RSS

Daily Archives: Apr 9, 2012

ഹിപ്നോസിസ്

ഒരുതരം നിദ്രാവസ്ഥയാണു്‌ ഹിപ്നോസിസിന്റെ സാരാംശം. ഈ നിദ്രാവസ്ഥ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഉളവാക്കപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്യണം എന്നതു്‌ മാത്രമാണു്‌ ഇതിലെ നിഗൂഢത. ഹിപ്നോട്ടിസ്റ്റിനെ സ്വീകരിക്കാന്‍ സന്നദ്ധതയുള്ള ഒരു “മീഡിയം” ഉണ്ടെങ്കിലേ ഹിപ്നോസിസ് ഫലപ്രദമാവുകയുള്ളു. മറ്റൊരുവന്റെ സ്വാധീനത്തിനു്‌ വിമര്‍ശനമില്ലാതെ വഴങ്ങുന്ന സ്വഭാവം സ്വന്തമായ ഒരു വ്യക്തിയിലേ ഈ പ്രത്യേകതരം നിദ്രാവസ്ഥ സംജാതമാക്കാന്‍ കഴിയുകയുള്ളു. ഇവിടെ, സാധാരണ നിദ്രയില്‍നിന്നും വ്യത്യസ്തമായി, ചലനശേഷിയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ഹിപ്നോട്ടിസ്റ്റിനു്‌ കഴിയുന്നു. ഹിപ്നോസിസില്‍ സംഭവിച്ച കാര്യങ്ങളില്‍ ഹിപ്നോട്ടിസ്റ്റ് ഇച്ഛിക്കുന്നവ മാത്രമേ ഈ അവസ്ഥക്കു്‌ ശേഷം മീഡിയത്തിനു്‌ ഓര്‍മ്മിക്കാന്‍ സാധിക്കുകയുള്ളു. ആധുനിക മനുഷ്യന്റെ സംസ്കാരികനേട്ടം എന്നു്‌ വിശേഷിപ്പിക്കേണ്ട വിമര്‍ശനശേഷിയാണു്‌ ഏറ്റവും കൂടുതലായി ഈ നിദ്രാവസ്ഥയില്‍ നിഗ്രഹിക്കപ്പെടുന്നതു്‌ എന്നതു്‌ ശ്രദ്ധാര്‍ഹമാണു്‌. ഹിപ്നോട്ടിസ്റ്റിന്റെ ഇച്ഛാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന, അവന്റെ ദീര്‍ഘിപ്പിക്കപ്പെട്ട ഒരു അവയവമായി മാറുകയാണു്‌ ഹിപ്നോസിസില്‍ മീഡിയം ചെയ്യുന്നതു്‌.

ഹിപ്നോസിസിനു്‌ വിധേയനാകാനുള്ള ഇച്ഛ തനിക്കുണ്ടെന്നു്‌ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതുകൊണ്ടു്‌ ഒരു മനുഷ്യനു്‌ അതിനുള്ള മാനസികമായ സന്നദ്ധത ഉണ്ടാവണമെന്നില്ല. അതുപോലെതന്നെ, ഹിപ്നോസിസിനോടു്‌ തനിക്കുള്ള എതിര്‍പ്പു്‌ സ്പഷ്ടമായി പ്രകടിപ്പിക്കുന്ന ഒരുവന്‍ കീഴ്പ്പെടാന്‍ ആന്തരികമായി/മാനസികമായി ഒരുക്കമുള്ളവനുമാവാം. ഹിപ്നോട്ടൈസ് ചെയ്യപ്പെടാനുള്ള തന്റെ സന്നദ്ധതയെപ്പറ്റി ‘മീഡിയം’ എന്തു്‌ പറയുന്നു, എന്തു്‌ വിശ്വസിക്കുന്നു എന്നതല്ല, എന്താണു്‌ അവന്റെ മാനസികമായ നിലപാടു്‌ എന്നതു്‌ മാത്രമാണു്‌ ഹിപ്നോസിസിനു്‌ ആധാരം. ആദ്യം എതിര്‍പ്പു്‌ പ്രകടിപ്പിക്കുന്നതുപോലെ പെരുമാറുന്ന ധാരാളം മീഡിയങ്ങള്‍ അവസാനം ഹിപ്നോട്ടിസ്റ്റിന്റെ ആജ്ഞക്കു്‌ വശംവദരാകുന്നതു്‌ സാധാരണമാണെന്നതിനാല്‍ ഇതു്‌ സംബന്ധിച്ച ഈവിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഏറെ ചിന്താക്കുഴപ്പങ്ങള്‍ക്കു്‌ കാരണമായിട്ടുണ്ടു്‌. ഹിപ്നോട്ടൈസ് ചെയ്യപ്പെടാനുള്ള സന്നദ്ധതയുടെ പരിധി വ്യത്യസ്തമായതിനാലാണു്‌ ഹിപ്നോസിസിന്റെ ഫലം പല മനുഷ്യരില്‍ പല വിധത്തിലായിരിക്കുന്നതു്‌. മീഡിയത്തിന്റെ മനഃസ്ഥിതിയാണു്‌, അല്ലാതെ ഒരു കാരണവശാലും ഹിപ്നോട്ടിസ്റ്റിന്റെ ഇച്ഛാശക്തിയല്ല ഈ പരിധിയുടെ അടിസ്ഥാനം.

മറ്റു്‌ മനുഷ്യരെ സ്വാധീനിക്കാനുള്ള പ്രവണത പ്രദര്‍ശിപ്പിക്കുന്ന മനുഷ്യര്‍ അതിനുള്ള ശേഷി അവര്‍ക്കു്‌ മാത്രം സ്വായത്തമായ ഏതോ രഹസ്യശക്തിയാണെന്ന രീതിയില്‍ പെരുമാറാറുണ്ടു്‌. ഇക്കൂട്ടര്‍ പരഹൃദയജ്ഞാനികളും അത്ഭുതഹിപ്നോട്ടിസ്റ്റുകളുമൊക്കെയായി ചമഞ്ഞു്‌ മനുഷ്യരെ കബളിപ്പിക്കാറുമുണ്ടു്‌. സത്യത്തില്‍ അവര്‍ ചെയ്യുന്നതു്‌ മനുഷ്യാന്തസ്സിനുതന്നെ പരിക്കേല്പിക്കുന്ന പ്രവൃത്തിയാണെന്നതിനാല്‍ അത്തരം ദുര്‍മന്ത്രവാദികള്‍ക്കു്‌ കൂച്ചുവിലങ്ങിടുകയാണു്‌ അവര്‍ അര്‍ഹിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ എന്നു്‌ പറയേണ്ടിയിരിക്കുന്നു. ഹിപ്നോസിസ് എന്ന പ്രതിഭാസം അതില്‍ത്തന്നെ ഒരു തട്ടിപ്പാണെന്ന അര്‍ത്ഥത്തിലല്ല ഇതു്‌ പറയുന്നതു്‌. പക്ഷേ, കാലാകാലങ്ങളായി ഒരു പുനര്‍ചിന്തയുമില്ലാതെ മേല്‍ക്കോയ്മകള്‍ക്കു്‌ നിരുപാധികം കീഴ്പെട്ടും, ഒരു വിമര്‍ശനവുമില്ലാതെ കല്പനകള്‍ അനുസരിച്ചുമൊക്കെ അധികാരത്തിനോടു്‌ വിധേയത്വം പ്രകടിപ്പിച്ചു്‌ ജീവിക്കുന്നവരാണു്‌ അധികപങ്കു്‌ മനുഷ്യരുമെന്നതിനാല്‍ അവര്‍ ഇത്തരം കപടന്മാരുടെ വലയില്‍ വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്‌. വിമര്‍ശനമില്ലാത്ത വിധേയത്വം ഇടയ്ക്കിടെ “കീഴാളന്മാരുടെ” എതിര്‍പ്പിനും പ്രക്ഷോഭത്തിനും വിപ്ലവത്തിനുമെല്ലാം കാരണമായേക്കാമെന്നല്ലാതെ മനുഷ്യരുടെ സഹവര്‍ത്തിത്വത്തില്‍ ഊന്നിയുള്ള സമാധാനപരമായ ഒരു ജീവിതവ്യവസ്ഥ കൈവരിക്കാന്‍ അതുവഴി ഒരിക്കലും സാദ്ധ്യമായിട്ടില്ല, സാദ്ധ്യമാവുകയുമില്ല.

അന്യചിത്തജ്ഞാനിയോ ഹിപ്നോട്ടിസ്റ്റോ ഒക്കെ ആയി വേഷം കെട്ടുന്നവര്‍ക്കു്‌ അവരുടെ ഭാഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ ആയിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണു്‌. ഹിപ്നോസിസില്‍ ഉണ്ടെന്നു്‌ നമുക്കു്‌ തോന്നുന്നതു്‌ ഒരിക്കലും ഹിപ്നോട്ടിസ്റ്റിന്റെ “ശക്തി” അല്ല. മീഡിയത്തിന്റെ അടിമപ്പെടാനുള്ള ചായ്വല്ലാതെ, മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മാന്ത്രികശക്തിയുമല്ല അതു്‌. ഏറിയാല്‍, അതിനെ വിശേഷിപ്പിക്കാവുന്നതു്‌ ഭോഷ്കു്‌ പറയാന്‍ ഹിപ്നോട്ടിസ്റ്റിനുള്ള കഴിവെന്നോ കലയെന്നോ മാത്രം.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സന്ദേഹംവിനാ ഏറ്റെടുത്തു്‌ നടപ്പാക്കുന്നതിനു്‌ പകരം, ഏതുകാര്യവും വേണ്ടത്ര അവലോകനം ചെയ്തും, സ്വയം തീരുമാനമെടുത്തും ജീവിക്കാന്‍ ശീലിച്ചിട്ടുള്ള ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യുക എളുപ്പമല്ല. അവന്‍ പരഹൃദയജ്ഞാനം മുതലായ പ്രതിഭാസങ്ങളോടു്‌ പ്രത്യേക പ്രതിപത്തിയൊന്നും കാണിക്കുന്നവനുമായിരിക്കില്ല. കാരണം, ഇത്തരം പ്രതിഭാസങ്ങളുടെയെല്ലാം അടിസ്ഥാനം അന്ധമായ അനുസരണയാണു്‌. “ദൈവം മനുഷ്യരില്‍ നിന്നും പ്രതീക്ഷിക്കുന്നു” എന്നു്‌ മതങ്ങളുണ്ടായ കാലം മുതല്‍ പുരോഹിതന്‍ മനുഷ്യരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ “അനുസരണ”! “അനുസരണ ബലിയേക്കാള്‍ നല്ലതാകുന്നു” എന്ന വചനം പുരോഹിതന്‍ – ഇതുരണ്ടും യാതൊരു കാരണവശാലും ആവശ്യമില്ലാത്ത – ദൈവത്തിന്റെ വായില്‍ തിരുകിയതു്‌ ഗൂഢോദ്ദേശ്യം ഒന്നുമില്ലാതെയാണു്‌ എന്നു്‌ കരുതണമെങ്കില്‍ മനുഷ്യന്‍ വിശ്വാസി ആയിരിക്കണം. മനുഷ്യന്‍ ദൈവത്തെ അനുസരിക്കുകയും അവനു്‌ ബലി അര്‍പ്പിക്കുകയും ചെയ്യുന്നതുകൊണ്ടു്‌ നേട്ടം കൈവരിച്ചിട്ടുള്ളതു്‌ ഒരുകാലത്തും ഒരു സമൂഹത്തിലും മനുഷ്യരോ ദൈവമോ ആയിരുന്നില്ല, മറിച്ചു്‌ എല്ലാ കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും പുരോഹിതന്മാരും പ്രവാചകന്മാരും മാത്രമായിരുന്നു. മനുഷ്യരില്‍ അടിച്ചേല്പിക്കപ്പെട്ട ദൈവം ഒരുകാലത്തും ഒരു സമൂഹത്തിലും മനുഷ്യരുടെയോ പ്രപഞ്ചത്തിന്റെയോ ദൈവമായിരുന്നില്ല, മറിച്ചു്‌ എല്ലാ കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും ദൈവമായിരുന്നു. എന്തുകൊണ്ടു്‌? ദൈവം എന്നൊന്നില്ല എന്നതുകൊണ്ടു്‌, അതുകൊണ്ടുമാത്രം!

(ഈ കുറിപ്പിലെ അധിക പങ്കും ലോകപ്രസിദ്ധ വ്യക്തിമനഃശാസ്ത്രജ്ഞനായ ആല്‍ഫ്രെഡ് ആഡ്ലറുടെ “മനുഷ്യജ്ഞാനം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണു്‌.)

 
2 Comments

Posted by on Apr 9, 2012 in പലവക

 

Tags: , ,