കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിലെ ‘തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും’ എന്ന രണ്ടാം അധ്യായത്തിന്റെ അവസാനത്തിലെ ഏതാനും ഖണ്ഡികകളാണു് താഴെ. ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം: പ്രോഗ്രെസ്സ് പബ്ലിഷേഴ്സ് മോസ്ക്കോ. ലോകജനതയെ മാര്‍ക്സിസ്റ്റുകളാക്കാന്‍ മോസ്കോ കേന്ദ്രമാക്കി നടന്നിരുന്ന പ്രോപഗാന്‍ഡയുടെ ആ ബാക്കിപത്രം എന്നോ എങ്ങനെയോ എന്റെ പുസ്തകശേഖരത്തില്‍ എത്തുകയായിരുന്നു. മാനിഫെസ്റ്റോയിലും ‘ദാസ്’ കാപ്പിറ്റലിലുമെല്ലാം വേണ്ടതില്‍ കൂടുതല്‍ അറിവുള്ള കമ്മ്യൂണിസ്റ്റുകാര്‍ വായിക്കാനോ, വായിക്കുമെന്ന പ്രതീക്ഷയിലോ അല്ല ഞാനിതെഴുതുന്നതു്. സാമൂഹികജീവിതത്തിലും, ഓണ്‍ലൈനിലുമെല്ലാം എത്ര വിദഗ്ദ്ധമായാണു് അവര്‍ ഓരോരോ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നു് ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കു് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെപ്പറ്റി കൂടുതലെന്തെങ്കിലും അറിയേണ്ട ആവശ്യം അവര്‍ക്കുണ്ടെന്നു് പറയാന്‍ കഴിയുമെന്നു് തോന്നുന്നില്ല. എന്നിട്ടും ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മാര്‍ക്സിയന്‍ ചിന്തകളെപ്പറ്റിയും, ലോകകമ്മ്യൂണിസത്തെപ്പറ്റിയുമുള്ള അവരുടെ അജ്ഞതയാണു്. വിശ്വാസികള്‍ അവിശ്വാസികളോടു് മുടക്കമില്ലാതെ ആവര്‍ത്തിക്കാറുള്ളതുപോലെ, ഗ്രന്ഥങ്ങള്‍ ശരിക്കു് പഠിക്കാത്തതുമൂലമുള്ള അജ്ഞത. വിശ്വാസികള്‍ അവിശ്വാസികളെപ്പോലെ അജ്ഞാനികളല്ല, അവര്‍ ശരിക്കും ജ്ഞാനികളാണു്. അങ്ങനെയുള്ള അവിശ്വാസികളില്‍ വല്ലവര്‍ക്കും വേണമെങ്കില്‍ ചുമ്മാ വായിച്ചുനോക്കാം. അതുവഴി അവര്‍ക്കല്ലാതെ, എനിക്കൊന്നും നഷ്ടപ്പെടാനില്ല. മാര്‍ക്സിയന്‍ പ്രോലെറ്റേറിയറ്റിനു് പോലുമുണ്ടു് ചിലതൊക്കെ നഷ്ടപ്പെടാന്‍ – കാലില്‍ ചങ്ങലയും കയ്യില്‍ വിലങ്ങുകളും. അങ്ങനെ നോക്കുമ്പോള്‍ എന്റെ കാര്യം കഷ്ടം തന്നെ എന്നു് പറയേണ്ടിവരും.
എംഗല്‍സും മാര്‍ക്സും ചേര്‍ന്നു് മാനിഫെസ്റ്റോയില്‍ അവതരിപ്പിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ‘Ten Point Programme’ വായിക്കുന്നവര്‍ക്കു്, അവര്‍ പശ്ചിമയൂറോപ്പിന്റെ ഇന്നത്തെ സ്ഥിതി നേരിട്ടു് കാണാനും വിലയിരുത്താനും കഴിഞ്ഞിട്ടുള്ളവരാണെങ്കില്‍, മാര്‍ക്സിന്റെ രചനകളില്‍ (അന്നത്തെ നിലയില്‍ തികച്ചും ന്യായമായി) വര്‍ണ്ണിച്ചിരിക്കുന്ന രീതിയിലുള്ള ഒരു ‘ക്യാപിറ്റലിസം’, ആധുനികജനാധിപത്യം നിലവിലിരിക്കുന്ന ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്തില്‍ ഇന്നു് നിലവിലില്ല എന്നു് മനസ്സിലാക്കാന്‍ കഴിയും. വിരോധാഭാസം എന്നു് തോന്നാമെങ്കിലും, ആ പഴയ ക്യാപിറ്റലിസത്തിനോടു് ഏറ്റവും അടുത്തുനില്‍ക്കാനുള്ള യോഗ്യത, റഷ്യന്‍ നിയന്ത്രണത്തില്‍ കഴിയേണ്ടിവന്ന കാലഘട്ടത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്ന ‘സ്റ്റേറ്റ് ക്യാപിറ്റലിസത്തിനു്’ അവകാശപ്പെട്ടതാണു്. പക്ഷേ ലോകത്തിനു് ആ സത്യം മനസ്സിലാക്കാന്‍ ആ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ്സ്വര്‍ഗ്ഗത്തിലേക്കുള്ള സ്വപ്നാടനത്തില്‍ നിന്നും ഉണര്‍ന്നു് സ്വതന്ത്രമാവുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അവിടങ്ങളിലെ ജനങ്ങള്‍ നേരിടേണ്ടിവന്ന അടിമത്തവും അടിച്ചമര്‍ത്തലും ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നു് അംഗീകരിക്കാന്‍ കമ്മ്യൂണിസത്തിന്റെ കഥയറിയാതെ ആട്ടം കാണുന്ന ചില നിത്യ ഇന്നലെകള്‍ ഇന്നും കൂട്ടാക്കാറില്ലെങ്കിലും.
സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഏതു് കൊലപാതകരാഷ്ട്രീയവും സ്വീകരിക്കാനും ന്യായീകരിക്കാനും മടിയില്ലാത്ത ‘മാര്‍ക്സിയന്‍ ഫ്രാങ്കെന്‍സ്‌റ്റൈനുകളില്‍’ എത്രപേര്‍ മാനിഫെസ്റ്റോയിലെ ഈ ‘ടെന്‍ പോയിന്റ് പ്രോഗ്രാം’ ഉടനടി കേരളത്തില്‍ നടപ്പാക്കുന്നതിനെ സര്‍വ്വാത്മനാ അനുകൂലിക്കും എന്നു് ചിന്തിക്കുന്നതു് രസകരമായിരിക്കും:
“സ്വത്തവകാശങ്ങളിന്മേലും ബൂര്‍ഷ്വാ ഉല്പാദനവ്യവസ്ഥകളിന്മേലും സ്വേച്ഛാധിപത്യപരമായി കൈവയ്ക്കാതെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുന്നെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും, പഴയ സാമൂഹ്യക്രമത്തിന്മേല്‍ അധികമധികം കൈവയ്ക്കല്‍ ആവശ്യമാക്കിത്തീര്‍ക്കുന്നതും, ഉല്പാദനസമ്പ്രദായത്തില്‍ സമൂലപരിവര്‍ത്തനം വരുത്താനുള്ള ഉപാധിയെന്ന നിലയ്ക്കു് അനിവാര്യവുമായ നടപടികളെടുക്കാതെ, ഇതൊന്നും തീര്‍ച്ചയായും തുടക്കത്തില്‍ നേടാനാവില്ല.
ഈ നടപടികള്‍ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതില്‍ സംശയമില്ല.
എങ്കിലും ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങള്‍ക്കു് താഴെ കൊടുക്കുന്ന നടപടികള്‍ പൊതുവില്‍ ബാധകമാവുന്നതാണു്.”
1. “ഭൂമി സ്വകാര്യസ്വത്താക്കിവയ്ക്കുന്ന സമ്പ്രദായം ഇല്ലാതാക്കുകയും, ഭൂമിയില്‍നിന്നു് പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യുക.”
– സര്‍ കാര്‍ള്‍ പൊപ്പറുടെ ചിന്തകള്‍ കടമെടുത്തു് പറഞ്ഞാല്‍, ജനാധിപത്യരാജ്യങ്ങള്‍ ഈ പോയിന്റ് ഇതുവരെ നടപ്പാക്കിയിട്ടില്ല എന്ന പേരും പറഞ്ഞാണു് ജനാധിപത്യരാജ്യങ്ങളില്‍ സോഷ്യലിസം നടപ്പാക്കപ്പെട്ടിട്ടില്ല എന്നു് കമ്മ്യൂണിസ്റ്റുകള്‍ നിലവിളിക്കാറുള്ളതു്. (അതു് നടപ്പാക്കാന്‍ എത്ര സോഷ്യലിസ്റ്റ് നേതാക്കള്‍ തയ്യാറാവും എന്നതു് മറ്റൊരു പ്രശ്നം). ഇതിനെ മാനദണ്ഡമാക്കി ഒരു ജനാധിപത്യരാജ്യത്തില്‍ നിലവിലിരിക്കുന്നതു് ക്യാപിറ്റലിസമാണെന്ന നിഗമനത്തിലെത്തുന്നതിനെപ്പറ്റി കൂടുതലെന്തെങ്കിലും പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല. അവനവന്‍ ജീവിക്കുന്ന കാലഘട്ടത്തിലും, ചിലപ്പോഴെങ്കിലും നേരിട്ടുള്ള പങ്കാളിത്തത്തോടെയും കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍പോലും കാണാന്‍ കഴിയാത്തവിധം ഒരു ആശയസംഹിത മനുഷ്യരെ അന്ധരാക്കിയാല്‍ അതിനെതിരെ എന്തു് പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. ഇങ്ക്വിലാബ് വിളിക്കാനും, സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമല്ലാതെ, ഉള്‍ക്കാഴ്ചയോടെ ഭാവിയിലേക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകരേഖയാകാന്‍ മാര്‍ക്സിസത്തിനുള്ള അപ്രാപ്തിയിലേക്കാണു് ഇത്തരം അന്ധമായ നിലപാടുകള്‍ വിരല്‍ ചൂണ്ടുന്നതു്.
2. “ആദായത്തിന്റെ വര്‍ദ്ധനവനുസരിച്ചു് വര്‍ദ്ധിച്ചുവരുന്ന ഒരു ആദായനികുതിസമ്പ്രദായം ഏര്‍പ്പെടുത്തുക.“
– എല്ലാ ജനാധിപത്യരാജ്യങ്ങളും നിയമം മൂലം നടപ്പാക്കിക്കഴിഞ്ഞ ഒരു കാര്യമാണിതു്.
3. “എല്ലാ പിന്‍തുടര്‍ച്ചാവകാശങ്ങളും റദ്ദാക്കുക.“
– പൂര്‍വ്വികരില്‍ നിന്നും ലഭിക്കുന്ന സമ്പത്തിനു് നികുതി ഏര്‍പ്പെടുത്തി നല്ലൊരു പരിധിവരെയുള്ള നിയന്ത്രണം ഇക്കാര്യത്തില്‍ ജനാധിപത്യരാജ്യങ്ങളില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടു്. പിന്‍ഗാമികള്‍ക്കു് ഒരു പിന്‍തുടര്‍ച്ചാവകാശവും ഉണ്ടാവരുതെന്നാണെങ്കില്‍ അതെത്രത്തോളം ജനാധിപത്യപരമാണു് എന്നതു് ചിന്തിക്കേണ്ട കാര്യമാണു്. അല്പസ്വല്പം സമ്പത്തൊക്കെ സ്വരൂപിക്കാന്‍ കഴിഞ്ഞ സോഷ്യലിസ്റ്റുകള്‍ ഈ വിഷയത്തില്‍ എന്തു് നിലപാടു് സ്വീകരിക്കുമെന്നു് അറിയാന്‍ കഴിഞ്ഞാല്‍ അതും രസകരമായ ഒരു കാര്യമായിരിക്കും.
4. “അന്യരാജ്യങ്ങളിലേക്കു് കുടിയേറിപ്പാര്‍ക്കാന്‍ പോയിട്ടുള്ളവരുടെയും, എതിര്‍ത്തുനില്‍ക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുക.“
– അന്യരാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ളവരും, ലോകകമ്മ്യൂണിസത്തിന്റെ മുന്നണിപ്പോരാളികളുമായവരെ ഏറെ സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കാര്യമാണിതു്. എതിരഭിപ്രായമുള്ളവരെ കൂട്ടം ചേര്‍ന്നു് ആക്രമിച്ചു് (ഒപ്പം സഹിഷ്ണുത പ്രസംഗിച്ചുകൊണ്ടും) നിശബ്ദരാക്കിയാല്‍ മാത്രം പോരാ, അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയുംകൂടി വേണം! അതാണു് മാര്‍ക്സിസം. ജനാധിപത്യം മാര്‍ക്സിസമല്ലാത്തതിനാലാവാം, ഇത്തരമൊരു ‘കണ്ടുകെട്ടല്‍’ നടപ്പിലാക്കാന്‍ ജനാധിപത്യരാജ്യങ്ങളൊന്നും ഇതുവരെ തയ്യാറാകാതിരുന്നതു്.
5. “സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും, അതിന്റെ പൂര്‍ണ്ണമായ കുത്തകയിന്‍ കീഴിലുള്ളതുമായ ഒരു ദേശീയ ബാങ്കുമുഖേന നാണയമെല്ലാം സ്റ്റേറ്റിന്റെ കൈവശം കേന്ദ്രീകരിക്കുക.“
– സമ്പൂര്‍ണ്ണ മാര്‍ക്സിയന്‍ സോഷ്യലിസം വരുമ്പോള്‍ സ്റ്റേറ്റ്, നാണയവിനിമയം, മതം, കുടുംബം തുടങ്ങിയ എല്ലാ ബൂര്‍ഷ്വാതിന്മകളും ഇല്ലാതാവുമെന്നു് മാര്‍ക്സ് അരുളിച്ചെയ്തിട്ടുള്ളതിനാല്‍, സ്റ്റേറ്റിന്റെ പൂര്‍ണ്ണകുത്തകയിലുള്ള ഒരു ദേശീയബാങ്ക് എന്നതൊരു ഇടക്കാല ഏര്‍പ്പാടു് മാത്രമാവാനേ സാദ്ധ്യതയുള്ളു. എംഗല്‍സ് പറഞ്ഞപോലെ, സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗത്തില്‍ സ്റ്റേറ്റ് ‘wither away’ ആവുമ്പോള്‍ ബാങ്ക് മാത്രം ‘wither away’ ആവാതിരുന്നിട്ടും കാര്യമൊന്നുമില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ, ഒരുവിധ നാണയവിനിമയവും ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തില്‍ ബങ്കുകള്‍ക്കു് എന്തു് പ്രസക്തി?
6. “ഗതാഗതത്തിന്റെയും വാര്‍ത്താവിനിമയത്തിന്റെയും ഉപാധികള്‍ സ്റ്റേറ്റിന്റെ കൈവശം കേന്ദ്രീകരിക്കുക.“
– കേരളത്തില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് KSRTC-യുടെ കുത്തകാവകാശമാക്കിയാലെന്നപോലെ വിജയകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരു പദ്ധതിയാവും മാര്‍ക്സ് വിഭാവനം ചെയ്യുന്നതു്! ഏതായാലും, അംഗസംഖ്യ കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ ചെറുകിട ജനാധിപത്യങ്ങളില്‍ ഈ രീതി നിലവിലുണ്ടു്. ജനങ്ങളുടെ ആധിപത്യമാണു് ജനാധിപത്യം. ജനങ്ങള്‍ എത്ര നല്ലതാണോ അത്രയും മാത്രം നല്ലതാവാനേ ജനാധിപത്യത്തിനു് കഴിയൂ. ജനങ്ങള്‍ എത്ര ചീത്തയോ, അത്രകണ്ടു് ചീത്തയാവാനുമായിരിക്കും അതിന്റെ ശ്രമം.
7. “സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനിലങ്ങള്‍ കൃഷിക്കുപയോഗപ്പെടുത്തുകയും മണ്ണിന്റെ ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.“
– സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിച്ചതുകൊണ്ടാവാം, ഒരു കാറു് വാങ്ങാന്‍ പേരു് രജിസ്റ്റര്‍ ചെയ്താല്‍ അതു് കിട്ടാന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ പന്ത്രണ്ടു് വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു എന്ന ചില അനുഭവസാക്ഷ്യങ്ങള്‍ കേള്‍ക്കേണ്ടിവന്നതു്. ദോഷം പറയരുതല്ലോ, സാധാരണക്കാര്‍ക്കേ ആ ദുര്‍വിധി ഉണ്ടായിരുന്നുള്ളു. പാര്‍ട്ടി ഫങ്ഷനെറികള്‍ക്കും അവരുടെ പുറകെ വാലാട്ടി നടക്കുന്നവര്‍ക്കും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കിഴക്കന്‍ യൂറോപ്പില്‍ ജനം ആട്ടിയോടിച്ച ചില കമ്മ്യൂണിസ്റ്റ് ഭരണാധികരികളുടെ ബാത്ത്റൂമിലെ സ്വര്‍ണ്ണം കൊണ്ടുള്ള ഫൊസെറ്റുകള്‍ ഒരു റിപ്പോര്‍ട്ടില്‍ കാണാനുള്ള ‘ഭാഗ്യം’ എനിക്കു് ലഭിച്ചിട്ടുണ്ടു്. അവിടത്തെ ജനം നിത്യവൃത്തിയ്ക്കുവരെ കഷ്ടപ്പെടേണ്ടിയിരുന്നു എന്ന വസ്തുത കൂടി അറിഞ്ഞാലേ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ യഥാര്‍ത്ഥമഹത്വം മനസ്സിലാക്കാനാവൂ.
– ആവശ്യമെങ്കില്‍ തരിശുനിലങ്ങള്‍ കൃഷിക്കുപയോഗപ്പെടുത്തുകയും, മണ്ണിന്റെ ഗുണം വര്‍ദ്ധിപ്പിക്കുകയുമൊക്കെ ചെയ്യാം. അതിനു് ഒരു സോഷ്യലിസ്റ്റ് വിപ്ലവം മുന്നോടി ആയിരിക്കേണ്ടതിന്റെ ആവശ്യകതയേ പിടികിട്ടാതുള്ളു. വനഭൂമി എന്നാല്‍ ആര്‍ക്കും വേണ്ടാതെ നീണ്ടുനിവര്‍ന്നു് കിടക്കുന്ന തരിശുഭൂമിയാണു് എന്നൊരു സോഷ്യലിസ്റ്റ് നിര്‍വചനം ഏതെങ്കിലുമൊരു ‘പാര്‍ട്ടി ബുദ്ധിജീവി’ നല്‍കുകകൂടി ചെയ്താല്‍, വനഭൂമിയും ആര്‍ക്കുവേണമെങ്കിലും ഇഷ്ടം പോലെ കയ്യേറി കൃഷിക്കുപയോഗപ്പെടുത്താം. പോരെങ്കില്‍, “ജഡ്ജിയില്ലാത്തിടത്തു് ആരാച്ചാരുമില്ല” എന്നൊരു റഷ്യന്‍ ചൊല്ലുമുണ്ടു്.
8. “പണിയെടുക്കാനുള്ള ബാദ്ധ്യത എല്ലാവര്‍ക്കും തുല്യമാക്കിത്തീര്‍ക്കുക. വ്യാവസായികോല്പാദനത്തിനും വിശേഷിച്ചു് കൃഷിക്കും വേണ്ടിയുള്ള തൊഴില്‍പ്പടയെ സൃഷ്ടിക്കുക.“
– കൈനീട്ടലും ഒരുതരം തൊഴിലാണു് – അതു് ഭിക്ഷ വാങ്ങാനായാലും ശരി, നോക്കുകൂലി വാങ്ങാനായാലും ശരി. നോര്‍ത്ത് കൊറിയയിലെ ‘സുപ്രീം ഫ്യൂറര്‍’ കല്പിച്ച പ്രകാരം കല്ലുളിയും ചുറ്റികയും പോലെ പ്രിമിറ്റീവ് ആയ പണിയായുധങ്ങള്‍ ഉപയോഗിച്ചു് സ്കീ റിസോര്‍ട്ട് പണിയുന്ന ഒരു ‘തൊഴില്‍പ്പടയെ’ കഴിഞ്ഞ ദിവസം ഒരു റിപ്പോര്‍ട്ടില്‍ കാണാനിടയായി. എന്തായാലും, വെടിയേറ്റു് ചാകേണ്ടി വരുന്നതിനെക്കാള്‍ ഭേദമാണു് ‘ഫ്യൂറര്‍ക്കു്’ സിന്ദാബാദ് വിളിച്ചുകൊണ്ടു് കരിങ്കല്ലുപൊട്ടിക്കുന്നതു്!
9. “കാര്‍ഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തിലെ ജനസംഖ്യാവിതരണം കുറേക്കൂടി തുല്യമാക്കിക്കൊണ്ടു് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണ ഇല്ലാതാക്കുക.“
– എന്തിനു് നാടും നഗരവും തമ്മിലുള്ള വ്യത്യാസം മാത്രമായിട്ടു് ഇല്ലാതാക്കണം? മണ്ണിനടിയില്‍ ടണ്‍ കണക്കിനു് സ്വര്‍ണ്ണമുണ്ടെന്നു് ഒരു സ്വാമി സ്വപ്നം കണ്ടാല്‍ മണ്‍വെട്ടിയും പിക്കാസുമായി കുഴിക്കാന്‍ തുടങ്ങുന്ന ശാസ്ത്രജ്ഞര്‍ വരെയുള്ള ഒരു നാട്ടില്‍, നാടും നഗരവും കാടും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണം എന്നു് ആഹ്വാനം ചെയ്താലും ആചാര്യന്റെ കല്പനകള്‍ അക്ഷരംപ്രതി അനുസരിക്കാന്‍ നിരനിരയായി കാത്തുനില്‍ക്കുന്ന അനുയായികള്‍ എല്ലാം വെട്ടിനിരപ്പാക്കിത്തരുമായിരുന്നല്ലോ?
– ജര്‍മ്മനിയില്‍ തന്റെ ജന്മസ്ഥലമായ ട്രിയറിന്റെ പാലും തേനുമൊഴുകുന്ന ഇന്നത്തെ സ്ഥിതി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒരു സമൂഹത്തിനു് പുരോഗമിക്കാന്‍ വേണ്ടതു് ഐഡിയോളജിയോ വിപ്ലവമോ അല്ല, ശാസ്ത്രചിന്തയിലും പ്രായോഗികബുദ്ധിയിലും അധിഷ്ഠിതമായ മനുഷ്യാദ്ധ്വാനമാണെന്നു് മനസ്സിലാക്കാന്‍ ഒരുപക്ഷേ മാര്‍ക്സിനു് കഴിഞ്ഞേനെ. മാനിഫെസ്റ്റോ എഴുതപ്പെടുന്നതിനു് മുന്‍പുതന്നെ ഇംഗ്ലണ്ടില്‍ ഫാക്ടറി ലെജിസ്ലേഷന്‍ വഴി, ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം ജോലി, അണ്‍എമ്പ്ലോയ്മെന്റ് ഇന്‍ഷ്വറന്‍സ്, തൊഴിലാളികളുടെ സാമൂഹികസുരക്ഷിതത്വത്തിനു് ഉതകുന്ന മറ്റു് പദ്ധതികള്‍ തുടങ്ങിയവ ആവിഷ്കരിക്കപ്പെട്ടു് തുടങ്ങിയിരുന്നു. ലണ്ടനില്‍ ജീവിച്ചിരുന്നിട്ടും, വിപ്ലവജ്വരം ബാധിച്ചു് കണ്ണുകാണാതായതിനാലാവാം, മാര്‍ക്സിനു് അതൊന്നും കാണാനും, തന്റെ ‘സയന്റിഫിക് തിയറിയില്‍’ തദനുസരണം മാറ്റങ്ങള്‍ വരുത്താനും കഴിയാതെ പോയതു്. ഇംഗ്ലണ്ടില്‍ തന്റെ കണ്‍മുന്നില്‍ ആരംഭിച്ചു് വിജയിച്ചുകൊണ്ടിരുന്ന നവീകരണപ്രയത്നങ്ങളുടെ നേരെ മുഖം തിരിച്ചുകൊണ്ടു്, പതിനായിരക്കണക്കിനു് നിരപരാധികളുടെ ജീവന്‍ അപഹരിച്ച തന്റെ ഭ്രാന്തന്‍ ആശയത്തില്‍ കടിച്ചുതൂങ്ങാനായിരുന്നു ‘മനുഷ്യസ്നേഹിയായ’ മാര്‍ക്സ് കൂടുതല്‍ ഇഷ്ടപ്പെട്ടതു്. സാമൂഹികപ്രശ്നങ്ങള്‍ക്കു് വിപ്ലവം എന്ന ഒരേയൊരു പരിഹാരമല്ലാതെ മറ്റൊന്നും കാണാന്‍ ഗുരുവിനു് കഴിഞ്ഞില്ല, പിന്നെയാണു് ഇങ്ക്വിലാബ് വിളിച്ചാല്‍ വിപ്ലവം വരുമെന്നു് കരുതുന്ന, പെന്തിക്കൊസ്ത്തു് നാളില്‍ പരിശുദ്ധാത്മാവു് കയറിക്കൂടിയ ചില സത്യവിശ്വാസികള്‍ എന്നപോലെ, അവര്‍ക്കോ മറ്റുള്ളവര്‍ക്കോ മനസ്സിലാവാത്ത ചില അന്യഭാഷാപദങ്ങളെല്ലാം തിരുകിക്കയറ്റി ‘സാഹിത്യവത്കരിച്ചു് ഗഹനമാക്കിയ’ മറുഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്ന കുറെ ശിഷ്യന്മാര്‍ മറ്റൊരു കാഴ്ചപ്പാടു് സ്വീകരിക്കുമെന്ന വ്യാമോഹം!
10. “പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായ വിദ്യാഭ്യാസം നല്‍കുക. ഇന്നത്തെ രൂപത്തില്‍ കുട്ടികളെക്കൊണ്ടു് ഫാക്ടറിയില്‍ പണിയെടുപ്പിക്കുന്നതു് നിര്‍ത്തുക. വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക.“
– ആധുനിക ജനാധിപത്യങ്ങളില്‍ പൂര്‍ണ്ണമായും, അല്ലാത്തിടങ്ങളില്‍ നല്ലൊരു പരിധിവരെയും കുട്ടികള്‍ക്കു് സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നുണ്ടു്. അതുപോലെതന്നെ, തിയറിയും പ്രാക്ടീസും ഉള്‍പ്പെടുന്നവയാണു് മിക്ക തൊഴിലുകളുടെയും കോഴ്സുകള്‍. പരിഷ്കൃതരാജ്യങ്ങളില്‍ നിയമം വഴി ബാലവേല കര്‍ശനമായി നിരോധിക്കപ്പെട്ടിട്ടുണ്ടു്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയില്‍ കഴിയുന്ന സമൂഹങ്ങളില്‍ ഇന്നും ബാലവേല നിലവിലുണ്ടു് എന്നതൊരു വസ്തുതയാണെങ്കിലും, അതിന്റെ പരിഹാരം ഒരു മഹാവിപ്ലവത്തിലൂടെ മുതലാളിവര്‍ഗ്ഗത്തിന്റെ രക്തത്തില്‍ നീന്തിക്കുളിച്ചുകൊണ്ടു് തൊഴിലാളിവര്‍ഗ്ഗം അധികാരം കയ്യാളുന്നതിലൂടെ നേടിയെടുക്കേണ്ടതോ, അങ്ങനെ നേടിയെടുക്കാന്‍ കഴിയുന്നതോ ആയ ഒന്നല്ല.
“അങ്ങനെ ക്രമേണ വര്‍ഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വമ്പിച്ച സമാജമായി സംഘടിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കയ്യില്‍ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണാധികാരത്തിനു് രാഷ്ട്രീയസ്വഭാവം ഇല്ലാതാവും. രാഷ്ട്രീയാധികാരമെന്നു് സാധാരണയായി പറയുന്നതു് ഒരു വര്‍ഗ്ഗത്തിനു് മറ്റൊരു വര്‍ഗ്ഗത്തെ മര്‍ദ്ദിക്കാനുള്ള സംഘടിതശക്തിയെ മാത്രമാണു്. ബൂര്‍ഷ്വാസിയുമായുള്ള പോരാട്ടത്തിനിടയില്‍ പരിതസ്ഥിതികളുടെ നിര്‍ബന്ധം മൂലം തൊഴിലാളിവര്‍ഗ്ഗത്തിനു് ഒരു വര്‍ഗ്ഗമെന്ന നിലയ്ക്കു് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കില്‍, ഒരു വിപ്ലവം മൂലം അതു് സ്വയം ഭരണാധികാരിവര്‍ഗ്ഗമായിത്തീരുകയും, ആ നിലയ്ക്കു് പഴയ ഉല്പാദനവ്യവസ്ഥകളെ ബലം പ്രയോഗിച്ചു് തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ വ്യവസ്ഥകളോടൊപ്പം വര്‍ഗ്ഗവൈരുദ്ധ്യങ്ങളുടെയും വര്‍ഗ്ഗങ്ങളുടെതന്നെയും നിലനില്പിനുള്ള സാഹചര്യങ്ങളും അതു് തുടച്ചു് നീക്കുന്നതായിരിക്കും; അങ്ങനെ ഒരു വര്‍ഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം മേധാവിത്വത്തെയും അതു് അവസാനിപ്പിക്കുന്നതായിരിക്കും.
വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുദ്ധ്യങ്ങളുമുള്ള പഴയ ബൂര്‍ഷ്വാ സമുദായത്തിന്റെ സ്ഥാനത്തു്, ഓരോരുത്തരും സ്വതന്ത്രമായി വളര്‍ന്നാല്‍ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമുദായം നമുക്കു് ലഭിക്കുന്നതായിരിക്കും.”
– പ്രവചനസ്വഭാവമുള്ള, കേള്‍ക്കാന്‍ വളരെ ഇമ്പമുള്ള ഈ വാഗ്ദാനവാചകങ്ങള്‍ ഇന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വായിച്ചു് സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗത്തിന്റെ പേരില്‍ ആവേശഭരിതരാവുന്നവരെ നോക്കി ചിരിക്കുന്നതു്, ഒരു സായുധവിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരത്തിലെത്തിയ കമ്മ്യൂണിസം എന്ന ദുര്‍ഭൂതം ഏതാനും ദശാബ്ദങ്ങള്‍ക്കുശേഷം റഷ്യയിലെ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ക്കു് മുന്നില്‍ അടിയറവു് പറയേണ്ടി വന്നപ്പോഴേക്കും, രാജ്യസമ്പത്തിന്റെ നല്ലൊരു ഭാഗം പോക്കറ്റിലാക്കി രക്ഷപെട്ട ഒരു ചെറിയ വിഭാഗം കോടീശ്വരന്മാരാണു്. ലോകചരിത്രത്തിന്റെ ഒരു ഏകദേശഗതിയെങ്കിലും പിന്‍തുടരാന്‍ കഴിഞ്ഞിട്ടുള്ള ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയുണ്ടു്: ഒരു ആധുനികസമൂഹത്തെ പിടികൂടി നശിപ്പിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍ ഏറ്റവും മാരകമായതാണു് മാര്‍ക്സിസം എന്ന അര്‍ബുദം.