RSS

Daily Archives: Feb 18, 2019

ഉദ്ധതരുടെ നവോത്ഥാനം

നവോത്ഥാനം എന്ന വാക്കുകൊണ്ടു് മലയാളികൾ എന്താണു് ഉദ്ദേശിക്കുന്നതെന്നു് സത്യം പറഞ്ഞാൽ, എനിക്കിതുവരെ മനസ്സിലായിട്ടില്ല. പതിനഞ്ചു് – പതിനാറു് നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്ന റിനൈസൻസാണു് നവോത്ഥാനം എന്ന വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, അതുപോലൊരു നവോത്ഥാനം ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ല, സംഭവിക്കാൻ സാദ്ധ്യതയുമില്ല. കാരണം, യൂറോപ്പിനെ റിനൈസൻസിലെക്കു് നയിച്ച മുൻവ്യവസ്ഥകളും സാഹചര്യങ്ങളും കേരളത്തിലോ ഭാരതത്തിലോ ഒരിക്കലും നിലവിലിരുന്നിട്ടില്ല. മനുഷ്യന്റെ ബൌദ്ധികവും സാംസ്കാരികവുമായ ഉത്ഥാനത്തിനു് ഒരിക്കൽ തുടക്കം കുറിക്കുകയും, എന്തു് കാരണത്താലോ അതു് പൂർത്തീകരിക്കപ്പെടാൻ കഴിയാതെ പോകുകയും ചെയ്തിടത്തേ ഒരു നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നതിനു് എന്തെങ്കിലും അർത്ഥമുള്ളു. വീണ്ടും ജനനം, അഥവാ പുനർജ്ജന്മം എന്ന, ഫ്രഞ്ചിൽ നിന്നും വരുന്ന റിനൈസൻസ് എന്ന പദത്തിന്റെ അർത്ഥംതന്നെ അതു് വ്യക്തമാക്കുന്നുണ്ടു്. ഒരിക്കൽ ജനിക്കുകയും പിന്നീടു് മരിക്കുകയും ചെയ്തശേഷമല്ലാതെ, ഒരു വീണ്ടും ജനിക്കൽ സംഭവിക്കുന്നതെങ്ങനെ? നിർബന്ധമാണെങ്കിൽ, “ചത്തതിനോക്കുമേ ജീവിച്ചിരിക്കിലും” എന്ന അവസ്ഥയിൽ നിന്നുമുള്ള ഉയിർത്തെഴുന്നേല്പിനെക്കൂടി പുനർജന്മത്തിന്റെ പരിധിയിൽ പെടുത്താം. “പ്രബുദ്ധർ” എന്നു് നിരന്തരം നിലവിളിക്കുന്ന ജനങ്ങൾ വസിക്കുന്ന ചില നാടുകളിൽ രോഗശാന്തിശുശ്രൂഷകരായ ചില സുവിശേഷഘോഷകർ അത്തരം ഉയിർപ്പിക്കലുകൾ നടത്താറുമുണ്ടു്. പക്ഷേ, മരിച്ചപോലെ കിടന്നശേഷം, ഉയിർപ്പിക്കൽ ഉപദേശി “യേശ്ശ്ശ്ശുവിന്റെ” നാമത്തിൽ തന്നെ പേരു് ചൊല്ലി വിളിക്കുമ്പോൾ ഉയിർത്തു് എഴുന്നേൽക്കുന്നപോലെ അഭിനയിക്കാനായാലും ഒരിക്കൽ ഒരമ്മയിൽ നിന്നും ജനിച്ച കക്ഷികൾക്കല്ലേ കഴിയൂ? മക്കളെ ജനിപ്പിക്കൽ ഭക്തർ മല ചവിട്ടുന്നതുപോലെയാണു്: ജനകരെ സംബന്ധിച്ചു് – ആയാസകമായ അദ്ധ്വാനമെങ്കിലും – സംഭവം ഫലത്തിൽ ആനന്ദകരമായ ഒരുതരം നിർവൃതിയാണു്. ജനനിമാരെ സംബന്ധിച്ചും ആരംഭത്തിൽ അങ്ങനെതന്നെ. പക്ഷേ, അതിനോടനുബന്ധിച്ചുള്ള ഗർഭം, ഛർദ്ദി, പ്രസവം തുടങ്ങിയ ചടങ്ങുകൾ വച്ചു് നോക്കുമ്പോൾ, യുവതികൾ കയറിയ അയ്യപ്പക്ഷേത്രത്തെ ശുദ്ധീകരിക്കാൻ മന്ത്രം ചൊല്ലലും, ചാണകം കലക്കലും, തളിക്കലും, കഴുകലുമെല്ലാമായി കഷ്ടപ്പെടേണ്ടിവരുന്ന തന്ത്രിരുമാരരുകളുടെ അവസ്ഥയാണു് അവരുടേതു്. പക്ഷേ, എന്തു് ചെയ്യാൻ? പൂക്കാതിരിക്കാൻ അവർക്കാവതില്ലല്ലോ!

അതുപോലെ, റിനൈസൻസിൽ നിന്നും ലഭിച്ച ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ രൂപമെടുത്ത എൻലൈറ്റെൻമെന്റിനെ, വേണമെങ്കിൽ ജ്ഞാനോദയം എന്നോ മറ്റോ വിളിക്കാമെന്നല്ലാതെ, നവോത്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്നതു് കുഞ്ഞിനെ തളളയാക്കുന്നതിനു് തുല്യമാണു്. റിനൈസൻസ്, റിഫർമേഷൻ, എൻലൈറ്റെൻമെന്റ് തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്ന കാര്യങ്ങളാണെങ്കിലും, അവ പ്രതിനിധീകരിക്കുന്നതു് വ്യത്യസ്തമായ സാമൂഹിക ചലനങ്ങളെയാണു്. തീർച്ചയായും, നവോത്ഥാനം എന്ന വാക്കിനു് തങ്ങളുടേതായ മറ്റൊരർത്ഥം നൽകാനുള്ള സ്വാതന്ത്ര്യം മലയാളികൾക്കുണ്ടു്. ഗ്ലോബലൈസേഷൻ, ഫ്രീ ട്രേഡ്, ഫ്രീഡം ഓഫ് എക്സ്പ്രഷൻ തുടങ്ങിയ പ്രയോഗങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉചയോഗിക്കുന്നതും, ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് – വാൾട്ടർ സ്റ്റൈൻമയർ ഉപയോഗിക്കുന്നതും ഒരേ അർത്ഥത്തിൽ ആയിരിക്കണം എന്നു് നിർബന്ധം പിടിക്കാനാവുമോ?

മാറു് മറയ്ക്കാനോ തുറക്കാനോ, അമ്പലത്തിലോ പള്ളിയിലോ പോകാനോ പോകാതിരിക്കാനോ അനുവാദമില്ലാതിരുന്ന വിഭാഗങ്ങൾ ആ വകകൾക്കുള്ള അവകാശം പൊരുതി നേടിയെടുത്താൽ അതിനെ അവർ ഉൾപ്പെടുന്ന സമുദായത്തിൽ സംഭവിച്ച ഒരു പരിഷ്കരണം എന്നു് വിളിക്കുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, സമൂഹത്തിന്റെ ഉപഗണങ്ങൾ മാത്രമാണു് സമുദായങ്ങൾ. ശ്രീ നാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കപ്പെട്ട, ഇന്നും ശരിയായ ലക്ഷ്യത്തിലെത്താത്ത, സാമുദായികമോ, ഏറിയാൽ കേരളത്തിൽ മാത്രമായി പരിമിതപ്പെടുത്താവുന്നതോ ആയ പരിഷ്ക്കരണശ്രമങ്ങളെ, യൂറോപ്യൻ സമൂഹങ്ങളുടെ ബൌദ്ധികവും സാംസ്കാരികവുമായ സമസ്തമേഖലകളുടെയും ഉടച്ചുവാർക്കലിലേക്കു് നയിച്ച റിനൈസൻസിനു് സമാനമായ ഒരു നവോത്ഥാനചലനമായും മറ്റും വ്യാഖ്യാനിക്കുന്നതു് അല്പത്തിനും വളരെ അകലത്തേക്കു് കടന്നുനിൽക്കുന്ന ഒരു കയ്യോ, ഒന്നിലധികം കൈകളോ ആയിരിക്കും. റിനൈസൻസ് എന്നാൽ എന്തെന്നതിനെപ്പറ്റി നല്ലൊരളവു് അജ്ഞതയില്ലാതെ അതുപോലൊരു വ്യാഖ്യാനം സാദ്ധ്യമാവില്ല. കെട്ടുകഥകളെ ചരിത്രമെന്നു് വിളംബരം ചെയ്യാൻ മടിയില്ലാത്തവർക്കു് അതൊരു പ്രശ്നമാവാൻ വഴിയുമില്ല.

“പുനർജ്ജന്മം” എന്ന വാക്കു് ആർഷഭാരതത്തിലും പ്രയോഗത്തിലുണ്ടു്. പക്ഷേ, അതു് യൂറോപ്യൻ റിനൈസൻസുമായി പുലബന്ധം പോലും പുലർത്തുന്ന ഒരു വാക്കല്ല. മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ സ്വാധീനിക്കാനും നിയന്ത്രിക്കാനും മാത്രം സ്ഥാനവില നൽകപ്പെടുന്നതും ഈശ്വരന്റെ ലീലാവിലാസമായി മനസ്സിലാക്കപ്പെടുന്നതുമായ ഒരു പ്രതിഭാസമാണു് ഭാരതീയന്റെ കാഴ്ചപ്പാടിലെ പുനർജ്ജന്മം. കവി അതിനെ കാവ്യാത്മകമായി ഇങ്ങനെ വർണ്ണിച്ചിട്ടുണ്ടു്:

“അജം ചത്തു് ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജമായീടുന്നു.
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായി പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.”

ഭരണകാലത്തു് പ്രജകളെ കൃമികളെയെന്നപോലെ പീഡിപ്പിച്ച നൃപൻ ചത്താൽ കൃമിയായും, ജീവിതകാലത്തു് പൂച്ചക്കവിതകളെഴുതി പൂച്ചകളെ അവഹേളിച്ച ഈച്ച ചത്താൽ പൂച്ചയായും പുനർജ്ജനിക്കും. അതാണു് ഈശ്വരന്റെ വക “പാപപരിഹാരാർത്ഥനീതിനിർവ്വഹണസമത്വം”! നാരി ചത്താൽ ഉടനെ ഓരിയായിപ്പോകും എന്ന പ്രസ്താവന അല്പം തെറ്റിദ്ധാരണാജനകമാണെന്നു് പറയാതെ വയ്യ. നേപാം ബോംബിനെയോ ഹൈഡ്രജൻ ബോംബിനെവരെയോ നാവുകൊണ്ടു് നേരിടാൻ കഴിവുള്ള നാരികളും ലോകത്തിൽ ഉണ്ടു്. അതിനാൽ, ചത്താൽ, ഓരിയായി, അഥവാ ഒച്ചയായിപ്പോവുകയായിരിക്കും ചെയ്യുക എന്നു് അതു് വായിക്കുന്ന ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. “ഓരോ ജീവകണത്തിനുള്ളിലും ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ് ഉണരുന്ന ചിദാനന്ദമന്ത്രമായ” ഓംകാരവും ഒരർത്ഥത്തിൽ “ഓരി” ആയതിനാൽ, നാരികൾ ചത്താൽ അവർ തത്ക്ഷണം ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുമെന്നാണു് ഈ കവിതാശകലം സൂചിപ്പിക്കുന്നതെന്ന ചിന്തയും യുക്തിഹീനമല്ല. പക്ഷേ, കഷ്ടകാലത്തിനു്, ഓരി എന്നാൽ കുറുനരി എന്നും അർത്ഥമുള്ളതിനാലും, നരി ചത്താൽ നരനായി പിറക്കുന്നതിനാലും, നാരി ചത്താൽ കുറുനരിയായി പിറക്കാനാണു് സാദ്ധ്യത. കുറുനരിയാവുമ്പോൾ, മനസ്സിണങ്ങി ഓരിയിടുന്നതിനു് തടസ്സവുമില്ല.

ഭാരതീയദർശനപ്രകാരം ഒരു ശരീരം മരിച്ചാൽ അതിലെ ജീവൻ കർമ്മഫലമനുസരിച്ചു് ഒന്നുകിൽ മറ്റൊരു ശരീരം സ്വീകരിക്കും അല്ലെങ്കിൽ ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കും. മൂന്നാമതൊരു മാർഗ്ഗം ഇല്ല. മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കപ്പെടുന്നതു്, തിന്നുതിന്നു് ഇലയുടെ അറ്റത്തു് എത്തുന്ന പുഴു “കയ്യോടെ” അടുത്ത ഇലയിലേക്കു് പ്രവേശിച്ചു് തീറ്റാകർമ്മം തുടരുന്നതുപോലെ, കാലതാമസമില്ലാതെ ആയിരിക്കുമെന്നു് ബൃഹദാരണ്യകം വ്യക്തമായി പറയുന്നുണ്ടു്. ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, കർത്താവു് പുഴു ആയതിനാലും, പുഴുവിനു് കൈകൾ ഇല്ലെങ്കിലും അതിനുംകൂടി ധാരാളം കാലുകൾ ഉള്ളതിനാലും, അടുത്ത ഇലയിലേക്കു് “കാലോടെ” പ്രവേശിച്ചു്, പൂർവ്വ പ്രജ്ഞയും കർമ്മവും ഒന്നിച്ചാരംഭിക്കുമെന്നു് പറയുന്നതാവും കൂടുതൽ ശരി. കഴിഞ്ഞ കാലവും നടപ്പു് കാലവും ഒന്നുചേർന്നു് തത്സമയം സംഭവിക്കുന്ന ഒരുതരം ഒത്തുകളിയാണു് പുനർജ്ജന്മം എന്നു് സാരം.

അമേധ്യമണംപിടുത്ത ശാസ്ത്രത്തിൽ താൻ തന്റെ ന്യൂറൽ നെറ്റ്വർക്കുകളിൽ സമാഹരിച്ച ജ്ഞാനങ്ങളുമായി ഈച്ചയുടെ ജീവാത്മാവു് പൂച്ചയിലേക്കു് പ്രവേശിക്കും. ഭാവിയിൽ, ആ പൂച്ച ചാവുമ്പോൾ, ഈച്ചയിൽ നിന്നും കിട്ടിയ മണംപിടുത്തശാസ്ത്രപരമായ പൂർവ്വ പ്രജ്ഞയും, എലിപിടുത്തശാസ്ത്രത്തിലൂടെ താൻ ശേഖരിച്ച നവപ്രജ്ഞയും കൂട്ടിച്ചേർത്തു് പൂച്ചയുടെ ജീവാത്മാവു് അടുത്ത ശരീരത്തിലേക്കു് പകർന്നുകൊടുക്കപ്പെടും. ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ, ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുന്നതുവരെ, കർമ്മഫലത്തിന്റെ അടിസ്ഥാനത്തിൽ, ഈ ചടങ്ങു് തുടർന്നുകൊണ്ടിരിക്കും. ഇതിനിടയിൽ, പൂർവ്വാശ്രമത്തിൽ മുട്ടയായിരുന്ന പുഴു, ഒന്നിനുപിറകെ ഒന്നായി ഇലകൾ തിന്നു് വീർത്തു്, പറവയായി രൂപാന്തരം പ്രാപിക്കാനായി താത്കാലിക സമാധിയുടെ പ്യൂപ്പദശയിൽ പ്രവേശിക്കും. പക്ഷേ, ഒരു ശരീരത്തിൽ നിന്നും “കൊഴിഞ്ഞ” ജീവൻ ഒട്ടും കാലതാമസമില്ലാതെ മറ്റൊരു ശരീരത്തിലേക്കു് കുടിയേറുന്നതു് വർണ്ണിക്കാൻ മുട്ടയുടെയോ പ്യൂപ്പയുടെയോ പറവയുടെയോ സഹായം തേടുന്നതു് ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്നതിനാൽ, ഇലയിൽനിന്നും ഇലയിലേക്കു് നിർവിഘ്നമായി തിന്നുനീങ്ങുന്ന പുഴുവിനെ രൂപകമാക്കാൻ വേദപണ്ഡിതർ തീരുമാനിച്ചു, അത്ര തന്നെ! നമ്മുടെ മാംസത്തിൽ നമ്മൾതന്നെ കത്തി വയ്ക്കരുതല്ലോ! പുനർജ്ജന്മമെന്തെന്നോ, ഇല തിന്നുന്ന പുഴുവെന്തെന്നോ, അവ തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള പൊതുഘടകങ്ങൾ നിലനിൽക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശ്രീ ശ്രീ ദിവ്യാത്മാക്കൾക്കു് വലിയ ഗ്രാഹ്യമൊന്നുമില്ല. സാഹിത്യത്തിൽ ഇരട്ടിമധുരം ചാലിച്ച വിടുവായത്തങ്ങൾക്കു് പഞ്ഞവുമില്ല. ആത്മീയമായ കാര്യങ്ങൾ എല്ലാം പ്രതീകാത്മകമായും ദൃഷ്ടാന്തങ്ങളായും മനസ്സിലാക്കപ്പെടേണ്ടവയാണു്!

നിർദ്ദിഷ്ടമായ ആചാരങ്ങളും ചിട്ടകളും – പ്രധാനമായും പൌരോഹിത്യത്തിനു് സുഖജീവിതം സാദ്ധ്യമാക്കുന്ന നടപടിക്രമങ്ങൾ – അനുസരിച്ചു് ജീവിച്ചാൽ പുനർജ്ജന്മത്തിൽ നിന്നും മോചനം നേടി മോക്ഷപ്രാപ്തി കൈവരിക്കാം. അല്ലെങ്കിൽ പട്ടിയോ പൂച്ചയോ പുഴുവോ മറ്റോ ആയി വീണ്ടും വീണ്ടും പുനർജ്ജനിച്ചുകൊണ്ടിരിക്കും.

 
Comments Off on ഉദ്ധതരുടെ നവോത്ഥാനം

Posted by on Feb 18, 2019 in Uncategorized