ബൈബിളിലെ ദൈവത്തെ വരച്ചാല്‍ നമ്മള്‍ വരയ്ക്കുന്നതു് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും ദൈവത്തെക്കൂടിയാണു്. യഹൂദനായിരുന്ന യേശുവിനെ ജനിപ്പിച്ചവനായതിനാല്‍, യഹൂദരുടെ ദൈവമാണു് തങ്ങളുടെയും ദൈവമെന്നു് വിശ്വസിക്കുന്നവരാണു് ക്രിസ്ത്യാനികള്‍. പക്ഷേ, മുസ്ലീമുകള്‍ എല്ലാവരും ആ ദൈവമാണു് തങ്ങളുടെ ദൈവമെന്നു് അംഗീകരിക്കുന്നവരല്ല എന്നു് ബ്ലോഗുവഴി നേരിട്ടു് മനസ്സിലാക്കാന്‍ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ഇപ്പറയുന്ന ദൈവം അബ്രാഹാമിന്റെ, അഥവാ ഇബ്രാഹിമിന്റെയും ദൈവമായിരുന്നതിനാല്‍, മുസ്ലീമുകളുടെ ദൈവമല്ല എന്നെങ്ങാനും ഇബ്രാഹിം നബി കേട്ടാല്‍ ചങ്കുപൊട്ടിച്ചാവാന്‍ സാദ്ധ്യതയുണ്ടു്. സ്വര്‍ഗ്ഗത്തില്‍, അതും ദൈവത്തിന്റെ മടിയില്‍, സംഭവിക്കുന്ന ആദ്യത്തെ മരണം! അതു് മുസ്ലീമുകള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.
വിശ്വാസികളുടെ പിതാവായ ഈ അബ്രാഹാമിനോടാണു് ഒറിജിനല്‍ ഭാര്യയായ സാറയില്‍ നിന്നും അവനു് ജനിച്ച മകനായ ഇസഹാക്കിനെ കഴുത്തറത്തുകൊന്നു് നല്ലപോലെ തീയില്‍ പൊരിച്ചു് തനിക്കു് ബലിയായി അര്‍പ്പിക്കണമെന്നു് യഹോവ കല്പിച്ചതെന്നു് ബൈബിള്‍. അതേസമയം ഇബ്രാഹിം നബിയോടു് അല്ലാഹു കല്പിച്ചതു് അവനു് ഈജിപ്ഷ്യന്‍ ദാസിയായ ഹാഗാറിനു് ജനിച്ചവനായ യിശ്മായേലിനെ കൊന്നു് പൊരിച്ചു് തനിക്കു് ബലിയായി നല്‍കാനായിരുന്നു എന്നു് ഖുര്‍ആന്‍. ഇപ്പോള്‍ നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നതു് മലയാളം പത്രങ്ങള്‍ വായിക്കുന്ന മനുഷ്യരുടെ അവസ്ഥയിലാണു്. ഏതാണു് സത്യം എന്നു് തീര്‍ത്തു് പറയാന്‍ പറ്റാത്ത അവസ്ഥ! പക്ഷേ, ഭാഗ്യത്തിനു് രണ്ടു് കഥകളിലും നായകന്‍ അബ്രാഹാം ആയതിനാല്‍ രണ്ടിന്റെയും തിരക്കഥാകൃത്തായ ദൈവം അവന്റെയും, തന്മൂലം മുസ്ലീമുകളുടെയും ദൈവം ആയിരിക്കണമെന്ന ലോജിക്ക് തെറ്റാവാന്‍ വഴിയില്ല. അതില്‍ കൂടുതല്‍ ഇവിടെ നമുക്കു് ആവശ്യവുമില്ല. കൂട്ടത്തില്‍ പറയട്ടെ, ഇത്തരം ലോജിക്കുകള്‍ വിശ്വാസികള്‍ക്കു് അജ്ഞാതമാണു്. അതുകൊണ്ടു് അവരെ ഇതൊക്കെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണു് നല്ലതു്. ഈ അബ്രാഹം തന്നെയാണു് സ്വന്തം നാട്ടിലെ ക്ഷാമം മൂലം ഈജിപ്റ്റില്‍ പോയി പാര്‍ത്തിരുന്നപ്പോള്‍, യഹോവയുടെ ഒത്താശയോടെ, സുന്ദരിയായ അവന്റെ ഭാര്യ സാറയെ ഫറവോന്റെ അരമനയില്‍ പോകാന്‍ അനുവദിച്ചതും, അതുവഴി പൊന്നു്, വെള്ളി, ദാസിമാര്‍, ദാസന്മാര്‍, ആടുമാടുകള്‍, ആണ്‍-പെണ്‍കഴുതകള്‍, ആണ്‍-പെണ്‍ഒട്ടകങ്ങള്‍ മുതലായ ഒട്ടേറെ സമ്പത്തുകള്‍ നേടിയെടുത്തു് ധനികനായതും (ഉല്പത്തി 12: 10 – 20). ഇഷ്ടം പോലെ പണമുണ്ടാക്കാന്‍ പാകത്തിനു് അന്നു് വിദ്യാഭ്യാസമേഖല ഇന്നത്തെപ്പോലെ വളര്‍ന്നിരുന്നില്ല എന്നതിനാല്‍ ഉള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചു് മുതലെടുക്കുകയല്ലാതെ വിശ്വാസികളുടെ പിതാവായ അബ്രാഹാം എന്തുചെയ്യാന്‍?
ചുരുക്കത്തില്‍, നമ്മള്‍ വരയ്ക്കാന്‍ പോകുന്ന ബൈബിളിലെ ദൈവം മൂന്നു് ലോകമതങ്ങള്‍ വിശ്വസിക്കുന്ന ദൈവമാണു്.
“യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു് മനുഷ്യനെ നിര്‍മ്മിച്ചിട്ടു് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായിത്തീര്‍ന്നു (ഉല്പത്തി 2: 7).”
ശ്രദ്ധിക്കുക: ദൈവത്തിനു് കൈകളുണ്ടു്, വായുണ്ടു്, തലയുണ്ടു്, ഉടലുണ്ടു്, ശ്വാസകോശമുണ്ടു്, ഊതാനുള്ള ശേഷിയുമുണ്ടു്. തീറ്റയും കുടിയും ബലിയായി ആവശ്യപ്പെടുന്നതിനാല്‍ വയറും കുടലും ദഹനവും തന്മൂലം മലദ്വാരവും ദൈവശരീരത്തിലെ ഒഴിവാക്കാനാവാത്ത ഭാഗങ്ങളാണു് – വസ്ത്രം ധരിച്ച ചിത്രത്തില്‍ അവ കാണില്ലെങ്കിലും.
“വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു (ഉല്പത്തി 3: 8).” (ഇവിടെ ‘അവര്‍’ എന്നതുകൊണ്ടു് ബൈബിള്‍ എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നതു്, പാപം ചെയ്തപ്പോള്‍ പരസ്പരം നഗ്നത കണ്ടതിനാല്‍, അത്തിയില എലാസ്റ്റിക് സഹിതം കൂട്ടിത്തുന്നി ഓരോ അണ്ടര്‍വെയര്‍ ഉണ്ടാക്കിയിട്ടശേഷം വൃക്ഷങ്ങളുടെയിടയില്‍ ‘ഭയം മൂലം’ ഒളിച്ചിരിക്കുന്ന ആദാം-ഹവ്വ ദമ്പതികളെയാണു്).
ഇതില്‍ നിന്നും ദൈവത്തിനു് കാലുകളുണ്ടെന്നും അവ ഉപയോഗിച്ചു് നടക്കാനാവുമെന്നും, നടക്കുമ്പോള്‍ ഒച്ച കേള്‍ക്കുമെന്നും നമ്മള്‍ മനസ്സിലാക്കുന്നു.
“നീ നഗ്നനെന്നു് നിന്നോടു് ആര്‍ പറഞ്ഞു? തിന്നരുതെന്നു് ഞാന്‍ നിന്നോടു് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു് അവന്‍ ചോദിച്ചു (ഉല്പത്തി 3: 11).”
ഇതോടെ നമ്മുടെ അറിവു് അല്പം കൂടി വര്‍ദ്ധിച്ചു: ദൈവം സംസാരശേഷിയുള്ളവനാണു്, മനുഷ്യരോടു് ചോദിക്കാതെ അറിയാനാവാത്തതുകൊണ്ടോ എന്തോ, ചില കാര്യങ്ങള്‍ നേരിട്ടു് ചോദിച്ചു് അറിയുന്നതാണു് ദൈവത്തിനു് ഇഷ്ടം.
“യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോല്‍കൊണ്ടു് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു (ഉല്പത്തി 3: 21).”
ഇതുവരെ അറിഞ്ഞതിനെല്ലാം പുറമെ, അത്യാവശ്യം കൈത്തൊഴിലുകളൊക്കെ വഴങ്ങുന്നവനുമാണു് ദൈവം എന്നു് ഇതില്‍ നിന്നും നമ്മള്‍ വായിച്ചെടുക്കുന്നു. അല്ലെങ്കില്‍ തന്നെ, ശൂന്യതയില്‍ നിന്നും ആകാശവും ഭൂമിയും സൃഷ്ടിച്ചശേഷം അതില്‍ നമ്മള്‍ കാണുന്നതും കാണാത്തതുമായ സകലതും വാരിനിറച്ച ഒരു ദൈവത്തിനു് കൈത്തൊഴിലുകള്‍ വശമില്ലെന്നു് വന്നാല്‍ കേള്‍ക്കുന്നവര്‍ ചിരിച്ചു് ചാവുകയില്ലേ?
അതായതു്, ഏതൊരു തയ്യല്‍ക്കാരനെയും പോലെ, ഒരു സാദാ മനുഷ്യന്റെ രൂപമുള്ളവനാണു് മൂന്നു് ലോകമതങ്ങള്‍ വിശ്വസിക്കുന്ന ദൈവം. ബാഹ്യരൂപം മനുഷ്യന്റേതാണെന്നപോലെതന്നെ, ഇന്ദ്രിയശേഷിയുടെ കാര്യത്തിലും ദൈവം മനുഷ്യനെപ്പോലെതന്നെ. പൊരിച്ച ഇറച്ചിയുടെ സുഗന്ധവും രുചിയും ആസ്വദിക്കാന്‍ കഴിയുന്ന, കാണാനും കേള്‍ക്കാനും സംസാരിക്കാനും തടസ്സമൊന്നുമില്ലാത്ത ഒരു നോണ്‍ വെജിറ്റേറിയന്‍! ശരിക്കും ആസ്വദിച്ചു് ആഹാരം കഴിക്കണമെന്ന ഒരു നിര്‍ബന്ധമൊഴികെ മറ്റു് കാര്യമായ ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ അറേബ്യന്‍ പെനിന്‍സുലക്കാരന്‍!
സൗരയൂഥങ്ങള്‍, ഗ്യാലക്സികള്‍, ബ്ലാക്ക് ഹോള്‍, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, ഹിഗ്സ് ഫീല്‍ഡ്, മനുഷ്യന്‍, തിമിംഗലം, വൈറസ്, ബാക്റ്റീരിയ എന്നുവേണ്ട, പ്രപഞ്ചത്തിലുള്ള സകല കുണ്ടാമണ്ടികളും സ്വന്തം വായ്കൊണ്ടും, കൈകള്‍കൊണ്ടും സൃഷ്ടിച്ചവനായ ദൈവത്തെ വരയ്ക്കാന്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ നമുക്കു് ഇതിനോടകം ബൈബിളില്‍ നിന്നും ലഭിച്ചുകഴിഞ്ഞു. വരയ്ക്കാന്‍ തുടങ്ങുകയേ വേണ്ടൂ. ഒരു മാതൃക വേണമെന്നു് നിര്‍ബന്ധമാണെങ്കില്‍, ലോകപ്രസിദ്ധ ചിത്രകാരന്മാര്‍ വരച്ച, ദൈവപുത്രനായ യേശുവിന്റെ ഏതെങ്കിലും ചിത്രം പരീക്ഷിക്കാവുന്നതാണു്. ദൈവത്തിന്റെ വസ്ത്രം ഇറ്റാലിയന്‍ മോഡലില്‍ ആവാതെ അറേബ്യന്‍ മോഡലില്‍ ആവുന്നതാണു് ഒറിജിനാലിറ്റിക്കു് നല്ലതു്.