RSS

Daily Archives: Jan 23, 2008

വിശുദ്ധപൗലോസിന്റെ സ്ത്രീവിരോധം

മതങ്ങളില്‍ പൊതുവേയും, കത്തോലിക്കാസഭയില്‍ പ്രത്യേകിച്ചും, സ്ത്രീകള്‍ വിലകുറഞ്ഞ മനുഷ്യരായിട്ടാണു്‌ വീക്ഷിക്കപ്പെടുന്നതു്‌. പ്രാര്‍ത്ഥിക്കാനും നോമ്പുനോക്കാനും കുമ്പസാരിക്കാനും അടുക്കളപ്പണിയും തോട്ടപ്പണിയും ചെയ്യാനുമൊക്കെ സ്ത്രീകള്‍ക്കു് ഇഷ്ടംപോലെ സ്വാതന്ത്ര്യമുണ്ടു്. പക്ഷേ, വിശ്വാസിസമൂഹത്തിന്റെ നേര്‍പകുതിയായ സ്ത്രീവര്‍ഗ്ഗത്തിനു് പൗരോഹിത്യം സ്വീകരിക്കുന്നതിനോ, സഭയിലെ നയരൂപീകരണപ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നതിനോ അര്‍ഹതയില്ല. പേറ്റ്രിയാര്‍ക്കല്‍ സൊസൈറ്റികളില്‍ രൂപമെടുത്ത മതങ്ങളില്‍ മറ്റൊരു നിലപാടു് പ്രതീക്ഷിക്കുന്നതിലും വലിയ കാര്യമൊന്നുമില്ല. കാണാനും തിന്നാനും നല്ലതെന്നു് തിരിച്ചറിഞ്ഞ പഴം സദുദ്ദേശത്തില്‍ പുരുഷനു് നല്‍കി അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ പോലും അവിടെ പാപിഷ്ഠയായേ വിവക്ഷിക്കപ്പെടുകയുള്ളു. അതാണു് ദൈവവിശ്വാസം തലയില്‍ കയറിയാല്‍ പുരുഷനു് സംഭവിക്കുന്ന മെറ്റമോര്‍ഫസിസ്. (അതുകൊണ്ടു് സ്ത്രീകള്‍ക്കു് റിലിജ്യസ് മേനിയ ഉണ്ടാകാറില്ല എന്നര്‍ത്ഥമില്ല). ഇതൊക്കെയാണെങ്കിലും, അല്ലെങ്കില്‍ അതുകൊണ്ടുതന്നെ, ബൈബിളിലെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍, ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവും, ക്രിസ്തുമതം യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ സ്ഥാപിച്ചവനായ വിശുദ്ധ പൗലോസും സ്ത്രീകളുടെ സമൂഹത്തിലെ സ്ഥാനത്തെ സംബന്ധിച്ചു് ഏകാഭിപ്രായം പുലര്‍ത്തുന്നവരല്ല എന്നു് മനസ്സിലാക്കേണ്ടിവരുമ്പോള്‍, ബൈബിളിലെ മറ്റു് പല കാര്യങ്ങളിലുമെന്നപോലെതന്നെ, നിഷ്പക്ഷമതികളായ അന്വേഷകര്‍ക്കു് അത്ഭുതപ്പെടേണ്ടിവരുന്നു.

വിശുദ്ധ പൗലോസ്‌ കല്‍പിക്കുന്നു: “സ്ത്രീയെ തൊടാതിരിക്കുന്നതു് മനുഷ്യനു് നല്ലതു്. എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഓരോരുത്തനു് സ്വന്തം ഭാര്യയും, ഓരോരുത്തിക്കു് സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.” – (1. കൊരിന്ത്യര്‍ 7: 2) വിശുദ്ധ പൗലോസിന്റെ അഭിപ്രായത്തില്‍, ലൈംഗികജീവിതത്തിന്റെ അടിസ്ഥാനപരമായ ലക്‍ഷ്യം മനുഷ്യരാശിയുടെ നിലനില്‍പ്പല്ല, പുരുഷനും സ്ത്രീയും വഴിപിഴച്ചുപോകാതിരിക്കാനുള്ള ഒരു കുറുക്കുവഴി മാത്രമാണു്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ടെസ്റ്റ്‌ ട്യൂബ്‌ വഴി വംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ-സാങ്കേതികവിദ്യകള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതിനാല്‍, വംശം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയും പരസ്പരം തൊടുകയല്ലാതെ മറ്റു് വഴിയൊന്നുമുണ്ടായിരുന്നില്ല. ഇനി, പൗലോസിന്റെ ആഗ്രഹംപോലെ, സകല മനുഷ്യരും ക്രിസ്ത്യാനികളാവുകയും, അവര്‍ എല്ലാവരും ദുര്‍ന്നടപ്പു് എന്ന ഏര്‍പ്പാടു് ഉപേക്ഷിക്കുകയും ചെയ്തു എന്നു് കരുതിയാലോ? തൊടില്ല നിന്നെ ഞാന്‍ എന്നു് പുരുഷന്മാരും, തൊട്ടുപോകരുതു് എന്നെ എന്നു് സ്ത്രീകളും കടുംപിടുത്തം പിടിക്കുന്ന ഒരവസ്ഥ? പണ്ടു് ആദാമും ഹവ്വായും ദൈവകല്‍പന അക്ഷരം പ്രതി അനുസരിക്കുകയും, പാമ്പു് പറിച്ചുകൊടുത്ത പഴം തിന്നാതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നെങ്കിലത്തെ അവസ്ഥയുമായി ഇതൊന്നു് താരതമ്യം ചെയ്തുനോക്കുന്നതു് നന്നായിരിക്കും. അവര്‍ ദൈവം പറഞ്ഞതു്‌ അക്ഷരംപ്രതി അനുസരിച്ചിരുന്നെങ്കില്‍ ലോകത്തില്‍ മനുഷ്യവര്‍ഗ്ഗമേ ഉണ്ടാവുമായിരുന്നില്ല. സഹജീവികളോടു് പറയാവുന്നതിന്റെയും, ആവശ്യപ്പെടാവുന്നതിന്റെയും പരിധി വിശുദ്ധന്മാര്‍ അറിഞ്ഞിരിക്കുന്നതുകൊണ്ടു് വലിയ തെറ്റില്ലെന്നു് തോന്നുന്നു. സ്വന്തം അമ്മയുടെ വയറ്റില്‍ പത്തുമാസം കഴിഞ്ഞതിനുശേഷമാണു് താനും ഈ ഭൂമിയുടെ വെളിച്ചം കണ്ടതെന്ന സാമാന്യസത്യം മറന്നുകൊണ്ടല്ലാതെ സ്ത്രീയെ തൊടാതിരിക്കുന്നതു് മനുഷ്യനു് നല്ലതു് എന്നും മറ്റുമുള്ള മതതത്വശാസ്ത്രങ്ങള്‍ വിളമ്പാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

അതേസമയം, ഉഭയസമ്മതപ്രകാരം പെണ്ണിനെ ആണൊന്നു് തൊട്ടാലോ, പെണ്ണൊന്നു് ആണിനെ തൊട്ടാലോ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടാവാനില്ല എന്ന നിലപാടാണു് യേശു സ്വീകരിച്ചു് കാണുന്നതു്. ഒരു പെണ്ണിന്റെ ദുഃഖത്തില്‍ അല്‍പം കരയേണ്ടിവരുന്നതും അത്ര വലിയ ഒരു പ്രശ്നമായി യേശു കരുതുന്നില്ല. ബേഥാന്യാക്കാരനായ ലാസറിനെ ഉയിര്‍പ്പിച്ച ഭാഗം ബൈബിളില്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം: മാര്‍ത്തയുടെയും മറിയയുടെയും സഹോദരനായിരുന്നു മരിച്ചവരില്‍ നിന്നും യേശു ഉയിര്‍പ്പിച്ച ലാസര്‍. യേശു അവരെ വളരെ സ്നേഹിച്ചിരുന്നു. ഈ മറിയയാണു് യേശുവിനെ പരിമളതൈലം പൂശുകയും, തലമുടികൊണ്ടു് അവന്റെ കാല്‍ തുടയ്ക്കുകയും ചെയ്തതു്‌. ച്ചതു്. ലാസര്‍ രോഗം പിടിപെട്ടു് കിടക്കുന്നു എന്നു് ആളയച്ചു് പറഞ്ഞിട്ടും യേശു ബേഥാന്യായിലേക്കു് രണ്ടു് ദിവസം കഴിഞ്ഞാണു് പോകുന്നതു്. കാരണം, “അവന്റെ ദീനം മരിക്കാനല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിനായിട്ടാണു്” എന്നു് യേശുവിനു് അറിയാമായിരുന്നു. ലാസറിനെ കല്ലറയില്‍ വച്ചു് നാലു് ദിവസം കഴിയുമ്പോള്‍ അവിടെ എത്തുന്ന യേശുവിനെ സ്വീകരിക്കാന്‍ ഗ്രാമവാതില്‍ക്കലേക്കു്‍ മാര്‍ത്ത ഒറ്റയ്ക്കാണു് ഓടിച്ചെല്ലുന്നതു്. സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വാഗ്ദാനം അവള്‍ക്കു് നല്‍കുന്നതല്ലാതെ യേശു അവളോടൊപ്പം ഗ്രാമത്തിലേക്കു് കടക്കുന്നില്ല. മാര്‍ത്ത തിരിച്ചുചെന്നു് ഗുരു വന്നിട്ടുണ്ടെന്നും, നിന്നെ വിളിക്കുന്നു എന്നും രഹസ്യമായി മറിയയോടു് പറയുന്നു. അതുകേട്ട മറിയ യേശുവിന്റെ അരികിലെത്തി കാല്‍ക്കല്‍ വീണു് കരയുമ്പോള്‍ യേശുവും “ഉള്ളം നൊന്തു് കലങ്ങി” കരയുന്നു. “Jesus wept” (യേശു കണ്ണുനീര്‍ വാര്‍ത്തു എന്നു്‌ മലയാളം ബൈബിളില്‍) എന്ന ഇംഗ്ലീഷ് ബൈബിളിലെ ഏറ്റവും നീളം കുറഞ്ഞ വാക്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു് ഇവിടെ ആണെന്നതു് ഒരു ആക്സിഡെന്റല്‍ കോഇന്‍സിഡെന്‍സ് മാത്രമായിരിക്കാം. – (യോഹന്നാന്‍ 11: 35)

മറിയ യേശുവിന്റെ കാലില്‍ “മുന്നൂറിലേറെ വെള്ളിക്കാശു് വിലയുള്ള ഒരു റാത്തല്‍ സ്വച്ഛജടാമാംസി” തൈലം പൂശി തന്റെ തലമുടികൊണ്ടു്‌ കാല്‍ തുവര്‍ത്തുന്നതു്‌ കണ്ടപ്പോള്‍ “അതു് വിറ്റു് ദരിദ്രരെ സഹായിക്കാമായിരുന്നില്ലേ” എന്നു് ചോദിക്കുന്ന, യേശുവിന്റെ “ധനകാര്യമന്ത്രിയും” അവനെ ഒറ്റിക്കൊടുക്കേണ്ടവനുമായിരുന്ന യൂദാ ഈസ്കര്യോത്താവിന്റെ മുന്‍പിലും യേശു അവളെ ന്യായീകരിക്കുന്നു: “ദരിദ്രര്‍ എല്ലായ്പ്പോഴും നിങ്ങളുടെ അടുക്കല്‍ ഉണ്ടല്ലോ. ഇച്ഛിക്കുമ്പോള്‍ അവര്‍ക്കു് നന്മ ചെയ്യാന്‍ നിങ്ങള്‍ക്കു് കഴിയും. ഞാനോ എല്ലായ്പോഴും നിങ്ങളോടു് കൂടെ ഇരിക്കയില്ല. കല്ലറയിലെ അടക്കത്തിനായി എന്റെ ദേഹത്തിനു് മുന്‍പുകൂട്ടി അവള്‍ തൈലം തേച്ചു.” – (യോഹന്നാന്‍ 12: 3 – 8)

മറ്റൊരവസരത്തില്‍, യേശു മാര്‍ത്തയുടെയും മറിയയുടെയും വീട്ടില്‍ ആയിരുന്നപ്പോള്‍ അടുക്കളജോലികളാല്‍ കുഴങ്ങിയ മാര്‍ത്ത, തന്നെ ജോലിയില്‍ സഹായിക്കാതെ അവന്റെ അടുത്തിരുന്നു് വചനം കേള്‍ക്കുന്ന മറിയയെ പറ്റി പരാതി പറയുമ്പോഴും യേശു മറിയയുടെ പക്ഷം ചേരുന്നു. “മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും, മനം കലങ്ങിയുമിരിക്കുന്നു. എന്നാല്‍ അല്‍പമേ വേണ്ടൂ; അല്ല, ഒന്നുമതി. മറിയ നല്ല അംശം തെരഞ്ഞെടുത്തിരിക്കുന്നു; അതു് ആരും അവളോടു് അപഹരിക്കയുമില്ല.” – (ലൂക്കോസ്‌ 10: 38 – 42) ചിലരോടു് ആര്‍ക്കും ഒരു പ്രത്യേക താല്‍പര്യം തോന്നും. അതു് സൗന്ദര്യം മൂലമോ, സ്വഭാവം മൂലമോ, ശാരീരികകെമിസ്റ്റ്റിയുടെ പൊരുത്തം മൂലമോ ഒക്കെയാവാം. അതില്‍ എന്തോ വലിയ കുഴപ്പമുണ്ടെന്നു് കരുതുന്നതാണു് കുഴപ്പം.

വ്യഭിചാരക്കുറ്റം ചുമത്തിയ ഒരു സ്ത്രീയെ കല്ലെറിയാനെത്തുന്ന സദാചാരവക്കീലന്മാരില്‍നിന്നും അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യേശു ഒരു സ്ത്രീവിരോധി ആവുമോ? അന്നത്തെ മനുഷ്യര്‍ക്കു് മനസ്സാക്ഷി ഉണ്ടായിരുന്നതുകൊണ്ടാവാം, അവര്‍ക്കു്‌ മനസ്സാക്ഷിക്കുത്തും ഉണ്ടായിരുന്നു. തന്മൂലം, “നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ഒന്നാമതു് കല്ലെറിയട്ടെ” എന്ന വാചകം അവരില്‍നിന്നും അവളെ രക്ഷിക്കുവാന്‍ യേശുവിനു് അന്നു് ധാരാളം മതിയായിരുന്നു. ഇന്നാണെങ്കില്‍ ആദ്യം കല്ലേറു് കൊള്ളുന്നതു് യേശുവിനു് തന്നെയായിരിക്കും. അതിനുശേഷമേ അവര്‍ അവളെ എറിയൂ. അവളെ ആദ്യം എറിയുന്നവന്റെ ശരീരത്തിനു് അവള്‍ തലേന്നു് പുരട്ടിയിരുന്ന സുഗന്ധതൈലത്തിന്റെ ഗന്ധവുമായിരിക്കും.

മഹാപുരോഹിതന്മാരോടും ജനത്തിന്റെ മൂപ്പന്മാരോടും യേശു പറയുന്നു: “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു് മുന്‍പായി ദൈവരാജ്യത്തില്‍ കടക്കുന്നു.” – (മത്തായി 21: 31) പുരോഹിതന്മാരേക്കാളും, മൂപ്പന്മാരേക്കാളും വേശ്യകളെ വിലമതിക്കുന്ന ദൈവപുത്രനായ യേശു ഒരു വശത്തു്‌, മനുഷ്യരെ പെണ്ണുകെട്ടിച്ചു്‌ ദുര്‍ന്നടപ്പില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിക്കുന്ന വിശുദ്ധനായ പൌലോസ് മറുവശത്തു്‌!

യോഹന്നാന്റെ സുവിശേഷപ്രകാരം, ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെടുന്നതുതന്നെ മഗ്ദലക്കാരത്തി മറിയക്കാണു്. അല്ലാതെ, തന്റെ പള്ളി പണിയേണ്ട പാറയായ പത്രോസിനോ മറ്റു് ശിഷ്യന്മാര്‍ക്കോ അല്ല. – (യോഹന്നാന്‍ 20: 1 – 18) ഇങ്ങനെയൊക്കെയാണെങ്കിലും, ക്രിസ്തുമതത്തില്‍ സ്ത്രീകള്‍ രണ്ടാം കിടക്കാരാണു്‌. സ്ത്രീകളും വേശ്യകളുമൊക്കെ വേണമെങ്കില്‍ ദൈവരാജ്യത്തില്‍ കടന്നോട്ടെ. അതിനാര്‍ക്കും പരാതിയൊന്നുമില്ല. പക്ഷേ, ഇവിടെ, ഈ ഭൂമിയില്‍ പെണ്ണുങ്ങള്‍ അത്ര കേമികളാവണ്ട എന്നതാണു് പിതാക്കന്മാരുടെ നിലപാടു്.

“സ്ത്രീകളെ തൊടാതിരിക്കൂ” എന്നു് വിശുദ്ധ പൗലോസ്‌. “വിശ്വാസികളേ, നിങ്ങള്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കൂ, അഥവാ കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും ജനിപ്പിക്കൂ” എന്നു് ആധുനിക മതാധികാരികള്‍. ഈവിധ ഉപദേശവൈരുദ്ധ്യങ്ങള്‍ക്കു് നടുവില്‍ കുറേ വിശ്വാസിക്കൂട്ടങ്ങളും! സ്വന്തം സൃഷ്ടിയാണു്‌ മനുഷ്യരെങ്കില്‍ ആ കുരിപ്പുകള്‍ സ്വയം നശിപ്പിച്ചു് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവാന്‍ ഇടയാക്കുന്ന ഉപദേശങ്ങള്‍ ഒരു ദൈവത്തില്‍ നിന്നും ഏതായാലും ഉണ്ടാവുമെന്നു് തോന്നുന്നില്ല. ജനപ്പെരുപ്പം മൂലം സാമൂഹികഭദ്രത തന്നെ അപകടത്തിലാവുന്നു എന്നറിഞ്ഞുകൊണ്ടു്, തുടര്‍ന്നും പെറ്റുപെരുകൂ എന്നു് അവരെ ഉത്ബോധിപ്പിക്കാനും മനുഷ്യസ്നേഹമോ സാമാന്യബോധമോ ഉള്ള ഒരു ദൈവം തയ്യാറാവാന്‍ വഴിയില്ല. ജനപ്പെരുപ്പം സ്ഫോടകാത്മകമായ അവസ്ഥയിലേക്കു് നീങ്ങുന്നതു് കാണുമ്പോള്‍ അതു് നിയന്ത്രിക്കുവാന്‍ അനുയോജ്യമായ ശാസ്ത്രീയവിജ്ഞാനം ഉപയോഗപ്പെടുത്തുവാനുള്ള കടപ്പാടു് ഏതൊരു സമൂഹത്തിനുമുണ്ടു്. അങ്ങനെയുള്ള ശ്രമങ്ങള്‍ക്കു് നേരെ കണ്ണടക്കുകയോ, തുരങ്കം വയ്ക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ആരുതന്നെ ആയാലും അവര്‍ ചെയ്യുന്നതു് സമൂഹദ്രോഹമാണു്.

 

Tags: , ,