RSS

Daily Archives: Sep 25, 2007

പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങള്‍

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാവട്ടെ എന്നു് ദൈവം കല്‍പിച്ചു; വെളിച്ചം നല്ലതു് എന്നു് ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു. ദൈവം വെളിച്ചത്തിനു് പകല്‍ എന്നും ഇരുളിനു് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” ഈ വര്‍ണ്ണനയുമായാണു് ബൈബിള്‍ ആരംഭിക്കുന്നതു്.(ഉല്‍പത്തി 1: 1 – 5)

“ഉണ്ടാവട്ടെ” എന്ന കല്‍പനവഴി പിന്നീടുള്ള സകല സൃഷ്ടിയും നടത്തുന്ന ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാന്‍ മാത്രം അങ്ങനെയൊരു കല്‍പന നല്‍കുന്നില്ല. പകരം എഴുത്തുകാരന്‍ ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന സ്വന്തം അഭിപ്രായം തിരുകിക്കയറ്റുക മാത്രം ചെയ്യുന്നു. അതുപോലെ, പിന്നീടു് സൃഷ്ടിക്കുന്നതു് മുഴുവനും നല്ലതു് എന്നു് ദൈവം കാണുന്നുണ്ടെങ്കിലും താന്‍ സൃഷ്ടിച്ച ഭൂമി മാത്രം എന്തുകൊണ്ടോ നല്ലതാവാതെ പാഴും ശൂന്യവുമായി ഇരിക്കുന്നു. അവിടെ പ്രകാശത്തിന്റെ കണികപോലുമില്ലാത്ത അന്ധകാരത്തിന്റെ അഗാധത മാത്രം. സത്യത്തിന്റെയും ജീവന്റെയും വഴിയില്‍ വെളിച്ചം വിതറേണ്ടുന്ന ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും അന്ധകാരം മറയുന്നില്ല. (ഞാന്‍ തന്നേ വഴിയും, സത്യവും, ജീവനുമാകുന്നു എന്നു്‌ ദൈവത്തിന്റെ പുത്രനായ യേശു.)

ലുഡ്‌വിഗ്‌ ഫൊയര്‍ബാഹ്‌ ഈ ഭാഗം വിമര്‍ശിക്കുന്നതു് ശ്രദ്ധിക്കൂ:

ലോകസൃഷ്ടിക്കായി ദൈവം തന്റെ കല്‍പനകള്‍ മനുഷ്യരുടെ ഭാഷയിലാണു് അരുളിച്ചെയ്യുന്നതു്. സംസാരം അനുസ്യൂതമായ (successive) ഒരു പ്രവൃത്തിയാണു്. അതായതു്, ആകാശവും, നക്ഷത്രങ്ങളും, ജലവും, മത്സ്യങ്ങളും ഒരേസമയം സംസാരം വഴി ആവിഷ്കരിക്കപ്പെടുക സാദ്ധ്യമല്ല. ദൈവം പറയുന്നതു് മാത്രം സംഭവിക്കുന്നു. ഓരോ വാക്കിനും അതിന്റേതായ അര്‍ത്ഥവും ലക്‍ഷ്യവും. ഓരോ ദിനത്തിനും അതിന്റേതായ ജോലി. ദൈവം പറയുന്ന ഓരോ വാക്കും നിവര്‍ത്തിക്കപ്പെടുന്നു, ഓരോ ജോലിയും കൃത്യമായി പൂര്‍ത്തീകരിക്കപ്പെടുന്നു; കൂടുതലില്ല, കുറവുമില്ല. വാക്കുകള്‍ കൊണ്ടുള്ള ഈ സൃഷ്ടി ആദ്യസൃഷ്ടിയായ ആകാശത്തിന്റെയും ഭൂമിയുടെയും കാര്യത്തില്‍ എങ്ങനെ നീതീകരിക്കാനാവും? ഭൂമി സൃഷ്ടിക്കപ്പെടുമ്പോള്‍ അതിലെ പാഴും ശൂന്യതയും നിര്‍ദ്ദേശിക്കപ്പെടുന്നില്ല. അതു് ദൈവം ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും ഭൂമി പാഴും ശൂന്യവുമായി ഇരിക്കുന്നു. ഭൂമിക്കു് ഭൂമി എന്നു് പേരിടുന്നതുതന്നെ മൂന്നാം ദിവസമാണു്. (ആകാശത്തിനു് കീഴുള്ള ജലം ഒരു സ്ഥലത്തു് കൂടട്ടെ. ഉണങ്ങിയ നിലം കാണട്ടെ. ഉണങ്ങിയ നിലത്തിനു് ഭൂമി എന്നും, വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും ദൈവം പേരിട്ടു.) ആകാശം ആകാശമെന്നു് വിളിക്കപ്പെടുന്നതു് രണ്ടാം ദിവസം മാത്രം. (വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനമുണ്ടാക്കി വിതാനത്തിനു് കീഴുള്ള വെള്ളവും മീതെയുള്ള വെള്ളവും വേര്‍പിരിച്ചു് ദൈവം വിതാനത്തിനു് ആകാശം എന്നു് പേരിട്ടു.) വെള്ളവും ഭൂമിയും തമ്മിലോ, ആകാശവും ഭൂമിയും തമ്മിലോ വ്യത്യാസമില്ലാത്തിടത്തോളം ആകാശവുമില്ല, ഭൂമിയുമില്ല, അത്രതന്നെ. നാമം വഴിയേ അസ്തിത്വമുള്ളു. ഈവിധ വാക്കുകള്‍കൊണ്ടു് തുടങ്ങുന്നു എന്നതിന്റെ പേരില്‍, ബൈബിളിന്റെ ആരംഭത്തെ എങ്ങനെ പ്രപഞ്ചത്തിന്റെ ആരംഭമാക്കാന്‍ കഴിയും? ഒരു ബിബ്ലിയോളജിക്കല്‍ ശൂന്യതയെ എങ്ങനെ ഒരു കോസ്മോളജിക്കല്‍ ശൂന്യതയായി അംഗീകരിക്കാനാവും? അതേസമയം, യെശയ്യാപ്രവാചകന്‍ മറ്റൊരു നിലപാടു് സ്വീകരിക്കുന്നു: “അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി. അവന്‍ അതിനെ ഉറപ്പിച്ചു. വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു്. പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു്” – (യെശയ്യാവു് 45: 18). പോരാത്തതിനു്, “യഹോവയുടെ വചനത്താല്‍ ആകാശവും, അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി” എന്നു് ദാവീദിന്റെ സങ്കീര്‍ത്തനം (സങ്കീര്‍ത്തനങ്ങള്‍ 33: 6). ഉല്‍പത്തിയുടെ ആരംഭത്തില്‍ എഴുത്തുകാരനല്ലാതെ ദൈവം വായ്‌ തുറക്കുന്നില്ല എന്നതിനാല്‍ പ്രപഞ്ചസൃഷ്ടി എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയല്ലാതെ മറ്റെന്താവാനാവുമെന്നു് ഫൊയര്‍ബാഹ്‌ ചോദിക്കുന്നു. (Ludwig Feuerbach: Theogonie)

ഒന്നാം ദിവസം തന്നെ ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും, വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിക്കുകയും, വെളിച്ചത്തിനു് പകല്‍ എന്നും, ഇരുളിനു് രാത്രി എന്നും പേരിടുകയും ചെയ്യുന്നു. പക്ഷേ, പകലിനും രാത്രിക്കും കാരണഭൂതനായ സൂര്യനേയും, അതോടൊപ്പം ചന്ദ്രനേയും നക്ഷത്രങ്ങളേയും സൃഷ്ടിക്കുന്നതു് നാലാം ദിവസം മാത്രം – (ഉല്‍പത്തി 1: 16). സൂര്യനുണ്ടാവുന്നതിനു് മുന്‍പു് തന്നെ, ഒന്നും രണ്ടും, മൂന്നും ദിവസങ്ങളില്‍ ഭൂമിയില്‍ സന്ധ്യയും ഉഷസ്സും അഥവാ, രാത്രിയും പകലും ഉണ്ടായിക്കൊണ്ടിരിക്കുന്നു – (ഉല്‍പത്തി 1: 5, 8, 13). ഒരു ദിവസം എന്നതു് ഒരു കോടിയോ, അതില്‍ കൂടുതലോ വര്‍ഷങ്ങളാവ്യാഖ്യാനിച്ചാലും, ഈ വൈരുദ്ധ്യത്തെ വെള്ളപൂശി എടുക്കാനാവില്ല.

പുല്ലും വൃക്ഷങ്ങളും കന്നുകാലികളും ഇഴജാതികളും കാട്ടുമൃഗങ്ങളും അടക്കമുള്ള സകലജീവജാലങ്ങളേയും അതതുതരം എന്ന പൊതുവായ ഒരു വാക്കിലൊതുക്കി സൃഷ്ടിക്കുന്ന ദൈവം ശൂന്യാകാശവും, അതില്‍ കോടിക്കണക്കിനു് അതതുതരം ഗാലക്സികളും ഉണ്ടാവട്ടെ എന്നു് എന്തുകൊണ്ടോ കല്‍പിക്കുന്നില്ല. ദൈവം പേരുപറഞ്ഞു് സൃഷ്ടിക്കാതിരുന്നിട്ടും, എങ്ങനെയെന്നറിയില്ല, അവയും, അതുപോലെതന്നെ എത്രയോ ആണവഘടകങ്ങളും, ഇന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റനേകം പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടായി വന്നു. തനിക്കു് അജ്ഞാതമായിരുന്നവ സൃഷ്ടിക്കുന്നതായി വര്‍ണ്ണിക്കുവാന്‍ എഴുത്തുകാരനു് കഴിയാഞ്ഞതു് സ്വാഭാവികം. ഉള്ളവയുടെ സ്രഷ്ടാവായി ഒരു ദൈവത്തെ ഭാവനയില്‍ കാണാന്‍ കഴിയുമെങ്കിലും, ഇല്ലാത്തവയെ (ഉണ്ടെന്നറിയാത്തവയെ) ആ ദൈവം സൃഷ്ടിക്കുന്നതായി വര്‍ണ്ണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇങ്ങനെയൊരു പൊല്ലാപ്പു് ഒഴിവാക്കാനാവാം പില്‍ക്കാലമതപണ്ഡിതര്‍ ദൈവത്തിനു് കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായി പ്രൊമോഷന്‍ നല്‍കിയതു്. അതവര്‍ ബുദ്ധിപൂര്‍വ്വമാണു് ചെയ്തതു്. കാരണം, ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ഇന്നുവരെ കാണപ്പെടാത്തവയായിരുന്ന പലതും കാണപ്പെടുന്നവയായിത്തീരാമെന്നതിനാല്‍ അവയുടെ നിര്‍മ്മാണാവകാശവും ദൈവത്തിന്റേതുതന്നെയെന്നു് സ്ഥാപിക്കുവാന്‍ അങ്ങനെയൊരു വാക്കു് അങ്ങേയറ്റം പ്രയോജനകരമാണു്. പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ സത്ഫലങ്ങള്‍ ആസ്വദിച്ചുകൊണ്ടു് അവരെ താഴ്ത്തിക്കെട്ടി പരിഹസിക്കാന്‍ അതു് സഹായകമാവുകയും ചെയ്യും.

കൃത്യമായി വ്യക്തമാക്കപ്പെടാതെ സൃഷ്ടി സാദ്ധ്യമാവുകയില്ല. “കടുവ” എന്നാല്‍ എന്തെന്നു് അറിയാത്ത ഒരു ലോകത്തില്‍, “ഒരു കടുവ ഉണ്ടാവട്ടെ!” എന്നു് കല്‍പിക്കുന്നതു് ദൈവമായാല്‍ത്തന്നെയും, അങ്ങനെയൊരു കല്‍പന അവ്യക്തവും യുക്തിഹീനവുമാണു്. ഉണ്ടാവേണ്ട കടുവ വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്തിടത്തോളം ഒരു കടുവയ്ക്കും രൂപമെടുക്കാന്‍ കഴിയുകയില്ല. രൂപമെടുക്കേണ്ട കടുവ ആണോ പെണ്ണോ, അതിന്റെ പ്രായമെത്ര, നീളമെത്ര, പൊക്കമെത്ര, തൂക്കമെത്ര മുതലായ എത്രയോ കാര്യങ്ങള്‍ നിശ്ചയിച്ചുറപ്പിക്കാതെ, “ഒരു കടുവയുണ്ടാവട്ടെ!” എന്നു് കല്‍പിച്ചാല്‍ , കടുവയോ, മറ്റെന്തെങ്കിലുമോ ഉണ്ടാവുകയില്ല. “കചടതപ” എന്നൊരു ജീവി ഉണ്ടാവട്ടെ എന്നു് കല്‍പിച്ചാല്‍ ഉണ്ടായേക്കാവുന്ന ജീവിയേപറ്റി ഒന്നു് ചിന്തിച്ചുനോക്കൂ.

മണ്ണുകുഴച്ചു് മെനഞ്ഞെടുക്കുന്ന ആദാം എന്ന മനുഷ്യനു് ദൈവം നല്‍കുന്ന രൂപവും നീളവും വണ്ണവും പൊക്കവും പ്രായവും അതുപോലുള്ള മറ്റു് ഭൗതികമാനങ്ങളുമേ ഉണ്ടാവൂ. അതായതു്, വൈറസ്‌ മുതല്‍ തിമിംഗലം വരെ, മുഴുവന്‍ ജീവജാലങ്ങളെയും അവയുടെ കൃത്യമായ രൂപവും, അളവുകളും, ലിംഗഭേദവും, മറ്റു് സ്വഭാവജന്യഗുണങ്ങളും മുന്‍കൂര്‍ നിശ്ചയിച്ചുറപ്പിക്കാതെ – മുന്‍പൊരിക്കലും അവ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ – അവയുടെ സൃഷ്ടി എന്ന പ്രക്രിയ സാദ്ധ്യമാവുകയില്ല. “അതതുതരം” ചെടികളും, വൃക്ഷങ്ങളും ഭൂമിയില്‍നിന്നും മുളച്ചുവരട്ടെ എന്ന കല്‍പനയ്ക്കു് ശൂന്യതയില്‍ നിന്നും ഉടലെടുത്ത ഒരു ഭൂമിയിലെ ശൂന്യാവസ്ഥയില്‍ യാതൊരു അര്‍ത്ഥവും നല്‍കാനാവില്ല.

ഭൂമിയില്‍നിന്നും പുല്ലും, വിത്തുള്ള സസ്യങ്ങളും, അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം മൂന്നാം ദിവസം തന്നെ കല്‍പിക്കുന്നു. സൂര്യനെ സൃഷ്ടിച്ചതു് നാലാം ദിവസവും! അതായതു്, മിക്കവാറും എല്ലാ സസ്യജാലങ്ങളുടെയും നിലനില്‍പിനു് ആവശ്യമായ  ഫോട്ടോസിന്തെസിസ് സംഭവിക്കാന്‍ ആവശ്യമായ സൂര്യപ്രകാശം ദൈവം സൃഷ്ടിച്ച ചെടികള്‍ക്കു് ബാധകമായിരുന്നില്ലെന്നു് വേണം കരുതാന്‍. അതതുതരം മരങ്ങള്‍ ഉണ്ടാവട്ടെ എന്നു് കല്‍പിച്ചാല്‍ അക്കൂട്ടത്തില്‍ താനും പെടുമെന്നു് അതുവരെ ഇല്ലാതിരുന്ന മണിമരുതു് എങ്ങനെ അറിയും? അതതുതരം പക്ഷികള്‍ ഉണ്ടാവട്ടെ എന്ന കല്‍പനയില്‍ താനും ഉള്‍പ്പെടുന്നുണ്ടെന്നു് പാവം മരംകൊത്തി എങ്ങനെ അറിയും? മരംകൊത്തി എന്നൊരു ജീവി അതിനു് മുന്‍പു് ഉണ്ടായിരുന്നെങ്കിലല്ലേ തന്റെ സ്വരൂപം എങ്ങനെയിരിക്കുമെന്നു്‌ അതിനു്‌ അറിയാന്‍ കഴിയുമായിരുന്നുള്ളു.

മനുഷ്യനെ തന്റെ രൂപത്തില്‍ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു് വ്യക്തമായി ഒന്നാം അദ്ധ്യായത്തില്‍ പറയുന്നുണ്ടെങ്കിലും (ഉല്‍പത്തി 1: 27), രണ്ടാം അദ്ധ്യായത്തില്‍ (വാക്യം 20) മനുഷ്യനു് തക്കതായൊരു തുണയെ കണ്ടുകിട്ടിയില്ല എന്നും ദൈവം കേഴുന്നു. സ്വന്തം സൃഷ്ടി അയോഗ്യവും, അപൂര്‍ണ്ണവുമെന്ന പശ്ചാത്താപമാണെന്നുണ്ടോ അതു്? സൃഷ്ടി കഴിഞ്ഞു് കിഴക്കു് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി അവിടെ തോട്ടക്കാരനായി എകനായ “മനുഷ്യനെ” (ഏകവചനം ശ്രദ്ധിക്കുക) നിയമിച്ചശേഷമാണു് ഏകാന്തതയുടെ പ്രശ്നം ഒരു ഭൂതോദയം പോലെ ദൈവത്തിന്റ ശ്രദ്ധയില്‍ പെടുന്നതു് – (ഉല്‍പത്തി 2: 7 -21). മനുഷ്യനു് തക്കതായ ഒരു തുണയെ കിട്ടാനില്ല എന്ന സത്യം അപ്പോഴാണു് ദൈവം അറിയുന്നതു്. ആദാം തന്റെ ഏകാന്തതയില്‍ ദുഃഖമോ അസംതൃപ്തിയോ പ്രകടിപ്പിച്ചതുകൊണ്ടല്ല അവനു് ഒരു തുണ വേണമെന്നു് ദൈവം തീരുമാനിച്ചതു്. ഒരു തുണയെ ദൈവം അവനില്‍ വച്ചുകെട്ടുകയായിരുന്നു. അങ്ങനെ, മനുഷ്യനു് തുണയുണ്ടാക്കാന്‍ അവനു് ഒരു ഗാഢനിദ്രവരുത്തി, അവന്റെ ഇടതുവശത്തെ ഒരു വാരിയെല്ലെടുത്തു് ദൈവം സ്ത്രീയെ സൃഷ്ടിക്കുന്നു. ഇങ്ങനെ ഒരു മോഷണം താന്‍ പ്ലാനിടുന്നുണ്ടെന്നുപോലും ദൈവം ആദാമിനെ അറിയിക്കുന്നില്ല! (ഒരു plastic surgery വഴി ഊരിയെടുത്ത വാരിയെല്ലിന്റെ സ്ഥാനത്തു് മാംസം വച്ചുപിടിപ്പിക്കാന്‍ അതേസമയം ദൈവം ശ്രദ്ധിക്കുന്നുമുണ്ടു്. ആ മാംസം ആദാമിന്റെ സ്വന്തമായിരുന്നോ, അതോ ആണും പെണ്ണുമായി സൃഷ്ടിക്കപ്പെട്ട മറ്റാരുടെയെങ്കിലുമായിരുന്നോ എന്നതിനു് രേഖകളൊന്നുമില്ല.

അങ്ങനെ ലോകത്തിലാദ്യമായി മനുഷ്യനെ ക്ലോണ്‍ ചെയ്തു് ദൈവം മാതൃക കാണിച്ചു. ഹവ്വയുടെ സൃഷ്ടി അലൈംഗികമായിരുന്നു എന്നു് മാത്രമല്ല, ആദാമിന്റെ അതേ ജീനുകള്‍ ഹവ്വ ഏറ്റെടുക്കേണ്ടിയും വന്നു. അതുവഴി ആദാമിന്റേയും ഹവ്വയുടെയും, അവരുടെ മക്കളുടെയും ഭാവിയിലെ നിഷിദ്ധസംഗമത്തിനു് (incest) വഴിതെളിക്കുക കൂടിയായിരുന്നു ദൈവം. മറ്റേതെങ്കിലും ഒരു മൂലയില്‍ നിന്നു് ശകലം മണ്ണുകുഴച്ചു് ഹവ്വയെ സൃഷ്ടിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രകൃതി വിരുദ്ധത ഒഴിവാക്കാമായിരുന്നില്ലേ എന്നു് സംശയിച്ചുപോകുന്നു. ക്ലോണിംഗ്‌ ശരിയോ തെറ്റോ എന്നൊരു പരിശോധന ഇവിടെ ലക്‍ഷ്യമാക്കുന്നില്ല. എങ്കില്‍ത്തന്നെയും, മതപരമായി നീതീകരിക്കാവുന്നതോ അല്ലയോ എന്ന പരിഗണനയേക്കാള്‍ മാനവസമൂഹത്തില്‍ അതു് സൃഷ്ടിച്ചേക്കാവുന്ന സാംസ്കാരികമായ പ്രത്യാഘാതങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ക്ലോണിംഗ് സംബന്ധമായ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടതു് എന്ന എന്റെ എളിയ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു.

ആദാമിനേയും ഹവ്വയേയും സാധാരണ ലോകഗതിപോലെ കുഞ്ഞുങ്ങളായല്ല ജനിപ്പിക്കുന്നതു്. പ്രത്യുത്പാദനശേഷിയുള്ളവരായി അഥവാ, തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നാന്‍ കൊതി തോന്നുന്ന പ്രായത്തിലെത്തിയവരായിട്ടാണു് മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതു്. മനുഷ്യരെ മാത്രമല്ല, സകല ജീവജാലങ്ങളെയും മുതിര്‍ന്നവരായിട്ടാണു് ദൈവം സൃഷ്ടിച്ചതെന്നു് വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നെ അവയ്ക്കൊക്കെ മുലകൊടുക്കാനും, ഇരതേടിക്കൊടുക്കാനുമൊന്നും ആരുമില്ലാതെ അവ ചത്തുപോകുമായിരുന്നല്ലോ. ചത്തവരെ ഉയിര്‍പ്പിക്കുന്ന തന്ത്രം പ്രപഞ്ചസൃഷ്ടിയുടെ കാലത്തു് നിലവിലുണ്ടായിരുന്നില്ല. അല്ലെങ്കില്‍, ജ്യേഷ്ഠനും, ദുഷ്ടനുമായ കയീന്‍ അനുജനും, നല്ലവനുമായ ഹാബേലിനെ തല്ലിക്കൊന്നപ്പോള്‍, മറിയയുടെയും, മാര്‍ത്തയുടെയും സഹോദരനായ ലാസറിനെ യേശു മരിച്ചവരുടെ ഇടയില്‍നിന്നും ഉയിര്‍പ്പിച്ചപോലെ അവനെ ഉയിര്‍പ്പിക്കാന്‍ ദൈവവും മടിക്കുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം. ലാസറിനെ യേശു ഉയിര്‍പ്പിച്ചതും, യേശുവിന്റെ സ്വന്തം ഉയിര്‍ത്തെഴുന്നേല്‍പ്പും രണ്ടും രണ്ടാണു്. ലാസര്‍ ഉയിര്‍ത്തെഴുന്നേറ്റതു് പിന്നീടൊരിക്കല്‍ അന്തിമമായി മരിക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍, യേശു ഉയിര്‍ത്തെഴുന്നേറ്റതു് പിന്നീടൊരിക്കലും മരിക്കേണ്ടി വരാത്തവിധത്തില്‍ നിത്യമായി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു് കരേറുവാന്‍ വേണ്ടിയായിരുന്നു. ഈ അടിത്തറയിലാണു് ക്രിസ്തുമതം പണിയപ്പെട്ടിരിക്കുന്നതുതന്നെ. സ്വര്‍ഗ്ഗാരോഹണത്തിനു് മുന്‍പു് ശിഷ്യര്‍ക്കു് പ്രത്യക്ഷപ്പെടുന്ന യേശു അവരോടു് ഒരു കഷണം വറുത്ത മീനും, തേന്‍കട്ടയും വാങ്ങി അവര്‍ കാണ്‍കെ തിന്നുകപോലും ചെയ്യുന്നതില്‍നിന്നും തികച്ചും ഭൗതികമായ ശരീരവുമായാണു് സ്വര്‍ഗ്ഗാരോഹണം സംഭവിച്ചതെന്നു് കരുതാതിരിക്കാന്‍ വയ്യ. “എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിനു് മാംസവും അസ്ഥിയുമില്ലല്ലോ.” “അവര്‍ ഒരു ഖണ്ഡം വറുത്ത മീനും തേന്‍കട്ടയും അവനു് കൊടുത്തു. അതു് അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.” – ലൂക്കൊസ്‌ 24: 39 – 42

അക്കാലത്തെ മനുഷ്യര്‍ക്കു് ഭൂമിയിലും ആകാശത്തിലും കാണാന്‍ കഴിഞ്ഞിരുന്നതൊക്കെ ദൈവം സൃഷ്ടിക്കുന്നതായി ബൈബിള്‍ രചയിതാവു് ഭംഗിയായി വര്‍ണ്ണിക്കുന്നുണ്ടു്. എഴുത്തുകാരനു് സത്യം വെളിപ്പെടുത്തിക്കൊടുക്കുമ്പോള്‍, തനിക്കറിയാവുന്ന കാര്യങ്ങള്‍ മറച്ചുപിടിക്കേണ്ട എന്തെങ്കിലും ആവശ്യം ദൈവത്തിനുണ്ടെന്നു് തോന്നുന്നില്ല. അന്നത്തെ ദൈവവും, ഇന്നത്തെ ദൈവവും രണ്ടുപേരാവില്ലല്ലോ. ഇന്നു് മനുഷ്യര്‍ക്കു് അറിയാവുന്നതു് അന്നു് ദൈവത്തിനു് അറിയാന്‍ കഴിയാതെ പോയതിന്റെ കാരണം, രചയിതാവിനു് അറിയാമായിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ദൈവത്തിനും അറിയില്ലായിരുന്നു എന്നതു് മാത്രമേ ആവാന്‍ കഴിയൂ. ബൈബിളിലെ പഠിപ്പിക്കലുകള്‍ ഏറ്റെടുത്തു്, മനുഷ്യര്‍ അറിവുതേടുന്നതു് മഹാപാപമാക്കി ലോകഭരണം നടത്തിയ പുരോഹിതരെ ചോദ്യം ചെയ്യുന്നതു് മരണശിക്ഷാര്‍ഹമായ കുറ്റമായിരുന്നല്ലോ. എന്നിട്ടുപോലും സ്വന്തജീവന്‍ പണയപ്പെടുത്തി അന്വേഷണശാലികളായ ഏതാനും ചിലര്‍ തീവ്രമായ പരിശ്രമം വഴി നേടിയ അറിവുകളിലൂടെ പ്രപഞ്ചത്തിനു് യുക്തിസഹമായ വിശദീകരണങ്ങള്‍ കണ്ടെത്തിയതുമൂലമാണു് മനുഷ്യമനസ്സിനു് മന്ത്രവാദികളുടെ പിടിയില്‍നിന്നു് സാവകാശമെങ്കിലും മോചനം നേടാന്‍ കഴിഞ്ഞതു്. ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ വെളിപാടുകാരുടെ നിയന്ത്രണത്തിന്‍ കീഴില്‍ ‍സഹിക്കേണ്ടിവന്ന മാനസികാടിമത്വത്തില്‍നിന്നും മനുഷ്യരെ മോചിപ്പിച്ചതു് മനുഷ്യര്‍ തന്നെയാണു്, ഏതെങ്കിലും ദൈവങ്ങളോ, പുരോഹിതരോ അല്ല.

ആകാശത്തിനു് മീതെയുള്ള വെള്ളവും, അതിനു് കീഴെയുള്ള വെള്ളവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുതന്നെ ഇക്കാലത്തു് പരിഹാസ്യമേ ആവൂ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, കീഴ്‌വഴക്കങ്ങളെ മുറുകെപ്പിടിക്കുന്ന യഹൂദരും ചില ക്രിസ്തീയവിഭാഗങ്ങളും, ഉല്‍പത്തിയില്‍ വിവരിക്കുന്ന വംശാവലിയുടെ അടിസ്ഥാനത്തില്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതു് B. C. 3761 ഒക്ടോബര്‍ 7-നു് ആയിരുന്നു, അതായതു്, 5778 വര്‍ഷങ്ങള്‍ക്കു് മുന്‍പു് മാത്രമായിരുന്നു എന്നു് ഉറച്ചു് വിശ്വസിക്കുന്നുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ദൈവം അവരില്‍ ചിലര്‍ക്കു് ഒരു ഇന്റെലിജെന്റ് ഡിസൈനര്‍ ആണു്! ഇന്റെലിജെന്‍സ് എന്നതുകൊണ്ടു്‌ അവര്‍ എന്താണു്‌ ഉദ്ദേശിക്കുന്നതെന്നു്‌ അവര്‍ക്കേ അറിയൂ. പക്ഷേ, അവരുടെ ആ ഇന്റെലിജെന്‍സിനു്‌ ശാസ്ത്രജ്ഞാനവുമായി വലിയ ബന്ധമൊന്നുമില്ലെന്നു്‌ സാമാന്യബോധം മറ്റാര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടുതാനും.

ശ്വസിക്കാന്‍ തടസ്സമില്ലെങ്കില്‍ , അത്യാവശ്യം കുടിക്കാനും, കടിക്കാനും വേണ്ട വകയുണ്ടെങ്കില്‍ , പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു് മിനിഞ്ഞാന്നു് രാത്രി പത്തുമണിക്കാണെന്നു് വിശ്വസിച്ചുകൊണ്ടു് വേണമെങ്കിലും ചാവുന്നതുവരെ ഈ ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനു് കഴിയും. ‍ കണ്ടാമൃഗങ്ങള്‍ക്കെന്തിനു് ക്വാണ്ടം തിയറി?

 

Tags: , ,