RSS

Daily Archives: Aug 31, 2010

അട്ടയെ മെത്തയിൽ കിടത്തിയാൽ…

(വോൾട്ടയറുടെ Bababec et les fakirs-ന്റെ സ്വതന്ത്ര പരിഭാഷ)

ബ്രാഹ്മണരുടെ പുരാതന വാസസ്ഥലമായ ബനാറസിൽ, ഗംഗയുടെ തീരത്തു് കഴിഞ്ഞിരുന്ന സമയത്തു് എന്റെ അറിവു് കഴിയുന്നത്ര വർദ്ധിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഭാരതീയ ഭാഷയിലെ ജ്ഞാനം കഷ്ടി ആയിരുന്നതിനാൽ ഞാൻ എല്ലാക്കാര്യങ്ങളും കൂടുതൽ ഏകാഗ്രതയോടെ കേൾക്കുകയും ഓരോന്നും കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ അതുവരെ കണ്ടിട്ടുള്ളവരിൽ വച്ചു് ഏറ്റവും മാന്യനായിരുന്ന ഒമ്രി എന്ന ഒരു കച്ചവടക്കാരൻ സുഹൃത്തിനോടൊപ്പമായിരുന്നു എന്റെ താമസം. അവൻ ഒരു ബ്രാഹ്മണനായിരുന്നു. മുസൽമാൻ എന്ന ബഹുമതി ആയിരുന്നു എന്റേതു്. മുഹമ്മദിന്റെയോ ബ്രഹ്മാവിന്റെയോ പേരിൽ ഞങ്ങൾ തമ്മിൽ ഒരിക്കലെങ്കിലും ഉച്ചത്തിലുള്ള വാക്കുതർക്കങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ടുപേരും, ഓരോരുത്തരും അവരവരുടേതായ രീതിയിൽ അനുശാസനങ്ങൾ അനുസരിച്ചുള്ള കഴുകലുകൾ നടത്തിപ്പോന്നു; രണ്ടു സഹോദരങ്ങളെപ്പോലെ, ഞങ്ങൾ ഒരേതരം നാരങ്ങാവെള്ളം കുടിച്ചും ഒരേതരം ചോറുണ്ടും ജീവിച്ചു. ഒരിക്കൽ ഞങ്ങൾ ഗവാനിക്ഷേത്രത്തിൽ പോയപ്പോൾ അവിടെ പല വിഭാഗങ്ങളിൽപ്പെട്ട ഫക്കീറുകളെ കണ്ടു. ധ്യാനത്തിൽ മുഴുകി ശാന്തമായ ജീവിതം നയിച്ചിരുന്ന യോഗികൾ ആയിരുന്നു അവരിൽ ഒരു വിഭാഗം. പഴയ നഗ്നസാധുക്കളുടെ (Gymnosophists) ശിഷ്യന്മാരായിരുന്നു മറ്റൊരു വിഭാഗം. അവർ ക്ലേശകരമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. പുരാതനബ്രാഹ്മണർ സംസാരിച്ചിരുന്ന പണ്ഡിതഭാഷയാണു് അവർ ഉപയോഗിക്കുന്നതെന്നു് പ്രസിദ്ധമായിരുന്നു. “വേദം” എന്നു് അവർ വിളിക്കുന്ന ഒരു ഗ്രന്ഥം ഈ ഭാഷയിൽ എഴുതപ്പെട്ടതാണു്. “Zend Avesta” ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ ഗ്രന്ഥങ്ങളേക്കാളും സംശയരഹിതമായി പഴക്കമേറിയതാണു് ഈ ഗ്രന്ഥം.

ആ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു ഫക്കീറിനെ ഞാൻ കടന്നുപോയപ്പോൾ അവൻ വിളിച്ചുപറഞ്ഞു: “നാശം പിടിച്ച അവിശ്വാസീ, നീ മൂലം ഞാൻ എണ്ണിക്കൊണ്ടിരുന്ന അക്ഷരങ്ങളുടെ എണ്ണം മറന്നു. അതുവഴി ഞാൻ ഇപ്പോഴുംകൂടെ ആശിച്ചിരുന്നതുപോലെ എന്റെ ആത്മാവു് ഒരു തത്തക്കിളിയിലേക്കു് എത്തുന്നതിനുപകരം ഒരു മുയലിന്റെ ശരീരത്തിലേക്കു് കുടിയേറേണ്ടിവരും”! ഞാൻ അവനു് പരിഹാരമായി ഒരു രൂപ കൊടുത്തു. ഞങ്ങൾ കുറച്ചുകൂടി നടന്നപ്പോൾ നിർഭാഗ്യവശാൽ എനിക്കു് തുമ്മേണ്ടിവന്നു. എന്റെ തുമ്മലിന്റെ ശബ്ദം നിര്‍വൃതിയില്‍ മുഴുകിയിരിക്കുകയായിരുന്ന മറ്റൊരു ഫക്കീറിനെ ഉണർത്തി. പരിഭ്രാന്തനായ അവന്റെ ജൽപനം ഇങ്ങനെയായിരുന്നു: “ഞാൻ എവിടെയാണു്? എന്തൊരു ഭയാനകമായ വീഴ്ച്ച! എനിക്കെന്റെ മൂക്കിന്റെ അറ്റം കാണാനാവുന്നില്ല. സ്വർഗ്ഗീയപ്രകാശവും മാഞ്ഞുപോയി”. ഞാൻ അവനോടു് പറഞ്ഞു: “അങ്ങേയ്ക്കു് അങ്ങയുടെ മൂക്കിന്റെ അറ്റത്തേക്കാൾ കൂടിയ അകലത്തിലേക്കു് കാണാൻ കഴിയുന്നതിന്റെ കുറ്റം എന്റേതാണെങ്കിൽ, അതുപോലൊരു അനർത്ഥം സൃഷ്ടിച്ചതിനു് പകരമായി ഞാൻ ഇതാ ഒരു രൂപ തരുന്നു. തുടർന്നും അങ്ങയുടെ സ്വർഗ്ഗീയപ്രകാശത്തിനു് സ്വയം സമർപ്പിച്ചാലും”.

അങ്ങനെ ആ പ്രശ്നത്തിൽ നിന്നും തന്മയത്വത്തോടെ തലയൂരിയശേഷം ഞാൻ നഗ്നസാധുക്കളുടെ അരികിലേക്കു് പോയി. ബ്രഹ്മാവിന്റെ നാമത്തിൽ തുടയിലോ കൈത്തണ്ടയിലോ തുളച്ചുകയറ്റാനുള്ളവയാണെന്ന നിർദ്ദേശത്തോടെ സുന്ദരമായ കുറെ ചെറിയ ആണികൾ അവരിൽ ചിലർ എനിക്കു് വച്ചുനീട്ടി. ഞാൻ അതു് വിലകൊടുത്തുവാങ്ങി. പിൽക്കാലത്തു് ഞാൻ അവ എന്റെ പരവതാനികൾ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ആ നഗ്നസാധുക്കളിലെ മറ്റുചിലർ കൈകളിൽ കുത്തി നടന്നുകൊണ്ടിരുന്നു. വേറേ ചിലർ അയഞ്ഞ കയറിൽ സ്വയം പ്രതിഷ്ഠിച്ചു് കാഴ്ചക്കുവച്ചു. വീണ്ടും ചിലർ ഒറ്റക്കാലിൽ ചാടിക്കൊണ്ടിരുന്നു. ചിലർ മാലകൾ ചാർത്തിയിരുന്നു, മറ്റുചിലർ ഭാരം ചുമന്നിരുന്നു. വേറെ പലരും അവരുടെ തല ഒരു പാത്രത്തിനുള്ളിൽ ഇറക്കിവച്ചു് ലോകത്തിലെ ഏറ്റവും മര്യാദക്കാരായ മനുഷ്യരെപ്പോലെ നിലകൊണ്ടു.

(ഇതുപോലുള്ള ആക്രബാറ്റിക്സ്‌ ബ്ലോഗിലും ബസിലും ചാറ്റിലുമൊക്കെ കൂടിവരുന്നുണ്ടെന്നതിനാൽ, അതിന്റെ പിന്നിൽ ഇത്തരം സാധുക്കളുടെ പിന്മുറക്കാരാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ചില അഭിപ്രായങ്ങൾ ചരിത്രകാരന്മാരുടേതായി നിലവിലുണ്ടു്. ചരിത്രം എന്നതു് ഭാരതത്തിൽ ചരിത്രകാരന്മാരുടെ ജാതി, മതം, രാഷ്ട്രീയ നിലപാടുകൾ, സാമ്പത്തികസ്രോതസ്സ്‌ മുതലായ പല കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാറിമറിയാവുന്നവയാണെന്നതിനാൽ കൃത്യമായ ഒരു വിലയിരുത്തൽ ഒരിക്കലും സാദ്ധ്യമല്ല).

എന്റെ സുഹൃത്തു് ഒമ്രി എന്നെ ബാബാബെക്‌ എന്ന പ്രസിദ്ധനായ ഒരു ഫക്കീറിന്റെ അറയിൽ കൊണ്ടുപോയി. ഒരു കുരങ്ങനെപ്പോലെ നഗ്നനായിരുന്ന അവൻ അറുപതു് പൗണ്ടിൽ കൂടുതൽ ഭാരം വരുന്ന ഒരു വലിയ ചങ്ങല കഴുത്തിൽ ധരിച്ചിരുന്നു. ചെറിയ ആണികൾ നിരപ്പെ വെടിപ്പായി ഉറപ്പിച്ചിരുന്ന ഒരു മരക്കുരണ്ടിയിലായിരുന്നു അവൻ ആസനസ്ഥനായിരുന്നതു്. ആണികൾ അവന്റെ ചന്തികളിൽ തുളഞ്ഞുകയറുന്നുണ്ടായിരുന്നെങ്കിലും, ഒരു വെൽവെറ്റ്‌ കുഷ്യനിൽ ഇരിക്കുകയായിരുന്നാലെന്നപോലുള്ള ഭാവമായിരുന്നു അവന്റെ മുഖത്തു്. എണ്ണമറ്റ സ്ത്രീകൾ അവനോടു് ഉപദേശം ചോദിക്കുന്നതിനുവേണ്ടി വന്നുകൊണ്ടിരുന്നു. ഒരു കുടുംബകോമരം ആയിരുന്ന അവൻ വലിയ ജനപ്രീതിയുള്ളവനായിരുന്നു എന്നു് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല.

ഒമ്രിയും അവനും തമ്മിലുള്ള നീണ്ട ഒരു സംഭാഷണത്തിനു് ഞാൻ സാക്ഷിയായിരുന്നു. ഒമ്രി ചോദിച്ചു: “ബഹുമാന്യനായ പിതാവേ, ഏഴുവട്ടം പുനർജ്ജനിക്കുക എന്ന പരീക്ഷയിൽ ജയിച്ചാൽ ഞാൻ ബ്രഹ്മാവിന്റെ സന്നിധിയിൽ എത്തുമെന്നു് അങ്ങു് കരുതുന്നുണ്ടോ”? അതിനു് ഫക്കീർ ഇങ്ങനെ മറുപടി പറഞ്ഞു: “നീ എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്”. അപ്പോൾ ഒമ്രി: “ഒരു നല്ല പൗരനും, ഒരു നല്ല ഭർത്താവും, ഒരു നല്ല അച്ഛനും, ഒരു നല്ല സുഹൃത്തുമായിരിക്കാൻ ഞാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. ഇടയ്ക്കിടെ പലിശ വാങ്ങാതെ ഞാൻ ധനികർക്കു് പണം കടം കൊടുക്കാറുണ്ടു്; ദരിദ്രർക്കും ഞാൻ പണം കൊടുക്കാറുണ്ടു്, കൂടാതെ ഞാൻ അയൽക്കാരുമായി സമാധാനത്തിലാണു് ജീവിക്കുന്നതു്”. “നീ ഇടയ്ക്കിടെയെങ്കിലും നിന്റെ ആസനത്തിൽ ആണികൾ തിരുകാറുണ്ടോ?” ആ ബ്രാഹ്മണൻ അന്വേഷിച്ചു. അതിനു് ഒമ്രി: “ഇല്ല പിതാവേ, ഒരിക്കലുമില്ല”. അതിനു് ഫക്കീറിന്റെ മറുപടി: “എങ്കിൽ ഞാൻ ദുഃഖിക്കുന്നു. നീ തീർച്ചയായും പത്തൊൻപതാം സ്വർഗ്ഗത്തിനു് അപ്പുറത്തേക്കു് കടക്കുകയില്ല. അതു് കഷ്ടം തന്നെ”. അതുകേട്ടു് അത്ഭുതപ്പെട്ട ഒമ്രി പറഞ്ഞു: “അതുകൊണ്ടെന്തു് കഷ്ടം? അതു് വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമാണല്ലോ. എന്റെ വിധിയിൽ ഞാൻ സംതൃപ്തനാണു്. എന്റെ ജന്മപരിണാമങ്ങളിലൂടെ കർത്തവ്യനിഷ്ഠതയോടെ ജീവിക്കാനും അവസാനത്തെ താവളത്തിൽ എത്തിച്ചേരാനും കഴിഞ്ഞാൽ, അങ്ങനെ ഞാൻ എത്തുന്ന സ്വർഗ്ഗം പത്തൊൻപതാമത്തേതോ ഇരുപതാമത്തേതോ എന്നതു് ഒരു വലിയ പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ബ്രഹ്മാവിന്റെ സന്നിധിയിൽ അനുഗൃഹീതനായിത്തീരാൻ ഈ ഭൂമിയിൽ മാന്യമായി ജീവിച്ചാൽ പോരേ? ആട്ടെ, ആണികളും ചങ്ങലയുമായി ജീവിക്കുന്ന ബഹുമാന്യനായ അങ്ങു് ഏതു് സ്വർഗ്ഗത്തിൽ എത്തിച്ചേരാനാണു് ആഗ്രഹിക്കുന്നതു്?” “മുപ്പത്തഞ്ചാമത്തേതിൽ” ഫക്കീർ പറഞ്ഞു. ഒമ്രി തിരിച്ചടിച്ചു: “സ്വർഗ്ഗത്തിൽ എന്നേക്കാളും മുകളിൽ ആയിരിക്കണം എന്ന അങ്ങയുടെ ആഗ്രഹം പരിഹാസ്യമായിട്ടാണു് എനിക്കു് തോന്നുന്നതു്. അതിമോഹമാണു് അതിനുപിന്നിൽ. ഈ ലോകത്തിൽ ഉന്നത പദവികൾ മോഹിക്കുന്നവരെ ശപിക്കുന്ന നിങ്ങൾ എന്തുകൊണ്ടു് പരലോകത്തിൽ സ്വയം ഉന്നതപദവികളിൽ എത്താൻ മോഹിക്കുന്നു? എന്തിന്റെ പേരിലാണു് സ്വർഗ്ഗത്തിൽ എന്നേക്കാൾ ഉയർന്ന പരിഗണനകൾക്കു് നിങ്ങൾ അർഹരാവുന്നതു്? നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഞാൻ ഇതുകൂടി പറയുന്നു: നിങ്ങളുടെ ആസനം തുളക്കാനുള്ള ആണികൾക്കായി പത്തുകൊല്ലംകൊണ്ടു് നിങ്ങൾ ചിലവാക്കുന്ന തുക ഞാൻ പത്തുദിവസംകൊണ്ടു് ദാനധർമ്മം ചെയ്യുന്നുണ്ടു്. നിങ്ങൾ മുഴുവൻ ദിവസവും പൂർണ്ണനഗ്നനായി ഒരു ചങ്ങലയും കഴുത്തിലിട്ടു് ആണിക്കുരണ്ടിയിൽ കുത്തിയിരിക്കുന്നതുകൊണ്ടു് ബ്രഹ്മാവിനു് തീർച്ചയായും ഏറെ ഗുണങ്ങളുണ്ടു്! കൂടാതെ, അതുവഴി നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിനു് ചെയ്യുന്നതും വിലമതിക്കാനാവാത്ത ഒരു സേവനമാണു്! എന്റെ കാഴ്ചപ്പാടിൽ, പച്ചക്കറി കൃഷി ചെയ്യുന്നവരും മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരും, നിങ്ങളേയും നിങ്ങളുടെ സഹപ്രവർത്തകരേയും പോലെ മൂക്കിന്റെ അറ്റം വീക്ഷിക്കുന്നവരും, അമിതമായ ആത്മീയകുലീനത്വത്തിന്റെ ഭാരം ചുമക്കുന്നവരുമായവരേക്കാൾ നൂറിരട്ടി മഹത്വമുള്ളവരാണു്”.

ഇത്രയും പറഞ്ഞശേഷം ശാന്തനായ ഒമ്രി ആ ഫക്കീറിനെ മുഖസ്തുതികൊണ്ടു് സാവകാശം കീഴ്പ്പെടുത്തുകയും, അവന്റെ ചങ്ങലയും ആണികളും ഉപേക്ഷിക്കാൻ അവനോടു് അപേക്ഷിക്കുകയും, തന്റെ വീട്ടിലേക്കു് വന്നു് മാന്യമായ ഒരു ജീവിതം നയിക്കാൻ അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, കുളിപ്പിച്ചു് വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങൾ പൂശി ശുദ്ധവസ്ത്രങ്ങൾ ധരിപ്പിക്കപ്പെട്ട ബാബാബെക്‌ പതിനാലു് ദിവസം ഒമ്രിയുടെ വീട്ടിൽ മര്യാദക്കാരനായി ജീവിച്ചു. ഇപ്പോഴത്തെ ജീവിതത്തിൽ താൻ മുൻപിലത്തേക്കാളും നൂറിരട്ടി ഭാഗ്യവാനാണെന്നു് അവൻ പലവട്ടം സമ്മതിച്ചു. പക്ഷേ, ഈ പുതിയ ജീവിതം വഴി അവനു് ജനത്തിന്റെ ഇടയിൽനിന്നും ലഭിച്ചിരുന്ന ശ്രദ്ധയും പ്രീതിയും നഷ്ടമായി; ഉപദേശം ചോദിക്കാനായി ഒരു സ്ത്രീയും അവനെത്തേടി വന്നില്ല. അവസാനം, പഴയതുപോലെ വീണ്ടും തന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അവൻ ഒമ്രിയെ വിട്ടു് അവന്റെ ആണികളിലേക്കുതന്നെ മടങ്ങിപ്പോയി.

(ഏകദേശം മുന്നൂറു് വർഷങ്ങളോളം പഴക്കമുള്ള വോൾട്ടയറിന്റെ ഈ രചനകൾ ഒരുപക്ഷേ മൂവായിരം വർഷങ്ങൾക്കു് മുൻപു് എഴുതപ്പെട്ടിരുന്നവ ആയിരുന്നെങ്കിൽ പോലും, ഭാരതീയ അവസ്ഥകളുടെ വർണ്ണനകളിൽ ഇന്നും വലിയ മാറ്റങ്ങൾ ഒന്നും വരുത്തേണ്ട കാര്യമില്ല എന്നതു് ഓരോ ഭാരതീയനും അഭിമാനാർഹമാണു്. അതിനേക്കാൾ നമ്മൾ രാജ്യഭക്തിയാൽ വികാരഭരിതരായി, ഞരമ്പുകളിൽ ചോര തിളച്ചുമറിയുന്നവരായി മാറേണ്ടതു്, ഇനിയും മിനിമം ഒരു മൂവായിരം വർഷങ്ങൾ കൂടി യാതൊരുവിധ മാറ്റവും ആവശ്യമില്ലാതെ നിലനിൽക്കാൻ മതിയായ പൊട്ടൻഷ്യൽ നമ്മുടെ നഗ്നസാധുക്കൾ നമുക്കു് പണ്ടേ പകർന്നു് നൽകിയിട്ടുണ്ടു് എന്ന വാദമുഖങ്ങളുടെ അഖണ്ഡനീയതയിലാണു്.)

 
1 Comment

Posted by on Aug 31, 2010 in ഫിലോസഫി

 

Tags: , ,