RSS

Daily Archives: Mar 9, 2010

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും – 1

യേശുവിന്റെ യഥാർത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താർക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട ഒരു വ്യാജകൃതി എന്നു് അമുസ്ലീമുകളും വിശ്വസിക്കുന്ന ബർണബാസിന്റെ സുവിശേഷത്തിന്റെ ഒരു പരിശോധനയാണിതു്. ബ്ലോഗിലോ പുറത്തോ ഉള്ള ‘ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ’ ‘ഉത്തമബോദ്ധ്യ’ വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം.

യേശുജീവിതത്തിന്റെ ദൃക്‌സാക്ഷിയായ ഒരു ബർണബാസിനാൽ എഴുതപ്പെട്ടതാണെന്ന ആ സുവിശേഷത്തിലെതന്നെ അവകാശവാദവാദമാണു് യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിതക്കും, ക്രിസ്തീയതയെപ്പറ്റിയുള്ള യഥാർത്ഥ സത്യം ആ സുവിശേഷത്തിൽ മാത്രമാണെന്നുമുള്ള മുസ്ലീം പണ്ഡിതരുടെ വാദഗതികളുടെ അടിത്തറ. ആ പുസ്തകം മാത്രമാണു് സത്യമെന്നു് ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നു എന്ന അവരുടെ ആർഗ്യുമെന്റ്‌ തികഞ്ഞ ഹേത്വാഭാസം (logical fallacy) ആവാതിരിക്കണമെങ്കിൽ ആദ്യം, ഏറ്റവും ചുരുങ്ങിയതു്, ആ പുസ്തകം അവകാശപ്പെടുന്ന ഒറിജിനാലിറ്റി അതിനുണ്ടോ എന്നു് അറിയണം. അല്ലെങ്കിൽ അതു് മാർപ്പാപ്പയുടെ അപ്രമാദിത്വം സ്ഥാപിക്കൽ പോലെയാവും. “മാർപ്പാപ്പ തെറ്റു് പറ്റാത്തവനായതുകൊണ്ടു് പാപ്പ വിശ്വസിക്കുന്നതെല്ലാം ശരിയാണു്. താൻ തെറ്റു് പറ്റാത്തവനാണെന്നും പാപ്പ വിശ്വസിക്കുന്നു. അതിനാൽ മാർപ്പാപ്പ യഥാർത്ഥത്തിൽ തെറ്റു് പറ്റാത്തവനാണു്.”

ബർണബാസ്‌ സുവിശേഷത്തിന്റെ അൽപം ചരിത്രം:

ദീര്‍ഘകാലം ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ഇറ്റാലിയൻ പ്രതിയെപ്പറ്റി മാത്രമേ വിവരമുണ്ടായിരുന്നുള്ളു. അതു് ഇന്നു് വിയന്നയിലെ (ഓസ്ട്രിയ) നാഷണൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നു. അതുകൂടാതെ, പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്നതായി സൂചനകളുള്ള രണ്ടു് സ്പാനിഷ്‌ കയ്യെഴുത്തുപ്രതികളിൽ ഒന്നു് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാമത്തേതു് അപൂർണ്ണമായ രൂപത്തിൽ 1976-ൽ സിഡ്നിയിൽ പ്രത്യക്ഷപ്പെടുകയും ഇന്നും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞ മൂന്നു് പ്രതികളൊഴികെ, ഗ്രീക്കിലോ ലാറ്റിനിലോ എബ്രായഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു കോപ്പിയോ, പതിനാറാം നൂറ്റാണ്ടിനു് മുൻപു് ഒരു ബർണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പ്രശ്നത്തിന്റെ ആരംഭം:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ സുവിശേഷത്തിൽ നിന്നും ചില കഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതുവഴി ഇസ്ലാം ലോകത്തിലെ ക്രിസ്ത്യാനികൾക്കു് ഒട്ടേറെ കിംവദന്തികൾ നേരിടേണ്ടിവന്നു. തത്ഫലമായി ഈ ഇറ്റാലിയൻ പ്രതിയുടെ ഒരു സമ്പൂർണ്ണ തർജ്ജമ പുറത്തിറക്കാൻ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിൽപ്പെട്ട രണ്ടുപേർ തീരുമാനിക്കുന്നു (Lonsdale and Laura Ragg). അങ്ങനെയാണു് ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ദ്വിഭാഷാപ്പതിപ്പു് (ഇറ്റാലിയൻ-ഇംഗ്ലിഷ്‌) 1907-ൽ പുറത്തുവരുന്നതു്. അതായതു്, ആ സുവിശേഷത്തിന്റെ ഒരു പൂർണ്ണരൂപം ലോകത്തിനു് ആദ്യമായി ലഭ്യമാക്കിയതുതന്നെ ക്രിസ്ത്യാനികളാണു്, മുസ്ലീമുകളല്ല. ഒരുവർഷത്തിനുശേഷം, 1908-ൽ അതിന്റെ ഒരു അറബി പരിഭാഷ രൂപമെടുത്തു. അതുമുതലാണു് ഇസ്ലാംതാർക്കികർ ബർണബാസ്‌ സുവിശേഷത്തെ ക്രിസ്തുമതത്തിനെതിരായ ഒരു ആയുധമായി ഉപയോഗപ്പെടുത്തുന്നതുതന്നെ.

ഇസ്ലാം തള്ളിക്കളയുന്ന പല ക്രിസ്തീയ വിശ്വാസങ്ങളും ബർണബാസ്‌ സുവിശേഷവും തള്ളിക്കളയുന്നുണ്ടെന്നതു് ഈ പുസ്തകത്തിനോടുള്ള മുസ്ലീം താർക്കികരുടെ താത്പര്യം വർദ്ധിപ്പിച്ചു. ക്രിസ്തീയരുടെ മൗലികവിശ്വാസങ്ങളായ യേശുവിന്റെ ദൈവപുത്രത്വവും, മനുഷ്യരുടെ പാപമോചനത്തിനായുള്ള കുരിശുമരണവും, ഉയിർത്തെഴുന്നേൽപ്പും ബർണബാസ്‌ സുവിശേഷം നിഷേധിക്കുന്നതിനാൽ, പൗലോസിന്റെ ക്രിസ്തുമതം വ്യാജക്രിസ്തുമതമാണെന്നും, യഥാർത്ഥ ക്രിസ്തുമതം ഇസ്ലാമുമായി, അഥവാ, ഖുർആനുമായി പൊരുത്തപ്പെടുന്നതാണെന്നുമുള്ള പൊതുവായ മുസ്ലീം നിലപാടിനു് ‘ക്രിസ്തീയതയിൽ’ നിന്നുതന്നെയുള്ള ശക്തമായ ഒരു തെളിവായി അവർ ഈ സുവിശേഷത്തെ ഉയർത്തിപ്പിടിക്കാൻ തുടങ്ങി.

യഹൂദ-, ക്രൈസ്തവ-, മുസ്ലീംവിശ്വാസങ്ങളുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ബർണബാസ്‌ സുവിശേഷം യേശുക്രിസ്തുവിന്റെ ജന്മം സംബന്ധിച്ചുണ്ടായ വെളിപാടു് മുതൽ അന്ത്യം വരെയുള്ള കഥകൾ വർണ്ണിക്കുന്നതുകൂടാതെ, അവന്റെ ശിഷ്യന്മാരെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും ഉപമകളിലൂടെയുള്ള അവന്റെ പഠിപ്പിക്കലുകളെപ്പറ്റിയും അവസാനത്തെ അത്താഴത്തെപ്പറ്റിയും ഒറ്റിക്കൊടുക്കലിനെപ്പറ്റിയും വിചാരണയെപ്പറ്റിയുമൊക്കെ വിവരിക്കുന്നുണ്ടു്. പക്ഷേ, ആ സുവിശേഷപ്രകാരം കുരിശുമരണം വരിക്കുന്നതു് യേശുവല്ല, യൂദാസ്‌ ആണു് എന്നിടത്തു് അതിനൊരു ഇസ്ലാമികനിറം ലഭിക്കുന്നു. അതേസമയം, യേശു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നു് ഖുർആനിൽ വായിക്കാനാവുന്നതു് ഒരേയൊരിടത്തു് മാത്രമാണു്.

ആ ഭാഗം ഇതാണു്: “അല്ലാഹുവിന്റെ ദൂതനായ, മർയമിന്റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാർത്ഥ്യം) അവർക്കു് തിരിച്ചറിയാതാവുകയാണുണ്ടായതു്. തീർച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു് ഉയർത്തുകയത്രേ ചെയ്തതു്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ഖുർആൻ 4, 157-158). അതായതു്, ക്രൂശിക്കപ്പെടാൻ അനുവദിക്കാതെ യേശുവിനെ അല്ലാഹു സ്വർഗ്ഗത്തിലേക്കു് ഉയർത്തി എന്നല്ലാതെ, ആരാണു് യഥാർത്ഥത്തിൽ ക്രൂശിക്കപ്പെട്ടതെന്നതിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കാത്ത ഖുർആനിലെ ഈ പ്രസ്താവന, ക്രൂശിക്കപ്പെട്ടതു് യൂദാസ്‌ ആയിരുന്നു എന്ന ബർണബാസ്‌ സുവിശേഷത്തിലെ വിശദീകരണം വഴി മൂർത്തീകരിക്കപ്പെടുന്നു. പക്ഷേ അതുവഴി, ബർണബാസ്‌ സുവിശേഷം ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാണെന്നും, വിശ്വാസപരമായ പൊരുത്തക്കേടുകളാൽ പൗലോസിന്റെ ക്രിസ്തുസഭ അതിനെ മനഃപൂർവ്വം നശിപ്പിക്കുകയായിരുന്നു എന്നുമുള്ള മുസ്ലീം പണ്ഡിതരുടെ ഇന്നത്തെ ആരോപണത്തിൽ സാമാന്യബുദ്ധിക്കു് നിരക്കാത്ത ഒരു വൈരുദ്ധ്യം ഉടലെടുക്കുന്നു. യൂദാസാണു് യേശുവിനു് പകരം കുരിശിൽ മരിച്ചതു് എന്നു് ആരംഭകാലക്രിസ്തുമതത്തിൽ തന്നെ ബർണബാസ്‌ രേഖപ്പെടുത്തിയിരുന്നിട്ടും അതിനും ഏഴു് നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഖുർആനിൽ “ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല” എന്നു് എഴുതേണ്ടിവരുന്നതിൽനിന്നും ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി മുഹമ്മദിനും അറിവുണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്? അതുപോലെതന്നെ അർത്ഥശൂന്യമാണു്, ജനസമക്ഷത്തിൽ നിന്നും ഈ സുവിശേഷം മറച്ചുപിടിക്കണം എന്നൊരു ഗൂഢോദ്ദേശ്യം ക്രിസ്ത്യാനികൽക്കുണ്ടെന്നുള്ള ആരോപണവും. 1907-ൽ ഈ സുവിശേഷം ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തതും, അതുവഴി ഇന്നു് പലഭാഷകളിൽ അതിന്റെ പരിഭാഷ ഉണ്ടാവാൻ വഴിതെളിച്ചതും ക്രിസ്ത്യാനികളാണെന്ന യാഥാർത്ഥ്യം ഈ ആരോപണത്തെ അടിസ്ഥാനരഹിതമാക്കുന്നു.

ബർണബാസ്‌ സുവിശേഷം വ്യാജമാണെന്ന നിഗമനത്തിന്റെ ചില തെളിവുകൾ

മുൻവിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും ബർണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരൻ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്. പക്ഷേ, മുസ്ലീം താർക്കികർ ഇതു് ക്രിസ്തുമതത്തിന്റെ ആരംഭകാലത്തു് ജന്മമെടുത്തതാണെന്ന ധാരണ പുലർത്തുന്നതിനാൽ, ആ കാലഘട്ടത്തിലെ രേഖകളിലെല്ലാം അവർ ഈ സുവിശേഷത്തിന്റെ മൂലകർത്താവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. അവയിൽ ഒന്നാണു് ബർണബാസിന്റെ ലേഖനം. പക്ഷേ, അതു് 21 ചെറിയ അദ്ധ്യായങ്ങളുടെ ഒരു സമാഹാരമാണു്. ബർണബാസ്‌ സുവിശേഷമാകട്ടെ 222 നീണ്ട അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതും! മുസ്ലീം താർക്കികർ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്നു് ബർണബാസിന്റെ പ്രവൃത്തികളാണു് (Acts of Barnabas). അതു് പക്ഷേ, അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു വ്യാജസൃഷ്ടിയാണു്. 4/5 നൂറ്റാണ്ടു് കാലഘട്ടത്തിൽ നിന്നുള്ള Gelasian Decree എന്നറിയപ്പെടുന്ന “കിട്ടിയതും കിട്ടാത്തതുമായ” പുസ്തകങ്ങളുടെ ലിസ്റ്റിലും 7/8 നൂറ്റാണ്ടുകളിൽ നിന്നുള്ള “60 പുസ്തകങ്ങളുടെ” ലിസ്റ്റിലും (The List of Sixty Books) ഒരു ബര്‍ണബാസ് സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും “ഒന്നും നിലവിലില്ല” (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ രണ്ടു് ലിസ്റ്റുകളിലെ സൂചനക്കു് ശേഷം ബര്‍ണബാസ് സുവിശേഷത്തെപ്പറ്റി പിന്നീടു് എന്തെങ്കിലും കേൾക്കുന്നതു് ഇവിടത്തെ വിഷയമായ മദ്ധ്യകാലത്തെ ഇറ്റാലിയൻ/സ്പാനിഷ്‌ സുവിശേഷങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ മാത്രമാണു്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വൈരുദ്ധ്യങ്ങൾ

യേശുവിനോടൊപ്പം ജീവിച്ച ഒരു ബർണബാസ്‌ ആണു് ഈ സുവിശേഷരചയിതാവു് എങ്കിൽ പലസ്റ്റൈൻ പ്രദേശത്തെപ്പറ്റി അവനു് അറിയാതിരിക്കാൻ കഴിയില്ല. പക്ഷേ ഈ സുവിശേഷത്തിലെ സൂചനകൾ യഥാർത്ഥ പലസ്റ്റൈനുമായി ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ പൊരുത്തപ്പെടുന്നവയല്ല. ചില ഉദാഹരണങ്ങൾ: ബർണബാസ്‌ സുവിശേഷത്തിൽ പറയുന്നപോലെ, നസറേത്ത്‌ കിടക്കുന്നതു് ഗലീലിയ കടലിന്റെ (Sea of Genneseret) തീരത്തല്ല, ഒരു കുന്നിൻ മുകളിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നപ്രകാരം യേശു ഒരു കപ്പലിൽ കയറി യേറുശലേമിലേക്കു് പോയി എന്നതു് സാദ്ധ്യമായ കാര്യമല്ല, കാരണം, യേറുശലേം കിടക്കുന്നതു് ഒരു ഉൾപ്രദേശത്താണു്. ഈ സുവിശേഷത്തിൽ പറയുന്നപോലെ, നൈനവെ കിടക്കുന്നതു് മെഡിറ്ററേനിയൻ തീരത്തല്ല, ഉൾപ്രദേശത്തുള്ള ടൈഗ്രിസിനോടു് ചേർന്നാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറയുന്ന യേശുവിന്റെ ജനനകാലം പീലാത്തോസിന്റെയും അനന്യാസിന്റെയും കയ്യഫായുടെയും ചരിത്രപരമായ ഭരണകാലവുമായി ഒത്തുപോകുന്നതല്ല. പലസ്റ്റൈനിൽ ആരംഭകാലക്രിസ്തുമതത്തിന്റെ കാലത്തു് 600000 റോമൻ പടയാളികൾ ഉണ്ടായിരുന്നതായി ഈ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, അക്കാലത്തു്, റോമാസാമ്രാജ്യത്തിൽ ആകെമൊത്തം ഏകദേശം അത്രയും പടയാളികളേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ പലസ്റ്റൈനിൽ മാത്രം ഒരുവിധത്തിലും അത്രയും റോമൻ പടയാളികൾ ഉണ്ടായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. അതുപോലെ, പഴയനിയമകാലത്തു് ഉണ്ടായിരുന്ന 17000 പരീശന്മാരെപ്പറ്റി ബർണബാസ്‌ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, പരീശരുടെ പാർട്ടി രൂപമെടുക്കുന്നതുതന്നെ ക്രി. മു. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു്. ബർണബാസ്‌ സുവിശേഷം വർണ്ണിക്കുന്ന വേനൽക്കാലം യൂറോപ്യൻ വേനൽക്കാലമാണു്. പലസ്റ്റൈനിൽ, യൂറോപ്യൻ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി, മഞ്ഞുകാലത്തു് മഴയും വേനൽക്കാലത്തു് വരണ്ട കാലാവസ്ഥയുമാണു്.

മദ്ധ്യകാലത്തെ രൂപമെടുക്കലിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ

മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി ഇസ്ലാമിനെപ്പറ്റി പരാമർശമൊന്നുമില്ലെങ്കിലും ബർണബാസ്‌ സുവിശേഷം ഉൾക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.

ബർണബാസ്‌ സുവിശേഷം ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്ത Lonsdale Ragg മദ്ധ്യകാല ഇറ്റാലിയൻ സാഹിത്യസംബന്ധമായ കാര്യങ്ങളിൽ ഒരു പണ്ഡിതനാണു്. ബർണബാസ്‌ സുവിശേഷവും ഡാന്റെയുടെ (Dante Alighieri: 1265-1321) The Divine Comedy അടക്കമുള്ള ഗ്രന്ഥങ്ങളും തമ്മിൽ ശ്രദ്ധേയമായ സമാനതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഡിവൈൻ കോമെഡിയിൽ ഡാന്റെ വർണ്ണിക്കുന്ന സ്വർഗ്ഗവും നരകവും പറുദീസയും ബർണ്ണബാസ്‌ സുവിശേഷത്തിലെ സ്വർഗ്ഗ-നരക വർണ്ണനകളുമായി ഒത്തുചേർന്നു് പോകുന്നവയാണു്. ഉദാഹരണത്തിനു്, ബർണബാസ്‌ സുവിശേഷത്തിലെ ഒൻപതു് (പറുദീസ അടക്കം പത്തു്) സ്വർഗ്ഗങ്ങളും, ഏഴു് ‘കേന്ദ്രങ്ങൾ’ ആയി തരംതിരിച്ചിരിക്കുന്ന നരകവുമെല്ലാം ഡാന്റെയുടെ ഡിവൈൻ കൊമെഡിയിലെ വർണ്ണനകളുമായി കൃത്യമായി യോജിച്ചുപോകുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ, ഡാന്റെയുടെ ഡിവൈൻ കോമെഡിയും ബർണബാസ്‌ സുവിശേഷവും തമ്മിൽ – നേരിട്ടുള്ള പരസ്പരബന്ധം ഇല്ലെങ്കിൽ തന്നെയും, അവയുടെ പശ്ചാത്തലവുമായി – നിഷേധിക്കാനാവാത്ത ബന്ധം പുലർത്തുന്നർത്തായി അദ്ദേഹം വിലയിരുത്തുന്നു. ഇത്തരം പരിഗണനകളുടെ എല്ലാം വെളിച്ചത്തിൽ, ബർണബാസ്‌ സുവിശേഷം A.D. 1300-നും 1350-നും ഇടയിൽ എഴുതപ്പെട്ടതാവാമെന്ന നിഗമനത്തിൽ Lonsdale Ragg എത്തുമ്പോൾ, പിന്നീടു് വന്ന ഗവേഷകർ അതിന്റെ രൂപമെടുക്കലിനു് പതിനാറാം നൂറ്റാണ്ടുവരെയുള്ള ഒരു കാലഘട്ടം ഒരു സാദ്ധ്യതയായി പരിഗണിക്കുന്നു.

ബർണബാസ്‌ സുവിശേഷപ്രകാരം ‘യോബേൽ സംവത്സരം’ ആഘോഷിക്കപ്പെടുന്നതു് ഓരോ നൂറു് വർഷങ്ങൾ കൂടുമ്പോഴുമാണു്. പക്ഷേ, ‘യോബേൽ സംവത്സരം’ എന്ന, മോശെയുടെ പഴയനിയമപ്രകാരം ഓരോ അൻപതു് വർഷങ്ങൾ കൂടുമ്പോഴും ആചരിക്കേണ്ട ഈ ഉത്സവം (ലേവ്യപുസ്തകം 25: 8-മുതലുള്ള വാക്യങ്ങൾ കാണുക) A.D.1300-ൽ അന്നത്തെ മാർപ്പാപ്പ ആയിരുന്ന St. Boniface VIII 100 വർഷത്തിൽ ഒരിക്കൽ എന്നു് തിരുത്തിയെങ്കിലും, 1343-ൽ തന്നെ, അന്നത്തെ മാർപ്പാപ്പയായിരുന്ന Clement VI വീണ്ടും അതു് പഴയപടി അൻപതുവർഷം ആക്കുകയും അടുത്ത ഉത്സവം 1350-ൽ ആയിരിക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, യോബേൽ സംവത്സരാഘോഷം 100 വർഷത്തിൽ ഒരിക്കൽ എന്നതു് A.D. 1300 മുതൽ A.D. 1343 വരെയുള്ള കാലഘട്ടത്തിൽ മാത്രമേ സഭയിൽ നിലനിന്നിരുന്നുള്ളു. (പിന്നീടു്, 1389-ൽ യോബേൽ സംവത്സരം 33 വർഷത്തിൽ ഒരിക്കൽ എന്നും, 1470-ൽ അതു് 25 വർഷത്തിൽ ഒരിക്കൽ എന്നും വീണ്ടും തിരുത്തപ്പെട്ടു. ആ ചട്ടം സഭ ഇന്നുവരെ പിന്തുടരുകയും ചെയ്യുന്നു.) അതായതു്. 100 വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന യോബേൽ സംവത്സരത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ബർണബാസ്‌ സുവിശേഷം ഒരിക്കലും A.D.1300-നു് മുൻപു് എഴുതപ്പെട്ടതാവാൻ കഴിയില്ല. പോരെങ്കിൽ, ആ സുവിശേഷം പ്രതിനിധീകരിക്കുന്ന പെരുമാറ്റച്ചിട്ടകളായ, ചിരിക്കുന്നതു് പാപം, കരയുന്നതു് ആത്മീയതയുടെ അടയാളം മുതലായ, മദ്ധ്യകാലത്തു് പ്രബലമായിരുന്ന, സന്യാസജീവിതത്തിന്റെ പെരുമാറ്റരീതികളും അതിന്റെ രൂപമെടുക്കൽ ആ കാലഘട്ടത്തിലായിരിക്കുമെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

(തുടരും)

 
1 Comment

Posted by on Mar 9, 2010 in മതം

 

Tags: , ,