RSS

Daily Archives: Apr 13, 2008

ബൈബിളിലെ വൈരുദ്ധ്യങ്ങള്‍

“നീ മോഷ്ടിക്കരുതു്” എന്നു് കല്ലില്‍ കൊത്തിയ അക്ഷരങ്ങളുടെ രൂപത്തില്‍ മനുഷ്യരോടു് കല്‍പിക്കുന്ന ഒരു ദൈവം വേറൊരവസരത്തില്‍ അതേ മനുഷ്യരോടു് മോഷ്ടിക്കാന്‍ ആഹ്വാനം ചെയ്താല്‍ അതില്‍ ഒരു പരസ്പരവൈരുദ്ധ്യമുണ്ടു്. വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ അതംഗീകരിക്കുന്നതു് ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിലെ സാമാന്യമര്യാദയാണു്. എന്തിലെങ്കിലും വെറുതെ വിശ്വസിക്കാന്‍ ബുദ്ധി വേണമെന്നില്ല. പൊതുബോധത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയെ അവിശ്വസിക്കാന്‍ അല്‍പം ബുദ്ധിയും വ്യക്തിത്വവും കൂടാതെ കഴിയുകയുമില്ല. വിശ്വാസി-അവിശ്വാസി ചേരികള്‍ തമ്മില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഒരു ചര്‍ച്ച നിലവില്‍ വരാനാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെയൊരു ചര്‍ച്ച വഴി രണ്ടുപക്ഷവും എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അതു് സമയനഷ്ടം മാത്രമായിരിക്കും. “ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ യുക്തിപരവും ഭാഷാപരവുമായ രണ്ടു് വ്യത്യസ്ത തലങ്ങളിലുള്ളവയാണെങ്കില്‍ അവയെ ബന്ധിപ്പിക്കാന്‍ മൂന്നാമതൊരു തലം കൂടാതെ കഴിയുകയില്ല” എന്നു് ബെര്‍ട്രാന്‍ഡ് റസ്സല്‍ വ്യക്തമാക്കിയിട്ടുണ്ടു്. അതുകൊണ്ടു് വെറുതേ ആ പണിക്കു് പോകാതിരിക്കുന്നതാണു് ഉത്തമം. ദൈനംദിനജീവിതത്തിലെ പല വസ്തുതകളും ആശയപരമായി പ്രകടിപ്പിക്കുവാന്‍ ഫോര്‍മല്‍ ലോജിക്കോ ഭാഷയോ പര്യാപ്തമല്ലാത്ത അത്തരം പാരഡോക്സുകള്‍ B. C. ആറാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തകരുടെ തല പുകയിപ്പിച്ചിട്ടുണ്ടു്.

രസകരമായ പല ഉദാഹരണങ്ങള്‍ ഇതിനു് ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഒരുദാഹരണം: അറിയപ്പെടുന്ന ഒരു നുണയന്‍ “ഈ വാചകം നുണയാണു്” എന്നു് പറഞ്ഞാല്‍, അതു് നേരോ നുണയോ എന്നു് എങ്ങനെ നിശ്ചയിക്കും? ബെര്‍ട്രാന്‍ഡ്‌ റസ്സല്‍ അതു് ഇങ്ങനെ പ്രകടിപ്പിക്കുന്നു: The statement “I am lying” is true, only if it is false and false if it is true. യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല. അതിനാല്‍, കൊക്കില്‍ ഒതുങ്ങാത്തതു് കൊത്താന്‍ നില്‍ക്കാതെ, സമ്പത്തു് കാലത്തു് തൈപത്തുവച്ചാല്‍ (തൈകള്‍ ഒന്നോ രണ്ടോ കൂടിയാലും കുഴപ്പമില്ല) ആപത്തു് കാലത്തു് പൂവും കായുമൊക്കെ പത്തോ ഇരുപതോ വീതം പറിച്ചു് തിന്നാം. യഹോവ കല്പിച്ചതായി പുരോഹിതര്‍ നുണ പറഞ്ഞു്‌ പണ്ടു്‌ മനുഷ്യരെ പറ്റിച്ചതും, ഇന്നും പറ്റിച്ചുകൊണ്ടിരിക്കുന്നതുംപോലെ, വിളകളുടെയെല്ലാം ദശാംശങ്ങള്‍ വിളവെടുപ്പു്‌ കാലത്തു്‌ പള്ളിയില്‍ എത്തിച്ചാലേ അച്ചന്മാര്‍ക്കും കപ്യാരുകള്‍ക്കുമെല്ലാം തൈപത്തു്‌ വയ്ക്കാതെ തന്നെ കാപത്തു്‌ തിന്നാനും, ആകാശത്തേക്കു്‌ നോക്കി അലമുറയിട്ടു്‌, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങി കാപത്തു്‌ കാഴ്ച വച്ച കപ്പക്കിഴങ്ങുകള്‍ക്കു്‌ വിതരണം ചെയ്യാനും കഴിയൂ. കാപത്തു്‌ കൊടുത്തതിന്റെ രസീതു് വാങ്ങാന്‍ ഒരിക്കലും മറക്കരുതു്. സ്വര്‍ഗ്ഗവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ടി വരും. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്തും അതിനു്‌ മുന്‍പും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കാലത്തും, ഇന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല.

പറഞ്ഞുവന്നതു് വിശുദ്ധവചനങ്ങളിലെ വൈരുദ്ധ്യങ്ങളെപ്പറ്റിയാണല്ലോ. എവിടെ തുടങ്ങണമെന്നതു് ഒരു പ്രശ്നമല്ല. എവിടെ വേണമെങ്കിലും തുടങ്ങാം. വൈരുദ്ധ്യങ്ങള്‍ ബൈബിള്‍ നിറയെ നീണ്ടു്‌ പരന്നങ്ങനെ കിടക്കുകയല്ലേ. അതുകൊണ്ടു് യഹൂദര്‍ മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തേക്കു് പുറപ്പെടുന്നതിനുമുന്‍പു് അവരെക്കൊണ്ടു് മിസ്രയിമ്യരെ കൊള്ള ചെയ്യിക്കാന്‍ യഹോവ മോശെക്കു് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍ തുടങ്ങുന്നു: “ഓരോ സ്ത്രീ തന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരേയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.” – (പുറപ്പാടു് 3: 22) അതേ ദൈവത്തെപ്പറ്റി തന്നെയാണു് കനാനിലേക്കുള്ള വഴിമദ്ധ്യേ രണ്ടു് കല്‍പലകകളില്‍ സ്വന്ത കൈകൊണ്ടു് പത്തു് കല്‍പനകള്‍ എഴുതി മോശെയെ ഏല്‍പിച്ചു എന്നും, അതിലൊന്നു് “നീ മോഷ്ടിക്കരുതു്” എന്നായിരുന്നു എന്നും നമ്മള്‍ വായിക്കുന്നതു്. മോഷ്ടിക്കണമെന്നും മോഷ്ടിക്കരുതെന്നും ഒരേ ദൈവം – അതും ഒരേ ജനത്തോടു്‌ – പറയുന്നുവെങ്കില്‍ അതില്‍ ഗുരുതരമായ ഒരു പൊരുത്തക്കേടുണ്ടു്, സാമാന്യബോധത്തിനു് നിരക്കാത്ത ഒരു അപാകതയുണ്ടു്. ഈ വൈരുദ്ധ്യം വൈരുദ്ധ്യമാണെന്നു് അംഗീകരിക്കേണ്ടതു് മനുഷ്യന്റെ തലച്ചോറിലെ യുക്തിബോധത്തിന്റെ മൗലികമായ ഒരു ബാദ്ധ്യതയാണു്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ അതിനു് തയ്യാറാവാതിരിക്കുക എന്നാല്‍, അതു് അവന്റെ തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ എവിടെയോ എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടു് എന്നതിന്റെ തെളിവായി മാത്രമേ മനസ്സിലാക്കാനാവൂ.

ഇനി, എല്ലാമറിയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു് താനും എല്ലാമറിയുന്നവനാണു് എന്ന ധാരണ പുലര്‍ത്തുന്ന ഉഗ്രയുക്തിക്കാരനായ ഏതെങ്കിലും ഒരു സത്യക്രിസ്ത്യാനി ചോദിക്കുന്നു എന്നു് കരുതൂ: ” മോഷ്ടിക്കാന്‍ ദൈവം പറഞ്ഞതു് പത്തു് കല്‍പനകള്‍ നല്‍കുന്നതിനു് മുന്‍പല്ലേ? അതിലെന്തു് തെറ്റു്?” ഇങ്ങനെയൊരു ചോദ്യം ഞാന്‍ സങ്കല്‍പിച്ചെടുത്ത ഒരു സാദ്ധ്യതയാണെന്നു് കരുതണ്ട. ഇതിനേക്കാള്‍ അത്ഭുതകരമായ വാദമുഖങ്ങള്‍ ഞാന്‍ തന്നെ പലവട്ടം കേട്ടിട്ടുണ്ടു്. ചോദ്യം പൊട്ടത്തരമെങ്കിലും വാദത്തിനു് വേണ്ടി അതുപോലും അംഗീകരിച്ചുകൊണ്ടു് നമ്മള്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു എന്നും കരുതൂ! “നീ കൊല ചെയ്യരുതു്” എന്നു് ദൈവം പത്തു് കല്‍പനകള്‍ വഴി ആജ്ഞാപിച്ചതിനു് ശേഷം മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ അതേ ദൈവം തന്നെ കല്‍പിക്കുന്ന ഒരു ഭാഗം വൈരുദ്ധ്യതയുടെ മറ്റൊരു ഉദാഹരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ശ്വാസമുള്ള ഒന്നിനേയും ജീവനോടെ വക്കാതെ ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്‍പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.”- (ആവര്‍ത്തനം 20: 16, 17) “നീ കൊല ചെയ്യരുതു്” എന്നു് കല്‍പിച്ച അതേ ദൈവം ആ കല്‍പന നല്‍കിയ ശേഷം അന്യജാതിക്കാരായ വിവിധ ജനവിഭാഗങ്ങളെ നിഷ്കരുണം കൊന്നൊടുക്കാന്‍ യഹൂദരോടു് ആഹ്വാനം ചെയ്യുകയും, അതുവഴി അവരുടെ വര്‍ഗ്ഗനശീകരണത്തിനെത്തന്നെ നീതീകരിക്കുകയും ചെയ്യുന്നു! ഇവിടെയും കാണും സത്യവിശ്വാസിക്കു് മുട്ടായുക്തിയായി എന്തെങ്കിലും ഒരു ഉരുണ്ടുകളി. സകല മനുഷ്യരെയും ദൈവമാണു് സൃഷ്ടിച്ചതെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട സ്വന്തം ജനമായ യഹൂദര്‍ എന്ന, മറ്റേതൊരു മനുഷ്യനേയും പോലെ വിയര്‍പ്പുഗന്ധവും വായ്നാറ്റവുമുള്ള ഒരു മനുഷ്യവിഭാഗത്തിനു് ആ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്നവരുടെ പട്ടണങ്ങള്‍ പതിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടെയുള്ള “ജാതികളെ” ജെനൊസൈഡ് ചെയ്യുന്ന ഒരു യഹോവയെ ലോകവാസികള്‍ ഇന്നു് ദൈവമായി അംഗീകരിക്കണമെന്നു് ഘോഷിക്കാന്‍ ലജ്ജ തോന്നാത്തതിലല്ലേ മനുഷ്യര്‍ അത്ഭുതപ്പെടേണ്ടതു്?

പരസ്പരവൈരുദ്ധ്യങ്ങള്‍ക്കു് ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ബൈബിളില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിയാത്തതു്, ബൈബിള്‍ മുഴുവന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അപ്പാടെ ദൈവവചനങ്ങളും സത്യങ്ങളുമാണെന്നു് കണ്ണുമടച്ചു് വിശ്വസിക്കുന്നവരെ ഈ വൈരുദ്ധ്യം മനസ്സിലാക്കിക്കൊടുക്കലാണു്. ഒരു മൊട്ടുസൂചിക്കു് ഒന്നു് കുത്തിയാല്‍ ശൂന്യമാവുന്ന വെറുമൊരു സോപ്പുകുമിളയാണു് തങ്ങളുടെ ശാശ്വതസത്യം എന്നു് തിരിച്ചറിയേണ്ടി വരുന്നതിലെ ഭയം മൂലം അതിനു് ശ്രമിക്കുന്നവരുടെ പുറകെ കൊലവിളിയുമായി എത്താനാണു് ദൈവസ്നേഹം മാതൃകയാക്കുന്ന സത്യവിശ്വാസികള്‍ക്കു് കൂടുതല്‍ താല്‍പര്യം. ബോധോദയത്തിന്റെ സുവര്‍ണ്ണരശ്മികളേക്കാള്‍ ഭക്തിയുടെ മെഴുകുതിരിവെളിച്ചത്തെ അവര്‍ സ്നേഹിക്കുന്നു. സ്വയം അന്വേഷിച്ചു് അറിയുന്നതിനേക്കാള്‍ ആരുടേയോ അറിവുകളെ ആത്യന്തികസത്യമായി അവര്‍ അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന മുന്‍വിധി മൂലം അവയുടെ സംരക്ഷണത്തിനുവേണ്ടി തന്റേയും അന്യരുടേയും ജീവന്‍ ബലികഴിക്കാന്‍വരെ അവര്‍ തയ്യാറാവുന്നു. തല മുണ്ഡനം ചെയ്തു്, കാവി ധരിച്ചു്, ഭിക്ഷ തേടി ജീവിച്ചതുകൊണ്ടുമാത്രം ആരും “ബുദ്ധന്‍” ആവുകയില്ല. യേശുവിന്റെ അമലോത്ഭവത്തിലും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിച്ചതുകൊണ്ടു് മാത്രം ആരും ക്രിസ്ത്യാനിയും ആവുകയില്ല. ആത്മീയത, ദൈവവിശ്വാസം, മതവിശ്വാസം ഇവയെല്ലാം വ്യക്തിഗതമായ കാര്യങ്ങള്‍ മാത്രമായിരിക്കണം. അവയില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്‍പ്പിക്കുന്ന അതേ നിമിഷം അതു് കച്ചവടമായി മാറുകയാണു് ചെയ്യുന്നതു്. മനുഷ്യന്‍ ഒരു ആശയത്തിലോ വിശ്വാസപ്രമാണത്തിലോ വിശ്വസിക്കുന്നതു്‌ അവന്റെ അവകാശമാണു്‌. ഒരു നിലപാടു്‌ വച്ചുപുലര്‍ത്താന്‍ തീര്‍ച്ചയായും മനുഷ്യനു്‌ അവകാശവുമുണ്ടു്‌. പക്ഷേ, നിലപാടുകള്‍ ആര്‍ഗ്യുമെന്റുകളല്ല. ഈ വസ്തുതയാണു്‌ ഭക്തര്‍ക്കു്‌ മനസ്സിലാകാത്തതും.

മുകളില്‍ സൂചിപ്പിച്ചപോലെ, മോഷ്ടിക്കാനും കൊല്ലാനും വരെ യഹൂദരെ കര്‍ശനമായി ഉപദേശിച്ച യഹോവ എന്ന ഈ ദൈവത്തെപ്പറ്റിത്തന്നെ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നു: “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ‘ലോകത്തെ സ്നേഹിച്ചു'”! എന്തൊരു മറിമായം, എന്തു് മായാജാലം! കഴിഞ്ഞവയെപ്പറ്റി യാതൊരു ബോധവുമില്ലാതെ, താന്‍ തന്നെ പറഞ്ഞ കാര്യങ്ങളുടെ ക്രൂരതയെപ്പറ്റി യാതൊരു പശ്ചാത്താപമോ, മനശ്ചാഞ്ചല്യമോ ഇല്ലാതെ, വംശനാശത്തില്‍ നിന്നും വിശ്വസ്നേഹത്തിലേക്കുള്ള ദൈവികമായ ഒരു കുതിച്ചുചാട്ടം! ദൈവം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, എന്തെങ്കിലും ദൈവീകത നല്‍കാന്‍ കഴിയുമെങ്കില്‍, ഒരു ദൈവം ഇതുപോലൊരു മെറ്റമോര്‍ഫസിസിനു് തന്നെത്തന്നെ വിധേയനാക്കുമെന്നു് തോന്നുന്നില്ല. വിശ്വാസാധിക്യം മൂലം കണ്ണും കാതുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നവര്‍ക്കു് മാത്രമേ ഇതില്‍ വൈരുദ്ധ്യത കാണാതിരിക്കാന്‍ കഴിയുകയുള്ളു.

വേണമെങ്കില്‍ തത്കാലത്തെ “the last cry” എന്നു് വിളിക്കാവുന്ന ഒരു വിളംബരമാണു്, പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന കുറ്റസമ്മതം ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത. മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം. എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ് തോമ്പില്‍ എന്നൊരു ഓണ്‍ലൈന്‍ ഐഡി ഇട്ട ഒരു കമന്റില്‍ സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. “മലങ്കര മത്തായിമാര്‍ക്കു് ഇത്രയൊക്കെ മതി” എന്ന അനുഭവാധിഷ്ഠിത അറിവിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതര്‍ ഇങ്ങനെ ഒരു വെടി പൊട്ടിച്ചിട്ടുണ്ടാവാം. സംശയാലുക്കളുടെ കണ്ണില്‍ പൊടിയിട്ടു് നിശബ്ദരാക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും, എന്നും ചെയ്തിട്ടുമുണ്ടു്. ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് കത്തോലിക്കാസഭാനേതൃത്വം ഒരു ഇടയലേഖനം വഴി ആധികാരികമായി അംഗീകരിക്കുമെന്നോ, സഭ അതിനു് എന്നെങ്കിലും തയ്യാറാവുമെന്നോ സാമാന്യബോധമുള്ള ആരും ചിന്തിക്കുമെന്നു് തോന്നുന്നില്ല. ഏതെങ്കിലും ഒരു അച്ചനോ ബിഷപ്പോ അതിനു് ധൈര്യപ്പെട്ടാല്‍, അവര്‍ സഭയില്‍ നിന്നും കയ്യോടെ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവും വേണ്ട. സംശയാലുക്കളെ പുറത്താക്കുന്നതു് അയല്‍പക്കസ്നേഹവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒരു “ബിസ്നസ് ആസ് യൂഷ്വല്‍” മാത്രമാണു് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം. അതെന്നും അങ്ങനെ തന്നെ ആയിരുന്നുതാനും. ബൈബിളും, മോശെയും, ക്രിസ്തുവും ഒന്നുമല്ല, സഭയുടെ നിലനില്‍പാണു് പ്രശ്നം. പണമാണു്‌ പ്രശ്നം. സമ്പത്തു് പെരുകാന്‍ സത്യങ്ങള്‍ മറച്ചു് പിടിക്കേണ്ടിവരും. അതു് പാപമല്ല. ഇനി പാപമാണെങ്കില്‍തന്നെ, ധൂപക്കുറ്റി വീശി, അല്‍പം ആനാംവെള്ളം അങ്ങു് തളിച്ചേക്കും! ആനാംവെള്ളം വഴി ശുദ്ധീകരിക്കപ്പെടാത്ത പാപമെവിടെ? കുന്തിരിക്കത്തിന്റെ പുകയില്‍ പുറത്തുചാടാത്ത സാത്താനെവിടെ?

ഉല്പത്തിയും പുറപ്പാടും മിത്താണെന്നു്‌ സമ്മതിക്കുന്നതു്‌ യഹോവ ഒരു മിത്താണെന്നു്‌ സമ്മതിക്കുന്നതിനു്‌ തുല്യമാണു്‌. അപ്പോള്‍ ഒരു മുതുമിത്തായ ആ യഹോവ ഭൂമിയിലേക്കു്‌ ഇറങ്ങിവന്നു്‌ ജനിപ്പിച്ച യേശു ആരാവും? ആ യേശുവിലാണല്ലോ ക്രിസ്തുമതം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതുതന്നെ! ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് അംഗീകരിക്കുന്നതു്‌ യഹൂദവിശ്വാസത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാത്രമല്ല, ഇസ്ലാമിന്റെ പോലും അടിത്തറ ഇളക്കിമാറ്റുന്നതിനു്‌ തുല്യമാണു്‌. കാരണം ഈ മൂന്നു് മതങ്ങളും വിശ്വസിക്കുന്ന ദൈവം, അടിസ്ഥാനപരമായി, യഹോവ എന്ന ദൈവമാണു്. യഹൂദരുടെ മിസ്രയിമില്‍ നിന്നുള്ള വിമോചനത്തിനും, അവിടെ നിന്നും കനാന്‍ ദേശത്തേക്കുള്ള (യഹൂദരെ ഈജിപ്റ്റില്‍ നിന്നും കനാനിലെത്തിക്കാന്‍ യഹോവക്കു്‌ വേണ്ടിവന്നതു്‌ നാല്‍പതു് വര്‍ഷങ്ങളാണു്‌!) പുറപ്പാടിനും മോശയെ ചുമതലപ്പെടുത്താന്‍ ഹോരേബ്‌ പര്‍വ്വതത്തില്‍ വച്ചു് ആളിക്കത്തുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന ഒരു മുള്‍മരത്തിന്റെ രൂപത്തില്‍ മോശെക്കു് പ്രത്യക്ഷപെട്ട ദൈവം. അബ്രാഹാമിനെ പൂര്‍വ്വപിതാവായും, യേശുവിനെ പ്രവാചകനായും അംഗീകരിക്കുന്ന മുസ്ലീമുകള്‍ അല്ലാഹു എന്ന പേരു് നല്‍കി വിളിക്കുന്ന ദൈവം. യഹൂദര്‍ അവരുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എന്നു് വിളിക്കുന്ന യഹോവ. ക്രിസ്ത്യാനികള്‍ യേശുവിന്റെ പിതാവു് എന്നു് വിശ്വസിക്കുന്ന യഹോവ എന്ന അതേ ദൈവം. ഉത്പത്തിയിലും പുറപ്പാടിലും വര്‍ണ്ണിക്കപ്പെടുന്ന സംഭവപരമ്പരകള്‍ വെറും മിത്താണു് എന്നു് സമ്മതിക്കുക എന്നാല്‍, യഹോവ എന്ന ആ ഏകദൈവത്തിന്റെ സാധുത്വത്തെത്തന്നെ ചോദ്യം ചെയ്യുക എന്നേ വരൂ. അതുവഴി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്നതു് ക്രിസ്തുസഭ വിശുദ്ധം എന്നു് പ്രഖ്യാപിച്ചിരിക്കുന്ന പല വിശ്വാസസത്യങ്ങളുമായിരിക്കും. യഹോവ കന്യകമറിയത്തില്‍നിന്നും ജനിപ്പിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന യേശുവിന്റെ പിതൃത്വവും അമലോത്ഭവവും അടക്കമുള്ള സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങള്‍, ആ കുറ്റസമ്മതത്തിലൂടെ ഒഴുകി ഒലിച്ചുപോവുന്ന മൂലക്കല്ലുകളില്‍ ചിലതു് മാത്രമായിരിക്കും. ചുരുക്കത്തില്‍, ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിച്ചു എന്ന പ്രഖ്യാപനം, സഭയിലെ ഒരുപാടു് പഴയ മിത്തുകളുടെയിടയിലെ ഒരു “പുത്തന്‍ മിത്തു്” എന്നേ കരുതേണ്ടതുള്ളു. “ഒത്താല്‍ ഒരു കൊച്ചുവള്ളം, പോയാല്‍ ഒരു മാമ്പലക”. ആരാണു് ഇങ്ങനെയൊരു നിലപാടു് പ്രഖ്യാപിച്ചതു്, ആരാണു് ഇതു് പ്രസിദ്ധീകരിച്ചതിനു് പിന്നില്‍ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും എത്തില്ല, ആരെയും കണ്ടെത്തിയെന്നും വരില്ല.

ഒരിടയ്ക്കു് എനിക്കു് ചില എഴുത്തുകള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും വിശുദ്ധയെയോ വിശുദ്ധനെയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതും, അയാള്‍ വഴി ആര്‍ക്കൊക്കെയോ ലഭിച്ച അനുഗ്രഹങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ളതും ആയിരുന്നു അവ. ആ എഴുത്തിന്റെ കുറെ കോപ്പികള്‍ എടുത്തു് (കൃത്യമായ എണ്ണം പറഞ്ഞിരിക്കും) പരിചയക്കാര്‍ക്കു് അയച്ചുകൊടുക്കണം. അങ്ങനെ ചെയ്താല്‍ കിട്ടുന്ന നേട്ടങ്ങളുടെ വര്‍ണ്ണനയാണു് പിന്നെ. അതിനുശേഷം, അങ്ങനെ ചെയ്യാന്‍ മടിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംഭവിച്ച, മരണമടക്കമുള്ള, കഷ്ടനഷ്ടങ്ങളിലേക്കു്‌ വിരല്‍ ചൂണ്ടുന്ന ഭീഷണികളും. “ഉണ്ണിയെ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം” എന്നപോലെ, ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നതിനാല്‍, അവ ഞാന്‍ ഒട്ടും താമസിക്കാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തിനു് ശേഷം, ലെവനെ ഒഴിവാക്കിയേക്കാന്‍ വിശുദ്ധന്‍ കല്പിച്ചതുകൊണ്ടാണോ എന്തോ, പിന്നെ ജിബ്രീല്‍ മാലാഖ സദ്‌വര്‍ത്തമാനവുമായി എഴുത്തിന്റെ രൂപത്തില്‍ എന്നെ തേടി വന്നിട്ടില്ല. ജിബ്രീല്‍ മാലാഖ ഇതു്‌ വായിക്കുന്നുണ്ടെങ്കില്‍ ഇനിയും വന്നുകൂടെന്നുമില്ല. മാലാഖമാര്‍ മന്ദബുദ്ധികളാണെന്നു്‌ ഇതിനര്‍ത്ഥമില്ല. അവര്‍ക്കു്‌ കുഞ്ഞുപിള്ളേരുടെ മനസ്സാണെന്നേയുള്ളു. മല്ലുക്കളെപ്പോലെതന്നെ.

ഏതെല്ലാം മാനസികരോഗികളാണു് ഇവിടെ ദൈവത്തെ സഹായിക്കാന്‍ പണിപ്പുരയില്‍ സജീവമായിരിക്കുന്നതെന്നു് ചിന്തിച്ചാല്‍ മതി. ഇത്തരത്തില്‍ പെട്ടവരാണു് യുക്തി ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നതു്. ഈ ദൈവസേനാനികള്‍ ദൈവത്തെ രക്ഷിക്കാന്‍ നോക്കാതെ സ്വയം രക്ഷിക്കാനുള്ള വഴി തേടുകയാണു് ആദ്യം ചെയ്യേണ്ടതു്. അതിനു് കൂടുതല്‍ അനുയോജ്യം മനോരോഗാശുപത്രിയോ, ദുര്‍ഗ്ഗുണപരിഹാരപാഠശാലയോ ആയിരിക്കും. ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് മൂന്നു് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന ഒരു സ്ത്രീയുടെ രോഗവും റിലീജ്യസ് മാനിയ ആയിരുന്നു. ഇപ്പോള്‍ ആളുപദ്രവം ഉണ്ടാവാതിരിക്കാന്‍ പൂട്ടിയിടേണ്ട രോഗികള്‍ക്കായുള്ള സൈക്കിയാട്രി ക്ലിനിക്കില്‍ കിടന്നു് ആ സ്ത്രീ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കേസ്‌ യൂറോപ്പിലല്ല, കേരളത്തിലായിരുന്നുവെങ്കില്‍, കുഞ്ഞാടിന്റെ രോഗം മറ്റെന്തോ ആണെന്നു് വരുത്താന്‍‍ ഇടയന്മാര്‍ മത്സരിച്ചു്‌ ലേഖനപരമ്പര തന്നെ ഇറക്കിയേനെ. പറ്റുമെങ്കില്‍ അക്കൂട്ടത്തില്‍ ജാഥ, സമരം, ഹര്‍ത്താല്‍ തുടങ്ങിയ പതിവു്‌ കാട്ടിക്കൂട്ടല്‍ മാമാങ്കങ്ങളും അരങ്ങേറിയേനെ! സാമ്പത്തിക പരാധീനത മൂലം കോളേജിലെ ക്രിസ്തീയമേധാവികളില്‍ നിന്നു് പീഡനം‍ അനുഭവിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി സഹികെട്ടു് അവസാനം ആത്മഹത്യ ചെയ്തപ്പോള്‍ അവള്‍ എഴുതിയ ചരമകുറിപ്പു് മറ്റാരോ എഴുതിയതാണെന്നു് പറയാന്‍ വരെ മടിക്കാത്തവരല്ലേ യേശുവിന്റെ നിര്‍മ്മലസ്നേഹത്തിന്റെ പ്രതിനിധികള്‍ എന്നു് അഭിമാനത്തോടെ വീമ്പിളക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍!? എല്ലാവരും അങ്ങനെ അല്ലല്ലോ എന്നാവാം ദൈവത്തിന്റെ പോരാളികളുടെ എതിര്‍യുക്തി. ഇത്തരം സമൂഹദ്രോഹികളെ ഐലസാ വിളിച്ചു്‌ ചുമന്നുകൊണ്ടു്‌ നടക്കാന്‍ മടിയില്ലാത്ത ഭക്തവര്‍ഗ്ഗം അനുയായികളായി ഉള്ളിടത്തോളം അവരെ ചൂഷണം ചെയ്യാതിരിക്കുന്നതാവും നേതാ-പിതാ-ദൈവങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിഡ്ഢിത്തം. കേരളീയര്‍ ഒന്നടങ്കം തങ്ങളെപ്പറ്റിത്തന്നെ ലജ്ജിക്കുകയാണു് വേണ്ടതു്.

ബൈബിളില്‍ അവിടെയും ഇവിടെയും ഉള്ള നുറുങ്ങുകള്‍ക്കു് പള്ളി നല്‍കുന്ന വിശദീകരണങ്ങള്‍ ചില ഞായറാഴ്ചകളില്‍ കേട്ടതിന്റെ പേരില്‍ മതപണ്ഡിതര്‍ ചമയുന്നവരുമായി ശാസ്ത്രത്തിന്റേയും യുക്തിയുടേയും അടിസ്ഥാനത്തില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ യഥാതഥമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും സാദ്ധ്യമാവുകയില്ല. കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും കൊന്തയുടെയും കുരിശുവരയുടെയും ലോകമല്ല അറിവിന്റെ ലോകം. അതു്‌ നല്ലൊരളവു്‌ വിശാലമാണു്‌.

“Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life.” – Lord Byron

“നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്. ടിബറ്റിലെ പ്രാര്‍ത്ഥനാചക്രങ്ങളോടു് മാത്രമേ അതിനെ താരതമ്യം ചെയ്യാനാവൂ” എന്നു്‌ പറഞ്ഞതു്‌ ഇമ്മാന്വേല്‍ കാന്റാണു്‌. പ്രാര്‍ത്ഥനാചക്രങ്ങള്‍ താന്‍ എത്രവട്ടം തിരിക്കുന്നുവോ അത്രവട്ടം (അവയില്‍ മറ്റാരോ എഴുതിവച്ചിരിക്കുന്ന) പ്രാര്‍ത്ഥനാശീലുകള്‍ ദൈവസന്നിധിയില്‍ എത്തുമെന്നും, അവ മുഴുവന്‍ താന്‍ സ്വയം ഏറ്റുചൊല്ലുന്നതായി ദൈവം വരവു്‌ വയ്ക്കുമെന്നും, ക്ഷേത്രപരിസരം നിറയെ കെട്ടിത്തൂക്കിയിരിക്കുന്ന കൊടിതോരണങ്ങള്‍ കാറ്റിലാടുമ്പോള്‍ അവയില്‍ കുറിച്ചുവച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്കു്‌ പറന്നു്‌ പോകുകയാണു്‌ ചെയ്യുന്നതെന്നും മറ്റുമുള്ള പുരോഹിതപഠിപ്പിക്കലുകള്‍ അക്ഷരംപ്രതി വിശ്വസിക്കുന്ന ടിബറ്റുകാരെ ബോധവത്കരിക്കാനാണു് കാന്റ് അതു്‌ പറഞ്ഞതു്‌ എന്നു്‌ കരുതാന്‍ വയ്യ. പക്ഷേ, ഇന്നത്തെ കേരളത്തിന്റെ ഒരവസ്ഥ വച്ചു്‌ പറഞ്ഞാല്‍, അന്നു്‌ ടിബറ്റന്‍ പുരോഹിതര്‍ അതു്‌ കേട്ടിരുന്നെങ്കില്‍ ഒരു പരസ്യസംവാദത്തിനു്‌ കാന്റിനെ അവര്‍ വെല്ലുവിളിക്കുമായിരുന്നു എന്നു്‌ കരുതാതിരിക്കാനും വയ്യ. തങ്ങള്‍ മനസ്സിലാക്കുന്ന നന്മയോ, ജീവിതപരിവര്‍ത്തനമോ അല്ല കാന്റ് മനസ്സിലാക്കുന്ന നന്മയും ജീവിതപരിവര്‍ത്തനവും എന്ന വസ്തുത “ചക്രന്മാര്‍ക്കും ചക്രികള്‍ക്കും” അറിയില്ല എന്നതു്‌ അത്ര എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല.

 

 
20 Comments

Posted by on Apr 13, 2008 in ലേഖനം

 

Tags: , ,