= “മോശെ ഒരു യഹൂദനായിരുന്നില്ല!?” എന്ന ലേഖനത്തിന്റെ തുടര്‍ച്ച =
പഴയനിയമത്തിലെ പിതാക്കന്മാരുടെ കാലത്തെ യഹൂദര്‍ ഇടയവര്‍ഗ്ഗമായിരുന്നു. മിസ്രയീമ്യര്‍ ഇടയന്മാരെ വെറുത്തിരുന്നു (ഉല്‍പത്തി 46: 34). കൂടാതെ മിസ്രയീമ്യര്‍ (ഈജിപ്തുകാര്‍) ബഹുദൈവവിശ്വസികളായിരുന്നു. അതേസമയം, മോശെ യഹൂദര്‍ക്കു് നല്‍കുന്നതു് സര്‍വ്വശക്തനായ, ജനങ്ങള്‍ക്കു് അടുക്കാനാവാത്ത, അവന്റെ മുഖം കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ മനുഷ്യര്‍ക്കു് കഴിയാത്ത, അവന്റെ യാതൊരു പ്രതിരൂപം നിര്‍മ്മിക്കാനോ, അവന്റെ നാമം ഉച്ചരിക്കാന്‍ പോലുമോ മനുഷ്യനു് അവകാശമില്ലാത്ത, യാതൊരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്ത ഇടിച്ചാല്‍ പൊട്ടാത്ത ഒരു ഏകദൈവത്തെയാണു്. ഈ രണ്ടു് മതങ്ങളും തമ്മിലുള്ള മറ്റൊരു വലിയ പൊരുത്തക്കേടാണു് മരണാനന്തരജീവിതത്തെ പറ്റിയുള്ള അവയുടെ നിലപാടു്. മരണത്തെ തോല്‍പ്പിക്കുവാന്‍, അഥവാ മരണാനന്തരവും ഭൂമിയിലെ പോലെ തന്നെ തുടര്‍ന്നും ജീവിക്കുവാന്‍, മിസ്രയീമ്യരുടെ അത്ര തയ്യാറെടുപ്പുകള്‍ നടത്തി കഷ്ടപ്പെട്ടിട്ടുള്ള മറ്റൊരു ജനവിഭാഗവും ലോകത്തിലുണ്ടായിട്ടില്ല. പത്തു് കൊമ്പനാനകള്‍ ഒരുമിച്ചു് പിടിച്ചാല്‍ അനങ്ങാത്ത, ടണ്‍ കണക്കിനു് ഭാരമുള്ള പാറക്കല്ലുകള്‍ എത്രയാണവര്‍ കെട്ടിവലിച്ചു് പിരമിഡിന്റെ മുകളിലെത്തിച്ചതു്? അതും യാതൊരുവിധ ആധുനിക യന്ത്രസാമഗ്രികളുടെയും സഹായമില്ലാതെ! ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് അവര്‍ എണ്ണയും കുഴമ്പും മരുന്നും പുരട്ടി ഉണക്കി ഭദ്രമായി പൊതിഞ്ഞുകെട്ടി പിരമിഡുകളില്‍ സൂക്ഷിച്ചുവച്ച മമ്മികളില്‍ ചിലതു് കല്ലറമോഷ്ടാക്കളുടെ കണ്ണുവെട്ടിച്ചു് ഇന്നും സ്വര്‍ഗ്ഗലോകജീവിതം സ്വപ്നം കണ്ടുകൊണ്ടു് കാത്തുകിടക്കുന്നുണ്ടു്. അതേസമയം, പുരാതന യഹൂദമതം അമര്‍ത്യതയെ ത്യജിക്കുകയായിരുന്നു. മരണാനന്തരജീവിതം അവര്‍ക്കു് വലിയ പ്രശ്നമായിരുന്നില്ല. ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ഈജിപ്ഷ്യന്‍ നാമം വഹിച്ചിരുന്ന, ഈജിപ്ഷ്യന്‍ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്ന മോശെ യഹൂദരുടെ നേതൃത്വം ഏറ്റെടുത്തു എന്നതു് എങ്ങനെ വിശ്വസിക്കാനാവും? മോശെ ഒരു ഈജിപ്ഷ്യന്‍ ആയിരുന്നുവെങ്കില്‍, അവന്‍ യഹൂദര്‍ക്കു് നല്‍കുന്ന മതവും ഈജിപ്തുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടു് കിടക്കുന്നതല്ലേ യുക്തിസഹം? ബഹുദൈവവിശ്വാസിയായ ഒരു ഈജിപ്ഷ്യനു് ഒരു സുപ്രഭാതത്തില്‍ ഏകദൈവവിശ്വാസം കണ്ടുപിടിച്ചു് യഹൂദര്‍ക്കു് നല്‍കാനാവുമോ? അതോ ഏകദൈവവിശ്വാസം എന്ന ആശയം മോശെയുടെ കാലത്തു് ഈജിപ്തില്‍ മുളപൊട്ടിയിരുന്നുവോ? എങ്കില്‍ മോശെ നല്‍കിയ ഏകദൈവമതം ഈജിപ്തില്‍ രൂപമെടുത്തതും ഒരുപക്‍ഷേ അവന്‍ സ്വയം വിശ്വസിച്ചിരുന്നതുമായ ഒരു മതമായിരുന്നു എന്നു് നിരൂപിക്കുന്നതില്‍ തെറ്റുണ്ടാവില്ല.
ഇവിടെ ചരിത്രം സഹായത്തിനെത്തുന്നു. ലോകത്തിലാദ്യമായി ഏകദൈവവിശ്വാസം എന്ന ആശയം രൂപമെടുത്തതു് എണ്ണമറ്റ ദൈവങ്ങള്‍ നിലനിന്നിരുന്ന ഈജിപ്തില്‍ തന്നെ ആയിരുന്നു. B. C. 1353-ല്‍ ഒരു യുവ ഫറവോ അധികാരത്തില്‍ എത്തുന്നു. ആദ്യം തന്റെ പിതാവിനെ പോലെ തന്നെ Amenhotep – IV എന്ന പേരില്‍ അറിയപ്പെട്ട ഈ ഫറവോ അതുവരെ നിലനിന്നിരുന്ന ആചാരങ്ങളേയും, കീഴ്‌വഴക്കങ്ങളേയും ഉപേക്ഷിച്ചുകൊണ്ടു് ഒരു പുതിയ മതം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. ഈ മതത്തിന്റെ അടിസ്ഥാനമായിരുന്ന “ഒരേയൊരു ദൈവം” എന്ന കടുത്ത നിലപാടുവഴി മതപരമായ അസഹിഷ്ണുതയും ചരിത്രത്തില്‍ ആദ്യമായി ലോകത്തില്‍ രംഗപ്രവേശം ചെയ്തു. പതിനേഴു് വര്‍ഷത്തെ ഭരണശേഷം B. C. 1336-ല്‍ ഈ ഫറവോ മരിച്ചതോടെ ആ മതവും നശിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ മതത്തിന്റെ ദൈവമായിരുന്ന “Aton” ഒരു പുതിയ ദൈവമായിരുന്നില്ല. നിലവിലുണ്ടായിരുന്ന എത്രയോ ദൈവങ്ങളില്‍ ഒരു ദൈവമായിരുന്ന “സൂര്യദൈവത്തെ” ഏകദൈവമാക്കി മറ്റു് “ദൈവങ്ങളെ” നശിപ്പിക്കാന്‍ ശ്രമിച്ച ഈ ഫറവോ, സ്വന്തം പേരുപോലും Ikhnaton എന്നാക്കി മാറ്റി. “സത്യദൈവത്തിനു് രൂപമില്ലാത്തതിനാല്‍” ഈ ദൈവത്തിന്റേയും പ്രതിരൂപങ്ങള്‍ ഉണ്ടാക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഫ്രോയ്ഡ് പറയുന്നു. “മോശെ ഒരു ഈജിപ്ഷ്യന്‍ ആയിരുന്നുവെങ്കില്‍, അവന്‍ തന്റെ സ്വന്തം മതമാണു് യഹൂദര്‍ക്കു് നല്‍കിയതെങ്കില്‍, അതു് ഇക്നറ്റണ്‍ സൃഷ്ടിച്ച ആറ്റെന്‍ മതമായിരുന്നു.” Aton എന്ന വാക്കും എബ്രായ പദമായ Adonai-യും തമ്മിലുള്ള സ്വരസാമ്യവും ശ്രദ്ധാര്‍ഹമാണെന്നു് ഫ്രോയ്ഡ്.
ഒരുപക്ഷേ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ന്നവനായ മോശെയും ഒരു ആറ്റെന്‍ മതവിശ്വാസി ആയിരുന്നിരിക്കാം. മതസ്ഥാപകനായ ഫറവോയുടെ മരണത്തോടെ ഒന്നുകില്‍ പഴയ ആമൊന്‍ മതത്തിലേക്കു് മടങ്ങുകയോ, അല്ലെങ്കില്‍ മാതൃഭൂമിയായ ഈജിപ്ത് ഉപേക്ഷിക്കുകയോ ചെയ്യുകയേ മോശെക്കു് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. അങ്ങനെയൊരു സാഹചര്യത്തില്‍, താന്‍ അങ്ങേയറ്റം വിലമതിച്ചിരുന്ന ഒരു ഏകദൈവമതത്തില്‍ വിശ്വസിക്കുന്നവരും, “തെരഞ്ഞെടുക്കപ്പെട്ടവരുമായ” ഒരു വിശുദ്ധസമൂഹമായി യഹൂദരെ മാറ്റിയെടുക്കാന്‍ മോശെ തീരുമാനിച്ചെങ്കില്‍ അതില്‍ യുക്തിഹീനമായി ഒന്നുമില്ല. ഇക്നറ്റണ്‍ന്റെ അന്ത്യത്തോടെ ഈജിപ്ഷ്യന്‍ സാമ്രാജ്യം നാഥനില്ലാതായി സാവകാശം ഉലഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്റെ ലക്‍ഷ്യം സാദ്ധ്യമാക്കാന്‍ മോശെ യഹൂദരുമായി ഈജിപ്ത് വിടുകയായിരുന്നിരിക്കാം. ബൈബിളിലെ വര്‍ണ്ണനക്കു് വിരുദ്ധമായി, അവരുടെ “പുറപ്പാടു്” തികച്ചും സമാധാനപരമായും, പടയാളികളുടെ പിന്തുടരലില്ലാതെയും സംഭവിച്ചിരിക്കാനാണു് സാദ്ധ്യത എന്നു് ഫ്രോയ്ഡ്. മോശെയുടെ ആജ്ഞാശക്തിയെ ചോദ്യം ചെയ്യാനും, അവനെ തന്റെ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും മതിയായ ഒരു കേന്ദ്രശക്തി ആ സമയത്തു് ഈജിപ്തില്‍ ഉണ്ടായിരുന്നില്ല. ഈ നിര്‍മ്മിതി ശരിയെങ്കില്‍ യിസ്രായേല്യരുടെ മിസ്രയിമില്‍ നിന്നുള്ള “പുറപ്പാടു്” B. C. 1336- നും 1319-നും ഇടയില്‍ സംഭവിച്ചിരിക്കണം. ഇക്നറ്റണ്‍ന്റെ മരണത്തിനുശേഷം Horemheb (1319 – 1292 B.C.) എന്ന ഫറവോ അധികാരമേറ്റു് നിയമവാഴ്ച്ചയും, പഴയ ആമൊന്‍ മതവും വീണ്ടും നടപ്പിലാക്കിയതിനിടയിലുള്ള കാലഘട്ടം.
അവരുടെ ലക്‍ഷ്യം കനാന്‍ ദേശമായിരുന്നു എന്നതു് തികച്ചും സ്വാഭാവികം. ഈജിപ്തില്‍നിന്നും മടങ്ങുന്ന യിസ്രായേല്യരുടെ അടുത്ത ചാര്‍ച്ചക്കാര്‍ കനാനില്‍ അപ്പോഴും പാര്‍ക്കുന്നുണ്ടായിരുന്നു. ഈജിപ്തിന്റെ ശക്തിക്ഷയത്തോടെ അരാമ്യരായ പോരാളികള്‍ കനാനിലെത്തി കൊള്ളയിട്ടു് ഭൂമി കൈവശമാക്കി “മാതൃക” കാണിക്കാന്‍ തുടങ്ങിയിരുന്നു. അതുവഴി, കഴിവുണ്ടെങ്കില്‍ ആര്‍ക്കും കനാനില്‍ ഭൂമി സ്വന്തമാക്കാം എന്നു് യഹൂദരും ന്യായമായും മനസ്സിലാക്കി. എണ്ണപ്പാടരാജ്യങ്ങളില്‍ ജോലി കണ്ടെത്താന്‍ എളുപ്പമാണെന്നു് അറിയാന്‍ എണ്ണപ്പാടരാജ്യങ്ങളെപ്പറ്റി അറിഞ്ഞാല്‍ മതി. ഒരു ദൈവികവെളിപാടു് അതിനു് ആവശ്യമില്ല. 1887-ല്‍ അമര്‍ണയില്‍ കണ്ടെടുത്ത ലിഖിതങ്ങളില്‍ ഈ അരാമ്യപോരാളികളെ Habiru എന്നു് രേഖപ്പെടുത്തിയിരിക്കുന്നു. യഹൂദരുടെ എബ്രായര്‍ എന്ന പേരുതന്നെ ഈ വാക്കില്‍ നിന്നോ, അബ്രാഹാം എന്ന പേരില്‍ നിന്നോ, (യോര്‍ദാന്റെ) “മറുവശം” എന്നര്‍ത്ഥമുള്ള eber എന്ന പദത്തില്‍ നിന്നോ ഉരുത്തിരിഞ്ഞതെന്ന കാര്യത്തില്‍ ചരിത്രകാരന്മാരുടെ ഇടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.
തന്റെ മതം മാത്രമല്ല, അഗ്രചര്‍മ്മം ഛേദിക്കുക എന്ന, പണ്ടേ തന്നെ ഈജിപ്തില്‍ നിലവിലിരുന്ന ചിട്ട യഹൂദരില്‍ നടപ്പാക്കിയതും മോശെ തന്നെ ആവാനാണു് എല്ലാ സാദ്ധ്യതയുമെന്നു് ഫ്രോയ്ഡ്. ഈ ചിട്ട വിശ്വാസികളുടെ പിതാവായ അബ്രാഹാമുമായി യഹോവ ചെയ്ത ഉടമ്പടി ആണെന്നു് ബൈബിള്‍ രേഖപ്പെടുത്തുന്നുണ്ടു്. ദൈവം അബ്രാഹാമിനോടു് പറയുന്നു: “എനിക്കും നിങ്ങള്‍ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു്: നിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്‍ക്കേണം. നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം. അതു് എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന ഏല്‍ക്കേണം. വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു് വിലക്കു് വാങ്ങിയവനായാലും ശരി, നിന്റെ വീട്ടില്‍ ജനിച്ച ദാസനും നീ വില കൊടുത്തു് വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം. അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന എല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു് ഛേദിച്ചു് കളയേണം. അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.” – (ഉല്‍പത്തി 17; 10 – 14)
പക്ഷേ, ഈജിപ്ഷ്യനായിരുന്നാലും, യഹൂദനായിരുന്നാലും, സ്വന്തം മകന്റെ കാര്യത്തില്‍ എന്തുകൊണ്ടോ യഹോവയുടെ പരിച്ഛേദനനിയമം മോശെ പാലിക്കുന്നില്ല. “ഒരു മിസ്രയിമ്യനെ അടിച്ചുകൊന്നു് മണലില്‍ മറവുചെയ്തതിന്റെ പേരില്‍” ഫറവോയാല്‍ കൊല്ലപ്പെടാതിരിക്കാന്‍ മിദ്യാന്‍ ദേശത്തുചെന്നു് ഒളിച്ചു് പാര്‍ക്കുന്ന മോശെക്കു് മിദ്യാനിലെ പുരോഹിതന്‍ തന്റെ മകളായ സിപ്പോറായെ ഭാര്യയായി കൊടുക്കുന്നു. അവള്‍ ഒരു മകനെ പ്രസവിച്ചപ്പോള്‍ “ഞാന്‍ അന്യദേശത്തു് പരദേശി ആയിരിക്കുന്നു” എന്നു് പറഞ്ഞു് മോശെ അവനു് ഗേര്‍ശോം എന്നു് പേരിടുന്നു. പക്ഷേ, മോശെ കുഞ്ഞിനെ പരിച്ഛേദന ചെയ്യുന്നില്ല. അതിനൊക്കെ ശേഷമാണു് ദൈവം മോശെക്കു് വെളിപ്പെടുന്നതു്. അപ്പോള്‍ പോലും ഇക്കാര്യം ദൈവം അത്ര ശ്രദ്ധിക്കുന്നില്ല. പക്ഷേ പിന്നീടു് അതൊരു വലിയ പ്രശ്നമായി മാറുന്നു. ശ്രദ്ധിക്കൂ: മോശെയെ കൊല്ലാന്‍ നോക്കിയവരെല്ലാം ചത്തുകഴിഞ്ഞെന്നും, ഇപ്പോള്‍ യഹൂദരെ മോചിപ്പിക്കാന്‍ മിസ്രയിമിലേക്കു് മടങ്ങിയാല്‍ കുഴപ്പമൊന്നുമില്ലെന്നും ദൈവം അരുളിച്ചെയ്യുന്നു. (ഇതില്‍ നിന്നും, മോശെയെ കൊല്ലാന്‍ നോക്കിയവര്‍ ജീവിച്ചിരിക്കെ അവനെ അവിടേക്കു് അയച്ചു് കൃത്യം നിര്‍വ്വഹിപ്പിക്കാന്‍ മാത്രമുള്ള തന്റേടം, സര്‍വ്വശക്തനെങ്കിലും, യഹോവയ്ക്കില്ലായിരുന്നു എന്നുവേണം കരുതാന്‍). കുഞ്ഞിന്റെ അഗ്രചര്‍മ്മം അപ്പോഴും ദൈവത്തിനു് ഒരു തലവേദന ആവുന്നില്ല. മോശെ ദൈവകല്‍പനപ്രകാരം, അമ്മായപ്പന്റെ അനുവാദത്തോടെ കുടുംബസമേതം മിസ്രയിമിലേക്കു് യാത്രയാവുന്നു. വഴിയില്‍ ഒരു സത്രത്തില്‍ താമസിക്കുമ്പോള്‍ ദാ വരുന്നു ദൈവം, മകന്റെ അഗ്രചര്‍മ്മത്തിന്റെ പേരില്‍ മോശെയെ കൊല്ലാന്‍! കാര്യം പിടി കിട്ടിയ ഭാര്യ സിപ്പോറാ ഒരു കല്‍ക്കത്തി എടുത്തു് തന്റെ മകന്റെ അഗ്രചര്‍മ്മം ഛേദിച്ചു് “നീ എനിക്കു് രക്തമണവാളന്‍” എന്നു് പറഞ്ഞുകൊണ്ടു് ദൈവത്തിന്റെ കാല്‍ക്കല്‍ ഇടുന്നു. മിണ്ടാട്ടം മുട്ടിയ, അഥവാ സംതൃപ്തനായ ദൈവം മോശെയെ കൊല്ലാതെ സ്ഥലം വിടുന്നു. – (പുറപ്പാടു് 2: 12, 21, 4: 19, 24-26). ബൈബിളിലെ വര്‍ണ്ണനകള്‍ക്കു് വലിയ വിലയോ ആധികാരികത്വമോ ഒന്നും നല്‍കേണ്ടതില്ല എന്നതിന്റെ എത്രയോ തെളിവുകളില്‍ ഒന്നു് മാത്രമാണിതു്.
അതേസമയം, പരിച്ഛേദന ഈജിപ്തില്‍ പണ്ടേ നിലവിലുള്ള ഒരു ചിട്ടയാണെന്നതിനു് പിരമിഡുകളിലെ രൂപങ്ങളും ചിത്രങ്ങളും സാക്‍ഷ്യം വഹിക്കുന്നു. കൂടാതെ, ഏകദേശം B. C. 480 – 420 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സഞ്ചാരിയും ചരിത്രകാരനുമായിരുന്ന ഹെറൊഡോറ്റസിന്റെ രചനകള്‍ പരിച്ഛേദനയുടെ കാര്യത്തില്‍ എന്നപോലെതന്നെ മറ്റു് പല പുരാതന ഈജിപ്ഷ്യന്‍ ചിട്ടകളിലേക്കും വെളിച്ചം വീശുന്നുണ്ടു്. അക്കാലത്തെ ലോകസാമ്രാജ്യമായിരുന്ന ഈജിപ്തിലെ ജനങ്ങളും തങ്ങളുടെ ആചാരങ്ങളും മര്യാദകളും തങ്ങളെ മറ്റുള്ളവരില്‍ നിന്നും ഉന്നതരാക്കുന്ന മൂല്യങ്ങളായി കണക്കാക്കിയിരുന്നു. ശുചിത്വത്തിന്റെ പേരില്‍ ആരംഭിച്ച പരിച്ഛേദന കാലക്രമേണ നിര്‍ബന്ധമായും ആചരിച്ചിരിക്കേണ്ട ഒരു വിശുദ്ധകടമയായി മാറി. ഒരുപക്ഷേ കറുത്ത പന്നിയുടെ രൂപത്തിലുള്ള സെറ്റ് എന്ന ദൈവം ഹോറസിനെ (പ്രാപ്പിടിയന്റെ രൂപത്തിലുള്ള ഒരു ദൈവമാണു് ഹോറസ്. സൂര്യനും ചന്ദ്രനുമാണു് കണ്ണുകള്‍.) മുറിവേല്‍പ്പിച്ചതുകൊണ്ടാവാം, പന്നിയിറച്ചി അവര്‍ വെറുത്തിരുന്നതു്. (പില്‍ക്കാലത്തു് യഹൂദരും മുസ്ലീമുകളും പന്നിമാംസം നിഷിദ്ധമായി പ്രഖ്യാപിച്ചു.) പശുവിന്റെ രൂപത്തിലുള്ള ഐസിസ് എന്ന ദൈവത്തെ ദ്വേഷ്യം പിടിപ്പിക്കാതിരിക്കാനാവാം അവര്‍ പശുവിനെ ബലി കഴിക്കുകയോ തിന്നുകയോ ചെയ്യാതിരുന്നതു്. (പശുവിറച്ചി ഹിന്ദുക്കളും കഴിക്കാറില്ലെങ്കിലും അതിന്റെ കാരണം “ഐസിസ്” ആണെന്നു് തോന്നുന്നില്ല.) അക്കാലത്തെ ഒരു ഈജിപ്തുകാരനോ ഈജിപ്തുകാരിയോ ഗ്രീക്കുകാരെ ചുംബിക്കുകയോ, അവരുടെ ചട്ടിയോ കലമോ ആയുധങ്ങളോ ഉപയോഗിക്കുകയോ ചെയ്യുമായിരുന്നില്ല. ഇന്നു്, ഒരുപക്ഷേ, ഈജിപ്തുകാരോടു് അതേ നിലപാടു് സ്വീകരിക്കുന്ന, അവരുടേതിനേക്കാള്‍ സാംസ്കാരികമായി വളര്‍ന്നവര്‍ എന്നു് കരുതുന്ന സമൂഹങ്ങളുണ്ടാവാം എന്നപോലെതന്നെ.
പരിച്ഛേദന ഇന്നും അതു് ചെയ്യുന്നവര്‍ക്കു് മഹത്വത്തിന്റേയും ഔന്നത്യത്തിന്റേയും അടയാളമാണെങ്കില്‍ , അതു് ചെയ്യാത്തവരെ സംബന്ധിച്ചു് അതു് ഞെട്ടിപ്പിക്കുന്നതും വിചിത്രവുമായ ഒരേര്‍പ്പാടാണു്. അതുകൊണ്ടുതന്നെ, യഹൂദരെ തരം താഴ്‌ന്നവരായി കണ്ടിരുന്ന ഈജിപ്ഷ്യരുടെ ദൃഷ്ടിയില്‍ അവരുടെ വില അവര്‍ക്കു് തുല്യമെങ്കിലും ആക്കി ഉയര്‍ത്തുവാന്‍ അനുഷ്ഠിച്ചിരിക്കേണ്ട കര്‍മ്മങ്ങളില്‍ പരിച്ഛേദന എന്നതു് ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു. മോശെയെ സംബന്ധിച്ചാണെങ്കില്‍, ഇക്കാര്യത്തില്‍ മാത്രമല്ല, ആത്മീയവും ലൗകികവുമായ മറ്റേതു് കാര്യത്തിലും തന്റെ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റു് മതസ്ഥരേക്കാള്‍ ഉന്നതരായിരിക്കേണ്ടതു് സ്വാഭാവികമായും ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യവുമായിരുന്നു.
മോശെയുടെ മതം എന്നറിയപ്പെടുന്ന യഹൂദമതത്തിന്റെ അനേകവര്‍ഷങ്ങള്‍ക്കു് ശേഷമുള്ള അന്ത്യരൂപം മാത്രമേ നമുക്കറിയൂ. അതു് ഏകദേശം 800 വര്‍ഷങ്ങള്‍ക്കും, യഹൂദരുടെ ബാബിലോണിയന്‍ നാടുകടത്തലിനും ശേഷം യഹൂദപുരോഹിതന്മാരാല്‍ ക്രോഡീകരിക്കപ്പെട്ടതാണു്. തങ്ങള്‍ സ്ഥിരതാമസമില്ലാതെ ആട്ടിടയരും നാടോടികളുമായി നടന്നിരുന്ന കാലത്തു് സാംസ്കാരികവും സാമ്പത്തികവുമായി ഔന്നത്യത്തില്‍ കഴിഞ്ഞിരുന്ന ഈജിപ്തില്‍നിന്നും കടമെടുക്കപ്പെട്ടതാണു് തങ്ങളുടെ ഏകദൈവവിശ്വാസവും മതവും അതിലെ ആചാരങ്ങളും എന്നു് അംഗീകരിക്കാന്‍ യഹൂദര്‍ക്കുള്ള ബുദ്ധിമുട്ടു് മനസ്സിലാക്കാവുന്നതല്ലേ എന്നു് ഫ്രോയ്ഡ് ചോദിക്കുന്നു. അതായതു്, മോശെയോടൊപ്പം, ഏകദൈവമതത്തിന്റെയും പരിച്ഛേദനയുടെയും ഈജിപ്ഷ്യന്‍ ഉറവിടം നിഷേധിക്കപ്പെടേണ്ടതു് കറപുരളാത്ത ഒരു ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണു് യിസ്രായേല്‍ എന്നു് വരുത്തിത്തീര്‍ക്കാന്‍ അനുപേക്ഷണീയമായിരുന്നു.
അബ്രാഹാമിന്റെ കാലത്തിനു് മുന്‍പുതന്നെ ഈജിപ്ത് സമ്പത്സമൃദ്ധമായിരുന്നു. തന്റെ ദേശത്തു് ക്ഷാമമുണ്ടായപ്പോള്‍ അബ്രാഹാം കുടുംബസഹിതം കുറേനാള്‍ മിസ്രയിമില്‍ ചെന്നു് പാര്‍ക്കുന്നുണ്ടു്. ആ സമയത്തു് ഭാര്യ സാറായിയെ (അന്നു് പേരു് സാറാ എന്നാക്കി മാറ്റിയിരുന്നില്ല.) തന്റെ സഹോദരി എന്നു് പറഞ്ഞു് ഫറവോയെ ചതിച്ചു് കുറെ സമ്പത്തു് ഉണ്ടാക്കുന്നുമുണ്ടു്. സഹോദരി എന്നു് പറഞ്ഞതിനാല്‍ സാറായി ഫറവോന്റെ അരമനയില്‍ പോകേണ്ടി വന്നു. അവളുടെ നിമിത്തം അവന്‍ അബ്രാഹാമിനു് നന്മ ചെയ്യുന്നു. അവനു് ആടുമാടുകളും, ആണ്‍കഴുതകളും, ദാസന്മാരും, ദാസികളും, പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടാവുന്നു. സംഭവിക്കേണ്ടതു് എല്ലാം സംഭവിച്ചു് കഴിയുമ്പോള്‍ പതിവുപോലെ യഹോവ ഇവിടെയും ഇടപെടുന്നുണ്ടു്. (ഈ യഹോവയുടെ പേരു് എന്താണെന്നാണു് പില്‍ക്കാലത്തു് പ്രത്യക്ഷപ്പെടുമ്പോള്‍ മോശെ ദൈവത്തിന്റെ മുഖത്തുനോക്കി ചോദിക്കുന്നതു്!) ഫറവോയ്ക്കു് സാറായിമൂലം യഹോവ ഒത്തിരി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. മണ്ടത്തരം തിരിച്ചറിഞ്ഞ ഫറവോ അബ്രാഹാമിനെ വിളിച്ചുവരുത്തി, അവള്‍ നിന്റെ ഭാര്യയാണെന്നു് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒരു ചതി എനിക്കു് പറ്റില്ലായിരുന്നല്ലോ എന്നു് പശ്ചാത്തപിക്കുകയും, ചതിച്ചതിനു് പ്രതിഫലമായി ചതിയനേയും, സാറായിയേയും അവനുള്ള സകലതുമായി പറഞ്ഞയക്കുകയും ചെയ്യുന്നു. – (ഉല്‍പത്തി 12: 10 – 20)
അബ്രാഹാമിനും മുന്‍പേ ഈജിപ്തില്‍ നിലവിലിരുന്ന പരിച്ഛേദന എന്ന ചിട്ടയാണു് ദൈവം അബ്രാഹാമുമായി ഉണ്ടാക്കിയ ഉടമ്പടിയെങ്കില്‍ അതു് ഒരു ദൈവനിയമമല്ല, ഒരു ഈജിപ്ഷ്യന്‍ നിയമത്തിന്റെ “ദൈവികമായ” കോപ്പിയടി മാത്രമാണു്. മോശെ യഹൂദര്‍ക്കു് നല്‍കിയ യഹോവ എന്ന ഏകദൈവം ഇക്നറ്റണ്‍ എന്ന ഫറവോ വാഴിച്ച ആറ്റെന്‍ ദൈവത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പെങ്കില്‍ അതു് ഒരു ഈജിപ്ഷ്യന്‍ ദൈവമാണു്, യഹൂദദൈവമല്ല. പരിച്ഛേദനയുടെയും അതു് നല്‍കുന്ന ദൈവത്തിന്റെയും ഉറവിടം ഈജിപ്തെങ്കില്‍ ഇവ രണ്ടും യഹൂദരിലെത്തിച്ച മോശെയും ഒരു ഈജിപ്ഷ്യന്‍ ആയിരിക്കാനാണു് എല്ലാ സാദ്ധ്യതകളും.