RSS

Daily Archives: Aug 7, 2010

വളർത്തലിലെ ബലപ്രയോഗം

(റൂസ്സോയുടെ എമിലിൽ നിന്നും ഒരു ഭാഗം: സ്വതന്ത്ര പരിഭാഷ)

കുഞ്ഞുങ്ങളെ യുക്തികൊണ്ടു് സ്വാധീനിക്കുക എന്നതു് ലോക്കിന്റെ (John Locke) ഇന്നും ഏറെ ജനപ്രീതിയുള്ള പ്രധാന തത്വമായിരുന്നു. പക്ഷേ, അതു് കൈവരിച്ച നേട്ടം അതിനനുകൂലമായി സംസാരിക്കുന്നു എന്നെനിക്കു് തോന്നുന്നില്ല. എന്റെ അനുഭവത്തിൽ, എപ്പോഴും യുക്തി മാത്രം കേട്ടു് വളരുന്ന കുട്ടികളേക്കാൾ മടയത്തമുള്ളതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. മനുഷ്യന്റെ മറ്റെല്ലാ ശേഷികളേക്കാളും താമസിച്ചും, ഏറ്റവും ഭാരമേറിയതുമായി, അവയുടെ എല്ലാം കൂടിച്ചേരലിലൂടെ രൂപമെടുക്കുന്നതാണു് യുക്തിയുക്തത. വിവേചനശേഷിയുള്ള ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുക എന്നതു് ഒരു നല്ല വളർത്തലിന്റെ ശ്രേഷ്ഠതയാണു്. എന്നിട്ടും മനുഷ്യനു് കുഞ്ഞിനെ യുക്തി ഉപയോഗിച്ചു് വളർത്തണം! അതിനർത്ഥമോ, അവസാനത്തിൽ നിന്നും ആരംഭിക്കുക, അല്ലെങ്കിൽ, ഉത്പന്നത്തിൽ നിന്നും പണിയായുധം നിർമ്മിക്കുക എന്നും! കുഞ്ഞുങ്ങൾക്കു് വിവേചനബുദ്ധിയുണ്ടായിരുന്നെങ്കിൽ, അവർക്കു് വളർത്തപ്പെടേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ഇളം പ്രായം മുതൽ അവർക്കു് മനസ്സിലാവാത്ത ഒരു ഭാഷയിൽ അവരോടു് സംസാരിച്ചാൽ, ഭാഷാശൈലികൊണ്ടു് ചതിക്കപ്പെടാനും, അധ്യാപകരെപ്പോലെതന്നെ വിവേകബുദ്ധിയുള്ളവരെന്നു് കരുതാനും വഴക്കാളികളും ധിക്കാരികളുമാവാനും അവരെ ശീലിപ്പിക്കുകയായിരിക്കും നമ്മൾ ചെയ്യുന്നതു്.

കുട്ടികളുമായി നടത്തുന്ന മിക്കവാറും എല്ലാ സദാചാരസംഭാഷണങ്ങളും പോകുന്ന വഴി ഇങ്ങനെയായിരിക്കും:

അധ്യാപകൻ: അതു് ചെയ്യാൻ പാടില്ല.
കുട്ടി: എന്തുകൊണ്ടു് അതു് ചെയ്യാൻ പാടില്ല?
അധ്യാപകൻ: അതു് അനീതി ആയതുകൊണ്ടു്.
കുട്ടി: അനീതി! എന്നു് പറഞ്ഞാൽ എന്താ?
അധ്യാപകൻ: നിനക്കു് നിരോധിക്കപ്പെട്ടിരിക്കുന്നതു്.
കുട്ടി: എനിക്കു് നിരോധിക്കപ്പെട്ടിരിക്കുന്നതു് ഞാൻ ചെയ്താൽ എന്താ തകരാറു്?
അധ്യാപകൻ: നീ അനുസരണക്കേടു് കാണിച്ചതുകൊണ്ടു് നിനക്കു് ശിക്ഷ കിട്ടും.
കുട്ടി: എങ്കിൽ ആരും അറിയാത്തവിധത്തിൽ ഞാനതു് ചെയ്യും.
അധ്യാപകൻ: ആളുകൾ നിന്നെ ശ്രദ്ധിക്കും.
കുട്ടി: ഞാൻ ഒളിച്ചിരിക്കും.
അധ്യാപകൻ: ആളുകൾ നിന്നെ ചോദ്യം ചെയ്യും.
കുട്ടി: ഞാൻ നുണ പറയും.
അധ്യാപകൻ: നുണപറയാൻ പാടില്ല.
കുട്ടി: എന്തുകൊണ്ടു് നുണ പറയാൻ പാടില്ല?
അധ്യാപകൻ: അതു് അനീതി ആയതുകൊണ്ടു്. …

അങ്ങനെ അങ്ങനെ…

അനിവാര്യമായ ഒരു ചാക്രിക ആവർത്തനം. അതിനും അപ്പുറത്തേക്കു് നീ പോയാൽ ആ കുട്ടിക്കു് നിന്നെ മനസ്സിലാക്കാൻ പോലുമാവില്ല. ഞാൻ അതിനെ വളരെ പ്രയോജനകരമായ ശിക്ഷണമെന്നു് വിളിക്കും! നന്മയും തിന്മയും തിരിച്ചറിയുക, മാനുഷിക കടപ്പാടുകളുടെ അടിസ്ഥാനം മനസ്സിലാക്കുക മുതലായവയൊന്നും ഒരു കുഞ്ഞിന്റെ കാര്യങ്ങളല്ല.

അവർ പുരുഷന്മാരാവുന്നതുവരെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിരിക്കാൻ പ്രകൃതി ആഗ്രഹിക്കുന്നു. ഈ പ്രകൃതിവ്യവസ്ഥയെ തലതിരിക്കാൻ ശ്രമിച്ചാൽ നീരോ കരുത്തോ ഇല്ലാത്ത, പിഞ്ചിലേ പഴുത്ത ഫലങ്ങളെയാവും നമ്മൾ പുറത്തുകൊണ്ടുവരുന്നതു്: യുവപണ്ഡിതരും വൃദ്ധബാലന്മാരും. ചിന്തിക്കാനും, കാണാനും, അനുഭവിക്കാനും ബാല്യത്തിനു് ‘അതിന്റേതായ’ രീതിയുണ്ടു്. അതിനുപകരം അവരിൽ നമ്മുടേതായ രീതികൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അർത്ഥശൂന്യമായ മറ്റൊന്നുമില്ല. പത്തുവയസ്സുള്ള ഒരു കുട്ടിയിൽ നിന്നും വിവേചനശേഷി പ്രതീക്ഷിക്കുന്നതുപോലെതന്നെയാണു് അവനു് അഞ്ചടി ഉയരമുണ്ടായിരിക്കണമെന്നു് ആവശ്യപ്പെടുന്നതും.

നിങ്ങളുടെ കുഞ്ഞുങ്ങളെ അനുസരണയുടെ ബാദ്ധ്യത ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ, ഈ ആരോപിതബോദ്ധ്യപ്പെടുത്തലിനോടൊപ്പം ബലപ്രയോഗവും ഭീഷണിയും, അതല്ലെങ്കിൽ അതിലും ചീത്തയായ മുഖസ്തുതിയും വാഗ്ദാനങ്ങളും നിങ്ങൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെ അവർ സ്വന്തപ്രയോജനത്താൽ പ്രലോഭിപ്പിക്കപ്പെട്ടിട്ടോ, ബലപ്രയോഗത്താൽ കീഴടക്കപ്പെട്ടിട്ടോ, നിങ്ങൾ നിരത്തിയ കാര്യകാരണങ്ങളാൽ മൂടപ്പെട്ടിട്ടെന്നപോലെ നിങ്ങൾക്കു് സ്വയം ഏൽപിച്ചുതരുന്നു. അവർക്കു് അഹിതകരമായതാണു് നിങ്ങൾ അവരിൽ നിന്നും ആവശ്യപ്പെടുന്നതു് എന്നതിനാൽ, അവരുടെ അനുസരണക്കേടു് ശ്രദ്ധിക്കപ്പെടാത്തിടത്തോളം അവ നീതി ആയിരുന്നു എന്ന ബോദ്ധ്യത്തിലും, അഥവാ പിടിക്കപ്പെട്ടാൽ, കൂടുതൽ തിന്മ അനുഭവിക്കേണ്ടിവരും എന്ന ഭയം മൂലം, ചെയ്തതു് തെറ്റായിരുന്നു എന്നു് സമ്മതിക്കാൻ തയ്യാറായിക്കൊണ്ടും, അവർക്കു് ഹിതകരമായ കാര്യങ്ങൾ അവർ രഹസ്യമായി ചെയ്യുന്നു. ശിക്ഷയോടുള്ള ഭയം, ക്ഷമിക്കപ്പെടും എന്ന പ്രതീക്ഷ, മറുപടി പറയേണ്ടിവരുമ്പോഴത്തെ പാരവശ്യം ഇവയെല്ലാം മൂലം, ആവശ്യപ്പെടുന്ന ഏതു് കുറ്റസമ്മതത്തിനും അവർ പ്രേരിതരാവുന്നു, നിങ്ങളോ, അവരെ വിരട്ടുകയും മുഷിപ്പിക്കുകയും മാത്രം ചെയ്തപ്പോഴും, അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നുവെന്നു് വിശ്വസിക്കുന്നു.

കുഞ്ഞുങ്ങളുടെ വളർത്തൽ എന്ന വിഷയം പരിഗണനയിൽ വന്നതുമുതൽ, അവരെ നിയന്ത്രിക്കാൻ പരസ്പരമത്സരം, സ്പർദ്ധ, അസൂയ, ദുരഭിമാനം, ദുരാഗ്രഹം, നീചമായ ഭയം, ശരീരം രൂപമെടുക്കുന്നതിനു് മുൻപുതന്നെ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന അപകടകരമായ വികാരങ്ങൾ മുതലായ കാര്യങ്ങളൊഴികെ മറ്റൊരു മാർഗ്ഗവും മനുഷ്യർ കണ്ടെത്തിയില്ല എന്നതു് വളരെ വിചിത്രമായിരിക്കുന്നു. നല്ലതായിരിക്കുക എന്നാൽ എന്താണെന്നു് കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അവരെ ദുഷിക്കണമെന്നും, അതിന്റെ ഫലം അത്ഭുതകരമായിരിക്കുമെന്നും വിവരദോഷികളായ ചില വളർത്തൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം അവർ ഗൗരവപൂർവ്വം നമ്മോടു് ഇതുകൂടി പറയുന്നു: “അങ്ങനെയാണു് മനുഷ്യർ!”

അതെയതെ, തീർച്ചയായും അങ്ങനെതന്നെയാണു് മനുഷ്യർ – നിങ്ങൾ നിർമ്മിച്ച മനുഷ്യർ!

Jean-Jacques Rousseau

 
4 Comments

Posted by on Aug 7, 2010 in ഫിലോസഫി

 

Tags: ,