RSS

Daily Archives: Oct 29, 2021

യൂട്യൂബ് പ്രസവം

ഒരു 17-വയസ്സുകാരിപ്പെണ്ണു് യൂട്യൂബ് നോക്കി “സ്വയം” പ്രസവിച്ചു.<<< – വാർത്ത

സാധാരണഗതിയിൽ കേരളത്തിലെ സ്ത്രീകൾ “സ്വയം” പ്രസവിക്കാറില്ല, മറ്റാരെക്കൊണ്ടെങ്കിലും പ്രസവിപ്പിക്കാറേയുള്ളു. അതുകൊണ്ടു് “സ്വയം” പ്രസവിക്കേണ്ടിവരുമ്പോൾ യൂട്യൂബ് നോക്കേണ്ടി വരുന്നതു് സ്വാഭാവികം. യൂട്യൂബ് നോക്കാതെയാണു് പ്രസവിച്ചിരുന്നതെങ്കിൽ അതൊരു വാർത്തയാകുമായിരുന്നു എന്നും തോന്നുന്നില്ല. മല്ലു പൊളിറ്റിക്കൽ ഫിലോസഫേഴ്സ് തിരിച്ചറിഞ്ഞിട്ടുള്ളതുപോലെ, മനുഷ്യൻ പട്ടിയെ കടിക്കുന്നതേ വാർത്തയാകാറുള്ളു. പട്ടികൾ മനുഷ്യരെയോ, പട്ടികൾ തമ്മിൽത്തമ്മിലോ കടിക്കുന്നതു് വാർത്താപ്രാധാന്യമുള്ള കാര്യങ്ങളല്ല. അല്ലെങ്കിൽ, രണ്ടും മൂന്നും വിഭാഗങ്ങളിൽ പെട്ട പട്ടികടികൾ യൂട്യൂബ് നോക്കിയുള്ള കടികൾ ആയിരിക്കണം. ആധുനികലോകത്തിൽ അതിനു് നല്ല വാർത്താമൂല്യമുണ്ടു്. യൂട്യൂബിലെ പട്ടിഷോകൾക്കു് ധാരാളം വ്യൂവേഴ്‌സ് ഉണ്ടാകാറുണ്ടെന്നതുതന്നെ അതിന്റെ തെളിവു്.

പ്രശസ്തി എന്നതു് കിറ്റുപോലെ വെറുതെ കിട്ടുന്ന സാധനമല്ല. അതിനു് നല്ലപോലെ കഷ്ടപ്പെടേണ്ടതുണ്ടു്. ഒരു ജർമ്മൻ ശൈലി കടമെടുത്തു് പറഞ്ഞാൽ, “കൊതം തൊറന്നു് കഷ്ടപ്പെടാൻ” തയ്യാറല്ലാത്തതുകൊണ്ടാണു് പ്രശസ്തിവേട്ടയിൽ പലരും ദയനീയമായി പരാജയപ്പെടുന്നതു്. ഉന്നതപദവികൾ അലങ്കരിക്കാനായി റഹീമും ജെയ്ക്കും ഡൽഹിയിലേക്കു് പോകുന്നു എന്നു് കേൾക്കുമ്പോൾ ആളുകൾക്കൊരു ചിരിയാണു്! ആ നേട്ടത്തിനു് പിന്നിൽ എത്രമാത്രം അദ്ധ്വാനം പതിയിരിക്കുന്നുണ്ടെന്നു് അറിയാത്തതുകൊണ്ടാണു് ആളുകൾ ചിരിക്കുന്നതു്. പൊതുമരാമത്തു് റിയാസിനെ നോക്കൂ! സ്പീക്കർ രാജേഷിനെ നോക്കൂ! അല്ലെങ്കിൽ, കേരള രാഷ്ട്രീയവിഹായസ്സിൽ ചിറകടിച്ചു് പറക്കുന്ന മറ്റേതെങ്കിലുമൊരു കംണിഷ്ട് സെലിബ്രിറ്റിയെ നോക്കൂ! “കൊതം തൊറന്ന അദ്ധ്വാനത്തിലൂടെ” അവർക്കടിച്ച ലോട്ടറിയാണു് അവരുടെയെല്ലാം പ്രശസ്തി.

യൂട്യൂബ് നോക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വയറ്റാട്ടിയുടെ സഹായത്തോടെയും പെണ്ണുങ്ങൾക്കു് വേണമെങ്കിൽ “സ്വയം” പ്രസവിക്കാം. പക്ഷേ, വയറ്റാട്ടികൾ പൊതുവേ സൂതികർമ്മത്തോടൊപ്പം വാർത്താവിതരണഏജൻസി എന്ന കർമ്മപഥവും “അവൊക്കേഷണലായി” സ്വീകരിക്കാറുണ്ടെന്നതിനാൽ, പ്രസവം നടക്കുന്നതിനു്, അഥവാ പ്രസവം എടുക്കുന്നതിനു് മുൻപേതന്നെ മഹസ്സർ തയ്യാറാക്കാൻ പോലീസ് പത്രക്കാരോടും ക്യാമറാമാന്മാരോടുമൊപ്പം സംഭവസ്ഥലത്തു് എത്തിക്കൂടെന്നില്ല. അതുവഴി, “പ്രൈവറ്റ് ഓൺട്രോപ്രൊന്യോർഷിപ്പ്” ആയി ഒതുക്കിത്തീർക്കാമെന്നു് വ്യാമോഹിച്ച “സ്വയം” പ്രസവം ഒരുതരം “സോഷ്യൽ ഓൺട്രോപ്രൊന്യോർഷിപ്പ്” ആയി രൂപാന്തരപ്പെടാനും മതി.

ഏതായാലും, 17-വയസ്സുകാരിയുടെ യൂട്യൂബ് നോക്കിയുള്ള സ്വയം പ്രസവവാർത്ത കേട്ടപാടെ പിണൂവിയൻ “pollice” പതിവുപോലെ സംഭവ സ്ഥലത്തെത്തി, “മെക്കാളെ സായിപ്പിന്റെ” കാലത്തെ “കാക്കി നിക്കറിട്ട” പോലീസുകാർ ഈവക കേസുകെട്ടുകൾ കൈകാര്യം ചെയ്തിരുന്ന അതേ ചുറുചുറുക്കോടെ, അതേ കാര്യക്ഷമതയോടെ, F. I. R., മഹസ്സർ മുതലായ, “പൗലോസിക” നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും, ആ പെണ്ണു് പ്രസവിച്ച “പിഞ്ചു”കുഞ്ഞിന്റെ (“പിഞ്ചു” എന്ന വാക്കിനു് മാദകരമ-മാനസരമ-മദാലസരമ മാധ്യമങ്ങളോടു് ചങ്കുപിളർന്ന കടപ്പാടു്!) ബയൊളോജിക്കൽ ഫാദറായ (ഫോസ്റ്റർ-ഫാദറെയല്ല എന്നു് സാരം) 21-കാരൻ ചെർക്കനെ ജാമ്യമില്ലാവകുപ്പിൽപ്പെടുത്തി അറസ്റ്റ്‌ ചെയ്തു് ലോക്കപ്പിലാക്കുകയും ചെയ്തു.

“UAPA” വകുപ്പുകൂടി ആ കുഞ്ഞപ്പൻ ചെർക്കന്റെ പേരിൽ ചാർത്തിക്കൊടുക്കാൻ പറ്റുമോ എന്നു് പ്രശസ്ത നിയമപണ്ഡിതൻ ബാലനും, പ്രശസ്ത വൈദ്യുതപണ്ഡിതൻ മണിയും, പ്രശസ്ത വിദ്യാഭ്യാസപണ്ഡിതൻ ശിവൻകുട്ടിയും, പ്രശസ്ത ആരോഗ്യവിദഗ്ദ്ധ വീണയും, പ്രശസ്ത കേരള വനിതാ വിദദ്ധ ജോസഫൈനും, പ്രശസ്ത ടൂറിസ്റ്റൻ റിയാസും, പ്രശസ്ത മീൻപണ്ഡിത മേഴ്സിക്കുട്ടിയും, പ്രശസ്ത ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാമിക തിയോളജിസ്റ്റ് വാസവനും, പ്രശസ്ത ആഭ്യന്തര-ആകൂതിക-ഹരിശ്രീ-ഓലവര-പണ്ഡിതൻ പിണറായിയും, മാക്രിസ്റ്റ്-കംണിഷ്ട് പാർട്ടിയുടെ സ്വന്തം കോടതിയിൽ കളക്റ്റീവായും സംയുക്തമായും സർവ്വതോമുഖമായും പഠിച്ചുകൊണ്ടിരിക്കുന്നതായാണു് റിപ്പോർട്ട്.

ഇത്രയൊക്കെ ചെയ്തിട്ടും, ആഭ്യന്തരമുഖ്യൻ പിണറായി തത്ക്ഷണം രാജിവയ്ക്കണമെന്നാണത്രെ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗീയ-ഫാഷിസ്റ്റ്-മുതലാളിത്തത്തിന്റെ പിണിയാളുകളായ കുത്സിതശക്തികൾ ഏകസ്വരത്തിൽ മുദ്രാവാക്യം മുഴക്കുന്നതു്! അടുത്ത പത്രസമ്മേളനത്തിൽ സാവു്, “ഇത്തിരിയുള്ളൊരു നെല്ലാണ്ടി വയറുകീറി ചത്താണ്ടി” എന്നോ മറ്റോ വല്ല പഴഞ്ചൊല്ലുകളും പാടിക്കേൾപ്പിക്കുമോ എന്നറിയുന്നതിനു് മുൻപേ തന്നെ യൂട്യൂബ് പ്രസവവിഷയത്തിൽ ഇത്ര തിടുക്കപ്പെട്ടു് സാവിന്റെ രാജി ആവശ്യപ്പെടുന്നതു് മര്യാദകേടാണെന്നു് പറയാതെ വയ്യ. അങ്ങനെ ഓരോ സില്ലി മാറ്റേഴ്‌സിനും രാജി വയ്ക്കേണ്ടി വന്നാൽ സാവു് ദിവസേന മൂന്നുവട്ടം രാജി വയ്ക്കേണ്ടി വരില്ലേ? സാവിന്റെ രാജിമൂലം ഭരണയന്ത്രം, എണ്ണയില്ലാതെ ആടുന്ന ചക്കുപോലെ, ഞരങ്ങാനും മുരളാനും തുടങ്ങുകയും, ആ തക്കം നോക്കി മുല്ലപ്പെരിയാർ ഡാം പൊട്ടുകയും ചെയ്‌താൽ ആരോരുത്തൻ വെള്ളത്തിന്റെ ആ കുത്തിയൊഴുക്കിനെ തടഞ്ഞുനിർത്തും?

ആശങ്ക പരത്തലുകൾ, വ്യാജവാർത്ത സൃഷ്ടിക്കലുകൾ, സഖാത്തികളുടെ നികുതി വെട്ടിപ്പുകൾ, അത്ഭുതഗർഭങ്ങൾ മുതലായവയെല്ലാമായി കേരളത്തിൽ അഴിഞ്ഞാടുന്ന ജനകീയ അധോലോകശക്തികളെ കർശനമായി നിയന്ത്രിക്കേണ്ടതുണ്ടു്. ഒരു അധോലോകത്തിൽ ഒന്നിലധികം അധോലോകശക്തികൾ വാഴാൻ ഇടവന്നാൽ, അതു് പ്രസ്തുത അധോലോകത്തിന്റെ മൊത്തം നവോത്ഥാനത്തെയും, നവീകരണത്തെയും, പുരോഗമനത്തെയും, സ്ത്രീപുരുഷസമത്വത്തെയും, സ്ഥിതിസമത്വത്തെയും പ്രതികൂലമായും സാരമായും ബാധിക്കുമെന്നു് അറിയാത്തവരാണു് സാവിന്റെ പൊടുന്നനെയുള്ള രാജി ആവശ്യപ്പെടുന്ന “അരാഷ്ട്രീയ നിഷ്ക്കുകൾ”. അവർ ശിശുക്കളാണു്; അവർക്കൊന്നും അറിയില്ല. പഠിക്കാതെ വിമർശിക്കുന്ന കേവലമൂഢരാണവർ!

സർവ്വോപരി, സാവിന്റെ അസാന്നിദ്ധ്യത്തിൽ കെ-റെയിൽ, കെ- ഫോൺ, കെ-മലർ, കെ-ഷിറ്റ്, കെ-യാക്ക്, കെ-കൊടി, കെ-സുനി മുതലായ ശാസ്ത്രീയപദ്ധതികൾ എണ്ണയിട്ട യന്ത്രം പോലെ ആരു് മുന്നോട്ടു് തള്ളും?

അതുകൊണ്ടു്, “ഞാനൊന്നും കണ്ടില്ലേ രാമനാരായണാ”, “ഞാനൊന്നും കേട്ടില്ലേ അവ്വക്കറുസ്താദേ”, “ഞാനൊന്നും കണ്ടില്ലേ വട്ടായിപ്പാതിരീ”, “ഏനൊന്നും മണത്തില്ലേ മാക്രീ വിജയനേ” എന്നു് “അതേന്ദ്രവജ്രാംഘിയുപേന്ദ്രവജ്ര കലർന്നുവരുന്ന സമവൃത്തമായ ഉപജാതിയിൽ ആവുംവിധം തൊള്ളതുറന്നു് ആലപിച്ചു് അവഗണിച്ചേക്കുക!

പക്ഷേ, ഒരു മല്ലു ഒരിക്കലും മറക്കാൻ പാടില്ലാത്ത മാക്സിം: “കേളീന്ദ്രവജ്രയ്ക്കു് തതം ജഗംഗം; ഉപേന്ദ്രവജ്രയ്ക്കു് ജതം ജഗംഗം.”

 
Comments Off on യൂട്യൂബ് പ്രസവം

Posted by on Oct 29, 2021 in Uncategorized