ആത്മാവിന്റെ ആരോഹണം അജ്ഞാതമായവരോ, അല്ലെങ്കില്‍ അതു് അവരുടെ ശ്രദ്ധയില്ലാതെ സംഭവിക്കുന്നവരോ, അതുമല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വന്തമായ ചിന്ത എന്നൊന്നു് ഇല്ലാത്തവരോ ആയവര്‍ക്കു് വേണ്ടിയാണു് പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. സമാധാനവും ഒരുതരം അന്തസ്സും ആവശ്യമായ വിശുദ്ധമന്ദിരങ്ങളിലും, ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പെട്ട ആളുകള്‍ എന്തു് ചെയ്യാന്‍? അതുകൊണ്ടു് അവര്‍ ഒരു ശല്യമാവാതിരിക്കാന്‍ വേണ്ടി ചെറുതും വലുതുമായ മതങ്ങളുടെ സ്ഥാപകന്മാര്‍ അവര്‍ക്കു് കൈകളും കാലുകളും (കണ്ണുകള്‍ പ്രത്യേകിച്ചും!) ഒരു നിര്‍ദ്ദിഷ്ടരീതിയില്‍ സ്ഥിരമായി “വിന്യസിച്ചു”കൊണ്ടുള്ളതും, ഓര്‍മ്മശക്തിയെ പങ്കെടുപ്പിച്ചുകൊണ്ടും ആയാസപ്പെടുത്തിക്കൊണ്ടുള്ളതുമായ ചുണ്ടുകളുടെ ഒരുതരം ദീര്‍ഘവും യാന്ത്രികവുമായ ജോലി – പ്രാര്‍ത്ഥന – എന്ന പ്രമാണസൂത്രം കല്‍പിച്ചുകൊടുത്തു!
അതിന്റെ ഫലമായി അവര്‍ ഒന്നുകില്‍ ടിബറ്റുകാരെപ്പോലെ “ഓം മണി പദ്മേ ഹൂം” എന്നു് എണ്ണമറ്റ പ്രാവശ്യം അയവിറക്കും, അല്ലെങ്കില്‍, ബനാറസിലേപ്പോലെ ദൈവത്തിന്റെ നാമമായ റാം-റാം-റാം മുതലായവ (ആകര്‍ഷകമായോ അല്ലാതെയോ) വിരലുകളില്‍ എണ്ണിത്തീര്‍ക്കും, അല്ലെങ്കില്‍, വിഷ്ണുവിന്റെ ആയിരമോ, അള്ളായുടെ തൊണ്ണൂറ്റൊന്‍പതോ വിളിപ്പേരുകള്‍ വിളിച്ചു് ബഹുമാനിക്കും, അതുമല്ലെങ്കില്‍ അവര്‍ പ്രാര്‍ത്ഥനാചക്രങ്ങളേയോ കൊന്തമാലയേയോ ഓപറേറ്റ് ചെയ്യും. അതെന്തായാലും, ഈ ജോലിവഴി അവര്‍ കുറെനേരത്തേക്കെങ്കിലും “കെട്ടിയിടപ്പെടുകയും” ഒരുമാതിരി സഹിക്കാവുന്ന രൂപത്തിലുള്ള ഒരു കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുമെന്നതാണു് പ്രധാനമായ കാര്യം.
സ്വന്തചിന്തകള്‍ ഉള്ളവരും ആത്മാവിന്റെ ഔന്നത്യം സ്വാഭാവികമായിത്തന്നെ അറിയാവുന്നവരുമായ ഭക്തന്മാരുടെ പ്രയോജനത്തിനു് വേണ്ടിയാണു് ഇക്കൂട്ടത്തില്‍ പെട്ടവരുടെ തരം പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. “ശരിയായ” ഭക്തന്മാര്‍ക്കുപോലും അഭിവന്ദ്യതയുടെ ഒരു പരമ്പര പദങ്ങളും സ്വരങ്ങളും, ഭക്തിപൂരിതമായ യാന്ത്രികതയും ആനന്ദദായകമാവുന്ന ചില ക്ഷീണിതനിമിഷങ്ങളുണ്ടു്. സ്വയം സഹായിക്കാന്‍ കഴിയുന്ന ഭക്തരായ അപൂര്‍വ്വമനുഷ്യര്‍ ഉണ്ടെന്നു് സങ്കല്‍പിച്ചാലും – എല്ലാ മതങ്ങളിലും ധര്‍മ്മനിഷ്ഠനായ മനുഷ്യന്‍ ഒരു അപവാദമാണു് – ആത്മാവില്‍ ദരിദ്രതയുള്ള ആദ്യത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ സ്വയം സഹായിക്കാന്‍ അറിയാത്തവരാണു്. അവരുടെ “പ്രാര്‍ത്ഥനാചടപടശബ്ദം” നിരോധിക്കുക എന്നാല്‍, പ്രോട്ടസ്റ്റന്റുകാര്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ കാണിച്ചു് തരുന്നതുപോലെ, അവരില്‍ നിന്നും അവരുടെ മതം എടുത്തു് മാറ്റുക എന്നായിരിക്കും അര്‍ത്ഥം.
ഇതുപോലുള്ള മനുഷ്യരില്‍ നിന്നും മതം ആഗ്രഹിക്കുന്നതു് അവര്‍ കണ്ണുകള്‍ കൊണ്ടും, കൈകള്‍ കൊണ്ടും, കാലുകള്‍ കൊണ്ടും, ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ കൊണ്ടും ശാന്തത പാലിക്കുക എന്നതു് മാത്രമാണു് – അതുവഴി കുറെനേരത്തേക്കു് അവര്‍ നല്‍കുന്ന കാഴ്ചയില്‍ പുരോഗതി ഉണ്ടാവും, അവര്‍ മനുഷ്യസമാനരാവും!