ഡോക്കിൻസിന്റെ വാദമുഖങ്ങളുടെ ഖണ്ഡനം ഇതാ വരുന്നു, അതു് മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റുകളാണു് ഇതുപോലൊരു ലേഖനപരമ്പര എഴുതാൻ എന്നെ പ്രേരിപ്പിച്ചതുതന്നെ. അതിനുവേണ്ടി വലിയവായിൽ പ്രഖ്യാപിക്കപ്പെട്ട ആ ലേഖനങ്ങളുടെ ആരംഭം അൽപം വായിക്കാൻ ഇടവന്നു. ഭാഗ്യത്തിനു്, ആദ്യഭാഗം വായിച്ചപ്പോഴേ മനസ്സിലായി, ഒരു എലിയെയാണു് അവിടെ മലയായി വിളംബരം ചെയ്തിരിക്കുന്നതെന്നു്. ഞാൻ നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വില ആ ലേഖനപരമ്പരയുടെ വായനയിലൂടെ ലഭിക്കില്ല എന്നു് മനസ്സിലായതിനാൽ തുടർവായന നിർത്തുകയും ചെയ്തു. വായിക്കാനാണെങ്കിൽ വേറെ എത്ര വിലപിടിപ്പുള്ള പുസ്തകങ്ങൾ കിടക്കുന്നു. പിന്നീടു് ബ്ലോഗിലെ ലൈക്-മൈൻഡെഡ് ആയവരുടെ സമാനമായ ലേഖനങ്ങളിലൂടെ എന്റെ നിഗമനം പൂർണ്ണമായും ശരിയായിരുന്നുവെന്നു് വ്യക്തമാവുകയും ചെയ്തു.
ഒരു വിശ്വാസി ദൈവം ഉണ്ടെന്നു് ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കാൻ തുടങ്ങുന്നതിനു് മുൻപു് ഏതു്’ ദൈവത്തിന്റെ അസ്തിത്വമാണു് താൻ തെളിയിക്കാൻ തുടങ്ങുന്നതെന്നു് ആരും ആവശ്യപ്പെടാതെതന്നെ അവൻ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം, ആരെങ്കിലും അങ്ങനെ ഒരാവശ്യം മുന്നോട്ടു് വയ്ക്കുമ്പോഴെങ്കിലും ഏതാണു് തന്റെ ദൈവം എന്നു് പറയാൻ അവൻ ബാദ്ധ്യസ്ഥനാണു്. ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിക്കുന്ന വിശ്വാസി ഒരു മുസ്ലീമാണെങ്കിൽ, തന്റെ ദൈവം അല്ലാഹു ആണെന്നും, ആ ദൈവമാണു് ഏകദേശം 1400 വർഷങ്ങൾക്കു് മുൻപു് മുഹമ്മദിനു് ഖുർആൻ വെളിപ്പെടുത്തിക്കൊടുത്തതെന്നും അംഗീകരിക്കുന്നതിൽ എന്താണു് പ്രശ്നം എന്നെനിക്കറിയില്ല. അതുപോലൊരു ദൈവത്തിന്റെ നാമം പോലും ബിഗ്-ബാംഗ്, ക്വാണ്ടം മെക്കാനിക്സ് മുതലായ സങ്കീർണ്ണ ശാസ്ത്രജ്ഞാനവുമായി ഒരേ ലെവലിൽ നിർത്താനാവുന്നതല്ലെന്നു് ഖുർആൻ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ള ആർക്കും സമ്മതിക്കാതിരിക്കാനാവില്ല. അതുപോലൊരു സാഹചര്യത്തിൽ, ഒരു ദൈവാസ്തിത്വചർച്ച ഒരു നിമിഷം പോലും തുടരേണ്ട ആവശ്യമില്ല. കാരണം, ഖുർആനിൽ പറയുന്നതുപോലൊരു സ്യൂപ്പർ നാച്യുറൽ ഗോഡ് നിലനിൽക്കുന്നില്ല എന്നു് തെളിയിക്കാൻ വലിയ ലേഖനപരമ്പരയൊന്നും ആവശ്യമില്ല. ഒരു വിശ്വാസി അതു് അംഗീകരിക്കുമോ ഇല്ലയോ എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. ദൈവത്തിനെതിരെ അനിഷേദ്ധ്യമായ എത്ര തെളിവുകൾ നിരത്തിയാലും ദൈവവിശ്വാസിയായ ഒരുവൻ അവയൊന്നും അംഗീകരിക്കുകയില്ല. മറ്റു് വാക്കുകളിൽ പറഞ്ഞാൽ: തന്റെ വേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസഹായമില്ലാതെ മനസ്സിലാക്കാൻ മാത്രം ബൗദ്ധികവളർച്ച പ്രാപിച്ചവനാണു് ഒരുവനെങ്കിൽ, ഒരു വിശ്വാസിയായി തുടരാൻ അവനു് സാദ്ധ്യമല്ലതന്നെ. യുക്തിബോധം എന്നാൽ എന്തെന്നു് മനസ്സിലാക്കാതെ, ഒരു പുസ്തകമോ രണ്ടു് ലേഖനങ്ങളോ വായിച്ചതിന്റെ പേരിൽ “യുക്തിവാദി” ആവുന്നവൻ, അടുത്ത തലവേദന വരുമ്പോൾ വീണ്ടും ദൈവവിശ്വാസിയായി മാറിയിരിക്കും. അത്തരക്കാർ യഥാർത്ഥത്തിൽ ഒരിക്കലും യുക്തിവാദികൾ ആയിത്തീർന്നിരുന്നില്ല എന്നതാണു് സത്യം. അതിനുവേണ്ട ലോജിക്കൽ ആൻഡ് ഫിലോസഫിക്കൽ ഡെപ്ത് അവരുടെ ചിന്തകൾ ഒരിക്കലും കൈവരിച്ചിട്ടുണ്ടായിരുന്നില്ല. അവർ യുക്തിവാദത്തിന്റെ ഇടക്കാല മെഗാഫോണുകൾ മാത്രമായിരുന്നു. അങ്ങനെയുള്ളവർ വിശ്വാസികൾ ആവുന്നതുതന്നെയാണു് അവർക്കും യുക്തിവാദികൾക്കും നല്ലതു്.
അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകൾ താൻ സംശയരഹിതമായി സ്ഥാപിച്ചു എന്നു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരുവൻ പറയുന്നതു്, ഭൂമി പരന്നതാണെന്നു് താൻ തെളിയിച്ചു എന്നു് അവൻ തന്നെ പറയുന്നതിനു് തുല്യമാണു്. ന്യൂട്ടൺ, ഐൻസ്റ്റൈൻ, കാന്റ് മുതലായവരുടെയൊക്കെ ഒപ്പമാണു് അവന്റെ സ്ഥാനം. പക്ഷേ, ഒരുവനു് തോന്നുന്ന മതിഭ്രമം അജ്ഞരുടെ ഇടയിൽ വെളിപാടുകളായി അംഗീകരിക്കപ്പെടുന്നതുപോലെ അത്ര എളുപ്പം ശാസ്ത്രജ്ഞരുടെയോ തത്വചിന്തകരുടെയോ ഇടയിൽ സത്യമായി അംഗീകരിക്കപ്പെടുകയില്ല. “തോമാസ് അക്വീനാസ് നൽകിയ അഞ്ചു് അമൂർത്തമായ തെളിവുകളെ ഡോക്കിൻസ് ഖണ്ഡിക്കാൻ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിലെ അബദ്ധങ്ങൾ വിശദീകരിച്ചു് അക്വീനാസിന്റെ അഞ്ചു് അമൂർത്ത തെളിവുകളേയും ഞാൻ യുക്തിപരമായും ശാസ്ത്രീയമായും സമർത്ഥിക്കുകയും ചെയ്തിരുന്നു.” എന്ന ശ്രീമാൻ എൻ. എം. ഹുസൈന്റെ ഒരൊറ്റ വാചകം മതി അദ്ദേഹം അറിവിന്റെ ഏതു് കാലഘട്ടത്തിലാണു് നിൽക്കുന്നതെന്നു് മനസ്സിലാക്കാൻ. അക്വീനാസിന്റെ തെളിവുകൾ ഡോക്കിൻസ് ഖണ്ഡിക്കാൻ “ശ്രമിക്കുക” മാത്രമല്ല, ഖണ്ഡിക്കുകയും ചെയ്തു എന്നു് ആ പുസ്തകം വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. തന്നെയുമല്ല, അക്വീനാസിന്റെ തെളിവുകളെ ഖണ്ഡിച്ചതിന്റെ നേട്ടം ഡോക്കിൻസിന്റേതല്ല, അവ പണ്ടേ ഖണ്ഡിക്കപ്പെട്ടവയാണു്. 6/7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മുഹമ്മദിന്റെ ഖുർആൻ ദൈവവചനമാണെന്നു് കട്ടായമായും വിശ്വസിക്കുന്ന ശ്രീ എൻ. എം. ഹുസൈൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്വീനാസിന്റെ പണ്ടേ ഖണ്ഡിക്കപ്പെട്ട തത്വങ്ങൾ തന്റെ നിലപാടുകൾക്കു് യോജിച്ചതായതുകൊണ്ടു് ഇന്നും സാധുവാണെന്നു് വിശ്വസിക്കുന്നു, അതു് കേൾക്കുന്നവരെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുമെന്നു് കരുതുകയും ചെയ്യുന്നു. ശരിയാണു്, കേരളത്തിലെ നൂറുശതമാനം വിശ്വാസികളും മതഭേദമെന്യേ അതൊക്കെ വിശ്വസിച്ചെന്നുവരും. അക്വീനാസിനെ പോയിട്ടു് സ്വന്തം മതഗ്രന്ഥമായ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാത്തവരാണു് വിശ്വാസിപ്പട്ടം കെട്ടി കേരളത്തിലൂടെ നടക്കുന്ന മിക്കവാറും മുഴുവൻ പേരും. അതാണു് വ്യാഖ്യാതാക്കളുടെ തുറുപ്പുചീട്ടും. എല്ലാം പൊട്ടന്മാരാവുമ്പോൾ തങ്ങളുടെ ചെമ്പു് തെളിയും എന്ന ഭയം വേണ്ടല്ലോ.
ശ്രീ എൻ. എം. ഹുസൈനുമായി ഗഹനമായ ഒരു ചർച്ചയുടെ അർത്ഥശൂന്യതയാണു് ഇതു് വെളിപ്പെടുത്തുന്നതു്. എന്നിട്ടും ഒരു ചർച്ചക്കു് തയ്യാറായ Jack Rabbit, സുശീൽകുമാർ എന്നിവരുടെ നേരെ പ്രയോഗിക്കുന്ന ശൈലിയിൽ നിന്നും ഏതു് മാർഗ്ഗത്തിലൂടെയാണു് ഹുസൈൻ തന്റെ വാദം “ജയിക്കാൻ” ശ്രമിക്കുന്നതെന്നു് മനസ്സിലാവും. “ഞാൻ ഒരു ആനയാണു്, നീ ഒരു കുഴിയാനയും” എന്ന രീതിയിലുള്ള പൊങ്ങച്ചപ്രകടനം വസ്തുതാപരമായി ആരെയും എങ്ങും എത്തിക്കുന്നില്ല. “അല്ലാഹു എന്ന ഏകദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലാഹു 1400 കൊല്ലം മുൻപു് മുഹമ്മദിനു് ഒരു മാർഗ്ഗനിർദ്ദേശം (ദിവ്യമായ) കൊടുത്തു എന്നും താങ്കൾ കരുതുന്നുണ്ടോ? ദയവായി ഈ ചോദ്യത്തിനു് ഉത്തരം തരിക, ധൈര്യമായി.” എന്ന, ഒറ്റവാക്യത്തിൽ മറുപടി പറയാമായിരുന്ന Dr.Doodo-വിന്റെ ഒരു കമന്റിനു് മറ്റാരോ വന്നു് കുറെ ഗീർവ്വാണം അടിച്ചതല്ലാതെ, ഹുസൈന്റെ വകയായി ഒരുത്തരവും നൽകിക്കണ്ടില്ല. ദൈവത്തെപ്പറ്റിയുള്ള ഒരു ചർച്ചയിൽ നീ ഏതു് ദൈവത്തിലാണു് വിശ്വസിക്കുന്നതു് എന്ന മൗലികമായ ചോദ്യം അനുവദനീയമല്ലെങ്കിൽ പിന്നെ എന്താണു് അനുവദനീയം എന്നെനിക്കറിയില്ല. ഇത്തരം സമീപനം കൊണ്ടു് ഒരു ചവറു് ചർച്ച വെറുതെ നീട്ടിക്കൊണ്ടു് പോകാമെന്നല്ലാതെ, മറ്റു് പ്രയോജനം ഒന്നുമില്ല.
ഇത്രയും എഴുതിയതു്, അവിടെ നടക്കുന്ന ചർച്ചയിൽ ഞാൻ എന്തുകൊണ്ടു് പങ്കെടുക്കുന്നില്ല എന്നു് സൂചിപ്പിക്കാനാണു്. എന്നിട്ടും, ഈ വിഷയത്തിൽ ചില ലേഖനങ്ങൾ എഴുതാൻ ഞാൻ തീരുമാനിച്ചതു് ഹുസൈൻ പറയുന്നതുപോലെയൊന്നുമല്ല ഡോക്കിൻസ് ഈ കാര്യങ്ങൾ വിവരിച്ചിരിക്കുന്നതെന്നു് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവൻ എന്ന നിലയിൽ എന്റെ വായനക്കാരെ അറിയിക്കാൻ ഒരു ബാദ്ധ്യത എനിക്കുണ്ടെന്നു് തോന്നുന്നതുകൊണ്ടാണു്. അതുകൊണ്ടു്, ഇതു് ഹുസൈനുമായുള്ള ഒരു ചർച്ചയായി കാണാതിരിക്കുക. ഹുസൈൻ ജാക്ക് റാബിറ്റും സുശീൽകുമാറുമായി നടത്തുന്ന “ചർച്ച” തന്നെ അത്തരം ഒരു ചർച്ചയുടെ അർത്ഥശൂന്യതയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. മലയാളക്കരയിലെ ചർച്ചകൾ വ്യക്തിപരമായ ആക്രമണങ്ങളായി അധഃപതിക്കുന്നതു്, എന്റെ അഭിപ്രായത്തിൽ, വിഷയത്തിലുള്ള അജ്ഞത കൊണ്ടാവാനേ തരമുള്ളു.
വിഷയത്തിലേക്കു്:
അമേരിക്കയുടെ മൂന്നാം പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൺ: “അമൂർത്തമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതു് ശൂന്യതയെപ്പറ്റി സംസാരിക്കുന്നതുപോലെയാണു്. മനുഷ്യന്റെ ആത്മാവും, മാലാഖമാരും, ദൈവങ്ങളും അമൂർത്തമാണെന്നു് പറയുന്നതു് അവ ഒന്നുമല്ല എന്നു് പറയുന്നതിനു്, അഥവാ, ദൈവമില്ല, മാലാഖമാരില്ല, ആത്മാവില്ല എന്നു് പറയുന്നതിനു് തുല്യമാണു്. സ്വപ്നങ്ങളുടേയും മായക്കാഴ്ച്ചകളുടെയും നിലകാണാനാവാത്ത അഗാധഗർത്തങ്ങളിലേക്കു് വീണുകൊണ്ടല്ലാതെ അവയെ യുക്തിസഹമായി ന്യായീകരിക്കാൻ എനിക്കു് കഴിയുകയില്ല. യഥാർത്ഥത്തിൽ ഉണ്ടായേക്കാമെങ്കിലും, എനിക്കു് യാതൊരു തെളിവുമില്ലാത്തവയെപ്പറ്റി ചിന്തിച്ചു് എന്നെ പീഡിപ്പിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്യാതെതന്നെ, നിലനിൽക്കുന്ന കാര്യങ്ങളിൽ ഞാൻ സംതൃപ്തനും, വേണ്ടത്ര വ്യാപൃതനുമാണു്.”
ദൈവം ഇല്ല എന്നു് തർക്കിക്കേണ്ട ആവശ്യം സത്യത്തിൽ ഒരു നിരീശ്വരവാദിക്കില്ല. ഭൗതികമായ അളവുകളോ, ഗുണങ്ങളോ, നിലനിൽപ്പോ ഇല്ലാത്ത അവസ്ഥയാണു് സാധാരണഗതിയിൽ അമൂർത്തത എന്നതുകൊണ്ടു് വിവക്ഷിക്കുന്നതു്. ഭൗതികമല്ലാത്തതിനാൽ അമൂർത്തത ജീവജാലങ്ങൾക്കു് അനുഭവവേദ്യവുമല്ല. ഞാൻ ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നൊരു വിശ്വാസി അവകാശപ്പെടുന്നുവെങ്കിൽ, മറ്റാർക്കും അവന്റെ തലയിൽ കയറി നോക്കാൻ ആവില്ലാത്തിടത്തോളം, അവൻ അനുഭവിക്കുന്നതു് എന്താണെന്നു് പറയേണ്ട ചുമതല അവന്റേതുമാത്രമാണു്. (ന്യൂറോസയൻസ് നല്ല മുന്നേറ്റം കൈവരിക്കുന്നുണ്ടെങ്കിലും, തലച്ചോറിന്റെ ഒരു പൂർണ്ണവിശകലനം ഇതുവരെ സാദ്ധ്യമായിട്ടില്ല. അതുകൊണ്ടു് ഒരിക്കലും സാദ്ധ്യമാവുകയില്ല എന്നു് അർത്ഥവുമില്ല.) ഇന്ദ്രിയങ്ങൾ വഴി, തലച്ചോറിലൂടെ വിശ്വാസി അനുഭവിക്കുന്ന ദൈവം, ഭൗതികമായ ഒന്നാണെങ്കിൽ അതു് നിരീശ്വരവാദികളുടെ ഇന്ദ്രിയങ്ങൾക്കും ഗോചരമായിരിക്കണം. ഇനി, ഈ ദൈവം എന്നതു് നിരീശ്വരവാദികൾക്കു് അനുഭവിക്കാനാവാത്ത വല്ല പ്രത്യേകതരം ഭൗതികതയുമാണെങ്കിൽ, “അവനെ” ചുരുങ്ങിയപക്ഷം അന്യമതസ്ഥർക്കെങ്കിലും (ഉദാ. മുസ്ലീമിന്റെ ദൈവത്തെ ഹിന്ദുവിനും, നേരേ മറിച്ചും) കാണാനോ, കേൾക്കാനോ, തൊടാനോ, മണക്കാനോ, രുചിക്കാനോ ഒക്കെ കഴിയണം. കണ്ടെന്നോ, കേട്ടെന്നോ പറഞ്ഞാൽ മാത്രം പോരാ, അതു് വെരിഫയബിൾ ആയിരിക്കുകയും വേണം. അതു് ഇതുവരെ സാദ്ധ്യമായിട്ടില്ലാത്ത ഒരു കാര്യമാണു്. ഒരു കല്ലു് മുകളിലേക്കെറിഞ്ഞാൽ അതു് തിരിച്ചു് ഭൂമിയിൽ പതിക്കുന്നതിനുള്ള പ്രോബബിലിറ്റി 99.9999…. ശതമാനമാണെന്നു് പറയാം. എങ്കിലും അതു് താഴെ വീഴാതെ മുകളിലേക്കുതന്നെ പോയിക്കൊണ്ടിരിക്കുന്നതിനുള്ള ഒരു 0.000….1 ശതമാനം പ്രോബബിലിറ്റി തള്ളിക്കളയാനാവുകയുമില്ല. അതുകൊണ്ടു്, ഒരു ഭൗതികദൈവത്തിന്റെ വെരിഫയബിൾ പെർസ്സെപ്ഷൻ, അവഗണനാർഹമായ വിധം നിസ്സാരമാണെങ്കിലും, തത്വത്തിൽ അങ്ങനെയൊന്നു് അംഗീകരിക്കാതിരിക്കാനാവില്ല. പക്ഷേ, ഒരു കല്ലും ദൈവവും തമ്മിലുള്ള പ്രധാനമായ വ്യത്യാസം, മുകളിലേക്കെറിയുന്ന കല്ലു് തിരിച്ചു് താഴേക്കു് വീഴുന്നതു് കണ്ണുള്ള എല്ലാ മനുഷ്യരും എണ്ണമറ്റ വട്ടം കണ്ടിട്ടുണ്ടെന്നതും, ഭൗതികമായ ഒരു ദൈവത്തെ ആരും ഇതുവരെ കണ്ടിട്ടില്ലെന്നതുമാണു്. കോടാനുകോടി മനുഷ്യർ “അനുഭവിക്കുന്ന” ഒരു ദൈവത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ചും “അവൻ” ഭൗതികനെങ്കിൽ, ഈ വ്യത്യാസം കോടാനുകോടി മറുപടിയില്ലാത്ത ചോദ്യചിഹ്നങ്ങളാണു് ഉയർത്തുന്നതു്.
പിന്നെയൊരു സാദ്ധ്യതയുള്ളതു്, ദൈവം അമൂർത്തമായ ഒരു ആശയവും, മനുഷ്യമനസ്സിലെ ആ ദൈവത്തിന്റെ അനുഭവമെന്നതു്, ഒരു മസ്തിഷ്കഭൂതവും ആയിരിക്കാമെന്നതാണു്. അതാണു് ശരിയും. ഈ വസ്തുത നിത്യേനയെന്നോണം നമ്മൾ കാണുന്നതാണു്. ഔദ്യോഗിക മതങ്ങളിലെ വിശ്വാസികൾ കൂടിച്ചേരുന്നിടത്തു് മാത്രമല്ല, ചെറിയ ചെറിയ സെക്റ്റുകൾ സമ്മേളിക്കുന്നിടത്തും മാനസികവിഭ്രാന്തി ബാധിച്ചാലെന്നതുപോലെ എത്രയോ മനുഷ്യർ അപസ്മാരരോഗികളെപ്പോലെ നിയന്ത്രണാതീതമായ ശാരീരികചേഷ്ടകളിൽ മുഴുകുന്നതു് കാണാൻ കഴിയും. അത്തരം സംഘങ്ങളിൽ ഉൾപ്പെടാതെ അവരെ പുറമെനിന്നു് വീക്ഷിക്കണം എന്നേയുള്ളു. ജനിച്ചുവളർന്ന മതത്തിൽ സാമുദായികമര്യാദകളുടെ പേരിൽ നിലകൊള്ളുകയും, ആവർത്തനം മൂലം റുട്ടീൻ ആയി മാറിയ “കടപ്പാടുകൾ” യാന്ത്രികമായി നിറവേറ്റുകയും ചെയ്യുന്ന നിരുപദ്രവകാരികൾ മുതൽ, ചികിത്സകൊണ്ടുപോലും മാറ്റാൻ കഴിയാത്തവിധം “റിലീജിയസ് മേനിയ” ബാധിച്ചവർ വരെ ഇക്കൂട്ടത്തിൽ പെടും. ഇത്തരം അബ്നോർമാലിറ്റി മതവിശ്വാസത്തിൽ മാത്രമല്ല, മാനസികരോഗികളായവരുടെ ജീവിതത്തിലും കാണാവുന്നതാണു്. മറ്റാർക്കും കാണാൻ കഴിയാത്ത എലിയും പാറ്റയുമൊക്കെ ഭിത്തിയിലൂടെ കയറുന്നതും, നിരന്തരം ആരോ പിന്തുടരുന്നുവെന്ന വിട്ടുമാറാത്ത ഭീതിയും, താൻ മറ്റാരോ ആണെന്ന മിഥ്യാബോധവുമെല്ലാം മാനസികതലത്തിൽ സംഭവിക്കുന്ന പാളംതെറ്റലുകളിൽ ചിലതു് മാത്രമാണു്. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല വിശ്വാസികളായ മനുഷ്യർ മനസ്സിൽ “അനുഭവിച്ചു്” അറിയുന്നു എന്നു് ആണയിടുന്ന അവരുടെ ദൈവവും. ദൈവം എന്നതു് സാങ്കൽപികമായ ഒരു ആശയം മാത്രമാണെന്നും, ഈ ആശയത്തിനു് തലച്ചോർ നൽകുന്ന ഒരു കണ്‍സ്ട്രക്ട് മാത്രമാണു് ദൈവം എന്നതുമാണു് യുക്തിസഹമായ ഒരേയൊരു “ദൈവസാദ്ധ്യത”. നമ്മൾ ഒരു മലയോ മരമോ കാണുമ്പോൾ അവ നമ്മുടെ തലയ്ക്കുള്ളിൽ “മൂർത്തമായി” നിലനിൽക്കുന്നില്ല. സൂര്യനോ ചന്ദ്രനോ പപ്പടം പോലെ ചെറുതോ, നക്ഷത്രങ്ങൾ തിരിവെളിച്ചങ്ങളോ അല്ല. അതേസമയം, തലച്ചോറിനു് പുറമെയുള്ള ഇവയെല്ലാം മൂർത്തമാണുതാനും. ഇതിൽനിന്നും വിരുദ്ധമായി, തലച്ചോറിനു് വെളിയിൽ മൂർത്തമായ ഒരു നിലനിൽപും ഇല്ലാത്ത ഒരു ദൈവം തലച്ചോറിൽ രൂപമെടുക്കുന്നതു് വളർത്തലിലൂടെയാണു്. മുട്ടിലിഴയുന്ന ഒരു കുഞ്ഞു് എഴുന്നേറ്റും വീണും വീണ്ടും എഴുന്നേറ്റും രണ്ടുകാലിൽ ബാലൻസ് ചെയ്തു് നടക്കാൻ ശീലിക്കുന്നതുപോലെയും, നമ്മൾ സൈക്കിൾചവിട്ടൽ, ഡ്രൈവിംഗ് മുതലായവയെല്ലാം പഠിക്കുന്നതുപോലെയും, ഈ ദൈവസൃഷ്ടിയും ഓട്ടോമാറ്റിക് ആയി തലച്ചോറിൽ പതിയുന്ന ഒരു കാര്യമാണു്. ഓരോരുത്തരുടെ തലയിലും അവരുടേതായ ഒരു “ദൈവരൂപം” ആയിരിക്കും ഉണ്ടായിരിക്കുക. പല പുരാതന മതങ്ങളിലും കാണാനാവുന്നപോലെ, അനേകം കൈകാലുകളോ, തലകളോ, മറ്റവയവങ്ങളോ ഉള്ള വിചിത്രരൂപങ്ങളെ സങ്കൽപിക്കാൻ മനുഷ്യനു് ഒരു ബുദ്ധിമുട്ടുമില്ല. ഭാവനയ്ക്കു് പരിധികളില്ല. അതുപോലെതന്നെ, ഇല്ലാത്ത ഒരു ദൈവത്തിനു് ഒരു സാങ്കൽപികരൂപം സൃഷ്ടിച്ചെടുക്കുക എന്നതു് തലച്ചോറിനു് വളരെ എളുപ്പം കഴിയുന്ന ഒരു കാര്യമാണു്. ഉദാഹരണത്തിനു്, പുതിയതായി പരിചയപ്പെടുന്ന ഒരു വ്യക്തിയുടെ രൂപം, ഒരു പുതിയമുറിയിൽ പ്രവേശിക്കുമ്പോൾ ആ മുറിയുടെ ഒരു കോപ്പി, ഇവയൊക്കെ ഓരോ ചെറിയ ഡീറ്റെയിൽസും മനസ്സിലാക്കിയശേഷമല്ല തലച്ചോറിൽ ശേഖരിക്കപ്പെടുന്നതു്. വീണ്ടും തിരിച്ചറിയാൻ മതിയായ ചില മൂലബിന്ദുക്കൾ ആദ്യകാഴ്ചയിൽത്തന്നെ സേവ് ചെയ്യപ്പെടുന്നു. ഓരോ വിശദാംശങ്ങളും പരിശോധിച്ചശേഷമേ ഒരു തിരിച്ചറിയൽ സാദ്ധ്യമാവുമായിരുന്നുള്ളു എങ്കിൽ, ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ.
അനന്തരവനു് എഴുതിയ ഒരെഴുത്തിൽ വീണ്ടും ജെഫേഴ്സൺ: “ബലഹീനമനസ്സുകളെ കീഴടക്കി പാദസേവകരാക്കുന്ന അടിമത്വപരമായ മുൻവിധികളെ എല്ലാം ഒഴിവാക്കുക. യുക്തിയെ അതിന്റെ സീറ്റിൽ ഉറപ്പിച്ചു് ഓരോ വസ്തുതയ്ക്കും ഓരോ അഭിപ്രായത്തിനും അതിന്റെ ന്യായാസനത്തെ ആശ്രയിക്കുക. ദൈവത്തിന്റെ അസ്തിത്വത്തെപ്പോലും ധൈര്യപൂർവ്വം ചോദ്യം ചെയ്യുക, കാരണം, അങ്ങനെയൊന്നു് ഉണ്ടെങ്കിൽ, അവൻ കണ്ണുമൂടപ്പെട്ട ഭയത്തേക്കാൾ, യുക്തിയോടുള്ള ആദരവിനെ കൂടുതൽ അംഗീകരിക്കുന്നവനായിരിക്കണം.”
(തുടരും)