RSS

Daily Archives: Nov 21, 2008

നമുക്കു് ശ്രദ്ധാലുക്കളാവാം

(Friedrich Nietzsche-യുടെ Gay Science എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം ‍- സ്വതന്ത്ര തര്‍ജ്ജമ)

ലോകം ജൈവമായ ഒരസ്തിത്വം ആണെന്നു് ചിന്തിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. എങ്ങോട്ടാണു് ലോകം വികാസം പ്രാപിക്കേണ്ടതു്? എവിടെനിന്നുമാണു് അതു് ആഹാരം കഴിക്കേണ്ടതു്? എങ്ങിനെയാണു് അതിനു് വളരാനും വംശം വര്‍ദ്ധിപ്പിക്കാനും കഴിയേണ്ടതു്? ജൈവാവസ്ഥ എന്നാല്‍ എന്തെന്നു് ഏകദേശം നമുക്കറിയാം. പ്രപഞ്ചത്തെ ഒരു “ഓര്‍ഗനിസം” എന്നു് വിളിക്കുന്നവര്‍ ചെയ്യുന്നപോലെ, എങ്ങനെയാണു് ഭൂമിയുടെ ഉപരിതലത്തില്‍നിന്നുകൊണ്ടു് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന, ഏറെ താമസിച്ചതും അവാച്യവുമായ ഒരു വ്യുത്പന്നതയെ (derivative), വിരളമായതും, ആകസ്മികവുമായ ഒന്നിനെ നമുക്കു് പരമാര്‍ത്ഥമായി, സാര്‍വ്വത്രികമായി, നിത്യമായി വ്യാഖ്യാനിക്കാന്‍ കഴിയുക? അതെനിക്കു് മനംപിരട്ടല്‍ ഉണ്ടാക്കുന്നു! പ്രപഞ്ചം ഒരു യന്ത്രമാണെന്നു് വിശ്വസിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. തീര്‍ച്ചയായിട്ടും പ്രപഞ്ചം ഒരു ലക്ഷ്യത്തിനായി നിര്‍മ്മിക്കപ്പെട്ട ഒന്നല്ല. “യന്ത്രം” എന്ന വാക്കുവഴി നമ്മള്‍ പ്രപഞ്ചത്തിനു് വളരെ ഉയര്‍ന്ന പദവിയാണു് നല്‍കുന്നതു്. നമ്മുടെ അയല്‍പക്ക വാനഗോളങ്ങളുടേതുപോലെ ചാക്രികമായതും, രൂപപൂര്‍ണ്ണതയുള്ളതുമായ ചലനങ്ങള്‍ പ്രപഞ്ചത്തില്‍ പൊതുവായതും വ്യാപകമായതുമായി ധരിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. ക്ഷീരപഥത്തിലേക്കുള്ള ഒരു നോട്ടം ധാരാളം മതി അവിടെ നക്ഷത്രങ്ങളുടെ ചലനങ്ങള്‍ മുതലായ കാര്യങ്ങളില്‍ വളരെ പരുക്കനും പരസ്പരവിരുദ്ധവുമായ അവസ്ഥകളാണു് നിലനില്‍ക്കുന്നതെന്ന കാര്യത്തില്‍ നമുക്കു് യാതൊരു സംശയവും തോന്നാതിരിക്കാന്‍. നമ്മള്‍ ജീവിക്കുന്ന നക്ഷത്രസംബന്ധിയായ ഈ വ്യവസ്ഥ ഒരു അപവാദമാണു്. ഈ വ്യവസ്ഥയും അതിനോടനുബന്ധിച്ച ഗണനീയമായ കാലദൈര്‍ഘ്യവും ജൈവാവസ്ഥയുടെ രൂപമെടുക്കല്‍ എന്ന “അപവാദങ്ങളുടെ അപവാദം” സാദ്ധ്യമാക്കുകയായിരുന്നു! അതില്‍ നിന്നും വിപരീതമായി, പ്രപഞ്ചത്തിന്റെ ആകമാനസ്വഭാവം യാതൊരു അടുക്കും ചിട്ടയുമില്ലാതെ കുഴഞ്ഞുമറിഞ്ഞതാണു് (chaos) – അനന്തകാലത്തിലേക്കും! chaos എന്നതു് അനിവാര്യതയുടെ അഭാവം എന്ന അര്‍ത്ഥത്തിലല്ല, വ്യവസ്ഥയുടെ, ക്രമത്തിന്റെ, രൂപത്തിന്റെ, ഭംഗിയുടെ, ജ്ഞാനത്തിന്റെ, എന്നുവേണ്ട, എന്തെല്ലാമാണോ മാനുഷികമായ സൗന്ദര്യബോധത്തിനു് നല്‍കപ്പെട്ടിരിക്കുന്ന പേരുകള്‍, അവയുടെ എല്ലാം അഭാവം എന്ന അര്‍ത്ഥത്തില്‍! നമ്മുടെ യുക്തിയുക്തതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ചാപിള്ളകളായിപ്പോയ ജന്മങ്ങളായിരുന്നു പ്രപഞ്ചത്തിലെ സാമാന്യനിയമം. അപവാദങ്ങള്‍ രഹസ്യമായ ലക്ഷ്യമല്ല. പ്രപഞ്ചത്തില്‍ അതിന്റേതായ രീതിയില്‍ നിത്യമായി ആവര്‍ത്തിക്കപ്പെടുന്ന ഈ കളിവട്ടം ഒരിക്കലും “താളാത്മകമായൊരു മധുരസംഗീതം” എന്നു് വിളിക്കപ്പെടാവുന്നതല്ല. എല്ലാറ്റിനും പുറമെ, “ചാപിള്ളകളായിപ്പോയ ജന്മങ്ങള്‍” എന്ന പ്രയോഗംതന്നെ “മാനുഷീകരിക്കപ്പെട്ട” ഒന്നായതിനാല്‍ സ്വതേ കുറ്റമറ്റതല്ലതാനും. പ്രപഞ്ചത്തെ എങ്ങനെയാണു് നമ്മള്‍ കുറ്റപ്പെടുത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നതു്? പ്രപഞ്ചത്തിനു് ഹൃദയശൂന്യതയോ, യുക്തിയില്ലായ്മയോ, അല്ലെങ്കില്‍ അവയുടെ വിപരീതമായ ഗുണങ്ങളോ ആരോപിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. പ്രപഞ്ചം പരിപൂര്‍ണ്ണമോ, ഹൃദ്യമായതോ, കുലീനമായതോ അല്ല, അതിലേതെങ്കിലുമാവാന്‍ അതൊരിക്കലും ആഗ്രഹിക്കുന്നുമില്ല. മനുഷ്യനെ അനുകരിക്കാന്‍ പ്രപഞ്ചം യാതൊരു പരിശ്രമവും നടത്തുന്നില്ല! നമ്മുടെ സൗന്ദര്യബോധത്തിന്റെയോ, ധാര്‍മ്മാധര്‍മ്മവിവേചനത്തിന്റെയോ വിധിനിര്‍ണ്ണയങ്ങള്‍ പ്രപഞ്ചത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ല! അതിനു് അതിജീവനനൈസര്‍ഗ്ഗികതയോ (survival instinct) മറ്റേതെങ്കിലും തരത്തിലുള്ള നൈസര്‍ഗ്ഗികതയോ ഇല്ല. പ്രപഞ്ചം ഒരു നിയമത്തേയും അറിയുന്നില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഉണ്ടെന്നു് പറയാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. പ്രപഞ്ചത്തില്‍ നിയമങ്ങളല്ല, അനിവാര്യതകളേ ഉള്ളു. അവിടെ കല്‍പിക്കുന്നവനില്ല, അനുസരിക്കുന്നവനില്ല, അതിരുകള്‍ ലംഘിക്കുന്നവനുമില്ല. ലക്ഷ്യം ഇല്ല എന്നറിയുമ്പോള്‍, യാദൃച്ഛികതയുമില്ല എന്നു് നമുക്കു് അറിയാനാവും. ലക്ഷ്യങ്ങള്‍ ഉള്ള ഒരു ലോകത്തിലേ “യാദൃച്ഛികത” എന്ന പദത്തിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. മരണം ജീവിതത്തിന്റെ വിപരീതമായ അവസ്ഥയാണെന്നു് പറയാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. ജീവിക്കുന്നവര്‍ മരിച്ചവരുടെ മറ്റൊരു പ്രകൃതി മാത്രം – വളരെ അപൂര്‍വ്വമായ ഒരു പ്രകൃതി. ലോകം സ്ഥിരമായി പുതിയവയെ സൃഷ്ടിക്കുന്നുവെന്നു് ചിന്തിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. നിത്യവും സ്ഥിരമായതുമായ വസ്തുക്കളില്ല. ദ്രവ്യം എന്നതു്  “എലിയറ്റിക്കുകളുടെ” (Eleatics) ദൈവത്തെപ്പോലെതന്നെ ഒരു അബദ്ധമാണു്.

പക്ഷേ, എപ്പോഴാണു് നമ്മുടെ മുന്‍കരുതലുകളും ശ്രദ്ധയും അവസാനിക്കുക? എപ്പോഴാണു് ദൈവത്തിന്റെ ഈ മുഴുവന്‍ നിഴലുകളും നമ്മെ ഇരുട്ടില്‍ മൂടാതിരിക്കുക? എപ്പോഴാണു് നമ്മള്‍ പ്രകൃതിയെ ദൈവമോചിതമാക്കിക്കഴിയുക? എപ്പോഴാണു് നമുക്കു് ശുദ്ധമായ, പുതിയതായി കണ്ടെടുത്ത, പുതിയതായി സ്വതന്ത്രമാക്കിയ പ്രകൃതിയുടെ ഭാഗമായി മനുഷ്യരാശിയെയും ‘പ്രകൃതീകരിക്കാന്‍’ ആരംഭിക്കാനാവുക?

 
13 Comments

Posted by on Nov 21, 2008 in ഫിലോസഫി

 

Tags: ,