RSS

Daily Archives: Sep 4, 2011

സ്ഥലകാലാതീതമായ നന്മതിന്മകൾ

സ്ഥലവും കാലവും ദൈനംദിനജീവിതത്തിലൂടെ നമുക്കു് പരിചിതമായ സംജ്ഞകളാണു്. എന്തെങ്കിലും അസാധാരണത്വം തോന്നേണ്ട ആവശ്യമില്ലാത്തവിധം മനസ്സിൽ പതിഞ്ഞുപഴകിയ പ്രതിഭാസങ്ങളാണവ. നീളം വീതി ഉയരം എന്നിങ്ങനെ മൂന്നു് അളവുകൾ കൊണ്ടു് സ്ഥലത്തെ വിശദീകരിക്കാം. ഇവ മൂന്നും ദൈർഘ്യത്തെ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളാണെന്നതിനാൽ അവയുടെ അളവിനു് ഒരൊറ്റ ഏകകത്തിന്റെ ആവശ്യമേയുള്ളു. അതുപോലെതന്നെ, ആർക്കും തടഞ്ഞുനിർത്താനാവാതെ നിരന്തരം കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെ കാലവും തന്റെ സാന്നിദ്ധ്യം സ്പഷ്ടമായി എല്ലാ ജീവജാലങ്ങളേയും അറിയിച്ചുകൊണ്ടിരിക്കുന്നു. ആന, കുഴിയാന മുതലായ ജീവികളുടെ നിമിഷങ്ങൾ തമ്മിൽ അത്ര ചില്ലറയല്ലാത്ത വ്യത്യാസം ഉണ്ടാവാമെങ്കിലും, അവയുടെ വാച്ചുകൾ അവയെപ്പോലെതന്നെ വ്യത്യസ്ത വേഗതയിൽ നടക്കുന്നവയാണെന്നതിനാൽ, ആ വ്യത്യാസം അവയ്ക്കു് അനുഭവവേദ്യമാവുന്നില്ല. അതുകൊണ്ടാവാം ആറാട്ടിനും ഏഴാട്ടിനുമൊക്കെ നെറ്റിപ്പട്ടം കെട്ടി കൊമ്പനാനകളോടൊപ്പം അണിനിരക്കുന്നതിൽ എന്തെങ്കിലും അപാകത കാണാൻ കുഴിയാനകൾക്കു് കഴിയാത്തതു്. “Was hat sie, das ich nicht habe” എന്നൊരു ജർമ്മൻ പാട്ടു് Katja Ebstein-ന്റെ വകയായിട്ടുണ്ടു്. “എനിക്കില്ലാത്ത എന്തു് കോപ്പാണു് അവൾക്കുള്ളതു്” എന്നാണു് ഗായികയുടെ ചോദ്യം. കുഴിയാനകളുടെ ചോദ്യവും ഏതാണ്ടു് അതുപോലെതന്നെയാണു്. ജനാധിപത്യം വന്നതുമുതൽ അവയ്ക്കു് അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവകാശം നിയമപരമായി ഉണ്ടുതാനും.

അങ്ങനെ ഓരോ ജീവിയും അതിന്റേതായ വ്യവസ്ഥിതികളിലൂടെയും നിമിഷങ്ങളിലൂടെയും ജീവിക്കുന്നു, മതിയാവുമ്പോൾ മരിക്കുന്നു. ജീവിതത്തിൽ അതുപോലൊരു “മതിവരൽ” ഇല്ലാത്ത ഒരേയൊരു ജീവിയാണു് മനുഷ്യൻ. ഈ രഹസ്യം മനസ്സിലാക്കിയ ചില സൂത്രശാലികൾ മനുഷ്യർ ചത്താലും ജീവിക്കുമെന്നും ആ ജീവിതം നിത്യനിതാന്തമായിരിക്കുമെന്നുമൊക്കെ ചില നോവലുകൾ എഴുതിയുണ്ടാക്കി. ആ ലോകത്തിന്റെ ചുമതലക്കാരനായി നനഞ്ഞ ഒരു പഴന്തുണി പോലെ, “അങ്ങോട്ടുരുട്ടിയിട്ടാൽ അവിടെ കിടക്കും, ഇങ്ങോട്ടുരുട്ടിയിട്ടാൽ ഇവിടെ കിടക്കും” എന്നപോലുള്ള ഒരു ദൈവത്തേയും പ്രതിഷ്ഠിച്ചു. ദൈവം എവിടെ എങ്ങനെ കിടക്കണമെന്നു് തീരുമാനിക്കുന്നതു് ദൈവത്തെ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്ന “ഉരുട്ടൽ വിദഗ്ദ്ധർ” ആണെന്നു് സാരം. രാത്രിയില്ലെങ്കിൽ പകലിനു് അർത്ഥമില്ല എന്നതിനാൽ, നരകമില്ലെങ്കിൽ സ്വർഗ്ഗവും, പിശാചില്ലെങ്കിൽ ദൈവവും അർത്ഥശൂന്യമാവും. അതിനാലാവാം, ദൈവവും സ്വർഗ്ഗവും കൂടുതൽ കൂടുതൽ പ്രതാപത്തിലേക്കു് വളർന്നുകൊണ്ടിരുന്നപ്പോൾ അവയുടെ ബൈപ്രോഡക്റ്റ്‌സ്‌ എന്ന നിലയിൽ പിശാചും നരകവും ഓട്ടോമാറ്റിക്കായി രൂപം കൊണ്ടു് ഇവ രണ്ടിനോടും കിടപിടിച്ചു് വളർന്നു് പടിപടിയായി “ആന്റിപ്രതാപത്തിൽ” എത്തിക്കൊണ്ടിരുന്നതു്. ഇഹലോകജീവിതത്തെ പട്ടിലും സ്വർണ്ണത്തിലും പൊതിഞ്ഞാൽ എങ്ങനെയിരിക്കുമോ അതിൽ കവിഞ്ഞ എന്തെങ്കിലും ദിവ്യത്വമോ, സുഖസൗകര്യങ്ങളോ, മഹത്വമോ ഒന്നും സ്വർഗ്ഗീയജീവിതത്തിനോ, ലൗകികജീവിതത്തെ പരമാവധി ദുരിതപൂർണ്ണമാക്കിയാൽ എങ്ങനെയിരിക്കുമോ അതിൽ കവിഞ്ഞ പീഡനങ്ങളോ, ക്രൂരതകളോ ഒന്നും നരകത്തിലെ മനുഷ്യവാസത്തിനോ സങ്കൽപിക്കാൻ അവർക്കു് കഴിഞ്ഞില്ലെങ്കിലും, വിഡ്ഢിത്തം മനുഷ്യന്റെ ജന്മവാസനയായതിനാൽ അധികം പേരും അവർ പറഞ്ഞതു് അപ്പാടെ സത്യമാണെന്നു് വിശ്വസിച്ചു് അവരുടെ ഐഹികനിമിഷങ്ങളിൽ നിന്നും നല്ലൊരംശവും, ലൗകികസമ്പത്തിൽ നിന്നും ചെറിയൊരംശവും മരണാനന്തരം സ്വന്തം കയ്യിലിരുപ്പും ജന്മപാപവും മൂലം ലഭിക്കുമെന്നു് പുരോഹിതന്മാർ അവരോടു് തീർത്തുപറഞ്ഞതുമൂലം തീർച്ചയായിരുന്ന അവരുടെ നരകയാത്രയുടെ ടിക്കറ്റുകൾ തിരുത്തി യാത്ര സ്വർഗ്ഗലോകത്തിലേക്കാക്കി മാറ്റിയെടുക്കാൻ സാധിക്കുമെന്നുമുള്ള ഉത്തമവിശ്വാസത്തിൽ യഥാക്രമം പ്രാർത്ഥനകൾക്കും പള്ളികൾക്കുമായി പകുത്തുനൽകി.

കാലക്രമേണ, മഴത്തുള്ളികളെപ്പോലെ ചെറുതുള്ളികളായ മനുഷ്യർ ഒന്നിനുപുറകെ ഒന്നായി മണ്ണിൽ വീണു് എന്നേക്കുമായി മറഞ്ഞുകൊണ്ടിരുന്നപ്പോൾ, ഫലം നൽകാൻ മടിച്ചിരുന്ന കൃഷിഭൂമിയിൽ ദൈവശാപപ്രകാരം കഠിനാദ്ധ്വാനം ചെയ്തു്, മൂക്കിൻ തുമ്പുകളിൽ നിന്നും ചൊരിയാൻ അവരിലെ പുരുഷന്മാർ നിർബന്ധിതരാക്കപ്പെട്ടിരുന്ന വിയർപ്പുതുള്ളികൾ, “പലതുള്ളികൾ പെരുവെള്ളമായിത്തീരുന്നു” എന്ന “നീതിശാസ്ത്ര”പ്രകാരം, ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അറകളിൽ സ്വർണ്ണവും മുത്തും മരതകവുമായി രൂപാന്തരം പ്രാപിച്ചു് കുന്നുകൂടിക്കൊണ്ടിരുന്നു.അങ്ങനെ കണ്ണിൽ പെടാനില്ലാത്ത ചെറിയ കൈത്തോടുകളിലൂടെ വിയർപ്പുതുള്ളികളെ കൊള്ളമുതൽ ശേഖരിക്കപ്പെടുന്ന സമുദ്രത്തിലേക്കു് തിരിച്ചുവിട്ടതുവഴി, ഈ കെട്ടുകഥകളുടെ യഥാർത്ഥ ലക്ഷ്യം വഞ്ചനയും ചൂഷണവുമാണെന്നു് തിരിച്ചറിയുകയും അതിനാൽ കൂട്ടത്തിന്റെ കൂടെ ഒഴുകാൻ വിസമ്മതിക്കുകയും ചെയ്തവരെ ഉടനെതന്നെ പരലോകത്തേക്കയക്കാൻ വേണ്ട സമ്പത്തും സമ്പത്തിന്റെ അവിഭാജ്യഘടകമായ അധികാരവും ചുരുങ്ങിയ കാലം കൊണ്ടു് നേടിയെടുക്കാനും സമൂഹങ്ങളുടെ തലപ്പത്തു് ചാട്ടയും കടിഞ്ഞാണുമായി കയറിപ്പറ്റുവാനും ദൈവകഥാപ്രാസംഗികർക്കു് കഴിഞ്ഞു. എവിടെ സമ്പത്തും അധികാരവുമുണ്ടോ അവിടെക്കു് ഇവ രണ്ടും, ഗ്രാവിറ്റേഷൻ പോലൊരു നിയമത്തിന്റെ സ്വാധീനത്താലെന്നപോലെ, ഇടതടവില്ലാതെ ഒഴുകിയെത്തിക്കൊണ്ടിരിക്കും. എക്സ്‌ട്രീമുകളിൽ ജ്ഞാനവും പ്രശ്നങ്ങളുടെ പരിഹാരവും തേടാൻ മാത്രം ശുദ്ധഗതിക്കാരായിരുന്നതിനാലാവാം, പല സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹികപരിഷ്ക്കർത്താക്കളും കാണുകയോ പിഴുതെറിയുകയോ ചെയ്യാതെ കടന്നുപോയ ഒരു “ഫിലോസൊഫേഴ്സ്‌ സ്റ്റോൺ” ആണു് ഈ സാമ്പത്തിക ഗ്രാവിറ്റേഷൻ. പല പിൽക്കാല സമൂഹങ്ങളും തട്ടിവീഴേണ്ടിവന്നതും ഇന്നും തട്ടിവീണുകൊണ്ടിരിക്കുന്നതുമായ ഒരു സാമൂഹിക ഇടർച്ചക്കല്ലു്. സ്വയം നിയന്ത്രിതമായി വിട്ടാൽ പ്രകൃതിവിരുദ്ധമെന്നോണം അടിയിൽ നിന്നും മുകളിലേക്കു് മാത്രം ഒഴുകാൻ കഴിയുന്ന ചെറിയ സാമ്പത്തിക സ്രോതസ്സുകൾ വൻതോടുകളും പുഴകളും നദികളുമായി നിയന്ത്രണാതീതമായി അപ്രാപ്യമായ ഔന്നത്യങ്ങളിലേക്കു് “ഒഴുകി കയറുന്നതിനു്” മുൻപു്, താഴ്ച്ചകളിലെ ഉറവിടം വറ്റാതിരിക്കാൻ മാത്രമല്ല, അനവരതം പോഷിപ്പിച്ചുകൊണ്ടിരിക്കാനും ഉതകുന്ന കൈവഴികൾ വഴി സമ്പത്തു് മുകളിൽ നിന്നും താഴേക്കു് തിരിച്ചുവിടുന്ന “വികർഷണ ഗ്രാവിറ്റിയെ” പ്രകൃതിസഹജമാക്കുന്ന നിയമങ്ങൾക്കു് രൂപം നൽകാതെ സാമൂഹിക സുരക്ഷിതത്വം സാദ്ധ്യമല്ല. ഇപ്പോൾ ചിരിക്കേണ്ടവർക്കു് ഇഷ്ടം പോലെ ആർത്തു് ചിരിക്കാം, കാരണം, അത്തരം നിയമങ്ങൾക്കു് രൂപം നൽകേണ്ടവർ സാമ്പത്തികഗ്രാവിറ്റിയുടെ ബന്ധുക്കളും, തന്മൂലം അടിയിൽ നിന്നും മുകളിലേക്കുള്ള “ആകർഷണശക്തി” തൊട്ടുകൂടാനാവാത്തവിധം വിശുദ്ധമാണെന്നു് വിശ്വസിക്കുന്നവരും, അതു് സകല ലോകത്തേയും വിശ്വസിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നവരുമാണു്.

പുരുഷന്മാരെപ്പോലെതന്നെ, സ്ത്രീകളും അവരാൽ ആവുന്നപോലെയൊക്കെ ആദിമുതലേ വിയർത്തുകൊണ്ടിരുന്നു. പക്ഷേ, ദൈവികമായ കാര്യങ്ങളിൽ അവർ പൊതുവേ നിശബ്ദരാക്കപ്പെട്ടിരുന്നതിനാൽ, കൈകൊട്ടു്, കുരവയിടൽ മുതലായ കലാപരിപാടികളുമായി കാലം കഴിക്കാൻ ഇന്നത്തെപ്പോലെതന്നെ അന്നും നിർബന്ധിതരായിരുന്ന അവരുടെ വിയർപ്പു് ഒഴുകിയിരുന്നതു് മൂക്കിൻ തുമ്പത്തുനിന്നും മാത്രമായിരുന്നോ എന്നു് നിശ്ചയമായി പറയാൻ പറ്റുന്ന രേഖകൾ ഒന്നും അവരുടേതായി ലഭ്യമല്ല. ചില പുരുഷനീതിശാസ്ത്രപ്രകാരം, സ്ത്രീകളുടെ വിയർപ്പു് ദൈവസന്നിധിയിൽ പോലും കണക്കിടപ്പെടാറില്ലെന്നാണു് കേൾക്കുന്നതു്. ഇട്ടാൽത്തന്നെ പുരുഷന്റെ ഒരു തുള്ളി വിയർപ്പു് സ്ത്രീയുടെ അരത്തുള്ളി വിയർപ്പിനോടോ, കാൽത്തുള്ളി വിയർപ്പിനോടോ തുല്യം മുതലായ വിയർപ്പിന്റെ എക്സ്ചേഞ്ച്‌ നിരക്കിന്റെ കാര്യങ്ങളിൽ വ്യക്തമായ സ്റ്റാൻഡെർഡുകൾ നിലവിലില്ലായിരുന്നു. ഈവക കണക്കുകൂട്ടലുകളിൽ തല പെരുത്തും മനം മടുത്തും അതിൽനിന്നുമുള്ള നിന്നുമുള്ള ഒരു മോചനം എന്ന നിലയിലാണു്, “എനിക്കു് ഒരു കോപ്പും കാണണ്ട, കേൾക്കണ്ട, മിണ്ടണ്ട” എന്നതിന്റെ ഹനുമാൻ വേർഷൻ അവതരിപ്പിക്കുന്ന മൂന്നു് കുരങ്ങന്മാരെ മാതൃകയാക്കിയെന്നോണം, ദേഹമാസകലം പർദ്ദയിട്ടുമൂടുന്ന ഒരു എക്സ്ക്ലൂസീവ്‌ മതപര വേർഷനിലേക്കു് ദൈവനാമത്തിൽ പരിമിതപ്പെടുത്താൻ സ്ത്രീകൾ തീരുമാനിച്ചതെന്നൊരു സ്ഥിരീകരിക്കപ്പെടാത്ത വാർത്ത നിലവിലുണ്ടു്. ആ വാർത്ത ശരിയാണെങ്കിൽ, ലോകത്തിൽ ആദ്യമായി യുദ്ധത്തിന്റെ നിർണ്ണായകഘട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അന്തിമമായ പൊരുതലിൽ, മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെടുന്നു എന്നു് ഉറപ്പാവുമ്പോൾ, അപ്പോൾ മാത്രം, വേണമെങ്കിൽ സ്വയം കീറിയെറിഞ്ഞോ എറിയാതെയോ രക്തസാക്ഷിത്വം വരിക്കാമെന്നല്ലാതെ, മറ്റാർക്കും നേരിടാനോ നശിപ്പിക്കാനോ ആവാത്ത പർദ്ദ എന്ന ക്യാമൊഫ്ലാജ്‌ ആൻഡ്‌ കൺസീൽമെന്റിൽ അധിഷ്ഠിതമായ ഒരു അതിവിദഗ്ദ്ധ ഡിഫൻസ്‌ സ്ട്രാറ്റെജിയിലൂടെ സ്ത്രീവിമോചനം എന്നൊരു പ്രസ്ഥാനത്തിനു് അടിത്തറയിട്ട അതേ സ്ത്രീയിൽ നിന്നുതന്നെയാവണം “എല്ലാം വെറും കോപ്പാണു്” എന്ന ആപ്തവാക്യം വെള്ളിടി കുയിൽനാദത്തിൽ വെട്ടിയാലെന്നപോലെ ആദ്യമായി ലോകം ശ്രവിച്ചതു്. ‘അഹം ബ്രഹ്മാസ്മി’, “ശൂന്യാകാശത്തിലേക്കുള്ള പെരുവഴിയും നാട്ടുവഴിയും ഞാൻ തന്നെ” മുതലായ മഹദ്വചനങ്ങളോടു് ഒപ്പം നിൽക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള തത്വചിന്താപരമായ ഒരു തിരിച്ചറിവാണിതു് എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല.

അതേസമയം, സ്ത്രീകൾ അഴിച്ചുവയ്ക്കുന്ന അടിവസ്ത്രങ്ങൾ പെറുക്കാൻ അവരുടെ കുളിക്കടവുകൾ തേടി ചെല്ലുന്ന ജനുസ്സിൽ പെട്ട ഒരു ശ്രീകൃഷ്ണനൊന്നുമല്ലെങ്കിലും, ഗണിതശാസ്ത്രം അടിസ്ഥാനപരമായി അത്ര സ്ത്രീവിദ്വേഷിയല്ല എന്നതാണു് സത്യമെന്നു് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്കു് ഉറപ്പായി പറയാൻ കഴിയും. ഇതെഴുതുമ്പോൾ, പ്രീഡിഗ്രിക്കു് എന്നെ ട്രിഗൊണൊമെട്രി പഠിപ്പിച്ച രമാദേവി ടീച്ചറാണു് എന്റെ മനസ്സിൽ. (പേരു് അൽപം മാറ്റിയിട്ടുണ്ടു്). തീറ്റ എന്ന ഗ്രീക്ക്‌ അക്ഷരം ബോർഡിൽ എഴുതിയപ്പോൾ അതിന്റെ നടുക്കിടേണ്ട വരയിടാൻ മറന്ന ടീച്ചറോടു് “ദാ ടീച്ചറെ, തീറ്റ തുണിയുടുക്കാതെ നിൽക്കുന്നു” എന്നു് പറഞ്ഞപ്പോൾ ചിരിയടക്കാൻ കഴിയാതെ വരയിട്ടശേഷം ക്ലാസ്സിൽ നിന്നും പുറത്തുപോയി അൽപം കഴിഞ്ഞു് വീണ്ടും തിരിച്ചുവന്നു് സാധാരണപോലെ ക്ലാസ്സ്‌ തുടർന്ന രമാദേവിടീച്ചർ! ഗണിതശാസ്ത്രം സ്ത്രീകൾക്കു് അപ്രാപ്യമാവേണ്ട കാര്യമില്ല എന്നതിന്റെ ഒരു ഉത്തമോദാഹരണം.

എന്നിരിക്കിലും, ഭൂരിഭാഗം പുരുഷന്മാരെയും അപേക്ഷിച്ചു് ബഹുഭൂരിപക്ഷം സ്ത്രീകളും ഇൻസ്റ്റിങ്ക്റ്റീവ്‌ ആയെന്നോണം തീക്ഷ്ണമായ ദൈവവിശ്വാസവും നേർച്ചയിടൽ മേനിയയും പ്രദർശിപ്പിക്കുന്നവരാണു്. No taxation without representation എന്ന, ഇംഗ്ലണ്ടിനോടു് അമേരിക്കൻ പൗരന്മാർ പണ്ടൊരിക്കൽ വിളിച്ചുപറഞ്ഞ മുദ്രാവാക്യമൊന്നും സ്ത്രീകളെ എന്തുകൊണ്ടോ ആവേശഭരിതരാക്കുന്നില്ല. അത്ഭുതമെന്നേ പറയേണ്ടൂ, നേരെ മറിച്ചാണു് അവരുടെ നിലപാടു്. ദൈവത്തിനു് സ്ത്രീകളെ വേണമെന്നു് അത്ര വലിയ നിർബന്ധമൊന്നുമില്ലെന്നു് അങ്ങേർ കിട്ടിയ അവസരങ്ങൾ ഒന്നും പാഴാക്കാതെ വേദഗ്രന്ഥങ്ങളിലും പത്രസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും യാതൊരു അർത്ഥശങ്കയ്ക്കുമിടയില്ലാതെ വ്യക്തമാക്കാറുണ്ടു്. എന്നിട്ടും, “നിനക്കു് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്കു് നിന്നെ വേണം” എന്നാണു് സ്ത്രീകളുടെ മുദ്രാവാക്യം! എന്താണിത്തരമൊരു ഇല്ലോജിക്കൽ നിലപാടിന്റെ പിന്നിലെ രഹസ്യം? പുരുഷനും സ്ത്രീയും തമ്മിൽ കാലാകാലങ്ങളായി നിലവിലിരിക്കുന്നതും, ദൈവനിശ്ചിതമെന്നു് സ്ത്രീകളടക്കം ചില മനുഷ്യർ പഠിപ്പിക്കുന്നതുമായ അസമത്വത്തിൽ നിന്നുമുള്ള ഒരു മോചനത്തിനുവേണ്ടി സ്ത്രീകളുടെ അബോധമനസ്സിൽ നിന്നും ദൈവത്തിനുനേരെ ഉയരുന്ന ഒരു ഭീഷണിയോ, ചുരുങ്ങിയപക്ഷം ഒരു സങ്കടഹർജിയെങ്കിലുമോ ആയി മാത്രമേ നിരുപാധികമായ ദൈവസ്നേഹത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ നയതന്ത്രജ്ഞതയെ വിലയിരുത്താനാവൂ എന്നാണു് ചരിത്രത്തിന്റെ മുച്ചട്ടിയരിപ്പിൽ അടിഞ്ഞുകൂടിയ മട്ടും മാലിന്യങ്ങളും വാരിമാറ്റി മണലും കരിയും പരിശോധിച്ചതിൽ നിന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞതു്.

അതിശയമെന്നേ പറയേണ്ടൂ, ബിഗ്‌-ബാംഗ്‌ എന്നോ, ശൂന്യതയെന്നോ, എന്ട്രോപ്പിയെന്നോ, സ്ഥലകാലങ്ങളുടെ ആരംഭമെന്നോ ഒക്കെ ആർക്കും എവിടെയും, വേണമെങ്കിൽ മെഗാഫോണിലൂടെവരെ വിളിച്ചുപറയാൻ നിയമപരമായി തടസ്സമൊന്നുമില്ല. അതിനു് ആ വാക്കുകളുടെയൊക്കെ അർത്ഥമെന്തെന്നുപോലും അറിയണമെന്നില്ല. ഇതുപക്ഷേ ജനാധിപത്യവ്യവസ്ഥിതി നിലവിലിരിക്കുന്ന രാജ്യങ്ങളിലെ കാര്യമാണെന്നു് മറക്കണ്ട. അതിനാൽ, നിങ്ങളുടെ ആത്മരക്ഷയെ മുൻനിർത്തി സൗദി അറേബ്യയിലും അഫ്ഘാനിസ്ഥാനിലും ഇറാനിലുമൊക്കെ ചെന്നു് എന്തെങ്കിലുമൊക്കെ വിടുവായത്തരം വിളിച്ചുപറഞ്ഞു് പരീക്ഷണങ്ങൾ നടത്താതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം. കോതകൾ വായിൽ തോന്നുന്നതു് പാടുക മാത്രമേ ചെയ്യാറുള്ളു. പക്ഷേ, പരിശുദ്ധാത്മാവു് തലയിൽ കയറിക്കൂടിയാൽ വായിൽ തോന്നാത്തതും വയറ്റിൽ ഒതുങ്ങാത്തതും പോലും നീട്ടിപ്പാടുന്നവരാണു് വിശ്വാസികൾ. അവർക്കതു് കോതപ്പാട്ടല്ല, “പരമന്റെ” ആത്മാവിൽ നിന്നും ജീവന്റെ ആത്മാവിലേക്കു് അലയടിച്ചെത്തുന്ന നിത്യസത്യങ്ങളാണു്. ദൈവത്തിനും ദൈവവിശ്വാസികൾക്കും “നിത്യസത്യത്തിന്റെ” ആവർത്തനം വിരസതയോ തമാശയോ ഉണ്ടാക്കുന്ന ഒരു കാര്യമല്ല. “ഭയങ്കരനായ ദൈവമേ, ഇന്നു് ഞായറാഴ്ചയാണു്” എന്നു് രാവിലെ ആറുമണി മുതൽ രാത്രി പത്തുമണി വരെ ഓരോ മണിക്കൂറിലും പത്തോ നൂറോ വട്ടം ആവർത്തിക്കുന്നതു് വിശ്വാസികളുടെ ലോകത്തിൽ ഒരു കാരണവശാലും ഒരു അസാധാരണത്വമല്ല. ഈ “പ്രാർത്ഥന” കരളുരുകി നടത്തപ്പെടുന്നതു് ഏതെങ്കിലുമൊരു ഞായറാഴ്ച ആയിരിക്കണമെന്നുപോലും യാതൊരു നിർബന്ധവുമില്ലാത്ത ഒരേയൊരു ലോകമാണതു്. ദൈവവുമായി നേരിട്ടു് നിരന്തര സമ്പർക്കം പുലർത്താൻ ശേഷിയുള്ള വിശ്വാസി ഈ ലോകത്തിന്റെ ആളല്ല എന്നതാണു് അനന്യസാധാരണമായ ഈ സ്വഭാവവിശേഷത്തിന്റെ കാരണം. ദൈവത്തിന്റെ ഭാഷ മനസ്സിലാകാത്തവർക്കു് വിശ്വാസിയുടെ ഈ പെരുമാറ്റരീതികൾ വിചിത്രവും പരിഹാസ്യവുമായി തോന്നുന്നതു് സ്വാഭാവികം. അൽപമെങ്കിലും ഹാസ്യരസം ഉള്ളവനാണെങ്കിൽ ഈ പ്രാർത്ഥനായജ്ഞം കേൾക്കുമ്പോൾ ദൈവം കുമ്പകുലുക്കി ചിരിച്ചു് “ആടിക്കളിയെട കൊച്ചുരാമാ, ചാടിക്കളിയെട കുഞ്ഞുരാമാ” എന്നു് പാടിത്തിമിർക്കുകയാവണം.

ബൈബിളിന്റെ അടിസ്ഥാനത്തിൽ, അപ്പം കൊണ്ടു് മാത്രമല്ലാതെ ജീവിക്കാൻ പ്രത്യേക കഷ്ടപ്പാടുകളൊന്നും അനുഭവിക്കേണ്ട ആവശ്യം വരുന്നില്ലാത്ത വിശ്വാസികൾ ജീവിക്കുന്നതു് ദൈവത്തിൽ വിശ്വസിച്ചുകൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ ഇടതും വലതും കൈകളുടെ വേലയിലൂടെ ലോകത്തിൽ നിമിഷംപ്രതിയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളിൽ വിശ്വസിച്ചുകൊണ്ടുകൂടിയാണു്. സൊമാലിയയും സുനാമിയുമൊക്കെ ദൈവം പ്രത്യേകം പ്ലാൻ ചെയ്തു് സംഭവിപ്പിക്കുന്ന അത്ഭുതങ്ങളുടേയും മനുഷ്യകാരുണ്യപ്രവർത്തികളുടെയും ഉദാഹരണങ്ങളാണു്. വിശ്വാസികളല്ലാത്തവർക്കു്, മുകളിൽ പറഞ്ഞപോലെ, ദൈവത്തിന്റെ ഭാഷയുടെ പ്രശ്നം മൂലം അതൊന്നും ശരിക്കങ്ങോടു് മനസ്സിലാവുന്നില്ലെന്നേയുള്ളു. ഭൂലോകത്തിലെ തന്റെ ഇതുപോലുള്ള സമയോചിതമായ ഇടപെടലുകൾ വഴി ദൈവം എന്താണു് ഉദ്ദേശിക്കുന്നതെന്നു് ഒരു ഏകദേശ രൂപമെങ്കിലും ലഭിക്കാൻ ദൈവത്തിന്റെ ഭാഷ അറിയാവുന്നവരുടെ വ്യാഖ്യാനങ്ങളെ ആശ്രയിക്കുകയല്ലാതെ അവിശ്വാസികൾക്കു് തത്കാലം വേറെ മാർഗ്ഗമൊന്നുമില്ല. അതുകൊണ്ടൊക്കെയാണു് വിശ്വാസികളുമായി അന്യചിന്തകൾ പങ്കുവയ്ക്കാനുള്ള ഏതു് ശ്രമവും “ഫ്രെഷ്‌” ആയി മുറിച്ച പച്ചച്ചക്കയുടെ മുളഞ്ഞിലിൽ രണ്ടുകൈകളും ആവേശപൂർവ്വം അമർത്തുന്നതിനു് തുല്യമായിരിക്കുന്നതു്. തന്നെ തൊടുന്നവരോടു് വിട്ടുപിരിയാൻ കഴിയാത്തവിധം തോന്നുന്ന ജന്മവാസനയായ സ്നേഹബന്ധമാണു് മുളഞ്ഞിലിനെ മുളഞ്ഞിലാക്കുന്ന ചേതോവികാരമെങ്കിൽ, വിശ്വാസിയുടേതു് തന്റെ ദൈവത്തെ സംരക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ല എന്ന ഉത്തമവിശ്വാസമാണു്. അതുകൊണ്ടു് ദൈവത്തോടുള്ള അവന്റെ സ്നേഹബന്ധം അന്യനിലപാടുകാരുടെ സാമീപ്യത്തിൽ, പ്രത്യേകിച്ചും അവർ സ്വന്തനിലപാടുകൾ ന്യായീകരിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ, അക്രമാസക്തിയുടെ രൂപം കൈക്കൊള്ളുന്നു. കാരണം, ഒരു വിശ്വാസിയുടെ ദൈവം സ്നേഹമയനാവുന്നതു് അവനോടും അവന്റേതുകളോടും മാത്രമാണു്. അന്യദൈവവിശ്വാസികളുടെ ശത്രുവല്ലാത്ത ഒരു ദൈവം ഏതൊരു മതത്തിനും കാളകൂടതുല്യമാണു്. കാളകൂടത്തിനെ ശർക്കരയിൽ പൊതിഞ്ഞാൽ “എല്ലാ മതങ്ങളും ഘോഷിക്കുന്നതു് ഓരേയൊരു ദൈവത്തെയാണു്” എന്ന കപടവാക്യം ലഭിക്കും. എന്റെ ദൈവവും നിന്റെ ദൈവവും ഒന്നാണെന്നു് സത്യസന്ധമായി ഏതെങ്കിലും രണ്ടു് മതങ്ങൾ അംഗീകരിക്കുന്ന അതേദിവസം സംഭവിക്കുന്നതു് ആ രണ്ടു് മതങ്ങളുടെയും എന്നേക്കുമുള്ള അന്ത്യമായിരിക്കും.

ജന്മവൈകല്യം മൂലം മന്ദബുദ്ധികളായ കാമുകീകാമുകന്മാരെ ശ്രദ്ധിച്ചാൽ അവർ പരസ്പരം എത്ര തീവ്രമായാണു് സ്നേഹിക്കുന്നതെന്നു് മനസ്സിലാക്കാനാവും. സ്വന്തം കുറ്റത്താലല്ലാതെ മന്ദബുദ്ധികളായവരെ വില കുറച്ചു് കാണുകയല്ല, ഒരു യാഥാർത്ഥ്യത്തിലേക്കു് വിരൽ ചൂണ്ടുക മാത്രമാണു് ഇവിടെ ലക്ഷ്യം. വഞ്ചന എന്നൊന്നു് സാധാരണഗതിയിൽ അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടാവാനിടയില്ല, അഥവാ ഉണ്ടായാൽ, അതു് തിരിച്ചറിയപ്പെട്ടാൽ, അതു് പങ്കാളിയെ ജീവിതത്തകർച്ചയിൽ എത്തിച്ചേക്കാൻ മതിയായ ഒരു ഷോക്ക്‌ ആയിക്കൂടെന്നുമില്ല. ഇവിടെ സ്നേഹബന്ധത്തിന്റെ ഓബ്ജെക്റ്റ്‌സ്‌ ആവുന്നതു് മജ്ജയും മാംസവുമുള്ള, ഭൗതികമായ അസ്തിത്വമുണ്ടെന്നു് ആർക്കും കാണാനാവുന്നതുമായ മനുഷ്യരാണെന്നതിനാൽ അതിൽ അപാകതയെന്തെങ്കിലും ഉണ്ടെന്നു് തോന്നുന്നുമില്ല. “നോർമൽ” ആയ മനുഷ്യരിലും പരസ്പരബന്ധങ്ങളിലെ പാകപ്പിഴകൾ ഏറിയോ കുറഞ്ഞോ ജീവിതത്തകർച്ചയിലേക്കും ആത്മഹത്യയിലേക്കുമൊക്കെ നയിക്കാറുണ്ടെന്നതു് ഒരു രഹസ്യമല്ലല്ലോ. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്നവരിൽ അധികം പേരും ഒന്നുകിൽ പ്യൂബെർട്ടിക്കാരോ, അല്ലെങ്കിൽ വളർത്തൽ മൂലവും മറ്റും പ്യൂബെർട്ടിയിൽ തളച്ചിടപ്പെട്ടവരോ ആണെന്നതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ യുക്തിപൂർവ്വമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നതിൽ മാനസികവളർച്ച എത്ര വലിയ പങ്കാണു് വഹിക്കുന്നതെന്നു് വ്യക്തമാവുന്നു. ഇന്നു് ആത്മഹത്യ ചെയ്യാതിരുന്നാൽ, നാളെ അതിന്റെ പേരിൽ ഒരു ഇളം ചിരി മാത്രം ബാക്കിയുണ്ടാവുന്ന ഒരു വൈകാരികപ്രതിഭാസമാണു് മിക്കവാറും എല്ലാ പ്രണയനൈരാശ്യങ്ങളും.

ഇതുപോലുള്ള പ്രണയബന്ധങ്ങളിൽ നിന്നും കടകവിരുദ്ധമായി, കാണാനോ അറിയാനോ തെളിയിക്കാനോ കഴിയാത്ത എന്തോ ഒന്നിനെ കാണാനും അറിയാനും തെളിയിക്കാനും ആവുമെന്നും, അതൊന്നും പോരെങ്കിൽ, അതുപോലൊന്നുണ്ടെന്ന അവകാശവാദം സ്ഥാപിക്കാനായി അങ്ങനെയൊന്നുണ്ടെന്നു് കഴുതയും ഒട്ടകവുമൊക്കെ മനുഷ്യരുടെ വാഹനങ്ങളായിരുന്നതും, മനുഷ്യരുടെ മാനസികരോഗങ്ങൾക്കു് പാസ്പോർട്ടും വിസയും നൽകി പന്നികളിലേക്കു് കുടിയേറ്റം നൽകി അവരെ രോഗവിമുക്തരാക്കിക്കൊണ്ടിരുന്നതുമായ ചരിത്രത്തിലെ ഏതോ “സുവർണ്ണകാലഘട്ടങ്ങളിൽ” ഏതോ മനുഷ്യർ തിരുത്തിയും പകർത്തിയും എഴുതിവച്ചിരിക്കുന്ന അതേ ഗ്രന്ഥങ്ങളിലെ തന്നെ വാക്യങ്ങൾ ഉദ്ധരിക്കുന്നതിലെ ബുദ്ധിശൂന്യത പോലും തിരിച്ചറിയാൻ കഴിയാത്തവിധം ദൈവവുമായി ഒരുതരം ദിവ്യമായ പ്രണയബന്ധത്തിൽ ഏർപ്പെട്ടു് ആജീവനാന്തം “ആത്മീയ പ്യൂബെർട്ടിയിൽ” സ്വയം തളച്ചിടുന്നവരും, സ്വന്തം വളർച്ചയില്ലായ്മയിൽ അന്തംവിട്ടു് അഹങ്കരിക്കുന്നവരുമാണു് വിശ്വാസികൾ. വളർച്ചയില്ലായ്മക്കു് സ്വന്തം വളർച്ചയില്ലായ്മയെ തിരിച്ചറിയാനുള്ള വളർച്ചയില്ലാത്തതിനാൽ, ഈ പ്രശ്നം കാലാകാലത്തോളം പരിഹാരമില്ലാതെ അവശേഷിക്കാനാണു് എല്ലാ സാദ്ധ്യതയും. ഈ വസ്തുത മനസ്സിലാക്കിയിരുന്നാൽ “പരാജയപ്പെടാനായി” മാത്രം ദൈവജ്ഞാനികളായ വിശ്വാസികളുമായി ഗഹനമായ ചർച്ചകളിൽ ഏർപ്പെട്ടു് വെറുതെ നിങ്ങളുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്താതിരിക്കാം.

വിശ്വാസി ആയാലും അവിശ്വാസി ആയാലും ആർക്കും ആരുടെയും തലയിൽ കയറി പരിശോധിക്കാൻ ആവില്ലെന്നതിനാൽ, ഒരു മനുഷ്യനെ മനസ്സിലാക്കാൻ ആകെയുള്ള ഒരു ഉപാധി അവന്റെ വാക്കുകളെ ശ്രദ്ധിക്കുകയാണു്. ചില മനുഷ്യർക്കു് പ്രത്യേകിച്ചും ക്രിമിനലുകൾക്കു് ഉള്ളിലുള്ളതു് മറച്ചുപിടിച്ചു് സംസാരിക്കാനുള്ള ശേഷിയുണ്ടെങ്കിലും, സാധാരണഗതിയിൽ ഒരുവന്റെ മനസ്സിൽ ഉള്ളതാണു് വാക്കുകളായി പുറത്തുവരുന്നതു്. പഠനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും വേണ്ടത്ര മനുഷ്യജ്ഞാനം കൈവരിച്ചിട്ടുള്ള ഒരുവനു് മറ്റൊരാളെ മനഃശാസ്ത്രപരമായി അപഗ്രഥിക്കനൊന്നും കഴിഞ്ഞില്ലെങ്കിലും, അവനെപ്പറ്റി പ്രായോഗികമായ ആവശ്യങ്ങൾക്കു് മതിയായ ഒരു ഇമേജ്‌ രൂപീകരിക്കാൻ കഴിയേണ്ടതാണു്. ഒരു വിദ്യാർത്ഥി സമർപ്പിക്കുന്ന പേപ്പറിൽ അവൻ കാണാതിരുന്ന തെറ്റുകൾ അവന്റെ പ്രൊഫസ്സർക്കു് പലപ്പോഴും ഒറ്റനോട്ടത്തിൽ തന്നെ കാണാൻ കഴിയുന്നതു് മാന്ത്രികത കൊണ്ടല്ല, ദീർഘകാല എൿസ്പീരിയെൻസ്‌ വഴി അവൻ നേടിയെടുത്ത ശേഷിയാണതു്. “ഒരു മാസ്റ്ററും ആകാശത്തിൽ നിന്നും വീഴുന്നില്ല” എന്നൊരു ചൊല്ലുതന്നെയുണ്ടു്. ഒരുവൻ പറയുന്ന കാര്യങ്ങൾ അതിനെപ്പറ്റി വല്ലതും അറിഞ്ഞുകൊണ്ടാണോ പറയുന്നതെന്നു് ആ വിഷയം അവനെക്കാൾ കൂടുതലോ, അവന്റെ അത്രതന്നെയെങ്കിലുമോ പഠിച്ചിട്ടുള്ള ഒരുവനേ അറിയാൻ സാധിക്കൂ. മിക്കവാറും എല്ലാ മതപണ്ഡിതർക്കും, ഒടിശാസ്ത്രജ്ഞർക്കും പരസ്യമായി വിഡ്ഢിത്തങ്ങൾ വിളിച്ചുപറഞ്ഞു് സദസ്സിന്റെ കയ്യടി വാങ്ങാൻ കഴിയുന്നതു് അവരുടെ കേൾവിക്കാർ അറിവിന്റെ കാര്യത്തിൽ അവരെക്കാൾ താഴ്‌ന്ന നിലവാരം പുലർത്തുന്നതുകൊണ്ടാണെന്നു് മനസ്സിലാക്കാൻ ഇന്നത്തെ യൂട്യൂബ്‌ യുഗത്തിൽ ബുദ്ധിമുട്ടൊന്നുമില്ല – യൂട്യൂബ്‌ കാണുന്നതു് ആ കേൾവിക്കാർ അല്ലാതിരിക്കുന്നിടത്തോളം. തെറ്റു് എന്നു് സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു കാര്യം ശരിയെന്ന രീതിയിൽ ഒരുവൻ ജനങ്ങളെ പഠിപ്പിക്കുന്നുവെങ്കിൽ, ഒന്നുകിൽ അതു് തെറ്റാണെന്നു് മനസ്സിലാക്കാൻ അവനു് ആകെയുള്ളതു് അതു് ശരിയെന്നു് ധരിച്ചു് വച്ചിരിക്കുന്ന അവന്റെ അതേ പൊട്ടബുദ്ധിമാത്രമാണെന്നതിനാൽ, വിഡ്ഢിത്തം വിളമ്പുകയല്ലാതെ അവനു് വേറെ നിവൃത്തിയൊന്നുമില്ല, അല്ലെങ്കിൽ അവൻ കാര്യസാദ്ധ്യത്തിനായി മനഃപൂർവ്വം ജനങ്ങളെ കണ്ണിൽ പൊടിയിട്ടു് വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. ഉപദേശിപ്രസംഗവുമായി നടക്കുന്ന ആസാമികൾ മുഴുവൻ തന്നെ ആദ്യത്തെ വിഭാഗമാണെങ്കിൽ, വിദ്യാസമ്പന്നരെന്ന പദവി അർഹതയില്ലാതെ ലഭിച്ചവർ അധികവും രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവരാണു്.

നിത്യാനുഭവമായ സ്ഥലകാലങ്ങളിൽ നിന്നും തിരിച്ചറിയാനാവാത്തവിധം വ്യത്യസ്തമായ ഒന്നാണു് ആധുനികശാസ്ത്രം മനസ്സിലാക്കുന്ന സ്ഥലവും കാലവും. സ്ഥലവും കാലവും (space, time) പരസ്പരം രൂപാന്തരീകരണം സംഭവിക്കാവുന്നവയാണു് എന്നു് കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും, അതു് ശാസ്ത്രീയമായ അടിത്തറയുള്ള ഒരു യാഥാർത്ഥ്യമാണു്. വേദഗ്രന്ഥങ്ങളിലെ ദൈവം ഉപമയും ഉൽപ്രേക്ഷയും പ്രതീകവും പ്രത്യാശയുമൊക്കെയാണെന്നു് വിശ്വാസികൾ ക്ഷീണമില്ലാതെ ആവർത്തിക്കാറുണ്ടെങ്കിലും, മനുഷ്യരുടെ നന്മതിന്മകളുടെ ചുമതലക്കാരനായ ഏതെങ്കിലും വിധത്തിലുള്ള ഒരു “സർവ്വവ്യാപിയെ” ഒളിപ്പിച്ചു് വയ്ക്കാനുള്ള ഇടം സ്ഥലകാലങ്ങൾക്കുള്ളിലോ അതിനു് വെളിയിലോ ഇല്ല എന്നു് തീർത്തു് പറയാം. ശാസ്ത്രത്തിനു് എല്ലാം അറിയാൻ കഴിയുമോ ഇല്ലയോ എന്നതൊന്നും അതുപോലൊരു പ്രസ്താവനയെ ഒരു കാരണവശാലും ബലഹീനമാക്കാൻ പര്യാപ്തമല്ല. ശാസ്ത്രം ഇപ്പോൾ അറിയുന്ന കാര്യങ്ങളിൽ നിന്നുതന്നെ പ്രപഞ്ചം ഒരു ദൈവത്തിന്റെ സൃഷ്ടിയല്ല എന്നു് മനസ്സിലാക്കാൻ വേണ്ടതിൽ എത്രയോ കൂടുതൽ ഡേറ്റ ലഭ്യമാണു്. സത്യത്തിൽ, ഈ വസ്തുത മനസ്സിലാക്കാൻ ആഴമേറിയ ഒരു ശാസ്ത്രജ്ഞാനത്തിന്റെ ആവശ്യം പോലുമില്ല. അതിനു്, ഇന്നത്തെ മനുഷ്യന്റെ ശരാശരി ബുദ്ധിയും, സാമാന്യബോധവും മാത്രം ഉപയോഗിച്ചു് അവനവന്റെ വേദഗ്രന്ഥം മനസ്സിരുത്തി വായിച്ചാൽ മതി. ഒരു പേജിലെ പ്രസ്താവനക്കു് കടകവിരുദ്ധമായ മറ്റൊരു പ്രസ്താവന അതിന്റെ മറുപുറത്തുതന്നെ എഴുതി വച്ചിരിക്കുന്നതു് കാണാൻ കഴിയാത്ത ഒരുവനു് അപ്രാപ്യമായ മേഖലകളാണു് മനുഷ്യബുദ്ധിയുടെയും യുക്തിചിന്തയുടെയും പണിപ്പുരകളായ ശാസ്ത്രങ്ങൾ. ആരും അവനെ അങ്ങോട്ടു് ക്ഷണിക്കുന്നില്ല. സാമാന്യബുദ്ധിയുണ്ടായിരുന്നെങ്കിൽ അവൻ അങ്ങോട്ടു് പോകുമായിരുന്നുമില്ല.

ഈ ലജ്ജയില്ലായ്മ മൂലം അവൻ ശാസ്ത്രീയത എന്നാൽ എന്തെന്നുപോലും അറിയാതെ, ശാസ്ത്രത്തെ “പൊളിച്ചടുക്കാൻ” ഇറങ്ങിപ്പുറപ്പെടുന്നു. അതിനായി അവനു് ആകെയുള്ള മൂലധനം കീ കൊടുത്താൽ പാടുന്ന പാട്ടുപെട്ടിപോലെ കേട്ടുകേട്ടു് മടുത്ത ഏതാനും ഫ്രേയ്സുകളുടെ മനം പിരട്ടുന്ന ആവർത്തനങ്ങളും! ഓരോ വിശ്വാസിയും മടുപ്പു് എന്നൊന്നില്ലാതെ, അവന്റെ ദൈവത്തെപ്പറ്റി ഘോരഘോരം നടത്തുന്ന പഴകിത്തേഞ്ഞ പ്രസംഗങ്ങൾ ദൈവം എന്നതു് പരമമായ ഒരു അബദ്ധമാണെന്നു് യുക്തിഭദ്രമായി ബോദ്ധ്യപ്പെട്ടതിനാൽ നിരീശ്വരവാദിയായിത്തീർന്ന ഒരുവനിൽ പരിഹാസമേ ഉണർത്തൂ എന്നതുപോലും അന്ധമായ വിശ്വാസത്തിന്റെ ആവേശത്തിൽ കണ്ണു് തുറക്കാനാവാതായ വിശ്വാസിയെ അവന്റെ വിഡ്ഢിവാക്യങ്ങളുടെ മെതിക്കലിൽ നിന്നും പിൻതിരിപ്പിക്കാൻ മതിയാവുന്നില്ല. ഏതു് വിശ്വാസി എത്രയൊക്കെ ശ്രമിച്ചാലും മനുഷ്യബുദ്ധിയെ തോൽപ്പിക്കാൻ ഒരു ദൈവത്തിനും ആവില്ല. കാരണം, മനുഷ്യനിൽ ദൈവത്തിനു് എന്തെങ്കിലും പങ്കോ സ്വാധീനമോ ഇല്ല. ഉണ്ടെന്നു് വിശ്വസിക്കുന്ന കുറെയേറെപ്പേർ തീർച്ചയായും എന്നാളും ഉണ്ടാവുമെന്ന കാര്യത്തിൽ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടാവാനും വഴിയില്ല. കുശവൻ കലത്തിനു് പന്ത്രണ്ടണ ചോദിച്ചാൽ പതിമൂന്നണയ്ക്കാണെങ്കിൽ എനിക്കു് മതി എന്നു് പറയുന്നവരും ജീവിക്കുന്ന ലോകമാണിതു്. വിഡ്ഢിത്തം വേദനിക്കാത്തതുകൊണ്ടാണല്ലോ ലോകം ഒരു കൂട്ടക്കരച്ചിലാവാത്തതു്. കാലത്തിന്റെ കുത്തിയൊഴുക്കിൽ ഏതു് ദൈവത്തിനും ഒലിച്ചുപോകുകയല്ലാതെ മറ്റു് നിവൃത്തിയൊന്നുമില്ലാത്തതിനാലാണു്, ദൈവത്തെ സൃഷ്ടിച്ച ചീവീടുകൾ ദൈവം എന്ന അവരുടെ പഴന്തുണിയെ, പൂച്ച കുഞ്ഞുങ്ങളെ എന്നപോലെ, ഇല്ലം മാറ്റിമാറ്റി പ്രതിഷ്ഠിക്കാനും, പുതിയപുതിയ വിശേഷണങ്ങൾ നൽകി രക്ഷപെടുത്താനുമായി പരക്കം പായേണ്ടിവരുന്നതു്. മണ്ണുകുഴയ്ക്കുന്ന കുശവനും, തോലുടുപ്പു് നെയ്യുന്ന തയ്യൽക്കാരനും, ഗർഭവാർത്തകൾ ചൂടാറുന്നതിനുമുൻപേ ബന്ധപ്പെട്ടവരെ അറിയിക്കുന്ന പോസ്റ്റ്‌മാനും, ഫറവോയുടെ കൂട്ടിക്കൊടുപ്പുകാരനും ഒക്കെയായിരുന്നു ഒരു കാലത്തു് ഈ ചങ്ങാതി. ആൾ ഒരു മൾട്ടിടാലന്റാണെന്നു് ചുരുക്കം. ഓട്ടയടയ്ക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്തവിധം ദ്രവിച്ചു് ജീർണ്ണിച്ച ഈ പഴന്തുണിക്കഷണത്തെ വിശ്വാസികൾ സ്ഥലകാലാതീതനായി പ്രഖ്യാപിച്ചു് പ്രപഞ്ചത്തിനും പുറത്തു് എവിടെയോ കൊണ്ടുപോയി തിരുകി വച്ചിരിക്കുകയാണെന്നാണു് ഏറ്റവും പുതിയ വാർത്ത. ദൈവത്തിനെയും കൊണ്ടു് ഏതു് ഒളിസങ്കേതത്തിലേക്കായിരിക്കും അവരുടെ അടുത്ത ഓട്ടം എന്നതു് ശാസ്ത്രലോകം അതിനോടകം എന്തു് പുതിയ കണ്ടുപിടുത്തങ്ങളാണു് നടത്തുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കും.

 
1 Comment

Posted by on Sep 4, 2011 in പലവക

 

Tags: , ,