
“യെശ്ശു”വിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുന്ന ഒരു അത്ഭുതരോഗശാന്തിശുശ്രൂഷകനാണു് ചിത്രത്തിൽ. അതു് കാണുമ്പോൾ, തന്റെ സ്വന്തം വെള്ളപ്പാണ്ടു് രോഗം രോഗശാന്തിശുശ്രൂഷയിലൂടെ അത്ഭുതകരമായി സുഖപ്പെടുത്താൻ എന്തുകൊണ്ടു് അദ്ദേഹത്തിനു് കഴിയുന്നില്ല എന്നൊരു സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ, അങ്ങനെ തോന്നാത്ത ധാരാളം ആളുകൾ ലോകത്തിലുണ്ടു്. അതിനാലാണു് സത്യത്തിൽ ചികിത്സ ആവശ്യമുള്ള രോഗികൾക്കു് ചികിത്സകരായിച്ചമഞ്ഞു് കോടികൾ സമ്പാദിക്കാനും, അതുവഴി സമൂഹത്തിൽ സ്വാധീനം ചെലുത്താനും കഴിയുന്നതു്. ഈ ലോകത്തിലെ ബഹുഭൂരിപക്ഷമായ അത്തരക്കാരിലാണു് അത്ഭുതചികിത്സകരുടെ കണ്ണും കാതും. ഏതിനം അമേധ്യവും വാങ്ങാൻ റെഡിയായി അക്ഷമയോടെ കാത്തുനിൽക്കുന്ന കസ്റ്റമേഴ്‌സ് ഇല്ലാത്തിടത്തു് അത്ഭുതരോഗശാന്തിശുശ്രൂഷകർക്കെന്നല്ല, പറുദീസാതുല്യമായ മരണാനന്തരജീവിതവും, സമത്വസുന്ദര-സ്വതന്ത്രകോമളമായ കമ്മ്യൂണിസ്റ്റ് നല്ലനാളെകളും, ശാസ്ത്രീയവും യുക്തിഭദ്രവുമായ സോഷ്യലിസ്റ്റ് നവോത്ഥാനവും, സ്ത്രീപുരുഷസമത്വവും വിറ്റു് സുഖജീവിതം നയിക്കുന്ന നീലകുറുക്കന്മാർക്കും, ജനാധിപത്യ ലാടഗുരുക്കൾക്കും അധികനാൾ നിലനിൽക്കാനാവില്ല.
ചൂഷകരെ ചൂഷകരെന്നു് തിരിച്ചറിയാതെ, അവരെ ന്യായീകരിക്കാനും പ്രതിരോധിക്കാനും സർവ്വാത്മനാ സന്നദ്ധരായ ഒരു കൂട്ടം പോരാളിശംഭുക്കളാണു് ഏതിനം ചൂഷണത്തിന്റെയും നട്ടെല്ലു്. ചൂഷകരുടെ പുകഴ്ത്തലുകളിൽ മയങ്ങി, അവർ വിളമ്പുന്ന നുണക്കഥകൾ ഏറ്റുപാടിയാൽ ലോകത്തെ രക്ഷിക്കാമെന്നു് വ്യാമോഹിക്കുന്ന ബുദ്ധിശൂന്യപാറക്കെട്ടുകളുടെ അടിത്തറയിലാണു് ഏതൊരു പ്രത്യയ”ശാസ്ത്ര”ത്തിന്റെയും, മതതത്വ”ശാസ്ത്ര”ത്തിന്റെയും കോട്ടകൊത്തളങ്ങളും പള്ളികളും പണിതുയർത്തപ്പെടുന്നതു്! വൈറസുകൾക്കു് വളരാൻ കഴിയണമെങ്കിൽ ആതിഥേയശരീരമുണ്ടായിരിക്കണം. ആതിഥേയശരീരത്തിനു് അറിയാത്ത ആ സത്യം വൈറസുകൾക്കറിയാം. സ്വതവേതന്നെ കഴുതകളായതിനാൽ, പൊതുജനം എന്ന ആതിഥേയശരീരത്തിനു് അതറിയില്ലെന്നും, അതറിയാനുള്ള കഴിവു് അവർക്കില്ലെന്നും അറിയാനുള്ള കഴിവുണ്ടെന്നതാണു് മതങ്ങളിലെയും രാഷ്ട്രീയത്തിലെയും പരാന്നഭോജികളായ വൈറസുകളുടെ വിജയരഹസ്യം.
ഇവിടെ, കഥയിലെ ഹീറോ ആയ “ദൈവദൂതൻ” തന്റെ വെള്ളപ്പാണ്ടു് ഊതിയോ ഓതിയോ ഞൊട്ടിയോ മാറ്റാത്തതു് അദ്ദേഹത്തിനു് അതു് കഴിയാത്തതുകൊണ്ടല്ല, മനുഷ്യർക്കു് ലഭിക്കുന്ന സാമ്പത്തികമായ അനുഗ്രഹങ്ങൾ പോലെതന്നെ, ശാരീരികമായ “അനനുഗ്രഹങ്ങളും” (അനസൂയ = കുശുമ്പുണ്ടെങ്കിലും അസൂയ ഒട്ടുമില്ലാത്തവൾ!) ദൈവദത്തമാണെന്നു് അദ്ദേഹത്തിനു് അറിയാവുന്നതുകൊണ്ടാണു്. പന്നിക്കും പട്ടിക്കുമെന്നപോലെ, മനുഷ്യർക്കും ദൈവം തനിക്കു് തോന്നുമ്പോൾ മക്കളെ തരുന്നില്ലേ? തനിക്കു് തോന്നുമ്പോൾ അവരെ മൊത്തമായോ ചില്ലറയായോ തിരിച്ചെടുക്കുന്നില്ലേ? ദൈവം തരുന്നു, ദൈവം എടുക്കുന്നു എന്നാണു് “ഫിലോസഫി”! ദൈവം ഓരോ ഓളത്തിനു് ചെയ്യുന്ന കർമ്മങ്ങൾ ചോദ്യം ചെയ്യാൻ “പാണ്ഡു”വാരു്, ധൃതരാഷ്ട്രരാരു്, ബ്രദർ താരുവാരു്, പാസ്റ്റർ തങ്കുവാരു്, കടപ്പുറം സുധാമണിയാരു്? വരുമോരോ ദശ വന്നപോലെ പോം എന്നു് കവി. മനുഷ്യർക്കു് “ദശ” വന്നാൽ വന്നു, പോയാൽ പോയി; വന്നില്ലെങ്കിൽ വന്നില്ല, പോയില്ലെങ്കിൽ പോയില്ല. അത്രയേയുള്ളൂ ദശ വരലിന്റെ കാര്യം.
“ബ്രദര്‍” ലക്ഷ്മണന്റെ സംഗീതസംവിധാനത്തിൽ കമുകറ പുരുഷോത്തമന്‍ പാടിത്തകർത്തതുപോലെ, “അഴിനിലയില്ല, ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും. … … ഇല്ലാ ജാതികള്‍ ഭേദവിചാരം, ഇവിടെ പുക്കവര്‍ ഒരു കൈ ചാരം, മന്നവനാട്ടെ യാചകനാട്ടെ, വന്നിടുമൊടുവില്‍ വന്‍ചിത നടുവിൽ”. (ഇക്കാര്യത്തിൽ മകൻ യേശുവിനു് പിതാവായ യഹോവ ഒരു ഇക്സെംപ്‌ഷൻ അനുവദിച്ചിട്ടുണ്ടു്. മക്കൾക്കു് ചില സ്‌പെഷൽ പ്രിവിലേജുകളെല്ലാം അനുവദിക്കുന്ന കാര്യത്തിൽ ദൈവവും കോടിയേരി ബാലകൃഷ്ണനും ഭായി-ഭായിയാണു്. പ്രിവിലേജുകൾ ഉന്നതർക്കുള്ളതാണു്. അതുകണ്ടു് അധഃസ്ഥിതർ കണ്ണു് കഴച്ചിട്ടു് കാര്യമില്ല. സ്ഥിതിസമത്വം വേണമെന്നും പറഞ്ഞു് ആന അപ്പി ഇടുന്ന വ്യാപ്തത്തിൽ അണ്ണാൻസ് അപ്പിയിടാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും? തമ്പേറിന്റെ ശബ്ദബാഹുല്യവുമായി ചപ്ലാക്കട്ട കിടപിടിക്കാൻ ശ്രമിക്കുന്നതു് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദപ്രകാരം സാധുത്വം അവകാശപ്പെടാവുന്ന സോഷ്യലിസമോ കമ്മ്യൂണിസമോ അല്ലെന്നു് മാർക്‌സും പറഞ്ഞിട്ടുണ്ടു്).
അതുപോലെ, “ഇല്ലാ ജാതികള്‍ ഭേദവിചാരം” എന്നാൽ, ചത്തു്, “വന്‍ചിത നടുവിൽ” എത്തിയാൽ പിന്നെ ജാതിഭേദവിചാരമൊന്നും ഇല്ല എന്നേ ഗാനരചയിതാവായ തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍ ഉദ്ദേശിച്ചിരിക്കാൻ വഴിയുള്ളു. അല്ലാതെ, ജീവിച്ചിരിക്കുന്നവർക്കു് ഈ സനാതന”തത് ത്വം” ബാധകമല്ല. ജീവിതത്തിൽ ജാതിഭേദവിചാരം ഉള്ളതുകൊണ്ടാണു് മരിച്ചശേഷം അതില്ല എന്നു് കേൾക്കുമ്പോൾ ഒരു ത്രില്ലുണ്ടാവുന്നതു്. ഭൂമിയിൽ ഒരിക്കലും മദ്യം കഴിക്കാത്തതുകൊണ്ടും, മദ്യം എന്നാൽ എന്താണു് സംഭവമെന്നു് അറിയാത്തതുകൊണ്ടുമല്ലേ സ്വർഗ്ഗത്തിൽ മദ്യം പുഴപുഴയായി ഒഴുകുകയാണെന്നു് പ്രവാചകൻ പറയുന്നതു് കേൾക്കുമ്പോൾ ഭക്തജനങ്ങൾക്കു് ഇത്ര ഹരം പിടിക്കുന്നതും, എങ്ങനെയെങ്കിലുമൊന്നു് ചത്തു് സ്വർഗ്ഗത്തിൽ എത്തികിട്ടിയാൽ മതിയെന്നും തോന്നുന്നതു്!? അതെന്തായാലും, ഹരിശ്ചന്ദ്ര കാലത്തെ ജാതിഭേദവിചാരത്തെ ചന്ദ്രയാൻ കാലത്തും മാറ്റമൊന്നുമില്ലാതെ കാത്തുസൂക്ഷിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല.
സ്വന്തം പാണ്ടു് രോഗത്തെ അവഗണിച്ചുകൊണ്ടു് മറ്റുള്ളവരുടെ രോഗങ്ങളെ അത്ഭുതകരമായി ഭേദമാക്കുന്ന ബ്രദർ താരുവിനെപ്പോലുള്ള സഹൃദയരിൽ നമുക്കൊരു ദൃഷ്ടാന്തമുണ്ടു്. എന്തിലും നമുക്കൊരു ദൃഷ്ടാന്തമുണ്ടെന്നു് ഖുർആനും ആവർത്തിച്ചു് ആണയിടുന്നുണ്ടല്ലോ. ഇവിടത്തെ ദൃഷ്ടാന്തം, പ്രത്യയശാസ്ത്രവും ഫിലോസഫിയും യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം പ്രചരിപ്പിക്കുന്നവർക്കും, രാജ്യത്തു് പുതിയ നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കുമുള്ളതാണു്. “പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല” എന്ന സാരവചനം അറിയാത്ത മലയാളികൾ ഉണ്ടെന്നു് തോന്നുന്നില്ല. പക്ഷെ, ആ പലരിൽ നിർബന്ധമായും ഉൾപ്പെടുത്തപ്പെടേണ്ട ചിലരുണ്ടെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണു്.
മതതത്വശാസ്ത്രപരമായ ഒരു കാര്യം നിനയേണ്ടതായി വന്നാൽ ഞാൻ ആദ്യം സമീപിക്കുന്നതു് ബ്രദർ താരുവിനെയോ, സിസ്റ്റർ സ്റ്റെഫിയെയോ, ഫാദർ ഫ്രാങ്കോയെയോ, മദർ സുധാമണിയെയോ ആയിരിക്കും. അതുപോലെ, ആയുർവ്വേദസംബന്ധമായ ഒരു കാര്യം പ്രധാനമായും ഞാൻ നിനയുന്നതു് മോഹനൻ വൈദ്യരോടോ, ജേക്കബ് വടക്കാഞ്ചേരിയോടോ ആയിരിക്കും. വൈദ്യുതിയാണു് വിഷയമെങ്കിൽ എം. എം. മണിയും, സ്പോർട്സോ വ്യവസായമോ ആണെങ്കിൽ ഇ. പി. ജയരാജനുമായിരിക്കും നിനയലിനായി ഞാൻ മുൻഗണന നൽകുന്നവർ. ഭാഗ്യത്തിനു്, പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ നിനയാനായി നമ്മൾ ആരെയും തേടി അങ്ങോട്ടു് പോകേണ്ടതില്ല. അവർ ഇങ്ങോട്ടു് വന്നുകൊള്ളും. പ്രത്യയശാസ്ത്രഉപദേഷ്ടാക്കളുടെയത്ര തൊഴിലില്ലായ്മയുള്ള മറ്റൊരു മേഖല കേരളത്തിലില്ല. ഫിലോസഫി സംബന്ധമായ നിനയലുകൾക്കു് ഓഷോശിഷ്യർ നല്ലൊരു ചോയ്സാണു്. എനിക്കുണ്ടായിട്ടുള്ള നല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ, നിനയാൻ ആഗ്രഹിക്കുന്നവർക്കായി ഇവരെ റെകമെൻഡ് ചെയ്യാൻ എനിക്കൊരു മടിയുമില്ല. ഇവരിൽ ആരെവേണമെങ്കിലും ആർക്കും എപ്പോഴും ധൈര്യപൂർവ്വം സമീപിക്കാം. അവരുടെ കൈകളിൽ നിങ്ങൾ സുരക്ഷിതരായിരിക്കും. ഞാൻ ഗ്യാരന്റി.
P. S.
ക്യാഷ്മീർ ഇൻഡ്യൻ സംസ്ഥാനമാകണമോ വേണ്ടയോ എന്ന വിഷയത്തിലും നമ്മൾ പലരോടും നിനഞ്ഞു് അനുവാദം വാങ്ങേണ്ടതുണ്ടു്. എങ്കിലും, ഇൻഡ്യാക്കാർ എന്ന നിലയിൽ പ്രധാനമായും നമ്മൾ നിനയേണ്ടതു് ഇൻഡ്യയുടേതിനേക്കാൾ പാകിസ്ഥാന്റെയോ ചൈനയുടെയോ താത്പര്യങ്ങൾക്കു് മുൻഗണന നല്കുന്ന സമാധാനകാംക്ഷികളായ സഹൃദയരോടായിരിക്കണം. നമ്മൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കു് ശരിയായ എരിവും പുളിയും ഉപ്പുമെല്ലാം ഉണ്ടാവണമെങ്കിൽ കാര്യങ്ങളുടെ മറ്റേവശത്തുള്ള കിടപ്പുകൂടി നമ്മൾ നിനഞ്ഞിരിക്കണം, അറിഞ്ഞിരിക്കണം.