യഹൂദജനത്തിനു് യിസ്രായേല്‍ എന്നപേരു് കിട്ടിയതെങ്ങനെയെന്നറിയാത്തവര്‍ക്കായിട്ടാണിതു്. ദൈവമായ യഹോവയും യാക്കോബുമായി നടന്ന ഒരു ഗുസ്തിയില്‍ പരാജയപ്പെട്ട യഹോവ യാക്കോബിനു് നല്‍കിയ പുതിയ പേരാണതു്. ഈ യാക്കോബിനു് രണ്ടു് ഭാര്യമാരിലും, അവരുടെ ദാസിമാരിലുമായി ജനിച്ച പന്ത്രണ്ടു് മക്കളാണു് പില്‍ക്കാലത്തു് യിസ്രായേലിന്റെ പന്ത്രണ്ടു് ഗോത്രങ്ങളുടെ പിതാക്കന്മാരായിത്തീരുന്നതു്.
പുത്രകളത്രാദികളും, ആടുമാടൊട്ടകങ്ങളുമായി ഹാരാനില്‍നിന്നും സ്വന്തനാട്ടിലേക്കു് മടങ്ങുന്നവഴി, അവരെയെല്ലാം നദിക്കക്കരെ എത്തിച്ചശേഷം, ഇക്കരെ യാക്കോബു് ഒറ്റയ്ക്കാവുന്നു. അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു് മല്ലുപിടിക്കുന്നു. അതു് ദൈവമായിരുന്നു! യാക്കോബു് അതറിഞ്ഞില്ലെന്നു് മാത്രം. താന്‍ ജയിക്കില്ല എന്നറിയുമ്പോള്‍ അവന്‍ യാക്കോബിന്റെ തുടയുടെ തടം തൊടുന്നു. തുടയുടെ തടം ഉളുക്കിപ്പോയിട്ടും യാക്കോബു് പിടി വിടുന്നില്ല “എന്നെ വിടുക, ഉഷസ്സു് ഉദിക്കുന്നുവല്ലോ” എന്നു് ദൈവം. വല്ലവരും കണ്ടാല്‍ എന്തു് കരുതും എന്നാവാം ഒരുപക്ഷേ ദൈവം ചിന്തിച്ചതു്. “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല” എന്നു് യാക്കോബു്. “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു് ജയിച്ചതുകൊണ്ടു് നിന്റെ പേര്‍ ഇനി യാക്കോബു് എന്നല്ല, യിസ്രായേല്‍ എന്നു് വിളിക്കപ്പെടും” എന്നു് ദൈവം അനുഗ്രഹിക്കുമ്പോള്‍ യാക്കോബു് പിടിവിടുന്നു. രക്ഷപെട്ട ദൈവം ശ്വാസം നേരേ വിടുന്നു. യാക്കോബു് ആ പുരുഷനോടു് പേരു് ചോദിക്കുന്നുണ്ടെങ്കിലും, “നീ എന്റെ പേരു് ചോദിക്കുന്നതെന്തു്?” എന്ന മറുചോദ്യമാണു് യഹോവയുടെ മറുപടി. (പിന്നീടൊരിക്കല്‍ മോശെയോടു് പറയുന്നപോലെ “ഞാനാകുന്നവന്‍ ഞാനാകുന്നു” എന്നും മറ്റുമുള്ള ഹൈ ക്ലാസ് മറുപടി പറഞ്ഞു് തുടയുടെ തടം ഉളുക്കിയിരിക്കുന്ന യാക്കോബിനെ കൂടുതല്‍ വിഷമിപ്പിക്കണ്ട എന്നു് വേണമെങ്കില്‍ ദൈവം കരുതിക്കാണും.) “ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു് ജീവഹാനി വന്നില്ല” എന്നു് പറഞ്ഞു് ആ സ്ഥലത്തിനു് യാക്കോബു് പെനീയേല്‍ എന്നു് പേരിടുന്നു. തുടയുടെ തടത്തിന്റെ ഉളുക്കുമൂലം യാക്കോബു് മുടന്തിനടക്കേണ്ടിവരുന്നു. യഹോവ യാക്കോബിന്റെ തുടയുടെ തടം തൊട്ടതിനാല്‍, യിസ്രായേല്‍മക്കള്‍ തുടയുടെ തടത്തിലെ ഞരമ്പു് തിന്നാറില്ലത്രേ! അവര്‍ മനുഷ്യമാംസം തിന്നാറുണ്ടെന്നു് തോന്നുന്നില്ലാത്തതിനാല്‍, ഇവിടെ ഉദ്ദേശിക്കുന്നതു് മൃഗങ്ങളുടെ തുടയുടെ തടത്തിലെ ഞരമ്പായിരിക്കണം.
അന്നത്തെ യഹോവ തന്നെയാണു് ഇന്നത്തേയും യഹോവ എന്നു് എപ്പോഴുമല്ലെങ്കിലും, ഇടക്കെങ്കിലും ഓര്‍ത്തിരുന്നാല്‍ ചില പഴയ തെറ്റിദ്ധാരണകള്‍ ഉപേക്ഷിക്കാനും, പുതിയ തെറ്റിദ്ധാരണകള്‍ രൂപമെടുക്കാതിരിക്കാനും സഹായിച്ചേക്കാം.
യാക്കോബിന്റെ കഥ വായിച്ചാല്‍ യഹോവയില്‍ വലിയവനെ പോലും തോല്‍പ്പിച്ചു് അനുഗ്രഹം വാങ്ങാന്‍ കഴിവുള്ളവനാണു് അവനെന്നു് മനസ്സിലാക്കാന്‍ കഴിയും. വിശ്വാസികളുടെ പിതാവു് എന്നറിയപ്പെടുന്ന അബ്രാഹാമിന്റെ മകനായ യിസഹാക്കിന്റെ രണ്ടു് മക്കളില്‍ ഇളയവനായിരുന്നു യാക്കോബു്. മൂത്തവന്‍ ഏശാവു് നായാട്ടുകാരനായിരുന്നതിനാല്‍, വേട്ടയിറച്ചിയില്‍ തല്‍പരനായിരുന്ന യിസഹാക്കു് അവനെ കൂടുതല്‍ സ്നേഹിച്ചിരുന്നു. അവരുടെ അമ്മയായിരുന്ന റെബേക്കയ്ക്കു് യാക്കോബിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. വൃദ്ധനും അന്ധനുമായപ്പോള്‍ ചാവുന്നതിനു് മുന്‍പു് ഒരിക്കല്‍ കൂടി കാട്ടിറച്ചി തിന്നാനുള്ള ആഗ്രഹം അവന്‍ ഏശാവിനെ അറിയിക്കുന്നു. മൂത്തമകന്‍ വേട്ടക്കു് പോയ തക്കം നോക്കി റെബേക്ക നല്ല രണ്ടു് കോലാട്ടിന്‍ കുട്ടികളെ ഭര്‍ത്താവിന്റെ രുചിക്കനുസൃതം പാകംചെയ്തു് യാക്കോബിന്റെ കയ്യില്‍ കൊടുത്തുവിടുന്നു. ഏശാവു് ദേഹം മുഴുവന്‍ രോമം മൂടിയവനായിരുന്നതിനാല്‍, അവള്‍ അവന്റെ കയ്യും കഴുത്തും ആട്ടിന്‍തോല്‍ കൊണ്ടു് പൊതിയുകയും, ഏശാവിന്റെ വിശേഷവസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. “ഇത്രവേഗം വേട്ടയിറച്ചി കിട്ടിയോ?” എന്ന അപ്പന്റെ ചോദ്യത്തിനു് “യഹോവ ഒരു കാട്ടുമൃഗത്തെ എന്റെ നേര്‍ക്കു് വരുത്തിത്തന്നു” എന്ന മറുപടിയും. ആവശ്യത്തിനു് ഉപയോഗിക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണു് ദൈവനാമം? “ശബ്ദം യാക്കോബിന്റെ ശബ്ദം, കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നെ. നീ എന്റെ മകനായ ഏശാവു് തന്നെയോ?” “അതേ” എന്നു് മറുപടി. എന്നിട്ടും സംശയം തീരാഞ്ഞിട്ടാവാം യിസഹാക്കു് വസ്ത്രം കൂടി മണത്തുനോക്കി ഏശാവുതന്നെ എന്നു് ഉറപ്പുവരുത്തുന്നു. അങ്ങനെ, മകന്റെ കയ്യിലെ രോമവും ആട്ടിന്‍രോമവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര അന്ധനും വൃദ്ധനുമായിരുന്ന പിതാവിനെ അമ്മയുടെ സഹായത്തോടെ ചതിച്ചു് അനുഗ്രഹം വാങ്ങിയവനാണു് യാക്കോബു്. പണ്ടൊരിക്കല്‍ ക്ഷീണിച്ചു് വിശന്നു് വീട്ടിലെത്തിയ ഏശാവിനു് ചുവന്ന പായസം വിറ്റു് ജ്യേഷ്ഠാവകാശം പണ്ടേതന്നെ യാക്കോബു് ഒപ്പിച്ചിരുന്നു. ചുവന്ന പായസം കുടിച്ചതുകൊണ്ടു് അവനു് ‘ഏദോം’ (ചുവന്നവന്‍) എന്നു് പേരുമായി.
തന്മൂലം, അപ്പന്റെ മരണശേഷം യാക്കോബിനെ കൊല്ലാന്‍ ഏശാവു് തീരുമാനിക്കുന്നു. വിവരമറിഞ്ഞ അമ്മ, യാക്കോബിനെ തന്റെ സഹോദരനായ ലാബാന്റെ നാടായ ഹാരാനിലേക്കു് അയക്കുന്നു. ലാബാന്റെ രണ്ടു് പുത്രിമാരില്‍ മൂത്തവളായ ലേയയുടെ കണ്ണുകള്‍ ശോഭ കുറഞ്ഞതായിരുന്നു. ഇളയവളായ റാഹേല്‍ സുന്ദരിയും, മനോഹരരൂപിണിയും. റാഹേലിനെ ഭാര്യയായി ലഭിക്കാന്‍ ലാബാനുവേണ്ടി ഏഴുവര്‍ഷം ജോലിചെയ്യാമെന്നു് യാക്കോബു് ഒരു എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നു. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ലാബാന്‍ നാട്ടുകാര്‍ക്കു് കല്യാണവിരുന്നൊക്കെ നല്‍കുന്നുണ്ടെങ്കിലും രാത്രിയില്‍ യാക്കോബിന്റെ കിടപ്പറയിലേക്കു് റാഹേലിനു് പകരം ലേയയെയാണു് അയാള്‍ തള്ളിവിടുന്നതു്. “ഇരുട്ടില്‍ എല്ലാ പൂച്ചകളും ഇരുണ്ടതായതിനാല്‍” ലേയയുടെ കണ്ണുകളുടെ ശോഭക്കുറവു് അന്നേരം യാക്കോബിന്റെ കണ്ണില്‍ പെടുന്നില്ല. നേരം വെളുത്തു് “മഞ്ജുഭാഷിണീ, മണിയറവീണയില്‍ മയങ്ങിയുണരുന്നതേതൊരു…” എന്ന മൂളിപ്പാട്ടുമായി കണ്ണുതുറന്നപ്പോഴാണു്, മൊഞ്ചത്തിപ്പെണ്ണു് മഞ്ചത്തിലെത്തിയതു് തഞ്ചത്തിലായിരുന്നു എന്ന ഭീകരസത്യം പുയ്യാപ്ല അറിയുന്നതു്. തന്ത്രശാലിയായ ലാബാന്‍ (റെബേക്കയുടെയല്ലേ ആങ്ങള!) യാക്കോബിനേക്കൊണ്ടു് റാഹേലിനുവേണ്ടി വീണ്ടും ഏഴുവര്‍ഷം ജോലി ചെയ്യിക്കുന്നു. “ഏതായാലും നനഞ്ഞു, എന്നാല്‍ പിന്നെ ശരിക്കും കുളിച്ചേക്കാം” എന്ന തോതില്‍ യാക്കോബു് അവന്റെ ഭാര്യമാരുടെ ദാസിമാരായിരുന്ന ബില്‍ഹാ, സില്‍പ എന്നിവരേയും ഭാര്യമാരായി എടുക്കുന്നു. എല്ലാവരും കൂടി പന്ത്രണ്ടു് പുത്രന്മാരേയും, ദീനാ എന്നൊരു മകളേയും യാക്കോബിനു് സമ്മാനിക്കുന്നു. മക്കളില്ല എന്ന പേരില്‍ ആടുകളെ മേയ്ക്കാന്‍ ആളില്ലാതാവരുതു്!
ഏതാണ്ടു് സൗദി അറേബ്യയിലെ ധനികകുടുംബങ്ങളിലെ അവസ്ഥ. മെക്കയിലെ ദേവാലയത്തിന്റെ നവീകരണം അടക്കമുള്ള കണ്‍സ്‌റ്റ്രക്ഷന്‍ വര്‍ക്സ് ചെയ്തു് കോടീശ്വരനായവനായിരുന്നു ഒസാമാ ബിന്‍ ലാദന്റെ പിതാവു്. എത്രയോ ഭാര്യമാര്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അന്‍പതിലേറെ മക്കളില്‍ പതിനേഴാമത്തവനായിരുന്നത്രേ ഒസാമ!
ഇനി പറയൂ: ദൈവത്തെ ഗുസ്തിയില്‍ തോല്‍പ്പിക്കാന്‍ യാക്കോബിനേക്കാള്‍ യോഗ്യന്‍ ആര്‍? അതുകൊണ്ടു് യാക്കോബിന്റെ യോഗ്യതകള്‍ മുഴുവന്‍ ഇവിടെ വിവരിച്ചു എന്നു് കരുതരുതു്. എന്തെങ്കിലും തമാശ വായിക്കണം എന്നു് തോന്നുമ്പോള്‍ പഴയനിയമം വായിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല. ഞാന്‍ പള്ളിയില്‍ പോകാറില്ലാത്തതും അതുകൊണ്ടുതന്നെ – ചില കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും എനിക്കു് ചിരി നിയന്ത്രിക്കാന്‍ കഴിയാറില്ല.