സത്യം എന്നതു് ഭയങ്കരമായ ഒരു കാര്യം തന്നെ! സത്യമില്ലാതെ ജീവിക്കുക എന്നതുതന്നെ മനുഷ്യനു് അസാദ്ധ്യമാണു്. മനുഷ്യവർഗ്ഗം സത്യം തേടുന്ന ജീവികളാണു്. അതിനു് അവർ പല മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ടു്. മതം, തത്വചിന്ത, ധ്യാനം, തപസ്സു് മുതലായവ കൂടാതെ മഷിനോട്ടം, കവടിനിരത്തൽ, തത്തയെക്കൊണ്ടു് സത്യച്ചീട്ടിൽ കൊത്തിക്കൽ, മുഖലക്ഷണം പരിശോധിക്കൽ, ഹസ്തരേഖാശാസ്ത്രം, ഗൗളിശാസ്ത്രം, തലയിൽ കാക്ക തൂറിയാൽ അതിനെ അപഗ്രഥിക്കൽ അങ്ങനെ പലതരം ശാസ്ത്ര-സാങ്കേതികത്വങ്ങൾ ഉപയോഗിച്ചു് അവർ സത്യത്തെ കണ്ടെത്തുന്നു. സത്യം കണ്ടെത്താൻ സഹായകം എന്നു് തോന്നുന്ന ഏതു് ചപ്പും ചവറും പൊക്കിനോക്കാൻ മനുഷ്യർ മടിക്കാറില്ല. അത്ര തീവ്രമാണു് അവന്റെ സത്യാഗ്രഹം. പൂച്ച ട്രാഫിക് ലൈറ്റ് ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്താൽ, ആമ അട്ടഹസിച്ചാൽ, ആന പൊട്ടിച്ചിരിച്ചാൽ, ഉറുമ്പു് അപ്രതീക്ഷിതമായോ അസാധാരണമായോ വളി വിട്ടാൽ അതിലെല്ലാം ചില സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നു് മനുഷ്യനറിയാം. അതൊക്കെ കൃത്യമായി വീക്ഷിച്ചാൽ ഏമ്പക്കം മുതൽ അപകടമരണം വരെ മനുഷ്യർക്കു് സംഭവിക്കാനുള്ള സാദ്ധ്യതകളെ പ്രവചിക്കാൻ കഴിയുമെന്നും അവൻ മനസ്സിലാക്കിയിട്ടുണ്ടു്. അതൊക്കെ ശാസ്ത്രീയമായ കാര്യങ്ങൾ ആയതിനാൽ അതിനെപ്പറ്റി പഠിച്ച പണ്ഡിതർക്കേ കൃത്യമായ പ്രവചനം സാദ്ധ്യമാവൂ. ഉദാഹരണത്തിനു് ഉത്തരത്തിലോ ചോദ്യത്തിലോ ഇരുന്നു് ഒരു പല്ലി ഒരു പദ്യം ചൊല്ലിയാൽ അതു് വ്യാഖ്യാനിക്കണമെങ്കിൽ വീടിന്റെ ഏതു് മൂലയിലിരുന്നു് എപ്പോൾ എങ്ങനെ ചൊല്ലി എന്നെല്ലാം അറിഞ്ഞിരിക്കണം. പിടിവിട്ടു് താഴേക്കു് വീഴുന്നതിനിടയിലാണു് പല്ലി ഇത്തരം ശ്ലോകങ്ങൾ ചൊല്ലുന്നതെങ്കിൽ അതു് ‘ദാണ്ടെ കെടക്കണു മൈ(ഡിയ)രു്’ (പാലിഭാഷയുടെ ഒരു വകഭേദമായ പല്ലിഭാഷയെ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തിയതു്) എന്നാവാനാണു് മിക്കവാറും സാദ്ധ്യത. ഇതിൽ ബ്രാക്കറ്റിലെ രണ്ടക്ഷരങ്ങൾ (= ഡിയ) എഴുതുമ്പോഴല്ലാതെ പറയുമ്പോൾ പല്ലികൾ ഉപയോഗിക്കാറില്ല. ഈ സൂക്തം പക്ഷേ മനുഷ്യരേക്കാൾ വീഴുന്ന പല്ലിയെത്തന്നെയാണു് ബാധിക്കാറുള്ളതു്. അതു് അത്യാഹിതമോ അംഗഭംഗമോ ആയിക്കൂടെന്നുമില്ല.
പലകാര്യങ്ങളെപ്പറ്റിയും മനുഷ്യർ സംശയാലുക്കളാണെങ്കിലും ഒരു കാര്യത്തിൽ മനുഷ്യനു് യാതൊരു സംശയവുമില്ല – നിത്യമായ, ആത്യന്തികമായ ഒരു സത്യം ഉണ്ടെന്നതാണതു്. എന്നോ എവിടെയോ വച്ചു് ആരോ ഒരുത്തൻ ഈ പരമസത്യത്തിനു് ദൈവം എന്നൊരു പേരിട്ടതുമുതൽ മനുഷ്യർ ദൈവം എന്ന സത്യത്തെ തേടാൻ തുടങ്ങി. മനുഷ്യൻ ജീവിക്കുന്നതു് അപ്പം കൊണ്ടു് മാത്രമല്ലെങ്കിലും ഇടയ്ക്കിടെ അപ്പമോ കപ്പയോ കിട്ടിയില്ലെങ്കിൽ ആളു് വടിയാവുമെന്നതിനാൽ ആദ്യമാദ്യം സത്യംതേടലിനിടയിൽ തടി അനങ്ങി അദ്ധ്വാനിക്കാനും മനുഷ്യർ നിർബന്ധിതരായിരുന്നു. അങ്ങനെയിരിക്കെയാണു് തേടിയ വള്ളി കാലിൽ ചുറ്റിയപോലെ മനുഷ്യവർഗ്ഗം മുഴുവൻ അന്വേഷിച്ചും ആരാധിച്ചും കാത്തിരുന്നും മടുത്ത ദൈവം ആർക്കോ പ്രത്യക്ഷപെട്ടു എന്ന വാർത്ത കാട്ടുതീ പോലെ ലോകത്തിൽ പരന്നതു്.
കൂട്ടത്തിലെത്തിയാൽ കൂവാതിരിക്കാൻ കുറുക്കനു് കഴിയാത്തതുപോലെ അത്ഭുതം എന്നു് കേട്ടാൽ അന്തം വിടാതിരിക്കാൻ പൊതുവേ മനുഷ്യനു് കഴിയാറില്ല. അറിയുന്ന കാര്യങ്ങളോടോ ചെറിയ കാര്യങ്ങളോടോ മനുഷ്യനു് വലിയ താൽപര്യമോ ബഹുമാനമോ പണ്ടേതന്നെ ഒട്ടില്ലതാനും. അറിയാത്തതും ഇത്തിരി വലുതുമായ കാര്യങ്ങളേ അവനു് വേണ്ടൂ. മനുഷ്യരുടെ ഈ ബലഹീനത മുതലെടുത്തു് ദൈവം തനിക്കു് പ്രത്യക്ഷപെട്ടു എന്നു് തോന്നിയവനും അവന്റെ ശിങ്കിടികളും കൂടി മനുഷ്യരുടെ ഇടയിൽ തൊഴിൽ വിഭജനം എന്നൊരേർപ്പാടു് സ്ഥാപിച്ചെടുത്തു. വെളിപ്പെട്ട ദൈവം മനുഷ്യരെ അറിയിക്കാനായി തന്നെ പിടിച്ചേൽപിച്ചതു് എന്നു് പ്രഖ്യാപിക്കപ്പെട്ട കൽപനകളും നിയമങ്ങളും അവർക്കു് അങ്ങനെ ചില തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിയമപരമായ അധികാരം നേടിക്കൊടുത്തു, അഥവാ അതുവഴി അവർ അതിനുള്ള അവകാശം പിടിച്ചുവാങ്ങി. ചില പ്രദേശങ്ങളിൽ ഈ ദൈവികനിയമങ്ങൾ എഴുതിയ കൽപലകകളെ അതു് ദൈവത്തിൽ നിന്നും ഏറ്റെടുത്തവൻ തന്നെ കലികയറി എറിഞ്ഞു് പൊട്ടിച്ചപ്പോൾ രണ്ടാമതും കൊത്തിക്കൊടുക്കാൻ വരെ, തീക്ഷ്ണതയുള്ളവനെങ്കിലും അതോടൊപ്പം കരുണയുമുള്ളവനായ ഒരു ദൈവം തയ്യാറായതായാണു് റിപ്പോർട്ട് (പുറപ്പാടു് 36:1).
അങ്ങനെ സ്ഥാപിക്കപ്പെട്ട പുതിയ തൊഴിൽവിഭജനപ്രകാരം ആത്മീയർ എന്ന പേരിൽ ദൈവപ്രതിനിധികളായി പട്ടംകെട്ടി സ്വയം അവരോധിച്ച പുരോഹിത-നിയമാധികാരികളുടെ ജോലി സത്യത്തെ എണ്ണതേച്ചു് കുളിപ്പിച്ചു് മിനുക്കി മുടിചീകി കൈവളയും കൊലുസുമിട്ടു് ഒരുക്കി തൊട്ടിലിൽ കിടത്തി ഇക്കിളിയിട്ടു് താരാട്ടുപാട്ടു് പാടുക എന്നതും, പേരിനു് ഒരാത്മാവു് ഉണ്ടെങ്കിലും പ്രായോഗികമായി “അനാത്മീയപ്പരിഷകൾ” ആയ ബാക്കിയുള്ള അലവലാതികളുടെ ജോലി മൂക്കത്തെ വിയർപ്പുമായി അദ്ധ്വാനിച്ചു് അപ്പവും വീഞ്ഞുമുണ്ടാക്കി സത്യത്തെ അഥവാ ദൈവത്തെ തേച്ചുകുളിപ്പിച്ചു് കളിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുക എന്നതുമാണെന്നു് രേഖാമൂലം നിശ്ചയിച്ചുറപ്പിക്കപ്പെട്ടു. ഈ തീരുമാനം അംഗീകരിക്കാൻ മടിച്ച മനുഷ്യരിൽ അതു് കൊല്ലും കൊലയും വഴി അടിച്ചേൽപിക്കപ്പെട്ടു. ദൈവത്തിനു് അതിനുള്ള അധികാരവുമുണ്ടല്ലോ! കാലക്രമേണ അദ്ധ്വാനിച്ചു് അപ്പമുണ്ടാക്കുന്നവർക്കു് അദ്ധ്വാനിക്കാതെ അപ്പം തിന്നുന്നവരെ ചോദ്യം ചെയ്യാനോ, അവരുടെ നീതിശാസ്ത്രങ്ങൾ വായിക്കാനോ പഠിക്കാനോ അവകാശമില്ലാതായി. “നീ അടുത്തു് ചെന്നു് നമ്മുടെ ദൈവം അരുളിച്ചെയ്യുന്നതു് ഒക്കെയും കേൾക്ക. എന്നിട്ടു് നിന്നോടു് അരുളിച്ചെയ്യുന്നതു് ഒക്കെയും ഞങ്ങളോടു് പറക; ഞങ്ങൾ കേട്ടു് അനുസരിച്ചുകൊള്ളാം” (ആവർത്തനം 5:27) എന്നു് അങ്ങോട്ടു് കേറിപ്പറയാൻ മാത്രം മണ്ടന്മാരായിരുന്നു അക്കാലത്തെ അജഗണമഖിലം എന്നാണു് കേൾവി. അങ്ങനെ, നക്ഷത്രനില തങ്ങൾക്കു് അനുകൂലമെന്നു് തിരിച്ചറിഞ്ഞ ഒരു ശുഭമുഹൂർത്തത്തിൽ അദ്ധ്വാനിക്കാതെ അപ്പം തിന്നു് അപ്പിയിടുന്നവർ സ്വർഗ്ഗത്തിന്റെ താക്കോൽ ഏറ്റെടുത്തു് മടിയിൽ തിരുകി. അതുമുതൽ അവർ മനുഷ്യരുടെ പ്രത്യുത്പാദനത്തിന്റെയും ജനനത്തിന്റെയും മരണത്തിന്റെയും ഭൂമിയുടെയും സ്വർഗ്ഗത്തിന്റേയും നരകത്തിന്റെയും കാവൽനായ്ക്കളായി ചാർജ്ജെടുത്തു് കുരയ്ക്കാൻ തുടങ്ങി. പിടിക്കാത്ത സിനിമയുടെ പണിയാത്ത തിയേറ്ററിലെ കന്നിപ്രദർശനത്തിനു് ടിക്കറ്റ് വിൽക്കുന്നതുപോലെ അവർ മനുഷ്യരുടെ പാപങ്ങൾ മുൻകൂറായി ടിക്കറ്റ് വിറ്റു് മോചിച്ചുകൊടുത്തു. പാപമോചനചീട്ടു് ലഭിച്ച വിശ്വാസികളായ ആടുകളും പോത്തുകളും ആടിയാടി പ്രാർത്ഥിക്കുന്ന കൊന്തനമസ്കാരത്തിനിടയിലും സ്വർഗ്ഗത്തിലെത്തുമ്പോൾ കാണാൻ പോകുന്ന പൂരവും പൂരാടവും പൂരുരുട്ടാതിയും രഹസ്യമായി സ്വപ്നം കണ്ടുകൊണ്ടിരുന്നതിനിടയിൽ ആടുമാടുകളുടെ ദൈവിക ഇടയന്മാർ (“cowboys of yahova”) തങ്ങൾക്കു് ഭൂമിയിൽ സ്വർഗ്ഗതുല്യമായ ബസിലിക്കകളും കൊട്ടാരസദൃശമായ വാസസ്ഥലങ്ങളും പണികഴിപ്പിച്ചുകൊണ്ടിരുന്നു.
കാര്യങ്ങൾ ഇത്രയുമെത്തിയപ്പോൾ തലയിൽ കുടിപാർപ്പുള്ളവരും മരിക്കാൻ ഭയമില്ലാതിരുന്നവരുമായ ചില മഹാപാപികൾ സത്യദൈവത്തിന്റെ കൽപനകളിൽ “സത്യത്തിൽ” എന്താണു് എഴുതിയിരിക്കുന്നതു് എന്നു് അറിയാൻ ശ്രമിച്ചു. അവരുടെ ശ്രമഫലമായി ചെമ്പു് തെളിഞ്ഞു, സനാതനസത്യങ്ങളിൽ നിന്നും പൂച്ചകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുചാടി. ദൈവിക മറുപടികളുടെ ശാശ്വതഭണ്ഡാരം എന്നു് വാഴ്ത്തപ്പെട്ടതു് ഉത്തരങ്ങളിലേറെ ചോദ്യങ്ങളും, അതിലേറെ വൈരുദ്ധ്യങ്ങളും നിറഞ്ഞ ജീർണ്ണതയുടെ കലവറയാണെന്നു് തിരിച്ചറിയപ്പെട്ടു. മേൽക്കോയ്മക്കു് മുന്നിൽ മുട്ടുമടക്കിയില്ലെങ്കിൽ അടിമമനസ്സിലെ ഭയം മൂലം കൂട്ടിയിടിക്കുന്ന മുട്ടുകളിലൂടെ മൂത്രമൊഴുകുന്നവർക്കൊഴികെ ബാക്കി മനുഷ്യർക്കു് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഏകദേശം പിടികിട്ടി.
വസ്തുതകൾ അന്യരുടെ കണ്ണടയിലൂടെയല്ലാതെ കാണാൻ ആഗ്രഹിക്കുന്നവൻ തന്റെ സ്വന്തം യുക്തിബോധത്തെയാണു് ആശ്രയിക്കുന്നതു്. തന്റെ നിലപാടു് എന്തുതന്നെ ആയിരുന്നാലും അതു് വ്യക്തമാക്കാൻ ശ്രമിക്കുന്ന ഒരുവൻ ആ നിലപാടിനു് ആധാരമായ ഗ്രന്ഥം ആദ്യാവസാനം വായിച്ചിരിക്കണം, വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അല്ലാത്തവനു് ആ വിഷയത്തെപ്പറ്റി ആധികാരികമായി പറയാൻ ന്യായമായ ഒരവകാശവുമില്ല. മതപരമോ അല്ലാത്തതോ ആയ ഒരു ഗ്രന്ഥത്തിൽ നിന്നും തനിക്കു് വേണ്ടതു് മാത്രം തിരഞ്ഞെടുക്കാനുള്ള അവകാശം തീർച്ചയായും ആർക്കുമുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ മുന്നിൽ തന്റെ നിലപാടു് പൂർണ്ണമായും ശരിയെന്നു് സ്ഥാപിക്കുകയും, അതിലേക്കു് അവരെ ആകർഷിക്കുകയുമാണു് അവന്റെ ലക്ഷ്യമെങ്കിൽ തന്റെ ഗ്രന്ഥത്തിലെ തനിക്കു് പ്രതികൂലമായ വസ്തുതകളും അവൻ മനസ്സിലാക്കിയിരിക്കണം. അത്തരം വൈരുദ്ധ്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ, സൂചിപ്പിച്ച കാര്യത്തിനു് വ്യക്തമായ മറുപടി പറയാനുള്ള അവന്റെ ബാദ്ധ്യതയോടു് നീതിപുലർത്താൻ അതുവഴിയേ അവനു് കഴിയൂ. അതിനു് കഴിവില്ലാത്തവൻ അവന്റെ വിശ്വാസം വ്യക്തിപരമായ കാര്യമായി കരുതി വീട്ടിലിരുന്നു് ഇഷ്ടാനുസരണം പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ കുമ്പിടുകയോ കുരവയിടുകയോ ഒക്കെ ചെയ്യുന്നതാണു് സാമാന്യമര്യാദ. കഥയറിയാതെ ആട്ടം കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു്. കാണുന്നതു് മനസ്സിലാവുന്നുണ്ടോ ഇല്ലയോ എന്നതു് അവന്റെ സ്വന്തം പ്രശ്നവും. പക്ഷേ, കഥയറിയാത്തവൻ ആളുകളുടെ മുന്നിൽ കഥകളിക്കാൻ തുടങ്ങിയാൽ അതു് സമൂഹദ്രോഹമേ ആവൂ.
ദൈവത്തേയും മതത്തേയും ശാസ്ത്രവുമായി ബന്ധിപ്പിച്ചു് സ്വന്തവിശ്വാസം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു വിശ്വാസി അവന്റെ മതഗ്രന്ഥം വായിച്ചാൽ മാത്രം പോരാ, ശാസ്ത്രത്തിലും അവഗാഹം ഉള്ളവനായിരിക്കണം. മതഗ്രന്ഥത്തിലെ ഒരു വാക്കിനു് ഏതെങ്കിലുമൊരു ആധുനിക ശാസ്ത്രപദവുമായുള്ള സ്വരസാമ്യം ആ ശാസ്ത്രസത്യത്തെപ്പറ്റി ആയിരത്തഞ്ഞൂറോ രണ്ടായിരമോ വർഷങ്ങൾക്കു് മുൻപേതന്നെ അതു് ദൈവം വെളിപ്പെടുത്തിയിരുന്നു എന്നതിനു് തെളിവായി ചൂണ്ടിക്കാണിക്കുന്ന ഒരുവനു് അതിനനുസരിച്ചുള്ള ശാസ്ത്രജ്ഞാനമേ ഉണ്ടാവൂ എന്നതിനാൽ അതു് അങ്ങനെയല്ല എന്നു് അവനെ മനസ്സിലാക്കിക്കൊടുക്കാൻ എത്ര വലിയ ശാസ്ത്രജ്ഞനും ആവുകയുമില്ല. ഒരുവൻ എഴുതുന്ന ലേഖനത്തിൽ നിന്നും അവന്റെ ശാസ്ത്രജ്ഞാനത്തിന്റെ നിലവാരം ശാസ്ത്രവുമായി ബന്ധമുള്ളവർക്കു് എളുപ്പം മനസ്സിലാക്കാൻ കഴിയും. ശാസ്ത്രത്തിലെ ഒരു ബിരുദം ശാസ്ത്രജ്ഞാനത്തിന്റെ തെളിവു് ആവണമെന്നു് നിർബന്ധമൊന്നുമില്ല. സ്വന്തം മതഗ്രന്ഥം പോലും ഒരുവൻ വേണ്ടത്ര മനസ്സിലാക്കി വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും ആ ഗ്രന്ഥം ശ്രദ്ധാപൂർവ്വം വായിച്ചിട്ടുള്ളവർക്കു് ഒറ്റനോട്ടത്തിൽ പിടികിട്ടും. അത്തരമൊരുത്തന്റെ തെറ്റുകൾ തിരുത്താനോ അതിനായി അവനെ ഗണിതശാസ്ത്രത്തിലെയും ഫിസിക്സിലെയും തത്വങ്ങളോ അവന്റെതന്നെ മതഗ്രന്ഥത്തിലെ വാക്യങ്ങളോ ഒക്കെ പഠിപ്പിച്ചുകൊടുക്കാനോ ഉള്ള ചുമതല മറ്റാർക്കുമില്ല, ആരെങ്കിലും ഇനി അതിനു് ശ്രമിച്ചാലും അതൊട്ടു് സാധിക്കുകയുമില്ല. അവനു് സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വന്തഗ്രന്ഥത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന, ഒരു ശാസ്ത്രത്തിന്റെയും സഹായം ആവശ്യമില്ലാതെ മനസ്സിലാക്കാൻ കഴിയുന്ന മണ്ടത്തരങ്ങൾ അവൻ ആദ്യമേ മനസ്സിലാക്കിയേനെ. എങ്കിൽ അവൻ അതിൽ ശാസ്ത്രരഹസ്യങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു എന്നു് ചിന്തിക്കാനോ, അതിനായി വിഫലമായി മുങ്ങിത്തപ്പാനോ, അതൊക്കെ പരസ്യമായി വിളിച്ചുകൂവി നാണംകെടാനോ തുനിയുമായിരുന്നില്ല. തികച്ചും ഭൗതികമായ കാര്യങ്ങളായാൽ പോലും അതറിയാത്തവനു് തനിക്കതറിയില്ലെന്നു് അറിയാൻ കഴിയില്ല. അവനെ അതു് അറിയിക്കാനും ആർക്കും കഴിയില്ല. ഒരുവന്റെ തലച്ചോറിൽ ഉള്ള കാര്യങ്ങൾ അറിയാനല്ലേ അവന്റെ തലച്ചോറിനു് കഴിയൂ? ആത്മീയതയുടെ മൺകലങ്ങൾ പൊതുവേ കമിഴ്‌ന്നേ ഇരിക്കൂ. അതുകൊണ്ടു് ആ അവസ്ഥയിൽ അതു് നിറക്കുക സാദ്ധ്യമല്ല.
തന്റെ വിശ്വാസത്തെപ്പറ്റി ഏതെങ്കിലും ഡോക്ടർ മർക്കോസോ, പ്രൊഫസർ ലൂക്കോസോ, ഡയറക്ടർ ഇദി അമീനോ പറഞ്ഞതു് ക്വോട്ട് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിൽ യാതൊരു കാര്യവുമില്ലതാനും. കാരണം, ഒരു വ്യക്തിയുടെ അഭിപ്രായം അവന്റെ സ്വന്തമാണു്, അതു് പ്രതിനിധീകരിക്കാൻ അവനു് സ്വാതന്ത്ര്യവുമുണ്ടു്. അവൻ അതു് പ്രതിനിധീകരിക്കുന്നതിനു് അവന്റേതായ കാരണങ്ങളും ന്യായീകരണങ്ങളും അവനുണ്ടാവും. പക്ഷേ, തന്റെ മതഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗമോ വാചകമോ വിമർശിക്കപ്പെടുമ്പോൾ അതിനെ സാമാന്യബോധത്തിനു് നിരക്കുന്ന വിധത്തിൽ നേരിടാനും ഖണ്ഡിക്കാനും അവനോ, അവനെ ക്വോട്ട് ചെയ്യുന്നവനോ കഴിയുന്നുണ്ടോ എന്നതാണു് കാര്യം. തന്റെ വേദഗ്രന്ഥം എത്രമാത്രം ദൈവികവും കുറ്റമറ്റതുമാണെന്നാണോ ഒരുവൻ വാശിപിടിക്കുന്നതു്, അത്രമാത്രം വലുതാണു് അതിനെതിരായ ഏതു് വിമർശനവും അടിസ്ഥാനരഹിതമാണെന്നു് യുക്തിപൂർവ്വം തെളിയിക്കാനുള്ള അവന്റെ ബാദ്ധ്യത.
ദൈവവചനങ്ങൾ കുറ്റമില്ലാത്തവയും നിത്യസത്യങ്ങളുമാണെന്ന വിശ്വാസികളുടെ വാദം എത്രമാത്രം അബദ്ധജടിലമാണെന്നതിനു് ഞാൻ ബൈബിളിൽ നിന്നും ലളിതമായ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. (ഇതു് ബൈബിളിൽ മാത്രമല്ല, ഖുർആനിലും വായിക്കാവുന്നതാണു്. ആ രണ്ടു് ഗ്രന്ഥങ്ങളിലും ഇതുപോലുള്ള ഉദാഹരണങ്ങൾ വേറെയും ധാരാളമുണ്ടു്. ഖുർആൻ ബൈബിളിനെ നിഷേധിക്കുന്നില്ലെന്നു് മാത്രമല്ല, പലവട്ടം ശരിവക്കുകയും ചെയ്യുന്നുണ്ടു് എന്നും ഓർക്കുക. ഇവിടെ പക്ഷേ ഞാൻ ബൈബിളിലെ വിവരണമാണു് അടിസ്ഥാനമാക്കുന്നതു്.) ആദിയിലെ മനുഷ്യസൃഷ്ടിയാണു് വിഷയം. ദൈവമായ യഹോവ മണ്ണുകുഴച്ചു് മനുഷ്യരൂപം സൃഷ്ടിച്ചു് അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി ആദാം എന്ന ആദ്യമനുഷ്യനെ സൃഷ്ടിച്ചു. അതിനുശേഷം അവനു് ഒരു ഗാഢനിദ്രവരുത്തി അവന്റെ ഇടതുവശത്തെ ഒരു വാരിയെല്ല് ഊരിയെടുത്തു് ഹവ്വ എന്ന ആദ്യത്തെ സ്ത്രീയേയും സൃഷ്ടിച്ചു. ഇവരുടെ ആദ്യത്തെ രണ്ടു് മക്കളാണു് കർഷകനായ കയീനും, ആട്ടിടയനായ ഹാബേലും. ഇവർ യഹോവക്കു് ബലി അർപ്പിച്ചപ്പോൾ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളുടെ മേദസ്സിൽ നിന്നുള്ള ഹാബേലിന്റെ ബലിയിൽ യഹോവ സന്തുഷ്ടനാവുകയും, കയീന്റെ കാർഷികവിഭവങ്ങളിൽ നിന്നുള്ള ബലിയിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കയീൻ കുശുമ്പുമൂലം അനുജനെ വയലിലേക്കു് വിളിച്ചുകൊണ്ടുപോയി തല്ലിക്കൊന്നു. ഇത്രയും നമ്മളിൽ പലരും കേട്ടിട്ടുള്ള കഥയാണു്. ദൈവത്തിനു് നൽകുന്ന ബലികൾ ഊനമില്ലാത്തതായിരുന്നാൽ അതുകൊണ്ടുള്ള നേട്ടം തങ്ങൾക്കാണെന്നു് അറിയാവുന്നതിനാലാവാം ഇത്രയും ഭാഗം വീണ്ടും വീണ്ടും ആവർത്തിച്ചു് പഠിപ്പിച്ചു് മനുഷ്യരുടെ തലയിൽ പതിപ്പിക്കുവാൻ പൗരോഹിത്യം ലക്ഷ്യബോധത്തോടെ ഇക്കാലമത്രയും വിശ്രമമില്ലാതെ പരിശ്രമിച്ചതു്. പക്ഷേ, ബൈബിളിലെ ഈ ഭാഗം അൽപം കൂടി തുടർന്നു് വായിച്ചാലോ? അനുജനെ കൊന്ന കയീനെ യഹോവ “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു് എന്നോടു് നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു് ശാപഗ്രസ്തനായി പോകേണം. …” മുതലായ ചില പതിവു് വാചകമടികൾക്കുശേഷം ദേശത്തുനിന്നും പുറത്താക്കുന്നു. അപ്പോൾ “ആരെങ്കിലും എന്നെ കണ്ടാൽ എന്നെ കൊല്ലും” എന്നു് വിലപിക്കുന്ന കയീനെ ആരും കൊല്ലാതിരിക്കാൻ യഹോവ അവനു് ഒരു അടയാളം വക്കുകയും “ആരെങ്കിലും കയീനെ കൊന്നാൽ അവനു് ഏഴിരട്ടി പകരം കിട്ടും” എന്നു് അരുളിച്ചെയ്യുകയും ചെയ്യുന്നു.
ഈ ഭാഗം ഒന്നു് ശ്രദ്ധിക്കൂ. ആദിമനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും ആദ്യത്തെ രണ്ടുമക്കളിൽ ഒരുവനായ ഹാബേൽ കൊലചെയ്യപ്പെട്ട സ്ഥിതിക്കു്, ഹവ്വ മൂന്നാമത്തെ പുത്രനായ ശേത്തിനെയോ മറ്റു് ‘പുത്രന്മാരെയോ, പുത്രിമാരേയോ’ പ്രസവിക്കാൻ തുടങ്ങിയിരുന്നില്ല എന്ന സ്ഥിതിക്കു് കയീനെ ലോകത്തിൽ മറ്റാരു് കാണാൻ? മറ്റാരു് അവനെ കൊല്ലാൻ? യഹോവ അവനു് വച്ചുകൊടുത്ത “അടയാളം” മറ്റാരെ കാണിക്കാൻ? ശത്രുക്കളെപ്പറ്റിയുള്ള കയീന്റെ ഭയത്തിനു് എന്തടിസ്ഥാനം? സഹോദരഘാതകനായ കയീനെ ആരെങ്കിലും കൊന്നാൽ കൊല്ലുന്നവനു് എന്തു് ന്യായീകരണത്തിന്റെ പേരിൽ യഹോവ ഏഴിരട്ടി പ്രതികാരം ചെയ്യുമെന്നു് കൽപിക്കുന്നു? എന്താണു് ഏഴിരട്ടി എന്നാൽ? യഹോവ അവനെ ഏഴുപ്രാവശ്യം കൊല്ലുമെന്നോ?
ഇത്രയുംകൊണ്ടു് തീർന്നില്ല, കഥാപ്രസംഗം പിന്നേയും മുന്നേറുന്നു: “അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു് പുറപ്പെട്ടു് ഏദനു് കിഴക്കു് നോദ് ദേശത്തു് ചെന്നു് പാർത്തു. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു. അവൾ ഗർഭം ധരിച്ചു് ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക് എന്നു് തന്റെ മകന്റെ പേരിട്ടു.”
പൊട്ടന്മാരായ നമുക്കു് വീണ്ടും സംശയം. വീണ്ടും ചോദ്യങ്ങൾ. ആദാമും ഹവ്വായും ലോകത്തിലെ ആദ്യത്തെ ആണും പെണ്ണും. കയീൻ അവരുടെ തത്കാലം ജീവിച്ചിരിക്കുന്ന ഒരേയൊരു മകൻ. പിന്നെ കയീനു് കല്യാണം കഴിക്കാൻ പറ്റിയ ഒരു പെണ്ണു് നോദ് ദേശത്തു് എവിടെനിന്നു് വന്നു? കല്യാണച്ചടങ്ങും ആർഭാടവുമൊക്കെ കാണാൻ മറ്റാരും ലോകത്തിലില്ലെങ്കിൽ കല്യാണവസ്ത്രങ്ങൾ തയ്ക്കേണ്ടതോ, സ്വർണ്ണക്കടക്കു് അതേപടി വീട്ടിലേക്കു് സ്ഥാനമാറ്റം കൊടുക്കേണ്ടതോ, കല്യാണസദ്യ ഒരുക്കേണ്ടതോ ആയ ആവശ്യമൊന്നും ഇല്ലെന്നു് വേണമെങ്കിൽ സമ്മതിക്കാം. പക്ഷേ മണവാട്ടിക്കു് അപ്പനും അമ്മയും വേണ്ടേ? അവൾ കുഞ്ഞായിരിക്കുമ്പോൾ മുലകൊടുത്തു് വളർത്തപ്പെടണ്ടേ? ഇനി, കേരളക്കരയിലെ പതിവുപോലെ അവൾക്കു് പുലിയോ കടുവയോ മുലകൊടുത്തു് വളർത്തുകയായിരുന്നോ? എന്നാലും ജനിപ്പിക്കാൻ മാതാപിതാക്കളില്ലാതെ!? മതങ്ങളിലെ പൊതുരീതിപോലെ അവൾ വല്ല അത്ഭുതഗർഭത്തിന്റേയും ഫലമാണെങ്കിൽ ചുരുങ്ങിയപക്ഷം ഒരമ്മയെങ്കിലും വേണ്ടേ? ഇതൊന്നുമല്ല, അവൾ വല്ല പാറയും പിളർന്നു് ഉണ്ടായതാണെങ്കിൽ “സത്യം തേടുന്ന ജീവികൾ” എന്ന നിലയിൽ മനുഷ്യരുടെ അന്വേഷണത്വര ശമിപ്പിക്കാനെങ്കിലും ബൈബിൾ രചയിതാവു് ആ വിവരം നമ്മോടൊന്നു് പറയേണ്ടതായിരുന്നില്ലേ? കുലീനരും വിശ്വാസികളും നാട്ടിൽ കൊള്ളാവുന്നവരുമായ ചേട്ടന്മാരും ചേട്ടത്തിമാരും ഇതൊക്കെ കേൾക്കുമ്പോൾ ചൂടാവുമെന്നറിയാം. കാരണം, അവർ അതിവിശുദ്ധമെന്നു് വാഴ്ത്തുന്ന വേദവാക്യങ്ങളാണല്ലോ ഇവിടെ പ്രതിക്കൂട്ടിൽ കയറ്റപ്പെടുന്നതു്! വിറകിനടിയിലെ മിന്നാമിനുങ്ങിനെ ഊതി ഊതിയാണു് തങ്ങൾ തീയുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു് മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ ഏതു് അഹംഭാവത്തിനാണു് സഹിക്കാൻ കഴിയുന്നതു്? പക്ഷേ, “സത്യ”ദൈവത്തിൽ വിശ്വസിക്കുന്നവർ ആ ദൈവത്തിന്റെ വചനങ്ങളിൽ സ്പഷ്ടമായ കറകൾ കാണുമ്പോൾ അതു് കറയാണെന്നു് തിരിച്ചറിയുകയല്ലേ “സത്യത്തിൽ” വേണ്ടതു്? പ്രത്യേകിച്ചും “സത്യത്തിനു് സാക്ഷി നിൽക്കേണ്ടതിനു് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നു് പീലാത്തോസിനോടു് മറുപടി പറഞ്ഞ യേശുവിന്റെ പിൻഗാമികളാണു് തങ്ങൾ എന്നു് അഭിമാനിക്കുന്നവർ!? (യോഹന്നാൻ 18:37)
യേശുവിന്റെ ഈ പ്രസ്താവനയെ “സത്യം എന്നാൽ എന്തു്” എന്ന മറുപടി കൊണ്ടു് പീലാത്തോസ് നേരിടുന്നുണ്ടെങ്കിലും, അതുവഴി അവൻ എന്താണു് ഉദ്ദേശിച്ചതെന്നു് അവന്റെ അപ്പോഴത്തെ മുഖഭാവം കാണാതെ പറയുക അസാദ്ധ്യം. പീലാത്തോസിന്റെ ഈ വാചകം ഒരു ചോദ്യമായിരുന്നിരിക്കാം, യേശുവിന്റെ അഭിപ്രായത്തോടുള്ള ഒരു പരിഹാസമായിരുന്നിരിക്കാം, അല്ലെങ്കിൽ ഒരു പൊതുവായ പ്രസ്താവനയായിരുന്നിരിക്കാം. അതുവഴി അവൻ എന്താണു് അർത്ഥമാക്കിയതെന്നു് നിശ്ചയിക്കാൻ ഇന്നത്തെ മനുഷ്യർക്കു് ഒരു നിവൃത്തിയുമില്ല. മുഖത്തുനിന്നും നേരിട്ടു് കേട്ടാലല്ലാതെ, വായനകൊണ്ടു് മാത്രം മനസ്സിലാക്കാൻ കഴിയാത്തവയാണു് ചില പ്രസ്താവനകൾ എന്നതിനു് തെളിവായി ഇതിവിടെ സൂചിപ്പിച്ചു എന്നുമാത്രം. പല വേദവാക്യങ്ങളും അതു് നേരിട്ടു് കേട്ടവർ എന്ന രീതിയിലാണു് വിശ്വാസികൾ വ്യാഖ്യാനിച്ചു് കാണുന്നതു്. എല്ലാറ്റിലുമുപരി, പണ്ടു് ആരോ പറഞ്ഞതായി എഴുതപ്പെട്ട ഒരു വാചകം അതിന്റെ ശരിയായതും പൂർണ്ണമായതുമായ അർത്ഥത്തിൽ മനസ്സിലാക്കാൻ അതു് പറഞ്ഞപ്പോഴത്തെ മുഖഭാവം മാത്രമല്ല, അതു് പറഞ്ഞവന്റെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരവും, വ്യക്തിപരവുമായ എത്രയോ ഘടകങ്ങളും അതു് പറഞ്ഞ സാഹചര്യവും പശ്ചാത്തലവും എല്ലാം അറിഞ്ഞിരുന്നാലേ കഴിയൂ.
ബൈബിളിൽ വർണ്ണിക്കുന്ന കയീന്റെ ഈ കഥയിൽ നിന്നും ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് മനുഷ്യർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിൽ എന്തെങ്കിലും സംശയമോ രണ്ടഭിപ്രായമോ ഉണ്ടാവാൻ കഴിയുമോ? അതുപോലെ, കയീനും ഭാര്യയും കൂടി ഹാനോക് എന്നൊരു പട്ടണം പണിയാൻ മാത്രം മക്കളെ ജനിപ്പിച്ചു എന്നു് വിശ്വസിക്കണമെങ്കിൽ നമ്മൾ എത്രമാത്രം വിഡ്ഢികളായിരിക്കണം? മീൻ മുട്ടയിടുന്നതുപോലെ മുട്ടയിട്ടു് മക്കളെ വിരിയിക്കുന്നവരാണോ മനുഷ്യസ്ത്രീകൾ? എന്നാൽപ്പോലും കയീന്റെ ഒറ്റത്തലമുറയിൽ അവന്റെ ഭാര്യ ഒരു പട്ടണം നിറയാൻ മാത്രം കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നൊക്കെ പറഞ്ഞാൽ? അതുപോലെതന്നെ, ആദാം ഹവ്വാ എന്ന രണ്ടു് ആദിമനുഷ്യരിൽ നിന്നും അഗമ്യഗമനം വഴിയല്ലാതെ, അഥവാ, ദൈവംതന്നെ നിരോധിച്ച സഹോദരീസഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം വഴിയല്ലാതെ ലോകത്തിൽ മനുഷ്യർ ജനിക്കുമോ? പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു് ബൈബിളിലെ പിതാക്കന്മാരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ B.C. 3761-ൽ, അഥവാ ഇന്നേക്കു് 5770 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നു് ഇന്നും ചില യഹോവാവിശ്വാസികൾ കടുംപിടുത്തം പിടിക്കുന്നുണ്ടെന്നും കൂടി ഇതിനോടു് കൂട്ടിവായിക്കുക!
ഇതൊന്നും പോരാത്തതിനു്, കഴിഞ്ഞ നൂറ്റാണ്ടിലെ “ശുദ്ധീകരണ” വിദഗ്ദ്ധരായിരുന്ന ഹിറ്റ്‌ലറേയും സ്റ്റാലിനേയും ലജ്ജിപ്പിക്കുന്ന രീതിയിൽ നോഹയുടെ കാലത്തു് യഹോവ ഒരു മഹാപ്രളയം വഴി നോഹയും ഭാര്യയും അവരുടെ മൂന്നു് ആണ്മക്കളും അവരുടെ ഭാര്യമാരുമടക്കം ആകെ എട്ടു് മനുഷ്യരൊഴികെ ബാക്കിയെല്ലാ മനുഷ്യരെയും കിഴവനാവട്ടെ, കൈക്കുഞ്ഞാവട്ടെ, ആണാവട്ടെ പെണ്ണാവട്ടെ എല്ലാറ്റിനേയും പാപികൾ എന്നു് ഒറ്റയടിക്കു് മുദ്രകുത്തി മുക്കിക്കൊല്ലുന്നു! അതുവഴി വീണ്ടും ആരംഭിക്കുന്നു നിലത്തെഴുത്തുമുതൽ വീണ്ടും അതേ നിഷിദ്ധഗമനത്തിന്റെ നീരാളിപ്പിടുത്തം! എന്തും സാദ്ധ്യമാവേണ്ടവനായ ദൈവം പാപികളായ മനുഷ്യരെ ‘ഇടുകുടുക്കേ ചോറും കറിയും’ എന്നു് പറയുന്ന രീതിയിൽ പാപമോചിതരാക്കിയിരുന്നെങ്കിൽ അവർ നിഷിദ്ധഗമനം ചെയ്യേണ്ടിവരുമായിരുന്നോ? മനുഷ്യരായി നോഹയേയും കുടുംബത്തേയും മാത്രം പെട്ടകത്തിൽ കയറ്റി പ്രളയത്തിൽ നിന്നും രക്ഷപെടുത്താൻ ദൈവം തീരുമാനിച്ചതുതന്നെ അവർ മാത്രമായിരുന്നു ആകെ ലോകത്തിൽ പാപം ചെയ്യാത്ത പരിശുദ്ധരായി അവശേഷിച്ചവർ എന്നതിനാലായിരുന്നു എന്നതാണു് അതിലൊക്കെ രസം! പരിശുദ്ധരായിരുന്ന ആ മനുഷ്യരെ അഗമ്യഗമനമല്ലാതെ മറ്റു് പോംവഴി ഒന്നുമില്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ച ദൈവത്തോളം പാപികളായിരുന്നോ പ്രളയത്തിൽ മുങ്ങിച്ചാവേണ്ടിവന്ന മുലകുടിമാറാത്ത കുഞ്ഞുങ്ങൾ? ഈ കെട്ടുകഥകളിൽ ഏതെങ്കിലും വിധത്തിലുള്ള ദൈവത്തിന്റെ പങ്കാളിത്തം പോയിട്ടു് യാഥാർത്ഥ്യത്തിന്റെ ഒരു നേരിയ കണികപോലും ഉണ്ടാവില്ല എന്നു് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഒരു മനുഷ്യനു് രണ്ടാമതൊന്നു് ആലോചിക്കേണ്ടതുണ്ടോ? വേദഗ്രന്ഥം എന്നു് പേരിട്ടാൽ എന്തു് വിഡ്ഢിത്തവും വാങ്ങി തൊണ്ടതൊടാതെ മനുഷ്യർ വിഴുങ്ങിക്കൊള്ളണമെന്നാണോ?
ബൈബിളിലെ ആദ്യപുസ്തകമായ ഉൽപത്തിയിലെ ആദ്യത്തെ ഒൻപതു് അദ്ധ്യായങ്ങളിൽ ഈ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം. അതുകൊണ്ടു് ഇവ മാത്രമാണു് ആ അദ്ധ്യായങ്ങളിൽ വായിക്കാൻ കഴിയുന്ന വൈരുദ്ധ്യങ്ങൾ എന്നു് കരുതണ്ട. ശ്രദ്ധിച്ചു് വായിച്ചാൽ മറ്റു് പല പൊരുത്തക്കേടുകളും കണ്ടെത്താം.
മതഗ്രന്ഥങ്ങളിൽ ശാസ്ത്രീയത തേടുന്ന വിശ്വാസിസുഹൃത്തുക്കൾ കഴിയുമെങ്കിൽ ആദ്യം ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അത്തരം പൊരുത്തക്കേടുകൾക്കു് ന്യായമായ എന്തെങ്കിലും വിശദീകരണം നൽകാൻ കഴിയുമോ എന്നു് ആലോചിക്കുക. അതിനു് യുക്തിക്കു് നിരക്കുന്ന, സാമാന്യബോധത്തിനു് സത്യമെന്നു് അംഗീകരിക്കാൻ കഴിയുന്ന വിശദീകരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അതു് സത്യമല്ലെന്നും, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥകളാണെന്നും, അതുകൊണ്ടുതന്നെ കെട്ടിച്ചമച്ച നുണകളാണെന്നും, അവ ഒരിക്കലും ദൈവികസത്യങ്ങൾ ആവാൻ കഴിയില്ലെന്നും അംഗീകരിക്കുക. മനുഷ്യന്റെ സാമാന്യബുദ്ധിക്കും ആത്മാർത്ഥതക്കും മനസ്സാക്ഷിക്കും പരിക്കേൽപിച്ചുകൊണ്ടല്ലാതെ ആദാമിന്റേയും ഹവ്വയുടെയും കയീന്റേയും നോഹയുടെയും കഥകളിൽ സത്യത്തിന്റെ ഒരു തരിപോലും ഉണ്ടെന്നു് സ്ഥാപിക്കാനാവില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ന്യായമായ സാദ്ധ്യത ഈ വൈരുദ്ധ്യത്തെ വൈരുദ്ധ്യമായി സമ്മതിക്കുക എന്നതു് മാത്രമാണു്. അതോടെ എന്നേക്കുമായി അവസാനിക്കുന്നതു്, സംശയരഹിതമായി തെറ്റെന്നു് തെളിയിക്കപ്പെടുന്നതു്, ഈ കഥകൾ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ ദൈവികതയും, ആത്യന്തികതയും, വൈരുദ്ധ്യമില്ലായ്മയും, പൂർണ്ണതയും, വിശുദ്ധിയുമൊക്കെ ആയിരിക്കും. ദൈവികസത്യങ്ങളിൽ ഒരു നുണ കണ്ടെത്തുക എന്നതു് ഒരു ലിറ്റർ പാലിൽ ഒരു തുള്ളി വിഷം ചേരുന്നതുപോലെയാണു്. അതു് മുഴുവൻ ദൈവികസത്യങ്ങളെയും സംശയാസ്പദവും തന്മൂലം ഉപയോഗശൂന്യവുമാക്കി മാറ്റുന്നു. അപ്പോൾ പിന്നെ ഒരു ലിറ്ററിൽ പകുതിയിൽ കൂടുതലും വിഷമാണെങ്കിലോ? ദൈവികസത്യങ്ങളിൽ പകുതിസത്യം എന്നൊന്നില്ല എന്നു് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും വിശ്വാസികളെങ്കിലും മനസ്സിലാക്കേണ്ടേ?
ചുരുക്കത്തിൽ, ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായിരുന്ന കയീൻ ഏദനു് കിഴക്കു് നോദ് എന്ന ദേശത്തുചെന്നു് ഒരു സ്ത്രീയെ ഭാര്യയാക്കി അവളിൽ നിന്നും മക്കളെ ജനിപ്പിച്ചു എന്ന ബൈബിളിലെ വാക്യം സത്യമെങ്കിൽ, ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് ദേശങ്ങളും അവിടെ വിവാഹപ്രായമെത്തിയ സ്ത്രീകളും, കൊലക്കുറ്റം ശിക്ഷാർഹമാണെന്നു് അറിയാൻ മാത്രമെങ്കിലും സാംസ്കാരികമായി വളർച്ച പ്രാപിച്ചിരുന്ന മനുഷ്യരും ജീവിച്ചിരുന്നു എന്നതും ഒരു സത്യമായി നമ്മൾ അംഗീകരിക്കേണ്ടിവരും. അതൊരു സത്യമെങ്കിൽ അതിനർത്ഥം യഹോവ എന്ന ദൈവം സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യനാണു് ആദാം എന്ന ബൈബിളിലെ വർണ്ണന ഒരു നുണയാണെന്നു് മാത്രവും! എങ്കിൽ, ബൈബിൾ എന്ന വിശുദ്ധഗ്രന്ഥം ഒരിക്കലും സർവ്വജ്ഞാനിയായ ഒരു ദൈവം എഴുതിയതാവില്ല. അതു് ദൈവനാമത്തിൽ ഏതോ മനുഷ്യർ എഴുതിയൊപ്പിച്ചതു് മാത്രമേ ആവൂ. അതുകൊണ്ടു് മാത്രമാണു് ബൗദ്ധികമായി വളർന്ന ഇന്നത്തെ മനുഷ്യർക്കു് അതിൽ തെറ്റുകളും വൈരുദ്ധ്യങ്ങളും നുണകളും കാണാൻ കഴിയുന്നതു്. അതുകൊണ്ടു്, ആദ്യം ഇക്കാര്യത്തിൽ ഒരു സത്യസന്ധമായ തീരുമാനം എടുത്താൽ, അഥവാ നുണയെ നുണയെന്നു് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ, വേദഗ്രന്ഥവും അതിലെ കൂടുതൽ കൂടുതൽ നുണകളും സത്യമാണെന്നു് സ്ഥാപിക്കാനുള്ള ഭഗീരഥപ്രയത്നത്തിൽ നിന്നും എന്നേക്കുമായി മുക്തി നേടാം. നിരപരാധികളായി ചുമ്മാ ഇരിക്കുന്ന മനുഷ്യരുടെ പാവം കൂതികളിൽ ആത്മീയതയുടെ ചുണ്ണാമ്പു് തേച്ചു് പൊള്ളിക്കാതിരിക്കാനെങ്കിലും അതു് സഹായിച്ചാലോ?
വേദഗ്രന്ഥങ്ങളിൽ തെറ്റുകളും നുണകളുമുണ്ടെന്നു് തിരിച്ചറിഞ്ഞവർക്കു്, അതു് സമ്മതിക്കാൻ മടിയില്ലാത്തവർക്കു് വായിക്കാനും വേണമെങ്കിൽ ചിന്തിക്കാനും വേണ്ടി ഒരു വാക്യം ഖുർആനിൽ നിന്നും: “അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമികൾ ആരുണ്ടു്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.” (6:21)