കേരളത്തിന്റെ ഭാവി കുട്ടികൾ തീരുമാനിക്കട്ടെ എന്ന മുദ്രാവാക്യവുമായി അവർക്കു് നവോത്ഥാന ചരിത്രവും ഭരണഘടനയും പകർന്നു് നൽകാൻ വിദ്യാഭ്യാസവകുപ്പു് ഒരുങ്ങുന്നു എന്നൊരു വാർത്ത കുറച്ചു് ദിവസങ്ങൾക്കു് മുൻപു് കണ്ടിരുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ സംസ്ഥാനത്തു് ധ്രുവീകരണം നടക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്രെ ആ തീരുമാനം! കുട്ടികളെ നവോത്ഥാന”ചാരിത്രവും” ഭരണഘടനയുമെല്ലാം അഭ്യസിപ്പിക്കാൻ ചുമതലപ്പെട്ടവരെ കൂട്ടത്തോടെ പിടിച്ചുകെട്ടി ക്ലാസ്സിലിരുത്തി, കുട്ടികളെക്കൊണ്ടു് അവർക്കു് ക്ലാസ്സെടുപ്പിക്കുകയായിരുന്നേനെ കൂടുതൽ അർത്ഥപൂർണ്ണം. കണ്ടാമിനേറ്റഡായ മെഗഫോണുകൾ തുപ്പുന്ന വെറുപ്പിന്റെ വിഷമേറ്റു് കുട്ടികളുടെ മനസ്സിലെ വെള്ളക്കടലാസുകൾ ഒരിക്കലും തിരുത്താനാവാത്തവിധം കരിഞ്ഞു് ഉപയോഗശൂന്യമാകാതിരിക്കാൻ അതു് സഹായകമായിരുന്നേനെ!
ആരംഭശൂരത്വത്തിനു് പേരു് കേട്ടവരാണു് മലയാളികൾ. കേട്ടാൽ ഞെട്ടുന്ന, ഇടിവെട്ടു് മോഡൽ പേരുകളും, വർണ്ണശബളമായി അലങ്കരിച്ച സ്റ്റേജുകൾ കെട്ടിപ്പൊക്കിയുള്ള ഉദ്ഘാടനങ്ങളുമില്ലാത്ത ഒരു പദ്ധതി അവർക്കു് സങ്കല്പിക്കാനാവുന്ന കാര്യമല്ല. സ്വാഭാവികമായും ഈ പദ്ധതിക്കുമുണ്ടു് അത്യന്തം ആധുനികമായ ഒരു പേരു്: “നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം”. പദ്ധതിയുടെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ലെങ്കിൽ, പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല എന്നേ കരുതേണ്ടതുള്ളു. ആർഭാടപൂർവ്വമായ ഒരു ഉദ്ഘാടനത്തിനു് ശേഷമല്ലാതെ, “ചറ പറ” എഴുതി സാക്ഷരപട്ടം നേടി, കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും തകർത്തു് ദൈവകോപം വിളിച്ചു് വരുത്താൻ വിദ്യാരംഭം കുറിക്കുന്ന കേരളത്തിലെ വന്ദ്യവയോധികർപോലും ധൈര്യപ്പെടാറില്ല. നല്ല ദൈവഭയം ഉള്ളവരാണു് മലയാളികൾ. ദൈവഭയം ഇല്ലാത്ത ഒരു താന്തോന്നിക്കു് “താൻ നൊന്തുപെറ്റ മകളെ” കെട്ടിച്ചു് കൊടുക്കാൻ സുബോധമുള്ള ഒരു മലയാളിയമ്മയും തയ്യാറാവില്ല. അത്ര ആഴത്തിലാണു് മലയാളിമങ്കമാരുടെ മനസ്സിൽ ദൈവഭയത്തിന്റെ വേരുകൾ പടർന്നു് പന്തലിച്ചിരിക്കുന്നതു്!
പുറത്തു് കാണിക്കാൻ കൊള്ളാവുന്നതായി ഉള്ളിൽ ഒന്നുമില്ലാതിരിക്കുകയോ, ഉള്ളിലുള്ളതു് ആരെയും കാണിക്കാൻ കൊള്ളാത്തതായിരിക്കുകയോ ചെയ്താൽ അവ സമൂഹത്തിൽ നിന്നും ഒളിച്ചു് വയ്ക്കപ്പെടേണ്ടതുണ്ടു്. ശവക്കല്ലറകളെ വെള്ള പൂശേണ്ടിവരുന്നതു് അതുകൊണ്ടാണു്. പുറം പൂച്ചു്! മുസ്ലീമുകൾ നെറ്റിയിൽ സൃഷ്ടിക്കുന്ന നിസ്ക്കാരത്തഴമ്പു്, നസ്രാണികൾ നെറ്റിയിൽ ചാർത്തുന്ന ചാരക്കുരിശു്, ചരടിൽ തൂക്കുന്ന വെന്തിങ്ങ, മാലയിൽ തൂക്കുന്ന സ്വർണ്ണക്കുരിശു്, ഹിന്ദുക്കൾ നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന “ഹോട്ട് സ്പോട്ട്”, ശരീരത്തിൽ വരയ്ക്കുന്ന ഗ്രാഫുകൾ തുടങ്ങിയവയെല്ലാം സമൂഹം തന്നെ ആരായി കാണാനാണു് താൻ ആഗ്രഹിക്കുന്നതെന്ന ആ വ്യക്തിയുടെ പ്രഖ്യാപനങ്ങളാണു്. ബുദ്ധമതക്കാർക്കു് തല മൊട്ടയടിയോടാണു് കൂടുതൽ പ്രതിപത്തി. അവരും മുട്ടുകുത്തി പ്രാർത്ഥിക്കാറുണ്ടു്. പക്ഷേ, അവരുടെ നെറ്റിയിൽ തഴമ്പു് വീഴുന്നതായി കണ്ടിട്ടില്ല. മുട്ടുകുത്തി തറയിലേക്കു് വീഴുമ്പോൾ പരിക്കോ ആഘാതമോ ഒന്നും ഏൽക്കാതെയും, അതുവഴി പാടോ തഴമ്പോ ഒന്നും വീഴാതെയും അവരുടെ തിരുനെറ്റിയെ അവർ എങ്ങനെയാണാവോ സംരക്ഷിക്കുന്നതു്? ഒരുപക്ഷേ, അല്ലാഹു അക്ബർ എന്നതിനു് പകരം, നെറ്റിയുടെ സംരക്ഷണത്തിനു് പറ്റിയ വല്ല സൂക്തവും ചൊല്ലിക്കൊണ്ടാവും അവർ വീഴുന്നതു്. എന്തായാലും, സംഭവം ഫലപ്രദമാണു്. കർഷകവീട്ടിൽ വിരുന്നു് വന്നാൽ കോഴിക്കു് രക്ഷയില്ലെന്നപോലെ, മതബാധ ഏറ്റാൽ രക്ഷയില്ലാതാവുന്നതു് മനുഷ്യരുടെ നെറ്റിയ്ക്കാണു്. ഈവിധ അടയാളങ്ങൾ ആ വ്യക്തിയുടെ ഉള്ളിലിരുപ്പിന്റെ വ്യാജമോ സത്യസന്ധമോ ആകാവുന്ന പ്രകടനങ്ങളാണു്. എക്സിബിഷനിസത്തിന്റെ ഒരു ലൈറ്റ് വേർഷൻ എന്നോ, വകഭേദമെന്നോ, സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ചു്, വേണമെങ്കിൽ വേർതിരിക്കാവുന്ന പ്രകടനങ്ങൾ, വിൻഡോ ഡ്രസ്സിങ്ങുകൾ! ധൂപക്കുറ്റിയുമായി പള്ളിയകത്തു് റോന്തു് ചുറ്റുന്ന കപ്യാരെപ്പോലെ, ഝലഝലാരവങ്ങളും ആടയാഭരണങ്ങളും ദേഹമാസകലം മൈലാഞ്ചിയും ചന്ദനലേപവുമെല്ലാമായി പബ്ലിക് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു് രാജകീയമായി ഞെളിഞ്ഞു് നീങ്ങുന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലെ ലോറികളെ മാത്രമേ പുറം പൂച്ചിന്റെ കാര്യത്തിൽ മലയാളികൾക്കു് ഭയപ്പെടേണ്ടതായിട്ടുള്ളു.
രാജ്യത്തിന്റെ ഭരണം കുട്ടികളെ ഏല്പിക്കുകയാണു് വേണ്ടതെന്നു് ഏകദേശം രണ്ടായിരത്തി അഞ്ഞൂറു് വർഷങ്ങൾക്കു് മുൻപു് ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലൈറ്റസിനും പറയേണ്ടി വന്നിട്ടുണ്ടു്. അതിനോടൊപ്പം, എഫേസസിലെ ആ സമയത്തെ ഭരണാധികാരികൾ ഒന്നടങ്കം തൂങ്ങിച്ചാവുകയാണു് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അന്യസംസ്കാരങ്ങളിലും അന്യമനുഷ്യരിലും കാണാൻ കഴിയുന്നവയും തങ്ങളിൽ ഇല്ലാത്തവയുമായ നന്മകൾ ഏറ്റെടുത്തും, അന്യമായവയിൽ ഇല്ലാത്തതും തങ്ങളിൽ വേരുറച്ചവയുമായ തിന്മകൾ പിഴുതെറിഞ്ഞുമെല്ലാമാണു് സമൂഹങ്ങൾ വളരുന്നതു്. ഏറ്റെടുത്തവയുടെ യഥാർത്ഥ പിതൃത്വത്തിനു് അവകാശവാദം ഉന്നയിക്കാത്തിടത്തോളം അതിൽ തെറ്റൊന്നുമില്ല. ക്രിസ്തുവിനു് 1400 വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന സിസിഫസിനു് ഓരോ വട്ടവും പരാജയപ്പെടാനായി കുന്നിൻമുകളിലേക്കു് കല്ലുരുട്ടിക്കയറ്റേണ്ടിവന്നതു്, ഹോമർ പറയുന്ന പ്രകാരം, ശിക്ഷാവിധിയുടെ ഫലമായിട്ടായിരുന്നു. ആ സ്ഥിതിക്കു്, ശിക്ഷാവിധിയൊന്നും നേരിടേണ്ട ആവശ്യമില്ലാതിരുന്ന നാറാണത്തു് ഭ്രാന്തനു് അതേ കഷ്ടപ്പാടു് സ്വമേധയാ ഏറ്റെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, കല്ലുരുട്ടിക്കൊണ്ടു് വീണ്ടും വീണ്ടും മല കയറിയേ താനടങ്ങൂ എന്നാണു് നാറാണത്തിന്റെ തീരുമാനമെങ്കിൽ അവനെ അതിനു് വിടുന്നതാണു് ഭംഗി. അങ്ങനെയെങ്കിലും അവനൊരടക്കം കിട്ടിയാൽ അത്രയുമായി. അതിനു് പകരം, അവനെ പിടിച്ചു് മന്ത്രിയാക്കി, കേരളത്തെ “ഇട്ടിക്കാലനെ തോട്ടം വെട്ടാൻ ഏല്പിച്ച” അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നതിലും ഭേദമായിരിക്കുമതു്.
മനുഷ്യരെ പുരോഗതിയിലേക്കു് നയിക്കാനുതകുന്നതരം ബൌദ്ധികവും സാംസ്കാരികവുമായ ഏറ്റെടുക്കലുകളും, പങ്കു് വയ്ക്കലുകളും മനുഷ്യരുടെയിടയിലുണ്ടു്. അതിൽനിന്നും വ്യത്യസ്തമായി, കാര്യമെന്തെന്നറിയാതെ, കുരങ്ങുകളുടെ മാതൃകയിലുള്ള അന്ധമായ അനുകരണങ്ങളും കോപ്പിയടികളും നടത്താനും മടിക്കുന്നവരല്ല മനുഷ്യർ. മാവിലിരിക്കുന്ന കുരങ്ങിനെ കല്ലെറിഞ്ഞാൽ, കുരങ്ങു് തിരിച്ചു് മാങ്ങയെറിയും. കുരങ്ങിന്റെ നേരെ ചിരിച്ചാൽ, കുരങ്ങു് തിരിച്ചു് പല്ലിളിക്കും. ഒരു പാർട്ടി ചെയ്ത ചൂടാറാത്ത കൊലപാതകം ചൂണ്ടിക്കാണിക്കപ്പെട്ടാൽ, എതിർപാർട്ടി പണ്ടെന്നോ ചെയ്ത കൊലപാതകം “റിയൽ റ്റൈമിൽ” ചൂണ്ടിക്കാണിക്കുന്ന കക്ഷിരാഷ്ട്രീയക്കാരൻ ചെയ്യുന്നതും ഈ “കുരങ്ങൽ” അല്ലാതെ മറ്റൊന്നുമല്ല. ആ ചുമതല നിറവേറ്റുക എന്ന ഒരേയൊരു ലക്ഷ്യവുമായി ഓൺലൈനിൽ കുടിപാർക്കുന്ന ധാരാളം പാർട്ടിഭക്തരുണ്ടു്. കേട്ടുപഴകി ദുർഗന്ധം വമിക്കുന്ന കക്ഷിരാഷ്ട്രീയശീലുകളൊഴികെ, ഏതെങ്കിലുമൊരു വിഷയത്തിൽ മനുഷ്യനു് പ്രയോജനമുള്ള ഒരു വാക്കു് ഉച്ചരിക്കാൻ കഴിവില്ലാത്ത, പാർട്ടിഅടിമകളായ സാധുക്കൾ. കുരങ്ങുകളെപ്പോലെ അന്തസ്സാരശൂന്യമായി അനുകരിക്കുന്നതിനു് ജർമ്മൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും വാക്കുകളുണ്ടു്. “കുരങ്ങു് കളിപ്പിക്കുക” എന്നപോലെ, “കുരങ്ങുക” എന്നൊരു വാക്കു് മലയാളത്തിനും ആകാമായിരുന്നു. കുരങ്ങുക എന്ന ക്രിയാപദം സൃഷ്ടിക്കപ്പെട്ടാൽ അതിന്റെ മറ്റു് രൂപങ്ങൾ സ്വാഭാവികമായും ക്രമേണ രൂപമെടുക്കുകയും ചെയ്യുമായിരുന്നു. രൂപത്തിൽ കുരങ്ങെങ്കിലും, സത്യത്തിൽ ദൈവമായ ഹനുമാൻ കോപിച്ചാലോ എന്ന ഭയം മൂലമാവും മലയാളി ആ വാക്കു് വേണ്ടെന്നു് തീരുമാനിച്ചതു്.
കേരളത്തിലെ കുട്ടികളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശാധികാരങ്ങൾ കുറേ ക്രിമിനലുകളുടെ കയ്യിൽ ആയിരിക്കുന്നിടത്തോളം, ആ കുട്ടികളാൽ തീരുമാനിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി എങ്ങനെ ഇരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളു. ബലാൽസംഗവീരന്മാരായ പാർട്ടിശിങ്കങ്ങൾ, കോപ്പിയടിവിദദ്ധരായ നവോത്ഥാനനായകർ, ബാലപീഡകരായ ഓത്തു് വാദ്ധ്യാന്മാർ, സദാചാരസംരക്ഷകരായ ബിഷപ്പന്മാർ, അച്ചന്മാർ, തന്ത്രികൾ, മന്ത്രികൾ! അവരുടെയെല്ലാം പുറകെ, സ്വന്തം കക്ഷിയുടെ കുറ്റകൃത്യങ്ങൾ കഴുകി വെളുപ്പിക്കാനും, അന്യകക്ഷികളുടെ അതേ കുറ്റങ്ങൾ ഊതിവീർപ്പിച്ചു് പരമാവധി പെരുപ്പിച്ചു് കാണിക്കാനും സദാ സന്നദ്ധരായി നടക്കുന്ന, എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത, എത്ര കൊണ്ടാലും ഉളുപ്പോ മടുപ്പോ ഇല്ലാത്ത പോരാളിവീരന്മാരും ന്യായീകരണത്തൊഴിലാളികളും! ഈ അവസ്ഥയിൽ നിന്നുകൊണ്ടാണു് ഞങ്ങൾ സാക്ഷരമലയാളികൾ അനീതിക്കെതിരായി പോരാടുന്നതും, “നീതിയില്ലെങ്കിൽ നീ തീയ്യാവണം” എന്നും മറ്റും വലിയ വായിൽ ഫിലോസഫിക്കുന്നതും! തങ്ങളെ മേയ്ക്കാൻ ആടുകൾ ആദ്യം കുറേ ചെന്നായ്ക്കളെ തിരഞ്ഞെടുക്കും. അതിനു് ശേഷം ആടുകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ചെന്നായ്ക്കളോടു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കും. ഞങ്ങളുടെ ഇഷ്ടവിനോദമായ ഈ “ആടു്-ചെന്നായ” കളിയെ പ്രബുദ്ധരാക്ഷസരായ ഞങ്ങൾ മലയാളികൾ രാഷ്ട്രീയമെന്നു് വിളിക്കും.
ഹെറാക്ലൈറ്റസിന്റെ അഭിപ്രായം ഏറ്റെടുത്തു് കേരളത്തിന്റെ ഭാവി കുട്ടികളെ ഏല്പിക്കുമ്പോൾ, എഫേസസിലെ ഭരണാധികാരികൾ ചെയ്യേണ്ടതായി അങ്ങേർ നിർദ്ദേശിച്ച നടപടിക്രമം കൂടി കേരളത്തിലെ ഭരണാധികാരികൾ പ്രോട്ടോക്കോൾ തെറ്റിക്കാതെ നടപ്പാക്കിയാൽ നന്നായിരിക്കും.