എന്ന പ്രയോഗം സത്യത്തിൽ അത്ര യോജിച്ചതല്ല, കാരണം, ചെളിപിടിച്ചിരുന്നതുകൊണ്ടാവാം, അവൻ വച്ചുനീട്ടിയ കൈ അവൾ സ്വീകരിച്ചിരുന്നില്ല. ശുദ്ധിയോടുള്ള അവളുടെ ഈ സ്നേഹത്തിന്റെ ബലിയാടായി അവൾ മാറുന്നതു് നമുക്കു് താമസിയാതെ കാണാം. അവളുടെ പാദങ്ങൾ വളരെ ചെറുതായിരുന്നു, അതിനേക്കാൾ ചെറുതായിരുന്നു അവളുടെ ചെരിപ്പുകൾ. അവളുടെ പാദങ്ങൾക്കോ ചെരിപ്പുകൾക്കോ ദീര്‍ഘമായ ഒരു നടത്തം താങ്ങാനാവുമായിരുന്നില്ല.

ധാരാളം ഭൃത്യന്മാരുടെ അകമ്പടിയോടെ ജീവിതം മെത്തയിൽ ജീവിച്ചു് തീർക്കുമ്പോൾ കാര്യമായി നടക്കേണ്ട ആവശ്യമില്ലാത്തതിനാൽ സൗന്ദര്യമുള്ള പാദങ്ങൾ നല്ലതാവാം. പക്ഷേ, കണ്ടു് ആസ്വദിക്കാൻ ഒരു ചുമട്ടുതൊഴിലാളിയല്ലാതെ, അതും ഒറ്റക്കണ്ണനായ ഒരുവനല്ലാതെ, മറ്റാരും ഇല്ലാത്ത കല്ലും മണ്ണും നിറഞ്ഞ വഴിയിൽ മുത്തുപതിപ്പിച്ച ചെരിപ്പുകൾ കൊണ്ടെന്തു് പ്രയോജനം?

മെലിനാഡ്‌ (അതാണു് ആ യുവതിയുടെ പേരു്. അവളുടെ പേരു് ഇതുവരെ മറച്ചുപിടിച്ചതിനു് എനിക്കു് മതിയായ കാരണമുണ്ടു്, ആ പേരു് ഞാൻ ഇതുവരെ കണ്ടുപിടിച്ചിരുന്നില്ല.) അവൾ കഴിയുന്നത്ര നന്നായി നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൾ അവളുടെ ചെരിപ്പുകുത്തിയെ ശപിച്ചു, ചെരിപ്പു് അഴിച്ചുകെട്ടി, കാലിലെ തൊലി തിരുമ്മി, ഓരോ ചുവടിലും അവളുടെ പാദമുളുക്കി. അങ്ങനെ, ഒരു പ്രൗഢയുവതിക്കു് അനുയോജ്യമായ ചലനമാതൃകയിൽ ഏകദേശം ഒരു ഒന്നര മണിക്കൂർ നടന്നപ്പോഴേക്കും, എന്നുവച്ചാൽ കഷ്ടിച്ചു് ഒരു കാൽ മൈലോളം പിന്നിട്ടപ്പോഴേക്കും, അവൾ ക്ഷീണിതയായി ആകെത്തകർന്നു് നിലംപതിച്ചു.

അവന്റെ സഹായം ആദ്യം അവൾ നിരസിച്ചതിനാൽ, തന്റെ സ്പര്‍ശനം വഴി അവളുടെ ശരീരത്തിൽ അഴുക്കു് പുരണ്ടേക്കുമോ എന്ന ഭയം മൂലം, വീണ്ടും ഒരിക്കൽ കൂടി സഹായിക്കാൻ നല്ലവനായ പാവം മെസ്രുർ മടിച്ചു. താൻ വൃത്തിയുള്ളവനല്ല എന്നു് അവനു് നിശ്ചയമായും അറിയാമായിരുന്നു. ഒട്ടും മയമില്ലാതെതന്നെ ആ മഹതി അതു് വെളിപ്പെടുത്തിയിരുന്നു. പോരെങ്കിൽ, നടത്തത്തിനിടയിൽ അവൻ അവളും അവനുമായി നടത്തിയ താരതമ്യം ഈ വസ്തുത കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ലോലമായ വെൺകസവിൽ പുഷ്പങ്ങളുടെ പാറ്റേണിൽ തീർത്തതും ശരീരവടിവുകൾ എടുത്തുകാണിക്കുന്നതുമായ ഒരു വിശേഷവസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നതു്. പലയിടത്തു് കറപിടിച്ചതും, കീറിയതും, കഷണങ്ങൾ തുന്നിചേർത്തിരുന്നതുമായ ഒരു ജോലിക്കുപ്പായമായിരുന്നു അവൻ ധരിച്ചിരുന്നതു്. തുന്നിച്ചേർത്ത കഷണങ്ങളാണെങ്കിൽ തുളകളുടെ സൈഡുകളിലായിരുന്നു സ്ഥാനം പിടിച്ചിരുന്നതു്. തുളകൾ മൂടപ്പെടാൻ ആഗ്രഹിക്കുന്നവയാണു് എന്നതിനാൽ, കഷണങ്ങൾ അവയുടെ പുറത്തായിരുന്നെങ്കിൽ കൂടുതൽ ഉചിതമായിരുന്നേനെ. തെറിച്ച ഞരമ്പുകളും തയമ്പുകളുമുള്ള അവന്റെ കയ്യും ആമ്പൽപ്പൂപോലെ വെളുത്തതും മൃദുലവുമായ അവളുടെ ചെറിയ കൈകളും തമ്മിൽ അവൻ താരതമ്യം ചെയ്തു. ഒരു ഭാഗം മെടഞ്ഞിട്ടതും, ബാക്കി ഭാഗം നേരിയ ഒരു വലയിൽ ചുരുളുകളായി നിറഞ്ഞു് കവിഞ്ഞിരുന്നതുമായ അവളുടെ ബ്ലോണ്ട്‌ തലമുടിയും അവൻ ശ്രദ്ധിച്ചു. മേന്മയേറിയ അവളുടെ മുടിക്കു് പകരം വയ്ക്കാൻ പിരിഞ്ഞുകെട്ടി എഴുന്നുനിൽക്കുന്ന തന്റെ കറുത്ത സടയല്ലാതെ മറ്റൊന്നും അവനുണ്ടായിരുന്നില്ല. അവന്റെ മുടിയുടെ ആകെമൊത്തമുള്ള അലങ്കാരം കീറിപ്പറിഞ്ഞ ഒരു തലേക്കെട്ടായിരുന്നു.

മെലിനാഡ്‌ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വീണുപോയി, വീണതാണെങ്കിലോ മെസ്രുറിന്റെ അവസാനത്തെ നിയന്ത്രണവും തകർക്കാൻ പോന്നവിധം നിർഭാഗ്യകരമായ ദൃശ്യം അവന്റെ കണ്ണുകൾക്കു് കാഴ്ചവച്ചുകൊണ്ടും. അവളുടെ മുഖമൊഴികെ മറ്റൊന്നും അവന്റെ ആത്മനിയന്ത്രണത്തിനു് മതിയായതായിരുന്നില്ല. താൻ ഒരു ചുമട്ടുതൊഴിലാളിയാണെന്നും, ഒറ്റക്കണ്ണനാണെന്നും അവൻ മറന്നു. അവനും അവളും തമ്മിൽ വിധി നിർണ്ണയിച്ച അകലം പിന്നെ അവനെ ഒട്ടും അലോസരപ്പെടുത്തിയില്ല. പ്രണയിക്കുന്ന ഒരു പുരുഷനാണു് താനെന്ന കാര്യം അവൻ അപ്പാടെ മറന്നിരുന്നതിനാൽ – പൊതുവേ അവകാശപ്പെടുന്നതുപോലെ – ആത്മാർത്ഥമായ പ്രേമത്തിന്റെ ഭാഗവും, ഇടയ്ക്കിടെ അതിന്റെ ആകർഷണീയതയും, പക്ഷേ, അതിലും കൂടുതൽ ബോറഡി ഉയർത്തുന്നതുമായ അതിന്റെ വൈകാരികമൃദുലത എന്ന സ്വഭാവം അവനു് കൈവിട്ടുപോയിരുന്നു. അതിനാൽ അവൻ ചുമട്ടുതൊഴിലാളിവിഭാഗത്തിന്റെ നൈസർഗ്ഗികാവകാശങ്ങൾ ഉപയോഗപ്പെടുത്തി. അവൻ മൃഗീയനും ഭാഗ്യവാനുമായി. ഒന്നുകിൽ ആ രാജകുമാരിയുടെ ബോധം മറഞ്ഞിരുന്നു, അല്ലെങ്കിൽ അവൾ അവളുടെ സാമർത്ഥ്യത്തിന്റെ പേരിൽ ഞരങ്ങുകയായിരുന്നു. പക്ഷേ, നീതിയുക്തയായിരുന്നതിനാലും, ഓരോ നിർഭാഗ്യവും അതിന്റെ സാന്ത്വനവും കൂടെക്കൊണ്ടുവരുമെന്നതിനാലും, ഒരു സംശയത്തിനും ഇടനൽകാതെ അവൾ വിധിയെ ഉടനടി അനുഗ്രഹിക്കാൻ മറന്നില്ല.

മെസ്രുറിന്റെ യഥാർത്ഥ ഭാഗ്യവും, മെലിനാഡിന്റെ ആരോപിതദൗർഭാഗ്യവും മറച്ചുവക്കാനെന്നോണം ചക്രവാളത്തിൽ രാത്രി തന്റെ മൂടുപടത്തിന്റെ നിഴൽ വിരിച്ചു. ഒരു കാമുകന്റെ ഉല്ലാസങ്ങൾ എല്ലാം മെസ്രുർ ആസ്വദിച്ചു, പക്ഷേ, ആ ആസ്വാദനം ഒരു ചുമട്ടുതൊഴിലാളി എന്ന നിലയിൽ അവന്റേതായ രീതിയിൽ ആയിരുന്നു, എന്നുവച്ചാൽ, – മനുഷ്യകുലത്തിനു് അപകീർത്തികരമായി – ഏറ്റവും സമ്പൂർണ്ണമായ രീതിയിൽ. ഓരോ നിമിഷത്തിലും മെലിനാഡിനു് ഓരോ പുതിയ ബോധക്ഷയം വന്നു, ഓരോ വട്ടവും അവളുടെ കാമുകൻ പുതിയതായി ശക്തി സംഭരിച്ചു. “സർവ്വശക്തനായ മുഹമ്മദേ!” ഒരുവട്ടം അവൻ ആരാധനയോടെ, എന്നാൽ ഒരു ചീത്ത കത്തോലിക്കനേപ്പോലെ, വിളിച്ചുപോയി. “എന്റെ മഹാഭാഗ്യത്തിനു് ഒരേയൊരു കുറവുള്ളതു് അവൾ കാരണഭൂതയായ എന്റെ ഈ ഭാഗ്യാതിരേകം അതേ രീതിയിൽ അവളും അനുഭവിക്കുന്നുണ്ടോ എന്നതു് മാത്രമാണു്. വിശുദ്ധപ്രവാചകാ, ഞാൻ നിന്റെ പറുദീസയിൽ കഴിയുന്നിടത്തോളം ഒരു അനുഗ്രഹം കൂടെ നീ എന്നിലേക്കു് ചൊരിയൂ. എന്റെ കണ്ണു് മെലിനാഡിൽ കണ്ടിടത്തോളം ഇഷ്ടം അവളുടെ കണ്ണുകൾക്കു് നേരം വെളുക്കുമ്പോൾ എന്നിലും തോന്നാൻ എന്നെ അനുഗ്രഹിക്കൂ.” അവൻ പ്രാർത്ഥന അവസാനിപ്പിച്ചു് വീണ്ടും കാമരസാസ്വാദനത്തിൽ മുഴുകി. പ്രേമിക്കുന്നവർക്കു് എപ്പോഴും വളരെ നേരത്തേ വരുന്നതായിത്തോന്നുന്ന പ്രഭാതദേവതയായ ഔറോറ മെസ്രുറിനെയും മെലിനാഡിനെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടു് കടന്നുവന്നപ്പോൾ, ഏതാനും മിനുട്ടുകൾക്കു് മുൻപായിരുന്നെങ്കിൽ റ്റിത്തോനോസിനോടൊപ്പം അവളെത്തന്നെ ആശ്ചര്യപ്പെടുത്തിയേക്കാമായിരുന്ന അവസ്ഥയിലായിരുന്നു ആ കമിതാക്കൾ. പക്ഷേ, പ്രഭാതരശ്മികളേറ്റു് അവൾ കണ്ണുകൾ വിടർത്തിയപ്പോൾ മനോഹരമായ ഒരു സ്ഥലത്തു് ആകാരഭംഗിയുള്ള ഒരു യുവകോമളനുമായി ഒരുമിച്ചിരിക്കുന്നതു് കണ്ട മെലിനാഡിനു് അത്ഭുതം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഉടനെ തിരിച്ചുവരുമെന്നു് ഭൂമി പ്രതീക്ഷിച്ചിരിക്കുന്ന ഒരു നക്ഷത്രത്തെപ്പോലെയായിരുന്നു അവന്റെ മുഖം! അവന്റെ കവിളുകൾ റോസാനിറത്തിലായിരുന്നു. പവിഴതുല്യമായിരുന്നു അവന്റെ ചുണ്ടുകൾ. ചൈതന്യവും സ്നേഹവും തിളങ്ങിയിരുന്ന അവന്റെ വിടർന്ന കണ്ണുകൾ കാമാതുരത പ്രകടിപ്പിക്കുകയും, കാമാതുരത പകരുകയും ചെയ്തു. സ്വർണ്ണത്തിൽ തീർത്തു് രത്നങ്ങൾ പതിപ്പിച്ച അവന്റെ ആവനാഴി ചുമലിൽ നിന്നും തൂങ്ങിക്കിടന്നിരുന്നു. കാമാസക്തിക്കു് മാത്രമേ അവന്റെ അമ്പുകളിൽ കിലുക്കം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നുള്ളു. വജ്രം പതിപ്പിച്ച ഒരു നാടയാൽ ഒതുക്കിവച്ചിരുന്ന അവന്റെ ചുരുണ്ടുനീണ്ട മുടി തോളിലേക്കു് ഒഴുകിക്കിടന്നിരുന്നു. മുത്തുകൾ പതിപ്പിച്ച സുതാര്യമായ തുണിയിൽ തീർത്ത അവന്റെ വസ്ത്രം അവന്റെ ശരീരസൗന്ദര്യത്തിന്റെ ഒരംശം പോലും മറച്ചുവച്ചില്ല. “ഞാൻ എവിടെയാണു്?, നിങ്ങളാരാണു്?” അവൾ ചോദിച്ചു. “നിങ്ങളുടെ ജീവൻ രക്ഷിക്കാനും, ആ ശ്രമത്തിനു് വിലയേറിയ പ്രതിഫലം ലഭിക്കാനും ഭാഗ്യം ലഭിച്ച ഒരു സാധുവിന്റെ അടുത്താണു് നിങ്ങൾ.” അവൻ മറുപടി പറഞ്ഞു.

മെലിനാഡിനു് സന്തോഷവും ആശ്ചര്യവും തോന്നി. മെസ്രുറിന്റെ മെറ്റമോർഫസിസ്‌ എന്തുകൊണ്ടു് നേരത്തേ സംഭവിച്ചില്ല എന്നതിലായിരുന്നു അവളുടെ ദുഃഖം. അവളുടെ കണ്ണുകളെ ആകർഷിച്ച പ്രൗഢഗംഭീരമായ ഒരു കൊട്ടാരത്തിനടുത്തേക്കു് നീങ്ങിയ അവൾ പ്രവേശനകവാടത്തിൽ ഇങ്ങനെയൊരു തലവാചകം എഴുതിവച്ചിരിക്കുന്നതായി കണ്ടു: “വിശുദ്ധീകരിക്കപ്പെട്ടവരല്ലാത്തവർ അകന്നുനിൽക്കുക. മോതിരധാരിയായവനു് മാത്രമേ ഈ കവാടം തുറക്കപ്പെടുകയുള്ളു.” മെസ്രുറും അങ്ങോട്ടു് ചെന്നു് ആ തലവാചകം വായിച്ചു. പക്ഷേ അവൻ കണ്ട അക്ഷരങ്ങൾ ഇങ്ങനെയായിരുന്നു: “നീ ഭയപ്പെടരുതു് – മുട്ടുക.” അവൻ മുട്ടി, ഉടനെ വാതിലുകൾ വലിയ ആരവത്തോടെ തുറന്നു. ആ രണ്ടു് പ്രണയിതാക്കളും ആയിരം സ്വരങ്ങളുടെയും ആയിരം ഉപകരണങ്ങളുടെയും അകമ്പടിയോടെ മാർബിളിൽ തീർത്ത പൂമുഖത്തേക്കു് കടന്നു. തുടർന്നു് അവർ പ്രവേശിച്ചതു് രാജകീയ പ്രൗഢിയുള്ള ഒരു ഹാളിലേക്കായിരുന്നു. അവിടെ ആയിരത്തിഇരുന്നൂറു് വർഷങ്ങളായി അവരെ കാത്തിരിക്കുന്ന അത്യന്തം സ്വാദിഷ്ഠമായ ഒട്ടേറെ വിഭവങ്ങൾ അവർ കണ്ടു. അതിലൊന്നുപോലും ലേശമെങ്കിലും തണുത്തുപോയിരുന്നില്ല. അവർ തീന്മേശക്കരികിൽ ആസനസ്ഥരായി. ഓരോരുത്തർക്കും വിളമ്പാൻ അതീവസൗന്ദര്യമുള്ള ആയിരം അടിമകളുണ്ടായിരുന്നു. പാട്ടും നൃത്തവും ഭക്ഷണത്തിനു് ആസ്വാദ്യത കൂട്ടി. ഭക്ഷണം കഴിഞ്ഞതോടെ വിവിധ ഗ്രൂപ്പുകളിൽ നിരനിരയായി വളരെ ശ്രേഷ്ഠവും വിചിത്രവുമായ വസ്ത്രങ്ങൾ ധരിച്ചവരായ സകല ജീനിയസുകളും മോതിരധാരിയായ പ്രഭുവിനു് ഭക്തി പ്രതിജ്ഞ ചെയ്യുന്നതിനും മോതിരം ധരിച്ച വിശുദ്ധവിരൽ ചുംബിക്കുന്നതിനുമായി രംഗപ്രവേശം ചെയ്തു.

അതേസമയത്തുതന്നെ ബാഗ്ദാദിൽ വളരെ ദൈവഭക്തനായ ഒരു മുസൽമാൻ ജീവിച്ചിരുന്നു. സമയാസമയങ്ങളിലെ കഴുകലുകൾക്കായി മോസ്കിലേക്കു് പോകാൻ കഴിയാതിരുന്നതിനാൽ അവൻ പള്ളി അധികാരികൾക്കു് ഒരു ചെറിയ സംഭാവന നൽകി കഴുകാനുള്ള ജലം വീട്ടിൽ എത്തിക്കുകയായിരുന്നു പതിവു്. അന്നും അഞ്ചാമത്തെ കഴുകൽ കഴിഞ്ഞയുടനെ അഞ്ചാമത്തെ പ്രാർത്ഥനക്കായി അവൻ തയ്യാറെടുത്തു. ഒട്ടും ദൈവവിശ്വാസമില്ലാത്തവളും ചെറുപ്പക്കാരിയുമായ ഒരു കിഴങ്ങത്തിയായിരുന്നു അവന്റെ വീട്ടുജോലിക്കാരി. കഴുകലിനുശേഷം അവശേഷിച്ച വിശുദ്ധജലം എളുപ്പത്തിനായി അവൾ ജനലിലൂടെ പുറത്തെക്കൊഴിച്ചു. വഴിവക്കിലെ ഒരു കല്ലു് തലയിണയാക്കി ചുരുണ്ടുകൂടി ഉറങ്ങിയിരുന്ന ഒരു പാവം നിർഭാഗ്യവാന്റെ ദേഹത്തായിരുന്നു ആ വെള്ളം മുഴുവൻ ചെന്നു് പതിച്ചതു്. മുഴുവനും നനഞ്ഞു് അവൻ ഉറക്കമുണർന്നു. മാന്ത്രികക്കൊട്ടാരത്തിൽ നിന്നും മടങ്ങുന്ന വഴി ശലോമോന്റെ മോതിരം നഷ്ടപ്പെട്ട നമ്മുടെ പാവം മെസ്രുർ ആയിരുന്നു അതു്. അവൻ വിശിഷ്ടവസ്ത്രങ്ങളെല്ലാം ഊരിവച്ചു് തന്റെ പഴയ ജോലിക്കുപ്പായം വീണ്ടും ധരിച്ചിരുന്നു. മനോഹരമായിരുന്ന അവന്റെ സ്വർണ്ണ ആവനാഴിയുടെ സ്ഥാനത്തു് അവൻ ചുമന്നിരുന്നതു് വിറകു് നിറച്ച ഒരു കൊട്ടയായിരുന്നു. ഈ ദുരിതങ്ങളുടെ എല്ലാം മകുടം എന്നപോലെ അവന്റെ ഒരു കണ്ണു് എന്നേക്കുമായി അവനു് നഷ്ടപ്പെട്ടിരുന്നു. ബുദ്ധിയെ മന്ദീഭവിപ്പിക്കാനും സുന്ദരസ്വപ്നങ്ങൾ കാണാനും ഉതകുന്നത്ര നല്ലൊരു അളവു് മദ്യം തലേന്നു് വൈകിട്ടു് താൻ അകത്താക്കിയിരുന്നു എന്ന ബോധോദയം പെട്ടെന്നാണു് അവനുണ്ടായതു്.

അതുവരെ ആ പാനീയം അതിന്റെ രുചിയുടെ പേരിലായിരുന്നു അവൻ സന്തോഷത്തോടെ കുടിച്ചിരുന്നതെങ്കിൽ, ഇപ്പോൾ മുതൽ അവൻ അതിനെ നന്ദിയുടെ പേരിൽ ഇഷ്ടപ്പെടാൻ തുടങ്ങി. താൻ സമ്പാദിക്കുന്നതു് കൊടുത്തു് മെലിനാഡിനെ വീണ്ടും കാണാൻ കഴിഞ്ഞേക്കാവുന്ന ആ പാനീയം വാങ്ങി കുടിക്കണം എന്ന ദൃഢനിശ്ചയവുമായി ഉല്ലാസത്തോടെ അവൻ തന്റെ ജോലിയിലേക്കു് മടങ്ങി. ഭംഗിയുള്ള രണ്ട്‌ കണ്ണുകൾ ഉണ്ടായിരുന്നശേഷം ഒരു ഒറ്റക്കണ്ണൻ ആവേണ്ടി വന്നതിന്റെ പേരിലും, കാലിഫിന്റെ സകല കാമുകിമാരെക്കാളും സുന്ദരിയായ ഒരു രാജകുമാരിയുടെ സ്നേഹം ആസ്വദിച്ചശേഷം കൊട്ടാരത്തിലെ ദാസികളുടെ നിന്ദക്കു് പാത്രീഭൂതനാവേണ്ടിവന്നതിലും, എല്ലാ ജീനിയസുകളുടെയും പ്രഭു ആയിരുന്നതിനുശേഷം ബാഗ്ദാദിലെ പൗരന്മാർക്കു് സേവനം അനുഷ്ഠിക്കേണ്ടിവന്നതിന്റെ പേരിലും അവന്റെ സ്ഥാനത്തു് മറ്റാരായിരുന്നെങ്കിലും അവർ നിരാശാഭരിതരായിരുന്നേനെ. പക്ഷേ, കാര്യങ്ങളുടെ ചീത്തവശം കാണാൻ ആവശ്യമായ ആ ഒരു കണ്ണായിരുന്നല്ലോ കൃത്യമായി മെസ്രുറിനു് ഇല്ലാതിരുന്നതു്.

 
1 Comment

Posted by on Sep 15, 2010 in ഫിലോസഫി

 

Tags: , ,