RSS

Daily Archives: Aug 5, 2009

യേശുവിന്റെ നരകയാത്ര – 2

നീക്കോദിമോസിന്റെ സുവിശേഷം (അപ്പോക്രിഫാ) തുടർച്ച

നരകാധിപനും സാത്താനും തമ്മിലുള്ള തർക്കം

പുരാതനപിതാക്കളും പ്രവാചകന്മാരും അങ്ങനെ സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ അന്ധകാരത്തിന്റെ അനന്തരാവകാശിയായ സാത്താൻ അവിടെയെത്തി പാതാളത്തിന്റെ അധിപനോടു് (Hades) പറഞ്ഞു: “എല്ലാം തിന്നുന്നവനും ഒരിക്കലും മതിവരാത്തവനുമായവനേ, എന്റെ വാക്കുകൾ കേൾക്കുക! യഹൂദവർഗ്ഗത്തിൽ പെട്ടവനും യേശു എന്നു് വിളിക്കപ്പെടുന്നവനുമായ ഒരുത്തൻ ദൈവപുത്രനാണെന്നു് അവകാശപ്പെടുന്നു. പക്ഷേ അവൻ ഒരു മനുഷ്യൻ മാത്രമാണു്. എന്റെ ഇടപെടൽ മൂലം അവനെ യഹൂദർ കുരിശിൽ തറച്ചു. അതുവഴി അവൻ മരിക്കുകയും ചെയ്തു. അതിനാൽ നീ അവനെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായിക്കൊള്ളൂ. തന്റെ മരണത്തെപ്പറ്റി അവൻ തീവ്രദുഃഖിതനായിരുന്നു എന്നു് എനിക്കറിയാവുന്നതുകൊണ്ടു് അവൻ ഒരു മനുഷ്യൻ മാത്രമാണെന്നു് എനിക്കുറപ്പാണു്. മുകളിലെ ലോകത്തിൽ നശ്വരരോടൊത്തു് ജീവിച്ചിരുന്നപ്പോൾ അവൻ എനിക്കു് ഏറെ ഉപദ്രവങ്ങൾ ചെയ്തിട്ടുണ്ടു്. ഞാൻ മുടന്തരും അന്ധരും തളർന്നവരും കുഷ്ടരോഗികളുമൊക്കെ ആക്കി മാറ്റിയവരെ മുഴുവൻ വെറും വാക്കുകൊണ്ടുമാത്രം അവൻ സുഖപ്പെടുത്തി. കണ്ടിടത്തെല്ലാം എന്റെ ദാസന്മാരെ അവൻ വേട്ടയാടി. ശവസംസ്കാരത്തിനായി ഞാൻ പലരേയും തയ്യാറാക്കിയെങ്കിലും അവരെ എല്ലാം അവൻ അവന്റെ വാക്കാൽ വീണ്ടും ജീവിപ്പിച്ചു.”

അപ്പോൾ പാതാളാധിപൻ പറഞ്ഞു: “വാക്കുകൊണ്ടുമാത്രം ഇത്തരം കാര്യങ്ങൾ ചെയ്യാൻ മാത്രം അത്ര ശക്തനാണോ അവൻ? അങ്ങനെയെങ്കിൽ അവനെ എതിരിടാൻ നിനക്കാവുമോ? നീ പറഞ്ഞതൊക്കെ ശരിയെങ്കിൽ അവനെ എതിർക്കാൻ ആർക്കും കഴിയില്ലെന്നാണു് എനിക്കു് തോന്നുന്നതു്. മരണത്തെ ഭയപ്പെടുന്നതായി അവൻ പറഞ്ഞതു് നീ കേട്ടെങ്കിൽ, അതു് നിന്നെ വിഡ്ഢിയാക്കാനും, കൂടുതൽ ശക്തമായ കൈകൾകൊണ്ടു് നിന്നെ പിടികൂടാനുമായി മനഃപൂർവ്വം തമാശരൂപത്തിൽ ആക്കിയതേ ആവൂ.” സാത്താന്റെ മറുപടി: “നരകാധിപനേ, എന്റെ വാക്കുകൾ കേട്ടപ്പോൾ നിനക്കു് ഭയമായോ? എനിക്കവനെ പേടിയുണ്ടായിരുന്നില്ല. ഞാനാണു് യഹൂദന്മാരെക്കൊണ്ടു് അവനെ ക്രൂശിപ്പിച്ചതും, അവനു് കുടിക്കാൻ കയ്പുനീർ കൊടുപ്പിച്ചതുമെല്ലാം. അവൻ വരുമ്പോൾ നീ അവനെ ശക്തമായി പിടികൂടുകയേ വേണ്ടൂ.”

അതിനു് മറുപടിയായി നരകാധിപൻ: “അന്ധകാരത്തിനു് അവകാശിയും, നാശത്തിന്റെ സന്തതിയുമായ പിശാചേ, അവൻ മരിച്ചവരെ ഉയിർപ്പിച്ചു എന്നു് നീതന്നെ പറഞ്ഞ സ്ഥിതിക്കു്, അവനെ ഏതു് ശക്തിക്കു് പിടികൂടാൻ കഴിയും? ഏതാനും നാൾ മുൻപു് ഞാൻ ലാസർ എന്നൊരു മരിച്ചവനെ വിഴുങ്ങിയിരുന്നു. അധികം താമസിയാതെ ജീവിച്ചിരിക്കുന്നവരിൽ ഒരുവൻ അവനെ വാക്കാൽ മാത്രം എന്റെ വയറ്റിൽ നിന്നും വലിച്ചു് പുറത്തെടുത്തു. നീ പറയുന്നതും അവനെപ്പറ്റിയാണെന്നാണു് എനിക്കു് തോന്നുന്നതു്. അവനെ നമ്മൾ കസ്റ്റഡിയിൽ എടുത്താൽ ഇവിടെയുള്ള ബാക്കിയുള്ളവരും നമുക്കു് നഷ്ടമാവുമെന്നാണെന്റെ വിശ്വാസം. പോരാത്തതിനു്, ആദികാലം മുതൽ ഞാൻ വിഴുങ്ങിയവരുടെ ഇടയിൽ ഈയിടെ ഒരു അസ്വസ്ഥത ഞാൻ ശ്രദ്ധിക്കുന്നുണ്ടു്. അതുമൂലം എനിക്കു് നല്ല വയറ്റുവേദനയും ഉണ്ടു്. ലാസർ എന്റെ വയറ്റിൽ നിന്നും വലിച്ചു് പുറത്തെടുക്കപ്പെട്ടതു് തീർച്ചയായും ഒരു ദുശ്ശകുനമാണു്. ഒരു മരിച്ചവനെപ്പോലെയായിരുന്നില്ല, ഒരു ഗരുഡനെപ്പോലെയായിരുന്നു അവൻ എന്നിൽ നിന്നും പുറത്തുപോയതു്. അത്ര ശീഘ്രമാണു് ഭൂമി അവനെ പുറത്തേക്കു് എറിഞ്ഞതു്! അതുകൊണ്ടു് നീ ആരെപ്പറ്റിയാണോ പറഞ്ഞതു്, അവൻ ഇങ്ങോട്ടു് പ്രവേശിക്കാതിരിക്കുന്നതാണു് നിനക്കും എനിക്കും നല്ലതു്. അവൻ ഇങ്ങോട്ടു് വരുന്നതുതന്നെ ഇവിടെയുള്ള മരിച്ചവരെ മുഴുവൻ ഉയിർപ്പിക്കുന്നതിനാണെന്നാണു് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടു് അവനെ നീ ഇങ്ങോട്ടു് കൊണ്ടുവന്നാൽ ഒറ്റ ശവം പോലും ഇവിടെ അവശേഷിക്കുകയില്ല എന്നു് നമുക്കു് സ്വന്തമായ അന്ധകാരത്തിന്റെ നാമത്തിൽ ഞാൻ നിന്നോടു് പറയുന്നു.”

ക്രിസ്തു നരകത്തിൽ പ്രവേശിക്കുന്നു

പാതാളാധിപതിയും സാത്താനും ഇങ്ങനെ തർക്കിച്ചുകൊണ്ടിരുന്നപ്പോൾ ഇടിമുഴക്കം പോലൊരു ശബ്ദം പുറത്തു് കേട്ടു: “നരകാധിപതികളേ, നിങ്ങളുടെ പടിവാതിലുകൾ തുറക്കൂ! മഹത്വത്തിന്റെ രാജാവു് അകത്തു് പ്രവേശിക്കട്ടെ!” അതുകേട്ട നരകാധിപൻ സാത്താനോടു് പറഞ്ഞു: “കഴിയുമെങ്കിൽ നീ പുറത്തു് ചെന്നു് അവനെ തടയൂ!” അതുകേട്ട സാത്താൻ പുറത്തേക്കു് പോയി. തുടർന്നു് നരകാധിപൻ ഭൂതങ്ങളെ എല്ലാം അണിനിരത്തി: “നിങ്ങൾ സംഘം സംഘമായി നിരന്നുനിന്നു് പിച്ചളകൊണ്ടുള്ള വാതിലുകലും ഇരുമ്പുകൊണ്ടുള്ള പൂട്ടുകളും കാത്തുസൂക്ഷിക്കുക. അവനെങ്ങാനും അകത്തുകടന്നാൽ പിന്നെ പറഞ്ഞിട്ടു് കാര്യമില്ല, അവൻ നമ്മെ കീഴടക്കും.”

അതു് കേട്ടപ്പോൾ പുരാതനപിതാക്കൾ പാതാളത്തിന്റെ തലവനെ ഭർത്സിക്കാൻ തുടങ്ങി. “എല്ലാം തിന്നുന്നവനും ഒരിക്കലും മതിവരാത്തവനുമായവനേ, മഹത്വത്തിന്റെ രാജാവിനു് അകത്തുവരാനായി നീ നിന്റെ വാതിൽ തുറക്കൂ!” പ്രവാചകനായ ദാവീദ്‌ പറഞ്ഞു: “അധിപതികളേ, നിങ്ങളുടെ വാതിലുകൾ തുറക്കൂ എന്ന ശബ്ദത്തെപ്പറ്റി ജീവിച്ചിരുന്നപ്പോൾ ഞാൻ പ്രവചിച്ചിരുന്നു എന്നു് കണ്ണുകാണാത്തവനായ നിനക്കു് അറിയില്ലേ?” അപ്പോൾ യേശയ്യാ പറഞ്ഞു: “ഇതു് ഞാൻ മുൻകൂട്ടി കാണുകയും പരിശുദ്ധാത്മാവിന്റെ പ്രേരണാശക്തിയാൽ എഴുതിവയ്ക്കുകയും ചെയ്തിരുന്നു. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും, കല്ലറകളിലുള്ളവർ ഉണർത്തപ്പെടും, ഭൂമിയിലുള്ളവർ സന്തോഷിക്കും, മരണമേ, നിന്റെ മുള്ളുകൾ എവിടെ? പാതാളമേ നിന്റെ വിജയമെവിടെ?”

അപ്പോൾ പുറത്തു് വീണ്ടും ആ ശബ്ദം: “നിങ്ങളുടെ വാതിൽ തുറക്കൂ!” രണ്ടാമതും ഈ ശബ്ദം കേട്ടപ്പോൾ ഒന്നുമറിയാത്തപോലെ നരകാധിപൻ ചോദിച്ചു: “ആരാണീ മഹത്വത്തിന്റെ രാജാവു്?” അപ്പോൾ യജമാനന്റെ മാലാഖമാർ പറഞ്ഞു: “ശക്തിയും അധികാരവുമുള്ളവൻ, തർക്കങ്ങളുടെ അധിപൻ.” ഈ വാക്കുകൾ കേട്ടപ്പോൾ നരകവാതിൽ നിലമ്പരിശായി, ഇരുമ്പുവളയങ്ങൾ തകർന്നുവീണു, പൂട്ടിയിട്ടിരുന്ന മറ്റു് മരിച്ചവരും ഞങ്ങളും ചങ്ങലകൾ അഴിഞ്ഞു് സ്വതന്ത്രരായി. അതോടെ കാഴ്ചയിൽ മനുഷ്യരൂപിയായ മഹത്വത്തിന്റെ രാജാവു് അകത്തുകയറി, നരകത്തിന്റെ അന്ധകാരം മുഴുവൻ പ്രകാശമായി മാറി.

യേശു സാത്താനെയും നരകത്തേയും കീഴടക്കുന്നു

അപ്പോൾ നരകാധിപൻ വിളിച്ചുപറഞ്ഞു: “ഞങ്ങൾ ഇതാ കീഴടക്കപ്പെട്ടു, ഞങ്ങൾക്കു് ഹാ കഷ്ടം! എന്നാലും ഇത്രയും ശക്തിയും അധികാരവും ഉള്ള നീ ആരാണു്? പാപമില്ലാത്തവനായിട്ടുപോലും ഇവിടെയെത്തിയ നീ ഏതു് തരത്തിൽ പെട്ടവനാണു്? ചെറിയവനെങ്കിലും വലിയ കാര്യങ്ങൾ ചെയ്യുന്നവനും, താഴ്‌ന്നവനെങ്കിലും ഉയർന്നവനും, ദാസനെങ്കിലും യജമാനനും, ഭടനെങ്കിലും രാജാവുമായി ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും അധികാരമുള്ളവനായ നീ ആരാണു്? കുരിശിൽ തറക്കപ്പെട്ടിട്ടും, ശവക്കല്ലറയിൽ വയ്ക്കപ്പെട്ടിട്ടും നീ വീണ്ടും സ്വതന്ത്രനായി ഞങ്ങളുടെ എല്ലാ ശക്തിയേയും തകർത്തുകളഞ്ഞു. സാത്താൻ ഞങ്ങളോടു് പറഞ്ഞ പ്രകാരം കുരിശും മരണവും വഴി മുഴുവൻ ലോകത്തേയും നിന്നോടു് ചേർക്കാൻ തീരുമാനിച്ചിരിക്കുന്നവനായ യേശുവാണോ നീ?”

അപ്പോൾ യേശു സാത്താന്റെ തലമുടിയിൽ പിടിച്ചു് തൂക്കിയെടുത്തു് മാലാഖമാരെ ഏൽപിച്ചുകൊണ്ടു് പറഞ്ഞു: “ഇവന്റെ കൈകളും കാലുകളും കഴുത്തും വായും ചങ്ങലകൊണ്ടു് ബന്ധിക്കുക!” അതിനുശേഷം സാത്താൻ നരകാധിപന്റെ കയ്യിൽ ഏൽപിക്കപ്പെട്ടു. “ഇവനെ എന്റെ രണ്ടാമത്തെ വരവുവരെ സുരക്ഷിതമായി കസ്റ്റഡിയിൽ വയ്ക്കുക!”

പാതാളനാഥൻ സാത്താനെ ഏറ്റെടുത്തുകൊണ്ടു് അവനോടു് പറഞ്ഞു: “സാത്താനേ, തീയുടെയും വേദനയുടെയും പിൻഗാമിയായ ബേൽസബൂലേ, വിശുദ്ധന്മാരുടെ ശത്രുവേ! മഹത്വത്തിന്റെ രാജാവായ യേശു നരകത്തിലെത്തി നമ്മുടെ മുഴുവൻ ശക്തിയും നശിപ്പിക്കുന്നതിനായിട്ടാണോ അവനെ കുരിശിൽ തറയ്ക്കുന്നതിനു് നീ പിൻതുണ നൽകിയതു്? നീ ഇങ്ങോട്ടു് നോക്കൂ! എന്റെ വയറ്റിൽ ഒരൊറ്റ മരിച്ചവൻ പോലും ബാക്കിയില്ല. മാത്രവുമല്ല, അറിവിന്റെ മരം വഴി നീ നേടിയതെല്ലാം കുരിശിന്റെ മരം വഴി നീ നഷ്ടമാക്കി, നിന്റെ മുഴുവൻ സന്തോഷവും ഇതാ ദുഃഖമായി മാറിയിരിക്കുന്നു. മഹത്വത്തിന്റെ രാജാവിനെ കൊല്ലാൻ നീ ആഗ്രഹിച്ചു, ഇപ്പോൾ നീ നിന്നെത്തന്നെ കൊന്നിരിക്കുന്നു. നിന്നെ കസ്റ്റഡിയിൽ എടുത്ത സ്ഥിതിക്കു് ഞാൻ നിന്നോടു് ചെയ്യാൻ പോകുന്ന ക്രൂരകൃത്യങ്ങൾ നീ നിന്റെ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കും. ചെകുത്താന്മാരുടെ നേതാവേ, മരണത്തിന്റെ തലവനേ, പാപങ്ങളുടെ ഉറവിടമേ, എല്ലാ തിന്മകളുടെയും ഉടയവനേ, യേശുവിൽ എന്തു് അനീതി കണ്ടിട്ടാണു് നീ അവന്റെ നാശത്തിനുവേണ്ടി ശ്രമിച്ചതു്? ഇത്രമാത്രം അനീതി ചെയ്യാൻ നിനക്കെങ്ങനെ കഴിഞ്ഞു? ആദികാലം മുതൽ മരിച്ച സകലരും വസിക്കുന്ന ഈ അന്ധകാരത്തിലേക്കു് അവനെ കൊണ്ടുവരാൻ നീ എങ്ങനെ ധൈര്യപ്പെട്ടു?

(ഇതു് വായിച്ചു് കുട്ടികൾക്കുള്ള ഏതോ കഥയാണെന്നു് കരുതി ചിരിക്കണ്ട. ഞാനിതു് അപ്പോക്രിഫയിൽ നിന്നും അതേപടി പകർത്തിയതാണു്. അതേസമയംതന്നെ, ഇതിനേക്കാൾ എത്രയോ ‘രസകരമായ’ കഥകൾ സാക്ഷാൽ ദൈവം നൽകിയതും അതിനാൽ മരണതുല്യമായ ഗൗരവത്തോടെ കാണേണ്ടതുമാണെന്നു് വിശ്വസിക്കുന്ന മനുഷ്യർ ജീവിക്കുന്ന ചില നാടുകൾ ലോകത്തിൽ ഉണ്ടെന്നതും വിസ്മരിക്കുന്നില്ല. അത്തരം കഥകളുടെ പേരിൽ ചില മനുഷ്യർ മറ്റു് ചില മനുഷ്യരെ അറുകൊല ചെയ്യാൻ പോലും മടിക്കുന്നുമില്ല!)

യേശു ആദാമിനേയും മറ്റു് മരിച്ചവരേയും ഉയിർപ്പിക്കുന്നു

നരകാധിപൻ ഈവിധം സാത്താനോടു് കലഹിച്ചുകൊണ്ടിരുന്നപ്പോൾ മഹത്വത്തിന്റെ രാജാവു് തന്റെ വലത്തുകൈ നീട്ടി ആദിപിതാവായ ആദാമിനെ പിടിക്കുകയും അങ്ങനെ അവനെ ഉയിർപ്പിക്കുകയും ചെയ്തു. അതിനുശേഷം അവൻ മറ്റുള്ള മരിച്ചവരോടായി പറഞ്ഞു: “ഇവൻ രുചിനോക്കിയ അറിവിന്റെ മരത്തിന്റെ പേരിൽ മരണം അനുഭവിക്കേണ്ടിവന്നവരായ നിങ്ങൾ എല്ലാവരും ഇപ്പോൾ എന്നോടു് ചേരുക! ഞാൻ നിങ്ങളെ എല്ലാവരേയും കുരിശിന്റെ മരത്താൽ ഉയി‌ർത്തെഴുന്നേൽപിക്കുന്നു.” തുടർന്നു്, അവരെ എല്ലാവരേയും യേശു നരകത്തിൽ നിന്നും പുറത്തിറക്കി. അപ്പോൾ ആദാം പറഞ്ഞു: “പ്രതാപവാനായ രാജാവേ, പാതാളത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്നും എന്നെ കരകയറ്റിയതിനു് ഞാൻ നിനക്കു് നന്ദി പറയുന്നു.” അതുപോലെതന്നെ എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരും അവരെ അന്ധകാരത്തിന്റെ ലോകത്തിൽ നിന്നും പുറത്തു് കടത്തിയതിനുള്ള നന്ദി യേശുവിനെ അറിയിച്ചു.

അവർ നന്ദി രേഖപ്പെടുത്തിക്കഴിഞ്ഞപ്പോൾ രക്ഷകനായ യേശു ആദാമിന്റെ നെറ്റിയിൽ കുരിശടയാളം വരച്ചു് അനുഗ്രഹിച്ചു. അതുപോലെതന്നെ അവൻ മറ്റു് പുരാതനപിതാക്കളേയും, പ്രവാചകന്മാരേയും, രക്തസാക്ഷികളേയും, അനുഗ്രഹിച്ചു് തന്നോടു് ചേർത്തു. അതിനുശേഷം അവൻ തിടുക്കപ്പെട്ടു് പാതാളത്തിൽ നിന്നും പുറത്തുകടന്നു് മുകളിലേക്കു് ഉയർന്നുപോയി. അവൻ അങ്ങനെ മുകളിലേക്കു് ഉയർന്നുകൊണ്ടിരുന്നപ്പോൾ അവനെ പിൻതുടർന്നിരുന്നവരായ വിശുദ്ധ പിതാക്കൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടു് പറഞ്ഞു: “ദൈവത്തിന്റെ നാമത്തിൽ വരുന്നവനായവൻ വാഴ്ത്തപ്പെട്ടവൻ, ഹാലേലുയ്യ! എല്ലാ വിശുദ്ധന്മാരും അവനു് ബഹുമാനം അർപ്പിക്കുന്നു!”

ഉയിർത്തെഴുന്നേറ്റവർ പറുദീസയിൽ സ്വീകരിക്കപ്പെടുന്നു

അങ്ങനെ പറുദീസയിൽ എത്തിയ രക്ഷകനായ യേശു ആദിപിതാവായ ആദാമിനേയും മറ്റുള്ളവരേയും കൈ പിടിച്ചു് പ്രധാന മാലാഖയായ മിഖായേലിനെ ഏൽപിച്ചു. അവർ പറുദീസയുടെ വാതിലിലൂടെ കടന്നുപൊയിക്കൊണ്ടിരുന്നപ്പോൾ എതിരേ വന്ന പ്രായാധിക്യമുള്ള രണ്ടു് മനുഷ്യരോടു് വിശുദ്ധ പിതാക്കൾ ചോദിച്ചു: “മരണം കാണാതെയും പാതാളത്തിൽ പ്രവേശിക്കാതെയും നേരിട്ടു് പറുദീസയിൽ എത്താനും അവിടെ ‘ഫ്ലാറ്റ്‌’ ലഭിക്കാനും ഭാഗ്യം ലഭിച്ച നിങ്ങൾ ആരാണു്?” അപ്പോൾ അവരിൽ ഒരുവൻ മറുപടി പറഞ്ഞു: “ദൈവത്തോടുകൂടെ നടന്നവനും ദൈവം എടുത്തുകൊണ്ടവനുമായ ഹാനോക്‌ ആകുന്നു ഞാൻ. എന്നോടൊപ്പം ഉള്ളവൻ ഏലിയാവാണു്. യുഗാന്ത്യത്തോളം ഞങ്ങൾ ഇവിടെ ജീവിക്കണം. അതിനുശേഷം അന്തിക്രിസ്തുവിനെ നേരിടാനും, അവനാൽ കൊല്ലപ്പെടാനും, മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കാനും, മേഘങ്ങളാൽ വഹിക്കപ്പെട്ടു് കർത്താവുമായി സമ്മേളിക്കാനുമായി ദൈവം ഞങ്ങളെ അയക്കും.”

അവർ അതു് പറഞ്ഞുകൊണ്ടിരുന്നപ്പോൾ കണ്ടാൽ ദയനീയത തോന്നുന്ന മറ്റൊരുവൻ തോളത്തു് ഒരു മരക്കുരിശുമായി അവർക്കെതിരേ വന്നു. അവനോടും വിശുദ്ധപിതാക്കൾ ചോദിച്ചു: “ഒരു കൊള്ളക്കാരനേപ്പോലെ തോന്നുന്ന നീ ആരാണു്? നീ എന്തിനാണു് നിന്റെ തോളത്തു് ഈ കുരിശു് ചുമക്കുന്നതു്?” അതു് കേട്ടപ്പോൾ അവൻ മറുപടി പറഞ്ഞു: “നിങ്ങൾ ശരിയായി മനസ്സിലാക്കിയപോലെ, ഞാൻ ലോകത്തിൽ ഒരു കള്ളനും കൊള്ളക്കാരനും ആയിരുന്നു. അതുകൊണ്ടു് യഹൂദർ എന്നെ പിടികൂടി നമ്മുടെ നാഥനായ യേശുക്രിസ്തുവിനോടൊപ്പം കുരിശിൽ തറച്ചു. അവൻ കുരിശിലായിരുന്നപ്പോൾ സംഭവിച്ച അത്ഭുതങ്ങൾ കണ്ട ഞാൻ അവനിൽ വിശ്വസിക്കുകയും ‘നീ രാജത്വം പ്രാപിച്ചു് വരുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ’ എന്നു് അവനോടു് അപേക്ഷിക്കുകയും ചെയ്തു. അപ്പോൾ അവൻ: ‘ഇന്നു് നീ എന്നോടുകൂടി പറുദീസയിൽ ഇരിക്കും’ എന്നു് പറയുകയും ഞാൻ ഉടനെതന്നെ കുരിശുമായി പറുദീസയിൽ എത്തുകയും ചെയ്തു. അവിടെ ഞാൻ പ്രധാനമാലാഖയായ മിഖായേലിനെ കണ്ടു. ക്രൂശിതനായ യേശുവാണു് എന്നെ ഇങ്ങോട്ടയച്ചതെന്നും, എന്നെ ഏദൻ തോട്ടത്തിന്റെ പടിവാതിലിലൂടെ കടത്തിവിടണമെന്നും ഞാൻ അവനോടു് അപേക്ഷിച്ചു. കുരിശിന്റെ അടയാളം കണ്ടപ്പോൾ അവിടെ തീയുടെ ജ്വാലയുമായി തിരിഞ്ഞുകൊണ്ടിരുന്ന വാളിന്റെ തിരിയൽ നിന്നു, ഏദൻ തോട്ടത്തിന്റെ വാതിൽ തുറന്നു, ഞാൻ അകത്തുകടന്നു. അപ്പോൾ പ്രധാനമാലാഖയായ മിഖായേൽ എന്നോടു് പറഞ്ഞു: ‘അൽപം കൂടി ക്ഷമിക്കൂ! ഉടനെ മനുഷ്യവർഗ്ഗത്തിന്റെ പിതാവായ ആദാം മറ്റു് നീതിമാന്മാരുമായി ഇവിടെ എത്തും. അതുവരെ കാത്തിരിക്കൂ.’ അങ്ങനെ നിങ്ങളെ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു് വരികയായിരുന്നു.” അതു് കേട്ടപ്പോൾ വിശുദ്ധർ എല്ലാവരും ഒറ്റസ്വരത്തിൽ വിളിച്ചുപറഞ്ഞു: “നമ്മുടെ ദൈവം വലിയവനാണു്. അവന്റെ ശക്തിയും വലിയതാണു്.”

കലാശക്കൊട്ടു്

“ഈ സംഭവിച്ചതെല്ലാം സഹോദരന്മാരായ ഞങ്ങൾ രണ്ടുപേരും നേരിൽ കണ്ടതും കേട്ടതുമാണു്. യോർദ്ദാൻ നദിയിൽ ചെന്നു് മാമൂദീസാ മുങ്ങുവാനും, അതിനുശേഷം രക്ഷകനായ യേശുവിന്റെ ഉയിർപ്പു് മനുഷ്യരെ അറിയിക്കുവാനുമായി പ്രധാന മാലാഖയായ മിഖായേൽ ഞങ്ങളെ ഭൂമിയിലേക്കു് വീണ്ടും തിരിച്ചയക്കുകയായിരുന്നു. അതിൻപ്രകാരം, ഉയിർത്തെഴുന്നേറ്റവരായ മറ്റു് മരിച്ചവരോടൊപ്പം ഞങ്ങളും യോർദ്ദാനിൽ ചെന്നു് മാമൂദീസായേറ്റു. അതിനുശേഷം ഞങ്ങൾ യേരുശലേമിലേക്കു് വന്നു് ഉയിർത്തെഴുന്നേൽപ്പിന്റെ പെസഹാ ആഘോഷിച്ചു. അധികനേരം ഇവിടെ നിൽക്കാൻ ഞങ്ങൾക്കു് അനുവാദമില്ലാത്തതുകൊണ്ടു് ഞങ്ങൾ സ്ഥലം വിടുന്നു. പിതാവായ ദൈവത്തിന്റെ സ്നേഹവും, ഏകജാതനായ പുത്രന്റെ കൃപയും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടും കൂടെ എന്നാളും ഉണ്ടായിരിക്കട്ടെ!”

ഇതെല്ലാം എഴുതി, ചുരുളുകൾ ഭദ്രമാക്കിയശേഷം അതിൽ ഒരു പകുതി അവർ മഹാപുരോഹിതന്മാരെയും, മറ്റേ പകുതി യോസേഫിനേയും നിക്കോദെമോസിനേയും ഭരമേൽപിച്ചു. ആ രണ്ടു് സഹോദരന്മാരേയും തത്ക്ഷണം തന്നെ കാണാതെയുമായി. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനു് മഹത്വം, ആമീൻ!

 
5 Comments

Posted by on Aug 5, 2009 in മതം, യേശു

 

Tags: ,