RSS

Daily Archives: Jan 28, 2020

ഫെയ്സ്ബുക്കും മുടിവെട്ടും



ഫെയ്സ്ബുക്കിൽ എന്തെങ്കിലും കുറിച്ചിട്ടു് രണ്ടാഴ്ചയിലേറെയായി. ഇങ്ങനെ ഉത്തരവാദിത്വമോ ബോധമോ ഇല്ലാതെ ഹോളണ്ടിലും ജപ്പാനിലും വെള്ളം പൊങ്ങുന്നതും താഴുന്നതും കണ്ടു് കാള കളിച്ചു് നടന്നാൽ എന്റെ കഥ എവിടെച്ചെന്നു് അവസാനിക്കുമെന്നു് എനിക്കറിയില്ല. കാര്യങ്ങൾ അടപടലേ അവതാളത്തിൽ ആയി എന്റെ കാര്യം പോക്കാതിരിക്കണമെങ്കിൽ ഞാൻതന്നെ എനിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിയും – തന്റെ ഏതോ കേസിന്റെ വാദസംബന്ധമായി പിണറായി വിജയൻ ആരെയോ ഭീഷണിപ്പെടുത്തിയതായി എവിടെയോ വായിച്ചതുപോലെ – ഞാൻതന്നെ കോടതിയിൽ നേരിട്ടു് ഹാജരായി എനിക്കെതിരെ വാദമുഖങ്ങൾ നിരത്തേണ്ടിയും വരുമെന്നതാണു് ഇപ്പോഴത്തെ അവസ്ഥ. ഭീമമായ ഇത്തരം നാറ്റക്കേസുകൾ ഏറ്റെടുത്തു് വാദിക്കാൻ ഭീമന്മാരായ വക്കീലരെ തയ്യാറാകൂ. ഭീമന്മാരായ വക്കീലർ ഭീമമായ ഫീസും ആവശ്യപ്പെടുമെന്നതൊരു പ്രശ്നമാണു്. ഒന്നുകിൽ ബക്കറ്റു് പിരിവു്, അല്ലെങ്കിൽ എണ്ണപ്പണം, അതുമല്ലെങ്കിൽ സ്വയംവാദം. വേറെ വഴിയില്ല. എന്നെ സംബന്ധിച്ചു് ബക്കറ്റു് പിരിവും എണ്ണപ്പണവും പരിഗണനാർഹം പോലുമല്ലാത്ത കാര്യങ്ങളായതിനാൽ ഞാൻതന്നെ കേസ് കൊടുക്കുകയും ഞാൻതന്നെ എനിക്കെതിരായി വാദിക്കുകയും ചെയ്യുക എന്നൊരു ഓപ്ഷനേ ബാക്കിയുള്ളു.

സ്വന്തം നിലനില്പു് അപകടത്തിലാണെന്നു് തോന്നിയാൽ എന്തു് തീവെട്ടിക്കൊള്ളയും ചെയ്യാൻ മടിക്കുന്നവരല്ല മനുഷ്യർ. അക്കാര്യത്തിൽ നാച്ചുറൽ പേഴ്സൺസെന്നോ, സൂപ്പർനാച്ചുറൽ പേഴ്സൺസെന്നോ, വെരി വെരി “ഇംപൊട്ടെന്റ് ” പേഴ്സൺസെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിൽ, പാർട്ടിയുടെയും അതുവഴി നേതാക്കളുടെയും നിലനില്പുമായി അവിഹിതബന്ധം, സോറി, അവിഭാജ്യബന്ധം പുലർത്തുന്ന “നംബർ വൺ” ഘടകമാണു് വോട്ടുബാങ്കു്. വോട്ടില്ലെങ്കിൽ പാർട്ടിയില്ല, പാർട്ടിയില്ലെങ്കിൽ രാജാപ്പാർട്ടുകളുമില്ല. വോട്ടിനുവേണ്ടി ഞങ്ങൾ ആരുടെയും തിണ്ണ നിരങ്ങില്ല എന്നു് പ്രസംഗിച്ചുകൊണ്ടു് ഏതു് തിണ്ണയും നിരങ്ങാൻ രാജാപ്പാർട്ടുകൾക്കു് നാടുനീളെ നെട്ടോട്ടമോടേണ്ടിവരുന്നതു് ഈ ഗതികേടു് മൂലമാണു്. അണികൾക്കു് മുന്നിൽ കടുവകളിയും, വോട്ടുബാങ്കിനു് മുന്നിൽ കുരങ്ങുകളിയുമായി മുടങ്ങാതെ ചാടിക്കളിച്ചുക്കൊണ്ടിരിക്കേണ്ടതു് രാജാപ്പാർട്ടുകളുടെ നിലനില്പിന്റെ പ്രശ്നമാണു്. പണത്തിനു് നാറ്റമില്ലാത്തതുപോലെ, അഥവാ ഉണ്ടെങ്കിൽത്തന്നെ, മൂക്കിനു് ആ നാറ്റം അനുഭവവേദ്യമാകാത്തതുപോലെ, വോട്ടുബാങ്കിനു് അയിത്തവുമില്ല. മതം, ജാതി, വർണ്ണം, വർഗ്ഗം, ലിംഗം, സ്ഫുലിംഗം തുടങ്ങിയ സനാതനവും സാംസ്കാരികവുമായ സംജ്ഞകൾക്കു് സാമൂഹികാംഗങ്ങൾ പോളിങ് ബൂത്തിനു് വെളിയിൽ നൽകുന്നത്ര പ്രാധാന്യമോ പ്രസക്തിയോ മനുഷ്യശൃംഖലയുടെയിടയിലോ ബൂത്തിന്റെയുള്ളിലോ ഇല്ല.

സ്വതസിദ്ധമായ കിലുക്കത്തിലൂടെ അടിമകളെയും ഭ്രാന്തരെയും തിരിച്ചറിയാനുള്ള ഐഡന്റിറ്റി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള ചങ്ങലകളെ മനുഷ്യർ പൊട്ടിച്ചോ കടിച്ചുപറിച്ചോ എറിയണമെന്നു് സഖാവു് കാൾ മാർക്സും, തുടിപ്പുറത്തു് കോലുവയ്ക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷയുടെ പേരിൽ മുറത്തിന്റെ വലിപ്പത്തിലുള്ള ഐഡന്റിറ്റി കാർഡുകൾ നെഞ്ചത്തു് തൂക്കിയിട്ടുനടക്കുന്നതു് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമാണെങ്കിലും, NRC, NPR തുടങ്ങിയവയുടെ പേരിൽ, മതമോ രാഷ്ട്രീയമോ ഇല്ലാത്തവരും, തന്മൂലം സർവ്വമാനമായ തന്ത്രങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയവരുമായ മനുഷ്യർ അവർ ആരെന്നു് ഐഡന്റിഫൈ ചെയ്യാൻ ആവശ്യമായ ആവക കാർഡുകളോ രേഖകളോ പോക്കറ്റിൽ സൂക്ഷിക്കുന്നതു്, ഭാരതത്തിൽ പത്തെഴുപതു് വർഷങ്ങളായി പൂത്തുലയുന്ന ഡെമോക്രസിയുടെ ചരമഗീതം പാടലാണെന്നതിനാൽ, മനുഷ്യർ “ശൃംഖലകങ്ങൾ” ആയി അതിനെതിരെ മുഷ്ടിചുരുട്ടി പ്രതികരിക്കണമെന്നു് മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളുമെല്ലാം ആഹ്വാനം ചെയ്യുന്നതും അവരുടെ സ്വന്തം വയറ്റിൽപിഴപ്പു് അപകടത്തിലായേക്കുമോ എന്ന ഭയം മണക്കുന്നതുകൊണ്ടാണു്.

മുഷ്ടി നിവർത്തിപ്പിടിച്ചു് നീട്ടിയാൽ അതു് “Hitler Gruß” ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണു് ശൃംഖലക്കാർ മുഷ്ടി ചുരുട്ടിപ്പിടിച്ചു് നീട്ടുന്നതു്. ഫാഷിസത്തിനെതിരായി പൊരുതുന്നവർ ഫാഷിസത്തിന്റെ മുത്തപ്പന്മാരാണെന്ന തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാവരുതല്ലോ. ശൃംഖലയിൽ കൊളുത്തിപ്പിടിച്ചു് കിടക്കുന്നവരിൽ ഭൂരിഭാഗവും NRC എന്തെന്നോ, NPR എന്തെന്നോ അറിയാൻ ആഗ്രഹമോ അതിനുള്ള കഴിവോ ഉളളവരല്ല. എഴുപതു് ലക്ഷത്തിൽ അത്തരം എഴുപതു് പേരെ കണ്ടെത്തിയാൽ ഭാഗ്യം. നമ്മളെ ഇൻഡ്യയിൽ നിന്നും ഓടിക്കാനുള്ള നിയമങ്ങളാണു് ABC, DEF, LMN തുടങ്ങിയവയെന്നും അതിനെതിരെ മനുഷ്യമതിൽ പണിയണമെന്നും, മനുഷ്യച്ചങ്ങല തീർക്കണമെന്നും വിപ്ലവനേതാക്കൾ പറഞ്ഞാൽ അവർ മനുഷ്യമതിൽ പണിതിരിക്കും, മനുഷ്യച്ചങ്ങല തീർത്തിരിക്കും. നേതാക്കൾ അവരുടെ സ്വന്തം ഭയം അണികളിലേക്കു് ഒളിച്ചുകടത്തിയാൽ മതി, ബാക്കി കലാപരിപാടികൾ അണികൾ ഏറ്റെടുത്തുകൊള്ളും. കൂവുക, കൊക്കുക, കൊല്ലുക, ചാവുക തുടങ്ങിയവ അണികളുടെ ചുമതലകളാണു്.

പുകമണമേറ്റാൽ തേനീച്ചകളും ഭയമണമേറ്റാൽ മനുഷ്യരും ഇളകും. ജനത്തെ ശത്രുചിത്രങ്ങൾ കാട്ടി ഭയപ്പെടുത്തുന്നതു് ലോകചരിത്രത്തിൽ എന്നും വിജയം കണ്ടിട്ടുള്ള ഒരു ചൂഷണോപാധിയാണു്. ജനം എത്ര അജ്ഞരാണോ അത്ര എളുപ്പം നടപ്പാക്കാൻ കഴിയുന്ന “നംബർ വൺ” ചൂഷണോപാധി! ഇൻഡ്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഇൻഡ്യാക്കാരെ പുറത്താക്കാനുള്ളതാണെങ്കിൽ അതിനെതിരായി മുൻനിരയിൽ അണിനിരക്കാൻ തയ്യാറുള്ള ജനകോടികളെ ശൃംഖലകളിലൂടെയും മുഷ്ടിചുരുട്ടലുകളിലൂടെയും ഭീഷണിപ്പെടുത്തി എതിരാളികളാക്കിമാറ്റി വെറുപ്പിക്കാൻ ചില്ലറ അജ്ഞതയൊന്നും ഉണ്ടായാൽ പോരാ.

പൂരിതലായനി പോലെയാണു് മനുഷ്യരുടെ അവസ്ഥ. ഉദാഹരണത്തിനു്, ഒരു നിശ്ചിത അളവു് വെള്ളത്തിൽ ലയിക്കാൻ കഴിയുന്ന കറിയുപ്പിന്റെ അളവിനു് പരിധിയുണ്ടു്. ആ പരമാവധി അളവെത്തി പൂരിതമായിത്തീർന്ന ലായനിയിലേക്കു് കൂടുതൽ ഉപ്പു് ചേർക്കാനുള്ള ശ്രമം സാധാരണ അന്തരീക്ഷമർദ്ദത്തിന്റെയും ഊഷ്മാവിന്റെയും അവസ്ഥയിൽ പരാജയപ്പെടുകയേയുള്ളു. ബാല്യത്തിലേതന്നെ ഐഡിയോളജികളോ വിശ്വാസപ്രമാണങ്ങളോ വഴി പൂരിതമാക്കപ്പെടുന്ന തലകളും ഏകദേശം അതുപോലെതന്നെയാണു്. അന്യമായ ചിന്താസരണികൾ സ്വന്തം തലയിലേക്കു് ഒരിക്കലും പ്രവേശിക്കാതിരിക്കാൻ മരണംവരെ പൊരുതുന്നവരായിരിക്കും അവർ. ഐഡിയോളജിക്കൽ സാച്ചുറേഷനെ എപ്പിസ്റ്റമൊളോജിക്കൽ പെർഫെക്ഷനായി തെറ്റിദ്ധരിക്കുന്നവരെ അവരുടെ ചിന്താപരമായ കർക്കശത്വത്തിൽ നിന്നും മോചിപ്പിക്കാനാവില്ല.

130 കോടി ജനങ്ങളിലും ഒരുവനു് വേണ്ടതു് തലച്ചോറു് കരിഞ്ഞുപോയ ഏതാനും വാണബി പണ്ഡിതരുടെ വായാടിത്തങ്ങളാണെങ്കിൽ ജീവിതകാലം മുഴുവൻ ആ വായ്നാറ്റങ്ങൾ തേടി തീർത്ഥാടനം ചെയ്തുകൊണ്ടിരിക്കാനേ അവനു് കഴിയൂ. അവന്റെ ഉത്തമബോദ്ധ്യത്തിൽ, അറിവിന്റെ പൂർണ്ണതയുടെ ലോകത്തിലാണു് അവൻ ചലിച്ചുകൊണ്ടിരിക്കുന്നതു് എന്നതിനാൽ അതിലൊരു വ്യതിചലനം വരുത്തുക എന്നതു് അവനെ സംബന്ധിച്ചു് അങ്ങേയറ്റം അബ്സേർഡ് ആയ കാര്യമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

അജ്ഞതയിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിടങ്ങളിലെല്ലാം, എക്സ്പെർട്ടുകളായി ചമയുന്നവർ “ഇപ്പൊ ശരിയാക്കിത്തരാം” എന്ന മോഹനവാഗ്ദാനവുമായി ജനങ്ങളിൽ നിന്നും വായ്പ വാങ്ങുന്ന ആ പഴയ ചെറിയ സ്പാനർ അവരെ പിടിച്ചുനിർത്തി തിരിച്ചുവാങ്ങാൻ ജനം മടിച്ചിട്ടില്ല. ഊരാളി ഷാജികളുടെ കണ്ണുകൾക്കു് കാണാൻ കഴിയാത്തവിധം നേതാക്കൾ മറച്ചുവച്ചിരിക്കുന്ന അവരുടെ “നംബർ ടൂകൾ” കാണാനുള്ള ശേഷി ജനം കൈവരിക്കുന്നതോടെ അവസാനിക്കുന്നവയാണു് രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിലെ ചൂഷകനായകർ ആവർത്തിച്ചവതരിപ്പിച്ചു് ജനത്തെ പൊട്ടൻ കളിപ്പിക്കുന്ന, ചെറിയ സ്പാനർകൊണ്ടുള്ള അവരുടെ രക്ഷാമാർഗ്ഗകള്ളക്കളികൾ.

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നും, പെട്ടാൽ പിടയ്ക്കണമെന്നും മറ്റുമുള്ള മൊഴിമുത്തുകൾ കേൾക്കാത്തവരുണ്ടാകില്ല. ഒരു മതവിശ്വാസത്തിനു് എതിരായ കോടതിവിധി നടപ്പാക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും, ഒരു മതവിശ്വാസത്തിനും എതിരല്ലാത്ത കോടതിവിധിയോ നിയമമോ നടപ്പാക്കാതിരിക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും തമ്മിൽ ഭൗതികാത്മകമായി വൈരുദ്ധ്യമുണ്ടെന്നു് പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും, അവ തമ്മിലുള്ള അന്തർധാര ഹാർമോണിയസായതിനാൽ അതൊരു വലിയ ഇഷ്യു ആക്കേണ്ട കാര്യമില്ല. അജണ്ടയും പ്രൊപഗാണ്ടയും പരസ്പരപൂരകങ്ങളായി പുരോഗമിച്ചാലേ ചൂഷണകലയ്ക്കു് അതിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയൂ.

എന്തായിരുന്നു ഞാൻ പറഞ്ഞുതുടങ്ങിയതു്? അതേ, പെൻഡിങ്ങിലായിപ്പോയ ഫെയ്സ്ബുക്ക് കുറിപ്പുകൾ. രാവിലെ മെയിൽ ചെക്ക് ചെയ്യുന്നതിനോടൊപ്പം ഫെയ്സ്ബുക്ക് സ്ട്രീമിലും ഒന്നു് കണ്ണോടിക്കുക എന്നതു് എന്നെ സംബന്ധിച്ചു് ഒരാചാരമോ, ഒബ്ലിഗേറ്ററിയായ ഒരു ഡ്യൂട്ടിയോ പോലെ ആയിത്തീർന്നിട്ടുണ്ടു്. ഫെയ്സ്ബുക്കിൽ What’s on your mind? എന്ന, സുക്കർബർഗിന്റെ ആത്മാർത്ഥമായ ചോദ്യം കാണുമ്പോഴെല്ലാം ഞാൻ റ്റി. എൻ. ശേഷനെ ഓർമ്മിക്കാറുണ്ടു്. “A Heart Full of Burden” ആയിരുന്നു ശേഷനെ അലട്ടിയിരുന്ന അസ്തിത്വദുഃഖം. “A Head Full of Burden” ആണു് എന്നെ അലട്ടുന്ന അസ്തിത്വദുഃഖം. ശേഷനെ അലട്ടിയിരുന്നതു് ഹൃദയഭാരമായിരുന്നെങ്കിൽ, എന്നെ അലട്ടുന്നതു് മസ്തിഷ്കഭാരമാണു്.

അതിൽ അത്ഭുതമില്ല. ഞാൻ പ്രസവിക്കപ്പെട്ടപ്പോൾ എനിക്കു് ഇരട്ടത്തലയായിരുന്നെന്നും (തലയുടെ മുകളിലെ ഒരു ഭാഗം അതിക്രമമായി അല്പം മുഴച്ചിരുന്നു എന്നു് നോൺ-ഫിക്ഷൻ), സ്ത്രീസഹജമാകാൻ സാദ്ധ്യതയുള്ള ആയുർവ്വേദവിധിപ്രകാരം, അമ്മ കുളിപ്പിക്കൽസമയങ്ങളിൽ മുടക്കമില്ലാതെ തിരുമ്മിത്തിരുമ്മി എന്റെ തലയെ ഇന്നത്തെ അതിന്റെ ഭൗതികമായ ബാഹ്യാവസ്ഥയിൽ എത്തിക്കുകയായിരുന്നെന്നും, മുസ്ലീമും, ബെർബെറും, മൊറോക്കൻ സ്കോളറുമായിരുന്ന ജനാബ് ഇബ്ൻ ബത്തൂത്ത AD 1344-ൽ കോഴിക്കോടുനിന്നും കൊല്ലത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രാമദ്ധ്യേ, എന്നെ പ്രസവമെടുത്ത വയറ്റാട്ടിയുമായി നടത്തിയ ഒരു ഇന്റർവ്യൂവഴി മനസ്സിലാക്കിയതായി പ്രസിദ്ധമായ തന്റെ കേരളയാത്രാവിവരണത്തിൽ വെളിപ്പെടുത്തുന്നുണ്ടു്. റ്റി. എൻ. ശേഷന്റെ ഹൃദയഭാരത്തിൽ നിന്നും വ്യത്യസ്തമായി, എന്റേതു് മസ്തിഷ്കഭാരമായിരിക്കുന്നതു് ചരിത്രപരമായ കാരണങ്ങളാലാണു്. അതെന്തായാലും, പുലയനാർ മണിയമ്മമാരും, പൂമുല്ലക്കാവിലമ്മമാരും, കലമാന്റെ മിഴിയുള്ള കല്ലിവല്ലികളും കണ്ടാൽ (“ഛെ! ഗുവാര” എന്നു് പറഞ്ഞു്) മുഖം തിരിക്കാത്ത പരുവത്തിൽ എന്റെ തലയെ മാറ്റിയെടുത്ത അമ്മക്കു് നന്ദി!

യാത്രാമദ്ധ്യേ താൻ നങ്ങേലിയെ സന്ദർശിച്ചതായും ജനാബ് ഇബ്ൻ ബത്തൂത്ത തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. നങ്ങേലി തന്റെ മാറിടങ്ങളുടെ മദ്ധ്യബിന്ദുക്കളെ കേന്ദ്രബിന്ദുക്കളാക്കി ഡ്രോയിങ് കോമ്പസ്സുപയോഗിച്ചു് തുല്യവ്യാസമുള്ള വൃത്തങ്ങൾ വരച്ചുകൊണ്ടിരുന്നപ്പോഴാണു് അദ്ദേഹം അവളുടെ വീട്ടിലെത്തിയതു്. മുലകൾ ഇത്ര കൃത്യമായി അളന്നു് മുറിക്കേണ്ടതുണ്ടോ എന്ന ബത്തൂത്തയുടെ ജിജ്ഞാസക്കു് അവൾ ഇങ്ങനെയാണു് മറുപടി പറഞ്ഞതു്: “ഒരു കാലത്തു് പിണറായി വിജയൻ എന്ന അതിശക്തനായൊരു ഭരണാധികാരി കേരളം ഭരിക്കും. അക്കാലത്തു് കേരളത്തിലെ മാനുഷരെല്ലാരും മാവേലിയുടെ ഭരണകാലത്തെ തോല്പിക്കുന്നവിധം ഒന്നായിരിക്കും. കള്ളമോ ചതിയോ മറ്റിനം കള്ളത്തരങ്ങളോ ഒന്നുമില്ലാത്ത ആ സുവർണ്ണഭരണകാലത്തു് ജനം മനുഷ്യമതിലുകൾ പണിയും, മനുഷ്യശൃംഖലകൾ തീർക്കും, മരടുകൾ പൊളിയും, നവോത്ഥാനം വിരിയും. നവോത്ഥാനകലാകാരന്മാർ അവരുടെ ശ്രദ്ധ മുഴുവൻ ഞാൻ മുറിച്ചെറിഞ്ഞ എന്റെ മുലകളിലേക്കു് തിരിക്കുകയും എന്റെ മുലകളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുമ്പോൾ അവ ഗണിതശാസ്ത്രപരമായ കൃത്യതയുള്ള വൃത്തദ്വന്ദ്വങ്ങൾ ആയിരിക്കേണ്ടതുണ്ടു്”.

ഇന്നലെ ഞാൻ എന്റെ മുടി വെട്ടി. വെറും വെട്ടലായിരുന്നില്ല, വെട്ടലും കത്രിക്കലും ചീകലും വടിക്കലുമെല്ലാം ചേർന്ന സമഗ്രമായ ഒരു കർമ്മമായിരുന്നു അതു്. എന്റെ കോളെജ് കാലത്തു് മുടിയും കൃതാവുമെല്ലാം നീട്ടുന്നതു് ഒരു ഫാഷനായിരുന്നു. മുടി ആരും നീട്ടുകയല്ല, സ്വയം നീളുകയാണു്. അതുകൊണ്ടാണു് നീളുക എന്നതു് അകർമ്മകക്രിയയും, നീട്ടുക എന്നതു് സകർമ്മകക്രിയയും ആകുന്നതു്. എവിടെയെങ്കിലും ഒരു ക്രിയ നടന്നാൽ ഉടനെതന്നെ കേരളപാണിനി അവിടെയെത്തി “ആരെ?” അല്ലെങ്കിൽ “എന്തിനെ?” എന്നു് ചോദിക്കും. ആ ചോദ്യത്തിനു് തൃപ്തികരമായ ഒരു മറുപടിയുണ്ടെങ്കിൽ ആ ക്രിയയെ സകർമ്മകമെന്നും ഇല്ലെങ്കിൽ അകർമ്മകമെന്നും വിധിയെഴുതിയശേഷം അങ്ങേർ അടുത്ത ക്രിയയെ തേടി പോകും. അവിടെയും നടപടിക്രമങ്ങൾ ഇതുതന്നെ. കേരളപാണിനിയുടെ വിധി അന്തിമമാണു്. അതിനെതിരെ അപ്പീൽ പോകാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യർ അവരുടെ മരിച്ചവർക്കുവേണ്ടി ചെയ്യേണ്ടുന്ന ഉദകക്രിയകളും, സ്കൂളിൽ ഗണിതശാസ്ത്രവിദ്യാർത്ഥികൾ ചെയ്യേണ്ടുന്ന ചിലയിനം ക്രിയകളുമുണ്ടു്. ആ വിഷയങ്ങൾ നമ്മൾ ലാസ്റ്റ് സെമസ്റ്ററിൽ പഠിക്കും.

മുടി സ്വയം നീളുന്നതുകൊണ്ടാണു് ഇടയ്ക്കിടെ സ്വയം വെട്ടുകയോ ആരെക്കൊണ്ടെങ്കിലും വെട്ടിക്കുകയോ ചെയ്യേണ്ടിവരുന്നതു്. മുടി മനുഷ്യർ ബോധപൂർവ്വം നീട്ടുകയായിരുന്നെങ്കിൽ, എന്റെ മുടി ഞാനിനി നീട്ടുന്നില്ല എന്നു് ഒരു മനുഷ്യൻ ബോധപൂർവ്വം തീരുമാനിച്ചാൽ പിന്നെ നീളാൻ മുടിക്കു് കഴിയുമായിരുന്നില്ല. നിരന്തരം നീളാനല്ലാതെ, നീളാതിരിക്കാൻ മുടിയ്ക്കു് ആവതില്ല. നീളൽ മടുക്കുമ്പോൾ എന്നേക്കുമായി കൊഴിഞ്ഞൊഴിഞ്ഞു് തലയോടു് വിട പറയുന്നതിനുള്ള സ്വാതന്ത്ര്യം മുടികൾക്കുണ്ടു്. അതു് നിയമവ്യവസ്ഥയിലെ മറ്റൊരു വകുപ്പാണു്.

പരസഹായമില്ലാതെ മുടി വെട്ടാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ ഞാൻ രണ്ടാം വർഷം എൻജിനിയറിങ്ങിനു് പഠിക്കുകയായിരുന്നു. കത്രികയുമായി അധികം ആഴത്തിലേക്കു് പോകാതെ ഉപരിപ്ലവമായ ഒരു മിനുക്കൽ മാത്രം മതിയെങ്കിൽ “ഒന്നു് ഡ്രസ്സ് ചെയ്താൽമതി” എന്നു് ബാർബറോടു് പറയുന്നതായിരുന്നു രീതി. ഇന്നും അതുതന്നെയാണോ രീതി എന്നറിയില്ല. നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയശേഷം ഇതുവരെ ബാർബർ ഷോപ്പിൽ കയറിയിട്ടില്ലാത്ത ഞാൻ അതെങ്ങനെ അറിയാൻ? ഇന്നു് കട്ടിങ്ങും ഷേവിങ്ങും തരപ്പെടുത്താൻ ഹോട്ടലിൽ കയറിയാലും മതിയെന്നു് കേൾക്കുന്നു. ഒന്നു് ഡ്രസ്സ് ചെയ്യിച്ചേക്കാം എന്നു് കരുതിയാണു്, അതെന്റെ ജീവിതത്തിലെ അവസാനത്തെ ക്ഷൗരക്കട സന്ദർശനമാണെന്നറിയാതെ, ഞാനന്നു് ബാർബർ ഷോപ്പിൽ കയറിയതു്. പക്ഷേ, പറ്റെയോ മൊട്ടയോ എന്നു് കൃത്യമായി പറയാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയിലേക്കു് ആ ബാർബർ എന്റെ തലയെ കൊണ്ടെത്തിച്ചുകളഞ്ഞു! ബീറ്റിൽസിനോടും ഹിപ്പികളോടും തീർത്താൽ തീരാത്ത വിരോധമുള്ള ഒരുത്തനായിരുന്നിരിക്കണം അയാൾ. മുടി മൊട്ടയടിക്കുന്ന രീതി അന്നു് മുസ്ലീമുകളുടെയിടയിൽ നിലവിലുണ്ടായിരുന്നതിനാൽ, അല്പനേരം കൂടി ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ, അയാൾ എന്റെ സുന്നത്ത് കല്യാണം കൂടി നടത്തിത്തന്നേനെ എന്നാണെന്റെ തോന്നൽ.

ഞാനെന്തിനാണിപ്പോൾ മുടിവെട്ടിന്റെ കാര്യം പറഞ്ഞതു്? അതുതന്നെ. ഫെയ്സ്ബുക്ക്. ഇടയ്ക്കിടെ മുടി വെട്ടിയൊതുക്കുന്നതു് തലയുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഭാരസംബന്ധമായി ഒരു ഒഴിവുണ്ടായാൽ ആ ഒഴിവിലേക്കു് മറ്റു് ഭാരങ്ങൾ കയറിക്കൂടാൻ ശ്രമിക്കുന്നതു് സ്വാഭാവികം. അങ്ങനെയാണു് മുടി വെട്ടി മസ്തിഷ്കഭാരം നാലഞ്ചു് ഗ്രാം കുറഞ്ഞപ്പോൾ ആ കുറവിലേക്കു്, ഞാൻ ഫെയ്സ്ബുക്കിൽ വല്ലതും പോസ്റ്റ് ചെയ്തിട്ടു് രണ്ടാഴ്ചയിലേറെ ആയെന്നും, അതിനെതിരെ എന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ടെന്നുമുള്ള ബോധം കയറിക്കൂടിയതും അതുവഴി എനിക്കു് ഉത്തരവാദിത്വഭാരം അനുഭവപ്പെട്ടതും.

 
3 Comments

Posted by on Jan 28, 2020 in Uncategorized