“Ruthless critique of everything existing”, അതായിരുന്നു മാര്‍ക്സിന്റെ കല്പന. നിലവിലിരിക്കുന്ന ശക്തികളെയും, വിമര്‍ശനത്തിന്റെ ഫലങ്ങളെയും അപ്പാടെ അവഗണിച്ചുകൊണ്ടുള്ള നിഷ്ക്കരുണമായ വിമര്‍ശനം. പക്ഷേ, ഒക്ടോബര്‍ റെവൊല്യൂഷന്‍ വഴി റഷ്യയില്‍ കമ്മ്യൂണിസം അധികാരത്തില്‍ വന്നതുമുതല്‍ അവസാനിച്ചതുവരെ വിമര്‍ശനം എന്നതു് അവിടെ ഒന്നാമത്തെ ക്രിമിനല്‍ കുറ്റമായിരുന്നു. സ്വാതന്ത്ര്യവും സ്വത്തും ജീവനും വരെ നഷ്ടപ്പെടാവുന്ന ക്രിമിനല്‍ കുറ്റം. വിമര്‍ശനവും കുറ്റം വിധിക്കലുമെല്ലാം, വണ്‍വേ ട്രാഫിക് പോലെ, ബൂര്‍ഷ്വാ ക്യാപ്പിറ്റലിസത്തെ വലിച്ചു് താഴെയിറക്കി ആ കസേരയില്‍ കയറിയിരുന്ന സ്റ്റേറ്റ് ക്യാപ്പിറ്റലിസത്തിന്റെ മാത്രം അവകാശമായിരുന്നു. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി ഏല്പിച്ച മുറിവുകളില്‍ നിന്നും മോചനം പ്രാപിക്കാന്‍ പാടുപെടുകയാണു് ഇന്നും റഷ്യന്‍ സമൂഹം. ചില്ലിലിട്ടു് സൂക്ഷിച്ചിരിക്കുന്ന ലെനിന്റെ മൃതശരീരത്തിനും രക്ഷപെടുത്താന്‍ കഴിയാത്തവിധം ആന്തരികമായി ദ്രവിച്ചുകഴിഞ്ഞ മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും ജീര്‍ണ്ണതകളില്‍ നിന്നുമുള്ള മോചനം! ഭൂരിപക്ഷം റഷ്യക്കാരും ലെനിന്റെ മമ്മിയെ അവിടെനിന്നും നീക്കം ചെയ്തുകാണാന്‍ ആഗ്രഹിക്കുന്നവരാണത്രെ!
പ്രകൃതിശാസ്ത്രസമാനമായ കൃത്യതയാണു് മാര്‍ക്സ് തന്റെ ‘നിയമങ്ങള്‍ക്കു്’ അവകാശപ്പെട്ടതു്! ശാസ്ത്രീയമായ വിദ്യാഭ്യാസം ലഭിച്ചവനായിരുന്നില്ലെങ്കിലും, യൂറോപ്പില്‍ നാച്ചുറല്‍ സയന്‍സ് കൈവരിച്ചുകൊണ്ടിരുന്ന നേട്ടങ്ങളും, അതിന്റെ വസ്തുനിഷ്ഠതയുമെല്ലാം, സയന്‍സിനു് തെറ്റു് പറ്റുകയില്ലെന്ന വിശ്വാസത്തിലേക്കും, ആ വിശ്വാസം ഒരുതരം ശാസ്ത്രഭക്തിയിലേക്കും യൂറോപ്യന്‍ ജനതയെ എത്തിച്ചുകഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മാര്‍ക്സിനു് തന്റെ ആശയങ്ങള്‍ക്കു് സമൂഹത്തില്‍ നിരുപാധികം അംഗീകാരം ലഭിക്കണമെങ്കില്‍ അവ ‘ശാസ്ത്രീയം’ ആയിരിക്കണം എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. യൂറോപ്പിലെ മറ്റു് സോഷ്യലിസ്റ്റു് കൂട്ടായ്മകളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ആശയപരമായ എതിര്‍പ്പുകളെ വിജയകരമായി നേരിടാന്‍ തന്റെ ആശയങ്ങള്‍ക്കു് ‘ശാസ്ത്രം’ എന്ന ലേബല്‍ സഹായിക്കുമെന്നും മാര്‍ക്സിനു് വ്യക്തമായിരുന്നു. പക്ഷേ, നാച്ചുറല്‍ സയന്‍സ് അതിന്റെ നിയമങ്ങള്‍ തെളിയിക്കാനും സ്ഥാപിക്കാനും ഉപയോഗിക്കുന്ന രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ചു് സ്ഥാപിക്കാന്‍ കഴിയുന്ന നിയമങ്ങളല്ല ലോകചരിത്രത്തിന്റേതെന്ന വസ്തുത ഒന്നുകില്‍ മാര്‍ക്സ് മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചില്ല. ചരിത്രപരമായ ഒരു ‘അനിവാര്യതയായി’ സംഭവിക്കാനിരിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ലോകമഹാവിപ്ലവം മാത്രം മുന്നില്‍ കണ്ടു് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ‘അപ്രധാനമായ’ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കെവിടെ നേരം?
ഏതു് വ്യവസ്ഥയുടെയും അടിസ്ഥാനപരമായ നിയമസംഹിതകള്‍ ഒന്നുകില്‍ താത്വികമായി പ്ലോസിബിള്‍ ആയിരിക്കണം. അല്ലെങ്കില്‍, പ്രായോഗിക തലത്തിലെ അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാന്‍ അതിനു് കഴിയണം. ഇതിനു് രണ്ടിനും കഴിയാത്ത ഒരു സിദ്ധാന്തത്തിനു്, ‘തീപ്പൊരി പാറുന്ന’ ഫ്രെയ്സിയോളജിയുമായി നാടുചുറ്റി ജനങ്ങളെ കബളിപ്പിക്കുന്ന ഏതാനും നേതാക്കളുടെ പിന്നാലെ ‘കീജേയും’ ‘ഇങ്ക്വിലാബ് സിന്താബാദും’ വിളിച്ചുകൊണ്ടു് നടക്കുന്ന ജനങ്ങളുടെയിടയിലല്ലാതെ, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത മനുഷ്യര്‍ ജീവിക്കുന്ന സമൂഹങ്ങളില്‍ ഏറെനാള്‍ നിലനില്‍ക്കാനാവില്ല. കമ്മ്യൂണിസം അധികാരത്തില്‍ വന്ന പാശ്ചാത്യരാജ്യങ്ങളില്‍ ഒരിടത്തും അതിനു് അധികനാള്‍ പിടിച്ചു് നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതു് ഇതിന്റെ തെളിവാണു്.
തൊണ്ണൂറുകളില്‍ ഒന്നിനു് പിറകെ ഒന്നായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വിടപറയാന്‍ കമ്മ്യൂണിസം നിര്‍ബന്ധിതമായപ്പോള്‍, പല പാര്‍ട്ടികളും, ‘പഴയ വീഞ്ഞു് പുതിയ കുപ്പിയില്‍’ എന്നപോലെ, ‘ജനാധിപത്യ ഇടതു്’ എന്നും മറ്റുമുള്ള പുതിയ കുപ്പായം ധരിച്ചു് പ്രത്യക്ഷപ്പെട്ടു. അധികം താമസിയാതെ അവയില്‍ പലതും മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെ ഔദ്യോഗികമായി തള്ളിക്കളയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പക്ഷേ, ഏതു് ‘വിശ്വാസസത്യങ്ങളെയും’ പോലെ, മാര്‍ക്സിസവും അതു് വേരുറച്ചുപോയ തലകളില്‍ നിന്നും നീക്കം ചെയ്യപ്പെടുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. സാവകാശം, ഒരുപക്ഷേ തലമുറകള്‍ എടുത്തു് മാത്രം സാദ്ധ്യമാവുന്ന ഒരു കാര്യമാണതു്. അഡിക്ഷന്റെ കാര്യത്തില്‍ മതം, മദ്യം, പുകവലി, മരുന്നുകള്‍ മുതലായവയുടെ അതേ കാറ്റഗറിയില്‍ വരുന്നതാണു് മാര്‍ക്സിസവും. അതു് ആ സിദ്ധാന്തത്തിന്റെ പ്രവചനസമാനമായ സ്വഭാവത്തില്‍ അന്തര്‍ലീനമായ കാര്യമാണു്.
കമ്മ്യൂണിസം നിലവില്‍ വന്ന ഏതു് രാജ്യത്തിലാണു് മാര്‍ക്സ് ഏറെ പാടിപ്പുകഴ്ത്തിയ കുറ്റമറ്റ തൊഴിലാളിവര്‍ഗ്ഗം അധികാരത്തില്‍ വന്നതു്? അല്ലെങ്കില്‍, ലോകത്തില്‍ എവിടെയാണു് മാര്‍ക്സ് വിഭാവനം ചെയ്തവിധത്തിലുള്ള കമ്മ്യൂണിസം ഇന്നു് നിലവിലുള്ളതു്? നോര്‍ത്ത് കൊറിയയില്‍ വാഴുന്ന ‘കിം’ കമ്മ്യൂണിസം? അതിനെപ്പറ്റി ഒരു വാക്കുപോലും നഷ്ടപ്പെടുത്താതിരിക്കുന്നതാണു് നല്ലതു്. പിന്നെയുള്ളതു്, ഒരു ലോകമഹാശക്തി എന്ന നിലയിലേക്കു് മിക്കവാറും വളര്‍ന്നുകഴിഞ്ഞ ചൈനയിലെ ‘മാവോ’ കമ്മ്യൂണിസമാണു്. ജനത്തിന്റെ കണ്ണുവെട്ടിക്കുന്നതിനായി രാജ്യത്തെ പ്രമുഖസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ക്സ്, എംഗല്‍സ്, സ്റ്റാലിന്‍, ലെനിന്‍, മാവോ എന്നീ അഞ്ചു് കമ്മ്യൂണിസ്റ്റ് അവതാരദൈവങ്ങളുടെ (‘ഫൈവ് സോഷ്യലിസ്റ്റ് ഫാന്റാസ്റ്റിക്കുകള്‍’ എന്നും വേണമെങ്കില്‍ പറയാം) പൂര്‍ണ്ണകായവും അര്‍ദ്ധകായവുമായ ഏതാനും പ്രതിമകളും, ഗവണ്മെന്റ് ചിലവില്‍ നാടുനീളെ പാറിപ്പറക്കുന്ന കുറെയേറെ ചുവന്ന കൊടികളും ഒഴിവാക്കിയാല്‍, മാര്‍ക്സിയന്‍ അര്‍ത്ഥത്തിലുള്ള എന്തു് കമ്മ്യൂണിസമാണു് ഇന്നു് ചൈനയില്‍ കാണാന്‍ കഴിയുന്നതു്? പാര്‍ട്ടിക്കു് ഹാലേലുയ്യാ പാടുന്നവയൊഴികെ, വിമര്‍ശനത്തിന്റെ പരിധിയില്‍ പെടുന്ന കലാപരമോ, സാഹിത്യപരമോ, അഭിപ്രായപരമോ ആയ ഏതു് കാര്യത്തിലാണു് അവിടെ സ്വാതന്ത്ര്യം നിലവിലുള്ളതു്? മാര്‍ക്സിന്റെ കാലത്തേതിനോടു് താരതമ്യം ചെയ്യാവുന്ന വിധം ഇന്‍ഡസ്റ്റ്റിയല്‍ പ്രൊലെറ്റേറിയറ്റ് ചൂഷണം ചെയ്യപ്പെടുന്നതും, ‘ക്യാപ്പിറ്റലിന്റെ’ സുഗമമായ വളര്‍ച്ചക്കുവേണ്ടി ചേരിപ്രദേശവാസികളായ തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതും, പലപ്പോഴും മാസ്ക് ധരിച്ചുകൊണ്ടുമാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള പരിസരമലിനീകരണവുമെല്ലാം ഒരുമിച്ചു് കാണണമെങ്കില്‍ ഇന്നു് ചൈനയില്‍ പോകണം എന്നതല്ലേ അവസ്ഥ?
മാര്‍ക്സ് വിഭാവനം ചെയ്തപോലെ, പ്രൈവറ്റ് പ്രോപ്പര്‍ട്ടിയും തൊഴില്‍ വിഭജനവും ഇല്ലാത്ത സാമൂഹികവ്യവസ്ഥിതിയാണോ ഇന്നു് ചൈനയില്‍ നിലവിലിരിക്കുന്നതു്? ‘ജനകീയവും’ ‘സാംസ്കാരികവും’ ആയ വിപ്ലവങ്ങള്‍ വഴി ലക്ഷക്കണക്കിനു് മനുഷ്യര്‍ കൊല ചെയ്യപ്പെട്ടതു്, ഇല്ലാതാക്കാന്‍ ശ്രമിച്ച അതേ സാമൂഹികദൂഷ്യങ്ങള്‍ വീണ്ടും നടപ്പില്‍ വരുത്താനായിരുന്നെങ്കില്‍ ആ ‘വിപ്ലവസ്വര്‍ഗ്ഗത്തിനെ’ കമ്മ്യൂണിസം എന്നു് വിളിക്കുന്നതില്‍ എന്തു് നീതീകരണമാണുള്ളതു്? ചുരുക്കത്തില്‍, വേരൂന്നാന്‍ അവസരം ലഭിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നും ഒന്നുകില്‍ മാര്‍ക്സിസം കെട്ടുകെട്ടേണ്ടിവന്നു, അല്ലെങ്കില്‍ അവിടങ്ങളില്‍ ഇന്നു് നിലവിലിരിക്കുന്നതു് മാര്‍ക്സിയന്‍ മാതൃകയിലുള്ള ഭരണമല്ല.
1979-ല്‍ ജനസംഖ്യ പരിമിതപ്പെടുത്തുന്നതിനായി ചൈന നടപ്പാക്കിയ ‘വണ്‍ ചൈല്‍ഡ് പോളിസി’ ഭാരതത്തില്‍ ആയിരുന്നെങ്കിലത്തെ അവസ്ഥയെപ്പറ്റി ഭാരതീയര്‍ക്കു് ആലോചിച്ചു് നോക്കാവുന്നതാണു്. 2002 മുതല്‍ ഈ നിയമത്തില്‍ ചില ‘ഇളവുകള്‍’ അനുവദിച്ചുവെങ്കിലും, ഇന്നും പ്രാബല്യത്തിലുള്ള ആ നിയമം 1979-ല്‍ 79 ലക്ഷവും, 1982-ല്‍ 124 ലക്ഷം അബോര്‍ഷനുകള്‍ക്കുമാണു് വഴിവച്ചതു്! അബോര്‍ട്ട് ചെയ്യപ്പെട്ടതില്‍ അധികവും പെണ്‍കുഞ്ഞുങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റുകളായ സ്ത്രീവിമോചനക്കാര്‍ക്കു് അഭിമാനിക്കാം!
‘കമ്മ്യൂണിസ്റ്റ്’ അല്ലാത്തവരെ ജനങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്തശേഷം അവശേഷിക്കുന്ന ‘മിണ്ടാപ്രാണികളെ’ നിയന്ത്രിച്ചുകൊണ്ടുള്ള ഭരണം ജനങ്ങളുടെ ആധിപത്യമല്ല, അതു് കമ്മ്യൂണിസ്റ്റുകളുടെ ആധിപത്യം മാത്രമാണു്. സ്വതന്ത്രലോകത്തു് സംഭവിക്കുന്നതെന്തെന്നു് ജനങ്ങള്‍ അറിയാതിരിക്കാന്‍ അവരെ തളച്ചിടാന്‍ മതിലുകള്‍ പണിതീര്‍ക്കാന്‍ പോലും മടി കാണിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം! മാര്‍ക്സിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി സര്‍വ്വതന്ത്രസ്വതന്ത്രരായി മാറുമ്പോള്‍ തൊഴിലാളിവര്‍ഗ്ഗം കൈവരിക്കുന്ന ആധിപത്യത്തിന്റെ മുഖമാണിതെന്നു് ചിന്തിക്കാന്‍ അത്ര എളുപ്പമല്ല എന്നറിയാമെങ്കിലും ഒന്നു് ശ്രമിച്ചുനോക്കുന്നതില്‍ തെറ്റുണ്ടാവാന്‍ വഴിയില്ല. തെറ്റായ ഒരു രാഷ്ട്രീയവ്യവസ്ഥിതിക്കു് എത്ര അനായാസമായി ഒരു സമൂഹത്തെ നശിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല രണ്ടു് ഉദാഹരണങ്ങളാണു് പഴയ കിഴക്കന്‍ ജര്‍മ്മനിയും ഇന്നത്തെ ഉത്തരകൊറിയയും. രണ്ടായി വിഭജിക്കപ്പെട്ടു്, രണ്ടു് വ്യവസ്ഥിതികള്‍ സ്വീകരിച്ച രണ്ടു് രാജ്യങ്ങള്‍! പഴയ കിഴക്കന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളുടെയും അവയുടെ ഇന്നത്തെയും അവസ്ഥകള്‍ കാണാനും അറിയാനും കഴിഞ്ഞിട്ടുള്ളവര്‍ക്കു് വ്യവസ്ഥിതികള്‍ തമ്മിലുള്ള വ്യത്യാസത്തിനു് ഒരു സമൂഹത്തില്‍ വരുത്താന്‍ കഴിയുന്ന നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ യഥാര്‍ത്ഥമായ ഒരു ചിത്രം ലഭിച്ചിട്ടുണ്ടാവണം.
ഒരു സിദ്ധാന്തം എന്ന നിലയില്‍ താത്വികമായും മാര്‍ക്സിസം പ്ലോസിബിള്‍ അല്ല എന്നതാണു് സത്യം. ഒരു പ്രധാനകാര്യം ഞാന്‍ മുകളില്‍ സൂചിപ്പിച്ചിരുന്നു. ചരിത്രം നാച്ചുറല്‍ സയന്‍സിന്റെ കുപ്പായം അണിയുമ്പോഴും, നേരെമറിച്ചു് സംഭവിക്കുമ്പോഴും, അവ അവയുടെ കോമ്പിറ്റെന്‍സിന്റെ പരിധി ലംഘിക്കുകയാണു് ചെയ്യുന്നതു്. പ്രകൃതിയും, മനുഷ്യരും, ദൈവങ്ങളും, മതങ്ങളും, ആശയങ്ങളും, ചരിത്രപുരുഷന്മാരും/-സ്ത്രീകളും, വംശങ്ങളും വര്‍ഗ്ഗങ്ങളും, സാമൂഹിക-, സമുദായികവളര്‍ച്ചയും തളര്‍ച്ചയും എല്ലാമായി കൂടിക്കുഴഞ്ഞു് പ്രവചനാതീതമായി സമൂഹങ്ങളില്‍ സംഭവിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ വഴി ഉയര്‍ച്ചകളിലൂടെയും താഴ്ച്ചകളിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ലോകചരിത്രത്തില്‍ നിന്നും മാര്‍ക്സ് ചെയ്തതുപോലെ ‘ഇക്കോണമി’ എന്നൊരു ഘടകത്തെ മാത്രം അടര്‍ത്തിയെടുത്താല്‍ സംഭവിക്കുന്നതു് ആകെമൊത്തം ചരിത്രത്തിന്റെയും വക്രീകരണം മാത്രമായിരിക്കും. ആ ഒരു ഘടകത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രത്തിന്റെ ഭാവി “നാച്ചുറല്‍ സയന്‍സിന്റെ കൃത്യതയോടെ” പ്രവചിക്കാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്ന ഫലത്തെപ്പറ്റി കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല.
മാര്‍ക്സിന്റെ പ്രവചനപ്രകാരം, ക്യാപ്പിറ്റലിസം ആന്തരികമായി ജീര്‍ണ്ണിക്കുകയും, പ്രോലെറ്റേറിയറ്റ് ദുരിതത്തിന്റെ അടിത്തട്ടില്‍ എത്തുകയും ചെയ്യുമ്പോഴാണു് തൊഴിലാളിവര്‍ഗ്ഗവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതു്! ‘ദസ് കാപ്പിറ്റലിന്റെ’ അടിത്തൂണുതന്നെ ഈ ഉരുക്കുനിയമമാണു്! വ്യാവസായികമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളില്‍, ചരിത്രപരമായ ‘അനിവാര്യതയുടെ’ ഫലമായി തുടങ്ങേണ്ട മാര്‍ക്സിയന്‍ സായുധവിപ്ലവം! ഇന്‍ഡസ്റ്റ്റിയല്‍ പ്രോലെറ്റേറിയറ്റും ബൂര്‍ഷ്വാസിയും ക്യാപ്പിറ്റലിസ്റ്റും ഇല്ലാത്ത ഒരു സമൂഹത്തില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുക എന്നതു് മാര്‍ക്സിയന്‍ സിദ്ധാന്തപ്രകാരം സങ്കല്പാതീതമായ ഒരു കാര്യമാണു്. പക്ഷേ, ഇന്‍ഡസ്ട്റിയല്‍ നേഷനുകളില്‍ ഉള്ള പ്രോലെറ്റേറിയറ്റിനു്, കാലില്‍ പൊട്ടിച്ചെറിയേണ്ട ചങ്ങലയുമായാണു് തങ്ങള്‍ നടക്കുന്നതെന്ന ബോധം ഉണ്ടാവാത്തതുകൊണ്ടോ, അല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തത്തിനു് കഴിയാത്തതുകൊണ്ടോ, മാര്‍ക്സ് പ്രവചിച്ചതുപോലെയും, പ്രതീക്ഷിച്ചതുപോലെയും വ്യാവസായികരാഷ്ട്രങ്ങളില്‍ തൊഴിലാളിവിപ്ലവം വന്നില്ല. മാര്‍ക്സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടു് അതു് ആദ്യം സംഭവിച്ചതു് അക്കാലത്തു് വ്യാവസായികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്ന റഷ്യയിലായിരുന്നു. അതിനെപ്പറ്റി 1858 ഒക്ടോബര്‍ 8-നു് മാര്‍ക്സ് എംഗല്‍സിനു് എഴുതി: “It is some consolation at least that the revolution has begun in Russia”. ലോകത്തില്‍ എവിടെയെങ്കിലും സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികള്‍ രൂപമെടുക്കുന്നു എന്നു് കേട്ടാല്‍ ഉടനെ അതൊരു വിപ്ലവമായി മാറുമെന്നും, മാറണമെന്നും ആഗ്രഹിച്ചിരുന്ന മാര്‍ക്സിനു് ദീര്‍ഘകാലത്തെ കാത്തിരുപ്പിനു് ശേഷം ആദ്യമായി ഒരു ‘വിപ്ലവവാര്‍ത്ത’ കേള്‍ക്കുമ്പോള്‍ ‘കൊണ്‍സൊലേഷന്‍’ തോന്നിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?
അതുപോലെ, സ്വകാര്യമൂലധനവും തൊഴില്‍ വിഭജനവും ഇല്ലാതിരുന്ന, പറുദീസാതുല്യമായ ഒരു ആദികമ്മ്യൂണിസം മാര്‍ക്സ് വിശ്വസിക്കുന്നതുപോലെ ലോകത്തില്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. മനുഷ്യര്‍ പാറക്കല്ലുകള്‍ കൊണ്ടു് പണിയായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ശിലായുഗത്തിനും മുന്നേ, മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ആദിപാപം പോലെ ‘ഭീകരമായ’ തൊഴില്‍ വിഭജനം ഉണ്ടായിരുന്നു. ലൈംഗികമായി വംശവര്‍ദ്ധനവു് നടത്തുന്നവരാണു് മനുഷ്യവര്‍ഗ്ഗം എന്നതിനാല്‍, ആദിമനുഷ്യര്‍ക്കുപോലും ‘തൊഴിലുകള്‍’ പരസ്പരം പങ്കുവക്കാതെ നിലനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല എന്നറിയാത്തതു് ഒരുപക്ഷേ മാര്‍ക്സിനു് മാത്രമായിരിക്കണം. വര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന, തൊഴില്‍ വിഭജനം ഇല്ലാതിരുന്ന, സ്വാതന്ത്ര്യവും സമത്വവും നിലനിന്നിരുന്ന ആദികമ്മ്യൂണിസത്തിന്റെ ഒരു ലോകം ഉണ്ടായിരുന്നു എന്നു് ചിന്തിക്കാന്‍ യഥാര്‍ത്ഥലോകവുമായി ബന്ധമോ വേണ്ടത്ര ചരിത്രജ്ഞാനമോ ഇല്ലാതെ സ്റ്റഡിറൂമിലിരുന്നു് വിപ്ലവത്തിന്റെ സാദ്ധ്യതാചിത്രങ്ങള്‍ മാത്രം വരയ്ക്കുന്ന ഒരാള്‍ക്കു് മാത്രമേ കഴിയൂ.
മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍, തൊഴില്‍വിഭജനവും സ്വകാര്യമൂലധനവുമാണു് ലോകത്തിലെ സകല തിന്മകളുടെയും അടിസ്ഥാനം. ക്യാപ്പിറ്റല്‍, അഥവാ പണം (മാര്‍ക്സിന്റെ ഭാഷയില്‍ ‘പൊതുവേശ്യ’) തൊഴിലാളിയെ മനുഷ്യന്‍ അല്ലാതാക്കുന്നു! തൊഴില്‍ വഴി സൃഷ്ടിക്കപ്പെടുന്ന ഉത്പന്നത്തില്‍ നിന്നും, തന്റെ സഹമനുഷ്യരില്‍ നിന്നും മാത്രമല്ല, തൊഴിലാളി അവനില്‍ നിന്നുതന്നെ അന്യനായിത്തീരുന്നു, ചുരുക്കത്തില്‍, അവനു് അന്യവത്കരണം (alienation) സംഭവിക്കുന്നു! തൊഴിലാളിക്കു് സംഭവിക്കുന്ന ഈ അന്യവത്കരണത്തിന്റെ മാര്‍ക്സിയന്‍ ഡിഡക്ഷന്‍ വായിച്ചാല്‍, ഒരിക്കലും മറ്റു് തൊഴിലാളികള്‍ക്കൊപ്പം ഒരു ഫാക്ടറിയിലോ തൊഴില്‍ശാലയിലോ നിന്നു് ജോലി ചെയ്തു് ഉപജീവിച്ചിട്ടില്ലാത്ത മാര്‍ക്സിനെ വ്യക്തമായി കാണാന്‍ സാധിക്കും. കൊളോണില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു റാഡിക്കല്‍ പത്രമായ Rheinische Zeitung എന്ന ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്തിരുന്ന ഏതാനും മാസങ്ങളൊഴികെ, ജീവിതത്തിലൊരിക്കലും അദ്ധ്വാനം വഴി പണമുണ്ടാക്കി ജീവിച്ചിട്ടില്ലാത്ത മാര്‍ക്സ്! Rheinische Zeitung-ല്‍ ജോലി ചെയ്തിരുന്നപ്പോള്‍ കമ്മ്യൂണിസത്തെ, ‘കഴുകാത്ത നഗ്നത’ എന്നും, പീരങ്കി കൊണ്ടു് മറുപടി കൊടുക്കേണ്ട ‘യഥാര്‍ത്ഥ അപകടം’ എന്നുമൊക്കെ വിളിച്ചു് തകര്‍ക്കാന്‍ ശ്രമിച്ച മാര്‍ക്സ്!
മാര്‍ക്സും എംഗല്‍സും കമ്മ്യൂണിസത്തിലേക്കു് മാനസാന്തരപ്പെട്ടതു് പ്രധാനമായും മോസെസ് ഹെസ്സിന്റെ സ്വാധീനത്താലായിരുന്നു. ഡയലെക്റ്റിക്കല്‍ ഐഡിയലിസം എന്ന ഹേഗെലിയന്‍ തിയറി ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം എന്ന തിയറിയായി രൂപാന്തരം പ്രാപിക്കാനുള്ള പ്രചോദനം മാര്‍ക്സിനു് ലഭിച്ചതും ഹെസ്സില്‍ നിന്നായിരുന്നു. പക്ഷേ, മാര്‍ക്സിയന്‍ വീക്ഷണം പോലെ, ഇക്കോണമിയെയും വര്‍ഗ്ഗസമരത്തെയുമല്ല, വംശീയവും ദേശീയവുമായ കാരണങ്ങളാണു് ചരിത്രഗതിയുടെ നിര്‍ണ്ണായകഘടകങ്ങളായി ഹെസ്സ് വിലയിരുത്തിയതു്.
‘അന്യവത്കരണം’ എന്ന ആശയം മാര്‍ക്സ് ഹേഗെലില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, ഹേഗെലിന്റെ ചിന്തയില്‍ പ്രഭു-ഭൃത്യബന്ധം മാര്‍ക്സിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. വസ്തുക്കള്‍ രൂപീകരിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഭൃത്യന്‍ അതുവഴി നേടുന്നതു് സ്വയം രൂപവത്കരണവും വിദ്യാഭ്യാസവുമായതിനാല്‍, തൊഴില്‍ എന്നതു് അവനെ സംബന്ധിച്ചു്, മാര്‍ക്സ് ചിന്തിച്ചതുപോലെ, ഒരു സ്വയം നഷ്ടപ്പെടുത്തലല്ല, സ്വയം നേടലാണു്. മാര്‍ക്സിന്റെ തൊഴിലാളി തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവനാണു്, അവന്‍ സ്വേച്ഛയാലല്ല തൊഴില്‍ ചെയ്യുന്നതു്, തൊഴില്‍ അവനു് ബാഹ്യമായ ഒന്നായതിനാല്‍ അതു് അവന്റേതല്ല, അവന്റെ സത്തയുടെ ഭാഗമല്ല, തൊഴില്‍ അവനെ ഭാഗ്യവാനാക്കുന്നില്ല, നിര്‍ഭാഗ്യവാനാക്കുന്നു, തൊഴില്‍ ആത്മബലിയാണു്, ആത്മപീഡനമാണു് … … അങ്ങനെ പോകുന്നു തൊഴിലിനെതിരെ വാരിയെറിയുന്ന മാര്‍ക്സിയന്‍ മുദ്രാവാക്യങ്ങള്‍!
“… … തത്വചിന്തയില്‍ അറിയേണ്ടതായ സത്യം, ഹെഗെലിന്റെ കാഴ്ചപ്പാടില്‍, ഒരിക്കല്‍ കണ്ടെത്തിയാല്‍ കാണാപ്പാഠം പഠിക്കേണ്ട ആവശ്യം മാത്രമുള്ള, പൂര്‍ത്തീകരിക്കപ്പെട്ട ഏതാനും ഡോഗ്മാറ്റിക്ക് പ്രസ്താവനകളുടെ ഒരു ശേഖരമല്ല; സത്യം കുടികൊള്ളുന്നതു് അറിയല്‍ എന്ന പ്രക്രിയയില്‍തന്നെയാണു്, പരമമായ സത്യം (absolute truth) എന്നു് വിളിക്കപ്പെടുന്ന ഒരു ബിന്ദുവില്‍ എത്തിച്ചേര്‍ന്നു്, മുന്നോട്ടു് പോകാന്‍ കഴിയാതെ, നേടിയെടുത്ത ആ അന്തിമസത്യത്തെപ്പറ്റി വിസ്മയപ്പെട്ടുകൊണ്ടു് കൈകള്‍ മടിയില്‍ വച്ചു് വിശ്രമിക്കുന്ന ഒന്നല്ല, ദീര്‍ഘകാലത്തിലെ വളര്‍ച്ചയിലൂടെ താഴെ നിന്നും മുകളിലെ പടികളിലേക്കു് ആരോഹണം ചെയ്യുന്ന ശാസ്ത്രം. … … മനുഷ്യരാശിയുടെ അന്തിമവും സമ്പൂര്‍ണ്ണവുമായ ഒരു അവസ്ഥയിലെത്തി ലോകചരിത്രം പൂര്‍ത്തീകരിക്കപ്പെടുക എന്നതും സംഭവ്യമായ കാര്യമല്ല; സമ്പൂര്‍ണ്ണമായ ഒരു സമൂഹം, സമ്പൂര്‍ണ്ണമായ ഒരു രാഷ്ട്രം മുതലായവയെല്ലാം മനുഷ്യഭാവനയില്‍ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന കാര്യങ്ങളാണു്; അതിനു് വിപരീതമായി, ഒന്നിനു് പുറകെ ഒന്നായി സംഭവിക്കുന്ന ചരിത്രപരമായ അവസ്ഥകള്‍, താഴെനിന്നും മുകളിലേക്കുള്ള മനുഷ്യസമൂഹത്തിന്റെ അനന്തമായ വളര്‍ച്ചയിലെ നശ്വരമായ കോണിപ്പടികള്‍ മാത്രമാണു്. ഓരോ പടിയും ആവശ്യമാണു്, അഥവാ അതിന്റെ ഉത്ഭവത്തിനു് കാരണഭൂതമായ കാലഘട്ടത്തിലും, അന്നത്തെ അനിവാര്യതകളിലും അതിനു് നീതീകരണമുണ്ടു്. പക്ഷേ, കാലക്രമത്തില്‍ അതിന്റെ മടിത്തട്ടില്‍ നിന്നുതന്നെ പുതിയതും ഉന്നതവുമായ അനിവാര്യതകള്‍ രൂപമെടുക്കുമ്പോള്‍ അതു് കാലഹരണപ്പെടുകയും നീതീകരണമില്ലാതാകുകയും കൂടുതല്‍ ഉയര്‍ന്ന പടിക്കുവേണ്ടി സ്ഥാനമൊഴിയുകയും ചെയ്യാതെ തരമില്ല. ഈ പുതിയ പടിയുടെയും വിധി കാലാന്തരത്തില്‍ ക്ഷയിക്കാനും നശിക്കാനും അതിനേക്കാള്‍ പുതിയതിനു് രൂപം നല്‍കാനും അതിനുവേണ്ടി വഴിമാറാനുമാണു്. … … ഈ ഡയലെക്റ്റിക്കല്‍ ഫിലോസഫി അന്തിമവും പരമവുമായ സത്യത്തെസംബന്ധിച്ചുള്ള എല്ലാ സങ്കല്പങ്ങള്‍ക്കും അതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ മാനുഷികാവസ്ഥകള്‍ക്കും അന്ത്യം കുറിക്കുന്നു. അന്തിമമോ, പരമമോ, വിശുദ്ധമോ ആയ ഒന്നിനും അതിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. നശ്വരതയാണതിന്റെ മുഖമുദ്ര. ചിന്തിക്കുന്ന മനസ്സിലെ പ്രതിഫലനം മാത്രമായ, ഇടതടവില്ലാത്ത രൂപമെടുക്കലും നശിക്കലും, താഴ്ന്നതില്‍ നിന്നും ഉയര്‍ന്നതിലേക്കുള്ള അവസാനമില്ലാത്ത വളര്‍ച്ചയുമല്ലാതെ മറ്റൊന്നിനും അതിനു് മുന്നില്‍ നിലനില്‍പ്പില്ല”. – (Friedrich Engels: Ludwig Feuerbach und der Ausgang der klassischen deutschen Philosophie)
ചരിത്രത്തിന്റെ കുത്തിയൊഴുക്കില്‍ മാര്‍ക്സിന്റെയെന്നല്ല, ആരുടെയും ‘ഉരുക്കുനിയമങ്ങള്‍ക്കു്’ പിടിച്ചുനില്‍ക്കാനാവില്ല എന്നറിയാന്‍ എംഗല്‍സ് ഇവിടെ വിവരിച്ചിരിക്കുന്ന ഡയലെക്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഗതിയെ മാര്‍ക്സിന്റെയും (എംഗല്‍സിന്റെയും) ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസത്തില്‍ പ്രയോഗിച്ചു് നോക്കുക മാത്രമേ വേണ്ടൂ.