സജ്ജനങ്ങളുടെ (സജ്ജനം = സാധു = സന്യാസി = ശ്ലോകം എഴുതിയ കക്ഷി) സംരക്ഷണത്തിനും, ദുഷ്ടന്മാരുടെ സംഹാരത്തിനും, ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടിയാണു് മഹാവിഷ്ണു യുഗംതോറും അവതരിക്കുന്നതു്*. “main stream” വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരങ്ങൾ പത്താണു്. പത്തല്ല, 24 ആണെന്ന ഒരു “mean stream” വിശ്വാസവും നിലവിലുണ്ടു്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഈ രണ്ടു് സ്ട്രീമുകളും ഒഴുകുന്നതു് തെറ്റായ ദിശയിലാണു്. കാരണം, കാനേഷുമാരി അനുസരിച്ചു് ദൈവങ്ങളുടെ എണ്ണം മുപ്പത്തിമുക്കോടിയാണെന്നു് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ, മഹാവിഷ്ണു എന്ന ഒരു ദൈവത്തിനു് മാത്രമായി ഒരു അവതാരമൊണോപൊളി അനുവദിച്ചു് നല്കുന്നതിൽ ജനാധിപത്യപരമായ ഒരു പന്തികേടു്, ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” ഉണ്ടു്. അവതാരം സംഭവിക്കുന്നതു് സ്റ്റാലിന്റെ റഷ്യയിലോ, ഹിറ്റ്ലറുടെ ജർമ്മനിയിലോ, കിം ജോങ്-ഉന്നിന്റെ കൊറിയയിലോ അല്ലെന്നും, “അഹം ബ്രഹ്മവും”, “തത് ത്വം അസിയും” വാഴുന്ന ഭാരതത്തിലാണെന്നുമുള്ള വസ്തുത നമ്മൾ മറക്കരുതു്. ഞാൻ ബ്രഹ്മവും, അതു് നീയും ആയതിനാലാണു് നമ്മളെല്ലാവരും ഒരുമിച്ചിരുന്നു് കഞ്ചാബീഡി വലിക്കുന്നതും, ഉഴുന്നുവട തിന്നുന്നതും, കട്ടൻചായ കുടിക്കുന്നതും, രാത്രിയിൽ ചെ ഗുവാര T-ഷർട്ടിട്ടു് ബൂർഷ്വാസിയുടെ ഭിത്തികളിൽ പോസ്റ്റർ ഒട്ടിക്കുന്നതും.
അഹം ബ്രഹ്മം എന്ന “തത് ത്വം” അനുസരിച്ചു്, കേരളത്തിൽ മൂന്നരക്കോടിയോളം ബ്രഹ്മങ്ങളുണ്ടു്. വ്യത്യസ്തരൂപമുള്ള ജീവികളായി എപ്പോൾ വേണമെങ്കിലും അവതാരമെടുക്കാൻ കഴിവുള്ള മൂന്നരക്കോടി ദൈവങ്ങൾ! ഒരുപക്ഷേ, കേരളത്തിലെ മനുഷ്യരിൽ ഗണനീയമായ ഒരു വിഭാഗം മനുഷ്യരൂപമുള്ള വ്യത്യസ്തതരം അവതാരങ്ങളായിരിക്കാം. അവർ മറ്റുമനുഷ്യരുടെ വിവരങ്ങൾ രഹസ്യമായി മറ്റാർക്കൊക്കെയോ ചോർത്തിക്കൊടുത്തു് അവരുടെ സ്വന്തം “ദസ് ക്യാപ്പിറ്റലിനെ” പൊൻചട്ടയും പൊന്നാടയും അണിയിക്കുന്നുണ്ടായിരിക്കാം. ആർക്കറിയാം?
ദൈവങ്ങളെയും മനുഷ്യരെയും ദൈവങ്ങളുടെ അവതാരങ്ങളെയും തമ്മിൽ തിരിച്ചറിയുക എന്നതു് വളരെ ദുഷ്കരമായ ഒരു ഏർപ്പാടാണു്. കയ്യിൽ കോടാലിയുണ്ടെങ്കിൽ പരശുരാമനെന്നും, കയ്യിൽ മദ്യക്കുപ്പിയുണ്ടെങ്കിൽ ബലരാമനെന്നും, തൊലിക്കട്ടിനോക്കി കൂർമ്മമെന്നും, തേറ്റയുണ്ടെങ്കിൽ വരാഹമെന്നും, നെത്തോലിയെങ്കിൽ മത്സ്യമെന്നുമെല്ലാം ഒരുവിധം ഉറപ്പിക്കാമെങ്കിലും, അത്തരം നിഗമനങ്ങൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു്, തൊലിക്കട്ടിയുള്ളതുകൊണ്ടു് കൂർമ്മമായിക്കൊള്ളണമെന്നില്ല. തൊലിക്കട്ടിയിൽ കൂർമ്മത്തെ തോല്പിക്കുന്ന രാഷ്ട്രീയക്കാർ കേരളത്തിൽ ധാരാളമുണ്ടു്. വഴിമദ്ധ്യേ ഒരു വെളുത്തേടനെയോ, വെളുത്ത കുതിരയെയോ കണ്ടാൽ ഉടനെതന്നെ കൽക്കിയെ കണ്ടു എന്നു് ബ്രേക്കിങ് ന്യൂസ് കൊടുത്താൽ പണി പാളാൻ സാദ്ധ്യതയുണ്ടു്. സമസ്യാപൂരണം മലയാളികളുടെ പരമ്പരാഗതതൊഴിലായതിനാൽ, കൽക്കിദർശനം – ഒരു സമസ്യ എന്ന നിലയിൽ – കേരളക്കരയിൽ പൂരണചർച്ചയുടെ ഒരു ഉരുൾപൊട്ടൽ തന്നെ വരുത്തിവച്ചു് കൂടെന്നില്ല. കേരളത്തിലെ ഏതു് ബ്രേക്കിങ് ന്യൂസും മറ്റൊരു ബ്രേക്കിങ് ന്യൂസ് കൊണ്ടു് നിശ്ശേഷം നിർമ്മൂലനം ചെയ്യപ്പെടും. അതുകൊണ്ടു്, കൽക്കിവിഷയത്തിന്റെ ആയുസ്സിനും അധികം ദൈർഘ്യമുണ്ടാകാൻ വഴിയില്ലെന്നതൊരാശ്വാസമാണു്.
പഴയതിനെ തഴഞ്ഞു് പുതിയതിനെ പുണരാൻ അസാധാരണ വൈഭവമുള്ളവരാണു് മലയാളികൾ. ഏതു് വിഷയത്തിലും, പഴയതു് “മെരിച്ചു” എന്നൊരു സ്റ്റാറ്റസിട്ടാൽ തീരുന്നതാണു് ഇടതുപക്ഷത്തിനായി സദാ തുടിച്ചുകൊണ്ടിരിക്കുന്ന മലയാളിഹൃദയത്തിന്റെ മനസ്സാക്ഷിക്കുത്തു്. പുതുമയും പുരോഗമനവും നവോത്ഥാനവുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളാകുന്നതും അതുകൊണ്ടുതന്നെ. ആ സംജ്ഞകളുടെ നിർവചനങ്ങൾ അങ്ങേയറ്റം വ്യക്തിഗതവും, നികത്താനാവാത്ത വിധത്തിൽ വിഭിന്നവും ആയിരിക്കുമെന്ന ഒരു പ്രശ്നമേയുള്ളു.
സമൂഹത്തെ ബാധിക്കുന്ന രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളിൽ കളിതമാശ അനുവദിക്കുന്നവരല്ല മലയാളികൾ. ഗൗരവമാണു് മലയാളിയുടെ സ്ഥായിയായ ഭാവം. അതിൽ അത്ഭുതമില്ല. നർമ്മോക്തിയും വ്യംഗ്യാർത്ഥവും നിയാണ്ടർത്താലുകളുടെ ലോകത്തിൽ ഒരു വിഷയമായിരുന്നിരിക്കുമോ? എനിക്കു് തോന്നുന്നില്ല. പക്ഷേ, നിയാണ്ടർത്താലുകളെവിടെ? കേരളീയരെവിടെ? ചേനയെ കാച്ചിലുമായി താരതമ്യം ചെയ്യരുതു്. മാർക്സിസ്റ്റ് താത്വികചിന്തയിൽ, രണ്ടും കിഴങ്ങുവർഗ്ഗമാണെങ്കിലും, ചേനയും കാച്ചിലും വ്യത്യസ്ത എന്റിറ്റികളാണു്. രമ്യയുടെ കാറും പി. ജയരാജന്റെ കാറും ഒരേ മുഴക്കോലുകൊണ്ടു് അളന്നാൽ എങ്ങനെ ശരിയാകും? തമാശയെവിടെ, ഗൗരവമെവിടെ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ കേരളീയരുടെയിടയിൽ നിലവിലുണ്ടു്. കുന്തം പോയാൽ കുടത്തിലും, ഉത്തരക്കടലാസ് മോഷണം പോയാൽ ഉത്തരത്തിലുമാണു് തപ്പേണ്ടതെന്നു് വ്യക്തമായ ധാരണയുള്ളവരാണു് മലയാളികൾ. അതൊന്നും ആരും അവരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമില്ല. മലയാളികൾ പഠിക്കുന്നവരല്ല, പഠിപ്പിക്കുന്നവരാണു്. അതും, ഉത്തരായനം മുതൽ ദക്ഷിണായനം വരെ!
അവതാരവിഷയം ആദ്ധ്യാത്മികതയുടെ ലോകവുമായി ബന്ധപ്പെട്ടതായതിനാൽ, നിരീക്ഷണം ശ്രദ്ധാപൂർവ്വമല്ലെങ്കിൽ തിരുത്താനാകാത്തതും ഗുരുതരവുമായ പിഴവു് സംഭവിക്കാം. അവതാരകോപം, അഥവാ ദൈവകോപം വിളിച്ചു് വരുത്തലായിരിക്കും അതിന്റെ ഫലം. സൂക്ഷിച്ചാൽ ദുഃഖിക്കാതിരിക്കാം. സൂക്ഷിക്കാതെ ദുഃഖിക്കണമോ, സൂക്ഷിച്ചു് ചിരിക്കണമോ എന്നതു് ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ട കാര്യമാണു്. നിർവചനപ്രകാരം, സജ്ജനസംരക്ഷണവും, ദുഷ്ടസംഹാരവും, ധര്‍മ്മം നിലനിര്‍ത്തലുമാണു് ഏതവതാരത്തിന്റെയും ലക്ഷ്യം. നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ജീവികൾ ഈ മൂന്നു് ഐറ്റംസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടാൽ അതൊരു അവതാരമാണെന്ന കാര്യത്തിൽ സംശയം വേണ്ട. സിഗ്നൽ: “റെഡ് അലെർട്”!
കേരളരാഷ്ട്രീയത്തിലെ വിജയന്മാരുടെ രഹസ്യം: “നീണ്ടകഥ, ശൂന്യാർത്ഥം”! കേരളരാഷ്ട്രീയവുമായി സമീപകാലത്തു് ഉണ്ടായിവന്ന വിർച്വൽ സജ്ജനപരിചയം വഴി, ഏതു് കാര്യവും വലിച്ചുനീട്ടിപ്പറഞ്ഞില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല. ഇവിടെ അവതാരവിഷയവും ഇത്രയും നീട്ടിപ്പരത്തി പറഞ്ഞതു്, റിയൽ ലൈഫിൽ മാത്രമല്ല, വിർച്വൽ ലൈഫിലും അവതാരങ്ങൾ ആക്റ്റീവാണെന്നു് സൂചിപ്പിക്കാനാണു്. നീണ്ടകഥ ശീലിച്ചതിന്റെ പേരിൽ ആരും കഥയറിയാതെ പോകരുതെന്നു് ജന്മനാ ഒരു ഗുണപാഠകനായ എനിക്കു് നിർബന്ധമുണ്ടു്. കക്ഷിരാഷ്ട്രീയം, മതരാഷ്ട്രീയം, യുക്തിവാദരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകൾക്കു് കീഴിൽ, പോസ്റ്റ് മൂഞ്ചി, “രോധനം”, പൊളിച്ചു, തേച്ചൊട്ടിച്ചു തുടങ്ങിയ ഏകതാനകമന്റുകൾ മുട്ടയിടുന്ന കര്‍മ്മോന്മുഖരും ലക്ഷ്യമാക്കുന്നതു് സജ്ജനസംരക്ഷണവും, ദുഷ്ടസംഹാരവും, ധര്‍മ്മം (ധര്‍മ്മം = ഭിക്ഷ. ഭിക്ഷയുടെ കൊടുക്കൽ-വാങ്ങലുകൾ) നിലനിര്‍ത്തലുമാണു്. അതുകൊണ്ടു്, “3 g” (മൂന്നു് ജി = മൂഞ്ചി) ആകാതിരിക്കണമെങ്കിൽ ഇവിടെയും അതീവശ്രദ്ധ ആവശ്യമാണു്. സിഗ്നൽ: “റെഡ് അലെർട്”!
- പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ.