ആദിമനുഷ്യനായ ആദാമിനു് അയല്‍നാട്ടുകാരോ? ഇതെന്തു് കഥ? ആറു് ദിവസങ്ങള്‍ കൊണ്ടു് സകല പ്രപഞ്ചത്തെയും ജലജീവികളെയും പറവജാതികളെയും കരയിലെ ജന്തുക്കളെയും അവയ്ക്കൊക്കെ മകുടം ചാര്‍ത്താനായി ആദാം എന്ന മനുഷ്യനെയും സൃഷ്ടിക്കുകയായിരുന്നില്ലേ ദൈവം? ആ ആദാമിനു് എങ്ങനെയാണു് അയല്‍ക്കാര്‍ ഉണ്ടാവുക? മിണ്ടാനും പറയാനും ആരുമില്ലാതെ ആദാം ഒറ്റക്കിരിക്കുന്നതു് കണ്ട ദൈവം ആ കുറവു് പരിഹരിക്കാന്‍ അവന്റെ ഇടത്തുവശത്തെ ഒരു വാരിയെല്ലുകൊണ്ടുതന്നെ ഹവ്വ എന്ന സ്ത്രീയേയും സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വന്തം കൈകൊണ്ടുള്ള അവസാനത്തെ സൃഷ്ടി ആയിരുന്നു ഹവ്വ. അതോടെ ദൈവത്തിനു് സ്വൈര്യമായി. പക്ഷേ, അതുവഴി പുരുഷനു് ലഭിച്ചതു് സ്വൈര്യമോ സ്വൈര്യക്കേടോ എന്നതു് അന്നുമുതല്‍ ഇന്നുവരെ പരിഹാരമില്ലാതെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണു്.
മേല്‍പ്പടി ജനുസ്സുകള്‍ രണ്ടും കൂടി ഒരു കൊസ്രാക്കൊള്ളി ഒപ്പിച്ചതിനാല്‍ ദൈവം അവരെ പറുദീസയില്‍ നിന്നും ചാടിച്ചു് വിടുന്നു. പഠിച്ച പ്രാര്‍ത്ഥനയും ചൊല്ലി അടങ്ങിയൊതുങ്ങി ഇരിക്കാന്‍ എന്നിട്ടും അവറ്റകള് തയ്യാറില്ലാതിരുന്നതിനാല്‍ അവര്‍ക്കു് അധികം താമസിയാതെ രണ്ടു് മക്കളും ജനിക്കുന്നു. സുഖപ്രസവമായിരുന്നതിനാല്‍ വയറ്റാട്ടിയുടെ ആവശ്യം വന്നില്ല. മൂത്തവന് കയീന്. ദൈവത്തിന്റെ യാതൊരു ഗുണവുമില്ലാത്ത ഒരു ദ്രോഹി. നീചനും ദുഷ്ടനും കുശുമ്പനുമായിരുന്ന അവന് കര്‍ഷകനായിത്തീര്‍ന്നു. ഇളയവന് ഹാബേല്‍. നല്ലവരില്‍ നല്ലവനായ ഒരു മാലാഖപ്പയ്യന്. അസൂയയോ കുശുമ്പോ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ശുദ്ധഹൃദയന്. ആടു് മേയ്ക്കലായിരുന്നു ജോലി.
വിളവെടുപ്പു് സമയത്തു് കയീന് ചൊറിയുന്ന കുറേ ചേനയും ചേമ്പും ധാന്യങ്ങളുമൊക്കെ ദേവാലയത്തിലെത്തിക്കുന്നു. പൊരിച്ച ഇറച്ചി ഇഷ്ടപ്പെടുന്ന ദൈവം ആദാമിന്റെ ഭാഷയില്‍ പറഞ്ഞു: “ആര്‍ക്കുവേണം നിന്റെ കുമ്പളങ്ങേം കാച്ചിലും? വേണോങ്കി നീ തന്നെ കൊണ്ടോയി തിന്നോ” അതേസമയം ഹാബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്നിന്നും, അവയുടെ ‘മേദസ്സില്‍’ നിന്നുതന്നെ ഒരു വഴിപാടു് ദേവാലയത്തില്‍ എത്തിക്കുന്നു. അതു് കണ്ടപ്പോള്‍ ദൈവത്തിനു് സന്തോഷമായി: “മിടുക്കന്! നിന്നിലും, നിന്റെ മാംസവഴിപാടിലും നോം പ്രസാദിച്ചിരിക്കുന്നു”. ഇത്രയും പറഞ്ഞശേഷം മാംസവുമെടുത്തു് ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. ആദാമും കുടുംബവുമായി നാലു് മനുഷ്യരല്ലാതെ, പുരോഹിതന്മാരോ മറ്റാരെങ്കിലുമോ ലോകത്തില്‍ ഇല്ലാതിരുന്നതിനാല്‍ ഇറച്ചി അവിടെ ഇരുന്നാല്‍ ഒന്നുകില്‍ ചീഞ്ഞുനാറും, അല്ലെങ്കില്‍ പട്ടിതിന്നും. ഇന്നത്തെപ്പോലെ പൂട്ടും ഫ്രിഡ്ജുമൊക്കെയുള്ള വലിയ ബസിലിക്കകളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു്, വേഗം സ്വര്ഗ്ഗത്തിലെത്തിച്ചാല് കേടാവുന്നതിനു് മുന്‍പു് തനിക്കും മാലാഖമാര്‍ക്കും കറിവച്ചോ, പൊരിച്ചോ ഒരുമിച്ചു് കഴിക്കാമെന്നു് ദൈവം കരുതി.
കയീന്റെ മനസ്സില്‍ ഇതൊരു പകയായി പുകഞ്ഞുകൊണ്ടിരുന്നു. മറ്റു് പോംവഴി ഒന്നും കാണാതിരുന്നതിനാല്‍ അവന് ഹാബേലിനെ വയലില്‍ വച്ചു് ചുമ്മാ അങ്ങു് തല്ലിക്കൊന്നു. ദേഷ്യം കയറിയാല്‍ മനുഷ്യരെ കൊന്നുതീര്‍ക്കുന്ന ദൈവത്തിന്റെ സ്വഭാവം പൈതൃകമെന്നോണം കിട്ടിയതു് കയീനായിരുന്നു. അവനില്‍ നിന്നാണു് പരമ്പരാഗതമായി ആ സ്വഭാവം കേരളത്തിലെ കക്ഷിരാഷ്ട്രീയക്കാരിലേക്കു് എത്തിച്ചേര്‍ന്നതു്. കൊലപാതകരാഷ്ട്രീയത്തിന്റെ ഉറവിടം ദൈവികമാണെന്നു് ചുരുക്കം. ദൈവത്തെ മാംസവഴിപാടു് നല്കി സന്തോഷിപ്പിച്ചതിനു് ഹാബേലിനു് കിട്ടിയ പ്രതിഫലം! അന്നു് പക്ഷേ കൊന്നതേ ഉള്ളു. ഇന്നാണെങ്കില്‍ പള്ളീലച്ചന്മാര് അവനെ തെമ്മാടിക്കുഴിയില്‍ ശവമടക്കുകയും കൂടി ചെയ്തേനെ! അതാണു് ദൈവനീതി എന്ന വാക്കിനു് ഇന്നത്തെ ക്രൈസ്തവമതതത്വശാസ്ത്രത്തിലെ അര്‍ത്ഥം.
നല്ലവരെയല്ല, ദ്രോഹികളെയും പാപികളെയുമൊക്കെയാണു് നശിപ്പിക്കേണ്ടതെന്ന തിരിച്ചറിവു് ഒരുപാടു് നാള് കഴിഞ്ഞു് നോഹയുടെ കാലത്താണു് ദൈവത്തിനുണ്ടാവുന്നതു്. ലോകത്തിലെ മുഴുവന്‍ മനുഷ്യരും കുഞ്ഞുങ്ങളടക്കം പാപികളായിത്തീര്‍ന്ന അക്കാലത്തു് അവരെ കൊല്ലാനാണു് ഭൂമി മുഴുവന്‍ മുങ്ങുവാന്‍ തക്ക ഒരു പ്രളയം ദൈവം സംഘടിപ്പിച്ചതു്. നീ കൊല ചെയ്യരുതു് എന്ന തോന്നല്‍ പിന്നേയും കുറെനാള്‍ കഴിഞ്ഞു് മോശെയുടെ കാലത്താണു് ദൈവത്തിനുണ്ടാവുന്നതു്. കാലും കയ്യും മാറ്റി വയ്ക്കുന്നതിനേക്കാള്‍ എളുപ്പം അഭിപ്രായം മാറ്റാന്‍ കഴിയും. അതുവഴി മാറ്റാരെ തോല്പിക്കാന് കഴിയുമെന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും! അതിപ്പോള്‍ മനുഷ്യന്റെ കാര്യത്തിലായാലും ദൈവത്തിന്റെ കാര്യത്തിലായാലും വ്യത്യാസമൊന്നുമില്ല.
എന്തായാലും, പിള്ളേരുടെ കളി കാര്യമായി എന്നറിഞ്ഞപ്പോള്‍ ദൈവം കുപിതനായി കയീനെ ഗെറ്റൌട്ട് അടിക്കുന്നു. അപ്പോള്‍ കയീന് നല്കുന്ന മറുപടിയും, അവന്റെ പില്‍ക്കാലജീവിതവും ഇവര്‍ നാലുപേര്‍ അല്ലാതെ മറ്റു് മനുഷ്യരും അക്കാലത്തു് ലോകത്തില്‍ ജീവിച്ചിരുന്നു എന്നതിന്റെയും, ബൈബിളിലെ സൃഷ്ടികഥ അടിസ്ഥാനരഹിതമാണെന്നതിന്റേയും സംശയരഹിതമായ തെളിവുകളാണു്.
അനുജനെ കൊന്നതിന്റെ പേരില്‍ ദൈവം കയീനെ ശാസിച്ചു് പുറത്താക്കുമ്പോള്‍ കയീന് പറയുന്നു: “ഇതാ നീ ഇന്നു് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു് ഒളിച്ചു് ഭൂമിയില്‍ ഉഴലുന്നവന് ആകും; ആരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും.”
ഹാബേല്‍ മരിച്ചസ്ഥിതിക്കു് ആദാമും ഹവ്വയുമല്ലാതെ മറ്റു് മനുഷ്യര്‍ ലോകത്തില്‍ ഇല്ലെങ്കില്‍ കയീനെ ആരു് കൊല്ലാന്‍? അവന് ആരില്‍നിന്നും ഒളിക്കാന്‍? എന്നിട്ടും ദൈവമായ യഹോവ കയീനെ കാണുന്നവര്‍ ആരും അവനെ കൊല്ലാതിരിക്കാനായി അവനൊരു അടയാളം വയ്ക്കുകയും, ആരെങ്കിലും അവനെ കൊന്നാല്‍ അവനു് ഏഴിരട്ടി പകരം കിട്ടുമെന്നു് അരുളിച്ചെയ്യുകയും ചെയ്യുന്നു. ഏഴിരട്ടി പകരം എന്നാല്‍ എന്താണെന്നു് എനിക്കറിയില്ല. ഏഴു് പ്രാവശ്യം കൊല്ലുമെന്നായിരിക്കും. മറ്റാരുമില്ലാത്ത ലോകത്തില്‍ ആരു് കാണാനാണു് ദൈവം അവനൊരു അടയാളം വയ്ക്കുന്നതു്? ആര്‍ക്കാണു് ദൈവം ഏഴിരട്ടി പകരം ചെയ്തു് പക വീട്ടുന്നതു്?
അങ്ങനെ, യഹോവയുടെ സന്നിധിയില്‍നിന്നു് പുറപ്പെടുന്ന കയീന്, ഏദെനു് കിഴക്കു് നോദ് എന്ന ദേശത്തു് ചെന്നു് പാര്‍ക്കുന്നു. അവിടെവച്ചു് കയീന് തന്റെ ഭാര്യയെ പരിഗ്രഹിക്കുകയും, അവള് ഗര്‍ഭം ധരിച്ചു് ഹാനോക്കിനെ പ്രസവിക്കുകയും ചെയ്യുന്നു. കയീന് ഒരു പട്ടണം പണിതു് അതിനു് തന്റെ മകന്റെ പേരായ ‘ഹാനോക്’ എന്നു് പേരിടുന്നു. അവന്റെ തലമുറകള്‍ ആദാമിന്റെ വംശാവലിയുമായി ബന്ധമില്ലാതെ മറ്റൊരു സ്വതന്ത്ര ശാഖയായി വളര്‍ച്ച പ്രാപിക്കുന്നു. ആദാമിനും ഹവ്വയ്ക്കും മൂന്നാമതു് ജനിക്കുന്ന ശേത്തിന്റെ പിന്‍ഗാമികളാണു് ആദാമിന്റെ വംശപാരമ്പര്യമായി ബൈബിളില്‍ വര്‍ണ്ണിക്കപ്പെടുന്നതു്. ആദാം, ശേത്ത്,… നോഹ,… അബ്രാഹാം, യിസഹാക്ക്, യാക്കോബ്,… ദാവീദ്, ശലോമോന്,… യോസേഫ്, യേശു, … നസ്രാണികള്‍,… കേരളാകോണ്‍ഗ്രസ്!
അതായതു്, ആദാമിന്റെ കാലത്തുതന്നെ മറ്റു് ദേശങ്ങളും, അവിടെ കൊലപാതകം പോലുള്ള കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നു് അറിയാന്‍ മാത്രമെങ്കിലും സാംസ്കാരികമായി വളര്‍ച്ച പ്രാപിച്ചിരുന്ന മനുഷ്യരും ഉണ്ടായിരുന്നിരിക്കണം. കയീന്റെ ഭാര്യയും ഒരു നോദ് ദേശക്കാരി ആയിരുന്നിരിക്കാനാണു് മിക്കവാറും സാദ്ധ്യത.
(ആധാരം: ഉല്പത്തി നാലാം അദ്ധ്യായം)