RSS

Daily Archives: Nov 5, 2011

ശാസ്ത്രം ഗീതയുടെ നിഴലിൽ – 2

(ഒന്നാം ഭാഗം ഇവിടെ)

ജീവിതവിജയത്തിനു് ഏതുവഴി തിരഞ്ഞെടുക്കണമെന്നു് നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ ആശ്രയിക്കാനാണു് ഗീത നൽകുന്ന ഉപദേശമെന്നും എന്നാലിതു് ആധുനികശാസ്ത്രമല്ല, അദ്ധ്യാത്മവിദ്യയാണെന്നും ശ്രീ രാധാകൃഷ്ണൻ.

“എന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നു” എന്ന കൂട്ടിച്ചേർക്കലിൽ കൂടിയ ഒരു മറുപടി അദ്ദേഹത്തിന്റെ ഈ “കൂടുവിട്ടു് കൂടുമാറൽ” ജാലവിദ്യക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ഗീതയിലെന്നല്ല, ഏതു് ഗ്രന്ഥത്തിലായാലും, എഴുതിയിരിക്കുന്നതല്ല, ഒരുവനു് വേണ്ടതേ അവൻ അതിൽ നിന്നും വായിച്ചെടുക്കൂ. വായിക്കുന്നവനു് വേണ്ടതു് ചേമ്പാണെങ്കിൽ ഗ്രന്ഥത്തിലെ പാമ്പിനെ അവൻ ചേമ്പാക്കി മാറ്റും. വ്യാഖ്യാനം എന്ന കലയുടെ ലക്ഷ്യംതന്നെ അതാണു്. ശാസ്ത്രത്തിനു് മനുഷ്യരുടെയിടയിൽ വർദ്ധിച്ചുവരുന്ന വിശ്വാസയോഗ്യത മൂലം, ഈയിടെയായി അദ്ധ്യാത്മവിദ്യയെ മാത്രമല്ല, ഗൗളിശാസ്ത്രം മുതൽ തലയിൽ കാക്ക തൂറിയാൽ കഴുകണമോ വേണ്ടയോ എന്നു് മനുഷ്യരെ ഉപദേശിക്കുന്ന കാക്കതൂറൽശാസ്ത്രവ്യഖ്യാനം വരെയുള്ള ചാവാലിപ്പശുക്കളെ മുഴുവൻ ശുഭമുഹൂർത്തം നോക്കി ആധുനികശാസ്ത്രത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതാണു് വിശ്വാസികളുടെയിടയിലെ പുതിയ ട്രെൻഡ്‌. എല്ലാം അറിയുന്നവനായ ദൈവം നേരിട്ടോ ശുപാർശ വഴിയോ ഈ കേസുകെട്ടിൽ ഇടപെട്ടു് അവറ്റകൾ എങ്ങാനും ചനവച്ചു് കിട്ടിയാൽ രക്ഷപെടുകയും ചെയ്യാം. വൃദ്ധയായിരുന്നതിനാൽ സ്ത്രീകൾക്കുള്ള പതിവു് (അതെന്താണാവോ?) നിന്നുപോയിരുന്ന സാറയെയും, പുരുഷനെ ഫേസ്ബുക്ക്‌ വഴിപോലും അറിഞ്ഞിട്ടില്ലാതിരുന്ന മറിയയെയും ഗർഭം ധരിപ്പിക്കാൻ വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത ദൈവത്തിനു് വേണമെങ്കിൽ ചാവാലിപ്പശുക്കളെയും ചനവയ്പ്പിക്കാൻ കഴിയും. പ്രസവിക്കുന്നതു് പശുക്കുട്ടി ആണെങ്കിൽ ഒന്നുകൂടി ഭംഗിയായി. മനുഷ്യവർഗ്ഗത്തിൽ പെൺവർഗ്ഗം ജനിക്കുന്നതു് ഭാരതീയർക്കു് അനഭിലഷണീയമാണെങ്കിലും പശു, ആടു്, പോത്തു് മുതലായ വളർത്തുമൃഗങ്ങൾ പെൺജാതിയെ പ്രസവിക്കുന്നതിൽ പൊതുവേ സന്തോഷിക്കുന്നവരാണവർ.

മൃഗങ്ങളിലെ സ്ത്രീവർഗ്ഗത്തിനു് ഹണിമൂൺ ആഘോഷിക്കാൻ ഒരുപാടു് ആഭരണങ്ങളുടെ ആവശ്യമില്ലാത്തതാവാം ഈ വിവേചനത്തിനു് കാരണം. ഒരു തട്ടയോ, മണിയോ ഉണ്ടെങ്കിൽ ധാരാളം. ഒരർത്ഥത്തിൽ അതുപോലെ അടക്കവും ഒതുക്കവും ഇല്ലാത്ത കണ്ഠാഭരണങ്ങൾ ഇല്ലാതിരിക്കുന്നതാണു് നല്ലതു്. പൂച്ചകളുടെ ഗർഭധാരണം എന്ന നാടകം അരങ്ങേറുന്നതു് രാത്രിയുടെ മറവിലായിട്ടുപോലും, ആ ചടങ്ങിനു് ആർപ്പുവിളിയും അട്ടഹാസവും കലർന്ന ബാക്ക്ഗ്രൗണ്ഡ്‌ മ്യൂസിക്കിന്റെ അകമ്പടി ഒഴിവാക്കാൻ ആവാത്തതിനാലാണല്ലോ അവറ്റകളുടെയിടയിൽ അത്ഭുതഗർഭങ്ങൾ ഉണ്ടാവാത്തതു്. തന്റേതു് ഒരു അത്ഭുതഗർഭമാണെന്നു് പറഞ്ഞാൽ, കേൾക്കുന്നവർ ഏറിയാൽ അർത്ഥഗർഭമായി ഒന്നു് ചിരിച്ചേക്കാമെന്നല്ലാതെ, ഇക്കാലത്തു് ആരെങ്കിലും വിശ്വസിക്കുമോ? പണ്ടത്തേപ്പോലെ മനസ്സറിഞ്ഞു് ഒരു നുണപറയാൻ പോലും പറ്റാത്തതാണു് ഇന്നത്തെ കാലം. അതുകൊണ്ടാവാം ഈയിടെയായി ഭൂമിയിലേക്കു് ദൈവം പോലും വരാത്തതു്. ദൈവമക്കളെപ്പോലെ, അത്ഭുതമെന്നു് കേട്ടാൽ, കാണാതെ വിശ്വസിക്കുന്ന ഭാഗ്യവാന്മാർ പൂച്ചകളുടെയിടയിൽ ഇല്ല. ഒരു പൂച്ചപ്പെണ്ണു് തന്റേതു് അത്ഭുതഗർഭമാണെന്നു് അവകാശപ്പെടുന്നതു്, ചന്തയിൽ നിന്നു് വരുമ്പോൾ വിശ്വാസിക്കുഞ്ഞുങ്ങൾക്കു് വാങ്ങിക്കൊണ്ടുവരേണ്ട സാധനസാമഗ്രികളുടെയും, സാധിച്ചുകൊടുക്കേണ്ട ആഗ്രഹങ്ങളുടെയും നീണ്ട ലിസ്റ്റ്‌ മനുഷ്യന്റെ സ്വൈര്യം കെടുത്തുന്നവിധം ഉച്ചഭാഷിണിയിലൂടെ ദൈവത്തോടു് ദിവസേന ദേവാലയങ്ങളിൽ നിന്നു് വിളിച്ചുപറയുന്നവർ വെളിയിൽ വരുമ്പോൾ അവിടെ നടന്നതു് മൗനവ്രതമെടുത്ത പെണ്ണാടുകളുടെ ധ്യാനമായിരുന്നു എന്നു് പറയുന്നപോലിരിക്കും.

ശ്രീ രാധാകൃഷ്ണൻ തുടരുന്നു: “അങ്ങേയറ്റംവരെ എത്തിനിൽക്കുന്ന അറിവു് എന്നാണു് വേദാന്തം എന്ന വാക്കിനർത്ഥം. സയൻസിനു് അങ്ങനെയൊരർത്ഥമില്ല. അതുകൊണ്ടു് പരാവിദ്യയെ സയൻസുകൊണ്ടും, അപരാവിദ്യയെ ഗീതകൊണ്ടും അളക്കാനൊരു ശ്രമം നടത്തി”. “അങ്ങേയറ്റം” വരെ എത്തിനിൽക്കുന്ന അറിവു്! സർവ്വത്തിലും വലിയതു്, സർവ്വജ്ഞാനവും ഉൾക്കൊള്ളുന്നതു്, സർവ്വശക്തിയും കേന്ദ്രീകരിക്കുന്നതു്, സർവ്വപ്രപഞ്ചത്തിലും വ്യാപിക്കുന്നതു്, അങ്ങനെ മൗണ്ട്‌ എവറസ്റ്റിനെവരെ നാണിപ്പിക്കുംവിധം എല്ലാത്തരം സ്യുപ്പർലറ്റീവുകളെയും ഒന്നൊഴിയാതെ തൂത്തുവാരിക്കൂട്ടിയ മഹാപർവ്വതമെന്നോണം, അങ്ങേയറ്റത്തിന്റെ അങ്ങേയറ്റം വരെ എത്തിനിൽക്കാത്ത എന്തെങ്കിലുമുണ്ടോ ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവന്റെ ദൈവത്തിലും അവന്റെ വിശ്വാസത്തിലും? നാമവിശേഷണങ്ങളിലെ ധാരാളിത്തം കൊണ്ടു് അർത്ഥത്തിലെ പഞ്ഞവും പൈത്യവും കോമ്പൻസേറ്റ്‌ ചെയ്യാനാവുമെന്നു് കരുതാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ടെങ്കിലും, വിശ്വാസികളുടെ ഇടയിലെന്നപോലെ എല്ലായിടത്തും അതു് വിലപ്പോകും എന്ന ധാരണ മൗഢ്യമാണു്. അതുപോലെതന്നെയാണു് യൂണിറ്റ്‌സ്‌ ആൻഡ്‌ മെഷേഴ്സ്‌ എന്നാൽ എന്തെന്നു് അറിയേണ്ടുന്ന ഒരു ഫിസിസിസ്റ്റ്‌ പരാവിദ്യയെ സയൻസുകൊണ്ടും, അപരാവിദ്യയെ ഗീതകൊണ്ടും അളക്കുന്നതിൽ അഭിമാനപുളകിതനാവുന്നതു്! തികച്ചും ശാസ്ത്രീയമായ ഒരു മെഷർമെന്റ്‌ എന്നല്ലാതെ എന്തു് പറയാൻ? സമുദ്രത്തിലെ ജലത്തിന്റെ വ്യാപ്തം സെക്കൻഡിലും, ആഴം ഇടങ്ങഴിയിലും അളക്കുന്നതുപോലെ, ബ്രഹ്മജ്ഞാനത്തെ സയൻസുകൊണ്ടും, ഭൗതികജ്ഞാനമായ ശാസ്ത്രത്തെ ഗീതകൊണ്ടും അളക്കുക! ഭാവനയിലൂടെ സങ്കൽപിക്കാമെന്നല്ലാതെ, മനുഷ്യബുദ്ധിക്കു് അറിയാനോ അപഗ്രഥിക്കാനോ കഴിയാത്ത ആദ്ധ്യാത്മികതയുടെ അളവുകോൽ കൊണ്ടു് മനുഷ്യബുദ്ധിയുടെ സൃഷ്ടിയായ സയൻസിനെ അളന്നുകുറിക്കുക! ശ്രീ രാധാകൃഷ്ണൻ അപ്ലൈഡ്‌ ഫിസിക്സിനോടൊപ്പം സർവേയിങ് ആൻഡ്‌ ലെവലിങ് കൂടി പഠിക്കാഞ്ഞതു് എന്തുകൊണ്ടെന്നാണു് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതു്. ഏതായാലും, പാരപണിയൽ, പാരവയ്ക്കൽ, പാരകയറ്റൽ മുതലായ പാരാപരമായ വിദ്യകൾ പാരമ്പര്യമായിത്തന്നെ പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന കേരളത്തിൽ പരാവിദ്യ, അപരാവിദ്യ മുതലായ അപാരവിദ്യകൾക്കു് കസ്റ്റമേഴ്സ്‌ ഇല്ലാതെ പോകും എന്ന ഒരു ഭയം വേണ്ട.

പ്രപഞ്ചത്തിലെ സമസ്ത ഉരുവങ്ങളും പ്രപഞ്ചം മൊത്തത്തിലും സജീവമാണു് എന്നതാണു് ഗീതയുടെ അടിസ്ഥാനസങ്കൽപമെന്നും, ഈ പെരും കൂട്ടായ്മ മോക്ഷത്തിലേക്കു് നടത്തുന്ന പ്രസ്ഥാനത്തിന്റെ കഥയാണു് വ്യാസൻ പറയുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. പ്രപഞ്ചം മൊത്തത്തിൽ സജീവമാണെന്ന കാര്യത്തിൽ ആധുനികശാസ്ത്രത്തിനും സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. പക്ഷേ, ഗ്യാലക്സികളും, ബ്ലാക്ക്‌ ഹോളുകളും, ഡാർക്ക്‌ എനർജിയും ഡാർക്ക്‌ മാറ്ററും, എന്നുവേണ്ട, പ്രപഞ്ചം ഒന്നടങ്കം ആക്റ്റീവ്‌ ആയിരിക്കുന്നതിനെ അവ മോക്ഷത്തിലേക്കു് നടത്തുന്ന ഒരു “ജാഥയായി” ഒരു ഫിസിസിസ്റ്റ്‌ വിശേഷിപ്പിച്ചാൽ അതിനെ നായിവിറ്റി എന്നല്ലാതെ എന്താണു് വിളിക്കേണ്ടതു്? ചില ഉൽക്കകളുടെയൊക്കെ കൊടിയും പിടിച്ചുകൊണ്ടുള്ള ഓട്ടം കണ്ടാൽ സത്യത്തിൽ അങ്ങനെയൊരു സംശയം ആർക്കുമുണ്ടാവാമെന്നതു് ന്യായമാണു്. സംസാരദുഃഖങ്ങളിൽ നിന്നും അന്തിമമായി നിവൃത്തി നേടുന്നതുവഴി ആത്മാവിനു് സംഭവിക്കുന്ന പരമാനന്ദത്തിന്റെ ഒരുതരം കിരുകിരുപ്പുണ്ടാക്കുന്ന സ്വർഗ്ഗീയാവസ്ഥയാണല്ലോ മോക്ഷം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ആ സ്ഥിതിക്കു് മോക്ഷം തേടി ഓടുന്ന ഉൽക്കകളെ കുറ്റപ്പെടുത്തുന്നതു് ക്രൂരതയാണെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം, “സംസാരം” വഴി അവറ്റകൾക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തീവ്രദുഃഖത്തിന്റെ ആഴം എത്ര “ഇടങ്ങഴി” എന്നു് ഉൽക്കകൾക്കല്ലാതെ നമ്മൾ മനുഷ്യർക്കു് അറിയാൻ കഴിയില്ലല്ലോ. അറിയാത്ത കാര്യങ്ങളിൽ കയറി ഇടപെടുന്നതു് മര്യാദകേടാണു്. ഉൽക്കകളുടെ കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ അങ്ങനെ ഒരുവിധം പൊരുത്തപ്പെടാവുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാമെങ്കിലും, മൊത്തം പ്രപഞ്ചവും പരക്കം പായുന്നതു് മോക്ഷത്തിനുവേണ്ടിയാണെന്ന ശ്രീ രാധാകൃഷ്ണന്റെ നിഗമനത്തെ ഏതു് നിർവാണം വാഗ്ദാനം ചെയ്താൽ എന്നെ വിശ്വസിപ്പിക്കാനാവുമെന്നു് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതു് വിഷയത്തേയും ആത്മീയതയിലും ദൈവത്തിലും മോക്ഷത്തിലും കൊണ്ടുചെന്നെത്തിക്കാനുള്ള ഭാരതീയന്റെ അപൂർവ്വസിദ്ധി പണ്ടേ പ്രസിദ്ധമാണല്ലോ.

അവിശ്വസനീയം എന്നു് തോന്നാമെങ്കിലും, തങ്ങൾ ദൈവത്തിന്റെ തനി സ്വരൂപികളാണെന്നു് വിശ്വസിക്കുന്ന ചില മനുഷ്യർ വാസ്തവത്തിൽ ഈ ലോകത്തിലുണ്ടു്. അവർക്കെന്നല്ല, കുന്നുകളും കുഴികളും പൊത്തുകളും ഗുഹകളും “സുഗന്ധ”വാഹികളായ നീരൊഴുക്കുകളും പൊട്ടിത്തെറിയുടെ അകമ്പടിയോടെയുള്ള ലാവാപ്രവാഹങ്ങളുമായി സ്വർഗ്ഗീയത വഴിഞ്ഞൊഴുകുന്ന മനുഷ്യശരീരം ശ്രദ്ധിച്ചിട്ടുള്ള ആർക്കും മനുഷ്യൻ ദൈവസ്വരൂപിയാണെന്ന കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല. മറ്റു് ജീവികളിലും ഈ സംഗതികളൊക്കെ ഏറിയോ കുറഞ്ഞോ പല രൂപത്തിലുമുണ്ടെങ്കിലും, അവയെ സൃഷ്ടിച്ചതും ദൈവമാണെന്നു് ആ മനുഷ്യർ വിശ്വസിക്കുന്നുണ്ടെങ്കിലും, ദൈവസ്വരൂപികളായി അവയെ അംഗീകരിക്കാൻ അവർ തയ്യാറാവാറില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടമായതിനാലാണത്രെ അവനു് ദൈവത്തിന്റെ തനിസ്വരൂപം കിട്ടിയതു്! ഒരു തരംതിരിവുമില്ലാതെ കാണുന്നവരിൽ നിന്നൊക്കെ മക്കളെ ജനിപ്പിച്ച ചില പ്രഭുക്കന്മാർക്കു് ഇതുപോലുള്ള ചില അവകാശത്തർക്കങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ക്യാരക്റ്ററിസ്റ്റിക്സ്‌ വച്ചുനോക്കുമ്പോൾ, ദൈവവും ഒരു വലിയ പ്രഭു തന്നെയാണല്ലോ. പ്രഭുക്കന്മാരുടെ പ്രഭു! രാജാധിരാജൻ! അതുപോലൊരു ദൈവത്തിന്റെ തനിസ്വരൂപിയാവുക എന്നതു് ചെറിയ കാര്യമല്ല. ഞങ്ങൾ വരുന്നതു് ഉന്നത കുലങ്ങളിൽ നിന്നാണു് എന്നു് വരുത്തിത്തീർക്കാൻ ചില മനുഷ്യർ പെടുന്ന പാടുകൾ നമ്മൾ നിത്യേനയെന്നോണം കാണുന്നതുമല്ലേ? ആരും സൂത്രത്തിൽ തന്റെ ദൈവസ്വരൂപം കാണാതിരിക്കാനായി ചില സ്ഥലങ്ങളിൽ മനുഷ്യർ ദൈവകൽപനക്കനുസൃതമായി അവരുടെ ശരീരം മുഴുവൻ മൂടിക്കെട്ടിക്കൊണ്ടുപോലും നടക്കാറുണ്ടു്. ദൈവത്തെ കാണണമെന്നുള്ളവർ നേർച്ചയിടട്ടെ എന്നാണവരുടെ ന്യായമായ നിലപാടു്. ദൈവസ്വരൂപികളെ സംബന്ധിച്ചു്, മോക്ഷം തേടുന്ന ഒരു പ്രപഞ്ചം എന്നതു് ഒരിക്കലും ഒരു അസാദ്ധ്യതയാവാൻ വഴിയില്ല. എത്രയൊക്കെ ആയാലും ദൈവസൃഷ്ടിയായ പ്രപഞ്ചവും ഒരു ജീവി തന്നെയല്ലോ എന്നാവും അവർ ഹാലേലുയ്യായുടെ അകമ്പടിയോടെ ആർപ്പിടുന്നതു്. യഥാർത്ഥമായ പരമാനന്ദം പ്രപഞ്ചത്തിനു് വെളിയിലാണെന്നു് ചില “അതീന്ദ്രിയജ്ഞാനികൾ” ഇടതടവില്ലാതെ പിറുപിറുത്തുകൊണ്ടിരിക്കുന്നതു് വെറുതെയല്ലെന്നു് ഇപ്പോഴെങ്കിലും നമുക്കു് കാര്യകാരണസഹിതം വ്യക്തമായല്ലോ.

ശ്രീ രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ, ഗീതോപദേശത്തിനുവേണ്ടി വ്യാസൻ മെനഞ്ഞെടുത്തതാണു് മഹാഭാരതകഥ. ഈ അഭിപ്രായം വഴി, മഹാഭാരതകഥയും ഭഗവദ്‌ഗീതയും വ്യാസന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു് പ്രത്യക്ഷമായി അംഗീകരിക്കുകയാണു് താൻ ചെയ്യുന്നതെന്നു് അറിയാതെയാണു് ഒരു ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ ആ പ്രസ്താവന നടത്തിയതെന്നു് കരുതാൻ എനിക്കാവുന്നില്ല. മഹാഭാരതം വ്യാസന്റെ ഭാവനാസൃഷ്ടിയാണെങ്കിൽ, മഹാഭാരതയുദ്ധം എന്നൊന്നു് യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ, ഏതു് അർജ്ജുനനോടു് ഏതു് ഭഗവാൻ ഏതു് സന്ദർഭത്തിൽ എന്തിനായി ഒരു ഗീതോപദേശം നടത്തണം? ഗീതോപദേശത്തിനുവേണ്ടി മഹാഭാരതകഥ (ആ കഥയുടെ ആദ്യരൂപമെങ്കിലും) മെനഞ്ഞെടുക്കുന്ന വ്യാസൻ തന്നെയാണു് ഗീതോപദേശങ്ങൾ നൽകുന്ന “ഭഗവാൻ” എന്നതല്ലേ സാമാന്യയുക്തിയുടെ വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യതയുള്ളതു്? ഏതായാലും, ഇവിടെ ശ്രീ രാധാകൃഷ്ണൻ വസ്തുതാപരമായി യാഥാർത്ഥ്യത്തോടു് കൂടുതൽ അടുത്തു് നിൽക്കുന്നു എന്നതിനാൽ അഭിനന്ദിക്കാതെ വയ്യ താനും. ഏതു് വേദഗ്രന്ഥവും മനുഷ്യസൃഷ്ടി മാത്രമാണെന്നും, എഴുത്തുകാരൻ അവന്റെ മനസ്സിൽ രൂപംകൊള്ളുന്ന അത്തരം ഭാവനാസൃഷ്ടികളിൽ ദൈവം എന്നൊരു കഥാപാത്രത്തിനു് നായകവേഷം നൽകി അണിയിച്ചൊരുക്കി മനുഷ്യരുടെ മുന്നിൽ അവതരിപ്പിക്കുന്ന അദ്ധ്യാത്മികപാവകളിയിലെ ഒരു സാങ്കൽപികവേഷം മാത്രമാണു് ഈശ്വരൻ എന്നും പറയാതെ പറയുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണൻ ഇവിടെ ചെയ്യുന്നതു്? അതിന്റെ വെളിച്ചത്തിൽ, താനെല്ലാം പറഞ്ഞുകഴിഞ്ഞു എന്നും, അതു് കമ്പോടു് കമ്പു് പഠിച്ചശേഷം ഇനി എല്ലാവർക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാമെന്നും ഭഗവാൻ പറയുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ തുടർന്നു് സൂചിപ്പിക്കുമ്പോൾ, അതു് പറയുന്നതു് സത്യത്തിൽ ഭഗവാനോ അതോ ഇല്ലാത്ത ഒരു ഭഗവാനെ സൃഷ്ടിച്ചൊരുക്കിയ വ്യാസനോ എന്നു് ചോദിക്കാതിരിക്കാനാവുമോ? മറ്റുള്ളവർക്കു് (മനുഷ്യർക്കു്) വ്യാഖ്യാനിക്കാൻ അവസരവും അനുവാദവും നൽകുന്നതുവഴി, തന്റെ ഉപദേശങ്ങൾ വ്യാഖ്യാനത്തിനു് അതീതമല്ലെന്നും, അതിൽ സംശയരഹിതമായും നികത്തപ്പെടേണ്ടതോ നീക്കപ്പെടേണ്ടതോ ആയ പഴുതുകളുണ്ടെന്നും സംശയത്തിനു് ഇടനൽകാത്തവിധം കുറ്റസമ്മതം നടത്തുന്നതു് ഭഗവാനോ, അതോ ആ ഭഗവാനെ സൃഷ്ടിച്ചു് മനുഷ്യരുടെ ഇടയിലേക്കു് ആട്ടിയിറക്കിയ വ്യാസനോ എന്നു് തന്നോടുതന്നെ ചോദിക്കാനുള്ള ബാദ്ധ്യത എന്തുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ശ്രദ്ധിച്ചില്ല? ഏതെങ്കിലും ഒരർത്ഥത്തിൽ നിലനിൽക്കുന്ന ഒരു (റിയൽ)ദൈവമാണു് സ്വന്തം പരിമിതിയെ പരസ്യമായി അംഗീകരിച്ചുകൊണ്ടു് ഇതുപോലൊരു കുറ്റസമ്മതം നടത്തുന്നതെങ്കിൽ, ഒരു ദൈവം എന്ന നിലയിൽ തന്റെ ദൈവികസിംഹാസനത്തിൽ നിന്നും സ്വയം സ്ഥാനഭ്രഷ്ടനാക്കുകയല്ലേ അതുവഴി അവൻ ചെയ്യുന്നതു്? തന്റെ അപൂർണ്ണതയെപ്പറ്റി പൂർണ്ണമായ ബോധമുള്ളതിനാൽ ആ വസ്തുത വളച്ചുകെട്ടില്ലാതെ തുറന്നുപറയുന്ന ഒരു ദൈവം എങ്ങനെ സമ്പൂർണ്ണൻ എന്ന വിശേഷണത്തിനു് അർഹനാവും? സമ്പൂർണ്ണനല്ലാത്ത ഒന്നിനെ ദൈവമായി അംഗീകരിക്കാൻ ഏതെങ്കിലുമൊരു വിശ്വാസി തയ്യാറാവുമോ? അതിനവൻ തയ്യാറാവണമെന്നു് ആവശ്യപ്പെടാൻ ശ്രീ രാധാകൃഷ്ണൻ ധൈര്യപ്പെടുമോ?

കുട്ടികൾക്കു് ശരിയായ രീതിയിൽ ഗീത പറഞ്ഞുകൊടുത്താൽ അവർക്കുപിന്നെ ജീവിതത്തിൽ മറ്റൊരു ഉപദേശത്തിന്റെയും ആവശ്യം വരില്ലത്രെ! എല്ലാ മതങ്ങളും പതിവായി പാടാറുള്ള ഒരു പല്ലവിയാണിതു്. “കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” എന്നു് യേശു പറഞ്ഞുവെന്നാണു് ബൈബിൾ പഠിപ്പിക്കുന്നതു്. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങൾ കുഞ്ഞുങ്ങൾ ജനിച്ചു് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരെ “ജ്ഞാനസ്നാനം” ചെയ്യാറുണ്ടു്! ഒരാഴ്ച മാത്രം പ്രായമുള്ള, എന്തിനു്, ഒരു മാസമോ, ഒരു വർഷമോ പ്രായമുള്ള ഒരു കുഞ്ഞിനു് എന്തു് ജ്ഞാനമാണു് ഒരു സ്നാനത്തിലൂടെ ഏറ്റെടുക്കാനാവുന്നതു്? ദൈവപുത്രന്റെ അമലോത്ഭവവും, ഗോതമ്പപ്പവും വീഞ്ഞും മനുഷ്യപുത്രന്റെ ശരീരവും രക്തവുമാവുന്നതും, തലയും വാലുമില്ലാത്ത മറ്റെത്രയോ “നിത്യസത്യങ്ങളും” ഒന്നടങ്കം പരിശോധിച്ചു് നിജസ്ഥിതി ഉറപ്പുവരുത്തിയശേഷമാണല്ലോ ഒരു കുഞ്ഞു് “വിജ്ഞാനസ്നാനം” ഏൽക്കുന്നതു്!! യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടവർക്കല്ലാതെ ഇതുപോലുള്ള ഭ്രാന്തൻ നടപടികളെ പിന്തുണക്കാനും പ്രതിരോധിക്കാനുമാവുമോ?

ബാല്യത്തിലേതന്നെ കുഞ്ഞുങ്ങളെ ബലാൽക്കാരമെന്നോണം ദൈവമക്കളാക്കി മാറ്റാനുള്ള ഈ തിടുക്കംകൂട്ടൽ ഇസ്ലാമിലും യഹൂദരിലും, എന്നുവേണ്ട മിക്കവാറും എല്ലാ മതങ്ങളിലും ഒരു അനിവാര്യതയെന്നപോലെയാണു് അനുവർത്തിക്കപ്പെടുന്നതു്. പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലുമെല്ലാം ഭയം തളം കെട്ടുന്ന മുഖവുമായി തറയിലിരുന്നു് മുന്നോട്ടും പുറകോട്ടും ആടിക്കൊണ്ടു് തത്തക്കിളിയെപ്പോലെ വേദവാക്യങ്ങൾ ചൊല്ലിപ്പഠിക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയമായ ചിത്രം കാണേണ്ടിവന്നിട്ടുണ്ടു്. അതുപോലെ ഭയത്തിൽ വളർത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിന്താശേഷി എങ്ങനെ വികസിക്കാനാണു്? വായിക്കുന്നതിനെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത പ്രായത്തിലുള്ള വായനയും പഠിത്തവും കൗണ്ടർപ്രൊഡക്റ്റീവ്‌ മാത്രമേ ആവൂ. ഭയത്തിൽ ചിന്താശേഷി പ്രവർത്തനരഹിതമാണു്. ബാല്യത്തിലേ അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസപഠനം വഴി മനുഷ്യബുദ്ധിയെ കാർന്നുതിന്നുന്ന തീരാരോഗത്തിന്റെ അണുക്കളാണു് കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കപ്പെടുന്നതു്.

ഈ വസ്തുതകളെയെല്ലാം അവഗണിച്ചുകൊണ്ടു് ബാല്യകാലത്തിൽ നൽകുന്ന “ശരിയായ” ഗീതാപഠനം സങ്കടങ്ങൾ മറികടക്കാനും സംശയങ്ങളെ അകറ്റാനും ലോകത്തോടു് പെരുമാറാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുമെന്ന ശ്രീ രാധാകൃഷ്ണന്റെ അവകാശവാദം എത്രത്തോളം അടിസ്ഥാനരഹിതമാണെന്നതിനു് ഫിസിക്സ്‌ പഠനത്തിനും ഒബ്സർവേറ്ററിയിലെ ജോലിവഴി പ്രപഞ്ചത്തിന്റെ വിദൂരതകളുടെ വീക്ഷണത്തിനും ശേഷവും വ്യാസൻ എഴുതിയുണ്ടാക്കിയതെന്നു് സ്വയം സമ്മതിക്കുന്ന ഒരു ഗ്രന്ഥത്തിൽ സാക്ഷാൽ ഭഗവാന്റെ ഉപദേശങ്ങൾ ദർശിക്കുന്ന ശ്രീ രാധാകൃഷ്ണനിൽ കൂടിയ ഒരു തെളിവു് ഹാജരാക്കേണ്ടതായിട്ടുണ്ടോ? ഒരു കുഞ്ഞിന്റെ തലയിലേക്കു് ഗീതയിലോ, ഖുർആനിലോ, ബൈബിളിലോ, മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളിലോ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ആദ്ധ്യാത്മികജൽപനങ്ങളുടെ പാറക്കഷണങ്ങൾ കുത്തിത്തിരുകാൻ ശ്രമിക്കുന്നവർ അതുവഴി അവരുടെ മതങ്ങൾക്കുവേണ്ടി പ്രതികരണശേഷിയില്ലാത്ത നിശബ്ദബലിയാടുകളെ പരുവപ്പെടുത്തിയെടുക്കുകയാണു് ചെയ്യുന്നതു്. മനുഷ്യബുദ്ധിയോടു് ചെയ്യുന്ന അക്ഷന്തവ്യമായ ഈ കുറ്റകൃത്യത്തിനു്, അതു് ചെയ്യപ്പെടുന്നതു് ദൈവനാമത്തിലാണു് എന്നതിനാൽ, തലമുറകളായി അതേ രീതിയിൽത്തന്നെ വളർത്തപ്പെട്ട സാമൂഹികാംഗങ്ങളുടെ അംഗീകാരവും ലഭിക്കുന്നു. അതും, മുകളിൽ നമ്മൾ കണ്ടതുപോലെ, ദൈവത്തിന്റേതെന്ന പേരിൽ വേദഗ്രന്ഥങ്ങളിൽ നിരത്തിയിരിക്കുന്ന വിടുവായത്തരം വഴി സ്വയം ദൈവമല്ലാതാക്കി മാറ്റാൻ മാത്രം വിഡ്ഢികളായ കുറെ ദൈവങ്ങളുടെ നാമത്തിൽ! വേദഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കിയവരുടെ ബുദ്ധിയിൽ കൂടിയ ബുദ്ധിയും, അവരുടെ വിഡ്ഢിത്തത്തിൽ കുറഞ്ഞ വിഡ്ഢിത്തവും അവരുടെ ദൈവങ്ങളിൽ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നതിന്റെ തെളിവല്ലാതെ മറ്റെന്താണതു്? മനസ്സിരുത്തി വായിച്ചാൽ, എല്ലാ വേദഗ്രന്ഥങ്ങളുടെയും കഥ ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല എന്നു് മനസ്സിലാക്കാനാവും. അതുപോലൊരു മനസ്സിലാക്കൽ അസാദ്ധ്യമാക്കിത്തീർക്കാനാണു് ബാല്യത്തിലേ തന്നെ വേദോപദേശം വഴി തലച്ചോറു് ആമ്പ്യുട്ടേറ്റ്‌ ചെയ്തു് അവിടെ പൊത്തടയ്ക്കുന്നതുപോലെ മതവിശ്വാസത്തിന്റെ കോൺക്രീറ്റ്‌ ഇട്ടു് ഉറപ്പിച്ചു് ദൈവമക്കളുടെ തലയിലേക്കു് ബോധോദയത്തിന്റെ വെളിച്ചം കടക്കാതാക്കുന്നതു്.

സ്വന്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചതു് ശാസ്ത്രമാണെന്നും, ശാസ്ത്രത്തിന്റെ ഈ വെളിച്ചം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണു് ആദിശങ്കരൻ മുതലുള്ളവരുടെ കണ്ണുകളിലൂടെ ഗീതയെ കാണാൻ ശ്രമിക്കാതിരുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. പക്ഷേ, ശാസ്ത്രം നൽകിയ സ്വന്തമായ കാഴ്ചപ്പാടു് ഉപയോഗിച്ചു് ഗീതയെ പരിശോധിക്കുന്നതിനു് പകരം വ്യാസൻ പറഞ്ഞ (ശ്രീ രാധാകൃഷ്ണന്റെ സ്വന്തം അഭിപ്രായത്തിൽ) ഒരു സാങ്കൽപിക കഥയെ ഭഗവാൻ അരുളിച്ചെയ്ത ദിവ്യോപദേശമായി തെറ്റിദ്ധരിക്കുകയും അതിനനുസരിച്ചു് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ, ഗീതയെ ആദിശങ്കരന്റെയും മറ്റും കണ്ണുകളിലൂടെപ്പോലും കാണാതിരിക്കാൻ മാത്രം കരുത്താർജ്ജിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം എവിടെപ്പോയി ഒളിച്ചു എന്നു് എനിക്കറിയില്ല. ഏതായാലും, ശ്രീ രാധാകൃഷ്ണന്റെ ഈ അഭിപ്രായം പരിശോധിച്ചാൽ, സ്വന്തമായ ഒരു കാഴ്ചപ്പാടു് ഉണ്ടാക്കാൻ ശാസ്ത്രീയമായ ജ്ഞാനത്തിലൂടെയേ കഴിയൂ എന്നതിനാൽ, കഴിയുന്നത്ര മനുഷ്യരെ ശാസ്ത്രബോധമുള്ളവരാക്കുക എന്നതാണു് പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്നു് അദ്ദേഹവും പരോക്ഷമായെങ്കിലും അംഗീകരിക്കുകയാണു് ചെയ്യുന്നതെന്നു് കാണാൻ കഴിയും. അതുവഴി ഏറ്റവും ചുരുങ്ങിയപക്ഷം, “രഹസ്യങ്ങളിൽ രഹസ്യം” എന്നു് ശ്രീ രാധാകൃഷ്ണൻ വിശേഷിപ്പിക്കുന്ന ഗീതയിലെ അറിവു് ആദിശങ്കരന്റെയോ, ശ്രീ രാധാകൃഷ്ണന്റെയോ, മറ്റാരുടെയെങ്കിലുമോ കണ്ണുകളിലൂടെയല്ലാതെ, അഥവാ വ്യാഖ്യാനങ്ങളിലൂടെയല്ലാതെ സ്വന്തം കാഴ്ചപ്പാടിലൂടെ കാണാനും മനസ്സിലാക്കാനും അവർക്കും കഴിയും. അതു് ഗീതയിൽ മാത്രമായി ഒതുങ്ങേണ്ട ഒരു കാര്യമല്ലതാനും. കേരളത്തിൽ കുന്നുകൂടുന്ന മതപരമായ ലിഖിതങ്ങളിൽ അധികപങ്കും അവ എഴുതപ്പെട്ടിരിക്കുന്ന കടലാസിന്റെ വിലപോലും അർഹിക്കാത്തവയാണെന്നു് അങ്ങനെയേ ജനം തിരിച്ചറിയൂ. അതിന്റെ അന്തിമഫലമെന്നോണം വായിക്കാനാളില്ലാത്തവയുടെ പ്രിന്റിംഗ്‌ കുറയും, പേപ്പർ നിർമ്മാണത്തിനു് വേണ്ടിയുള്ള വനനശീകരണം കുറയും, അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവു് കൂടും, കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ മനുഷ്യനും മറ്റു് ജീവജാലങ്ങൾക്കും കഴിയും. മുകളിൽ സൂചിപ്പിച്ചതുപോലെ, എന്തിലും ഏതിലും, ശാസ്ത്രത്തിലും യുക്തിയിലും പോലും, ദൈവത്തെയും ആത്മീയതയേയും കൊണ്ടുപോയി കുടിയിരുത്തിയേ അടങ്ങൂ എന്ന, തലമുറകളായി ബാധിച്ചിരിക്കുന്ന ഭ്രാന്തിൽ നിന്നും തന്നെ മോചിപ്പിക്കാൻ ഭാരതീയനു് കഴിഞ്ഞാൽ നേടാൻ കഴിയുന്ന പ്രയോജനകരമായ എത്രയോ കാര്യങ്ങളിൽ ചിലതു് മാത്രമാണിവ.

ഗീത പറഞ്ഞാലും ഇല്ലെങ്കിലും, വ്യതിയാനം എന്നതു് ഒരു പ്രപഞ്ചനിയമമാണു്. അതിനു് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടോ എന്നതു് മറ്റൊരു കാര്യം. ഏതെങ്കിലുമൊരു വേദഗ്രന്ഥം പറഞ്ഞതുകൊണ്ടു് ഉണ്ടാവുന്ന ഒന്നല്ല വ്യതിയാനത്തിനുള്ള ആ സ്വാതന്ത്ര്യം. അതുപോലെതന്നെ, അവനവന്റെ പ്രശ്നങ്ങൾ “അഴിച്ചെടുക്കൽ” ഓരോരുത്തന്റെയും ചുമതലയാണെങ്കിൽ, പണ്ടേ കാലഹരണപ്പെട്ട കുറെ തത്വങ്ങളും സൂക്തങ്ങളുമല്ലാതെ, ഇന്നത്തെ പ്രായോഗികജീവിതത്തിനു് യാതൊരു പ്രയോജനവുമില്ലാത്ത വേദഗ്രന്ഥങ്ങൾ എന്തിനവിടെ ചുറ്റിത്തിരിയണം? വിശക്കുന്ന ഒരുവനു് വേണ്ടതു് ഭക്ഷണമാണു്, രോഗിയായ ഒരുവനു് വേണ്ടതു് ചികിത്സയാണു്, മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാൻ ഒരുവനു് വേണ്ടതു് അതിനു് മതിയാവുന്ന വരുമാനമുള്ള ഒരു ജോലിയാണു്, അതു് നേടാൻ അവനു് വേണ്ടതു് അനുയോജ്യമായ വിദ്യാഭ്യാസമാണു് – ലളിതമായ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ, ശ്രീ രാധാകൃഷ്ണൻ പറയുന്നപോലെ, ഗീത ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി ഉപദേശിക്കുന്ന “രഹസ്യങ്ങളിൽ വച്ചു് രഹസ്യമായ” അറിവുകളുടെ ആവശ്യം എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനുഷ്യന്റെ മേൽപറഞ്ഞ പ്രാഥമികമായ ആവശ്യങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവനുപോലും ഒഴിവാക്കാനാവാത്ത കാര്യങ്ങളാണു്. നിരക്ഷരനായ ഒരു പട്ടിണിക്കാരനു് അവന്റെ വിശപ്പു് മാറ്റാൻ ഗീതയിൽ മറഞ്ഞിരിക്കുന്ന രഹസ്യജ്ഞാനമോ, അതിന്റെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളോ വായിക്കാനാവുമോ? അവനു് വായിക്കാനറിയാമെങ്കിൽതന്നെ അതുവഴി അവന്റെ വിശപ്പു് മാറുമോ? ബൈബിളിലേതുപോലെ, “മനുഷ്യപുത്രൻ അപ്പം കൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ കൊണ്ടും ജീവിക്കുന്നു” മുതലായ, പൗരോഹിത്യവായിൽ നിന്നും വരുന്ന അർത്ഥശൂന്യമായ ഭംഗിവാക്കുകളല്ലാതെ, മനുഷ്യജീവിതത്തിലെ പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ഒന്നും ഒരു വേദഗ്രന്ഥത്തിലും കാണാനാവില്ല എന്ന വസ്തുതയ്ക്കു് അടിവരയിടുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണന്റെ വ്യാഖ്യാനം ചെയ്യുന്നതു്? “ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നില്ല”. വിതയ്ക്കാതെയും കൊയ്യാതെയും കളപ്പുരകളിൽ ശേഖരിക്കാൻ പറവകൾ പുരോഹിതരല്ലല്ലോ. വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നില്ലെങ്കിലും നല്ലപോലെ കഷ്ടപ്പെട്ടുതന്നെയാണു് ഏതു് പറവകളും ജീവിക്കുന്നതു്. മഞ്ഞുകാലവും മറ്റും മൂലം ആഹാരസമ്പാദനം സാദ്ധ്യമല്ലാത്ത പ്രദേശങ്ങളിൽ ആഹാരപദാർത്ഥങ്ങൾ സുരക്ഷിതമായി ശേഖരിച്ചു് വയ്ക്കുന്ന ജീവികളുണ്ടു്, മഞ്ഞുകാലം തീരുന്നതുവരെ ചൂടുരാജ്യങ്ങളിലേക്കു് കുടിയേറുന്ന പറവകളുണ്ടു്. യേറുശലേമിലെയും പരിസരപ്രദേശങ്ങളിലെയും കാലാവസ്ഥയിൽ നിന്നും നേർവിരുദ്ധമായ കാലാവസ്ഥയും അതിനനുസരിച്ച ജീവിതരീതികളും നിലവിലിരിക്കുന്ന രാജ്യങ്ങളും ലോകത്തിലുണ്ടു് എന്നു് അറിയാൻ ദൈവപുത്രനായാൽ മാത്രം പോരാ, അതുപോലുള്ള പ്രദേശങ്ങളിലൊക്കെ യാത്രചെയ്തും വേണ്ടത്രനാൾ ജീവിച്ചുമൊക്കെ അനുഭവങ്ങൾ സമ്പാദിക്കണം. അല്ലെങ്കിൽ ഏതു് ഗിരിപ്രഭാഷണവും കവലപ്രസംഗത്തിനു് അപ്പുറമെത്തില്ല.

ശങ്കരാചാര്യർ പറഞ്ഞതു് എല്ലാം മിഥ്യയാണെന്നാണെന്നും, എല്ലാം മിഥ്യയാണെങ്കിൽ പിന്നെ ആരും ഒന്നും ചെയ്യേണ്ടതില്ലല്ലോ എന്നും ശ്രീ രാധാകൃഷ്ണൻ. ശങ്കരാചാര്യർ പറഞ്ഞതിനെ ആദ്ധ്യാത്മികതയുടെ കുപ്പായത്തിൽ പൊതിയാതെ കാണാൻ ശ്രമിച്ചാൽ അതിൽ അൽപം വസ്തുതയുണ്ടെന്നു് മനസ്സിലാക്കാനാവും. ബാഹ്യലോകത്തെപ്പറ്റിയുള്ള നമ്മുടെ അറിവിനെ “മിഥ്യ” എന്നു് വിശേഷിപ്പിക്കുന്നതു് നിരുപാധികം തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. ഓരോരുത്തനും മനസ്സിലാക്കുന്ന ലോകം അവന്റെ തലച്ചോറിന്റെ ഒരു നിർമ്മിതി മാത്രമാണു്. ബാഹ്യലോകത്തിലെ മരങ്ങളോ, മലകളോ, കെട്ടിടങ്ങളോ ഒക്കെ നമ്മൾ കാണുന്നതു് അവ തലച്ചോറിനുള്ളിലേക്കു് “പ്രവേശിക്കാൻ” കഴിയുന്നവ ആയതുകൊണ്ടല്ലല്ലോ. “ഞാൻ കാണുന്നതു് നീയും കാണുന്നുണ്ടോ, അതിന്റെ രൂപവും ഭാവവുമെല്ലാം എങ്ങനെയാണു്” എന്നെല്ലാമുള്ള ആശയവിനിമയത്തിലൂടെ നമ്മൾ കാണുന്നവയുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ നമുക്കാവുമെങ്കിലും, ആ കാഴ്ചകൾ പോലെതന്നെ, നമ്മുടെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഒരു സ്വപ്നമാണെന്നും മിഥ്യയാണെന്നും ആരെങ്കിലും അവകാശപ്പെട്ടാൽ ആ അവകാശവാദത്തെ യുക്തിസഹമായി ഖണ്ഡിക്കാൻ മനുഷ്യർക്കു് മാർഗ്ഗമൊന്നുമില്ല. അതുകൊണ്ടാണു് ഒബ്ജക്റ്റീവ്‌ റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ നമുക്കു് കഴിയില്ലെന്നും, അങ്ങനെയൊന്നു് ഉണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ മനുഷ്യർക്കു് ഗത്യന്തരമൊന്നുമില്ലെന്നും തത്വചിന്തകനായ ഡേവിഡ്‌ ഹ്യൂം പ്രസ്താവിച്ചതു്. ഈ അതിർത്തിപ്രദേശത്തെ അന്ധകാരത്തിൽ, ശൂന്യതയിൽ നിന്നെന്നോണം ആവിർഭവിക്കുന്നവയാണു് ദൈവങ്ങളും മതങ്ങളും സ്വർഗ്ഗവും നരകവും മരണാനന്തരജീവിതവും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട മറ്റെല്ലാ ഫാക്കൾട്ടികളും. ഇല്ലാത്ത ദൈവത്തിനും ഇല്ലാത്ത പിശാചിനും ഇല്ലാത്ത ആത്മാവിനെ കൂട്ടിക്കൊടുത്തു് വിഡ്ഢികളായ ധാരാളം മനുഷ്യരെ കബളിപ്പിച്ചു് ഉപജീവനം കഴിക്കുന്ന ഏതാനും ചിലന്തികൾ വലകെട്ടി കാത്തിരിക്കുന്ന ഇരുൾ മൂടിയ തരിശുനിലം. കഞ്ചാവു് മണക്കുന്ന ആദ്ധ്യാത്മികതയുടെ മൂടൽമഞ്ഞിലൂടെ അങ്ങോട്ടേയ്ക്കുള്ള വിശ്രമമില്ലാത്ത യാത്രമൂലം കണ്ണുകാണാതായ ഭാരതീയനു് പണ്ടെങ്ങോ അവന്റെ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു. കാണുന്നതെന്തും ആ മൂടൽമഞ്ഞിലൂടെ മാത്രം കാണാൻ കഴിയുന്ന അവനു് വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ല.

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ എന്നൊരു പഴയ പോസ്റ്റിൽ മിഥ്യയെപ്പറ്റി ഞാൻ അൽപംകൂടി വിശദമായി എഴുതിയിട്ടുണ്ടു്.

(തുടരും)

 
18 Comments

Posted by on Nov 5, 2011 in മതം

 

Tags: , , ,