കേരളത്തിലെ “രാഷ്ട്രതന്ത്രജ്ഞരിൽ” ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നുമാണെന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം കണ്ടിരുന്നു.
(സത്യത്തിൽ, അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ, “രാഷ്ട്രതന്ത്രജ്ഞർ” എന്നതിനേക്കാൾ, “കക്ഷിരാഷ്ട്രീയ കുറുക്കന്മാർ” എന്നോ, കക്ഷിരാഷ്ട്രീയ സ്വന്തംകാര്യം സിന്താവാ കൊതുകുകൾ എന്നോ പോലുള്ള ഒരു വിശേഷണമായിരുന്നേനെ അവർക്കു് കൂടുതൽ ചേരുന്നതു്. കോഴിയെപ്പിടിച്ചു് ശാപ്പിടാൻ ഒരു കുറുക്കനും, ഒരു ചെന്നായ്ക്കും ഇന്നുവരെ “വൈരുദ്ധ്യത്തിൽ അധിഷ്ഠിതമായ ഭൗതികവാദം” എന്നാൽ അരണബിരിയാണിയോ, ഓന്തുബിരിയാണിയോ, പാറ്റബിരിയാണിയോ, ഇരട്ടവാലൻബിരിയാണിയോ എന്നു് തിരിച്ചറിയേണ്ട ആവശ്യം വന്നിട്ടില്ല. ലോകം മുഴുവൻ “ചുമ്മാരു” പറന്നു് നടക്കുക, കിട്ടുന്ന കിറ്റുകൾ ഭക്ഷിക്കുക എന്നതിലുപരി, മറ്റു് ലോകകാര്യങ്ങളെപ്പറ്റി യാതൊരുവിധ തുമ്പുമില്ലാത്ത പ്രാണിവർഗ്ഗങ്ങളെ വലയിൽ കുടുക്കി ശാപ്പിടുന്ന ഒരു ചിലന്തിയ്ക്കും തന്റെ വല കെട്ടാൻ ഇന്നുവരെ ആർക്കിട്ടെക്ച്ചറൽ സ്റ്റഡീസിന്റെ ആവശ്യം വന്നിട്ടില്ല. അന്തവും കുന്തവും പരിസരബോധവുമില്ലാതെ കിറ്റിലും റേഷനിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു് ചുറ്റിത്തിരിയുന്ന കോഴികളുടെയും പ്രാണികളുടെടെയും കക്ഷിരാഷ്ട്രീയപരമായ തുമ്പില്ലായ്മയിലാണു് കുറുക്കന്റെയും ചിലന്തിയുടെയുമെല്ലാം വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നിന്റെ കാരണഭൂതം കുടികൊള്ളുന്നതു്. കൂടാതെ, ചുവപ്പു് കോണകങ്ങൾ കെട്ടി അലങ്കരിച്ച അരങ്ങിൽ നിന്നും, വോൾഗാനദിയുടെ തരംഗമാലകൾ ഏറ്റുപാടുന്ന വിപ്ലവഗാനങ്ങളുടെ മാതൃകയിൽ, ഉച്ചഭാഷിണിയിലൂടെ ധാരധാരയായി ഒഴുകിപ്പടരുന്ന “മനുഷ്യനാകൽ” ബീപ്-പ്ലവഗാനങ്ങൾ കൊണ്ടു് കോരിത്തരിപ്പിച്ചു്, ആൺമാക്രികളുടെ മാക്രോം പോക്രോം “രോധനം” കേൾക്കുന്ന പെൺമാക്രികളെപ്പോലെ, കോഴികളെയും പ്രാണികളെയുമെല്ലാം “എന്താല്ലേ?” എന്നു് വിസ്മയിപ്പിച്ചു് ആപാദചൂഡം രോമഹർഷം കൊള്ളിക്കുന്ന രീതിയും കുറുക്ക-, ചെന്നായ്-, ചിലന്തി-, കഴുതപ്പുലിലോകങ്ങളിൽ നിലവിലുണ്ടു്.)
(“Dielectric” Materialism എന്ന വൈജ്ഞാനികശാഖയെ “മൂലം-കക്ഷമായ” അപഗ്രഥനങ്ങളിലൂടെ മൗലികമായി മനസ്സിലാക്കിയിട്ടുള്ള രണ്ടേരണ്ടു് വ്യക്തികളെ ഈ ഭൂമുഖത്തിൽ ഇന്നേവരെ ഉദയം ചെയ്തിട്ടുള്ളു: ഒന്നൻ പിണുവാശാൻ, രണ്ടൻ മണിയാശാൻ. അവരിൽ, “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും” പിണുവാശാൻ കണ്ണൂരിയൻ ആണെങ്കിലും, “വൺ-ടൂ-ത്രീ” എന്ന യൂണിവേഴ്‌സൽ തിയറിയിലൂടെ “ഇന്നീ ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് ഫിലോസഫി വിസർജ്ജിച്ചീടും” മണിയാശാൻ വെറും “കണ്ണു്-ഊരിയൻ” അല്ല, മാക്രിസ്റ്റ് വിപ്ലവ കമ്മ്യൂണിസ്റ്റുകളുടെ “കണ്ണാണു്, കണ്മണിയാണു്, കന്മദമാണു്, കന്മഴുവാണു്” എന്ന “വസ്തുതായാഥാർത്ഥ്യം” എന്തുകൊണ്ടു് ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്മാൻ കാണാതെപോയി എന്നെനിക്കറിയില്ല. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്മാന്റെ പക്ഷത്തുനിന്നും ഉണ്ടായ ഗുരുതരമായ ഒരു കൃത്യവിലോപമാണു് അതെന്നു് ഇവിടെ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുകയാണു്, അഭിലഷിക്കുകയാണു്, ആവേശിക്കുകയാണു്!!)
രാഷ്ട്രതന്ത്രജ്ഞതയുടെ “വസ്തുതായാഥാർത്ഥ്യങ്ങൾ” ഇങ്ങനെയൊക്കെയാണു് എന്ന തത്ത്വചിന്താപരമായ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് വിലയിരുത്തിയാലേ മേല്പറഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അന്തർലീനമായ മാക്രിസ്റ്റ് പിണുവിസ്റ്റ് സാമൂഹികപരിവർത്തനശേഷി അതിന്റെ അമ്മവിപ്ലവകരമായ പൊട്ടെൻഷ്യലിൽ പൂർണ്ണമായി ചിറകുവിടർത്തി, പൊളിറ്റിക്കലി കറക്റ്റ് സഖാവു് അച്ചുമാമയുടെ ഭാഷയിൽ പറഞ്ഞാൽ, ശൂന്യാകാശത്തിലേക്കു് “ISRO” വിടുന്ന വാണം പോലെ കുതിച്ചുയർന്നു് “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ” ചെയ്യുന്നതു് കണ്ടു് ആവേശഭരിതരാകാൻ മനുഷ്യർക്കു് കഴിയുകയുള്ളു.
കേരളത്തിലെ “രാഷ്ട്രതന്ത്രജ്ഞരിൽ” ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നുമാണത്രെ!
അതിപ്പോ, പറഞ്ഞുവരുമ്പോൾ, ഭൂമിയിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള സ്ഥലം പസിഫിക്ക് സമുദ്രമല്ലേ! അതിൽ നിന്നു് ഒരു തുള്ളിപോലും മനുഷ്യനു് കുടിക്കാൻ കൊള്ളാവുന്നതല്ല എന്നതല്ലേ മനുഷ്യനെ അലട്ടുന്ന കാതലായ പ്രശ്നം!?
പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ പസിഫിക്കിൽ ജീവിക്കേണ്ടിവരുന്ന മീൻസ്, അവയുടെ ആവാസവ്യവസ്ഥ സമുദ്രജലമായതിനാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ളതു് ഞങ്ങടെ പസിഫിക്ക് സമുദ്രത്തിലാണെന്നു് കൊട്ടിഘോഷിച്ചു് വാഴ്ത്തുന്നതിൽ “അൽ-ഭൂതം” ഇല്ല.
ഏറിയോ കുറഞ്ഞോ, സമുദ്രത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ആമകൾ പോലുള്ള ചില ഉഭയജീവികൾ, “ഇന്റർവ്യൂ” സില്മയിലെ വയലാർ രാമവർമ്മയുടെ, “കനകം മൂലം ദുഃഖം” എന്ന പാട്ടിൽ പരാമർശിക്കപ്പെടുന്ന തെണ്ടികളെപ്പോലെ, “രണ്ടും കണ്ടിട്ടുള്ളവർ” എന്ന നിലയിൽ, അഥവാ അനുഭവജ്ഞാനപരമായി, ഈ വിഷയത്തിൽ അന്തർലീനവും അടിസ്ഥാനപരവുമായ ഡിസ്ക്രെപൻസികളിലേയ്ക്കു് അവയുടെ “നടുവിരൽ” ചൂണ്ടുമ്പോൾ, സ്വന്തം ആവാസവ്യവസ്ഥയായ പസിഫിക്കിനു് അപ്പുറത്തേയ്ക്കു് ടെന്റക്കിൾസ് നീട്ടാൻ, ബൗദ്ധികവും വൈരുദ്ധ്യാധിഷ്ഠിതവും ഭൗതികവാദപരവുമായ കാരണങ്ങളാൽ കഴിയാതെപോയ പസിഫിക്കുകൾ, അഥവാ കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ്-മണിയിസ്റ്റ് മാക്രിസ്റ്റുകൾ അവരെ റിവിഷണിസ്റ്റുകളും പ്രതിലോമകാരികളുമായി ചിത്രീകരിക്കുന്നതിലും ഒട്ടും “അൽ-കാരണഭൂതം” ഇല്ല.
മഞ്ഞു് മൂടിക്കിടക്കുന്നതും, 132 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ അന്റാർക്ടിക് എന്ന “മഞ്ഞുമരുഭൂമിയെ” ഒഴിവാക്കിയാൽ, തൊണ്ണൂറു് ലക്ഷത്തിലേറെ ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതും, ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നതുമായ “സഹാറ” ആണല്ലോ ഭൂമിയിലെ ഏറ്റവും വലിയ “ഉണക്കമരുഭൂമി”! അവിടെ ജീവിക്കുന്ന “മരുക്കുറുക്കൻ” (fennec), തേളുകൾ, പാമ്പുകൾ, ഗൗളിവര്‍ഗ്ഗങ്ങൾ (lizards) തുടങ്ങിയ ജീവികൾ, ലോകത്തിൽ ഏറ്റവും കൂടുതൽ ഉണക്കമണലുള്ളതു് ഞങ്ങടെ സഹാറ മരുഭൂമിയിലാണെന്നു് കൊട്ടിഘോഷിച്ചു് വാഴ്ത്തുന്നതിലുമില്ല, ഒരു കാരണവശാലും, “അൽ-കാരണഭൂതം”.