വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിയുടെ കമന്റിനുള്ള മറുപടിയാണിതു്. കമന്റിന്റെ ദൈർഘ്യം മൂലം കമന്റ് ബോക്സിൽ ഒതുങ്ങാത്തതുകൊണ്ടു് പോസ്റ്റാക്കുന്നു.
Faizal Kondotty,
ഖുർആനിലും ബൈബിളിലും സൂചിപ്പിക്കപ്പെടുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് വ്യക്തമാക്കുകയായിരുന്നു പ്രധാനമായും എന്റെ പോസ്റ്റിന്റെ ലക്ഷ്യം. അതിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കുള്ള യുക്തിസഹമായ എതിർവാദമായിരുന്നേനെ എന്റെ അഭിപ്രായം തെറ്റാണെന്നു് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനു് മാത്രമായി എതിർചോദ്യങ്ങൾ ചോദിച്ചു് ചർച്ച വലിച്ചുനീട്ടുന്നതിന്റെ അർത്ഥമില്ലായ്മയും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു് ഞാൻ തിരിച്ചു് ചോദിക്കുന്നു: ഞാൻ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാൻ മതിയായ എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടോ?
പല ചോദ്യങ്ങളുടെയും മറുപടി എന്റെ പഴയ പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ളവയാണെങ്കിലും കമന്റിൽ ചോദിച്ച സ്ഥിതിക്കു് ഒരുവട്ടം കൂടി മറുപടി പറയുന്നു, പ്രയോജനം ഒന്നും ഉണ്ടാവാൻ വഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ.
ഏതു് രാജ്യവും നടത്തുന്ന നിയമനിർമ്മാണം ആ രാജ്യത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതായിരിക്കും. അതു് അവരുടെ ചുമതലയും അവകാശവുമാണു്. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുന്ന മനുഷ്യർ വിഡ്ഢികളാണെന്നു് സാരം. ജനങ്ങളെ ബൗദ്ധികമായി വളർത്തി മറ്റു് രാജ്യങ്ങളുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാനും സ്വന്ത താൽപര്യങ്ങൾ സംരക്ഷിക്കാനും ശേഷിയുള്ളവരാക്കിത്തീർക്കുകയാണു് ഏതു് രാജ്യത്തിന്റെയും ചുമതല. ശാസ്ത്രപുരോഗതിമൂലം ഒരു ഗ്രാമമെന്നോണം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ചൂഷണത്തിനു് വിധേയമാവാതെ പിടിച്ചുനിൽക്കാൻ ശത്രുചിത്രങ്ങൾ കാണിച്ചു് മനുഷ്യരെ വികാരഭരിതരാക്കി സ്വന്തചേരിയിൽ പിടിച്ചുനിർത്തുന്ന പഴയ തന്ത്രങ്ങൾ ഫലപ്രദമാവില്ല. സഹകരണവും, സഹിഷ്ണുതയും വിദ്യാഭ്യാസവുമാണു് പരിഹാരം. ചൈനയേയും പാകിസ്ഥാനേയും സ്നേഹിക്കുന്നവരെയല്ല, ഭാരതത്തെ സ്നേഹിക്കുന്നവരെയാണു് ഇന്നു് രാജ്യത്തിനു് ആവശ്യം. നിയമത്തെ ദുരുപയോഗം ചെയ്യലും സ്വജനപക്ഷപാതവുമൊക്കെ ലോകത്തിൽ എന്നുമുണ്ടായിരുന്നു, എന്നാളും ഉണ്ടായിരിക്കുകയും ചെയ്യും. ഒറ്റയടിക്കു് അതിനു് പരിഹാരം കാണാൻ ആവില്ല. അതിനെതിരായി ചെയ്യാൻ കഴിയുന്നതു് ദുരുപയോഗം കുറയ്ക്കാൻ കഴിയുന്ന തരത്തിൽ നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുകയും, അതുവഴി നിയമം അനുസരിക്കുന്നവർ വിഡ്ഢികളാക്കപ്പെടുന്ന അവസ്ഥ ഇല്ലായ്മ ചെയ്യുകയുമാണു്. രാജ്യത്തിന്റെയും വ്യക്തിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പാക്കാനും കഴിയണമെങ്കിൽ മനുഷ്യർ ബോധവത്കരിക്കപ്പെടണം, അവർ മാനസികമായി വളരണം, മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വരണം. എന്നാൽത്തന്നെയും, അതുവഴി തിന്മയുടെ അളവു് കുറക്കാമെന്നല്ലാതെ, തിന്മയെ പൂർണ്ണമായും ലോകത്തിൽ നിന്നു് നിർമ്മാർജ്ജനം ചെയ്യുക മനുഷ്യനെന്നല്ല, “ദൈവത്തിനു്” പോലും കഴിയുകയില്ല. ദൈവത്തിനും ദൈവത്തിന്റെ നിയമങ്ങൾക്കും അതിനു് കഴിയുമായിരുന്നെങ്കിൽ രണ്ടായിരം വർഷത്തെ ക്രിസ്തുമതത്തിനു് ക്രിസ്ത്യൻ രാജ്യങ്ങളിലും, ഒന്നരസഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാമിനു് മുസ്ലീം രാജ്യങ്ങളിലുമെങ്കിലും അതു് പണ്ടേ കഴിയേണ്ടതായിരുന്നു. ഇവിടെയും “ദൈവത്തിന്റെ” സർവ്വശക്തി പരാജയപ്പെടുന്നു എന്നു് മാത്രമാണു് അതിനർത്ഥം.
മനുഷ്യനു് സ്വാർത്ഥത പാടുണ്ടോ എന്ന ചോദ്യം അർത്ഥശൂന്യമാണു്. കാരണം, പ്രകൃതിസഹജതയെ പൂർണ്ണമായി തുടച്ചുമാറ്റാനാവില്ല. മനുഷ്യരിൽ മാത്രമല്ല ഏതു് ജീവിയിലും സ്വാർത്ഥത ഒരു ജന്മവാസനയാണു്. ജന്മവാസനയെ മറച്ചുപിടിക്കാൻ മൃഗങ്ങൾക്കാവില്ല എന്നതു് മൃഗലോകത്തെ വീക്ഷിക്കുന്നവർക്കറിയാം. മാനസികവും സാംസ്കാരികവുമായ വളർച്ച മൂലം മനുഷ്യർ ചില നിയന്ത്രണങ്ങൾക്കു് നിർബന്ധിതരാവുന്നു. അതു് പലതരം പ്രശ്നങ്ങൾക്കും കാരണമാവുന്നുമുണ്ടു്. മഠങ്ങളിലും മറ്റും സംഭവിക്കുന്ന ചില വഴുതലുകൾ അതിനൊരു ചെറിയ ഉദാഹരണം മാത്രം. സമൂഹജീവിയായ മനുഷ്യനു് സമാധാനപരമായി ജീവിക്കാൻ നിയമങ്ങൾ വേണം. ആധുനികനഗരങ്ങളിൽ വാഹനഗതാഗതം നിയമങ്ങൾ വഴി നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം തന്നെ സാദ്ധ്യമാവില്ല. പക്ഷേ, ആ നിയമങ്ങൾ എല്ലാവർക്കും ബാധകമാണു്. അവ എല്ലാവരുടെയും പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണു്. മതമോ ജാതിയോ തിരിച്ചുള്ളതല്ല. (കേരളത്തിലെപ്പോലെ, ഉറക്കെ ഹോൺ അടിക്കുന്നവനല്ല റോഡിൽ മുൻഗണന!) ഓരോ സമൂഹവും അവർക്കനുയോജ്യമായ നിയമങ്ങളാണു് ഉണ്ടാക്കുന്നതു്. ജർമ്മൻ സമൂഹത്തിലെ നിയമങ്ങൾ യെമൻ സമൂഹത്തിനു് മനസ്സിലാവണമെന്നുപോലുമില്ല. ആയിരത്തഞ്ഞൂറു് വർഷം മുൻപത്തെ മെക്കയിലെയോ, രണ്ടായിരം വർഷം മുൻപത്തെ യേരുശലേമിലേയോ നിയമങ്ങൾകൊണ്ടു് ഇന്നു് അവിടങ്ങളിൽ പോലും വലിയ പ്രയോജനമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. പിന്നെ മറ്റു രാജ്യങ്ങളിലെ കാര്യം പറയണോ?
ഡാർവ്വിനിസത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയും ഇത്രയുമേ പറയാനുള്ളു: ആറുദിവസം കൊണ്ടു് സകല പ്രപഞ്ചവും മനുഷ്യരടക്കമുള്ള ജീവജാലങ്ങളും ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കും. പക്ഷേ, 1300 കോടി വർഷങ്ങളിൽ സംഭവിക്കാവുന്ന പരിണാമങ്ങളെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങളും ഡാർവ്വിനിസവും – രണ്ടും വിമർശനാത്മകമായി പഠിക്കുക – കഴിയുമെങ്കിൽ!
ഓരോ മനുഷ്യനും അവനവനു് തോന്നുന്നതു് ചെയ്യാമെന്നു് ആരെങ്കിലും പറഞ്ഞാലല്ലേ അതു് മനുഷ്യത്വമാണോ അല്ലയോ എന്ന ചോദ്യം ഉദിക്കുന്നുള്ളു? ഓരോരുത്തനും അവനവനു് തോന്നുന്നതു് ചെയ്യുന്നതു് മനുഷ്യത്വമല്ല, അനാർക്കിസമാണു്. അതു് ഞാൻ ചെയ്താലും, മുഹമ്മദ് നബി ചെയ്താലും! ഒരുവൻ നിന്നോടു് ചെയ്യണമെന്നു് നീ ആഗ്രഹിക്കുന്നതു് അവനോടും ചെയ്യുന്നതാണു് മനുഷ്യത്വം. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണു് മനുഷ്യത്വം. എത്ര സൂക്ഷിച്ചു് നോക്കിയിട്ടും മനുഷ്യത്വത്തിൽ ഒരു ഏകദൈവത്വത്തിന്റെ സാന്നിദ്ധ്യമോ ആവശ്യമോ എനിക്കു് കാണാൻ കഴിയുന്നില്ല. മനുഷ്യത്വമാണു് ഒരുവന്റെ ലക്ഷ്യമെങ്കിൽ, അതിനു് ഒരു ദൈവം അവനു് ആവശ്യമെങ്കിൽ അതിലും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല.
പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു് ജീവിക്കുന്നതും അവർ പരസ്പരം എങ്ങനെ പെരുമാറണമെന്നതും അവരുടെ സ്വാതന്ത്ര്യത്തിൽപെട്ട കാര്യമാണു്. മനുഷ്യർ അനേക രക്തച്ചൊരിച്ചിലുകളിലൂടെ “ദൈവം” അവരോധിച്ചവർ എന്നു് അവകാശപ്പെടുന്നവരും, അല്ലാത്ത തരത്തിൽ സമൂഹത്തിന്റെ തലപ്പത്തു് എത്തിപ്പെട്ടവരുമായ വല്യേട്ടന്മാരിൽ നിന്നും നേടിയെടുത്ത മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യമാണതു്. ഒരുമിച്ചുള്ള ജീവിതത്തിനു് വലിയ അർത്ഥമില്ല എന്നു് തോന്നുന്ന അവസരത്തിൽ, ഒരുമിച്ചു് കഴിഞ്ഞു് ജീവിതം നരകമാക്കുന്നതിൽ എത്രയോ ഭേദമാണു് അവർ തമ്മിൽ പിരിയുന്നതു്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ കാണാറുള്ളതുപോലെ പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും തമ്മിൽ പിരിയാൻ കഴിഞ്ഞാൽ അതു് ഒന്നുകൂടി നല്ലതു്. അതു് പക്ഷേ ബന്ധപ്പെട്ടവരുടെ മാനസികവളർച്ചയിൽ അധിഷ്ഠിതമായ കാര്യമാണു്.
ജീവനാംശത്തിന്റെ കാര്യവും ഓരോ സമൂഹത്തിന്റെയും ഘടന അനുസരിച്ചു് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമാണു്. ഒരു കാർഷികരാജ്യത്തിലെ ദാമ്പത്യബന്ധവും, പുരുഷനും സ്ത്രീയും ജോലിചെയ്തു് സ്വന്തമായ വരുമാനം ഉണ്ടാക്കുന്ന, രണ്ടുപേരും പൂർണ്ണ സ്വയംപര്യാപ്തത ആസ്വദിക്കുന്ന ഒരു വ്യവസായിക രാജ്യത്തിലെ ദാമ്പത്യബന്ധവും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവില്ല. മതപരമായ അർത്ഥത്തിലെ വിവാഹബന്ധം പോലും വിരളമായേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്നുള്ളു എന്നതു് മറ്റൊരു കാര്യം. അതെന്തായാലും ഖുർആനിൽ പറയുന്നപോലെ “മടക്കിയെടുക്കാൻ അനുമതിയുള്ള വിവാഹമോചനം രണ്ടുപ്രാവശ്യം മാത്രമാകുന്നു. മൂന്നാമതും അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിനുശേഷം അവളുമായി ബന്ധപ്പെടൽ അവനു് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതു് വരേക്കും. എന്നിട്ടു് അവൻ (പുതിയ ഭർത്താവു്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്കു്) തിരിച്ചു് പോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല.” (ഖുർആൻ 2: 229, 230) മുതലായ നിയമങ്ങൾക്കു് അക്കാലത്തെ അറബികളുടെ ഇടയിലെ നാട്ടുനടപ്പുകളുടെ വെളിച്ചത്തിൽ മാത്രമേ എന്തെങ്കിലും പ്രസക്തിയുള്ളു. ഒരു സമൂഹത്തിലെ നിയമങ്ങൾ ആ സമൂഹത്തിന്റെ സാംസ്കാരികനിലവാരമാണു് കാണിച്ചുതരുന്നതു്. അതുകൊണ്ടാണു് ഓരോ സമൂഹവും അവരുടെ മാനസികവളർച്ചയ്ക്കനുസരിച്ച നിയമങ്ങളുണ്ടാക്കുന്നതും അവ മറ്റു് സമൂഹങ്ങളിലേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും. മനുഷ്യരെ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും വളരാൻ അനുവദിച്ചാൽ അവരുടെ നിയമങ്ങളുടെ നിലവാരവും അതിനനുസരിച്ചു് വളരും.
ഖുർആനിലോ പുതിയനിയമത്തിലോ പറയുന്നപോലുള്ള ഒരു മരണാനന്തര ജീവിതം ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നില്ല. നരകത്തിലെത്തുന്ന പാപികളെ കൈകാര്യം ചെയ്യുന്ന ഭാഗം വായിച്ചിട്ടുണ്ടാവുമെന്നു് കരുതുന്നു: “തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ടു് കരിക്കുന്നതാണു്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്കു് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണു്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണതു് (!)” ഖുർആൻ 4: 56) പുതിയ പുതിയ തൊലികൾ മാറ്റിവച്ചുകൊടുത്തു് കരിക്കാൻ കാത്തിരിക്കുന്ന ദൈവം! അങ്ങേർക്കു് വേറെ ജോലിയൊന്നുമില്ലേ? ഇതു് കേട്ടു് ഇന്നത്തെ പ്രൈമറിസ്കൂളിലെ കുട്ടികൾ ചിരിക്കാതിരുന്നാൽ ഭാഗ്യം! ഈ പ്രപഞ്ചത്തിൽ ഉള്ളതൊന്നും നശിക്കുന്നില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അതു് പക്ഷേ, തികച്ചും ഭൗതികമായ അർത്ഥത്തിലാണു്, അല്ലാതെ ആത്മീയമോ മതപരമോ ആയ യാതൊരു അർത്ഥത്തിലും മനസ്സിലാക്കേണ്ട ഒരു “മരണാനന്തരജീവിതം” അല്ല. അതു് എന്റെ വ്യക്തിപരമായ വിശ്വാസം. അതിൽ മറ്റാർക്കും ഇടപെടേണ്ട കാര്യമില്ല.
അധികവും ബാലിശമായ അവസാനപാരഗ്രാഫിനെപ്പറ്റി ഇത്രയുമേ പറയാനുള്ളു: അഴിമതി അതു് രാഷ്ട്രീയക്കാരൻ ചെയ്താലും ഇമാം ചെയ്താലും, കർദ്ദിനാൾ ചെയ്താലും അഴിമതി തന്നെ. അതു് ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമം അനുസരിച്ചു് ശിക്ഷിക്കപ്പെടണം.
കമന്റിലെ പോയിന്റുകളിൽ ഇതിൽ കൂടുതലായ വിശദീകരണമൊന്നും തരാനില്ല. ഞാൻ ആദ്യം പറഞ്ഞപോലെ, പോസ്റ്റിൽ സൂചിപ്പിച്ച കാര്യങ്ങൾക്കു് ന്യായവും വ്യക്തവുമായ എതിർവാദമുഖങ്ങൾ ഉണ്ടെങ്കിൽ അതിനു് മറുപടി പറയാം.