RSS

Daily Archives: Jun 7, 2013

അടിത്തറയില്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍

യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വെളിച്ചത്തില്‍ വസ്തുതകളെ നോക്കിക്കാണാന്‍ മടിയില്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്ന നിഷേധിക്കാനാവാത്ത ചില വസ്തുതകള്‍:

ഒരു ദൈവത്തിന്റെ അസ്തിത്വസാദ്ധ്യത അനിഷേദ്ധ്യമായി തള്ളിക്കളയാവുന്നതാണെങ്കില്‍ ആ ദൈവത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മതത്തിനു്‌ വിശ്വാസയോഗ്യമായി നിലനില്‍ക്കാനാവില്ല. അതുപോലെതന്നെ, ഏതു്‌ അടിസ്ഥാനതത്വങ്ങളിലാണോ ഒരു   പ്രത്യയശാസ്ത്രം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്‌, ആ തത്വങ്ങള്‍ സംശയലേശമെന്യേ നിഷേധിക്കപ്പെടാവുന്നവയാണെങ്കില്‍ ആ പ്രത്യയശാസ്ത്രത്തിനും മനുഷ്യരുടെ അംഗീകാരം അവകാശപ്പെടാനാവില്ല. ഇളകിയാടുന്ന അടിത്തറയില്‍ ഒരു കെട്ടിടത്തിനു്‌ നിലനില്‍ക്കാനാവില്ല എന്നത്ര ലളിതമായ ഒരു കാര്യമാണതു്‌. മതപരമോ സാമൂഹികമോ ആയ തത്വസംഹിതകളുടെ  അടിവേരുകളറുക്കാന്‍ മതിയായ ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകള്‍ക്കു്‌ അവയെ അന്ധമായി പിന്‍തുടരുന്നവരുടെ കണ്ണു്‌ തുറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു്‌ ഒരിക്കലും ആ തെളിവുകളുടെ പരിമിതിയായല്ല, ആ വ്യക്തികളുടെ പരിമിതിയായി വിലയിരുത്തപ്പെടേണ്ട കാര്യമാണു്‌. കാര്യങ്ങളെ വിമര്‍ശനബുദ്ധിയോടെയും യുക്തിപൂര്‍വ്വമായും സമീപിക്കാനും പരിശോധിക്കാനും ആവശ്യമായ ചിന്താശേഷിയും ശാസ്ത്രബോധവും ചെറുപ്പം മുതല്‍ വിദ്യാഭ്യാസവും പരിശീലനവും വഴി അവര്‍ക്കു്‌ നല്‍കുന്നതില്‍ പരാജയപ്പെട്ട സാമൂഹിക ചുറ്റുപാടുകളിലാണു്‌ അതിനുള്ള കാരണങ്ങള്‍ തേടേണ്ടതു്‌. ദിവസവും അഞ്ചുനേരം നിസ്കരിക്കണം എന്നു്‌ ദൈവം കല്പിച്ചിട്ടുണ്ടെന്നു്‌ കാണാപ്പാഠം പഠിപ്പിക്കലിലൂടെ കുരുന്നുബുദ്ധിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു്‌ ഇടിച്ചുറപ്പിക്കപ്പെട്ട, ആ രീതികള്‍ മാത്രം കണ്ടു്‌ വളരാന്‍ വിധിക്കപ്പെട്ട ഒരു കുട്ടി അതുപോലൊരു ചടങ്ങിന്റെ അര്‍ത്ഥശൂന്യതയെപ്പറ്റി എന്നെങ്കിലും ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതൊരു എക്സെപ്ഷണല്‍ കെയ്സ് മാത്രമായിരിക്കും.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതു്‌ ഒന്നോ ഒന്നിലധികമോ ദൈവങ്ങള്‍ ചേര്‍ന്നാണെങ്കില്‍, അവര്‍ ആദിപ്രപഞ്ചത്തിനും മുന്നേ ഉണ്ടായിരുന്നവരായിരിക്കണം. (അല്ലെങ്കില്‍, പ്രപഞ്ചമാണു്‌ ദൈവങ്ങളെ സൃഷ്ടിച്ചതെന്നു്‌ വരുമല്ലോ). അതിനാലാണു്‌ ആഭരണം ധരിച്ച ഒരു ദൈവം തികഞ്ഞ അസംബന്ധമായി മാറുന്നതു്‌. അതുമൂലമാണു്‌ പ്രപഞ്ചത്തെപ്പറ്റിയും പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റിയും ‘ആധികാരികമായി’ അസംബന്ധം വിളമ്പുന്ന ഒരു ദൈവം സ്വയം അപഹാസ്യനായി മാറുന്നതു്‌. അതുകൊണ്ടാണു്‌ താന്‍ ദൈവപുത്രനാണെന്നു്‌ പറഞ്ഞു എന്നു്‌ ബൈബിളില്‍ വര്‍ണ്ണിക്കപ്പെടുന്ന ഒരു മനുഷ്യന്‍ മരിച്ചുയര്‍ത്തു്‌, യാന്ത്രികമായ യാതൊരു സഹായവുമില്ലാതെ ഭൂമിയുടെ ആകര്‍ഷണശക്തിയെ മറികടന്നു്‌ ശൂന്യാകാശത്തിലെ ഏതോ ഒരു സ്വര്‍ഗ്ഗത്തില്‍ വാഴുന്ന തന്റെ പിതാവിന്റെ സന്നിധിയിലേക്കു്‌ പറന്നുപോയി എന്ന വാര്‍ത്ത പരിഹാസ്യമായി തീരുന്നതു്‌.

ഒരു പ്രപഞ്ചസ്രഷ്ടാവിനെ തേടിയുള്ള ചിന്താപരമായ ഏതു്‌ യാത്രയും മനുഷ്യരെ കൊണ്ടുചെന്നു്‌ എത്തിക്കുന്നതു്‌ ഒരു ഇന്‍ഫിനിറ്റ് റിഗ്രെസ്സില്‍ ആയിരിക്കും. പ്രപഞ്ചസ്രഷ്ടാവായി ആരെ, എന്തിനെ, ഏതു്‌ പേരു്‌ നല്‍കി പ്രതിഷ്ഠിച്ചാലും, ആ സ്രഷ്ടാവിനെ ആരു്‌ സൃഷ്ടിച്ചു എന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ മനുഷ്യര്‍ക്കാവില്ല. ഈ പ്രശ്നത്തിന്റെ പരിഹാരമെന്നോണം ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌ അരിസ്റ്റോട്ടില്‍ ‘സ്വയം ചലിക്കാതെ ചലിപ്പിക്കുന്ന’ (prime mover) എന്തോ ഒന്നിനെ അനന്തമായ ആ ശൃംഖലയുടെ ഏതോ ഒരു കണ്ണിയില്‍ തിരുകി. അതുകൊണ്ടു്‌ അതിനു്‌ പിന്നോട്ടുള്ള കണ്ണികള്‍ ഇല്ലാതാവുന്നില്ല. ആ ‘പ്രൈം മൂവറെ’ ഭഗവാന്‍ എന്നോ, യഹോവ എന്നോ, അല്ലാഹു എന്നോ, രൂപവും ഭാവവും പേരുമില്ലാത്തവന്‍ എന്നോ വിളിച്ചതുകൊണ്ടും പരിഹരിക്കപ്പെടുന്നതല്ല പ്രപഞ്ചസ്രഷ്ടാവു്‌ എന്ന വിഷയത്തിലെ ഇന്‍ഫിനിറ്റ് റിഗ്രെസ്സ് പ്രശ്നം.

ദൈവത്തെ നേരിട്ടു്‌ കണ്ടും അനുഭവിച്ചുമൊക്കെ അറിയുന്നവര്‍ക്കു്‌ അവരുടെ ദൈവം വഴി പല നന്മകളും ലഭിച്ചുകൂടായ്കയുമില്ല. ‘ശ്രീ ശ്രീ പ്ലസീബൊ’ വഴി പല സൈക്കോസൊമാറ്റിക് രോഗങ്ങളും അവിടെയും ഇവിടെയുമുള്ള വേദനകളുമൊക്കെ മാറാമെങ്കില്‍, ‘ശ്രീ ശ്രീ ദൈവം’ വഴി ദൈവവിശ്വാസികള്‍ക്കു്‌ പല പല നന്മകളും നേട്ടങ്ങളുമൊക്കെ ലഭിക്കുന്നതില്‍ എന്തത്ഭുതം? ജീവിതത്തില്‍ ഒരു നന്മയും ഭാഗ്യവും ഉണ്ടാവാത്ത മനുഷ്യരില്ല. പക്ഷേ, അവരില്‍ ചിലര്‍ക്കു്‌ അതെല്ലാം ദൈവം നല്‍കിയതാണെന്നു്‌ വിശ്വസിക്കാനാണു്‌ ഇഷ്ടം. വിഷപ്പാമ്പുകളുള്ള ഒരു രാജ്യത്തില്‍ ജീവിച്ചിരുന്നിട്ടും പാമ്പുകടിയേറ്റു്‌ ചാവാതിരിക്കുന്നതു്‌ ഭാഗ്യമല്ലെങ്കില്‍  പിന്നെയെന്താണു്‌? അതു്‌ ദൈവാനുഗ്രഹമല്ലെങ്കില്‍ പിന്നെയെന്താണു്‌? അങ്ങനെ എത്രയെത്ര ദൈവാനുഗ്രഹങ്ങളാണു്‌ മനുഷ്യര്‍ക്കു്‌ ദിവസേനയുണ്ടായിക്കൊണ്ടിരിക്കുന്നതു്‌? അവയെല്ലാം ദൈവത്തിനു്‌ ‘എന്നോടുള്ള’ പ്രത്യേക പരിഗണനയുടെയും സ്നേഹത്തിന്റെയും തെളിവുകള്‍ അല്ലെങ്കില്‍ പിന്നെയെന്താണു്‌? അങ്ങനെ ചില ‘ഉത്തമവിശ്വാസങ്ങള്‍’ ഉണ്ടെന്നതൊഴികെ ഭക്തകളും ഭക്തന്മാരും മറ്റു്‌ മനുഷ്യരെ ദേഹോപദ്രവം ഏല്പിക്കാനുള്ള പ്രവണതയൊന്നും കാണിക്കുന്നില്ലെങ്കില്‍ അവരെ അവരുടെ വഴിക്കു്‌ വിടുന്നതാണുത്തമം. നമ്മള്‍ അങ്ങനെ ചെയ്താല്‍ നമ്മളെ നമ്മുടെ വഴിക്കു്‌ വിടാന്‍ തയ്യാറാവുന്നവരാണു്‌ അവരില്‍ പെട്ടവര്‍ എല്ലാം എന്ന വ്യാമോഹമൊന്നും വേണ്ടതാനും. അവര്‍ സര്‍വ്വജ്ഞാനിയുടെയും സര്‍വ്വശക്തന്റെയും പ്രതിനിധികളാണു്‌ – ഇത്തിരി മുന്തിയ ഇനം!

ദൈവത്തിനോടു്‌ ചില പരാതികള്‍ ബോധിപ്പിക്കണമെന്നോ, ഉദ്ദിഷ്ടകാര്യം സാധിച്ചുകിട്ടിയതിനു്‌ ഉപകാരസ്മരണ രേഖപ്പെടുത്തണമെന്നോ ഒക്കെ തോന്നുമ്പോഴാവണം, വിശ്വാസികളായ ചില യഹൂദര്‍ ജെറുസലെമിലെ ‘വിലാപമതിലിനോടു്‌’ ചേര്‍ന്നുനിന്നു്‌ (മുന്നോട്ടു്‌ ആടുമ്പോള്‍ തല മതിലില്‍ പോയി ഇടിച്ചു്‌ ചാവേണ്ടി വരാത്തത്ര ദൂരത്തില്‍ അകന്നും നിന്നു്‌) മുന്‍പോട്ടും പിറകോട്ടും ആടിക്കൊണ്ടു്‌ ആരുമറിയാതെ, അതുവരെ ഉള്ളിലൊതുക്കി വച്ചിരുന്ന കാര്യങ്ങളാവാം, പിറുപിറുക്കലായി പുറത്തുവിടാറുണ്ടു്‌. മതിലുകള്‍ക്കു്‌ വിലപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ കാഴ്ച കാണുമ്പോള്‍ ‘വിലാപമതില്‍’ അതിന്റെ പേരു്‌ തീര്‍ച്ചയായും അന്വര്‍ത്ഥമാക്കിയേനെ എന്ന കാര്യത്തില്‍ എനിക്കു്‌ സംശയമൊന്നുമില്ല.

സാമ്പത്തികശേഷിക്കനുസരിച്ചു്‌ ചെമ്പോ ഓടോ വെള്ളിയോ സ്വര്‍ണ്ണമോ ഒക്കെയാകാവുന്ന ഒരു പിഞ്ഞാണത്തില്‍ കുറെ പൂക്കളും പച്ചക്കറികളുമെല്ലാം കലാപരമായി നിരത്തിവച്ചു്‌ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു്‌ വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ മുന്നില്‍ ചെന്നുനിന്നു്‌ “കാണു്‌, എടുക്കു്‌, തിന്നു്‌, എന്നിട്ടു്‌ മര്യാദക്കു്‌ അനുഗ്രഹിക്കു്‌” എന്നു്‌ പറയുന്ന ഭാരതത്തിലെ ഭക്തകള്‍ ഇതിന്റെ മറ്റൊരു രൂപമാണു്‌. ചില ക്ഷേത്രങ്ങളിലെ വിഗ്രഹദൈവങ്ങള്‍ മദ്യം വേണമെന്ന നിര്‍ബന്ധക്കാരാണു്‌. ദൈവം ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതു്‌ നല്‍കാന്‍ മടിക്കുന്നവരല്ല മനുഷ്യര്‍. അതുകൊണ്ടു്‌ ദൈവങ്ങള്‍ മദ്യമൊക്കെ സേവിച്ചു്‌ സുഖമായി അങ്ങനെ വാഴുന്നു. ഈ ദൈവങ്ങളുടെ സന്നിധിയില്‍ നിന്നും അനുഗ്രഹവും പ്രസാദവും  വാങ്ങിച്ചതിനു്‌ ശേഷമാവണം മദ്യനിരോധനജാഥകള്‍ പുറപ്പെടുന്നതു്‌.

മനുഷ്യന്റെ കണ്ണുകള്‍ക്കു്‌ കുളിര്‍മയേകുന്ന എന്തും ദൈവത്തിന്റെ കണ്ണുകള്‍ക്കും കുളിര്‍മയേകും. മനുഷ്യന്റെ ചെവികളെ ആനന്ദിപ്പിക്കുന്ന കൊട്ടും പാട്ടുമെല്ലാം കേള്‍ക്കുമ്പോള്‍ ദൈവവും തന്റെ രണ്ടു്‌ ചെവികളും കൂര്‍പ്പിച്ചു്‌ ആസ്വദിക്കാന്‍ തുടങ്ങും. മൂക്കും സുഗന്ധങ്ങളും തമ്മില്‍ മനുഷ്യരുടെയിടയില്‍ നിലവിലിരിക്കുന്ന അതേ ബന്ധം തന്നെയാണു്‌ ദൈവത്തിന്റെ കാര്യത്തിലും നിലവിലിരിക്കുന്നതു്‌, യാതൊരു വ്യത്യാസവുമില്ല. മനുഷ്യനു്‌ അതീന്ദ്രിയജ്ഞാനമുണ്ടു്‌, ദൈവത്തിനു്‌ അങ്ങനെയൊരു ജ്ഞാനമില്ല എന്ന ഒരൊറ്റ വ്യത്യാസമേ ഇന്ദ്രിയാനുഭവങ്ങളുടെ കാര്യത്തില്‍ മനുഷ്യരും ദൈവവും തമ്മില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളു എന്നാണെനിക്കു്‌ തോന്നുന്നതു്‌.

വിശ്വാസികള്‍ (അവര്‍ ഏതു്‌ ജനുസ്സില്‍ പെടുന്നവരായാലും) എതിര്‍പക്ഷങ്ങളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ വിശ്വാസത്തിന്റെ അടിത്തറയില്‍വീണ, നിഷേധിക്കാനാവാത്ത ഈ പുഴുക്കുത്തുകളെ സ്പര്‍ശിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കാറുണ്ടു്‌. സ്വന്തം ഗ്രന്ഥത്തിന്റെയും സ്വന്തം വിശ്വാസത്തിന്റെയും അടിത്തറകള്‍ തകര്‍ന്നിട്ടു്‌ കാലമേറെയായെന്ന സത്യം ഒഴിച്ചുനിര്‍ത്താതിരുന്നാല്‍ അവ ‘നിന്നെപ്പോലുള്ളവര്‍ക്കു്‌’ കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണെന്നു്‌ സ്ഥാപിക്കാന്‍ കഴിയുമോ? സ്വന്തഗ്രന്ഥത്തിന്റെ അതുല്യമായ കാവ്യാത്മകത,  അതെഴുതപ്പെട്ടിരിക്കുന്ന ഭാഷയുടെ മഹത്വം, അതു്‌ വെളിപ്പെടുത്തപ്പെട്ടവന്റെ അമാനുഷികത, അതെഴുതിയവന്റെ മനുഷ്യസ്നേഹം അങ്ങനെ എന്തും പരാമര്‍ശിക്കപ്പെടും. ഒരു ഗ്രന്ഥത്തിന്റെ ഉറവിടമായ ദൈവം നിലനില്‍ക്കുന്നില്ലെങ്കില്‍, അതിലുള്ളതെല്ലാം ആ ദൈവം പറഞ്ഞ സത്യങ്ങളാണെന്ന രീതിയിലുള്ള ഒരു ചര്‍ച്ചക്കു്‌ എന്തര്‍ത്ഥം എന്നുമാത്രം ചോദിക്കരുതു്‌. ഉത്തരം മുട്ടിയാല്‍ വിശ്വാസി മദമിളകിയ ആനയെപ്പോലെയാണു്‌. എന്തും ചെയ്യും, പറയും. പക്ഷേ, ആര്‍ക്കും അതൊന്നും അങ്ങോട്ടു്‌ തിരിച്ചു്‌ പറയാന്‍ അനുവാദവുമില്ല. പറഞ്ഞാല്‍ വാദി പ്രതിയാവും. സംഘടിതരായ വിശ്വാസികള്‍ക്കു്‌ എളുപ്പം സാധിക്കുന്ന ഒരു കാര്യമാണതു്‌. പുഴയൊഴുക്കിന്റെ മുകള്‍ഭാഗത്തുനിന്നു്‌ വെള്ളം കുടിച്ചിരുന്ന ചെന്നായുടെ വെള്ളം താഴ്ഭാഗത്തുനിന്നു്‌ വെള്ളം കുടിക്കുന്ന ആടു്‌ കലക്കി എന്ന കുറ്റാരോപണം പോലെ!

വിശ്വാസികളുടെയിടയില്‍ മാറ്റമില്ലാതെ തുടരുന്നതു്‌ വാദങ്ങളിലും പ്രസംഗങ്ങളിലും ഉപയോഗിക്കപ്പെടുന്ന ഫ്രെയ്സിയോളജി മാത്രമാണു്‌! വലിയ കാര്യങ്ങളാണു്‌ പറയുന്നതെന്നു്‌ കേള്‍വിക്കാര്‍ക്കു്‌ തോന്നാനാണു്‌ ഈ പ്രത്യേക ശൈലീപ്രയോഗങ്ങള്‍. മതങ്ങള്‍ മാത്രമല്ല, മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളും മുടക്കമില്ലാതെ (സാധുക്കളായ മനുഷ്യരുടെയിടയില്‍ ഇതുവരെ വിജയകരമായും) ഉപയോഗിക്കുന്ന ഒരു രീതിയാണിതു്‌. ഭാഷയുടെ ശ്രേഷ്ഠതയാണു്‌ ആശയസാധുത്വത്തിന്റെ മാനദണ്ഡമെങ്കില്‍, ഏറ്റവും വിലപ്പെട്ടതായി പരിഗണിക്കേണ്ടതു്‌ ജ്യോതിഷശാസ്ത്രത്തെയാണെന്നാണെന്റെ പക്ഷം. അതിശ്രേഷ്ഠവും കടിച്ചാല്‍ പൊട്ടാത്തതുമായ സംസ്കൃതത്തില്‍, വാക്കുകളെ മുത്തുമണികള്‍ പോലെ നിരനിരയായി കോര്‍ത്തിണക്കിയിരിക്കുന്ന, മനുഷ്യജീവിതത്തിന്റെ ഭൂത-, വര്‍ത്തമാന-, ഭാവികാലസംബന്ധിയായ, ഗ്രഹനിലയില്‍ അധിഷ്ഠിതമായ സത്യാസത്യപ്രവചനങ്ങളുടെ സമാഹാരമല്ലേ ജ്യോതിഷശാസ്ത്രത്തില്‍ ആദ്യാവസാനം നമ്മള്‍ ദര്‍ശിക്കുന്നതു്‌!

മനസ്സിലാവാത്തതു്‌ ഗഹനമാണെന്നു്‌ വിശ്വസിക്കുന്നതില്‍ അഭിമാനിക്കുന്നവരാണു്‌ മനുഷ്യര്‍. അതുകൊണ്ടു്‌ മനസ്സിലാവാത്തവിധത്തില്‍ പറഞ്ഞാല്‍ ഏതു്‌ ചവറിനെയും ഉദാത്തം എന്നു്‌ വിശേഷിപ്പിച്ചു്‌ ചുമന്നുകൊണ്ടു്‌ നടക്കാന്‍ അവര്‍ക്കു്‌ മടിയില്ല. പണ്ടൊരു ജര്‍മ്മന്‍ സുഹൃത്തു്‌ പറഞ്ഞതുപോലെ, പൊരിച്ചുവച്ചിരിക്കുന്നതു്‌ അമേധ്യമായാലും, അതിനു്‌ നല്‍കിയിരിക്കുന്നതു്‌ കാവ്യാത്മകമായ ഒരു ഫ്രഞ്ച് പേരാണെങ്കില്‍ അതു്‌ ‘ജെറ്റ് സെറ്റ് കൊമ്പാറ്റിബിള്‍’ ആവും.

“പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ തെളിച്ചും വ്യക്തമായും പറയാന്‍ കഴിയും. പറയാന്‍ കഴിയാത്ത കാര്യങ്ങളെപ്പറ്റി മനുഷ്യന്‍ നിശബ്ദത പാലിക്കണം.” – ലുഡ്‌വിഗ് വിറ്റ്ഗെന്‍‌സ്റ്റൈന്‍.

 
Comments Off on അടിത്തറയില്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍

Posted by on Jun 7, 2013 in പലവക

 

Tags: , ,