(ഒരു സ്വതന്ത്ര തർജ്ജമ)
ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും -1 എന്ന കഴിഞ്ഞ ലേഖനത്തിന്റെ തുടർച്ചയല്ല ഇതു്. ബർണബാസ് സുവിശേഷത്തിലെ മൃഗ-മനുഷ്യസൃഷ്ടിയുടെ വർണ്ണന ആയതിനാൽ ഇതു് അതിന്റെ ഒരു അനുബന്ധം ആവുകയുമാവാം.
സാധുമനുഷ്യരെ കബളിപ്പിച്ചു് ചാക്കിലാക്കാൻ ദൈവവചനങ്ങൾ എന്ന പേരുപറഞ്ഞു് ‘മാർക്കറ്റിൽ’ എത്തിക്കുന്ന ‘സുവിശേഷമൊഴിമുത്തുകൾ’ ഏതു് കമ്പോസ്റ്റ് കുഴിയിലാണു് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നു് അറിയണം എന്നുള്ളവർ മാത്രം ഇതു് വായിക്കാൻ അപേക്ഷ.
അപ്പോൾ യോഹന്നാൻ പറഞ്ഞു: “നീ നന്നായി പറഞ്ഞു, ഗുരോ, പക്ഷേ, അഹങ്കാരം മൂലം മനുഷ്യർ പാപം ചെയ്തതെങ്ങനെയെന്നു് ഞങ്ങൾക്കറിയില്ല.” യേശു മറുപടി പറഞ്ഞു: “ദൈവം സാത്താനെ പുറത്താക്കിയശേഷം ഗബ്രിയേൽ മാലാഖ സാത്താൻ തുപ്പിയ ഭൂമിയിലെ മണ്ണു് ശുദ്ധീകരിക്കുകയും അതിൽ നിന്നും ദൈവം എല്ലാത്തരം ജീവികളെയും, പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായ എല്ലാത്തരം മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകത്തെ അവയ്ക്കുള്ള എല്ലാം കൊണ്ടും അലങ്കരിക്കുകയും ചെയ്തു. ഒരു ദിവസം സാത്താൻ പറുദീസയുടെ വാതിലുകളെ സമീപിച്ചു് അവിടെ പുല്ലുതിന്നുകൊണ്ടു് നിന്നിരുന്ന കുതിരകളോടായി പറഞ്ഞു: ഈ മണ്ണിനു് ആത്മാവു് ലഭിച്ചാൽ അതിന്റെ ഫലം നിങ്ങൾക്കു് വേദനാജനകമായ ജോലിയായിരിക്കും; അതുകൊണ്ടു് ഈ ഭൂപ്രദേശം ഒന്നിനും കൊള്ളാതാവുന്ന വിധത്തിൽ ചവിട്ടിക്കൂട്ടി നശിപ്പിക്കുന്നതാണു് നിങ്ങൾക്കു് കൂടുതൽ പ്രയോജനപ്രദം.
അതുകേട്ട കുതിരകൾ ആവേശഭരിതരായി റോസാപ്പൂവുകളുടെയും ആമ്പൽപ്പൂവുകളുടെയും ഇടയിൽ കിടന്നിരുന്ന ആ ഭൂപ്രദേശത്തിലൂടെ തിടുക്കപ്പെട്ടു് ഓടാൻ തുടങ്ങി. ആ സമയം ദൈവം ഗബ്രിയേൽ ഭൂമിയിൽ നിന്നും എടുത്തതും സാത്താന്റെ തുപ്പൽ കിടന്നിരുന്നതുമായ അശുദ്ധമായ ഭാഗം മണ്ണിനു് ജീവൻ നൽകി പട്ടിയെ സൃഷ്ടിക്കുകയും പട്ടിയുടെ കുരകേട്ടു് ഭയചകിതരായ കുതിരകൾ അവിടെനിന്നും ഓടിപ്പോവുകയും ചെയ്തു. അപ്പോൾ, പരിശുദ്ധരായ മാലാഖമാർ “ഞങ്ങളുടെ യജമാനനായ ദൈവമേ, നിന്റെ നാമം വാഴ്ത്തപ്പെടട്ടെ” എന്നു് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ, ദൈവം അവന്റെ ആത്മാവു് മനുഷ്യനു് നൽകി. ആദാം കാലിൽ നിവർന്നു് നിന്നപ്പോൾ അവൻ വായുവിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നതായ “ഒരു ദൈവം മാത്രമേ ഉള്ളു, മുഹമ്മദ് ദൈവത്തിന്റെ ദൂതനാണു്” എന്നൊരു ലിഖിതം കണ്ടു.
അതുകണ്ടപ്പോൾ ആദാം വാതുറന്നു് പറഞ്ഞു: “എന്റെ യജമാനനായ ദൈവമേ, എന്നെ സൃഷ്ടിക്കാൻ കനിവുണ്ടായതിനു് ഞാൻ നിനക്കു് നന്ദി പറയുന്നു. എങ്കിലും ഞാൻ നിന്നോടു് യാചിക്കുന്നു, എന്താണു് ഈ വാക്കുകളുടെ സന്ദേശം എന്നു് എനിക്കു് പറഞ്ഞു് തരൂ. ‘മുഹമ്മദ് ദൈവത്തിന്റെ ദൂതനാണു്.’ അപ്പോൾ എനിക്കു് മുൻപേ മറ്റു് മനുഷ്യർ ഉണ്ടായിരുന്നോ?” അപ്പോൾ ദൈവം പറഞ്ഞു: “എന്റെ ദാസനായ ആദാമേ, നിനക്കു് സ്വാഗതം. ഞാൻ നിന്നോടു് പറയുന്നു, നീയാണു് ഞാൻ സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. നീ സൂചിപ്പിച്ച മനുഷ്യൻ നിന്റെ മകനാണു്, അവൻ ഒരുപാടു് വർഷങ്ങൾക്കു് ശേഷം ഭൂമിയിലേക്കു് വരേണ്ടവനാണു്. എന്റെ ദൂതനായ അവനുവേണ്ടിയാണു് ഞാൻ എല്ലാം ഉണ്ടാക്കിയിരിക്കുന്നതു് . അവൻ വരുമ്പോൾ ലോകത്തിനു് പ്രകാശം കൊടുക്കും. ഞാൻ മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപേതന്നെ അവന്റെ ആത്മാവു് ഒരു ദിവ്യതേജസ്സായി സൃഷ്ടിക്കപ്പെട്ടിരുന്നു.”
അപ്പോൾ ആദാം ദൈവത്തോടു് യാചിച്ചുകൊണ്ടു് പറഞ്ഞു: “യജമാനനേ, ആ ലിഖിതം എന്റെ കൈനഖങ്ങളിൽ ആക്കിത്തരേണമേ!” അപ്പോൾ ദൈവം ഒന്നാം മനുഷ്യന്റെ കൈയിലെ പെരുവിരൽ നഖങ്ങളിലേക്കു് ആ ലിഖിതം എഴുതി. വലത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ “ഒരു ദൈവം മാത്രമേ ഉള്ളു” എന്ന ആദ്യവാക്യവും, ഇടത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ “മുഹമ്മദ് ദൈവത്തിന്റെ ദൂതനാണു്” എന്ന രണ്ടാമത്തെ വാക്യവുമായിരുന്നു എഴുതിക്കൊടുത്തതു്. അപ്പോൾ ആദാം പിതൃനിർവിശേഷമായ സ്നേഹനിർഭരതയോടെ ആ വാക്കുകളെ ചുംബിച്ചു് കണ്ണുകൾ തിരുമ്മിക്കൊണ്ടു് പറഞ്ഞു: “നീ ഭൂമിയിലേക്കു് വരുന്ന ആ ദിനം വാഴ്ത്തപ്പെടട്ടെ.”
മനുഷ്യൻ ഏകനാണെന്നു് കണ്ട ദൈവം പറഞ്ഞു: “അവൻ ഒറ്റക്കു് കഴിയുന്നതു് നല്ലതല്ല.” അതിനാൽ അവൻ അവനു് ഒരു നിദ്ര വരുത്തി, അവന്റെ ഹൃദയത്തിനോടു് ചേർന്നുള്ള ഒരു വാരിയെല്ലു് എടുത്തു് ആ വിടവിൽ മാംസം പിടിപ്പിച്ചു. ആ വാരിയെല്ലിൽ നിന്നും അവൻ ഹവ്വയെ സൃഷ്ടിച്ചു് അവളെ ആദാമിനു് ഭാര്യയായി നൽകി. അവരെ രണ്ടുപേരേയും പറുദീസയിലെ പ്രഭുക്കളായി വാഴിച്ചശേഷം ദൈവം അവരോടു് പറഞ്ഞു: “ശ്രദ്ധിക്കൂ! ആപ്പിളും ചോളവും ഒഴികെ ബാക്കി എല്ലാ പഴങ്ങളും ഞാൻ നിങ്ങൾക്കു് തിന്നാനായി നൽകുന്നു” അവൻ തുടർന്നു് പറഞ്ഞു: “നിങ്ങൾക്കു് ഇവിടെ തുടർന്നു് വസിക്കാനും, ക്ലേശം മൂലം ഞാൻ നിങ്ങളെ പുറത്താക്കി നിങ്ങൾ വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരാതിരിക്കാനുമായി ഒരു കാരണവശാലും ഈ പഴങ്ങൾ തിന്നു് നിങ്ങൾ അശുദ്ധരാവാതിരിക്കുക.
———-
സൃഷ്ടിക്കപ്പെട്ട ആദാം ആദ്യമായി വായുവിൽ ദർശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണം! ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ് സുവിശേഷത്തിൽ ആദാമിനെക്കൊണ്ടു് എഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങൾ ഉരുവിടുവിക്കുന്ന ഭാഗം അവിശ്വസനീയം എന്നതിനേക്കാൾ രസകരം എന്നു് വിശേഷിപ്പിക്കുന്നതാണു് കൂടുതൽ ഉചിതം എന്നു് തോന്നുന്നു.
ബർണബാസ് സുവിശേഷത്തിലെ ഈ ഭാഗം വെള്ളം തൊടാതെ വിഴുങ്ങാൻ നിങ്ങൾക്കു് ബുദ്ധിമുട്ടു് തോന്നുന്നുണ്ടോ? എങ്കിൽ ഇതു് കാണൂ: അപ്പോൾ യേശു പറഞ്ഞു: “ദൈവം എനിക്കു് ഉറപ്പു് നൽകിയിട്ടുള്ളതായതിനാൽ ഇക്കാര്യം സത്യമാണു്. അതുകൊണ്ടു്, ഇതു് സത്യമാണെന്നു് എല്ലാവരും അറിയുന്നതിനുവേണ്ടി, ദൈവനാമത്തിൽ സൂര്യൻ അനക്കമില്ലാതെ, പന്ത്രണ്ടു് മണിക്കൂർ നേരത്തേക്കു് നിശ്ചലമായി നിൽക്കട്ടെ.” അപ്പോൾ സകല ജെറുസലേമിലും ജുദെയായിലും ഉഗ്രഭയം സൃഷ്ടിച്ചുകൊണ്ടു് അങ്ങനെ സംഭവിച്ചു. (ബർണബാസ്: അദ്ധ്യായം 189)
ഇത്രയും വലിയ ഒരത്ഭുതം പോലും നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, പൊന്നുചങ്ങാതിമാരേ, പിന്നെ ബർണബാസ് സുവിശേഷത്തിലെ ബാക്കിയുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത്തരം അത്ഭുതങ്ങൾ വിശ്വസിച്ചില്ലെങ്കിൽ വേണ്ട, മനുഷ്യജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാൻ അത്യാവശ്യമായ ദൈവവിശ്വാസത്തിന്റെ ഒരു അടിത്തറ എന്ന നിലയിലെങ്കിലും ബർണബാസ് സുവിശേഷത്തെ അംഗീകരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്നേ ഒരു അവസാനവാക്കെന്ന നിലയിൽ എനിക്കു് നിങ്ങളോടു് പറയാനുള്ളു.