(വോൾട്ടയറുടെ Histoire d’un bon bramin-ന്റെ സ്വതന്ത്ര പരിഭാഷ)
എന്റെ യാത്രകളിൽ ഞാൻ വളരെ പണ്ഡിതനും, ആത്മീയസമ്പത്തും ഉന്നതവിദ്യാഭ്യാസമുള്ളവനുമായ ഒരു വൃദ്ധബ്രാഹ്മണനെ പരിചയപ്പെട്ടു. അതിനൊക്കെ പുറമെ വളരെ ധനികനുമായിരുന്ന അവനു് ഒന്നിന്റെയും കുറവില്ലാതിരുന്നതിനാൽ ആരെയെങ്കിലും കബളിപ്പിക്കേണ്ട ആവശ്യമില്ലാതിരുന്ന അവൻ ഒരു യഥാർത്ഥജ്ഞാനിയായിരുന്നു. മാതൃകാപരമായി അവന്റെ വീട്ടുകാര്യങ്ങൾ നോക്കിനടത്തിപ്പോന്നിരുന്ന സുന്ദരികളായ മൂന്നു് സ്ത്രീകൾ അവനിൽ താത്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ആ സ്ത്രീകളുമായി ആനന്ദത്തിൽ ഏർപ്പെടാത്തപ്പോഴെല്ലാം അവൻ തത്വചിന്താപരമായ കാര്യങ്ങളിൽ മുഴുകിയിരുന്നു.
വിസ്മയകരമായ പൂങ്കാവനത്താൽ ചുറ്റപ്പെട്ടു് ഏറെ ചിത്രപ്പണികളാൽ മനോഹരമാക്കിയിരുന്ന അവന്റെ വീടിനു് സമീപം കൃത്രിമത്വമൊന്നുമില്ലാത്ത, ആശക്കു് വകയില്ലാത്തവിധം ദരിദ്രയും പുണ്യതൽപരയും വൃദ്ധയുമായിരുന്ന ഒരു ഭാരതീയസ്ത്രീ ജീവിച്ചിരുന്നു.
ഒരിക്കൽ ആ ബ്രാഹ്മണൻ എന്നോടു് പറഞ്ഞു: “ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്നാണു് ഞാൻ ആഗ്രഹിക്കുന്നതു്”. അതെന്തുകൊണ്ടെന്ന എന്റെ ചോദ്യത്തിനു് അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നാൽപതു് വർഷങ്ങളായി ഞാൻ പഠനങ്ങൾ നടത്തുന്നു. അതു് നഷ്ടപ്പെട്ട എന്റെ നാൽപതു് വർഷങ്ങളാണു്. മറ്റുള്ളവരെ ഞാൻ പഠിപ്പിക്കുന്നു, പക്ഷേ, എനിക്കു് ഒന്നും അറിയുകയുമില്ല. ഈ അവസ്ഥ എന്റെ മനസ്സിനെ അസംതൃപ്തികൊണ്ടും വെറുപ്പുകൊണ്ടും നിറയ്ക്കുന്നതിനാൽ എന്റെ ജീവിതം തന്നെ അസഹ്യമായി തീർന്നിരിക്കുന്നു. ഞാൻ ജനിക്കുകയും ഈ സമയത്തു് ജീവിക്കുകയും ചെയ്യുന്നു, പക്ഷേ, സമയം എന്നാൽ എന്തെന്നുപോലും എനിക്കറിയില്ല. ഞങ്ങളിലെ ജ്ഞാനികളുടെ അഭിപ്രായപ്രകാരം ഞാൻ രണ്ടു് നിത്യതകളുടെ മദ്ധ്യേയുള്ള ഒരു ബിന്ദുവിലാണു് കഴിയുന്നതു്, പക്ഷേ, നിത്യത എന്നതിനെപ്പറ്റി ഒരു ഗ്രാഹ്യവും എനിക്കില്ല. ദ്രവ്യത്താലാണു് ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണെന്റെ ചിന്ത, പക്ഷേ, ചിന്തകൾ എങ്ങനെ രൂപമെടുക്കുന്നു എന്നതു് എനിക്കു് ഇന്നും വ്യക്തമായിട്ടില്ല. എന്റെ ഗ്രാഹ്യശേഷി എന്നതു്, നടക്കുന്നതും ദഹിക്കുന്നതും പോലെയുള്ള ഒരു സാമാന്യശേഷിയാണോ എന്നോ, ഞാൻ എന്റെ തലകൊണ്ടു് ചിന്തിക്കുന്നതു് എന്റെ കൈകൾ കൊണ്ടു് പിടിക്കുന്നതുപോലെ എന്തോ ആണോ എന്നോ എനിക്കറിയില്ല. ചിന്താശേഷിയുടെ ഉത്ഭവം മാത്രമല്ല, എന്റെ ചലനങ്ങളുടെ തത്വവും എനിക്കു് മറഞ്ഞിരിക്കുന്നു: ഞാൻ എന്തിനു് ജീവിക്കുന്നു എന്നെനിക്കറിയില്ല. എങ്കിൽപ്പോലും ഇതുപോലുള്ള മുഴുവൻ കാര്യങ്ങളെപ്പറ്റിയും ആളുകൾ ദിവസേന എന്നോടു് ചോദിക്കുന്നു. വെളിവുള്ള ഒരു മറുപടിയും പറയാൻ എനിക്കു് കഴിയുന്നില്ലെങ്കിലും ഞാൻ ഒരുപാടു് സംസാരിക്കുകയും, ഓരോ പ്രാവശ്യവും അങ്ങനെ സംസാരിച്ചതിനെപ്പറ്റി അത്ഭുതപ്പെടുകയും സ്വയം ലജ്ജിക്കുകയും ചെയ്യേണ്ടിവരുന്നു”.
അതിനെക്കാളൊക്കെ എത്രയോ ദയനീയമാണു് ബ്രഹ്മാവിനെ സൃഷ്ടിച്ചതു് വിഷ്ണുവാണോ, അല്ലെങ്കിൽ അവർ രണ്ടുപേരും അനശ്വരരാണോ എന്നും മറ്റുമുള്ള ചോദ്യങ്ങൾ മനുഷ്യർ എന്നോടു് ചോദിക്കുമ്പോഴത്തെ എന്റെ അവസ്ഥ. അതൊക്കെ സംബന്ധിച്ചു് ഒരു “മണ്ണാങ്കട്ടയും” എനിക്കറിയില്ല എന്നതിനു് ദൈവം സാക്ഷി. അതിനനുസരിച്ചുള്ളവയാണു് സ്വാഭാവികമായും എന്റെ മറുപടികളും. “ബഹുമാന്യനായ പിതാവേ, എന്തുകൊണ്ടു് ലോകം തിന്മകളാൽ നിറഞ്ഞിരിക്കുന്നുവെന്നു് ഞങ്ങൾക്കു് വിശദീകരിച്ചുതരിക” എന്നവർ എന്നോടു് പറയുന്നു. അതു് ചോദിക്കുന്നവരെപ്പോലെതന്നെ അറിവില്ലാത്തവനാണു് ഞാനും! ഈ ലോകത്തിലുള്ളതെല്ലാം നന്മക്കു് വേണ്ടിയാണെന്നു് ചിലപ്പോഴൊക്കെ അവരോടു് ഞാൻ പറയാറുണ്ടെങ്കിലും, യുദ്ധം മൂലം എല്ലാം നശിച്ചവരും, അംഗഹീനർ ആയവരും അതൊന്നും വിശ്വസിക്കുന്നില്ല – അവരെപ്പോലെതന്നെ ഞാനും. അപ്പോൾ ജ്ഞാനദാഹത്താൽ പീഡിതനും, അറിവില്ലായ്മയെപ്പറ്റിയുള്ള ബോധം മൂലമുള്ള യാതനയാൽ തകർക്കപ്പെട്ടവനുമായി ഞാൻ പിൻതിരിയുന്നു. ഇതിനെപ്പറ്റി ഞങ്ങളുടെ പുരാതനഗ്രന്ഥങ്ങളിൽ ഞാൻ വായിക്കുമ്പോൾ എന്റെ അറിവില്ലായ്മ കൂടുതൽ ആവുന്നതേയുള്ളു. എന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളോടു് ഞാൻ സംസാരിക്കാറുണ്ടു്. മറ്റു് മനുഷ്യരുടെ കാര്യങ്ങൾ ചെകുത്താനു് വിട്ടുകൊടുത്തുകൊണ്ടു് നമ്മൾ നമ്മുടെ സ്വന്തം ജീവിതം ആസ്വദിക്കണം എന്നൊരു കൂട്ടർ പറയുന്നു. മറ്റുചിലരാകട്ടെ, ചിലതൊക്കെ അറിയുന്നതായി ഭാവിക്കുകയും, അതിയായി വലിച്ചുമുറുക്കിയ ആശയങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവയെല്ലാം എന്റെ മനക്ലേശത്തെ വർദ്ധിപ്പിക്കുന്നതേയുള്ളു. എന്റെ എല്ലാ ഗവേഷണങ്ങൾക്കു് ശേഷവും ഞാൻ എവിടെനിന്നു് വരുന്നുവെന്നോ, ഞാൻ എന്താണെന്നോ, ഞാൻ എങ്ങോട്ടു് പോകുന്നുവെന്നോ, എനിക്കു് എന്തു് സംഭവിക്കുമെന്നോ അറിയാൻ എനിക്കു് കഴിയുന്നില്ല എന്നു് ചിന്തിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ നൈരാശ്യത്തിന്റെ വക്കത്തെത്താറുണ്ടു്.
ആ നല്ല ബ്രാഹ്മണന്റെ മാനസികാവസ്ഥ എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. കാരണം, ആ ബ്രാഹ്മണനേക്കാൾ വിവേകിയും വിശ്വാസയോഗ്യനുമായ ഒരു മനുഷ്യനെ സങ്കൽപിക്കുക സാദ്ധ്യമായിരുന്നില്ല. അവൻ എത്രത്തോളം കുശാഗ്രബുദ്ധിയും സൂക്ഷ്മബോധമുള്ളവനുമായിരുന്നോ, അത്രത്തോളം അവൻ നിർഭാഗ്യവാനുമായിരുന്നു എന്നെനിക്കു് വ്യക്തമായി.
അതേദിവസംതന്നെ അവന്റെ വീടിനു് സമീപം താമസിച്ചിരുന്ന ആ വൃദ്ധസ്ത്രീയെ കാണാനിടയായപ്പോൾ, അവളുടെ ആത്മാവിനുള്ളിലെ കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്നു് അറിയാൻ കഴിയാത്തതിൽ അവൾ ദുഃഖിതയാണോ എന്നു് ഞാൻ അവളോടു് ചോദിച്ചു. എന്റെ ചോദ്യം ആ സ്ത്രീക്കു് മനസ്സിലായില്ല എന്നു് മാത്രമല്ല, ആ ബ്രാഹ്മണനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ ഒന്നിനെപ്പറ്റിയും ജീവിതത്തിലൊരിക്കലെങ്കിലും അവൾ ചിന്തിക്കുകപോലും ചെയ്തിരുന്നുമില്ല. വിഷ്ണുവിന്റെ രൂപാന്തരങ്ങളിൽ അവൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു. അൽപം ഗംഗാജലംകൊണ്ടു് അവിടെയും ഇവിടെയുമൊക്കെ ഒന്നു് കഴുകാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ സകല സ്ത്രീകളേക്കാളും ഭാഗ്യവതി ആയിരുന്നേനെ എന്നായിരുന്നു അവളുടെ അഭിപ്രായം.
ഭാഗ്യാനുഭൂതിയെപ്പറ്റിയുള്ള ആ സ്ത്രീയുടെ നിലപാടിൽ അത്ഭുതസ്തബ്ധനായി ഞാൻ തത്വചിന്തകനായിരുന്ന എന്റെ ബ്രാഹ്മണന്റെ അടുത്തേക്കു് തിരിച്ചുചെന്നു. ഞാൻ അവനോടു് ചോദിച്ചു: “നിങ്ങളുടെ പടിവാതിലിനുമുന്നിൽ വൃദ്ധയായ ഒരു ദരിദ്രസ്ത്രീ യാതൊരു പുനര്‍വിചിന്തനങ്ങളും നടത്താതെ, സ്വന്തം പ്രേരകശക്തിക്കു് അനുസരിച്ചു് ജീവിച്ചു് ഭാഗ്യവതിയായി കഴിയുമ്പോൾ, ഇതുപോലെ നിർഭാഗ്യവാനായിരിക്കാൻ നിങ്ങൾ ലജ്ജിക്കുന്നില്ലേ?” അതിനു് അവന്റെ മറുപടി: “നിങ്ങൾ പറയുന്നതു് ശരിയാണു്. എന്റെ അയൽക്കാരിയായ ആ സ്ത്രീയെപ്പോലെ, വിഡ്ഢിയായിരുന്നെങ്കിൽ ഞാനും അവളെപ്പോലെതന്നെ ഭാഗ്യവാനായിരുന്നേനെ എന്നു് ഒരു നൂറുപ്രാവശ്യമെങ്കിലും ഞാൻ എന്നോടുതന്നെ പറഞ്ഞിട്ടുണ്ടാവും. പക്ഷേ, അതുപോലൊരു ഭാഗ്യം എനിക്കു് വേണ്ട”.
ഇതുവരെ ഞാൻ അവനിൽനിന്നും കേട്ട എല്ലാ കാര്യങ്ങളെക്കാളും ആഴമേറിയ മതിപ്പു് അവന്റെ ഈ മറുപടി എന്നിൽ സൃഷ്ടിച്ചു. ഞാൻ ഒരു ആത്മപരിശോധന നടത്തി നോക്കിയപ്പോൾ, വിഡ്ഢിയായിരിക്കുക എന്ന നിബന്ധന പാലിച്ചുകൊണ്ടു് ഭാഗ്യവാനായിരിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല എന്നെനിക്കു് സ്വയം അംഗീകരിക്കേണ്ടിവന്നു.
ഈ ചോദ്യം ഞാൻ മറ്റു് തത്വചിന്തകരോടും ചോദിച്ചു. അവരും എന്റെ അഭിപ്രായക്കാരായിരുന്നു. എങ്കിൽത്തന്നെയും എനിക്കു് പറയേണ്ടിവരുന്നു: “ഈ രീതിയിലുള്ള ചിന്ത സ്പഷ്ടമായ ഒരു വൈരുദ്ധ്യം ഉൾക്കൊള്ളുന്നു. കാരണം, എന്താണു് അന്തിമമായി ഇവിടെ ലക്ഷ്യം? ഭാഗ്യമുള്ളവരായിരിക്കുക എന്നതുതന്നെ. എങ്കിൽപ്പിന്നെ ബുദ്ധിമാനായാലും വിഡ്ഢിയായാലും അതിലെന്തു് പ്രശ്നം”?
തുടർന്നു്: സ്വന്തം ജീവിതത്തെപ്പറ്റി സന്തോഷം അനുഭവിക്കുന്നവർക്കു് അവർ സംതൃപ്തരാണെന്നു് തീർച്ചയായും അറിയാം. അതേസമയം, ആധിപൂണ്ടിരിക്കുന്നവർക്കു് അവർ ശരിയായിട്ടാണോ ചിന്തിക്കുന്നതെന്നു് കൃത്യമായി അറിയില്ല. അതിന്റെ അടിസ്ഥാനത്തിൽ, മനുഷ്യന്റെ സാമാന്യബോധം അവന്റെ ഭാഗ്യാനുഭൂതിയെ ഏതെങ്കിലും വിധത്തിൽ അപകടപ്പെടുത്തുന്നുവെങ്കിൽ, സാമാന്യബോധത്തെ ഉപേക്ഷിക്കുന്നതാണു് മനുഷ്യർക്കു് നല്ലതെന്നു് വ്യക്തമാവുന്നു. ആ തത്വചിന്തകർ എല്ലാവരും അതു് സമ്മതിച്ചു. പക്ഷേ, അവരിൽ ഒറ്റയൊരുത്തനും വിഡ്ഢിത്തം ഏറ്റെടുത്തു് ഭാഗ്യവാനാവുക എന്ന മാറ്റക്കച്ചവടത്തിൽ താത്പര്യം പ്രകടിപ്പിച്ചില്ല. അതിൽ നിന്നും ഞാൻ എത്തിച്ചേർന്ന നിഗമനം ഇതാണു്: ഭാഗ്യാനുഭൂതിക്കു് നമ്മൾ എന്തെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ, അതിനേക്കാൾ കൂടിയ വില നമ്മൾ വിവേകബുദ്ധിക്കു് നൽകുന്നുണ്ടു്. പക്ഷേ, ഇതിനെപ്പറ്റി നമ്മൾ ശരിയായി ചിന്തിക്കുമ്പോൾ, ഭാഗ്യത്തേക്കാൾ വില വിവേകത്തിനു് നൽകുന്നതു് അർത്ഥശൂന്യമായ ഒരു കാര്യമാണെന്നു് വരുന്നു. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണു് വിശദീകരിക്കാനാവുക? മറ്റെല്ലാറ്റിനെയും പോലെതന്നെ! അതിനെസംബന്ധിച്ചു് ഒരുപാടു് സംസാരിക്കാം.