RSS

Daily Archives: Mar 7, 2011

ഓം മണിപദ്മേ ഹൂം

എല്ലാ മതങ്ങൾക്കുമുണ്ടു് പതിവായി ആവർത്തിക്കപ്പെടേണ്ട മുദ്രാവാക്യങ്ങൾ എന്നതു് കേരളീയരോടു് പ്രത്യേകം പറയേണ്ട ഒരു കാര്യമാണെന്നു് തോന്നുന്നില്ല. എങ്കിലും, ടിബറ്റിലെ ബുദ്ധമതവിശ്വാസികളുടേതു് “ഓം മണിപദ്മേ ഹൂം” (Om manipadme hum/Om Mani Peme Hung) എന്നാണെന്നു് അറിയാത്ത ചിലരെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ല എന്നതു് ഒരു ബുദ്ധമതവിശ്വാസിക്കു് മോക്ഷം പ്രാപിക്കുന്നതിനു് ഒരിക്കലും ഒരു തടസ്സമാവരുതു് എന്നതിനാലാവാം, ആ മതത്തിലെ ചുമതലപ്പെട്ടവർ അവർക്കു് ഇക്കാര്യത്തിൽ ചില കൺസെഷൻ അനുവദിച്ചു് നൽകിയിട്ടുണ്ടു്. അതിൻപ്രകാരം, അനുഗ്രഹം നേടാനും മോക്ഷം പ്രാപിക്കാനും വിശ്വാസികൾ ഈ അത്ഭുത ഫോർമ്യുല സ്വന്തമായി എഴുതണമെന്നോ, വായിക്കണമെന്നോ, ഉച്ചരിക്കണമെന്നോ നിർബന്ധമില്ല. അംഗീകൃത ഏജൻസികൾ ഈ ആറു് ഏകസ്വരാക്ഷരങ്ങളും, അഷ്ടമംഗലചിഹ്നങ്ങളും, ഉടയതമ്പുരാനു് മാത്രം അറിയാവുന്ന മറ്റെന്തൊക്കെയോ മന്ത്രങ്ങളുമൊക്കെ പുറത്തും അകത്തുമായി എഴുതി തയ്യാറാക്കി വിൽക്കുന്ന ഒരു മാന്ത്രികചക്രം (Prayer Wheel) നിത്യേന പിടിച്ചു് തിരിച്ചുകൊണ്ടിരുന്നാൽ മതി. ഇതുപോലൊരു ആശയത്തിൽ ടിബറ്റുകാർ എങ്ങനെ എത്തിച്ചേർന്നു എന്നതാണു് എന്നെ അത്ഭുതപ്പെടുത്തുന്നതു്. “വായടച്ചോളൂ, പണി ചെയ്യാതിരിക്കുകയും വേണ്ട” എന്നാണു് ഈ ചക്രം മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്. ഓരോ തിരിയ്ക്കലും അതിലെ ആകെമൊത്തം മന്ത്രങ്ങൾ ഒറ്റയടിക്കു് ഉച്ചരിക്കുന്നതിനു് തുല്യമാണത്രെ! ഒരു വീലിനകത്തു് ആയിരം മന്ത്രങ്ങളുടെ കോപ്പിയാണു് ഉള്ളതെങ്കിൽ ഒറ്റത്തിരിക്കലിൽ ഒരു വിശ്വാസി പരസഹായമില്ലാതെ ചൊല്ലിത്തീർക്കുന്നതു് ആയിരം മന്ത്രങ്ങളാണു്. ചൊല്ലിയോ എന്നു് ചോദിച്ചാൽ, ചൊല്ലിയില്ലെങ്കിലും ചൊല്ലിയതിനുതുല്യം എന്നാണുത്തരം. ചൊല്ലാത്തതു് ചൊല്ലി എന്നു് വരുത്താനും, കാണാത്തതു് കണ്ടു എന്നു് വരുത്താനും, ഇല്ലാത്തതു് ഉണ്ടു് എന്നു് വരുത്താനും, മണ്ടന്മാരെ ഉത്തമബോദ്ധ്യമുള്ളവരാക്കുവാനും, തനിമലയാളത്തിൽ പറഞ്ഞാൽ, പട്ടിയെ പട്ടിയല്ലാതാക്കാനും പറ്റിയ ഒരു ഉത്തമശാസ്ത്രമാണു് വ്യാഖ്യാനം. ചക്രം തിരിയ്ക്കലും ശ്ലോകം ചൊല്ലലും ഒന്നുതന്നെ എന്നു് വ്യാഖ്യാതാവു് പറഞ്ഞാൽ അവ ഒന്നുതന്നെ. അത്രേയുള്ളു അതിന്റെ കാര്യം. അതാണു് വ്യാഖ്യാനത്തിന്റെ ഒരു ഗുണം. വ്യാഖ്യാനത്തിന്റെ ലോകത്തിൽ കാര്യങ്ങൾക്കു് ഒരു തീർച്ചയും തീരുമാനവും ഉണ്ടു്. അതു് പ്രപഞ്ചസൃഷ്ടിയായാലും ശരി, ആദ്യകാരണമായാലും ശരി, പരിണാമസിദ്ധാന്തമായാലും ശരി, ഐസ്ക്രീം കേസായാലും ശരി. വ്യാഖ്യാനത്തിന്റെ മാന്ത്രികശക്തി നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടണം എന്നുള്ളവർക്കു് ഇപ്പോൾ പ്രയോജനപ്പെടുത്താവുന്ന ഒരു സുവർണ്ണാവസരമാണു് ബ്ലോഗിലെ എവൊല്യൂഷൻ ചർച്ചകളിൽ ചില സൃഷ്ടിവാദികൾ അവതരിപ്പിക്കുന്ന ഗോൾഡൻ ആർഗ്യുമെന്റ്‌സ്‌. എവൊല്യൂഷനെപ്പറ്റി ചർച്ച ചെയ്യാൻ ആദ്യം വേണ്ട യോഗ്യത അതെന്താണെന്നു് അറിയാതിരിക്കുക എന്നാണു് സൃഷ്ടിവാദികൾ മനസ്സിലാക്കിയിരിക്കുന്നതെന്ന വെളിപാടുമായി വീട്ടിലേക്കു് മടങ്ങാൻ അവിടെ ഒരു പത്തുമിനിട്ടു് ചുറ്റിക്കറങ്ങിയാൽ മതി. ഏറെ പാതാളമറുതകൾ ഉണ്ടെങ്കിലും, മണികെട്ടി വില്ലടിച്ചാൻപാട്ടു് പാടുന്ന ഇനങ്ങളെ കാണണമെങ്കിൽ സോഷ്യൽ മീഡിയ തന്നെ ശരണം.

“പ്രപഞ്ചത്തിൽ എനിക്കു് നിൽക്കാൻ ഉറപ്പുള്ള ഒരിടം തന്നാൽ ഞാൻ ഭൂമിയെ ഒരു ഉത്തോലിനി ഉപയോഗിച്ചു് പൊക്കിയെടുക്കാം” എന്നു് ഉത്തോലകനിയമക്കാരനായ ആർക്കെമിഡീസ്‌ പറഞ്ഞപ്പോൾ ലോകം എതിർത്തില്ല. എന്തിനേയും എതിർക്കുന്ന ബുദ്ധിജീവികളായ കേരളീയർ പോലും അതിനെ എതിർത്തില്ല. പ്രാർത്ഥനാചക്രങ്ങളുടെ പ്രവർത്തനതത്വവും അതുപോലെ എതിർക്കാൻ ഒന്നുമില്ലാത്ത ഒരു യൂണിവേഴ്സൽ നിയമമാണു്: “എനിക്കൊരു പ്രാർത്ഥനാചക്രം തരൂ, ഞാൻ കാക്കത്തൊള്ളായിരം മന്ത്രങ്ങൾ ഒറ്റശ്വാസത്തിൽ ചൊല്ലാം”. അതിൽ എതിർക്കാൻ എന്തിരിക്കുന്നു? ഇതിൽ നിന്നും ഒരു ഗുണപാഠം നമുക്കു് മനസ്സിലാക്കാം: മനുഷ്യനായാൽ ബോധമില്ലെങ്കിലും പ്രായോഗികബുദ്ധി വേണം. ആ അർത്ഥത്തിൽ നോക്കിയാൽ സമ്പൂർണ്ണ സാക്ഷരത്വം കൈവരിച്ച കേരളമൊഴികെയുള്ള ലോകത്തിനു് ടിബറ്റൻ ജനതയിൽ നിന്നും പലതും പഠിക്കാനുണ്ടു്. അതുകൊണ്ടു്, മോക്ഷം നേടാൻ പ്രാർത്ഥനാചക്രം തിരിയ്ക്കുന്ന ടിബറ്റന്മാർ സമ്പൂർണ്ണ സാക്ഷരത കൂടി കൈവരിച്ചാൽ അവർ കേരളീയർക്കു് ബൗദ്ധികതയുടെ തലങ്ങളിൽ ഗൗരവതരമായ ഒരു ഭീഷണി ആയി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട; വേണ്ടതു് “ജാഗ്രത” മാത്രമാണു്. പ്രാർത്ഥനാചക്രം തിരിയ്ക്കാനുള്ള ഉത്സാഹത്തിനനുസരിച്ചു് വിശ്വാസിയുടെ പ്രതിഫലവും വർദ്ധിക്കുന്നുണ്ടാവണം. പക്ഷേ, ഒരു വിശ്വാസിക്കു് മോക്ഷത്തിൽ കൂടിയ ഒരു പ്രതിഫലം ഉണ്ടാവാൻ വഴിയില്ല എന്നതിനാൽ, വർദ്ധിച്ച പ്രതിഫലം എന്നതിനു് വലിയ പ്രസക്തി ഉണ്ടോ എന്നെനിക്കറിയില്ല. മോക്ഷപ്രാപ്തിക്കു് ഒരു കൈവേല എന്നതാണു് ഇതിന്റെ പിന്നിലെ പ്രത്യയശാസ്ത്രം. ബുദ്ധൻ പഠിപ്പിച്ച രീതിയായ ധർമ്മചക്രത്തിന്റെ തിരിക്കൽ എന്ന ആശയത്തിന്റെ ഭൗതികാവിഷ്കരണമാണു് ഈ പ്രാർത്ഥനാചക്രങ്ങൾ.

ബുദ്ധൻ പഠിപ്പിച്ച രീതിയെ മെഡുല ഒബ്ലോൻഗാറ്റയുടെ തിരിക്കൽ എന്നു് വ്യാഖ്യാനിക്കാൻ പണ്ഡിതന്മാർക്കു് ആർക്കും തോന്നാതിരുന്നതു് ഭാഗ്യം. അതുകൊണ്ടു് ടിബറ്റ്‌ ജനശൂന്യമായില്ല. അല്ലെങ്കിൽ ചൈനക്കു് പട്ടാളത്തിനോടൊപ്പം തൊഴിലാളികളേയും ടിബറ്റിലേക്കു് ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നു. ചൈനയിലെ ജനസംഖ്യ വച്ചുനോക്കുമ്പോൾ അവർക്കതു് ഒരു കാരണവശാലും ഒരു പ്രശ്നമാകുമായിരുന്നില്ല എന്നതു് മറ്റൊരു കാര്യം. ഏറ്റവും കൂടുതൽ മാൻ പവ്വർ ഉത്പാദിപ്പിക്കപ്പെടുന്നതു് ഭാരതം ചൈന മുതലായ, അത്ര വികസ്വരവുമല്ല, എന്നാൽ വികസിതവുമല്ല എന്ന ഒരുതരം “മിസ്‌ ശിഖണ്ഡിയുടെ” അവസ്ഥയിൽ കഴിയുന്ന വൻകരകളിലാണെന്നതിനാൽ അതിൽ ധാരാളമായി അഭിമാനിക്കാനുള്ള വക നമുക്കുമുണ്ടു്. മുക്കിയും മൂളിയുമാണെങ്കിലും ഭാരതീയനും അത്രയൊക്കെ ഒരുവിധത്തിൽ ഒപ്പിക്കുന്നുണ്ടല്ലോ. അല്ലെങ്കിൽ വിശാലമായ എന്തുമാത്രം ഭൂപ്രദേശം ജനശൂന്യമാകുമായിരുന്നേനെ! ബ്രൂട്ടോ സോഷ്യൽ പോപ്യുലേഷൻ 120 കോടിയോളം എത്തിക്കാൻ നമുക്കും കഴിഞ്ഞിട്ടുണ്ടു്. ഉത്സാഹിച്ചാൽ ചൈനയുടെ 134 കോടിയെ മറികടക്കാവുന്നതേയുള്ളു. (List of countries by population)

അതായതു്, പ്രാർത്ഥനാചക്രങ്ങൾ: ആരാധനാലയങ്ങളിൽ നിരനിരയായി ഫിറ്റ്‌ ചെയ്തിരിക്കുന്ന വലിയ രൂപത്തിലുള്ളവ മുതൽ, സായിപ്പിന്റെ പൈപ്പുപോലെ (അതിൽ ഇത്തിരി പുകയില, ഇതിൽ ഒത്തിരി മന്ത്രങ്ങൾ, അതേയുള്ളു വ്യത്യാസം.) സ്ഥിരം കയ്യിൽ കൊണ്ടുനടന്നു് തിരിക്കാവുന്നവ വരെയുള്ള പല മോഡലുകളിൽ ഇവ മനുഷ്യർക്കു് മോക്ഷത്തിലേക്കുള്ള കവാടം തുറക്കാൻ അനേക നൂറ്റാണ്ടുകളായി സഹായിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയതു് നാലാം നൂറ്റാണ്ടുമുതലെങ്കിലും കയ്യാംകളിയിലൂടെ മോക്ഷം പ്രാപിക്കുന്ന ഈ രീതി ടിബറ്റിൽ നിലവിലുണ്ടെന്നാണു് രേഖകൾ. ജലപ്രവാഹം, കാറ്റു്, തിരിവെളിച്ചത്തിന്റെ ചൂടു്, വൈദ്യുതി മുതലായവ ഒക്കെ ഉപയോഗിച്ചു് തിരിയ്ക്കപ്പെടുന്ന പ്രാർത്ഥനാചക്രങ്ങളുമുണ്ടു്.

Animated GIF ഉപയോഗിച്ചാലും തുല്യഫലം ലഭിക്കുമെന്നു് ദലായ്‌ ലാമ പറയുന്നു. അതായതു്, ഗ്രാഫിക്സ്‌ ഇന്റർചെയ്ഞ്ച്‌ ഫോർമാറ്റ്‌ വഴിയും കരുണയുടെ തരംഗങ്ങൾ പ്രസരിക്കും! ഭക്തിയുടെ ദൃഷ്ടിയിൽ കൂടി നോക്കിയാൽ അതും ശരിയാണെന്നു് കാണാൻ കഴിയേണ്ടതാണു്. അല്ലെങ്കിൽത്തന്നെ, വിശ്വാസമെന്നതു് ദേഹമാസകലം ഉള്ളിലും പുറത്തും തരംഗാകൃതിയിൽ പടർന്നു് പന്തലിക്കുന്ന ഒരുതരം തരുതരുപ്പും, കിരുകിരുപ്പും, പരുപരുപ്പുമൊക്കെയാണെന്നു് ഭക്തിയുടെ ഓവർഡോസിൽ മൂർച്ഛിതാവസ്ഥയിലെത്തി ഉറഞ്ഞുതുള്ളുന്നവരെ കണ്ടിട്ടുള്ള ആർക്കാണു് അറിയാത്തതു്? എനിക്കു് ദലായ്‌ ലാമയോടു് ഒരപേക്ഷയുള്ളതു്, ഏതു് തരികിട വഴിയും കരുണയുടെ തരംഗങ്ങൾ പ്രസരിക്കുമെന്നു് ഉറപ്പായ സ്ഥിതിക്കു് എല്ലാ ആധുനിക മാധ്യമങ്ങളേയും പ്രെയർ വീലുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണു്. ഉണർന്നാൽ ഉറങ്ങുന്നതുവരെ Facebook ഇടവകയിലും, SMS കരയോഗത്തിലും, Twitter മഹാസഭയിലും, Buzz സെക്റ്റിലും തപസ്സനുഷ്ഠിക്കുന്ന യുവആത്മാക്കളെ മോക്ഷമാർഗ്ഗത്തിലേക്കു് നയിക്കാൻ അതൊരു നല്ല ചുവടുവയ്പായിരിക്കും. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണു് അധികപങ്കും അവിടങ്ങളിൽ തട്ടിക്കളിക്കപ്പെടുന്നതെങ്കിലും ഇടയ്ക്കിടെ ഓം മണിപദ്മേ ഹൂം എന്നുകൂടി കൂട്ടിച്ചേർക്കുന്നതു് ഒരു വലിയ പ്രശ്നമാവാൻ വഴിയില്ല എന്നു് തോന്നുന്നു.

ഒട്ടും കുറഞ്ഞവനല്ല, ഒരു ഒറിജിനൽ ടിബറ്റുകാരനും, അവലോകിതേശ്വരന്റെ പതിനാലാം പുനർജ്ജന്മവും, നോബൽപ്രൈസ്‌ ജേതാവുമായ ദലായ്‌ ലാമയാണു് ഇതു് പറയുന്നതെന്നോർക്കുക. എങ്കിലും, പ്രായ-ലിംഗഭേദമെന്യേ, ജാതി-മതം തിരിച്ചു് ആരെയും ദൈവാനുഗ്രഹത്തിലേക്കും ശോഭനമായ ഭാവിയിലേക്കും ക്യാറ്റപുൾട്ട്‌ ചെയ്യുന്ന അത്ഭുതസിദ്ധികൾ കൈവരിക്കുന്നതിനു് പറ്റിയ കല്ലുകളുടേയും ലോഹങ്ങളുടേയും ഉറുക്കുകളുടേയും മുറുക്കുകളുടേയും മറ്റു് പലതരം കുറുക്കുവഴികളുടേയും പരസ്യങ്ങൾ വായിക്കാനായി മലയാള പത്രങ്ങൾ വാങ്ങിയ്ക്കുന്നവർക്കൊഴികെ ദലായ്‌ ലാമയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അതു് അങ്ങേർ ഒരു തമാശ പറഞ്ഞതാണെന്നേ തോന്നാൻ വഴിയുള്ളു. എന്നാൽ വസ്തുത അങ്ങനെയല്ല. അതു് പറഞ്ഞപ്പോൾ ലാമയുടെ മുഖത്തു് പ്രസരിച്ച ആത്മാർത്ഥതയുടെ തരംഗങ്ങൾ ശ്രദ്ധിച്ച എല്ലാവർക്കും അതു് കട്ടായമായും ഒരു തമാശ ആയിരുന്നില്ല എന്നു് മനസ്സിലായിട്ടുണ്ടാവണം. മേൽപറഞ്ഞ രീതികളിലുള്ള പ്രാർത്ഥനാചക്രങ്ങൾ സാങ്കേതികമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ കൂൾ അല്ലെന്നു് കരുതുന്ന ഇൻഫൊർമേഷൻ യുഗവാസികൾ നിരാശപ്പെടേണ്ട. കമ്പ്യൂട്ടറിലെ ഹാർഡ്‌ ഡിസ്കും ഇന്റർനെറ്റുമെല്ലാം ഓം മണിപദ്മേ ഹൂം എന്ന മോക്ഷഫോർമ്യുലയുമായി പൂർണ്ണമായും കമ്പാറ്റിബിൾ ആണു്. മിനുട്ടിൽ എത്രയോ ആയിരം വട്ടം കറങ്ങുന്ന ഒരു ഹാർഡ്‌ ഡ്രൈവിനു് പ്രസരിപ്പിക്കാൻ കഴിയുന്ന കരുണാതരംഗധാരയുടെ ആത്മീയോർജ്ജത്തിനു് നേടിത്തരാൻ കഴിയാത്ത മോക്ഷമുണ്ടോ? ഇതിനൊക്കെ പുറമേ, ഇന്റർനെറ്റ്‌ കണക്ഷനും ഒരു വെബ്ക്യാമും ഉണ്ടെങ്കിൽ ഒരു ഇലക്ട്രിക്‌ പ്രെയർ വീലിനെ പ്രവർത്തിപ്പിച്ചു് അനുഗ്രഹം നേടാൻ കഴിയുന്ന സംവിധാനവും നിലവിലുണ്ടത്രെ. ഇതെല്ലാം വിക്കി പറയുന്നതായതുകൊണ്ടു് നുണയാവാനേ വഴിയുള്ളു. സൃഷ്ടിവാദികൾ ഇതൊന്നും കേട്ടു് കുലുങ്ങേണ്ട കാര്യമില്ല. അല്ലെങ്കിലും കേളൻ ഒരിക്കലും കുലുങ്ങാറില്ല, പാലത്തെ കുലുക്കാറേയുള്ളു. എന്തുകൊണ്ടെന്നറിയില്ല, ഈ ചുറ്റലും ചുറ്റിക്കലും തിരിക്കലും തിരിപ്പിക്കലുമൊക്കെ മിക്കവാറും എല്ലാ മതവിശ്വാസങ്ങളുടെയും ഒരു പ്രധാനഘടകമാണു്. പിരി അൽപം ലൂസായാൽ കിടന്നിടത്തു് കിടന്നു് തിരിയുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനുള്ള ശേഷി ഒരു സ്ക്രൂവിനും ഇല്ല എന്നതിലാവാം ഒരുപക്ഷേ ഇതിന്റെ ഉത്തരം കുടികൊള്ളുന്നതു്.

ദൈവം വായാടിത്തത്തേക്കാൾ കായികാഭ്യാസത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവനാവാനാണു് സാദ്ധ്യത എന്നാണെന്റെ അഭിപ്രായം. ഒച്ചയും ബഹളവും ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നെങ്കിൽ ശ്രീബുദ്ധൻ ഭാര്യയേയും മകനേയും ഉപേക്ഷിച്ചു് മരച്ചുവട്ടിൽ പോയി ഒറ്റയ്ക്കു് ഇരിക്കുമായിരുന്നോ? കുടുംബത്തിലെ ശബ്ദമലിനീകരണം അക്കാലത്തു് ഡിവോഴ്സിനു് മതിയായ കാരണമായിരുന്നില്ല എന്നുവേണം കരുതാൻ. ശബ്ദം വളരെ അപകടകാരിയാണു്. ഏതു് കുടുംബനാഥനും അതറിയാം. ഉദാഹരണത്തിനു്, പച്ചിലകൾ അനങ്ങുന്ന ശബ്ദത്തിന്റെ ലെവൽ 10 dB ആണു്. ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിന്റേതു് ഒരു മീറ്റർ അകലത്തിൽ 40-60 dB. (ഒരു സുവിശേഷകന്റേതു് അതിലും എത്രയോ കൂടുതൽ ആയിരിക്കും). ജെറ്റ്‌ പ്ലെയിനിന്റേതു് 30 മീറ്റർ അകലത്തിൽ 150 dB. അതിനും മുകളിലാവണം മലയാളക്കരയിൽ ഉച്ചഭാഷിണിയിലൂടെ ദൈവസന്നിധിയിലേക്കു് എക്സ്‌പ്രെസ്സ്‌ പോസ്റ്റ്‌ ആയി അയക്കപ്പെടുന്ന അപേക്ഷകളുടെ ലെവൽ. അത്രയും ഉച്ചത്തിലുള്ള കോലാഹലം ഒരു അപേക്ഷയാവുകയില്ല, അതൊരു ആക്രോശമേ ആവൂ. അതിനാൽ, അഥവാ ദൈവം ഒരുകാലത്തു് കേൾവിയുള്ളവൻ ആയിരുന്നെങ്കിൽത്തന്നെ കേരളത്തിൽ പ്രാർത്ഥനയ്ക്കു് ഉച്ചഭാഷിണി ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ബധിരനായി തീർന്നിട്ടുണ്ടാവണം. ദൈവത്തെ (കുന്തുരുക്കം) പുകച്ചു് പുറത്തുചാടിച്ചിട്ടാണു് ആക്രോശിച്ചു് ചെവി പൊട്ടിക്കുന്നതു്! ഇടിവെട്ടിയവനെ അട്ട കടിച്ചു എന്നു് പറയുന്നപോലെ, (അതോ കടിച്ചതു് പട്ടിയാണോ? ആർക്കറിയാം? ഏതായാലും ഇടി വെട്ടിയവനെ എന്തോ ഒന്നു് കടിച്ചു. അതാണു് പ്രധാനവും) ഒരു കണക്കിനെന്നല്ല, ഏതു് കണക്കിനു് നോക്കിയാലും ദൈവത്തിന്റെ അവസ്ഥ സഹാനുഭൂതി അർഹിക്കുന്നതാണു്. ചുരുക്കത്തിൽ, ആരോഗ്യത്തിനു് പുകവലിയേക്കാൾ ഹാനികരമാണു് ബഹളം. ഇക്കാര്യം പക്ഷേ ആരോഗ്യമുള്ളവരേ ശ്രദ്ധിക്കേണ്ടതുള്ളു. നല്ല ഫിഗറിനുവേണ്ടി ഏറോബിക്‌ ചെയ്യാൻ കൊത്തലുണ്ണികളോടു് ആഹ്വാനം ചെയ്യുന്നതു് തീർച്ചയായും സാഡിസമാണു്.

ഒച്ചയുടെ ലെവൽ ഒരു പരിധിയിൽ കൂടിയാൽ എപിലെപ്സി പോലുള്ള രോഗങ്ങൾ ഇളകാൻ സാദ്ധ്യതയുണ്ടത്രെ! കേരളത്തിൽ ആർക്കും എപിലെപ്സി ഇല്ലാത്തതുകൊണ്ടാണു് ഏതു് പാതിരാത്രിക്കുപോലും വെടിക്കെട്ടും ഉച്ചഭാഷിണിയും താങ്ങാനാവുന്നതു് എന്നു് തോന്നുന്നില്ല. എപിലെപ്സി ഒക്കെ വെറും പെറ്റിക്കേസുകളായ ഒരു നാട്ടിൽ ഇനിയെങ്ങോട്ടു് ഇളകാൻ എന്നതാവും അതിന്റെ കൂടുതൽ യുക്തമായ വിശദീകരണം. നട്ടപ്പാതിരായ്ക്കു് അടുത്ത അമ്പലത്തിലോ പള്ളിയിലോ അമിട്ടു് പൊട്ടുന്നതു് കേട്ടു് ഞെട്ടിയുണർന്നാൽ ഒരു ചിരിയും പാസാക്കി എഴുന്നേറ്റു് വിശദമായി ഒന്നു് മൂത്രമൊഴിച്ചിട്ടു് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കിടന്നുറങ്ങാൻ ഈ ഭൂമിയിൽ മലയാളിക്കു് മാത്രമേ കഴിയൂ. സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം മലയാളികൾ വളരെ സഹിഷ്ണുതയുള്ളവരാണു്. എന്തു് സംഭവിച്ചാലും ചുമ്മാ ചിരിക്കുന്നതു് കേരളത്തിൽ നൊർമാലിറ്റിയുടേയും ആരോഗ്യത്തിന്റേയും ലക്ഷണമാണെന്നു് അവിടത്തെ ഏതു് ഹോമിയോ ഡോക്ടർക്കും അറിയാം. കൈ വേണ്ടവിധം മടക്കിയാൽ മുദ്ര വച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ലഭിക്കും. ബുദ്ധന്റെ മാതൃകയിൽ ഒന്നും മിണ്ടാതെ വെറുതെ എവിടെയെങ്കിലും ഇരുന്നാലും മോക്ഷം പ്രാപിക്കാം എന്നു് പറഞ്ഞാൽ ടിബറ്റന്മാരും ചുമ്മാ ചിരിക്കാറാണു് പതിവു്. റേഷൻ കാർഡില്ലാതെ റേഷൻ പോലും കിട്ടില്ല, പിന്നെ പ്രെയർ വീൽ തിരിയ്ക്കാതെ മോക്ഷം കിട്ടുമോ എന്നതാണു് അവരുടെ നിലപാടു്. അതിൽ തീർച്ചയായും ദൃഷ്ടാന്തവും യുക്തിയുമുണ്ടു്. ടിബറ്റുകാർ മലയാളികളെപ്പോലെ അനുസരിക്കാതിരിക്കാനും, ചുമ്മാ നോക്കി ചിരിക്കാനുമായി നിയമങ്ങൾ ഉണ്ടാക്കുന്നവരോ, അദ്ധ്വാനിക്കാതെ ജീവിക്കാനായി സർക്കാർജോലി തേടുന്നവരോ അല്ലാത്തതിനാൽ, മറ്റെല്ലാ കാര്യങ്ങളും എന്നപോലെതന്നെ മോക്ഷവും മനുഷ്യർ പ്രയത്നിച്ചു് നേടിയെടുക്കേണ്ട ഒരു കാര്യമാണെന്നു് ഉത്തമബോദ്ധ്യമുള്ളവരാണു്. മോക്ഷത്തിനുവേണ്ടി പ്രെയർ വീലുമായി സഹകരിച്ചു് ഇത്തിരി നന്നായിത്തന്നെ അദ്ധ്വാനിക്കാൻ അവർക്കു് മടിയൊന്നുമില്ല.

പല ആകൃതിയിലും പ്രകൃതിയിലും കാണാൻ കഴിയുന്ന ഈ പ്രാർത്ഥനാ മെഷിനെറി ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ താരതമ്യേന നിരുപദ്രവകാരിയാണെന്നതിനാൽ, വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നപോലെ, പ്രാർത്ഥന ഉച്ചഭാഷിണിയിലൂടെ എന്ന പ്രമാണവാക്യത്തിൽ വിശ്വസിക്കുന്ന മതങ്ങൾക്കു് വേണമെങ്കിൽ പ്രാർത്ഥനയ്ക്കു് അതിനെ ഒരു മാതൃകയാക്കാവുന്നതാണു്, പക്ഷേ അതവർ ചെയ്യില്ല. കാരണം, നമ്മൾ എന്തെങ്കിലും ചെയ്താൽ അതു് നാലുപേർ കാണണം, അറിയണം എന്നവർക്കു് നിർബന്ധമുണ്ടു്. കാൽമുട്ടിലെ തഴമ്പു് മറ്റുള്ളവർക്കു് തുണി പൊക്കി നോക്കാതെതന്നെ കാണാൻ തടസ്സമില്ലാത്തവിധത്തിൽ ബെർമ്യൂഡഷോർട്ട്സ്‌ ധരിക്കുന്നവരായിരുന്നു മലയാളികളെങ്കിൽ അവർക്കു് നെറ്റിയിൽ പ്രാർത്ഥനയുടെ തഴമ്പുണ്ടാവുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം. എക്സിബിഷനിസം സെക്സിൽ മാത്രമല്ല, മതവിശ്വാസത്തിലും ഉണ്ടു്. “അഭിനയമാണു് പകുതി ജീവിതം” എന്നൊരു ചൊല്ലുണ്ടു്. പക്ഷേ, കേരളത്തിൽ അഭിനയമാണു് മുഴുവൻ ജീവിതവും എന്നപോലെയാണു് കാര്യങ്ങളുടെ പോക്കു്. കേരളത്തിൽ എഞ്ചിനിയറോ, ഡോക്ടറോ, ശാസ്ത്രജ്ഞനോ, രാഷ്ട്രതന്ത്രജ്ഞനോ, എന്തിനു്, പുരോഹിതൻ പോലുമോ ഇല്ല, അങ്ങനെ അഭിനയിക്കുന്നവരേ ഉള്ളു. അതിനു് നമ്മൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതു് സിനിമകളോടാണു്. പുസ്തകങ്ങൾക്കും സിനിമകൾക്കുമൊക്കെ സമൂഹത്തെ സാംസ്കാരികമായി മാറ്റിയെടുക്കാനുള്ള കരുത്തുണ്ടു് – രണ്ടു് ദിശകളിലേക്കും. നമ്മൾ നയിക്കപ്പെട്ടതു് തെറ്റായ ദിശയിലേക്കായിരുന്നു എന്നുമാത്രം. മലയാളം സിൽമയിൽ മൃതശരീരങ്ങളെ അവതരിപ്പിക്കുന്നതു് കണ്ടിട്ടില്ലേ? ശവസ്റ്റാറിന്റെ (അതോ സ്റ്റാർ ശവമോ?) മൂക്കിന്റെ രണ്ടു് തുളകളിലുമായി തിരുകുന്ന പഞ്ഞിയുണ്ടെങ്കിൽ മുതിർന്നവർക്കുള്ള രണ്ടു് തലയണ നിശ്ചയം.

ഒരു പ്രെയർ വീൽ കയ്യിൽപിടിച്ചു് തിരിച്ചുകൊണ്ടു് പരസ്യമായി സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ഏർപ്പാടു് മഹാ നാണക്കേടും അന്ധവിശ്വാസവുമാണെന്നു് കരുതുന്ന മുഴുവൻ മതവിശ്വാസികളും ഒരുകാര്യം മറക്കേണ്ട: നിങ്ങൾ മോക്ഷപ്രാപ്തിക്കായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ടിബറ്റുകാർ കണ്ടാൽ അവർ ശീർഷാസനത്തിൽ നിന്നു് ചിരിച്ചുചിരിച്ചു് മരിക്കും. അവർക്കു് തീർച്ചയായും മോക്ഷവും ലഭിക്കും. കാരണം, ജാതി-മത-വർഗ്ഗ-വർണ്ണ-പ്രായ-ലിംഗഭേദമെന്യേ എല്ലാവർക്കും മരണശേഷം ലഭിക്കുന്ന ഒന്നാണു് മോക്ഷം. നിരീശ്വരന്മാർക്കുമാത്രം അതു് രണ്ടുവട്ടം ലഭിക്കും – ജീവിക്കുമ്പോഴും മരിച്ചശേഷവും. അന്ധവിശ്വാസങ്ങൾ ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ പ്രാകൃതത്വമാകുന്നതു് അവ മറ്റു് മതങ്ങളിൽ ആചരിക്കപ്പെടുമ്പോൾ മാത്രമാണു്. ഏതൊരുത്തനും അവന്റെ വിശ്വാസത്തിനുവേണ്ടി ചെയ്യുന്ന ഏതു് കാട്ടാളത്തവും ഒന്നൊഴിയാതെ യുക്തവും വിശുദ്ധവും, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്തവിധം കുറ്റമറ്റതുമാണു്. അവനു് മറ്റു് എന്തിനേയും ഏതിനേയും – അന്യമതങ്ങളും ശാസ്ത്രനിയമങ്ങളും അടക്കം – ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന തോന്നലും സ്വന്തവിശ്വാസത്തിന്റെ അപ്രമാദിത്വഭ്രാന്തിൽ നിന്നുമാണു് മുളപൊട്ടുന്നതു്. എല്ലാവരും ആടുമാടുകളെപ്പോലെ കഴുത്തിൽ ഒരു തട്ടയുമായി നടക്കുന്ന ഒരു സമൂഹത്തിൽ തട്ടയില്ലാതെ പ്രത്യക്ഷപ്പെടുന്നവനായിരിക്കും അപഹാസ്യനാവുക. എല്ലാ പുരുഷന്മാരും പൊട്ടുതൊടുകയും കാതിൽ കമ്മലിടുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ അതു് ആർക്കും ലജ്ജാവഹമായ ഒരു പ്രവൃത്തിയായി തോന്നേണ്ട കാര്യമില്ല. അന്താരാഷ്ട്രീയവേദികളിൽ അതൊരു കോമാളിവേഷമായി പരിഹസിക്കപ്പെടാമെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ ചെന്നുപെടേണ്ട ആവശ്യമില്ലാത്തവർക്കു് അതൊരു പ്രശ്നമായിപ്പോലും തോന്നേണ്ടതില്ല.

ഗദ്ദാഫി ഒരിക്കൽ ലിബിയൻ മോഡൽ “പുരുഷ സാരി” ചുറ്റി റഷ്യ സന്ദർശിച്ചപ്പോൾ നൽകപ്പെട്ട സ്വീകരണത്തിൽ ഡിപ്ലോമാറ്റ്‌സിന്റെ മുഖങ്ങളിൽ പുറത്തുചാടാൻ വെമ്പുന്ന ചിരി ഒതുക്കാനായി അവർ പെടുന്ന പാടു് വ്യക്തമായി കാണാനാവുമായിരുന്നു. ഗദ്ദാഫിയ്ക്കു് അന്തർദ്ദേശീയ തലങ്ങളിലുള്ള റെപ്യുട്ടേഷനും ആരിലും ചിരിയുണർത്താൻ പര്യാപ്തമായതാണുതാനും. ദേശീയവേഷം ധരിക്കാൻ ഗദ്ദാഫി ഔദ്യോഗികമായി ബാദ്ധ്യസ്ഥനായിരിക്കാം എന്നതും മറക്കുന്നില്ല. വ്യവസായത്തിനും അതിലേറെ ആയുധങ്ങൾക്കും കോടികളുടെ ഓർഡർ ലഭിക്കുമെന്നു് പ്രതീക്ഷിക്കുന്ന ഒരു രാജ്യം അവിടെ സന്ദർശിക്കാനായി എത്തുന്ന രാഷ്ട്രനേതാക്കൾ സാരിയല്ല, വെറും അണ്ടർവെയറുമായി പ്രത്യക്ഷപ്പെട്ടാലും അവരെ ഭവ്യതയോടെയേ സ്വീകരിക്കൂ. ആ സന്ദർശനത്തിന്റെ അന്തിമഫലം തങ്ങൾക്കു് അനുകൂലമോ പ്രതികൂലമോ എന്നതു് മാത്രമാണു് സ്വീകരണത്തിന്റെ തണുപ്പും ചൂടും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം. ആവശ്യമെന്നു് തോന്നുന്ന സന്ദർഭങ്ങളിൽ ഉള്ളിൽ ജ്വലിക്കുന്ന പരിഹാസത്തേയും പച്ചത്തെറിയേയും സൗഹൃദത്തിന്റെ പുറംകുപ്പായത്താൽ മറച്ചു് പിടിക്കുന്നതിനുള്ള ശേഷികൂടിയാണു് ഡിപ്ലോമസി. അതാണു് ചില പ്രത്യേക സാഹചര്യങ്ങളിൽ വിഷപ്പാമ്പുകൾ പോലും സിംഹാസനത്തിൽ അവരോധിക്കപ്പെടുന്നതിന്റെ രഹസ്യവും. ഏറ്റവും അടുത്ത അനുകൂല നിമിഷത്തിൽ നിർദ്ദാക്ഷിണ്യം അവഗണനയുടെ ചവറ്റുകുട്ടയിൽ എറിയപ്പെടാനുള്ള കറിവേപ്പിലകൾ. അന്തരീക്ഷോഷ്മാവു് മൈനസ്‌ പത്തോ പതിനഞ്ചോ ഡിഗ്രിയോ അതിൽത്താഴെയോ ആയി കുറയുന്ന മഞ്ഞുകാലത്തു് ഡെലിഗേഷനുകളോടൊപ്പം മുണ്ടും ഷർട്ടും ധരിച്ചു് യൂറോപ്പിലെത്തുന്ന ചില മലയാളികളുണ്ടത്രെ! ഒരു അന്യനാട്ടിൽ സന്ദർശനത്തിനായി പോകുന്നതിനു് മുൻപു് ആ നാട്ടിലെ കാലാവസ്ഥ, ആഹാരരീതികൾ, യാത്രാസൗകര്യങ്ങൾ, പെരുമാറ്റരീതികൾ മുതലായവയെപ്പറ്റി അത്യാവശ്യം വേണ്ട കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക എന്ന സാമാന്യരീതി പോലും അറിയാത്ത നേതാക്കളെപ്പറ്റി എന്തു് പറയാൻ? ഗാന്ധിജി ഇംഗ്ലണ്ടിൽ വട്ടമേശസമ്മേളനത്തിനു് പോയതും ഒറ്റമുണ്ടുമായിട്ടായിരുന്നല്ലോ എന്നാവും ന്യായീകരണം. ഒരു ന്യായീകരണവുമില്ലായിരുന്നെങ്കിൽ നിരന്തരം ഒരു പ്രെയർ വീലും തിരിച്ചുകൊണ്ടു് നാടുനീളെ നടക്കാൻ ടിബറ്റുകാരും തയ്യാറാകുമായിരുന്നില്ല.

പ്രെയർ വീലുകൾ മോക്ഷപ്രാപ്തിക്കു് ഉതകുന്ന ഒരു ഉപകരണമാകുന്നതു് ഓം-മ-ണി-പദ്‌-മേ-ഹൂം എന്ന ആറു് ഏകസ്വരാക്ഷരങ്ങളെ വേണ്ടവിധം വ്യാഖ്യാനിക്കുമ്പോഴാണു്. അതേസമയം, മോക്ഷം ലഭിക്കാൻ അങ്ങനെ ചില വ്യാഖ്യാനങ്ങൾ നിലവിലുണ്ടെന്നുപോലും അതുപയോഗിക്കുന്നവർ അറിയണമെന്നില്ല. അതാണു് ഈ വീലുകളെ ഇത്ര ആകർഷകമാക്കുന്നതു്. ഓരോ സ്വരാക്ഷരവും വ്യത്യസ്ത കാര്യങ്ങളെ പ്രതിനിധീകരിക്കുന്നവയാണു്. പൂർണ്ണത, ശുദ്ധീകരണം, നിരന്തരമായ ഒഴുക്കു്, വർണ്ണം, ദൈവികചിഹ്നം, വ്യത്യസ്ത തലങ്ങൾ അവയെല്ലാം വ്യാഖ്യാനിക്കപ്പെടേണ്ടവയാണു്. എവിടെ വ്യാഖ്യാനമുണ്ടോ അവിടെ ഭിന്നതയുമുണ്ടു് എന്നു് പ്രത്യേകം പറയേണ്ടല്ലോ. പതിനാലാം ദലായ്‌ ലാമയുടെ അഭിപ്രായത്തിൽ ഓം മണിപദ്മേ ഹൂം എന്ന മന്ത്രം ഉരുവിടുന്നതു് അനുഗ്രഹപ്രദമായ കാര്യമാണു് . പക്ഷേ, ഓരോ അക്ഷരത്തിന്റേയും അർത്ഥമറിഞ്ഞുവേണമത്രേ അതു് ചെയ്യാൻ! കാരണം, അവയുടെ അർത്ഥം വളരെ വിപുലവും വിശാലവുമാണു്. ഉഗ്രൻ! ഒരു മതമേധാവി ആ മതത്തിലെ ആചാരങ്ങൾ അർത്ഥശൂന്യമാണെന്നു് പറയുമെന്നായിരുന്നു ഇതു് കേൾക്കുന്നതുവരെ എന്റെ ധാരണ. ഈ വീലും പിടിച്ചുകൊണ്ടിരിക്കുന്നവരെ കണ്ടാൽ അവർ ആ മന്ത്രത്തിലെ ഓരോ സില്ലബിളും അതിന്റെ വിപുലമായ അർത്ഥം പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടാണു് ആ പ്രാർത്ഥനാചക്രം തിരിക്കുന്നതെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്നു് തോന്നുന്നില്ല.

ഓം എന്നതിനു് ഒരു വാച്യാർത്ഥം നൽകപ്പെടുന്നില്ല, സ്വരത്തിനാണു് അർത്ഥം. ഹിന്ദുമതത്തിലും ജൈനമതത്തിലും വളരെ പ്രസക്തിയുള്ള ഈ സ്വരാക്ഷരം ഈ മന്ത്രത്തിൽ മഹാമനസ്കത എന്ന സമ്പൂർണ്ണതയെ പ്രതിനിധീകരിച്ചുകൊണ്ടു് അഹങ്കാരത്തിൽ നിന്നും ഗർവ്വിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. ദേവന്മാർ, ബുദ്ധി, വെളുപ്പു് ഇവയെല്ലാം ഈ സില്ലബിളിന്റെ ആറ്റ്രിബ്യൂട്ടുകളാണു്. ആരംഭത്തിൽ മണി എന്നാൽ രത്നവും, പദ്മം താമരയും ആയിരുന്നു. മണിപദ്മ എന്നതു് ഭാരതത്തിൽ ഇന്നും ഒരു സ്ത്രീനാമമാണു്. പക്ഷേ, വ്യാഖ്യാനം കൊടുമ്പിരിക്കൊണ്ടപ്പോൾ, മ, ണി, പദ്‌, മേ എല്ലാം അക്ഷരം അക്ഷരമായി വേറേ വേറേ പരിശോധിക്കപ്പെടുകയും അർത്ഥങ്ങൾ നൽകപ്പെടുകയും ചെയ്തു. ഉദാഹരണത്തിനു് എഥിക്സിന്റെ ചുമതല വഹിച്ചുകൊണ്ടു് അസൂയയോടും ആഘോഷതാത്പര്യങ്ങളോടും സന്ധിയില്ലാസമരത്തിൽ ഏർപ്പെടുന്നു. അസുരന്മാർ, ഭൂതദയ, പച്ചനിറം ഇവയൊക്കെയാണു് ആറ്റ്രിബ്യൂട്‌സ്‌. ക്ഷമയുടെ പ്രതിനിധിയായ ണി ഇച്ഛാവികാരങ്ങളിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. ഇതൊന്നും പോരാ എന്നുള്ളവർക്കു് ഈ ലിങ്കിൽ പോയി തുടർന്നു് വായിക്കാം. Om mani padme hum

ഇതുപോലെയോ, ഇതിലും മഹത്തരമോ ആയ ഒരു വ്യാഖ്യാനം സ രി ഗ മ പ ത നി സ യ്ക്കും നൽകാവുന്നതല്ലേ എന്നാണു് ഞാനിപ്പോൾ ആലോചിക്കുന്നതു്. എന്റെ മറ്റൊരു ആലോചന, ന്യൂട്ടോണിയൻ മെക്കാനിക്സ്‌, ജെനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്സ്‌, നാച്യുറൽ സെലക്ഷൻ, എവൊല്യൂഷൻ മുതലായ തിയറികളുടെ സാരാംശം മുഴുവനും അടങ്ങുന്ന ഒരു ചെറിയ ചിപ്പ്‌ വിശ്വാസികൾ അറിയാതെ ഓരോ പ്രെയർ വീലുകൾക്കുള്ളിലും ഫിറ്റ്‌ ചെയ്താൽ അവരിൽ ഓം-മ-ണി-പദ്‌-മേ-ഹൂം തത്വപ്രകാരം, “ഇടുകുടുക്കേ ചോറും കറിയും” എന്ന സൂത്രവാക്യത്തിന്റെ മാതൃകയിൽ ശാസ്ത്രബോധം ഉണ്ടായിവരേണ്ടതല്ലേ എന്നതാണു്.

 
4 Comments

Posted by on Mar 7, 2011 in മതം

 

Tags: , , ,