RSS

Daily Archives: Nov 24, 2021

ഒറ്റുകാശു്

ദൈവത്തിന്റെ ഏകജാതനായ യേശുവിനെ ചുംബനംവഴി ഒറ്റിക്കൊടുത്തതിന്റെ പേരിൽ മുപ്പതു് വെള്ളിക്കാശുകളാണു് അവന്റെ പന്ത്രണ്ടു് ശിഷ്യരിൽ ഒരുവനായിരുന്ന യൂദാസിനു് യേരുശലേം ദേവാലയത്തിലെ മഹാപുരോഹിതർ എണ്ണിക്കൊടുത്തതു്! ഇന്നത്തെ എക്സ്ചേഞ്ച് റെയ്റ്റിൽ ആ ഒറ്റുകാശു് ഒരുപാടു് അമേരിക്കൻ ഡോളറിനു് തുല്യമായ ഒരു തുകയായിരുന്നിരിക്കണം.

പണമില്ലാത്തവൻ പിണം! പണമെറിഞ്ഞാൽ ഏതു് പിണത്തിനും പിണുവാകാം. അതാണു് ലോകഗതിയും ലോകനിയമവും. ബാക്കിയെല്ലാം ധർമ്മപുരാണവാചകമടികളുടെ ചൂടുകാറ്റുകൾ മാത്രം!

കമ്മ്യൂണിസത്തിലായാലും ക്യാപ്പിറ്റലിസത്തിലായാലും ഒറ്റു്, ചതി, വഞ്ചന, കുലംകുത്തികളെ ഉന്മൂലനം ചെയ്യൽ മുതലായ ഡിപ്ലോമാറ്റിക് സേവനങ്ങൾ പൂജ്യം കൂലിക്കു് ലഭിക്കില്ല. അതാതു് മാർക്കറ്റ് നിലവാരം അനുസരിച്ചായിരിക്കും താരിപ്പു് എന്നേയുള്ളു. സപ്ലൈ ആൻഡ് ഡിമാൻഡ്! കൊടിയ ദാരിദ്ര്യം നിലവിലിരിക്കുന്ന ഒരു സമൂഹത്തിൽ ഒരു കിറ്റിനുപോലും മനുഷ്യരെ ഒറ്റുകാരും ചതിയരും വഞ്ചകരും കൊലപാതകികളുമാക്കി മാറ്റാൻ കഴിയും.

ഇടതുകേർമെന്റിനെ അധികാരത്തിലെത്തിച്ചാൽ, മദ്യവർജ്ജനം നടപ്പാക്കുമെന്നു് പറഞ്ഞു് ജനത്തെ കബളിപ്പിക്കാൻ മുറ്റത്തു് വാഴനട്ട മലയപ്പുലയനെയോ, ഏതെങ്കിലുമൊരു ഓട്ടർഷ ഡ്രൈവനെയോ ഡ്രൈവത്തിയെയോ ഏർപ്പാടാക്കിയിട്ടു് കാര്യമില്ല. ജനം ഹീറോകളെയാണു്, സീറോകളെയല്ല ആരാധിക്കാൻ വെമ്പുന്നതു്! അവരുടെ അഭിപ്രായമാണു് കേൾക്കാൻ ആഗ്രഹിക്കുന്നതു്! അതുകൊണ്ടാണു് ഇടതുകേർമെന്റിന്റെ മദ്യവർജ്ജനവ്യാജവാഗ്ദാനം വിളംബരം ചെയ്യാൻ സിൽമാ സെലിബ്രിറ്റികളായ KPAC ലളിതയും ഇന്നസന്റുമെല്ലാം ഏർപ്പാടു് ചെയ്യപ്പെട്ടതു്.

കുടുക്ക പൊട്ടിച്ചു് സമ്പാദ്യം പാർട്ടിക്കു് ദാനംചെയ്ത ബീഡി തെറുപ്പുകാരനെപ്പോലെയല്ല, സ്വന്തം “ജനസേവനത്തിനു്” കണക്കു് പറഞ്ഞു് കാശു് വാങ്ങുന്നവരാണു് ജനകോടികളുടെ ആരാധനാപാത്രങ്ങളായ സെലിബ്രിറ്റികൾ. സെലിബ്രിറ്റികൾ തുപ്പുന്നതു് നക്കാനും, സെലിബ്രിറ്റികൾക്കു് മൂത്രമൊഴിക്കാനായി മലർന്നു് കിടന്നുകൊടുക്കാനുംവരെ സന്നദ്ധരാകുന്ന ആരാധകരെ സംബന്ധിച്ചു് ജീവാത്മാവും പരമാത്മാവുമാണു് അവരുടെ സ്വന്തം സെലിബ്രിറ്റികൾ!

ഉദ്ദിഷ്ടകാര്യം സാധിച്ചുകിട്ടിയാൽ അതിന്റെ പേരിൽ ആരാധ്യർക്കു് ഉപകാരസ്മരണയർപ്പിച്ചു് നന്ദി പ്രകടിപ്പിക്കുന്നതാണു് അനാദികാലം മുതൽ ആരാധകവൃന്ദത്തിന്റെ രീതി. മദ്യവർജ്ജനം എന്ന കള്ളക്കളി തന്മയത്വമായി അഭിനയിച്ചു് ജനത്തെ കബളിപ്പിച്ചു് അധികാരത്തിലെത്താൻ സഹായിച്ച KPAC ലളിതയുടെ മുഴുവൻ ചികിത്സാചിലവും വഹിക്കാൻ പിണറായി ഗവണ്മെന്റ്‌ തീരുമാനിച്ചതും, ഏതുവിധേനയും അധികാരം നേടുക എന്ന പാർട്ടിയുടെ ഉദ്ദിഷ്ടകാര്യം ഒപ്പിച്ചുകൊടുത്തതിനുള്ള ഒരു ഉപകാരസ്മരണയായി കണ്ടാൽ മതി.

ആരെ കബളിപ്പിച്ചാണോ തങ്ങൾ അധികാരം കരസ്ഥമാക്കിയതു്, ആ ജനത്തിന്റെ വിയർപ്പിന്റെ ഫലമായ നികുതിപ്പണംകൊണ്ടുതന്നെ വേണമായിരുന്നോ ആ “ജീവകാരുണ്യപ്രവൃത്തി” എന്നു് ചോദിക്കാൻ ഇപ്പോൾ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, അവർക്കു് “ഓഞ്ചിയം-വാളയാർ-ലാവ്ലിൻ-ഓന്തുമാൻ” ഫെയിം പിണറായിയെപ്പറ്റിയോ മാക്രിസ്റ്റ് പാർട്ടിയെപ്പറ്റിയോ ഒരു ചുക്കുമറിയില്ല എന്നേ ഗ്രാമീണഭാഷയിൽ പറയാനുള്ളു. ഗ്രാമീണഭാഷയിൽ പറഞ്ഞാൽ അക്ഷരംപ്രതി മനസ്സിലാക്കാൻ കഴിയുന്നവരാണു് ഗ്രാമീണരായ മലയാളികൾ. കേൾവിക്കാരുടെ മറുചോദ്യങ്ങൾ ഒഴിവാക്കാൻ ഗ്രാമീണഭാഷാപ്രയോഗം വളരെ ഉത്തമമാണു്.

അധികാരത്തിൽ പിടിച്ചിരിക്കാൻ ഊതിപ്പെരുപ്പിച്ച ഹീറോ ഇമേജുകളും, വ്യാജ വാർത്തകളും, വ്യാജ വാഗ്ദാനങ്ങളും, ഇല്ലാക്കഥകളും, പച്ചനുണകളുമെല്ലാം ധാരാളമായി ജനങ്ങൾക്കിടയിൽ വാരി വിതറേണ്ടതുണ്ടു്. ജനം ബൌദ്ധികമായി എത്ര പിന്നാക്കാവസ്ഥയിലാണോ അത്ര എളുപ്പം അവരെ വഞ്ചിക്കാൻ കഴിയും.

“യഹോവയായ ദൈവം തന്റേതായി തിരഞ്ഞെടുത്ത ജനമാണു് നിങ്ങൾ” എന്നു് മോശെ പണ്ടു് യഹൂദരെ പറഞ്ഞു് പറ്റിച്ചതുപോലെ, ബോധമില്ലാത്തവരോടു് നിങ്ങൾ പ്രബുദ്ധരാണെന്നും, നാലക്ഷരം തെറ്റുകൂടാതെ എഴുതാൻ അറിയാത്തവരോടു് നിങ്ങൾ സമ്പൂർണ്ണസാക്ഷരരാണെന്നും, പൊട്ടക്കിണറിന്റെ ചെളിത്തട്ടിൽ പൂണ്ടുവിളയാടുന്ന മാക്രികളോടു് നിങ്ങൾ ഏഴാം സ്വർഗ്ഗത്തിൽ “വർണ്ണപ്പട്ടങ്ങളായി” പാറിനടക്കുന്ന നംബർ വണ്ണുകളാണെന്നും മറ്റും പറഞ്ഞു് പിരികയറ്റുന്ന ഫ്രോഡ്സ്റ്ററെ സൂപ്പർ ഹീറോയായി അംഗീകരിക്കാൻ ഒരു പ്രത്യേക ആവേശംതന്നെ പ്രകടിപ്പിക്കുന്നവരാണു്, “മനുഷ്യനാകൂ” എന്ന വിപ്ലവഗാനം പാടി മനുഷ്യരായവർ, “യെശ്ശുവിനാൽ” രക്ഷിക്കപ്പെട്ടവർ, ദൈവമക്കളായവർ മുതലായ ജനുസ്സുകളിൽപെട്ട കേരളീയർ.

താനൊരു ബുദ്ധിജീവിയാണെന്നു് പരസ്യപ്രസ്താവന നടത്തുന്ന സാറന്മാരോടു് ഒരു സോഫ്റ്റ് കോർണർ ഉള്ളവരാണു് മേല്പടിയാന്മാരും “മേല്പടിയാത്തികളും”. ഒരുവിധം കൊള്ളാവുന്നതും കൊള്ളിക്കാവുന്നതുമായ ഒരു സാർ താനൊരു സുന്ദരിയാണെന്നു് പറയുന്നതു് കേട്ടാൽ പുഡിങ് പോലെ മൃദുലതരളിതരാകാത്ത സ്ത്രീരത്നങ്ങൾ ലോകത്തിൽ വിരളമാണെന്നോർത്താൽ, ഇതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യങ്ങളല്ല.

ഷൂസ്, പാന്റ്സ്, ബ്ലൌസ്, ചൂരിദാർ, പർദ്ദ, ബുർഖാ മുതലായവയുടെ സൈസ് പോലെയല്ല, സൈസ് നംബർ എത്ര കൂടിയിരിക്കുന്നോ അത്രയെളുപ്പം മനുഷ്യരെ കബളിപ്പിച്ചു് കിടത്താൻ പറ്റുന്ന ഒരു വജ്രായുധമാണു് മുഖസ്തുതി.

 
Comments Off on ഒറ്റുകാശു്

Posted by on Nov 24, 2021 in Uncategorized