ജീവിതകാലത്തു് പ്രസിദ്ധീകരിച്ച തത്വചിന്താപരമായ ഒരേയൊരു ഗ്രന്ഥമായ Tractatus logico-philosophicus-ന്റെ മുഖവുരയിൽ ലുഡ്‌വിഗ് വിറ്റ്‌ഗെൻസ്റ്റൈൻ എഴുതി: “ഈ പുസ്തകത്തിന്റെ മുഴുവൻ ആശയവും തുടരുന്ന ഏതാനും വാക്കുകളിൽ ഒതുക്കാം: പറയാൻ കഴിയുന്ന കാര്യങ്ങൾ വ്യക്തമായി പറയാനാവും, പറയാൻ കഴിയാത്തവയെപ്പറ്റി നമ്മൾ നിശബ്ദത പാലിക്കണം. അതിനാൽ ചിന്തകൾക്കു് – കൂടുതൽ ശരിയായി പറഞ്ഞാൽ, ചിന്തകൾക്കല്ല, ചിന്തകളുടെ പ്രകടനത്തിനു് – ഒരു അതിര്‍വര ഇടുകയാണു് ഈ പുസ്തകത്തിന്റെ ലക്ഷ്യം: എങ്കിലും, ചിന്തകൾക്കു് ഒരു അതിര്‍വര ഇടാൻ കഴിയണമെങ്കിൽ ആ അതിര്‍വരയുടെ രണ്ടുവശവും ചിന്തിക്കാവുന്നവയാണു് എന്നു് നമ്മൾ കാണേണ്ടിയിരിക്കുന്നു (അതായതു്, ചിന്തിക്കാൻ കഴിയാത്തവയെപ്പറ്റി ചിന്തിക്കാൻ നമുക്കു് കഴിയേണ്ടിയിരിക്കുന്നു). അതുകൊണ്ടു്, ചിന്തകൾക്കു് ഒരു അതിര്‍വര ഇടാൻ ഭാഷയിൽ മാത്രമേ കഴിയൂ, ആ അതിര്‍വരക്കപ്പുറമുള്ളതു് അസംബന്ധമാണു്.”
ഫിലോസഫിയിൽ ഭാഷയുടെ പ്രസക്തി എന്താണു്? അവിടെ ഭാഷയുടെ ദുരുപയോഗം സംഭവിക്കുന്നുണ്ടോ? എന്താണു് ഫിലോസഫിയുടെ ജോലി? … തത്വചിന്തകർ ഇന്നുവരെ എഴുതിയതു് തെറ്റായിരുന്നില്ല, പക്ഷേ അർത്ഥശൂന്യമായിരുന്നു. അർത്ഥവത്തായ മറുപടികൾ ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത ചോദ്യങ്ങളെയാണു് അവർ തുടക്കം മുതലേ പിൻതുടർന്നിരുന്നതു് എന്നതാണു് അവരുടെ ചിന്തകൾ അർത്ഥശൂന്യമായിത്തീർന്നതിനു് കാരണം. ഭാഷയുടെ ലോജിക്ക് അവർക്കു് മനസ്സിലായിരുന്നെങ്കിൽ അവരുടെ ആഴമേറിയ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ല എന്നവർ തിരിച്ചറിഞ്ഞേനെ! … പരമ്പരാഗത തത്വചിന്ത കുടികൊള്ളുന്നതു് ഭാഷയുടെ ലോജിക്കലായ ദുരുപയോഗത്തിലാണു്. സാദ്ധ്യമായ ഒരേയൊരു ഫിലോസഫി നിലകൊള്ളുന്നതു് അതിന്റെ സ്വന്തം അർത്ഥശൂന്യതയുടെ നിർണ്ണയപ്പെടുത്തലിലാണു്; കൃത്യമായി പറഞ്ഞാൽ അതിനുപോലും അതിനു് സാദ്ധ്യമല്ല. “തത്വചിന്തകരേക്കാൾ ഭ്രാന്തമായി ചിന്തിച്ചാലേ അവരുടെ പ്രശ്നങ്ങൾക്കു് പരിഹാരം കാണാനാവൂ.”
“ഒരുപക്ഷേ ഈ പുസ്തകം മനസ്സിലാക്കപ്പെടുന്നതു് അതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ചിന്തകളോ, ചുരുങ്ങിയപക്ഷം സമാനമായ ചിന്തകളോ മുൻപേതന്നെ ഉണ്ടായിട്ടുള്ള ഒരുവനാൽ മാത്രമായിരിക്കും. – അതുകൊണ്ടു് ഇതൊരു ടെക്സ്റ്റ്ബുക്കല്ല. – ഇതു് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കു് ആനന്ദദായകമാവുന്നുവെങ്കിൽ ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം നിറവേറി.”
1889-ൽ വിയന്നയിലെ ധനികനായ ഒരു യഹൂദ വ്യവസായിയുടെ മകനായി ജനിച്ച ലുഡ്‌വിഗ് വിറ്റ്‌ഗെൻസ്റ്റൈൻ പലതുകൊണ്ടും അസാധാരണനായ ഒരു മനുഷ്യനായിരുന്നു. ഈ അസാധാരണത്വം സങ്കീർണ്ണമെന്നു് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ എന്നപോലെതന്നെ, വ്യക്തിപരമായ ജീവിതത്തിലുടനീളവും ദര്‍ശിക്കാനാവും. ബാല്യകാലം മുതൽ നിർഭാഗ്യവാൻ. സഹോദരങ്ങളുടെ ആത്മഹത്യ. വീട്ടിലിരുത്തി നൽകപ്പെട്ട കര്‍ശനമായ പ്രാഥമികവിദ്യാഭ്യാസം. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1906-ൽ ബെർലിനിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠനം. 1908-ൽ മാഞ്ചെസ്റ്ററിലും 1912-ൽ കേംബ്രിഡ്ജിലും എത്തുന്ന വിറ്റ്‌ഗെൻസ്റ്റൈൻ എയ്രോഡൈനാമിക്സിൽ ചില പരീക്ഷണങ്ങൾ നടത്തുകയും ചില കണ്ടുപിടുത്തങ്ങൾക്കു് പേറ്റന്റ് നേടുകയും ചെയ്യുന്നു. അവിടെവച്ചു് ബെര്‍ട്റാന്‍ഡ് റസ്സലിനെയും G. E. Moore-നെയും പരിചയപ്പെടുന്നതോടൊപ്പം ഷൊപ്പൻഹവറുടെ ‘ലോകം – ഇച്ഛയും സങ്കൽപവും’ എന്ന ആശയവുമായും ബന്ധപ്പെടുന്നു. റസ്സലുമായി ലോജിക്കിന്റെ പ്രശ്നങ്ങളെസംബന്ധിച്ചു് തീവ്രമായ ചർച്ചകൾ നടത്തുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ഒരിക്കൽ റസ്സലിനെഴുതി: “ഞാൻ മനുഷ്യൻ പോലുമല്ലെങ്കിൽ എനിക്കെങ്ങനെ ലൊജീഷ്യൻ ആവാനാവും? ആദ്യം ഞാൻ എന്നെത്തന്നെ ശുദ്ധീകരിക്കണം.” റസ്സൽ ഒരിക്കൽ പറഞ്ഞു: “വിറ്റ്‌ഗെൻസ്റ്റൈനെ പരിചയപ്പെടാൻ കഴിഞ്ഞതു് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ഒന്നാണു്.” പക്ഷേ, അധികം താമസിയാതെ യൂണിവേഴ്സിറ്റി ജീവിതം അസഹ്യമാവുന്ന വിറ്റ്‌ഗെൻസ്റ്റൈൻ യുദ്ധാരംഭത്തിനു് മുൻപുള്ള ഒരു വർഷം നോർവ്വേയിലെ ഏകാന്തമായ ഒരു കുടിലിൽ ചിലവഴിക്കുന്നു. അനന്തരാവകാശമായി ലഭിച്ച ലക്ഷങ്ങളുടെ മൂന്നിലൊന്നു് 1913-ൽ തന്നെ ഓസ്ട്രിയയിലെ നിർദ്ധനരായ കലാകാരന്മാർക്കു് ദാനം ചെയ്തിരുന്ന വിറ്റ്‌ഗെൻസ്റ്റൈൻ, രോഗം മൂലം യുദ്ധത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും, വോളന്ററി ആയി ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കുകയും ഓസ്ട്രിയൻ ആർട്ടിലറിക്കു് ‘പീരങ്കിസംഭാവന’ നൽകുകയും ചെയ്യുന്നു.
യുദ്ധത്തിനിടയിൽ ഇറ്റലിയുടെ തടവിൽ അകപ്പെടുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ആ കാലഘട്ടത്തിൽ തന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സൃഷ്ടി ‘Logisch-philosophische Abhandlung’ പൂർത്തീകരിക്കുന്നു. ആ ചെറുഗ്രന്ഥം ‘വായിക്കാൻ’ സാധാരണഗതിയിൽ ഒരു മുഴുവൻ ദിവസം ആവശ്യമില്ല. പക്ഷേ, അതു് സംപ്രേഷണം ചെയ്യാൻ ശ്രമിക്കുന്ന ആശയങ്ങൾ ഒറ്റവായനയിലോ രണ്ടുവായനയിൽ പോലുമോ പൂർണ്ണമായി മനസ്സിലാക്കി എന്നു് ഒരുവൻ പറയുന്നുവെങ്കിൽ, അവൻ വായിക്കുക പോലും ചെയ്യാത്ത വിഷയത്തിൽ വാദപ്രതിവാദത്തിനു് ഇറങ്ങിപ്പുറപ്പെടാൻ മടിക്കാത്തവരുടെ തരത്തിൽ പെട്ട ഒരു മണ്ടനായിരിക്കുമെന്നു് നിസ്സംശയം പറയാം. കേംബ്രിഡ്ജിൽ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കായി ഒരു ഡോക്ടറൽ തീസിസ് എന്ന രീതിയിൽ ബെര്‍ട്റാന്‍ഡ് റസ്സലിനോടൊപ്പം ആ പ്രബന്ധം പരിശോധിച്ച G.E.Moore പറയുന്നതിങ്ങനെ: “ഇതൊരു ജീനിയസിന്റെ സൃഷ്ടിയായി ഞാൻ പരിഗണിക്കുന്നു. പക്ഷേ, എനിക്കു് പൂർണ്ണമായും തെറ്റു് പറ്റിയതാവുകയും, അതു് അത്തരമൊന്നല്ല എന്നു് വരികയും ചെയ്താൽ പോലും, ഒരു Ph.D. ബിരുദത്തിനു് ആവശ്യമായതിനേക്കാൾ വളരെ ഉയർന്ന നിലവാരമുള്ള ഒന്നാണതു്.” പരീക്ഷകരുടെ തോളിൽ തട്ടിക്കൊണ്ടു് വിറ്റ്‌ഗെൻസ്റ്റൈൻ പറഞ്ഞത്രെ: “Don’t worry, I know you will never understand it.” Logisch-philosophische Abhandlung എന്ന ജർമ്മൻ പേരിൽ എഴുതപ്പെട്ട ഒറിജിനലിനു് ‘Tractatus logico-philosophicus’ എന്ന പേരു് നിർദ്ദേശിച്ചതു് G.E.Moore തന്നെ ആയിരുന്നു. അതിനാധാരമായതു് ബാറൂഹ് സ്പിനോസയുടെ Tractatus Theologico-Politicus എന്ന സൃഷ്ടിയും. വേണമെന്നുള്ളവർക്കു് ‘Tractatus logico-philosophicus’-ന്റെ ഇംഗ്ലീഷ് തർജ്ജമ ഇവിടെ വായിക്കാം.
യുദ്ധാനന്തരം തീവ്രമായ ആന്തരിക പ്രതിസന്ധി നേരിടുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ബാക്കിയുണ്ടായിരുന്ന സ്വത്തു് (സ്വാഭാവികമായും സമ്പന്നരായിരുന്ന) സഹോദരങ്ങൾക്കു് നൽകുകയും ഫിലോസഫി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും സംഗീതത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ഒരു പുസ്തകക്കടയിൽ സുവിശേഷങ്ങളെ സംബന്ധിച്ചു് ടോൾസ്റ്റോയ് എഴുതിയ ഒരു പുസ്തകം കാണുന്ന വിറ്റ്‌ഗെൻസ്റ്റൈൻ അതിന്റെ വെളിച്ചത്തിൽ ഭാവിയിൽ ലളിതമായ ഒരു ജീവിതം നയിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ, “തുച്ഛമായ ശമ്പളത്തിൽ മാന്യമായി ജോലിചെയ്തു് മാന്യനായൊരു മനുഷ്യനായി ഒരിക്കൽ ചത്തൊടുങ്ങാൻ ആഗ്രഹിക്കുന്ന” വിറ്റ്‌ഗെൻസ്റ്റൈൻ 1920-ൽ ഓസ്ട്രിയയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകവൃത്തി സ്വീകരിക്കുന്നു. അവിടെ അങ്ങേയറ്റം ലളിതവും ഏകാന്തവും പിൻതിരിഞ്ഞതുമായ ഒരു ജീവിതം നയിച്ചിരുന്ന വിറ്റ്‌ഗെൻസ്റ്റൈന്റെ സാങ്കേതികപരിജ്ഞാനം ഗ്രാമത്തിലെ അല്ലറചില്ലറ റിപ്പയറുകൾക്കു് സഹായകമായിരുന്നതിനാൽ പൊതുവേ ജനസമ്മതനായിരുന്നെങ്കിലും, പുതിയ അധ്യാപനരീതികൾ പരീക്ഷിക്കുകയും, തന്റെ ജോലിയെ ആത്മാർത്ഥതയോടെ കാണുകയും ചെയ്തിരുന്ന വിറ്റ്‌ഗെൻസ്റ്റൈനു് സഹപ്രവർത്തകരുമായി പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ല. പഠിപ്പിക്കുന്ന കാര്യങ്ങളെ വേണ്ടവിധം ഉൾക്കൊള്ളാനാവാത്ത വിദ്യാർത്ഥികളോടുള്ള കര്‍ശനമായ നിലപാടും ശിക്ഷാരീതികളും ചില മാതാപിതാക്കളുടെ അപ്രീതിക്കു് കാരണവുമായി. ഏതാനും വർഷങ്ങൾക്കു് ശേഷം അധ്യാപനം ഉപേക്ഷിക്കുന്ന വിറ്റ്‌ഗെൻസ്റ്റൈൻ സന്യാസിമഠത്തിൽ ചേരുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെങ്കിലും, അവസാനം ഒരു മഠത്തിലെ പൂന്തോട്ടക്കാരന്റെ സഹായിയുടെ ജോലി സ്വീകരിക്കുന്നു. അവിടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഒരു മുറിയിലായിരുന്നു ഉറക്കം. പിന്നീടു് ആർക്കിടെക്ചറിലേക്കു് തിരിയുന്ന വിറ്റ്‌ഗെൻസ്റ്റൈൻ തന്റെ സഹോദരിക്കു് അന്നത്തെ ആധുനികരീതിയിലുള്ള ഒരു വീടു് ഡിസൈൻ ചെയ്തുകൊടുക്കുന്നു. ഒടുവിൽ, കൂട്ടുകാരുടെ നിർബന്ധത്തിനു് വഴങ്ങി വീണ്ടും കേംബ്രിഡ്ജിലേക്കു് മടങ്ങി ഡോക്ടറേറ്റ് എടുത്തു് അവിടെ ലെക്ചറർ ആവുകയായിരുന്നു.
“നല്ലപോലെ കടന്നു് നടക്കാൻ പറ്റിയതും ബൃഹത്തായതുമായ വഴികളുടെ വലയിൽ ഭാഷ എല്ലാവർക്കും ഒരേപോലെ കെണികൾ തയ്യാറാക്കി വച്ചിട്ടുണ്ടു്. ഈ വഴികളിലൂടെ ഒരുവനു് പുറകെ മറ്റൊരുവൻ എന്നപോലെ മനുഷ്യർ പോകുന്നതു് നമുക്കു് കാണാം. ഒരുവൻ ഇപ്പോൾ എവിടെ വഴിതിരിയും, അല്ലെങ്കിൽ എവിടെ ഒരു വഴിത്തിരിവു് ശ്രദ്ധിക്കാതെ അവൻ യാത്ര തുടരും മുതലായ കാര്യങ്ങൾ നമുക്കു് കൃത്യമായി അറിയാനാവും. തെറ്റായ വഴികളിലേക്കു് തിരിയുന്ന എല്ലാ കവലകളിലും അപകടകരമായ ഇടങ്ങളെ ഒഴിവാക്കി കടന്നുപോകാൻ സഹായിക്കുന്ന തരത്തിൽ ബോർഡുകൾ സ്ഥാപിക്കാനാണു് ഞാൻ ശ്രമിക്കുന്നതു്.”
നിലനിൽക്കുന്ന വസ്തുതായാഥാർത്ഥ്യങ്ങളുടെ ആകെത്തുകയാണു് ലോകം. … വാചകങ്ങളുടെ ആകെത്തുകയാണു് ഭാഷ. ഭാഷയിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതും അല്ലാത്തതുമായവയുടെ അതിര്‍വരമ്പു് എവിടെയാണു്? യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ യഥാർത്ഥത്തിൽ പറയാൻ കഴിയുന്നവയെന്തെന്നും കഴിയാത്തവയെന്തെന്നും കണ്ടുപിടിക്കാനാണു് വിറ്റ്‌ഗെൻസ്റ്റൈൻ ശ്രമിക്കുന്നതു്. ബുദ്ധിപൂർവ്വകം എന്നു് വിളിക്കാവുന്ന വാചകങ്ങൾ പ്രകൃതിശാസ്ത്രപരമായ വാചകങ്ങൾ മാത്രമാണെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ അസഗ്നിദ്ധം പ്രഖ്യാപിക്കുന്നു. പക്ഷേ, അതുപോലുള്ള വാചകങ്ങൾ തന്റെ ട്രീറ്റിസിൽ ഇല്ല എന്ന വൈരുദ്ധ്യം വിറ്റ്‌ഗെൻസ്റ്റൈൻ സ്ഥിരീകരിച്ചുകൊണ്ടു് അംഗീകരിക്കുകയും ചെയ്യുന്നു. (തന്റെ സ്വന്തം അഭിപ്രായത്തിൽ) അർത്ഥശൂന്യമായ അതേ വാചകങ്ങൾ കൊണ്ടുതന്നെ മെറ്റഫിസിക്സ് അർത്ഥശൂന്യമാണെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ വിശദീകരിക്കുന്നു. മിഥ്യയായ വാചകങ്ങളുടെ അർത്ഥശൂന്യത വായനക്കാരൻ തിരിച്ചറിയണമെന്നും, അങ്ങനെ അവയോടൊപ്പം പരമ്പരാഗത ഫിലോസഫിയുടെ അർത്ഥശൂന്യമായ മുഴുവൻ മിഥ്യാവാചകങ്ങളേയും പിൻതള്ളണമെന്നും തികച്ചും മൗലികമായ വിധത്തിൽ ആഹ്വാനം ചെയ്യുകയാണു് Tractatus ചെയ്യുന്നതു്. മുകളിലെത്തിയശേഷം വലിച്ചെറിയേണ്ടുന്ന ഒരു ഗോവണിപോലെയാണു് വായനക്കാരൻ ആ ചെറുപുസ്തകത്തിലെ വാചകങ്ങൾ ഉപയോഗിക്കേണ്ടതെന്നു് അവസാനം സൂചിപ്പിക്കപ്പെടുന്നു.
വിറ്റ്‌ഗെൻസ്റ്റൈന്റെ അഭിപ്രായത്തിൽ, പറയാവുന്നതെന്തെന്നു് വ്യക്തമാക്കുന്നതിലൂടെ ഫിലോസഫി പറയാനാവാത്തതിനെ സൂചിപ്പിക്കുകയാണു് ചെയ്യുന്നതു്. എഥിക്, എസ്തെറ്റിക് എന്നിവ ആ നിഗൂഢതയിൽ പെടുന്നു. അവ വസ്തുതായാഥാർത്ഥ്യങ്ങളല്ല, എങ്കിലും അവ അതുവഴി സ്വയം പ്രദര്‍ശിപ്പിക്കുന്നു. സ്ഥലകാലങ്ങളിലെ ജീവിതം എന്ന പ്രഹേളികയുടെ ഉത്തരം സ്ഥിതി ചെയ്യുന്നതു് സ്ഥലകാലങ്ങൾക്കു് ബാഹ്യമായാണു്. ‘ഞാൻ’ എന്ന നിഗൂഢത പോലെതന്നെ, കർത്താവു് (subject) ഈ ലോകത്തിന്റെ ഭാഗമല്ല, അതിന്റെ അതിർത്തിയാണു്. അതേസമയം, സബ്ജക്റ്റിന്റെ അസ്തിത്വം നിഗൂഢമെങ്കിലും വിറ്റ്‌ഗെൻസ്റ്റൈൻ അതൊരു തർക്കവിഷയമാക്കുന്നില്ല. ലോകത്തിന്റെ ആകെ അസ്തിത്വമാണു് നിഗൂഢത. ലോകം എങ്ങനെയാണു് എന്നതല്ല, ‘ലോകം ആണു്’ എന്നതാണു് നിഗൂഢത (mystic). അതുപോലെതന്നെ, ലോകത്തിന്റെ ‘അർത്ഥം’ കുടികൊള്ളുന്നതു് ലോകത്തിനു് ബാഹ്യമായാണു്.
ദൈവം എന്ന വാക്കു് വിറ്റ്‌ഗെൻസ്റ്റൈൻ ഉപയോഗിക്കുന്നതു് ലോകത്തിന്റെ അർത്ഥം എന്ന രീതിയിലാണു്. “ദൈവത്തിൽ വിശ്വസിക്കുക എന്നതു് ജീവിതത്തിന്റെ അർത്ഥം എന്ന ചോദ്യം മനസ്സിലാക്കലാണു്. ലോകത്തിലെ വസ്തുതായാഥാർത്ഥ്യങ്ങൾ കൊണ്ടു് എല്ലാമായില്ല എന്നു് വിശ്വസിക്കലാണതു്. ദൈവത്തിൽ വിശ്വസിക്കുക എന്നതു് ജീവിതത്തിനു് ഒരു അർത്ഥമുണ്ടെന്നു് മനസ്സിലാക്കലാണു്.” വിറ്റ്‌ഗെൻസ്റ്റൈന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, പ്രകൃതിശാസ്ത്രപരമായ, അതുകൊണ്ടുതന്നെ ബുദ്ധിപൂർവ്വകവുമായ വാക്കുകളിൽ ഒതുങ്ങാത്ത ദൈവം എന്ന നിഗൂഢപദം ലോകത്തിന്റെ അർത്ഥമായി മാറുന്നു. എങ്കിലും വിറ്റ്‌ഗെൻസ്റ്റൈൻ സംശയരഹിതമായി പ്രഖ്യാപിക്കുന്നു: “ലോകദൈവം എന്നതു് ദര്‍ശനീയയാഥാർത്ഥ്യങ്ങളിൽ കാണാനാവുന്നതല്ല. ദൈവം ലോകത്തിൽ വെളിപ്പെടുന്നില്ല. ലോകത്തിന്റെ, ലോകത്തിനു് ബാഹ്യമായ അർത്ഥമാണു് ദൈവം. എല്ലാം എങ്ങനെ പെരുമാറുന്നു എന്നതാണു് ദൈവം എന്നൊരു സൂചന മറ്റൊരിടത്തു് കാണാം. കൃത്യമായി പറഞ്ഞാൽ, അതൊന്നും ചിന്തിക്കാവുന്നതോ പറയാവുന്നതോ ആയ കാര്യങ്ങളല്ല. എങ്കിലും മനുഷ്യനു് അങ്ങനെയൊരു ദൈവത്തെ സങ്കൽപിക്കാം. (മനുഷ്യനു് അതിലൊക്കെ വളരെ വളരെ കൂടുതൽ കാര്യങ്ങൾ സങ്കൽപിക്കാൻ ആവുമെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ എന്തുകൊണ്ടു് മനസ്സിലാക്കിയില്ല എന്നെനിക്കറിയില്ല.) “ഒരു പ്രത്യേക അർത്ഥത്തിൽ നമ്മൾ ആശ്രിതരാണു്. എന്തിൽ നിന്നാണോ നമ്മൾ ആശ്രിതരായിരിക്കുന്നതു്, അതിനെ നമുക്കു് ദൈവം എന്നു് വിളിക്കാം.” ആ അർത്ഥത്തിൽ ദൈവം എന്നതു് വിധിയോ അല്ലെങ്കിൽ തത്വത്തിൽ അതേ അർത്ഥം തന്നെ ആയ – നമ്മുടെ ഇച്ഛാശക്തിക്കു് അതീതമായ ലോകമോ ആവാം.
(ദൈവേഷ്ടമെന്നോ, ദൈവകോപമെന്നോ, വിധി എന്നോ, ഭാഗ്യമെന്നോ ഭാഗ്യദോഷമെന്നോ, സമാനമായ മറ്റെന്തു് പേരു് വേണമെങ്കിലുമോ വിളിക്കാവുന്ന മനുഷ്യജീവിതത്തിലെ അർത്ഥശൂന്യമായ ചില സ്റ്റാറ്റിസ്റ്റിക്കൽ യാഥാർത്ഥ്യങ്ങളെ ദൈവം എന്നു് പേരിട്ടു് വിളിക്കാൻ വിറ്റ്‌ഗെൻസ്റ്റൈൻ തീരുമാനിക്കുന്നതു് എന്തുകൊണ്ടാണെന്നും എനിക്കറിയില്ല. സ്വന്തം ജീവിതത്തിൽ അനേകം ആത്മഹത്യകൾ നേരിടേണ്ടിവന്നവനാണു് വിറ്റ്‌ഗെൻസ്റ്റൈൻ. അതിലൊന്നായിരുന്നു 1906-ൽ സംഭവിച്ച ലുഡ്‌വിഗ് ബോൾട്‌സ്മാന്റെ ആത്മഹത്യ. ബോൾട്‌സ്മാന്റെ ലേഖനങ്ങളിൽ ആകൃഷ്ടനായ വിറ്റ്‌ഗെൻസ്റ്റൈൻ 1905-ൽ ആദ്ദേഹത്തിന്റെ കീഴിൽ ഫിസിക്സ് പഠിക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലും സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സിലും മൗലികമായ കണ്ടുപിടുത്തങ്ങൾ നടത്തിയ ബോൾട്‌സ്മാനോടൊത്തു് സ്റ്റാറ്റിസ്റ്റിക്സ് വേണ്ടവിധം പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തത്വചിന്തയെപ്പറ്റിയും ഭാഷയെപ്പറ്റിയും മനോഹരമായ വിശകലനങ്ങൾ നടത്തിയ വിറ്റ്‌ഗെൻസ്റ്റൈൻ ഇതുപോലൊരു നിഗമനത്തിൽ എത്തുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം.)
1935-ൽ റഷ്യ സന്ദര്‍ശിക്കുന്ന വിറ്റ്‌ഗെൻസ്റ്റൈൻ വീണ്ടും നോർവ്വേയിലെ തന്റെ കുടിലിലേക്കു് മടങ്ങുന്നു. അതിനുശേഷം അയർലണ്ടിൽ എത്തി ഡബ്ലിനിൽ വച്ചു് 1948-ൽ തന്റെ ‘തത്വചിന്താപരമായ പരിശോധനകൾ’ (Philosophische Untersuchungen) പൂർത്തിയാക്കുന്നു. അതിൽ ഭാഷ ലോകത്തിന്റെ ഒരു പ്രതിബിംബമാണു് എന്ന, Tractatus-ൽ സ്വീകരിച്ച പഴയ നിലപാടിനോടു് വിറ്റ്‌ഗെൻസ്റ്റൈൻ വിടപറയുന്നു. ഇവിടെ സ്ഥിരമായി നിൽക്കുന്ന യാഥാർത്ഥ്യങ്ങളല്ല, പ്രവഹിക്കുന്ന സംഭവങ്ങളാണു് ഭാഷയെ പ്രകടിപ്പിക്കുന്നതു്. ഭാഷക്കു് കഴിയുന്നതെന്തെന്നു് കാണിച്ചുതരുന്നതു് അലസവും ലോജിക്കലുമായ വാചകഘടനകളല്ല, അതിന്റെ ഉപയോഗമാണു്. ഭാഷ പറയേണ്ടതെന്തെന്നു് അതിലേക്കു് കടന്നു് ചിന്തിക്കുകയല്ല, ഭാഷ പറയുന്നതെന്തെന്നു് കേൾക്കുകയാണു് വേണ്ടതു്. ഭാഷ എന്തായിരിക്കണം എന്നു് നിശ്ചയിച്ചുറപ്പിക്കുകയല്ല, ഭാഷ നമുക്കു് നൽകുന്നതെന്തെന്നു് ശ്രദ്ധിക്കുകയാണു് വേണ്ടതു്. അതായതു്: “ചിന്തിക്കരുതു്, പകരം നോക്കിക്കാണുക!” എന്നതു് വിറ്റ്‌ഗെൻസ്റ്റൈനെ സംബന്ധിച്ചു് ഒരു പതിനൊന്നാമത്തെ കൽപന പോലെയാണു്. അതിനെ അവഗണിക്കുന്നവൻ സ്വന്തം വ്യാഖ്യാനങ്ങൾക്കു് അവനെത്തന്നെ ഏൽപിച്ചുകൊടുക്കുന്നു. അവൻ യഥാർത്ഥത്തിൽ അവിടെ നടക്കുന്ന കളികൾ തന്നിൽ നിന്നും മറഞ്ഞിരിക്കുന്നവിധം വാക്കുകളെ സ്വയം നിർമ്മിച്ച മൂടുപടം അണിയിക്കുന്നു. നോക്കിക്കാണുന്നതിനും ചെവികൊടുക്കുന്നതിനും പകരം, ചിന്തിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവൻ ഭാഷയേയും അതുവഴി ഭാഷാപരമായി രചിക്കപ്പെട്ട യാഥാർത്ഥ്യങ്ങളേയും മറയിട്ടുമൂടി പുറത്താക്കുകയും നിന്നിടത്തുനിന്നും അനങ്ങാനാവാത്തവിധം ഉറച്ചുപോവുകയും ചെയ്യുന്നു. നമ്മൾ സ്വയം വയ്ക്കുന്ന കെണിയിൽ സ്ഥിരമായി വീണുപോകുന്നതു് വിറ്റ്‌ഗെൻസ്റ്റൈനെ സംബന്ധിച്ചു് തികച്ചും സാധാരണമായ ഒരു സംഗതിയാണു്. ഫിലോസഫിയിൽ എന്താണു് നീ ലക്ഷ്യമാക്കുന്നതു്? – ഈച്ചയെ അതു് കുടുങ്ങിയ ഈച്ചഗ്ലാസിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുക.”
“തത്വചിന്ത എന്നതു് നമ്മുടെ യുക്തിബോധത്തെ ഭാഷയുടെ ഉപകരണങ്ങൾ കൊണ്ടു് ആഭിചാരം ചെയ്യുന്നതിനെതിരായുള്ള ഒരു യുദ്ധമാണു്. നമ്മൾ നശിപ്പിക്കുന്നതു് വായുസൗധങ്ങൾ മാത്രമാണു്. അതുവഴി ഭാഷ നിന്നിരുന്ന അടിത്തറയെ സ്വതന്ത്രമാക്കുകയാണു് നമ്മൾ ചെയ്യുന്നതു്. എല്ലാ വ്യാഖ്യാനങ്ങളുടെയും സ്ഥാനം വിവരണം ഏറ്റെടുക്കണം. അവസാനം തത്വചിന്താപരമായ എല്ലാ പ്രശ്നങ്ങളും അപ്രത്യക്ഷമാവണം.” ഇതുപോലുള്ള പ്രസ്താവനകൾ വഴി ക്ലാസിക്കൽ ഫിലോസഫിയെ കഴുത്തിൽ കനമേറിയ കല്ലുകെട്ടി കടലിൽ താഴ്ത്തുകയായിരുന്നു വിറ്റ്‌ഗെൻസ്റ്റൈൻ.
വിറ്റ്‌ഗെൻസ്റ്റൈൻ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന അന്ത്യവാചകം: “Tell them I’ve had a wonderful life”.
മേമ്പൊടി:
മതതത്വചിന്താശിരോമണികൾ ദൈവത്തെപ്പറ്റി “ദൈവം മനുഷ്യന്റെ ചിന്താശേഷിക്കു് അതീതനാണു്”, “മനുഷ്യബുദ്ധിക്കു് അപ്രാപ്യനാണു്” മുതലായി വായിൽ തോന്നുന്നതു് മുഴുവൻ വിളിച്ചുപറയാറുണ്ടു്. ദൈവത്തെ ‘മനുഷ്യന്റെ ചിന്താശേഷിക്കു് അതീതൻ’ എന്നു് വിശേഷിപ്പിക്കുന്ന മതചിന്തകനാവുകൾ ആടിയടങ്ങുന്നതിനു് മുൻപുതന്നെ അതേ നാവുകൊണ്ടു്, അതേ ദൈവത്തെപ്പറ്റി ‘ചിന്തിക്കുന്നു’ എന്നും മറ്റും അവകാശപ്പെടുന്നുമുണ്ടു്. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ദൈവത്തെ അറിയാനാവില്ലത്രേ! പക്ഷേ എനിക്കു്, ഈ എനിക്കു് എന്റെ സർവ്വശക്തനായ ഏകദൈവത്തേയും മറ്റു് സകല വിഡ്ഢ്യാൻ ദൈവങ്ങളേയും നല്ലപോലെ അറിയുകയും ചെയ്യും! അതുകൊണ്ടു് തീർന്നില്ല! എന്റെ ദൈവത്തിനു് എന്നെപ്പറ്റിയും നല്ല അഭിപ്രായമാണു്. സ്വന്തം ദൈവത്തിന്റെ സന്നിധിയിൽ എത്തിപ്പെട്ടു് നിത്യമായി സുഖിക്കാനായി നിരപരാധികളെ ഏതോ ഒരു ദൈവജാതിയിലോ വർഗ്ഗത്തിലോ പെട്ട മറ്റേതോ ദൈവന്റെ പുരിയിലേക്കയക്കുന്ന കുമ്പളങ്ങാത്തലകളും, അവരുടെ ചെയ്തികളെ വേദവാക്യവ്യാഖ്യാനങ്ങൾ കൊണ്ടു് ന്യായീകരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്ന ആഗ്രഹപണ്ഡിതന്മാരുമൊക്കെ വേറേയും! ലോകത്തെസംബന്ധിച്ചും തന്നെസംബന്ധിച്ചും എന്തെങ്കിലും അറിയാൻ മനുഷ്യനു് ആകെയുള്ള മാർഗ്ഗം ഇന്ദ്രിയാനുഭവങ്ങളാണു് എന്ന യാഥാർത്ഥ്യബോധം ഇടയ്ക്കിടെയെങ്കിലും ഷൂവിനുള്ളിലെ മുള്ളൻകല്ലു് എന്നപോലെ അത്തരക്കാരെ കുത്തിനോവിച്ചു് അസ്വസ്ഥമാക്കുന്നുണ്ടു് എന്നതിനാലാവാം, ചിലർ അതീന്ദ്രിയജ്ഞാനം എന്ന മസ്തിഷ്കഭൂതത്തെ വരെ വ്യാഖ്യാനത്തിന്റെ സ്യൂട്ടും കോട്ടും കണ്ഠകോണകവും ധരിപ്പിച്ചു് കോർട്ടിലിറക്കി കോൾമയിർ കൊള്ളാറുമുണ്ടു്. വായിക്കാനും മനസ്സിലാക്കാനും അറിയാത്തവർക്കുവേണ്ടി കൽപനകളും സദാചാരസൂക്തങ്ങളും എഴുതി ഏൽപിക്കുമ്പോൾ അവയുടെ വ്യാഖ്യാതാക്കളായി വാചകമടികൊണ്ടു് മനുഷ്യരെ തമ്മിലടിപ്പിച്ചു് വയറുപിഴക്കുന്ന ശുഭ്രവസ്ത്രധാരികളായ കുറേ വിഷജന്തുക്കൾ രംഗപ്രവേശം ചെയ്യുമെന്നു് ദൈവംതമ്പുരാൻ അറിഞ്ഞില്ലെന്നുണ്ടോ? അതിനേക്കാൾ എത്രയോ ഭേദമായിരുന്നേനെ തനിക്കു് പറയാനുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള സാമാന്യബോധം നൽകി ആരംഭത്തിലേ മനുഷ്യരെ സൃഷ്ടിച്ചിരുന്നെങ്കിൽ! ഏതു് കോത്താഴത്തുകാരനും ഇടത്തോട്ടും വലത്തോട്ടും വ്യാഖ്യാനിക്കാൻ കഴിയുന്ന ചവറിനെയാണോ ബോധമുള്ള മനുഷ്യർ ദൈവവചനങ്ങൾ എന്നു് വിളിക്കേണ്ടതു്? ഒരു ദൈവത്തിന്റെ വചനങ്ങൾക്കു് ഒരായിരം വ്യാഖ്യാനങ്ങളും അവയോരോന്നും സ്വയം മനുഷ്യദൈവങ്ങളായി അവരോധിച്ചിരിക്കുന്ന വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാടിൽ ശാശ്വതസത്യങ്ങളുമാവുന്ന ഈ ലോകത്തിൽ ഒരു ഡമ്മി ദൈവമാവുന്നതിൽ ഭേദം രാജിവച്ചു് സ്വർഗ്ഗം കാലിയാക്കുന്നതാണെന്നു് തോന്നുന്നു. രാജിസംബന്ധമായി വല്ല ഉപദേശമോ, മാന്യത എന്നാൽ എന്തെന്നതിനെസംബന്ധിച്ചു് വല്ല ട്യൂഷനോ മറ്റോ വേണമെങ്കിൽ ജർമ്മൻ പ്രസിഡന്റായിരുന്ന ഹോര്‍സ്റ്റ് ക്യോളറെ സമീപിച്ചാൽ മതി.