പ്രിയ സൂരജ്,
താരാപഥത്തിന്റെ കമന്റിലെ രണ്ടും മൂന്നും പോയിന്റുകളുടെ എന്റെ മറുപടിക്കു് (മനുഷ്യരുടെ പെരുമാറ്റം, മരണം മുതലായവയെ സംബന്ധിച്ചവ) താങ്കള്‍ നല്‍കിയ അനുബന്ധങ്ങള്‍ യുക്തമാണു്. അവയെ അതേപടി അംഗീകരിച്ചുകൊണ്ടു്, കാര്യകാരണങ്ങളെ സംബന്ധിച്ച ഒന്നാമത്തെ പോയിന്റിനു് നല്‍കിയ മറുപടിയില്‍ എനിക്കുള്ള അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ഇവിടെ സൂചിപ്പിക്കട്ടെ. കമന്റിന്റെ ഫ്രെയിമില്‍ ഒതുക്കാന്‍ മാത്രം ചെറുതല്ലാത്തതിനാലാണു്‍ പോസ്റ്റുന്നതു്.
അള്‍ട്ടിമേറ്റ് റിയാലിറ്റി എന്നതു് മതങ്ങളുടെ ഭാഷയില്‍ ദൈവമാണു്. മതങ്ങളുടെ ഭാഷ ഇവിടെ ആദ്യമേ ഒഴിവാക്കുന്നു. ഭൗതികതയുടെ ഭാഷയിലെ അള്‍ട്ടിമേറ്റ് റിയാലിറ്റി വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. മാത്തമാറ്റിക്കല്‍ ഇന്‍ഡക്ഷന്‍ പോലെ, ഒന്നിനു് പുറകെ ഒന്നായി ‘ചെറിയ ചെറിയ’ റിയാലിറ്റികള്‍ അറിയാന്‍ കഴിയുമ്പോള്‍, അതിലും ആഴമേറിയ, ഭൗതികമായ ഒരു റിയാലിറ്റി ഉണ്ടാവാം എന്നു് ഊഹിക്കുകയും, അതിനോടു് സാവകാശം സമീപിക്കാന്‍ ശ്രമിക്കുകയും മാത്രമാണു് ശാസ്ത്രം ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നതും. അള്‍ട്ടിമേറ്റ് റിയാലിറ്റിയില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നും, ഒരുപക്ഷേ എന്നും ആയിരിക്കുമെന്നും ഉള്ളതിനു് ഏറ്റവും നല്ല ഉദാഹരണമാണു് ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി മുതലായവ. ‘ഭാരമേറിയ’ 30000 കോടി ‘സൂര്യന്മാര്‍’ മണിക്കൂറില്‍ എട്ടു് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ കറങ്ങുന്ന ഒരു ഗാലക്സി, സത്യത്തില്‍ കോടാനുകോടി കഷണങ്ങളായി ചിതറിത്തെറിക്കേണ്ടതാണു്. പക്ഷേ അതു് സംഭവിക്കുന്നില്ല. അതു് നിയന്ത്രിക്കുന്ന ശക്തികളാവാന്‍ സാദ്ധ്യതയുള്ളവയാണു് ഡാര്‍ക്ക് മാറ്റര്‍, ഗ്രാവിറ്റേഷണല്‍ ലെന്‍സ് മുതലായവ. പ്രപഞ്ചത്തിന്റെ 85 ശതമാനം വരുന്ന ഈ പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ശാസ്ത്രം കൈവരിക്കുന്നതു് ഒരു വലിയ നേട്ടമായിരിക്കും. അറിവിന്റെ ലോകത്തില്‍ അതു് വരുത്തുന്ന മൗലികമായ മാറ്റത്തെ പണ്ടു് ഗലീലിയുടെ കാലത്തു് സൂര്യനല്ല, ഭൂമിയാണു് ‘കറങ്ങുന്നതെന്ന’ കണ്ടുപിടുത്തത്തിന്റെ വിപ്ലവാത്മകതയുമായി മാത്രമേ താരതമ്യം ചെയ്യാനാവൂ.
നമുക്കു് പരിചിതമായ ഒരു ലളിത ആറ്റം മാതൃക എടുക്കാം. പ്രോട്ടോണും, ന്യൂട്രോണും അടങ്ങുന്ന കേന്ദ്രവും, അതിനെ ‘ചുറ്റുന്ന’ എലക്ട്രോണുകളും. സ്കൂള്‍ പുസ്തകങ്ങളില്‍ പലപ്പോഴും അര പേജു് നിറച്ചു് വരച്ചുകാണിക്കുന്ന മാതൃക. ഒരു മില്ലീമീറ്റര്‍ അളവിനുള്ളില്‍ ഒതുങ്ങുന്നതു് ഏകദേശം ഒരുകോടി ആറ്റം ആണെന്ന വസ്തുത മനസ്സിലാക്കാന്‍ ആ മാതൃക സഹായിക്കുന്നില്ലതാനും. കേന്ദ്രത്തിലെ അണുഘടകങ്ങളുടെ ഭാരവും, എലക്ട്രോണുകളുടെ അവയില്‍നിന്നുള്ള അകലവും, ഭാരവും സംഖ്യാപരമായി ‘കാണുവാന്‍’ കഴിഞ്ഞാലേ ഒരു ആറ്റത്തില്‍ ദ്രവ്യം എന്നു് പറയാവുന്നതു് നിസ്സാരമായ ഒരംശം മാത്രമാണെന്നും, അധികപങ്കും ശൂന്യതയാണെന്നും മനസ്സിലാക്കാനാവൂ. അതായതു്, ഈ ‘ശൂന്യതയെ’ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍, അതുവഴി രൂപമെടുക്കുന്ന പുതിയ ഭൂമി ‘കയ്യിലൊതുങ്ങുന്ന’ വ്യാപ്തത്തിലേക്കു് ചുരുങ്ങും. ഈ പുതിയ ദ്രവ്യത്തിന്റെ ഭാരം ഒരു ലിറ്റര്‍ വെള്ളത്തിന്റേതു് പോലെ ഒരു കിലോഗ്രാമല്ല, എത്രയോ കോടി കിലോഗ്രാം ആയിരിക്കുമെന്നു് മാത്രം. ലോകത്തില്‍ ദ്രവ്യം എന്നു് നമ്മള്‍ മനസ്സിലാക്കുന്ന വസ്തുക്കളിലും, യഥാര്‍ത്ഥത്തില്‍, ദ്രവ്യമല്ല ശൂന്യത ആണു് കൂടുതലും. എന്താണു് ഈ ശൂന്യത? അതു് തികച്ചും ‘ശൂന്യം’ ആണോ?
മുകളില്‍ സൂചിപ്പിച്ച ‘നിസ്സാരമായ’ അളവു് മൂലം ഒരു ആറ്റത്തിന്റെ ആന്തരജീവിതം പരിശോധിക്കാന്‍ ഇതുവരെയുള്ള ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും അപര്യാപ്തമായിരുന്നു. ഈ കുറവു് പരിഹരിക്കാനുതകുന്ന ഒരു ഉപകരണം ഏതാണ്ടു് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഉപകരണത്തിന്റെ ആറ്റോസെക്കന്റ് മേഖലയിലെ എക്സ്-റേ ‘ഫ്ലാഷുകള്‍’ ഉപയോഗിച്ചു് പ്രകാശതരംഗങ്ങളുടെ മാത്രമല്ല, ആറ്റത്തിന്റെ ഉള്ളിലെയും ‘ഫോട്ടോ’ എടുക്കാന്‍ സാധിക്കും. ഒരു ആറ്റോ സെക്കന്റ് (as) = 0,000 000 000 000 000 001 സെക്കന്റ്. ഒരു ആറ്റോ സെക്കന്റും ഒരു സെക്കന്റും തമ്മിലുള്ള അനുപാതം, ഏകദേശം ഒരു സെക്കന്റും പ്രപഞ്ചത്തിന്റെ പ്രായവും തമ്മിലേതിനു് തുല്യമാണു്! ഈ വസ്തുതകളെല്ലാം വെളിപ്പെടുത്തുന്നതു് അള്‍ട്ടിമേറ്റ് റിയാലിറ്റിയില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നല്ലേ? അള്‍ട്ടിമേറ്റ് റിയാലിറ്റി വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവുമെന്നു് പറയാറായിട്ടില്ലെന്നു് സൂചിപ്പിക്കാനാണു് ഞാന്‍ ശ്രമിച്ചതു്. എല്ലാം അറിയാം എന്നു് അവകാശപ്പെടാനുള്ള ധൈര്യം മതങ്ങള്‍ക്കേ ഉള്ളൂ. അവര്‍ക്കു് കൂട്ടിനു് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവവുമുണ്ടുതാനും.
ദൈനംദിനജീവിതത്തിലും, ശാസ്ത്രത്തിലും കാര്യകാരണബന്ധം നിലനില്‍ക്കുന്ന പ്രതിഭാസങ്ങളുണ്ടു്. ന്യൂട്ടോണിയന്‍ ഫിസിക്സിലും, കെമിസ്ട്രിയിലുമൊക്കെ അവയ്ക്കു് ഉദാഹരണങ്ങളുമുണ്ടു്. പക്ഷേ അതു് “ഏതു് A-യില്‍ നിന്നും ഒരു B ഉണ്ടാവുന്നു” എന്നതിനു് നീതീകരണമായി ഉപയോഗിക്കാവുന്നതല്ല. തന്റെ അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിളിനു് ഫിസിക്സ് നോബല്‍പ്രൈസ് നേടിയവനും തത്വചിന്തകനുമായിരുന്ന വെര്‍ണര്‍ ഹൈസെന്‍ബെര്‍ഗ് പറയുന്നു: “പിണ്ഡം, ഊഷ്മാവു്, സ്ഥാനം മുതലായവയുടെ നിലവിലിരിക്കുന്ന പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തില്‍, സ്ഥല-കാലങ്ങളില്‍ തുടരുന്നതും അടുത്തതുമായ അവസ്ഥകളെ കണക്കു് കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതാണു് കോസാലിറ്റി എന്നതു്. അങ്ങനെയുള്ള ഒരു പ്രവചനം അസാദ്ധ്യമായ പ്രപഞ്ചത്തില്‍ കോസാലിറ്റി അടിസ്ഥാനരഹിതമാണു്. അവിടെ സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങളേ ഉള്ളൂ. വ്യക്തമായ നിയമങ്ങള്‍ അനിവാര്യമായ കോസാലിറ്റി അവിടെ അസ്ഥാനത്താണു്.” ക്വാണ്ടം ഫിസിക്സില്‍ എലെമെന്ററി പാര്‍ട്ടിക്കിള്‍സിന്റെ സ്വയം രൂപമെടുക്കലിലും നശീകരണത്തിലും ഈ വസ്തുത ദര്‍ശിക്കാന്‍ കഴിയും. Kant, Hume, Helmholts, Comte, Mach, Hegel, Einstein തുടങ്ങി എത്രയോ പേര്‍ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ടു് പൊരുതിയ ഒരു വിഷയമാണിതു്. എഴുതപ്പെട്ട പുസ്തകങ്ങളും കുറവല്ല.
അതുപോലെ സൂരജ് സൂചിപ്പിച്ച മെറ്റ്രിക് ടെന്സറിലെ two dimensions നമുക്കു് പരിചിതമായ നീളം, വീതി എന്ന രണ്ടു് ഡൈമെന്‍ഷനുകളുമായി തത്തുല്യമല്ല. Riemann surface is a multilayered surface on which a multivalued function of a complex variable can be interpreted as a single-valued function. നമുക്കു് അനുഭവമായ മൂന്നു് ഡൈമെന്‍ഷനുകള്‍ മാത്രമല്ല, എണ്ണമറ്റ ഡൈമെന്‍ഷനുകള്‍ താത്വികമായി ഗണിതശാസ്ത്രത്തില്‍ സാദ്ധ്യമാണെന്നറിയാമല്ലോ. പ്രപഞ്ചവികാസം സംബന്ധിച്ച മറ്റഭിപ്രായങ്ങളോടു് യോജിക്കുന്നു.
ബിഗ് ബാങ് എന്നാല്‍ പള്ളിപ്പെരുന്നാളുകളിലേതിനേക്കാള്‍ ഇത്തിരി വലിയ ഒരു ‘കതിനവെടി’ എന്നു് കരുതുന്നവര്‍ പ്രപഞ്ചവികാസം എന്നാല്‍ ഒരു ബലൂണ്‍ വീര്‍ക്കല്‍ ആണെന്നും കരുതും, അത്രതന്നെ. പ്രപഞ്ചത്തിനു് അതില്‍ത്തന്നെ വികസിക്കാനാവുമെന്നും, പ്രപഞ്ചം അതില്‍ത്തന്നെ അതിര്‍ത്തിയും ഉള്ളടക്കവുമാവാമെന്നുമൊക്കെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. അതിരും പരിധിയുമൊന്നുമില്ലാത്ത പ്രപഞ്ചം എന്തു് പ്രപഞ്ചം!? നമ്മെ സംബന്ധിച്ചു് ഇന്നും സൂര്യന്‍ കിഴക്കുദിച്ചു് പടിഞ്ഞാറു് അസ്തമിക്കുകയല്ലാതെ ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു് കറങ്ങുകയല്ലല്ലോ! “ആദിസ്ഫോടനം ഉണ്ടാവാന്‍ അന്നു് oxygen ഉണ്ടായിരുന്നോ?” എന്നു് ചോദിച്ച ഒരു പുരോഹിതനെ എനിക്കു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്. തന്റെ അറിവു് ഖണ്ഡിക്കപ്പെടാവുന്നതല്ല എന്ന പൂര്‍ണ്ണവിശ്വാസവും, പുരോഹിതന്‍ എന്ന പദവിയുടെ തലക്കനവും, ദൈവത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്ന ഉറപ്പുമെല്ലാം മൂലം അധികാരത്തിന്റെ പ്രത്യേകതയായ ഒരുതരം പുച്ഛസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്ത വിളംബരം.
സാമാന്യബുദ്ധിക്കു് ഭ്രാന്തു് എന്നു് തോന്നുന്ന പലതും ശാസ്ത്രത്തിന്റെ കയ്യില്‍ പണിയായുധങ്ങള്‍ ആവാറുണ്ടെന്നതു് ശരിതന്നെ. ഉദാഹരണത്തിനു് minus one (-1) ന്റെ വര്‍ഗ്ഗമൂലം. ശാസ്ത്രത്തില്‍ പലപ്പോഴും നേരിടേണ്ടിവരുന്ന കോംപ്ലെക്സ് നംബേഴ്സ് ആവിഷ്കരിക്കാന്‍ ഉപയോഗിക്കുന്ന ‘imaginary’. ഇങ്ങനെ ഒരു ‘അസാദ്ധ്യതയുടെ’ സഹായമില്ലാതെ ഉന്നത ഗണിതശാസ്ത്രത്തിലെയോ, എലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിലേയോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമായിരുന്നോ? ലോന്‍ജിറ്റ്യൂഡും ലാറ്റിറ്റ്യൂഡും ഭൂമിയില്‍ കാണാനാവില്ലല്ലോ. ഉണ്ടായതെല്ലാം സ്വയമേവ ഉണ്ടായി. ഉണ്ടാക്കിയതെല്ലാം മനുഷ്യന്റെ കൈവേലയും!