RSS

Daily Archives: Jan 21, 2012

കവലയിലെ കാവല്‍ക്കാര്‍

ചെറുപ്പത്തില്‍ എനിക്കു്‌ നസ്രാണി ജാതിയില്‍ പെട്ട ഒരു മരപ്പണിക്കാരന്‍ അയല്‍വാസിയായി ഉണ്ടായിരുന്നു. യേശുവും പിതാവായ ജോസഫും മരപ്പണിക്കാരായിരുന്നു, പിന്നെ ഇതില്‍ എന്തിത്ര കാര്യം എന്നു്‌ ഒരുപക്ഷേ ആര്‍ക്കെങ്കിലും തോന്നിയേക്കാം. മരപ്പണിക്കാരും കല്പണിക്കാരും അറവുകാരുമൊന്നും ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സാക്ഷാല്‍ യഹോവയ്ക്കും മനുഷ്യനെ സൃഷ്ടിക്കാനായി ഒരു കുശവനെപ്പോലെ കുത്തിയിരുന്നു്‌ മണ്ണു്‌ കുഴക്കേണ്ടിവന്നു എന്ന വസ്തുത യഹോവാസാക്ഷികള്‍ പോലും സമ്മതിക്കും. പിന്നെയെന്താണു്‌ പ്രശ്നം? പ്രശ്നം ഞാനും എന്റെ അയല്‍വാസിയും ജീവിച്ചിരുന്നതു്‌ ഭാരതത്തില്‍ ആയിരുന്നു എന്നതാണു്‌. അവിടെ ക്ലോക്കുകള്‍ക്കു്‌ കീ കൊടുക്കുന്ന രീതി ഇല്ലാത്തതിനാല്‍ പണ്ടേതന്നെ വളരെ സാവകാശം നടന്നിരുന്ന സമയമാപിനികള്‍ ഇപ്പോള്‍ ഒരുപാടു്‌ നൂറ്റാണ്ടുകള്‍ പിന്നിലായാണു്‌ സഞ്ചാരം. തന്മൂലം ജാംബവാന്റെ ചെറുപ്പകാലത്തു്‌ ജീവിച്ചിരുന്ന ചില ഗുരുക്കള്‍ ധ്യാനങ്ങളിലൂടെയും പൂജകളിലൂടെയും അതീന്ദ്രിയ ജ്ഞാനത്തിലൂടെയുമെല്ലാം നേടിയെടുത്തു്‌ ഭാരതീയനു്‌ കാലാകാലം കൈവശം വച്ചു്‌ അനുഭവിക്കുന്നതിനായി നല്‍കിയിട്ടുള്ള നിയമാവലികളും പെരുമാറ്റച്ചട്ടങ്ങളും ഇന്നും മാറ്റമൊന്നും സംഭവിക്കാതെയാണു്‌ അവിടെ നിലകൊള്ളുന്നതു്‌. ഓരോരോ മൃഗങ്ങളോടും “ഞാന്‍” എങ്ങനെ പെരുമാറും, “നീ” എങ്ങനെ പെരുമാറണം എന്ന കാര്യങ്ങളെല്ലാം അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടു്‌. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ചെയ്യാന്‍ അര്‍ഹതപ്പെട്ട പ്രൊഫഷനുകള്‍ ഏതെല്ലാമെന്നു്‌ അറിയാന്‍ ഗ്രന്ഥം തുറന്നു്‌ നോക്കുകയേ വേണ്ടൂ. ഉദാഹരണത്തിനു്‌, എലിക്കു്‌ മാത്രം ചുമക്കാന്‍ അനുവാദമുള്ള ദൈവത്തെ യാതൊരു കാരണവശാലും ഒരു പോത്തു്‌ ചുമന്നുകൊണ്ടു്‌ നടക്കരുതു്‌. മനുഷ്യരായാലും അതുപോലെതന്നെ. മരപ്പണിക്കാരന്‍ ചോറ്റുക്ലബ്ബു്‌ തുടങ്ങരുതു്‌. മരപ്പണിക്കാരനായിരുന്നിട്ടും പത്തയ്യായിരം പേര്‍ക്കു്‌ സദ്യ നല്‍കിയ യേശു ഭാരതത്തില്‍ ആയിരുന്നു ജീവിച്ചിരുന്നതെങ്കില്‍ അതുമാത്രം മതിയായിരുന്നു കുരിശുമരണത്തിനു്‌ അര്‍ഹനാവാന്‍. അതേസമയം, താന്‍ ദൈവമാണെന്നു്‌ പറയുന്നതു്‌ ഭാരതത്തില്‍ ഒരു കുറ്റമേ അല്ല. അവിടെ അത്തരക്കാരെ ദൈവങ്ങളായിത്തന്നെ അംഗീകരിക്കുകയും പൂജിക്കുകയുമാണു്‌ പതിവു്‌. ഈവിധമെല്ലാം ലോകാവസാനത്തോളം മാറ്റമില്ലാത്ത നിയമാവലികള്‍ക്കു്‌ വിഘ്നം വരുത്തി ദൈവകോപത്തിനു്‌ ഇരയാവാതിരിക്കാനാവണം ഞങ്ങളുടെ ഭാഗത്തും മരപ്പണി ചെയ്തിരുന്നതു്‌ ജാതീയമായി “ആശാരി” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി മുടി വെട്ടിയിരുന്നതു്‌ ഒരു ക്ഷൗരക്കാരനും, മുഷിഞ്ഞ തുണികള്‍ വീടുകളില്‍ വന്നു്‌ ശേഖരിച്ചുകൊണ്ടുപോയി അലക്കി തേച്ചുമടക്കി തിരിച്ചെത്തിച്ചിരുന്നതു്‌ ഒരു വേലനും വേലത്തിയുമായിരുന്നു. വാക്കത്തി, മഴു മുതലായ മാരകായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതു്‌ ഒരു കൊല്ലനായിരുന്നു. കൊല്ലന്റെ ആലയിലെ ഉല ഒരര്‍ത്ഥത്തില്‍ ഒരു സ്ഥാവരവസ്തു ആയതിനാല്‍ ഉലയുമായി ആവശ്യക്കാരുടെ വീടുകളില്‍ നേരിട്ടു്‌ ഹാജരായി ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിയുക എന്ന ബഹുമതി കൊല്ലനുണ്ടായിരുന്നില്ല. ഈ കുറവു്‌ പരിഹരിക്കാനെന്നോണം ഗ്രാമവാസികളുടെ ഓര്‍ഡറോ, സ്വന്തം മനോധര്‍മ്മമോ അനുസരിച്ചു്‌ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു്‌ അവന്‍ കൃതാര്‍ത്ഥനാവുകയായിരുന്നു പതിവു്‌. അരിവാള്‍, ചുറ്റിക, കോടാലി, തൂമ്പ മുതലായ ഏതാനും സൊഫിസ്റ്റിക്കേറ്റഡ് ഇന്‍സ്റ്റ്റുമെന്റുകളില്‍ കവിഞ്ഞ ഡിമാന്‍ഡ്സ് ഒന്നും ആ പ്രദേശത്തു്‌ ആര്‍ക്കും ഇല്ലാതിരുന്നതിനാല്‍ സപ്ലൈയും അതിനനുസരിച്ചു്‌ എളുപ്പമായിരുന്നു. മിക്കവാറും എല്ലാ കൈത്തൊഴിലുകളും ജാതികളുടെ പരമാധികാരത്തിന്‍ കീഴില്‍ അമര്‍ന്നിരുന്നു എന്നു്‌ ചുരുക്കം. ആരെങ്കിലും ഈ ജാതികളില്‍ പെട്ട ആരെയെങ്കിലും ബൂര്‍ഷ്വാസികളുടെയിടയില്‍ സാധാരണമായ രീതിയിലുള്ള ഒരു പേരു്‌ വിളിച്ചു്‌ സംസാരിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. സ്വന്തം കുടിലില്‍ ആയിരിക്കുമ്പോള്‍ ബന്ധുക്കളാല്‍ അഭിസംബോധനം ചെയ്യപ്പെടാനായി അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു്‌ അതുപോലുള്ള പേരുകള്‍ നല്‍കിയിരുന്നോ എന്നും എനിക്കു്‌ അറിയില്ല.

ഇതുപോലെ മാതൃകാപരമായ ഒരു സാമൂഹികസംതുലിതാവസ്ഥ നിലനിന്നിരുന്ന ഒരു പറുദീസയിലേക്കാണു്‌ ഒരു നസ്രാണി ആയിരുന്ന മേല്പറഞ്ഞ മരപ്പണിക്കാരന്‍ കടന്നുവന്നതു്‌. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ യേശുക്രിസ്തുവിനാല്‍ മാമൂദീസ മുക്കപ്പെട്ടവരാണെന്നും അതല്ല, വിശുദ്ധ തോമാശ്ലീഹായാണു്‌ അവരെ മുക്കിയതെന്നും രണ്ടു്‌ അഭിപ്രായം ക്രൈസ്തവ ചരിത്രകാരന്മാരുടെയിടയില്‍ ഇന്നും നിലവിലുണ്ടു്‌. ആ കഥകളിലെ ശരിതെറ്റുകള്‍ എന്തുതന്നെ ആയാലും, നമ്മുടെ കഥാനായകന്‍ നസ്രാണി ഒരിക്കലും പള്ളിയില്‍ പോവുകയോ കുരിശു്‌ വരക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനായിരുന്നില്ല. അതു്‌ ആ പ്രദേശത്തെ രക്ഷിക്കപ്പെട്ടവരായ സ്ത്രീകളുടെയിടയില്‍ കുശുകുശുപ്പിനും, അന്ത്യനാളിലെ ശിക്ഷാവിധിയില്‍ നിന്നും മോചിതരെന്നു്‌ ഉറപ്പുള്ളവരായിരുന്ന പുരുഷന്മാരുടെയിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കാരണമായി. തത്ഫലമായി മരപ്പണിക്കാരന്‍ കുറ്റവിസ്താരണയ്ക്കായി പീലാത്തോസിന്റെ സന്നിധിയിലേക്കു്‌ ആനയിക്കപ്പെട്ടു. കുരിശു്‌ വരയ്ക്കല്‍ ഏതു്‌ കുഞ്ഞിനും കഴിയുന്ന കാര്യമാണെന്നും, അതേസമയം കുരിശു്‌ നിര്‍മ്മിക്കല്‍ ഒരു മരപ്പണിക്കാരനു്‌ മാത്രമേ കഴിയൂ എന്നും, യേശുതന്നെ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു എന്നും, എല്ലാറ്റിലുമുപരി ഇവിടത്തെ ഇടവകപ്പള്ളിയില്‍ ഇപ്പോള്‍ ദൈവസ്ഥാനം അലങ്കരിക്കുന്നതും ആരാധിക്കപ്പെടുന്നതുമായ കുരിശു്‌ തന്റെ സ്വന്തം കൈവേലയാണെന്നും, തന്റെ കൈവേലയെ താന്‍ തന്നെ ആരാധിക്കുന്നതു്‌ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ ആരാധിക്കുന്നതിനു്‌ തുല്യമായിരിക്കുമെന്നും മറ്റുമായി അവന്റെ കമന്റുകള്‍ ബ്ലോഗിലെ വിശ്വാസികളുടേതുപോലെയും വണ്ടിക്കാളകള്‍ മൂത്രിക്കുന്നതുപോലെയും അനന്തമായി നീണ്ടപ്പോള്‍ ഒരു വിശ്വാസി അല്ലാതിരുന്ന പീലാത്തോസ് ഉറങ്ങിപ്പോയി. ഈ ഉറക്കം ഒരു ദൃഷ്ടാന്തമായി കണ്ട വിശ്വാസികള്‍ യേശുവിന്റെ വിചാരണ സമയത്തു്‌ ശിഷ്യന്മാര്‍ ചെയ്തപോലെ “അവനെ വിട്ടു്‌ ഓടിപ്പോയി”. അവര്‍ എങ്ങോട്ടാണു്‌ ഓടിയതെന്നോ, അങ്ങനെ ഓടിപ്പോയവരില്‍ അവനെ ഒറ്റിക്കൊടുത്തവര്‍ ആരെങ്കിലും അതിനു്‌ ലഭിച്ച ചില്ലറ മുഴുവന്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചശേഷം “കെട്ടിത്തൂങ്ങിച്ചത്തു് കളയുകയായിരുന്നോ” എന്നെല്ലാമുള്ള കാര്യങ്ങള്‍ എന്റെ അറിവിനു്‌ അതീതമാണു്‌.

വസ്തുതാപരമായി പറഞ്ഞാല്‍, അവനെപ്പോലെ ഭംഗിയായി “ഇംഗ്ലീഷ് മോഡല്‍” കട്ടിലുകള്‍ പണിയാന്‍ കഴിവുള്ള ആശാരിമാര്‍ ആ പ്രദേശങ്ങളില്‍ ഇല്ലാതിരുന്നതിനാലും, നാട്ടുപ്രമാണിമാരില്‍ പലര്‍ക്കും അതുപോലൊരു കട്ടിലില്‍ കിടന്നു്‌ ചാവണം എന്നു്‌ ആഗ്രഹം ഉണ്ടായിരുന്നതിനാലും വെസ്റ്റ് കേരള മഹാരാജ്യത്തില്‍ നിന്നും ഞങ്ങളുടെ ഈസ്റ്റ് കേരള മഹാരാജ്യത്തിലേക്കു്‌ കുടിയേറിപ്പാര്‍ത്ത ആ മരപ്പണിക്കാരന്‍ നസ്രാണിക്കു്‌ അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസയ്ക്കു്‌ നാട്ടുപ്രമാണിമാരുടെ മൗനാനുവാദം ലഭിക്കുകയായിരുന്നു. അവിടത്തെ ആശാരിമാര്‍ക്കു്‌ ഇംഗ്ലീഷ് ശൈലികള്‍ വശമില്ലാതിരുന്നെങ്കിലും നല്ലപോലെ നാടന്‍ കട്ടിലുകളും നാടന്‍ വീടുകളുമൊക്കെ പണിയാന്‍ അറിയാമായിരുന്നു. രണ്ടോ മൂന്നോ വലിപ്പത്തിലുള്ള വീടുകളേ അവര്‍ പണിയുമായിരുന്നുള്ളു എന്നുമാത്രം. അവയില്‍ പെട്ട ഒരു വീടിന്റെ ചുറ്റളവു്‌ ഇത്രയെങ്കില്‍ അതിന്റെ നെടിയ ഉത്തരം, കുറിയ ഉത്തരം,  മോന്തായം, കഴുക്കോല്‍  ഇവയുടെയെല്ലാം നീളം വീതി ഘനം ഇവയൊക്കെയെത്ര, അവയില്‍ എവിടെയൊക്കെ ഏതൊക്കെ തുളകള്‍ ഏതു്‌ വലിപ്പത്തില്‍ തുളയ്ക്കണം ഇതെല്ലാം അവര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു്‌ അവരുടെ ആശാന്മാരെ കണ്ടും കേട്ടും പരിശീലിച്ചുമൊക്കെ മനഃപാഠമാക്കിയിരിക്കും. തനിക്കറിയാവുന്ന ഈ ചുറ്റളവുകളില്‍ നിന്നും ഒരു “കോലോ” ഏതാനും അംഗുലമോ കൂടുതലോ കുറവോ ഉള്ള വീടാണു്‌ ഒരുവനു്‌ വേണ്ടതെങ്കില്‍ ആശാരി പറയും: “അതു്‌ മരണമാണു്‌”! ആശാരിക്കു്‌ അതു്‌ അവന്റെ കണക്കിന്റെ മരണമാണു്‌. പക്ഷേ, അതു്‌ തന്റെ കണക്കിന്റെ മരണമാണു്‌ എന്നു്‌ ഒരിക്കലും അവന്‍ തുറന്നു്‌ പറയുകയുമില്ല. അങ്ങനെ പറഞ്ഞാല്‍ അതു്‌ തന്റെ തൊഴിലിന്റെയും കഞ്ഞികുടിയുടെയും മരണം ആയിക്കൂടെന്നില്ല എന്നവനറിയാം. ആശാരികള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ കൗശലക്കാരാണു്‌.

ഏതായാലും, വീടു്‌ പണിയിക്കാന്‍ ആഗ്രഹിക്കുന്ന മുതലാളി അതു്‌ അവന്റെയോ ബന്ധുക്കളുടെയോ മരണമായിട്ടേ മനസ്സിലാക്കൂ എന്നതിനാല്‍ വീടിന്റെ വലിപ്പത്തിന്റെയും ഡിസൈന്റെയുമെല്ലാം പൂര്‍ണ്ണമായ ചുമതല ആശാരിയെ ഭരമേല്പിക്കുകയല്ലാതെ മറ്റു്‌ മാര്‍ഗ്ഗമൊന്നും അത്ര പെട്ടെന്നു്‌ അവന്റെ ബുദ്ധിയില്‍ ഉദിക്കുകയുമില്ല. ഉള്ളിന്റെയുള്ളില്‍ ഏതു്‌ മനുഷ്യനും ഒരു ഈഗോയിസ്റ്റാണെന്നു്‌ അറിയുന്നവരാണു്‌ ആശാരി മൂശാരി കൊല്ലനെ തട്ടാന്‍ മുതലായ എല്ലാ കൈത്തൊഴില്‍ “ജാതി”കളും. സുഖവാസത്തിനായിട്ടല്ലാതെ മരിക്കാനായിട്ടല്ലല്ലോ ഒരുത്തന്‍ ഒരു വീടു്‌ പണികഴിക്കുന്നതു്‌. അത്ഭുതമെന്നേ പറയേണ്ടൂ, ആശാരിമാരുടെ പ്ലാന്‍ അനുസരിച്ചു്‌ പണികഴിപ്പിച്ച വീടുകളില്‍ ജീവിച്ചവരോ ജനിച്ചവരോ ആയ ആരും ഇതുവരെ ചിരംജീവികളായി മാറിയതായി കേട്ടിട്ടില്ല. ഏതു്‌ കുടുംബരഹസ്യവും തത്സമയം ഫെയ്സ് ബുക്കിലും ഗൂഗിള്‍ പ്ലസിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തു്‌ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അതു്‌ ലോകം അറിയാതെ പോകും എന്നു്‌ കരുതാനും വയ്യ.

കുടിലായാലും കൊട്ടാരമായാലും ഒറ്റവീടുകള്‍ എന്ന രീതിയില്‍ വീടുകള്‍ പണിയുന്ന ഒരു കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വാസ്തുവും, സ്ഥാനവും, അസ്ഥാനവുമൊക്കെ നോക്കി വീടു്‌ പണിതില്ലെങ്കില്‍ മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമെന്നു്‌ ഭയപ്പെടുത്തി പണം പിടുങ്ങാന്‍ എളുപ്പമാണു്‌. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണങ്ങളില്‍ റോഡിന്റെ കിടപ്പനുസരിച്ചു്‌ പല കുടുംബങ്ങള്‍ക്കു്‌ താമസിക്കത്തക്ക വിധത്തില്‍ ഫ്ലാറ്റുകള്‍ പണിയുന്ന ആധുനിക സമൂഹങ്ങളില്‍ ആരും വാസ്തുവും, വസ്തുവും, വെഞ്ചരിപ്പും, മാങ്ങാത്തൊലിയുമൊന്നും ആഘോഷിക്കാറില്ല. കെട്ടുറപ്പും പ്രായോഗികതയുടെ അടിസ്ഥാനത്തിലുള്ള ഡിസൈനുകളുമാണു്‌ അവയുടെ ആധാരം. എന്നിട്ടും ദൈവികമായ അനുഗ്രഹങ്ങള്‍ ചോര്‍ന്നുപോകാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടു്‌ പണികഴിപ്പിക്കപ്പെടുന്ന വീടുകളില്‍ സംഭവിക്കുന്ന അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും ഒരു ചെറിയ അംശം പോലും അവയില്‍ സംഭവിക്കുന്നുമില്ല.

ആശാരിമാരെപ്പോലെ “ഉറയിലിട്ടു്‌” സംസാരിക്കുന്ന ഈ തന്ത്രം ഭാരതത്തില്‍ മിക്കവാറും എല്ലാ തൊഴില്‍മേഖലകളിലും ദര്‍ശിക്കാന്‍ കഴിയും. സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിക്കാന്‍ ഇതൊരു നല്ല സൂത്രമാണെന്നതാവാം അതിന്റെ കാരണം. പോരെങ്കില്‍ ഭാരതീയര്‍ ജന്മനാ അഡ്വൈസര്‍മാരുമാണല്ലോ. ഉപദേശം പാളിയാല്‍ വ്യാഖ്യാനിച്ചു്‌ തടിതപ്പാന്‍ കഴിയണം എന്നതു്‌ ഉപദേശികളുടെ നിലനില്പിന്റെ പ്രശ്നമാണു്‌. വിശാരദന്മാര്‍ എന്നു്‌ സ്വയം കരുതുന്ന ചിലരും, പ്രത്യേകിച്ചും സാഹിത്യത്തില്‍, സമൂഹവുമായുള്ള അവരുടെ “ഇന്റര്‍ ആക്ഷനുകളില്‍” ഈ രീതി പ്രാവര്‍ത്തികമാക്കാറുണ്ടു്‌. താന്‍ പറയുന്നതു്‌ മറ്റുള്ളവര്‍ക്കു്‌ മനസ്സിലാവാതിരിക്കുന്നതാണു്‌ അവര്‍ക്കു്‌ പാണ്ഡിത്യത്തിന്റെ മാനദണ്ഡം. താന്‍ പറയുന്നതു്‌ ഓരോരുത്തരും ഓരോ വിധത്തിലാണു്‌ മനസ്സിലാക്കുന്നതെന്നു്‌ അറിയുമ്പോള്‍ കുമ്പകുലുക്കി അടക്കിച്ചിരിക്കാന്‍ കഴിയുന്നതിലെ ആ ഭാഗ്യാനുഭൂതി! അത്തരം സാഡിസ്റ്റുകള്‍ ഗുരുനാഥന്റെ വേഷം കെട്ടി മനുഷ്യരെ വിദ്യ അഭ്യസിപ്പിച്ചതിന്റെ ഫലമാണു്‌ കോടാനുകോടി ഭാരതീയര്‍ ഇന്നും അനുഭവിക്കുന്നതു്‌. അത്തരം സാമൂഹികദ്രോഹികള്‍ വിളിച്ചുപറയുന്ന വിഡ്ഢിത്തങ്ങള്‍ വേദവാക്യമായി ഏറ്റെടുക്കാനല്ലാതെ താന്‍ എന്താണു്‌ കേള്‍ക്കുന്നതെന്നു്‌ സ്വതന്ത്രമായും വിമര്‍ശനാത്മകമായും  ചിന്തിക്കാന്‍ ശേഷിയില്ലാതാക്കിത്തീര്‍ത്ത ഒരു കൂട്ടമാണു്‌ ഇന്നു്‌ ഭാരതീയസമൂഹം. ഏതര്‍ത്ഥവും നല്‍കാന്‍ കഴിയുന്ന ഒരു വാക്യം ഒരര്‍ത്ഥവും നല്‍കാന്‍ കഴിയാത്ത ഒരു വാക്യമേ ആവൂ. അത്തരം അര്‍ത്ഥശൂന്യമായ വാക്യങ്ങളാണു്‌ വേദവാക്യങ്ങള്‍ എന്ന ലേബലില്‍ ഭാരതത്തില്‍ നല്ല വിലയ്ക്കു്‌ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്‌. അതിനു്‌ പറ്റിയ ഒരു ഭാഷയും ഭാരതീയന്‍ കണ്ടുപിടിച്ചിട്ടുണ്ടു്‌. താമര താമരയാണെന്നു്‌ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ താമര എന്നൊരു വാക്കിന്റെയേ ആവശ്യമുള്ളു. എങ്കില്‍ത്തന്നെയും അതിനു്‌ കാക്കത്തൊള്ളായിരം പര്യായപദങ്ങള്‍ നല്‍കുന്നതു്‌ തീര്‍ച്ചയായും ശ്രേഷ്ഠമായ ഒരു കാര്യമാണു്‌. അതു്‌ “ഏകത്വത്തിലെ നാനാത്വത്തിന്റെ” തെളിവാണല്ലോ. പക്ഷേ, തത്വചിന്തയിലും, പ്രകൃതിശാസ്ത്രങ്ങളിലുമൊക്കെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അനിവാര്യമായ വാക്കുകള്‍ മഷിയിട്ടു്‌ നോക്കിയാലും കാണാനില്ലാത്ത ഒരു ഭാഷയില്‍ സൂര്യനെയും ചന്ദ്രനെയുമൊക്കെ കൊട്ടപ്പടി പര്യായപദങ്ങള്‍ കൊണ്ടു്‌ പൊതിയുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു്‌ തോന്നുന്നില്ല. അതുപോലെതന്നെ പരിഹാസ്യമാണു്‌ ആധുനികശാസ്ത്രം എന്നാല്‍ എന്തെന്നു്‌ അറിയാത്തവര്‍ ശാസ്ത്രപഠനം മാതൃഭാഷയില്‍ ആക്കണം എന്നു്‌ തൊണ്ട കീറുന്നതും. ഇല്ലായ്മയെ മൂടിവച്ചു്‌ പൊങ്ങച്ചം കാണിക്കുന്നതിലും എത്രയോ ഭേദമാണു്‌ അവനവനില്ലാത്തവയും ഉള്ളവരില്‍ നിന്നും വെറുതെ ലഭിക്കുന്നവയുമായവ വാങ്ങി വളരാന്‍ ശ്രമിക്കുന്നതു്‌.

നമ്മുടെ മരപ്പണിക്കാരന്‍ നസ്രാണി ഏതെങ്കിലും ഒരു വീട്ടിലേക്കു്‌ ഇംഗ്ലീഷ് കട്ടില്‍ പണിയാനായി പോകുന്നതു്‌ തന്റെ ഉളി കൊട്ടുവടി ചിന്തേര്‍ മട്ടം മുതലായ ഉപകരണങ്ങള്‍ ഒരു മരപ്പെട്ടിയിലാക്കി അതും തലയില്‍ വച്ചുകൊണ്ടായിരിക്കും. ഒരു മരപ്പണിക്കാരന്‍ തന്റെ പണിപ്പെട്ടിയും തലയിലേറ്റി പോകുന്നതു്‌ കാണുമ്പോള്‍ അതിനുള്ളില്‍ എന്താണെന്നു്‌ ചോദിക്കാനുള്ള ഒരു ജിജ്ഞാസ ആര്‍ക്കായാലും ഉണ്ടാവുമല്ലോ. വഴിയരികിലെ ഒരു വീട്ടില്‍ താമസിച്ചിരുന്ന അമിതജിജ്ഞാസുവായ ഒരു ചേട്ടത്തിയുടെ “ഈ പെട്ടിയില്‍ എന്നതാ പണിയ്ക്കാ?” എന്ന ചോദ്യം കേള്‍ക്കാതെ അവിടം കടന്നുപോകാന്‍ നമ്മുടെ ആശാരിക്കും കഴിഞ്ഞിരുന്നില്ല. തെറ്റിദ്ധരിക്കണ്ട, ഒരു വിചാരണക്കു്‌ വേണ്ടിയല്ല, കാര്യങ്ങള്‍ അറിയാനുള്ള ആവേശമാണു്‌ ഓരോ വട്ടവും ഈ ചോദ്യം ആവര്‍ത്തിക്കാന്‍ ചേട്ടത്തിയെ പ്രേരിപ്പിച്ചിരുന്നതു്‌. ഈ പെട്ടിയില്‍ ഒരു കുഞ്ഞിന്റെ ശവമാണെന്നും, ശവമടക്കാന്‍ കൊണ്ടുപോവുകയാണെന്നുമുള്ള “സത്യം” ഒരിക്കല്‍ ആശാരി തുറന്നു്‌ പറഞ്ഞതു് കേട്ടതിനുശേഷമേ ചേട്ടത്തിയുടെ വിജ്ഞാനദാഹം ശമിച്ചുള്ളു. വേദഗ്രന്ഥത്തില്‍ നിന്നും അദ്ധ്യായവും വാക്യവും സഹിതം ഒരു വാക്യം ക്വോട്ടുചെയ്താലും, ആ ഗ്രന്ഥത്തിലെങ്ങും അതുപോലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും, അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും മറ്റുമുള്ള താക്കീതുകളുമായി ചര്‍ച്ചിക്കാന്‍ എത്തുന്ന ദൈവജ്ഞാനികളെ കാണുമ്പോള്‍ ഞാന്‍ ഈ ചേട്ടത്തിയുടെ കഥ ഓര്‍മ്മിക്കാറുണ്ടു്‌. പക്ഷേ, ഒരു പ്രധാന വ്യത്യാസമുള്ളതു്‌, ആ ചേട്ടത്തിക്കു്‌ ഒരു മറുപടികൊണ്ടു്‌ തൃപ്തിയായി, വിശ്വാസിയെ ഒന്‍പതു്‌ മറുപടികള്‍ കൊണ്ടുപോലും തൃപ്തിപ്പെടുത്താന്‍ ആവില്ല. അതാണു്‌ ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ ഒരു പ്രത്യേകത. ദൈവവിശ്വാസം വഴി മനുഷ്യര്‍ കണ്ടമാനം ബുദ്ധിയും യുക്തിബോധവും ഉള്ളവരായി മാറിപ്പോവും.

ഓരോരുത്തരും ഓരോരുത്തരേയും അറിയുന്ന ഗ്രാമപ്രദേശങ്ങളില്‍ അന്യ ഇടപെടലുകളില്ലാത്ത വ്യക്തിപരമായ ഒരു ജീവിതം അസാദ്ധ്യമാണെന്നുതന്നെ പറയാം. ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, പ്രത്യേകിച്ചും പിഴവുകള്‍, മുറിപ്പാടില്‍ നിന്നും വിഷം വലിച്ചെടുക്കുന്നതുപോലെ വലിച്ചെടുക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നു്‌ വിശ്വസിക്കുന്നവരാണു്‌ അവിടത്തെ നാട്ടുപ്രമാണിമാര്‍. അവര്‍ അങ്ങനെ ചെയ്യുന്നതു്‌ ആ സമൂഹത്തെ രക്ഷപെടുത്താനാണെന്നു്‌ കരുതിയാല്‍ തെറ്റി. അവിടന്നും ഇവിടന്നും ശേഖരിക്കപ്പെടുന്ന വിഷം ചീറ്റിത്തെറിപ്പിച്ചു്‌ ആ പ്രദേശത്തെ മുഴുവന്‍ വിഷലിപ്തമാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണു്‌ അവര്‍ ജീവിക്കുന്നതുതന്നെ. വരുന്നവരും പോകുന്നവരുമായ എല്ലാവരെയും വീക്ഷിക്കത്തക്കവിധം അവര്‍ ആ ഗ്രാമത്തിന്റെ “സിറ്റി” ആയ നാല്‍ക്കവലയില്‍ സ്ഥിരവാസം അനുഷ്ഠിക്കുന്നുണ്ടാവും. ആ ഗ്രാമത്തിലെ ഗമനാഗമനങ്ങളുടെ ഒരുതരം ഫില്‍റ്റര്‍ – അതാണവര്‍. ഹൈസ്കൂളിനുശേഷം വിദ്യാഭ്യാസത്തിനായി നാടു്‌ വിടേണ്ടി വന്നതിനാല്‍ അധികം ഇക്കൂട്ടരുമായി ഇടപെടേണ്ടി വന്നിട്ടില്ലെങ്കിലും മദ്ധ്യവേനലവധിക്കും മറ്റും വീട്ടിലെത്താന്‍ എനിക്കും ആ ഫില്‍റ്ററിലൂടെ കടന്നുപോകേണ്ടിയിരുന്നു. ബസ്സ് നിര്‍ത്തുന്ന കവലയില്‍ നിന്നും വീട്ടിലേക്കു്‌ അല്പം നടക്കേണ്ടിയിരുന്നതിനാല്‍ പ്രമാണിമാരുടെ കണ്ണില്‍ പെടാതെ രക്ഷപെടാന്‍ കഴിയുമായിരുന്നില്ല. അവിടെ അരങ്ങേറിയിരുന്ന സംഭാഷണവിഷയങ്ങള്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഒരു താത്പര്യം എന്നില്‍ ജനിപ്പിച്ചിട്ടുള്ളവ ആയിരുന്നില്ല എന്നതിനാല്‍ അവയില്‍ നിന്നും രക്ഷപെടാനുള്ള ഒഴിവുകഴിവുകള്‍ ആലോചിച്ചുറപ്പിച്ചാവും ഞാന്‍ ബസില്‍ നിന്നും ഇറങ്ങുന്നതുതന്നെ. പത്തു്‌ മിനുട്ടിനുള്ളില്‍ ലതാ മങ്കേഷ്കറുടെ ഗാനങ്ങള്‍ റേഡിയോയില്‍ ഉണ്ടെന്നും അതു്‌ കേള്‍ക്കാന്‍ കഴിയാതിരുന്നാല്‍ അതൊരു വലിയ നഷ്ടമായിരിക്കുമെന്നുമായിരുന്നു ഒരിക്കല്‍ എന്റെ ക്ഷമാപണം. അതു്‌ കേട്ടപാടെ അന്നത്തെ സ്ഥലം പഞ്ചായത്തു്‌ മെമ്പറുടെ വക ജ്ഞാനവിളംബരം വന്നു: “അതിനു്‌ ഹിന്ദി സിനിമയില്‍ പാടാന്‍ അറിയാവുന്നതായി അയാള്‍ ഒരുത്തനേയുള്ളു”. ആദ്യത്തേതോ അപ്രതീക്ഷിതമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ തിരുവായില്‍ നിന്നും അടര്‍ന്നുവീണ ഈ വൈജ്ഞാനികമണിമുത്തു്‌ എന്നതിനാല്‍ തിരുത്താനൊന്നും പോയില്ല. പോയാല്‍ “നമ്മള്‍ ഈ പോളിടെക്നിക്കില്‍ ഒന്നും പോയിട്ടില്ലേ” എന്ന രീതിയില്‍ ഉള്ള നീണ്ട ഒരു ചര്‍ച്ചയാവും ഫലം.

മറ്റൊരിക്കല്‍ ഈ ഫില്‍റ്ററിന്റെ ഇടയില്‍ ഒരു വിരുന്നുകാരനെ നേരിടേണ്ടി വന്നതും രസകരമാണു്‌. ഫില്‍റ്ററില്‍ പെട്ടയുടനെതന്നെ എന്നെപ്പറ്റിയുള്ള ചില അന്വേഷണങ്ങള്‍ക്കു്‌ അദ്ദേഹം തുടക്കമിട്ടു. ഞാന്‍ എന്റെ “ലക്ഷ്യലക്ഷണങ്ങള്‍” എല്ലാം ഉത്തമബോദ്ധ്യത്തോടെ വെളിപ്പെടുത്തി. അതുവഴി, തന്റെ മകനും ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ തന്നെ കോഴി പിടുത്തവുമായി നടന്നവനാണെന്നു്‌ മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “അവനു്‌ ഹൈ ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സ്വന്തമായി ഒരു ബാങ്ക് നടത്തുകയാണു്‌”. അദ്ദേഹത്തിനു്‌ അറിയാതിരുന്നതു്‌, തന്റെ മകന്‍ പഠിച്ച ബാച്ചിലെ മുപ്പതു്‌ പേരില്‍ നിന്നും ആകെ രണ്ടുപേര്‍ മാത്രമേ പാസ്സായിരുന്നുള്ളു എന്നും, അവര്‍ രണ്ടുപേരും ഫസ്റ്റ് ക്ലാസ്സ് വാങ്ങിയാണു്‌ ജയിച്ചതെന്നും എനിക്കു്‌ നേരിട്ടു്‌ അറിയാമായിരുന്നു എന്ന കാര്യമാണു്‌. അവിടെയും നിശ്ശബ്ദതയാണു്‌ അഭികാമ്യം എന്നു്‌ എന്റെ സാമാന്യബുദ്ധി എന്നെ ഉപദേശിച്ചു. ആണ്മക്കളെ ശൂന്യാകാശത്തിനും അപ്പുറത്തേക്കു്‌ ഉയര്‍ത്തിപ്പിടിച്ചാലും പോരെന്നു്‌ തോന്നുന്നവരാണു്‌ പിതാക്കള്‍ എന്നതു്‌ ഒരു പുതിയ കാര്യമൊന്നുമല്ല. “കാണെടാ കാണു്‌, എന്റെ ബീജത്തിന്റെ ക്വാളിറ്റി കാണു്‌” എന്നാണു്‌ അവര്‍ അതുവഴി പറയാതെ പറയാന്‍ ശ്രമിക്കുന്നതു്‌. എന്തുകൊണ്ടു്‌ പാടില്ല? അതു്‌ മുഖവിലയ്ക്കെടുക്കാന്‍ ആളുകളുണ്ടെങ്കില്‍ അവരായി അവരുടെ പാടായി. എന്നാലും പച്ചനുണ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു വൈക്ലബ്യമുണ്ടല്ലോ, അതാണു്‌ അസഹ്യം. ഏതായാലും, ഇതുപോലുള്ള അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോകാമെങ്കിലും, നുണ പറയല്‍ ഒരു കലയാണു്‌. അതുകൊണ്ടു്‌ ആ കല വശമില്ലാത്തവര്‍ അതിനു്‌ പോകരുതു്‌. അവര്‍ സത്യം പറഞ്ഞാലും കേള്‍ക്കുന്നവര്‍ അതു്‌ നുണയെന്നേ കരുതൂ.

ഈ രണ്ടു്‌ ചങ്ങാതിമാരും ഇന്നു്‌ ജീവിച്ചിരുപ്പില്ല. മരണാനന്തരം കൊതുകും കുളവിയും പശുവും പന്നിയുമെല്ലാം എവിടെ ചെന്നെത്തുന്നുവോ അവിടെ അവരും സുഖമായി വാഴുന്നുണ്ടാവണം. മരിക്കുന്നതിനു്‌ മുന്‍പു്‌ അവരുടെ ഈ പ്രസ്താവനകളെപ്പറ്റി അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരിക്കാം എന്നു്‌ കരുതുന്നതില്‍ കവിഞ്ഞ ഒരു വിഡ്ഢിത്തമില്ല. ഏതു്‌ കാര്യവും പറയുന്നതിനേക്കാള്‍ വേഗത്തില്‍ മറന്നു്‌ മുന്നേറുന്ന ഒരു പ്രതിഭാസമാണല്ലോ മനുഷ്യജീവിതം.

 
1 Comment

Posted by on Jan 21, 2012 in പലവക

 

Tags: , , ,