RSS

Daily Archives: Aug 31, 2007

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 6

സര്‍വ്വശക്തിയും പരാജയവും തമ്മില്‍ പൊരുത്തപ്പെടുകയില്ല എന്നതിനാല്‍ , മനുഷ്യരെ പാപവിമുക്തരാക്കാന്‍ സര്‍വ്വശക്തനായ ഒരു ദൈവം ആദിമുതല്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താകാതിരിക്കുന്നതില്‍ എന്തോ പൊരുത്തക്കേടുള്ളതുപോലെ എനിക്കു് തോന്നുന്നു. സാമാന്യബോധത്തിനു് നിരക്കുന്ന വിധം ഈ വൈരുദ്ധ്യം മനസ്സിലാക്കാന്‍ രണ്ടു് വഴികളേയുള്ളു. ഒന്നുകില്‍, മനുഷ്യര്‍ എന്തു് ചിന്തിക്കുന്നു, എന്തു് പറയുന്നു, എന്തു് പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ ദൈവത്തിനു് യാതൊരു പങ്കോ, താല്‍പര്യമോ ഇല്ല. അല്ലെങ്കില്‍ ദൈവത്തിനു് മനുഷ്യരെ നന്നാക്കാനുള്ള ശക്തിയില്ല. ശക്തിയില്ലാത്ത ദൈവം സര്‍വ്വശക്തനാവുമോ? മനുഷ്യരുടെ ചെയ്തികളില്‍ ഒരു താല്‍പര്യവുമില്ലാത്ത ദൈവം അവരുടെ സ്രഷ്ടാവാവുമോ? അതായതു്, ഈ രണ്ടു് വഴികളും ആദ്യം സൂചിപ്പിച്ച ആന്തരികവൈരുദ്ധ്യം യുക്തിസഹമായി വിശദീകരിക്കാന്‍ മതിയായവയല്ല. തന്റെ അന്വേഷണങ്ങള്‍ വഴിമുട്ടിയപ്പോള്‍, നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ എന്ന പോളണ്ടുകാരന്‍ സ്വീകരിച്ച, “കോപ്പര്‍നിക്കസിന്റെ വഴിത്തിരിവു്” എന്നറിയപ്പെടുന്ന മാര്‍ഗ്ഗമേ ഇവിടെയും സഹായകമാവൂ എന്നു് തോന്നുന്നു. തലച്ചോറില്‍ വേരുറച്ച നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം വഴിമുട്ടുമ്പോള്‍, ആ നിഗമനങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ടു് പുതിയ വഴികളെ തേടുക! ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ക്രിസ്തീയസഭയുടെ പഠിപ്പിക്കലുകള്‍ അടിസ്ഥാനമാക്കി വാനഗോളങ്ങളുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നു് തിരിച്ചറിഞ്ഞ കോപ്പര്‍നിക്കസ്‌, അതുവരെ സങ്കല്‍പാതീതവും, സഭയുടെ ദൃഷ്ടിയില്‍ ശിക്ഷാര്‍ഹവുമായിരുന്ന മറ്റൊരു നിഗമനത്തിനു് ധൈര്യപ്പെടുകയായിരുന്നു. സൗരയൂധത്തിന്റെ കേന്ദ്രത്തില്‍ ഭൂമിക്കു് പകരം സൂര്യനെ പ്രതിഷ്ഠിച്ചതുവഴി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. പഠിപ്പിക്കല്‍ വഴി തലച്ചോറില്‍ വേരുറച്ചുപോയതുമൂലം, ഉപേക്ഷിക്കാന്‍ പാടില്ലെന്നു് ഉറപ്പായ എല്ലാ “സത്യങ്ങള്‍ക്കും” ശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട ഇതേ മാര്‍ഗ്ഗം ബാധകമാക്കാവുന്നതാണെന്നു് തോന്നുന്നു. പ്രപഞ്ചനിയന്ത്രകനാവേണ്ട സര്‍വ്വശക്തന്‍ മനുഷ്യരെ നന്നാക്കാന്‍ കാലാകാലങ്ങളായി പെടുന്ന പാടുകളെപ്പറ്റി പഠിപ്പിച്ചു് വച്ചിരിക്കുന്ന സത്യങ്ങള്‍, ഈ ലോകത്തില്‍ എന്നും നിലനിന്നിരുന്ന, ഇന്നും നിലനില്‍ക്കുന്ന, (സംസ്കാരസമ്പന്നരായ മനുഷ്യരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇല്ലാതെ പോയാല്‍ ഭാവിയില്‍ എന്നാളും നിലനില്‍ക്കാന്‍ എല്ലാ സാദ്ധ്യതകളുമുള്ള!) അനീതികളുടേയും ഉച്ചനീചത്വങ്ങളുടേയും വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികള്‍ നേരിടേണ്ടിവരുന്ന പൊരുത്തക്കേടുകള്‍ സര്‍വ്വശക്തനേയും മനുഷ്യനേയും തമ്മില്‍, അഥവാ, സ്രഷ്ടാവിനേയും സൃഷ്ടിയേയും തമ്മില്‍ പരസ്പരം സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുന്നതുവഴി പരിഹരിക്കപ്പെട്ടേക്കാം!

ആലംബഹീനരായ മനുഷ്യര്‍ക്കു് അവരുടെ ദൈവത്തിലോ, ദൈവങ്ങളിലോ ആശ്രയവും ആശ്വാസവും തേടാതിരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുതലെടുത്തു്, അര്‍ദ്ധദൈവങ്ങള്‍ ചമയുന്ന ഒരു ന്യൂനപക്ഷം സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ജനലക്ഷങ്ങളുടെ ഗതികേടും ബലഹീനതയും എന്നാളും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ജനങ്ങളുടെ അജ്ഞതയും, അന്ധവിശ്വാസങ്ങളും സര്‍വ്വസാദ്ധ്യതകളും ഉപയോഗിച്ചു് പ്രോത്സാഹിപ്പിക്കുന്നു. സംസ്കാരസമ്പന്നതയും, പുരോഗതിയും കൈവരിക്കാന്‍ ശ്രമിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിനും ഇതുപോലുള്ള അവസ്ഥകള്‍ കണ്ടില്ലെന്നു് നടിക്കാന്‍ അവകാശമില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ഉറഞ്ഞുതുള്ളുന്ന മനുഷ്യക്കോലങ്ങളുടെ ജല്‍പനങ്ങളിലൂടെ കോഴിവെട്ടും, വെള്ളംകുടിയും, ഭോജനയാഗവും, പാനീയയാഗവും (ചോദ്യം ചെയ്യാന്‍ ആരുമില്ലെങ്കില്‍ നരബലിവരെയും!) ശുദ്ധഗതിക്കാരായ മനുഷ്യരോടു് ആവശ്യപ്പെടുന്ന ഒരു ശാപ്പാട്ടുരാമനോ ജഗദീശ്വരന്‍?

ഏതു് സമൂഹത്തിലും ഇതുപോലെ കുറേ സ്വപ്നാടകരുണ്ടാവുമെന്നതു് ശരിതന്നെ. പക്ഷേ, പരിഷ്കൃതസമൂഹങ്ങളില്‍ അവരുടെ എണ്ണം പരിമിതമായിരിക്കും. തന്മൂലം സാമൂഹികപുരോഗതിയുടെ പാതയിലെ വിലങ്ങുതടികളാവാന്‍ അവര്‍ക്കു് കഴിയില്ല. അതേസമയം ബഹുഭൂരിപക്ഷവും അന്ധവിശ്വാസികളായ ഒരു സമൂഹത്തില്‍ സ്ഥിതി നേരേ മറിച്ചായിരിക്കും. മറ്റൊന്നു് അറിയാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തതുമൂലം നൂറ്റാണ്ടുകളായി കിടന്നിടത്തുതന്നെ കിടന്നു് ജീര്‍ണ്ണിക്കുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റു് അലറിയാല്‍, തകര്‍ന്നു് വീഴുന്നതു് ദൈവത്തിന്റെ മനസ്സിലിരുപ്പു് അപ്പാടെ അറിയുന്നവരായി ഭാവിക്കുന്ന നായകന്മാരുടെ സിംഹാസനങ്ങളായിരിക്കുമെന്നതിനാല്‍, മനുഷ്യരുടെ അറിവില്ലായ്മയും പിന്നാക്കാവസ്ഥയും നിഗൂഢമായി, തന്മയത്വത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാത്രവുമല്ല, അതെല്ലാം ദൈവവിധിയാണെന്നും, അവയെ സന്തോഷപൂര്‍വ്വം താഴാഴ്മയോടെ ഏറ്റുവാങ്ങിയാല്‍ ദൈവസന്നിധിയില്‍ പ്രത്യേക ബോണസ്‌ ലഭിക്കുമെന്നുവരെ പഠിപ്പിക്കപ്പെടുന്നു. കവലകള്‍ തോറും നിന്നു് സുവിശേഷിക്കുന്നവര്‍ വിളിച്ചുകൂവുന്ന വിശുദ്ധവാക്യങ്ങള്‍ പലതും നമുക്കു് കേട്ടുകേട്ടു് കാണാപ്പാഠമായവയാണു്. പലര്‍ക്കും അറിയാത്തതു് ആ വാക്യങ്ങളോടു് ചേര്‍ന്നുതന്നെ അവയുടെ വിപരീതവും എഴുതപ്പെട്ടിരിക്കുന്നു എന്നതാണു്. (ഇതൊക്കെ പരിശോധിക്കാന്‍ ആര്‍ക്കെവിടെ സമയം?) വേദഗ്രന്ഥങ്ങള്‍ വായിക്കാന്‍ എല്ലാവര്‍ക്കും അനുവാദമൊട്ടില്ലതാനും! തങ്ങള്‍ക്കു് വേണ്ടതു് കിട്ടുന്നതുവരെ ദൈവവചനങ്ങള്‍ തിരിച്ചും മറിച്ചും, ഹരിച്ചും ഗുണിച്ചും വളച്ചൊടിക്കാന്‍ കഴിവുള്ളവരെയാണു് ദൈവം അതിനു് നിയമിച്ചിരിക്കുന്നതു്!

എന്റേയും കൂടി നന്മക്കായി ദൈവം അരുളിച്ചെയ്തു എന്നു് പഠിപ്പിക്കപ്പെടുന്ന വചനങ്ങള്‍ എന്താണെന്നു് മറ്റാരെങ്കിലും പറഞ്ഞു് കേള്‍ക്കുന്നതിനേക്കാള്‍ അതു് സ്വയം വായിച്ചു് മനസ്സിലാക്കുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. എനിക്കു് മനസ്സിലാവാത്ത ദൈവവചനങ്ങള്‍ എന്നെ മനസ്സിലാക്കുവാന്‍ മറ്റു് മനുഷ്യരുടെ സഹായം തേടേണ്ടിവരുന്ന ഒരു ദൈവത്തില്‍ എന്തോ പന്തികേടുള്ളതുപോലെ എനിക്കു് തോന്നുന്നു. എങ്കില്‍ത്തന്നെയും, വായിക്കാനറിയാത്തവരും, വായിക്കാന്‍ മടിയായവരും, വായിച്ചാല്‍ മനസ്സിലാവാത്തവരുമൊക്കെ ഭാവിയിലും “വായിച്ചവര്‍ എന്നു് കരുതുന്നവര്‍” പറയുന്നതു് സന്തോഷപൂര്‍വ്വം കണ്ണുമടച്ചു് വിശ്വസിക്കാനും, ഏറ്റുപാടാനുമാണു് തീരുമാനിക്കുന്നതെങ്കില്‍ അതവരുടെ ഇഷ്ടം!

വിശുദ്ധബൈബിളിലെ എത്രയോ പരസ്പരവൈരുദ്ധ്യങ്ങളില്‍ ചിലതു്:

“അവന്‍ ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു് സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു”. – (ലൂക്കോസ്‌ 1: 51-53)

അതേസമയം തന്നെ അഞ്ചു് അദ്ധ്യായങ്ങള്‍ താഴെ:

“അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ”. – (ലൂക്കോസ്‌ 6: 35) (ദുഷ്ടന്മാരോടു് ദയകാണിച്ചാലേ താഴ്‌ന്നവരെ ഉയര്‍ത്താന്‍ കഴിയൂ എന്നാവാം!)

അതുപോലെതന്നെ മറ്റൊരിടത്തു്:

“അങ്ങനെ ഉള്ളവനു് ഏവനും ലഭിക്കും, ഇല്ലാത്തവനോടോ ഉള്ളതും കൂടി എടുത്തുകളയും”. – (മത്തായി 25: 29) (സഹൃദയനായ ദൈവം! അല്ലാതെന്തുപറയാന്‍?)

മനഞ്ഞില്‍ എന്ന മത്സ്യത്തിന്റെ തല കണ്ടാല്‍ പാമ്പാണെന്നും, വാലുകണ്ടാല്‍ മീനാണെന്നും തോന്നുമെന്നു് കേട്ടിട്ടുണ്ടു്. അവസരോചിതം തലയോ, വാലോ ഉയര്‍ത്തിക്കാണിച്ചു് പാമ്പോ, മീനോ ആണെന്നു് വരുത്താന്‍ മനഞ്ഞിലിനു് തന്മൂലം വലിയ ബുദ്ധിമുട്ടില്ല. അധികപങ്കു് വേദവാക്യങ്ങളും ഏതാണ്ടു് അതുപോലെയാണു്. ഏതു് ഭാഗം എപ്പോള്‍ എവിടെ ഉപയോഗിക്കണം എന്ന ബോധവും, അല്‍പം പരിശീലനവുമുണ്ടെങ്കില്‍ ആര്‍ക്കും അവയെ അപഗ്രഥിച്ചു്, വളച്ചുകെട്ടി പാമ്പോ മീനോ ആക്കി മാറ്റാന്‍ ലളിതമായി സാധിക്കും. അടിയാന്മാരുടെ വളര്‍ത്തിയെടുത്ത അറിവില്ലായ്മയും, ഇടയന്മാരുടെ ദൈവദത്തമായ ശിക്ഷാധികാരവും കൂടെ ഒത്തുചേരുമ്പോള്‍ പൂര്‍ണ്ണവുമായി!

യേശുവിന്റെ തന്നെ മറ്റു് ചില വചനങ്ങള്‍ :

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു് നിരൂപിക്കരുതു്. സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു്”. – (മത്തായി 10: 34)

ഏതാനും അദ്ധ്യായങ്ങള്‍ താഴെ:

“അപ്പോള്‍ യേശു: വാള്‍ ഉറയില്‍ ഇടുക, വാള്‍ എടുക്കുന്നവന്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും”. – (മത്തായി 26: 52)

ഗിരിപ്രഭാഷണത്തിലെ മറ്റൊരു യേശുവചനം:

“സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു് വിളിക്കപ്പെടും”. – (മത്തായി 5: 9)

മറ്റൊരിടത്തു്:

“ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു് ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു് ഇച്ഛിക്കേണ്ടു”. – (ലൂക്കോസ്‌ 12: 49)

ഇനി വേറൊരിടത്തു്:

“സഹോദരനോടു് നിസ്സാര എന്നു് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്നില്‍ നില്‍ക്കേണ്ടിവരും, മൂഢാ എന്നു് പറഞ്ഞാലോ അഗ്നിനരകത്തിനു് അര്‍ഹനാകും”. – (മത്തായി 5: 22) (സഹോദരനെ നിന്ദിക്കുന്നവരെല്ലാം നരകത്തില്‍ എത്തുമെങ്കില്‍ , സ്വര്‍ഗ്ഗത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരും!)

ഒരുവശത്തു് വാളും തീയുമായി നില്‍ക്കുന്ന യേശുതന്നെ മറുവശത്തു് സമാധാനവും സഹോദരസ്നേഹവും പ്രസംഗിക്കുന്നു! ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാതിരിക്കണമെങ്കില്‍ അജ്ഞത പ്രോത്സാഹിപ്പിക്കപ്പെടണം. അറിയാനുള്ള ശ്രമം ദൈവത്തിനു് നേരെയുള്ള അനുസരണക്കേടാവണം. അവിശ്വാസം പാപമാക്കപ്പെടണം. പലതും മറച്ചുപിടിക്കപ്പെടണം. പലതും നിരോധിക്കപ്പെടണം. പലരും കുരിശില്‍ തറയ്ക്കപ്പെടണം. സ്വതന്ത്രബുദ്ധികള്‍ ദൈവദോഷികളാക്കപ്പെടണം. ചിന്താശേഷി നശിപ്പിക്കപ്പെടണം. വായടച്ചു് കൂടെ നടക്കുന്നവരുടെ കുനിഞ്ഞ ശിരസ്സും, മുതുകും നിവരാതെ നിത്യം കുനിഞ്ഞുതന്നെയിരിക്കാന്‍ അതാവശ്യമാണു്. മനുഷ്യചേതനയോടു് ചെയ്യുന്ന കൊടുംക്രൂരതയെന്നല്ലാതെ ഇതിനെ എന്തു് പേരു് പറഞ്ഞാണു് വിളിക്കേണ്ടതു്?

ഈ ബ്ലോഗിനെപ്പറ്റി ഒരു വിശദീകരണം: (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍!)

ഇതു് സ്വതന്ത്രചിന്തയുടെ ലോകമാണു്. ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ശരിയെങ്കില്‍ അംഗീകരിക്കുവാനും, തെറ്റെങ്കില്‍ അതു് സ്വന്തം വിശദീകരണങ്ങള്‍ വഴി ഖണ്ഡിക്കുവാനും, (internet is free to all!) അതുമല്ലെങ്കില്‍ അപ്പാടെ അവഗണിക്കാന്‍ പോലുമുള്ള ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു് ഈ ലോകത്തിന്റെ അടിസ്ഥാനസ്വഭാവം. ഇവിടെ ഒന്നും മനഃപൂര്‍വ്വം മറച്ചുപിടിക്കപ്പെടുന്നില്ല. ഒന്നും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. അന്യചിന്തകളെ പിന്‍തുടരുന്നവര്‍ തടയപ്പെടുന്നില്ല. ജന്മം മുതല്‍ സ്വന്തകുറ്റം മൂലമല്ലാതെ മറ്റനേകം മനുഷ്യരെപ്പോലെ ഞാനും പിന്‍തുടരേണ്ടിവന്ന ആദര്‍ശങ്ങളിലെ, ഇന്നത്തെ എന്റെ അറിവിനു് അംഗീകരിക്കാന്‍ നിവൃത്തിയില്ലാത്ത വൈരുദ്ധ്യങ്ങളിലേക്കു് വിരല്‍ ചൂണ്ടുകയാണു് എന്റെ ലക്‍ഷ്യം. ഇവിടെ വിശുദ്ധിയോ അയിത്തമോ മനുഷ്യനെ അകറ്റിനിര്‍ത്തുന്നില്ല. മനുഷ്യാദ്ധ്വാനത്തിന്റെ ഗന്ധമില്ലാത്ത ഒരു സത്യവും ഇവിടെയില്ല. ആദര്‍ശങ്ങളുടെ മദ്ധ്യബിന്ദുവായി മനുഷ്യന്‍ മാറുകയാണാവശ്യം. അതിനു് ആദ്യം വേണ്ടതു് ആദര്‍ശങ്ങള്‍ മനുഷ്യനു് വേണ്ടിയാണെന്നും, മനുഷ്യന്‍ ആദര്‍ശങ്ങള്‍ക്കുവേണ്ടിയല്ലെന്നും അംഗീകരിക്കുകയാണു്. (കുറേനാള്‍ അധികാരത്തിന്റെ മത്തു് മോന്തിക്കഴിയുമ്പോള്‍ മനുഷ്യര്‍ സൗകര്യപൂര്‍വ്വം മറക്കുന്ന ഒരു സത്യം!)

 

Tags: , ,