RSS

Daily Archives: Apr 8, 2012

ഹാപ്പി ഉയിര്‍ത്തെഴുന്നേല്പു്‌!

ആകര്‍ഷണശക്തിയെ തരണം ചെയ്യാതെ ഭൂമിയില്‍ നിന്നും ഒരു വസ്തുവിനു്‌ ശൂന്യാകാശത്തിലേക്കു്‌ രക്ഷപെടാനാവില്ല. അതിനു്‌ ആ വസ്തുവിനു്‌ ഉണ്ടായിരിക്കേണ്ട മിനിമം വേഗതയാണു്‌ escape velocity. ഗ്രഹം നക്ഷത്രം മുതലായ വാനഗോളങ്ങളില്‍ നിന്നുള്ള എസ്കെയ്പ്പ് വെലോസിറ്റി അവയുടെ പിണ്ഡം വ്യാസം എന്നിവയില്‍ ആശ്രയിച്ചിരിക്കുന്നു.

To leave the planet Earth, an escape velocity of 11.2 km/s (approx. 40,320 km/h) is required; however, a speed of 42.1 km/s is required to escape the Sun’s gravity (and exit the Solar System) from the same position.

ഇതിന്റെ വെളിച്ചത്തില്‍ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്പീഡ് ഒന്നാലോചിച്ചുനോക്കൂ! യേശു ‘അശരീരി’ ആയിട്ടായിരുന്നില്ല, പച്ചയായ മനുഷ്യനായിട്ടായിരുന്നു ഉയിര്‍ത്തെഴുന്നേറ്റതെന്നു്‌ ബൈബിള്‍ തന്നെ പറയുന്നുമുണ്ടു്‌:

“ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.) അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു്‌? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു്‌? ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു്‌ അവൻ കയ്യും കാലും അവരെ കാണിച്ചു.) അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്‍ക്കുമ്പോൾ അവരോടു്‌: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവനു്‌ കൊടുത്തു. അതു്‌ അവൻ വാങ്ങി അവർ കാൺകെ തിന്നു.” (ലൂക്കോസ് 24: 36 – 43)

ഉള്ളില്‍ മീനും തേനും കിടക്കുമ്പോള്‍ അശരീരി ആവുക അത്ര എളുപ്പമാണെന്നു്‌ തോന്നുന്നില്ല. ദേഹത്താണെങ്കില്‍ ആണിത്തുളകളും! എങ്കിലും “ദൈവങ്ങള്‍ക്കു്‌ എല്ലാം സാദ്ധ്യമാണു്‌” എന്ന ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത നിത്യസത്യത്തില്‍ നമുക്കൊരു പിടിവള്ളിയുണ്ടു്‌. അതാണു്‌ വിശ്വാസത്തിന്റെ യുക്തി. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയില്ല എന്നു്‌ വാദിക്കും. അതിനോടോപ്പംതന്നെ മനുഷ്യന്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയെന്നു്‌ വിശ്വസിക്കും. ശാസ്ത്രത്തിനു്‌ എല്ലാറ്റിനും മറുപടിയുണ്ടോ എന്ന ഭയങ്കര ചോദ്യം ചോദിക്കും. അതേ ശ്വാസത്തില്‍തന്നെ എല്ലാറ്റിന്റെയും മറുപടി ‘ദൈവം’ ആണെന്ന ഭയങ്കരയുക്തി വിളംബരം ചെയ്യും. എല്ലാ ശാസ്ത്രീയ അറിവുകളും കിത്താബിലുണ്ടെന്നു്‌ വാദിക്കും. പക്ഷേ, അത്തരം അറിവുകള്‍ ശാസ്ത്രം കണ്ടെത്തുമ്പോഴേ മതപണ്ഡിതര്‍ക്കു്‌ വിളക്കു്‌ തെളിയുകയും, വ്യാഖ്യാനത്വര ബാധിക്കുകയും ചെയ്യുകയുള്ളു എന്ന ‘അത്ഭുതത്തിന്റെ’ നേരെ കണ്ണടക്കുകയും ചെയ്യും.

ഞങ്ങളുടെ ദൈവം സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നും പറഞ്ഞു്‌ ക്രിസ്ത്യാനികള്‍ മാത്രം അങ്ങനെ സുഖിക്കണ്ട. മറ്റു്‌ മതങ്ങളും സ്വര്‍ഗ്ഗവുമായി ഡിപ്ലോമാറ്റിക് ബന്ധം പുലര്‍ത്തുന്നവയാണു്‌. ഇസ്ലാമിലെ ചില വിഭാഗങ്ങള്‍ പറയുന്നതു്‌ വിശ്വസിക്കാമെങ്കില്‍ മുഹമ്മദും ഒറ്റ രാത്രികൊണ്ടു്‌ സ്വര്‍ഗ്ഗത്തില്‍ പോയിവന്നിട്ടുണ്ടു്‌.

“In the journey, Muhammad travels on the steed Buraq to “the farthest mosque” where he leads other prophets in prayer. He then ascends to heaven where he speaks to God, who gives Muhammad instructions to take back to the faithful regarding the details of prayer.” (http://en.wikipedia.org/wiki/Isra_and_Mi%27raj)

ഈ യാത്രയില്‍ മുഹമ്മദിനു്‌ സഹായി ആയിരുന്ന Buraq എന്ന ‘സ്പെഷ്യല്‍ കുതിര’ അബ്രാഹാമിനെയും ട്രാന്‍സ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്രെ! അബ്രാഹാമിനു്‌ മെക്കയിലും സിറിയയിലും ഉണ്ടായിരുന്ന ഭാര്യമാരുമായി ‘വിഹിതബന്ധം’ പുലര്‍ത്താന്‍ വേണ്ടി ദൈവം ചെയ്തുകൊടുത്ത ഒരു ഒത്താശ. ദൈവം അങ്ങനെയാണു്‌. ആണൊരുത്തനു്‌ വേണ്ടതെന്തെന്നു്‌ അങ്ങേര്‍ക്കു്‌ നല്ലപോലെ അറിയാം. പട്ടിണി, ദുരിതം, രോഗം ഇവയൊന്നും സ്വര്‍ഗ്ഗത്തില്‍ ഇല്ലാത്തതിനാല്‍ അവയെപ്പറ്റി ദൈവത്തിനു്‌ വലിയ ജ്ഞാനമില്ല.

“The Buraq was also said to transport Abraham (Ibrahim) when he visited his wife Hagar and son Ishmael. According to tradition, Abraham lived with one wife in Syria, but the Buraq would transport him in the morning to Mecca to see his family there, and take him back in the evening to his Syrian wife.” (http://en.wikipedia.org/wiki/Buraq)

ഹിന്ദുമതത്തിലാണെങ്കില്‍ ദേവലോകവും ഭൂലോകവും തമ്മിലുള്ള ബന്ധം അതിലൊക്കെ വിപുലമാണു്‌. ദേവന്മാരും അസുരന്മാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുമ്പോള്‍ അതില്‍ മനുഷ്യര്‍ പങ്കെടുക്കുന്നതുവരെ സാധാരണമായിരുന്നു. രഥത്തിന്റെ ചക്രത്തിലെ ആണി ഊരിപ്പോയപ്പോള്‍ ആ സ്ഥാനത്തു്‌ വിരലിട്ടു്‌ ഭര്‍ത്താവു്‌ യുദ്ധത്തില്‍ പരാജയപ്പെടാതിരിക്കാന്‍ സഹായിച്ചിട്ടുള്ള സ്ത്രീകള്‍ വരെ ഒരുകാലത്തു്‌ ഭാരതത്തില്‍ ഉണ്ടായിരുന്നു. എന്തായിരുന്നു അക്കാലത്തെ സ്ത്രീകളുടെ വിരലുകള്‍! ഒരിക്കല്‍ ദേവലോകത്തുനിന്നും “ഞാന്‍ ദാണ്ടെ വരുന്നു” എന്ന ഒറ്റ വിളിയുമായി ഗംഗ ഭൂമിയിലേക്കു്‌ പതിച്ചപ്പോള്‍ ശിവന്‍ അവളെ തന്റെ ജട വിടര്‍ത്തി അതിനുള്ളില്‍ ഒതുക്കുകയായിരുന്നു. പിന്നീടു്‌ ശിവന്‍ ഗംഗയെ അവിടെ നിന്നും കുറേശ്ശെ കുറേശ്ശെയായി ഭൂമിയിലേക്കു്‌ ഒഴുക്കാന്‍ തുടങ്ങി. അതു്‌ നന്നായി അതുകൊണ്ടു്‌ മനുഷ്യര്‍ക്കു്‌ വിശദമായി ഒന്നു്‌ മുങ്ങിക്കുളിക്കണം എന്നു്‌ തോന്നുമ്പോള്‍ ഗംഗയിലേക്കു്‌ പോയാല്‍ മതി.

വിശ്വാസികള്‍ ചരിക്കുന്ന ലോകത്തിലെ യുക്തിബോധം! ഈ അടിത്തറയില്‍ നിന്നുകൊണ്ടാണു്‌ വിശ്വാസികള്‍ ശാസ്ത്രത്തെ നേരിടുന്നതു്‌. വിവേചനബുദ്ധിയും ശാസ്ത്രബോധവുമുള്ള ഒരു മനുഷ്യനു്‌ സ്വന്തം വേദഗ്രന്ഥം വായിച്ചാല്‍ മതി ദൈവം, മതം, വിശ്വാസം മുതലായവക്കു്‌ ഒരു കാരണവശാലും ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടെത്താനാവില്ല എന്നു്‌ മനസ്സിലാക്കാന്‍. മുകളില്‍ സൂചിപ്പിച്ചതുപോലുള്ള വിഡ്ഢിത്തങ്ങള്‍ ശാസ്ത്രത്തിലും എഞ്ചിനിയറിംഗിലുമൊക്കെ ബിരുദമെടുത്തവര്‍ പോലും സനാതനസത്യങ്ങള്‍ ആയാലെന്നപോലെ വിശ്വസിക്കുകയും അവയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു്‌ കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നതു്‌ ഇതുമാത്രമാണു്‌: “ഉയിര്‍ത്തെഴുന്നേല്പും, സ്വര്‍ഗ്ഗാരോഹണവും, മരണാനന്തരം മനുഷ്യരെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗീയജീവിതവുമൊക്കെപ്പോലെയുള്ള പച്ചനുണകള്‍ യാതൊരുവിധ പുനരവലോകനവുമില്ലാതെ ഏറ്റെടുത്തു്‌ കുനിഞ്ഞ മുതുകുമായി ചൂഷകര്‍ മാത്രമായ കുറെ ദൈവവില്പനക്കാരുടെ പുറകെ നടക്കാന്‍ തയ്യാറാവുന്ന നിങ്ങള്‍ നിങ്ങളുടെ വിദ്യാഭ്യാസം വഴി എന്തു്‌ ശാസ്ത്രബോധമാണു്‌ കൈവരിച്ചതു്‌?” ഗൗളിശാസ്ത്രത്തില്‍ കവിഞ്ഞ ശാസ്ത്രജ്ഞാനമൊന്നുമില്ലാത്തവരുടെ കാര്യം വിടാം. പക്ഷേ ഫിസിസിസ്റ്റ് എന്നും മറ്റുമുള്ള പട്ടവും കെട്ടി നടക്കുന്നവരുടെ കാര്യമോ?

ഇന്നലെ രാജീവ് ചേലനാട്ടിനു്‌ ഫെയ്സ് ബുക്കില്‍ നല്‍കിയ ഒരു കമന്റ്‌ ഇവിടെയും പ്രസക്തമാണെന്നു്‌ തോന്നുന്നതിനാല്‍ ഇതിനോടു്‌ ചേര്‍ക്കുന്നു:

“യുക്തിയെന്നാല്‍ എന്തെന്നോ, ശാസ്ത്രബോധം എന്നാല്‍ എന്തെന്നോ അറിയാത്ത ജ്യോതിഷികള്‍, വിശ്വാസികള്‍ മുതലായവരെ ചര്‍ച്ചകള്‍ വഴി ഒന്നും കണ്‍വിന്‍സ് ചെയ്യിക്കാനാവില്ല. ശാസ്ത്രലോകം അവരുമായി ചര്‍ച്ചക്കു്‌ ചെന്നാല്‍ അതു്‌ സ്വന്തം ക്രെഡിബിലിറ്റിയുടെ തെളിവായും, ചെന്നില്ലെങ്കില്‍ അതു്‌ ശാസ്ത്രത്തിന്റെ പരാജയമായും അനുയായികളോടു്‌ ഘോഷിക്കാന്‍ കഴിവുള്ള വ്യാജന്മാരാണവര്‍. വ്യാഖ്യാനമാണല്ലോ അവരുടെ കുലത്തൊഴില്‍! ജനങ്ങളില്‍ അധികവും അവരെ മുഖവിലയ്ക്കെടുക്കാന്‍ മാത്രം മണ്ടന്മാരായ ഒരു നാട്ടില്‍ കബളിപ്പിക്കല്‍ വളരെ എളുപ്പവുമാണു്‌. ഗണനീയമായ ഒരു ജനവിഭാഗം ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ശേഷിയുള്ളവരാവുന്നതുവരെ ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും. ശാസ്ത്രീയമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത ഒരു ജനത്തിനു്‌ ചര്‍ച്ചകളെ അവയില്‍ പങ്കെടുക്കുന്നവരുടെ വാക്സാമര്‍ത്ഥ്യം നോക്കിയല്ലാതെ വിലയിരുത്താനാവുമോ?

ലിങ്കുകള്‍ വഴി അബദ്ധത്തില്‍ ചില ചാനലുകളിലെ ചര്‍ച്ചകള്‍ കാണേണ്ടിവരുമ്പോള്‍ കേരളത്തിലെ ചര്‍ച്ചാസംസ്കാരത്തെയോര്‍ത്തു്‌ സത്യത്തില്‍ സഹതാപമാണു്‌ തോന്നാറു്‌. മറ്റൊന്നു്‌ കണ്ടിട്ടില്ലാത്ത മനുഷ്യര്‍ അവര്‍ തിരഞ്ഞെടുത്തു്‌ വിട്ടവര്‍ നല്‍കുന്ന ഭിക്ഷ വാങ്ങി ഭക്ഷിക്കുന്നു.”

എല്ലാ സുഹൃത്തുക്കള്‍ക്കും ഹോളി സ്പിരിറ്റില്‍ മുങ്ങിയ ഹാപ്പി ഉയിര്‍ത്തെഴുന്നേല്പു്‌!

 
3 Comments

Posted by on Apr 8, 2012 in പലവക

 

Tags: , ,