RSS

Monthly Archives: Nov 2012

അല്ലാഹുവും യഹോവയും

ബൈബിളും ഖുര്‍ആനും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ബൈബിളിലെയും ഇസ്ലാമിലെയും ദൈവങ്ങള്‍ പോലും രണ്ടും രണ്ടാണെന്നും വാദിക്കുന്ന മുസ്ലീമുകളുണ്ടു്‌. ഊഹമല്ല, അവരില്‍ ചിലരെ ബ്ലോഗിലൂടെ നേരിട്ടു്‌ പരിചയപ്പെടാനുള്ള “മഹാഭാഗ്യം” എനിക്കുണ്ടായിട്ടുണ്ടു്‌. പക്ഷേ, ആരെന്തു്‌ പറഞ്ഞാലും, ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ഉണ്ടാവുമായിരുന്നില്ല എന്നതാണു്‌ സത്യം. മോശെയുടെ വടി പാമ്പാവുന്നപോലുള്ള “അത്ഭുതങ്ങള്‍” (മണ്ടത്തരങ്ങള്‍ എന്നു്‌ മലയാളം) പോലും ബൈബിളില്‍ നിന്നും അതേപോലെ ഏറ്റെടുത്തിരിക്കുന്ന ഖുര്‍ആനും ബൈബിളും തമ്മില്‍ ബന്ധമൊന്നുമില്ല എന്നു്‌ പറയണമെങ്കില്‍ അല്പമൊന്നും “ദൈവാനുഗ്രഹം” ഉണ്ടായാല്‍ പോര. അതെങ്ങനെ, ആ ഗ്രന്ഥങ്ങള്‍ വായിച്ചാലല്ലേ അവയില്‍ എന്തെന്തു്‌ വിഡ്ഢിത്തങ്ങളാണു്‌ എഴുതിവച്ചിരിക്കുന്നതു്‌  എന്നറിയാനാവൂ. വായിച്ചതുകൊണ്ടു്‌ മാത്രം മണ്ടത്തരം തിരിച്ചറിയണമെന്നില്ല എന്നതു്‌ മറ്റൊരു സത്യം. ശാസ്ത്രത്തില്‍ കൊട്ടക്കണക്കിനു്‌ ബിരുദങ്ങള്‍ ഉള്ളതു്‌, ഗ്യാലക്സികളുടെയും, ബ്ലാക്ക് ഹോളിന്റെയും, ഡാര്‍ക്ക് എനര്‍ജിയുടെയുമൊക്കെ സ്രഷ്ടാവായ ഒരു ദൈവം കാഞ്ചിപുരം പട്ടില്‍ പൊതിഞ്ഞു്‌ നിന്നുകൊണ്ടു്‌ തന്റെ “വിശ്വരൂപം” പ്രദര്‍ശിപ്പിക്കുന്നതു്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നു്‌ വിശ്വസിക്കാന്‍ ഒരു തടസ്സമല്ല എന്നതിന്റെ തെളിവുകള്‍, “എന്നോടു്‌ സംവദിക്കാന്‍ ആദ്യം എന്റെ ഗ്രന്ഥം പഠിച്ചിട്ടു്‌ വാ” എന്നും മറ്റുമുള്ള വീമ്പിളക്കലുകളുമായി റിയല്‍ ലോകത്തില്‍ നിന്നും വിര്‍ച്ച്വല്‍ ലോകത്തിലേക്കു്‌ അലയടിച്ചു്‌ കയറിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തില്‍ ജീവിക്കുന്നവരല്ലേ നമ്മള്‍. സര്‍വ്വാംഗവിഭൂഷിതനായി സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരു സര്‍വ്വേശ്വരനില്‍ വിശ്വസിക്കാന്‍ മടിയില്ലാത്തവര്‍ വേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും വായിക്കാത്തതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. വായിക്കാതിരുന്നാല്‍ സമയമെങ്കിലും ലാഭിക്കാം. ആ സമയം കൂടി പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കുകയും ചെയ്യാം.

ദൈവം മോശെയ്ക്കു്‌ (മൂസയ്ക്കു്‌) പ്രത്യക്ഷപ്പെട്ടതിനെപ്പറ്റിയുള്ള ഖുര്‍ആനിലെയും ബൈബിളിലെയും വര്‍ണ്ണനകളാണു്‌ താഴെ കൊടുക്കുന്നതു്‌. ബൈബിളില്‍ നിന്നുള്ള ഇത്തരം പകര്‍ത്തിയെഴുതലുകള്‍ എത്ര വേണമെങ്കിലും ഖുര്‍ആനില്‍ കാണാനാവും. ഇവിടെ നല്‍കിയിരിക്കുന്നതു്‌ ഖുര്‍ആനിലെ “ഖസസ്” എന്ന അദ്ധ്യായത്തില്‍ നിന്നും, ബൈബിളിലെ “പുറപ്പാടു്‌” പുസ്തകത്തിലെ മൂന്നും നാലും ആദ്ധ്യായങ്ങളില്‍ നിന്നും എടുത്തിട്ടുള്ളവയാണു്‌. സന്ദര്‍ഭവും മറ്റും കൂടുതല്‍ അറിയണമെന്നുള്ളവര്‍ പുറപ്പാടു്‌ പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങള്‍ വായിച്ചശേഷം ഖുര്‍ആനിലെ ഇരുപത്തെട്ടാം അദ്ധ്യായം വായിക്കുന്നതായിരിക്കും നല്ലതു്‌. ഖസസ് എന്നാല്‍ കഥാകഥനം എന്നാണു്‌. എല്ലാം കെട്ടുകഥകളാവുമ്പോള്‍ ഒരദ്ധ്യായത്തിനെങ്കിലും കഥാകഥനം എന്ന പേരു്‌ നല്‍കാതിരിക്കുന്നതെങ്ങനെ? ഞാന്‍ കൂടുതല്‍ പറയുന്നില്ല. “മറ്റാര്‍ക്കും ഒരുകാലത്തും അതുപോലൊന്നു്‌ എഴുതിയുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തവിധം മഹനീയമായ” ഗ്രന്ഥത്തില്‍ പകര്‍ത്തിവച്ചിരിക്കുന്ന, ലോകാവസാനം വരെ വലിഡിറ്റി നഷ്ടപ്പെടാത്ത ശാശ്വതസത്യങ്ങളും, അവയുടെ “തീകായല്‍” നിലവാരവുമൊക്കെ അറിയണമെന്നുള്ളവര്‍ സ്വയം വായിച്ചു്‌ ഒരു നിഗമനത്തിലെത്തുക.

ആദ്യം ഖുര്‍ആനിലെ ഖസസില്‍ നിന്നുള്ള ഈ ഭാഗങ്ങള്‍ കാണൂ:

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്നു്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോടു്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്നു്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്നു്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?

അങ്ങനെ അദ്ദേഹം അതിന്നടുത്തു്‌ ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടതു്‌ ഒരു സര്‍പ്പമെന്നോണം പിടയുന്നതു്‌ കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു്‌ നോക്കിയതു്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ടു്‌ വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തില്‍ നിന്ന്‌ മോചനത്തിനായ്‌ നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേര്‍ത്തു്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അതു്‌ രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്കു്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു്‌ തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു”. (28: 29 – 32)

ലോകം ഉണ്ടാവുന്നതിനും മുന്നേ മുഹമ്മദ് നബി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും മറ്റും വിശ്വസിക്കുന്നവരുണ്ടു്‌. പക്ഷേ, മൂസയ്ക്കു്‌ അല്ലാഹു പ്രത്യക്ഷപ്പെട്ടപ്പോള്‍ നബി ആ ഭാഗത്തെങ്ങും ഉണ്ടായിരുന്നില്ല എന്നാണു്‌ അല്ലാഹുതന്നെ പറയുന്നതു്‌. അതില്‍ തെറ്റില്ല. നബി ആ സമയത്തു്‌ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നിരിക്കാമല്ലോ.

“(നബിയേ,) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ചു്‌ കൊടുത്ത സമയത്തു്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. … … നാം (മൂസായെ) വിളിച്ച സമയത്തു്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു.) നിനക്കു്‌ മുമ്പു്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്കു്‌ നീ താക്കീതു്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ചു്‌ മനസ്സിലാക്കിയേക്കാം”. (28: 44, 46)

ഇനി ബൈബിളില്‍ മോശെക്കു്‌ ദൈവം പ്രത്യക്ഷപ്പെടുന്ന ഈ ഭാഗം കാണൂ:

“മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു്‌ അപ്പുറത്തു്‌ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടുചെന്നു. അവിടെ ‘യഹോവയുടെ ദൂതൻ’ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു്‌ അഗ്നിജ്വാലയിൽ അവനു്‌ പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു്‌ തീ പിടിച്ചു്‌ കത്തുന്നതും മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു്‌ ഞാൻ ചെന്നു്‌ നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിനു്‌ അവൻ വരുന്നതു്‌ ‘യഹോവ’ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു്‌ അവനെ മോശേ, മോശേ എന്നു്‌ വിളിച്ചു. അതിനു്‌ അവൻ: ഇതാ, ഞാൻ എന്നു്‌ പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു്‌ അടുക്കരുതു്‌; നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു്‌ ചെരിപ്പു്‌ അഴിച്ചുകളക എന്നു്‌ കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു്‌: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു്‌ വിടുവിപ്പാനും ആ ദേശത്തുനിന്നു്‌ നല്ലതും വിശാലവുമായ ദേശത്തേക്കു്‌, പാലും തേനും ഒഴുകുന്ന ദേശത്തേക്കു്‌, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു്‌ അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു”. (പുറപ്പാടു്‌  3 : 1 – 8)

ഇനി, വടി പാമ്പാവുന്നതും കൈ കുഷ്ഠരോഗമുള്ളതാവുന്നതും വീണ്ടും സുഖപ്പെടുന്നതുമായ ഭാഗം:

“അതിനു്‌ മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു്‌ പ്രത്യക്ഷനായിട്ടില്ല എന്നു്‌ പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോടു്‌: നിന്റെ കയ്യിൽ ഇരിക്കുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. ഒരു വടി എന്നു്‌ അവൻ പറഞ്ഞു. അതു്‌ നിലത്തിടുക എന്നു്‌ കല്പിച്ചു. അവൻ നിലത്തിട്ടു; അതു്‌ ഒരു സർപ്പമായിത്തീര്‍ന്നു; മോശെ അതിനെ കണ്ടു്‌ ഓടിപ്പോയി. യഹോവ മോശെയോടു്‌: നിന്റെ കൈ നീട്ടി അതിനെ വാലിനു്‌ പിടിക്ക എന്നു്‌ കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു്‌ അവന്റെ കയ്യിൽ വടിയായിത്തീര്‍ന്നു. ഇതു്‌ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു്‌ പ്രത്യക്ഷനായി എന്നു്‌ അവർ വിശ്വസിക്കേണ്ടതിനു്‌ ആകുന്നു. യഹോവ പിന്നെയും അവനോടു്‌: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു്‌ എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു്‌ പുറത്തെടുത്തപ്പോൾ, അതു്‌ വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും”. (പുറപ്പാടു്‌  4 : 1 – 8)

എന്തു്‌ തോന്നുന്നു? ബൈബിളും ഖുര്‍ആനും തമ്മിലും, രണ്ടിലെയും ദൈവങ്ങള്‍ തമ്മിലും വല്ല ബന്ധവും കാണാന്‍ കഴിയുന്നുണ്ടോ?

ബൈബിള്‍! ഖുര്‍ആന്‍! ദൈവവചനങ്ങള്‍! മനുഷ്യരെ തന്നില്‍ വിശ്വസിപ്പിക്കാന്‍ വടിയെ പാമ്പാക്കുന്നതുപോലുള്ള ‘മാജിക്കിന്റെ’ സഹായം തേടേണ്ടിവരുന്ന ഒരു മന്ത്രവാദിദൈവം വെളിപ്പെടുത്തുന്ന നിത്യസത്യങ്ങള്‍ !!

 
1 Comment

Posted by on Nov 10, 2012 in മതം

 

Tags: , , , , ,