മനസ്സിലാക്കല്‍ എങ്ങനെ സാദ്ധ്യമാവുന്നു? മനസ്സിലാക്കല്‍ എന്നാല്‍ എന്താണു്? മനസ്സിലാക്കുന്നു എന്നു് പറയുമ്പോള്‍ എന്താണു് മനുഷ്യന്‍ മനസ്സിലാക്കുന്നതു്? ‘ട്രൂത്ത് ആന്‍ഡ് മേഥഡ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ ജര്‍മ്മന്‍ തത്വചിന്തകന്‍ ഗാഡാമര്‍ (Hans-Georg Gadamer) പരിശോധിക്കുന്നതു് ഇക്കാര്യങ്ങളൊക്കെയാണു്. പക്ഷേ, ഗാഡാമറുടെ ‘ഫിലൊസോഫിക്കല്‍ ഹെര്‍മെന്യൂട്ടിക്സ്’ വാക്യങ്ങളുടെയോ, കലാരൂപങ്ങളുടെയോ വ്യാഖ്യാനത്തില്‍ ഒതുങ്ങുന്നതല്ല, ഭാഷ എന്ന മാദ്ധ്യമത്തിലൂടെ വെളിപ്പെടുന്ന ലോകത്തിന്റെ വിവിധതരത്തിലുള്ള മനസ്സിലാക്കലും അതില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക് മിഥോളജി പ്രകാരം ദൈവകല്പനകള്‍ നശ്വരരായ മനുഷ്യരില്‍ എത്തിക്കുക, അവര്‍ക്കു് മനസ്സിലാകുന്ന ഭാഷയില്‍ അതു് തര്‍ജ്ജമ ചെയ്തു് കൊടുക്കുക തുടങ്ങിയ കാര്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഹെര്‍മെസില്‍ നിന്നും വരുന്നതാണു് ഹെര്‍മെന്യൂട്ടിക്സ് എന്ന വാക്കു്. മറ്റൊരു ലോകത്തില്‍ നിന്നുള്ള ആശയങ്ങളും അര്‍ത്ഥങ്ങളും പരസ്പരബന്ധങ്ങളും അവനവന്റെ ലോകത്തിലേക്കു് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ പകര്‍ത്തുന്നതിലാണു് ഹെര്‍മെന്യൂട്ടിക്സിന്റെയും ശക്തി സ്ഥിതി ചെയ്യുന്നതു്.
ഗാഡാമറുടെ കാഴ്ചപ്പാടില്‍ ഭാഷ എന്നതു് വളരെ വിശാലമായ ഒരു സംജ്ഞയാണു്. ആംഗ്യം, നോട്ടം, മൗനം മുതലായവയിലൂടെ സംഭവിക്കുന്ന ആശയവിനിമയങ്ങളും മനസ്സിലാക്കലുകളുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. മനസ്സിലാക്കല്‍ എന്നതു് മനുഷ്യന്റെ ഒരു അടിസ്ഥാനഗുണമാണു്. ‘മനസ്സിലാക്കുന്ന’ വ്യക്തി ജീവിക്കുന്നതു് ചരിത്രപരമായ ഒരു ലോകത്തിലും, അറിഞ്ഞോ അറിയാതെയോ, ആ ലോകത്തിലെ ട്രഡീഷനുകളുടെ സ്വാധീനത്തിലുമാണു്. അതിനനുസരിച്ച മുന്‍വിധികളാണു് അവന്റെ വര്‍ത്തമാനകാലചക്രവാളം രൂപപ്പെടുത്തുന്നതു്. അതിനു് അപ്പുറം കാണുക എന്നതു് അവനു് അസാദ്ധ്യമായിരിക്കും. മനുഷ്യന്റെ എല്ലാ അനുഭവശേഷിയുടെയും ദിശ മുന്‍വിധികള്‍ വഴി മുന്‍കൂറായി നിശ്ചയിക്കപ്പെടുന്നതാണു്. അനുഭവവേദ്യതക്കു് ആവശ്യമായ മുന്‍ശേഷി എന്നു് വിളിക്കാവുന്ന ഈ മുന്‍വിധികള്‍ ഇല്ലായിരുന്നെങ്കില്‍ മനസ്സിലാക്കല്‍ അസാദ്ധ്യമായിരുന്നേനെ എന്നു് ഗാഡാമര്‍. അതിനാല്‍, മുന്‍വിധിയെ നെഗറ്റീവ് ആയി കണ്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിന്റെ രീതിയില്‍ നിന്നും വിപരീതമായി, – പഴഞ്ചന്‍ സമ്പ്രദായങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിരുന്ന ജ്ഞാനോദയക്കാരുടെ മുന്‍വിധികളോടുള്ള മുന്‍വിധി മനസ്സിലാക്കാവുന്നതാണെങ്കിലും – സൃഷ്ടിപരമായ മുന്‍വിധിയെ ഗാഡാമര്‍ പ്രതിരോധിക്കുന്നു. പക്ഷേ, ഗാഡാമറെ സംബന്ധിച്ചു് ഒരു മുന്‍വിധി ശരിയോ തെറ്റോ എന്നതു് പലപ്പോഴും അതിന്റെ ‘കാലദൂരത്തെ’ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. നമ്മുടെ മുന്‍വിധികള്‍ (biases of our openness to the world) തിരുത്തപ്പെടാന്‍ കഴിയുന്നതാണോ എന്നതാണു് പ്രധാനം.
ഗാഡാമറുടെ അഭിപ്രായത്തില്‍, മനസ്സിലാക്കലിന്റേതു് ഒരു വൃത്തഘടനയാണു്. മൊത്തത്തെ ഒറ്റയൊറ്റകളില്‍ നിന്നും, ഒറ്റകളെ മൊത്തത്തില്‍ നിന്നും മനസ്സിലാക്കുക എന്ന ദുഷ്കരവൃത്തത്തിന്റെ ഘടന – ‘ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍’. മൊത്തത്തിന്റെ സാരം മനസ്സിലാക്കാന്‍ വിശദാംശങ്ങള്‍ അറിയണം, മറിച്ചു്, വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ മൊത്തത്തിന്റെ സാരം അറിയണം. മനസ്സിലാക്കലിന്റെ സര്‍ക്യുലാരിറ്റി എന്നാല്‍, പ്രതീക്ഷകളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു രൂപരേഖ തയ്യാറാക്കലും, കൂടുതല്‍ ആഴത്തിലേക്കു് ചുവടുചുവടായി ഇറങ്ങി അതിനെ നിരന്തരം ഭേദപ്പെടുത്തലുമാണു്. അല്ലാതെ, ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍ ലോജിക്കലായ ഒരു തെറ്റോ, ഒഴിവാക്കപ്പെടേണ്ടതോ അല്ല.
“മനസ്സിലാക്കലിന്റെ സര്‍ക്കിള്‍ എന്നതു് ഒരു മെഥഡൊളോജിക്കല്‍ സര്‍ക്കിള്‍ അല്ല, അതു് മനസ്സിലാക്കലിന്റെ ഒരു ‘സ്റ്റ്റക്ചറല്‍ മൊമെന്റ്’ ആണു്”. അതായതു്, ഗാഡാമറുടെ ഫിലോസഫിക്കല്‍ ഹെര്‍മെന്യൂട്ടിക്സ് ഒരു മേഥഡോ, ഫോര്‍മലായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയോ അല്ല. ചരിത്രപരമായി മനസ്സിലാക്കപ്പെടുന്നതും, ഭാഷാപരമായി പോഷണം പ്രാപിച്ചതുമായ ഒരു ലോകത്തിലെ മനുഷ്യജീവിതത്തെയാണതു് വിവരിക്കുന്നതു്. ഇവിടെയാണു് ‘ഇഫക്റ്റീവ് ഹിസ്റ്ററി’ എന്നു് ഗാഡാമര്‍ വിളിക്കുന്ന സംജ്ഞയുടെ പ്രസക്തി. മനസ്സിലാക്കലില്‍ ട്രഡീഷനു് ഉള്ള സ്വാധീനമാണു് അതു് സൂചിപ്പിക്കുന്നതു്. ‘മനസ്സിലാക്കുന്ന’ വ്യക്തി, അവന്‍ അറിയുന്നതിനേക്കാള്‍ കൂടുതലായി, അവനെ സ്വാധീനിക്കുന്ന ചരിത്രത്തിന്റെ ഭാഗമാണു്. മുന്‍വിധികള്‍ അബോധമനസ്സിലാണു് സ്ഥിതിചെയ്യുന്നതെന്നതിനാല്‍, അവയെ പൂര്‍ണ്ണമായും ബോധമനസ്സിലേക്കു് എത്തിക്കുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. ഈ പരിമിതി മൂലം, അവനു് അറിയാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതലായി അവന്റെ ബോധമനസ്സു് ‘ഇഫക്റ്റീവ് ഹിസ്റ്ററി’യാല്‍ നയിക്കപ്പെടുന്നു. സത്യത്തില്‍, ചരിത്രം നമ്മുടേതല്ല, നമ്മള്‍ ചരിത്രത്തിന്റേതാണു്. അനുസ്മരണത്തിലൂടെ നമ്മള്‍ നമ്മെത്തന്നെ മനസ്സിലാക്കുന്നതിനും വളരെ മുന്‍പേ, സ്വാഭാവികമായെന്നോണം, ജീവിക്കുന്ന കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും നമ്മള്‍ നമ്മെ മനസ്സിലാക്കുന്നുണ്ടു്. സബ്ജെക്റ്റിവിറ്റിയുടെ കേന്ദ്രം ഒരു വക്രക്കണ്ണാടിയാണു്. വ്യക്തിയുടെ സെല്‍ഫ്-റിഫ്ലെക്ഷന്‍ എന്നതു് ചരിത്രപരമായ ജീവിതവലയത്തിലെ ഒരു മിന്നിമറയല്‍ മാത്രമാണു്. മനസ്സിലാക്കല്‍ എന്നതു്, ആത്മനിഷ്ഠാതീതമായി, വ്യക്ത്യതീതമായി, മനുഷ്യന്റെ ‘ഇഫക്റ്റീവ് ഹിസ്റ്ററി’ അവനില്‍ പ്രാബല്യം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയാണു്. മനസ്സിലാക്കുന്നവര്‍ എന്ന നിലയില്‍, നമ്മള്‍ ഒരു ‘ട്രൂത്ത് ഇവന്റിലെ’ ഭാഗഭാക്കുകളാണു് – എന്താണു് വിശ്വസിക്കേണ്ടതു് എന്നു് അറിയാന്‍ ആഗ്രഹിക്കുകയും അവിടേക്കു് താമസിച്ചെത്തുകയും ചെയ്യുന്ന ഭാഗഭാക്കുകള്‍. മറ്റു് വാക്കുകളില്‍: “നമ്മള്‍ ചെയ്യുന്നതോ, നമ്മള്‍ ചെയ്യേണ്ടതോ അല്ല, നമ്മുടെ ചെയ്തികള്‍ക്കും ആഗ്രഹങ്ങള്‍ക്കും അതീതമായി നമ്മളില്‍ സംഭവിക്കുന്നതെന്തോ, അതാണു് പ്രശ്നം”. ചരിത്രപരമായ ട്രഡീഷനുകളും, വ്യാഖ്യാനപരമായ നീക്കങ്ങളും തമ്മില്‍ പരസ്പരം നടക്കുന്ന, മനുഷ്യനു് രക്ഷപെടാനാവാത്ത ഈ മത്സരക്കളിയെയാണു് ജീവതത്ത്വശാസ്‌ത്രപരമായി (ontologically) മനസ്സിലാക്കപ്പെടുന്ന ‘ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍’ വിവരിക്കുന്നതു്.
നമ്മുടെ ചിന്തകളോടു് ഭീതിദമെന്നോണം അടുത്താണു് ഭാഷയെങ്കിലും വസ്തുനിഷ്ഠമായി ഭാഷയെ തിരിച്ചറിയാന്‍ നമുക്കാവില്ല. അതുകൊണ്ടു്, മനുഷ്യന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഭാഷയിലൂടെയാണു് പ്രകടമാകുന്നതു് എന്നിരിക്കെത്തന്നെ, ഭാഷ അങ്ങേയറ്റം ഇരുണ്ട ഒന്നായി അവശേഷിക്കുന്നു. ലോകത്തിനുനേരെ ഭാഷക്കു് സ്വന്തവും സ്വതന്ത്രവുമായ ഒരു അസ്തിത്വം ഇല്ലെങ്കിലും, ലോകത്തിന്റെ അസ്തിത്വം രചിക്കപ്പെടുന്നതു് ഭാഷയിലൂടെയാണു്. മനുഷ്യനു് ഒരു ലോകം ഉണ്ടെന്നതുതന്നെ ഭാഷയില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ലോകം അതിലൂടെ വെളിപ്പെടുന്നു എന്നതു് മാത്രമാണു് യഥാര്‍ത്ഥത്തില്‍ ഭാഷയുടെ അസ്തിത്വം. ഭാഷ ഒരു പണിയായുധമോ, ലഭ്യമായ ഒരു സമ്പത്തോ അല്ല, മൗലികമായ ഒരു ജീവിതപ്രക്രിയയാണതു്. ഗാഡാമറുടെ ചിന്തയില്‍, മനസ്സിലാക്കപ്പെടാന്‍ കഴിയുന്ന അസ്തിത്വമാണു് ഭാഷ.
വായനയിലെ നായിവിറ്റിയെ തരണം ചെയ്യാന്‍ സഹായിക്കുകവഴി, മനുഷ്യരില്‍ ഹെര്‍മെന്യൂട്ടിക് കോണ്‍ഷ്യസ്നെസ്സ് ഉണര്‍ത്തുക എന്നതാണു് ഗാഡാമര്‍ ലക്ഷ്യമാക്കിയതു്. ഒരു ടെക്സ്റ്റ് വായിക്കുമ്പോള്‍ അതില്‍ നിന്നും സ്വന്തം പ്രതീക്ഷകള്‍ മാത്രം വായിച്ചെടുക്കാതിരിക്കാന്‍ അതില്‍ മാത്രമല്ല, സ്വന്തം മുന്‍ധാരണകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടു്. അതായതു്, മനസ്സിലാക്കല്‍ എന്നതു് ഒരു സ്വയംമനസ്സിലാക്കല്‍ കൂടിയാണു്. ഒരു ടെക്സ്റ്റ് മനസ്സിലാക്കുക എന്നാല്‍, അതുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നാണു്; നമ്മോടു് എന്തെങ്കിലും പറയാന്‍ അതിനെ അനുവദിക്കുക എന്നാണു്. വായിക്കുക എന്നാല്‍ എഴുതപ്പെട്ടിരിക്കുന്നതു് വെറുതെ വായിക്കലല്ല. ചോദ്യം ആവശ്യപ്പെടാത്ത ഒരു ടെക്സ്റ്റുമില്ല എന്നതിനാല്‍, അതിന്റെ മറുപടിക്കു് വേണ്ടിയുള്ള ചെവിയോര്‍ക്കലാണു് വായന. അങ്ങനെ അവിടെ എഴുതിയിട്ടുണ്ടല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ അതു് ചിരിയുണര്‍ത്താന്‍ ഉതകുന്ന ഒരു വാക്യം മാത്രമേ ആവൂ എന്നു് ഗാഡാമര്‍.
അവലംബം:
http://en.wikipedia.org/wiki/Hans-Georg_Gadamer
Kleine Geschichte der Philosophie: Volker Spierling