ആരോ ഛര്‍ദ്ദിച്ചതില്‍ ഒരു ചെറിയ കറുപ്പുനിറം കണ്ട വാര്‍ത്ത പലവട്ടം വായ്മൊഴിയായി ചെവികളില്‍നിന്നും ചെവികളിലേക്കു് പകര്‍ന്നപ്പോള്‍ “ഒരുവന്‍ മൂന്നു് കാക്കകളെ ഛര്‍ദ്ദിച്ചു” എന്ന അത്ഭുതവാര്‍ത്തയായി മാറിയ കുട്ടിക്കഥ ചിലരെങ്കിലും ചെറുപ്പകാലത്തു് കേട്ടിരിക്കും. ഈ വര്‍ണ്ണന അതിഭാവുകത്വമാണെന്നു് നമുക്കറിയാം. അതു് ആ കഥ ലക്‍ഷ്യമാക്കുന്നുമുണ്ടാവാം. പക്ഷേ, ഇത്തരമോ, ഇതിലും വിചിത്രമോ, വിസ്മയകരമോ ആയ കഥകള്‍ പോലും മുഖവിലയ്ക്കു് വാങ്ങി കയ്യോടെ എളിയില്‍ തിരുകുന്നവരുടെ ലോകമാണു് ആത്മീയതയുടെ ലോകം. അത്ഭുതങ്ങളിലൂടെയും മായകളിലൂടെയുമാണു് ദൈവാസ്തിത്വം വെളിപ്പെടുന്നതു്! “നേരേ വാ, നേരേ പോ” എന്ന രീതി എന്തുകൊണ്ടോ ദൈവത്തിനു് അത്ര ഇഷ്ടമുള്ള കാര്യമല്ല! അതുകൊണ്ടാവാം, മനുഷ്യര്‍ക്കു് വെളിപ്പെടണമെന്ന ആഗ്രഹം നിയന്ത്രിക്കാന്‍ കഴിയാതാവുന്ന ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ദൈവം സാധാരണമനുഷ്യര്‍ക്കു് മടുപ്പുമൂലം ‘കോട്ടുവാ വിടാന്‍ തോന്നിപ്പോകുന്നത്ര ഏകാന്തവും വിരസവുമായ’ പര്‍വ്വതങ്ങളിലോ, ഗുഹകളിലോ ഒക്കെ ഒറ്റപ്പെട്ട വല്ല മനുഷ്യരും വന്നുപെട്ടിട്ടുണ്ടോ എന്നു് നോക്കി അവരുടെ മുന്നില്‍ ചെന്നു് പ്രത്യക്ഷപ്പെടുന്നതു്!
ഇനി വിഷയത്തിലേക്കു് കടക്കാം. ആദ്യകാലക്രിസ്തുമതം യഹൂദരില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ചെറിയ വിഭാഗമായിരുന്നു. കാലക്രമേണ ക്രിസ്തീയവിശ്വാസം സമീപപ്രദേശങ്ങളിലേക്കു് വ്യാപിച്ചു. ആരംഭകാല ഇടവകകളില്‍ യേശുചരിതം, പ്രത്യേകിച്ചും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പു് എന്ന അത്ഭുതത്തിലും കേന്ദ്രീകരിച്ചുകൊണ്ടു്, വായ്മൊഴിയായി അനുയായികള്‍ക്കു് പകര്‍ന്നുകൊടുക്കപ്പെട്ടു. അനുയായികള്‍ അവര്‍ കേട്ട കഥകള്‍ “മര്‍ക്കോസ് പറഞ്ഞു, ലൂക്കോസ് പറഞ്ഞു” മുതലായ എംഫസിസോടുകൂടി, ഓരോരുത്തന്‍ അവസരോചിതം തന്റെ ഭാവനയുടെ മസാലയും ചേര്‍ത്തു് സുവിശേഷപ്രസംഗം കേട്ടു് ആത്മാവിനെ രക്ഷിച്ചു് ആസന്നമായ ദൈവരാജ്യത്തിനു് അവകാശികളാകുവാന്‍ തടിച്ചുകൂടിയ ജനങ്ങളുടെ തലയിലേക്കു് ചെവിയിലൂടെ കോരിയൊഴിച്ചു. ഇന്നും ചില ഉപദേശികള്‍ കേരളത്തിലെ ഗ്രാമീണരായ സാധുക്കളോടു് ഘോഷിക്കുന്ന സുവിശേഷങ്ങളിലെ മണ്ടത്തരങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കു് രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു്, മനുഷ്യര്‍ ബൗദ്ധികമായി വളരെയേറെ പിന്നാക്കം നിന്നിരുന്ന ഒരു കാലഘട്ടത്തില്‍, സംഘടിപ്പിച്ചിരുന്ന സുവിശേഷയോഗങ്ങളിലെ പ്രസംഗകരുടെ ‘എരിവു്’ ഏകദേശം ഊഹിക്കാവുന്നതേയുള്ളു. യേശുവിന്റെ രണ്ടാമത്തെ വരവു് ഉടനെ ഉണ്ടാവുമെന്നു് ആ സാധുമനുഷ്യര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ വെളിപ്പെടുത്താന്‍ അക്കാലത്തു് വരയ്ക്കപ്പെട്ട ചിത്രങ്ങളിലും, രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലുമെല്ലാം ഈ ആത്മാര്‍ത്ഥത നമുക്കു് വ്യക്തമായി കാണാന്‍ കഴിയും.
ഈച്ചകള്‍ക്കു് അമേധ്യത്തോടു് തോന്നുന്ന അതേ ആഭിമുഖ്യം മനുഷ്യര്‍ക്കു് എന്തുകൊണ്ടോ അത്ഭുതകഥകളോടുണ്ടു്. അതുകൊണ്ടുതന്നെ കേരളത്തിലെ ഏതെങ്കിലും ഒരു വീട്ടിലെ ഫോട്ടോ രക്തം ‘മുള്ളി’ എന്നു് കേട്ടാല്‍ മനുഷ്യര്‍ ഉടനെ അവിടെ ഹാജരാവുന്നു! രക്തം മുള്ളിയതു് ദൈവം ആയിക്കൂടെന്നില്ലല്ലോ! ഭാഗ്യം തേടലിന്റെ രാസവളമാണു് അജ്ഞത. ഇടയിളക്കി അല്‍പം അജ്ഞത വിതറിയാല്‍ ഭാഗ്യംതേടല്‍ തഴച്ചുവളരും.
ക്രിസ്തുവിന്റെ ശിഷ്യന്മാരായാലും എന്നെങ്കിലും മരിക്കേണ്ടിവരുമെന്നതിനാല്‍, കാലത്തിന്റെ കുത്തിയൊഴുക്കില്‍ എപ്പോഴോ യേശുവിനെ നേരില്‍ കണ്ടവര്‍ ആരും ഇപ്പോള്‍ തങ്ങളോടുകൂടെ ഇല്ല എന്ന സത്യം വിശ്വാസിസമൂഹങ്ങളും തിരിച്ചറിയേണ്ടിവന്നു. അതിനോടകം വ്യത്യസ്ത ഇടവകകളില്‍ വ്യത്യസ്തമായ രീതികളില്‍ വായ്മൊഴിയായി പകര്‍ന്നുകൊടുക്കപ്പെട്ട യേശുചരിതങ്ങള്‍ സുവിശേഷങ്ങളുടെ രൂപത്തില്‍ നിലവില്‍ വന്നു് പ്രബലപ്പെട്ടുകഴിഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസസത്യങ്ങള്‍ പിന്‍തലമുറകള്‍ക്കുവേണ്ടി ലിഖിതരൂപത്തില്‍ ആക്കേണ്ടതു് ഇടവകകളുടെ ഒരാവശ്യമായി മാറി. കേട്ടറിവുകളിലെ പൊരുത്തക്കേടുകള്‍ ഇടവകകളിലെ ലിഖിതരൂപങ്ങളിലും പ്രത്യക്ഷപ്പെട്ടു. ആരംഭകാലത്തു് ഇതൊരു പ്രശ്നമായിരുന്നില്ലെങ്കിലും സഭ വളര്‍ന്നപ്പോള്‍, അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളും, അതോടൊപ്പം ക്രിസ്തുസഭയ്ക്കു് പൊതുവായതും, ഏകോപിതവുമായ സുവിശേഷങ്ങളും ‘പുതിയ നിയമവും’ എല്ലാം ആവശ്യമായിത്തീര്‍ന്നു. അവരവരുടെ ‘വിശ്വാസപ്രമാണങ്ങളെ’ ഉപേക്ഷിക്കുവാന്‍ പല വിഭാഗങ്ങളും തയ്യാറായില്ല. യേശുവിന്റെ മരണത്തിനു് ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്കുശേഷം യേശു പറഞ്ഞതെന്തു്, പറയാത്തതെന്തു് എന്നു് കൃത്യമായി പറയാന്‍ ആര്‍ക്കു് കഴിയും? ഓരോ വിഭാഗത്തിനും അവര്‍ പറയുന്നതായിരുന്നു ശരി. അവരുടെ മുന്‍പന്തിയിലായിരുന്നു നോസ്റ്റിക്സ് (gnostics) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വാസിവിഭാഗം. ഈ ചിന്താധാരയുടെ ഭാഗമായി രൂപമെടുത്ത ലിഖിതങ്ങളുടെ നിരയില്‍ വരുന്നതാണു് യൂദാസിന്റെ സുവിശേഷവും.
‘രഹസ്യജ്ഞാനം’ എന്നര്‍ത്ഥമുള്ള gnostikos എന്ന ഗ്രീക്ക് പദത്തില്‍ നിന്നും രൂപമെടുത്ത Gnosticism മതപരവും തത്വചിന്താപരവുമായ വിവിധ ആശയധാരകളുടെ സംയോജനമാണു്. അക്കാലത്തെ ഗ്രീക്ക്-റോമന്‍ ലോകത്തിലെ, ഇന്നത്തെ അര്‍ത്ഥത്തില്‍ വേണമെങ്കില്‍ esoteric എന്നു് വിളിക്കാവുന്ന, ഒരു പരിഷ്കൃത ബൗദ്ധിക പ്രസ്ഥാനം. പുരാതന ഇറാനിലെ ദ്വന്ദ്വ വിശ്വാസം, പ്ലാറ്റോയിലെ ദൃഷ്ടാന്തപരമായ ആദര്‍ശവാദം, യഹൂദരിലെ നിഗൂഢവെളിപാടുകള്‍ മുതലായവയുടെ എല്ലാം ഒരു സമീകൃതസമ്മേളനം. തിന്മകൊണ്ടു് നിര്‍മ്മിച്ചതും, പൈശാചികത വാഴുന്നതുമായ ഈ ലോകം നന്മ നിറഞ്ഞവനായ ഒരു ദൈവത്തിന്റെ സൃഷ്ടിയാവാന്‍ കഴിയില്ല. അതുകൊണ്ടു്, ലോകത്തിന്റെ സ്രഷ്ടാവായ പഴയനിയമത്തിലെ യഹോവ അവര്‍ക്കു് ഒരു ‘താഴ്‌ന്ന’ ദൈവമാണു്. യഹോവയിലും ‘ഉയര്‍ന്നവനായ’ ‘യഥാര്‍ത്ഥ ദൈവത്തിന്റെ’ വെളിപാടു് വഴി മനുഷ്യര്‍ക്കു് വീണ്ടും ദൈവത്തില്‍ എത്തിച്ചേരാന്‍ കഴിയും. പക്ഷേ, ഈ വെളിപാടു് തത്വചിന്താപരമായ ബോധവല്‍ക്കരണം വഴിയോ, ക്രിസ്തുമതം പഴയനിയമത്തില്‍ നിന്നും ഏറ്റെടുത്ത വെളിപാടു് വഴിയോ ഉണ്ടാവുന്നതോ അവയുമായി താരതമ്യപ്പെടുത്താവുന്നതോ അല്ല. ആത്മരഹസ്യത്തിന്റെ അന്തര്‍ജ്ഞാനത്തിലൂടെ (intuition of the mystery of the self) മാത്രം നേടാന്‍ കഴിയുന്ന ഒന്നാണു്. ഉഗ്രകോപിയായ ഒരു യഹോവയുടെ നിയമങ്ങള്‍ പൊക്കിപ്പിടിക്കുന്നു എന്ന കാരണം പറഞ്ഞു് അവര്‍ പഴയനിയമത്തെ നിഷേധിക്കുന്നു. ‘യഥാര്‍ത്ഥ’ദൈവത്തില്‍ നിന്നും വന്ന മനുഷ്യര്‍ക്കു് തിരിച്ചു് ദൈവത്തില്‍ എത്തിച്ചേരാന്‍ യേശുവിന്റെ ആവശ്യമില്ല. മാത്രവുമല്ല, അവര്‍ യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നുമില്ല. കാരണം, സാക്ഷാല്‍ ദൈവത്തിന്റെ മകനായ യേശുവിനു് ഭൗമികമായ ഒരു മരണം സംഭവിക്കുക എന്നതു് സാദ്ധ്യമല്ല എന്നായിരുന്നു അവരുടെ വിശ്വാസം. അവരുടെ അഭിപ്രായത്തില്‍, യേശുവിനു് പകരം മറ്റാരോ ആണു് കുരിശില്‍ മരിച്ചതു്. നോസ്റ്റിക്സിന്റെ കാഴ്ചപ്പാടില്‍ അവരായിരുന്നു യേശുവിന്റെ ആശയങ്ങള്‍ യഥാര്‍ത്ഥമായി പിന്തുടര്‍ന്നിരുന്നവര്‍. ഇതുപോലുള്ള അവരുടെ നിലപാടുകള്‍ സ്വാഭാവികമായും സഭാനേതൃത്വത്തിന്റെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. കുരിശില്‍ മരിക്കാത്ത, ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത യേശു!? ക്രിസ്തുവില്‍ കൂടിയല്ലാത്ത വീണ്ടെടുപ്പു്!? പള്ളിയും പട്ടക്കാരനും ആവശ്യമില്ലാത്ത, സഭ എന്ന ഒരു സ്ഥാപനമേ ആവശ്യമില്ലാത്ത ഒരു ക്രിസ്തുമതം!? അങ്ങനെയൊരു ക്രിസ്തുമതത്തില്‍ പൗരോഹിത്യത്തിനു് എന്തു് സ്ഥാനം? അതുകൊണ്ടൊക്കെത്തന്നെ Gnosticism വേരോടേ പിഴുതെറിയപ്പെടേണ്ടതു് സഭാപിതാക്കളുടെ നിലനില്‍പ്പിന്റെ പ്രശ്നവുമായിരുന്നു.
അക്കാലത്തു് ഇടവകകളില്‍ നടപ്പിലിരുന്ന പല സുവിശേഷങ്ങളിലും സ്ത്രീകള്‍ക്കു് നല്‍കിയിരുന്ന സ്ഥാനമാനങ്ങളും പിതാക്കന്മാര്‍ക്കു് സഹിക്കാവുന്നതില്‍ അധികമായിരുന്നു. തോമാസിന്റെ സുവിശേഷത്തില്‍ അപ്പോസ്തലപദവിയുള്ള രണ്ടു് സ്ത്രീകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. ചില നോസ്റ്റിക് ലിഖിതങ്ങളില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീകളെപ്പറ്റി സൂചനയുണ്ടു്. ഒരിടത്തു് മഗ്ദലനമറിയ ശിഷ്യഗണത്തിലെ ഒന്നാമത്തവളായി അവരുടെ നേതൃത്വം അലങ്കരിക്കുന്നതായി പോലും വായിക്കാന്‍ കഴിയും! സഭയുടെ അംഗീകൃത പുതിയനിയമത്തില്‍നിന്നും ഈവിധത്തിലുള്ള യാതൊരു സൂചനയും നമുക്കു് ലഭിക്കുന്നില്ല. അതേസമയം, നാലാം നൂറ്റാണ്ടുവരെ സ്ത്രീകള്‍ സഭയില്‍ അധികാരസ്ഥാനങ്ങളില്‍ സജീവമായിരുന്നു എന്നതിനു് തെളിവുകളുണ്ടു്. പുരാതന കാലത്തെ പൊതുരീതിക്കു് വിരുദ്ധമായി, ആദ്യകാലക്രിസ്തുസഭയില്‍ സ്ത്രീകള്‍ക്കു് നേതൃത്വവും ഉത്തരവാദിത്വവും വഹിക്കാന്‍ അവകാശമുണ്ടായിരുന്നു. പക്ഷേ സഭയിലെ പുരുഷനേതൃത്വം സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്തു് നടപ്പിലാക്കിയ നയപരിപാടികള്‍വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നും കാലക്രമേണ പുറന്തള്ളപ്പെട്ടു. ആദ്യനൂറ്റാണ്ടുകളില്‍ നിലവിലിരുന്ന മറ്റു് സുവിശേഷങ്ങള്‍ നിരോധിക്കപ്പെടാതിരുന്നെങ്കില്‍, അവ പുതിയനിയമത്തിലെ സുവിശേഷങ്ങള്‍ക്കു് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു് സഭയിലെ അധികാരസ്ഥാനങ്ങളില്‍ തീര്‍ച്ചയായും സ്ത്രീകളും ഉണ്ടാവുമായിരുന്നു. അതു് മാത്രവുമല്ല, അവ വിലമതിക്കപ്പെട്ടിരുന്നുവെങ്കില്‍, യഹോവ എന്ന ദൈവത്തെ സംബന്ധിച്ചും, പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചും, യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ചുമെല്ലാം ലോകത്തില്‍ ഇന്നു് നിലവിലിരിക്കുന്ന സങ്കല്‍പങ്ങള്‍ മറ്റൊന്നായിരുന്നേനെ! പക്ഷേ ചരിത്രം മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. ‘യഥാര്‍ത്ഥവിശ്വാസം’ ഏതെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി വിശ്വാസിവിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച മത്സരം നിയന്ത്രണാതീതവും രക്തരൂഷിതവുമായി. ഔദ്യോഗികസഭ അംഗീകരിക്കാത്ത സുവിശേഷങ്ങളും ‘മതനിന്ദാഗ്രന്ഥങ്ങളും’ ചുട്ടെരിക്കപ്പെട്ടു. ഇത്തരം നടപടികള്‍ വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നു് പുറംതള്ളപ്പെടുക മാത്രമല്ല, Gnosticism എന്ന ശാഖ തന്നെ പൂര്‍ണ്ണമായി നശിപ്പിക്കുകപ്പെടുകയും ചെയ്തു.
ഈ ‘വിശുദ്ധശുദ്ധീകരണത്തിന്റെ’ തലവനായിരുന്നു സഭയിലെ വിശുദ്ധനായ Irenaeus. Lyon-ലെ ബിഷപ്പായിരുന്ന ഇദ്ദേഹം 180-ല്‍ എഴുതിയ Adversus haereses (മതനിന്ദയ്ക്കെതിരെ) എന്ന പുസ്തകത്തിലൂടെ നോസ്റ്റിക്സ് മതനിന്ദകരായി പ്രഖ്യാപിക്കപെട്ടു. യഹോവയല്ല, യേശുവല്ല, പത്രോസല്ല, പൗലോസുമല്ല, ഇറേണിയൂസ് എന്ന സഭാപിതാവാണു് തീരുമാനിച്ചതു്, ഏതാണു് ശരിയായ ക്രിസ്തീയവിശ്വാസം എന്നു്! ബൈബിളില്‍ ‘അദ്ദേഹം സ്ഥാനം നല്‍കിയ’ നാലു് സുവിശേഷങ്ങള്‍ മാത്രമാണു് ശരിയായതെന്നും, അല്ലാത്തതെല്ലാം മതനിന്ദയാണെന്നും പ്രഖ്യാപിക്കപ്പെട്ടു. മതനിന്ദകര്‍ നിര്‍ദ്ദാക്ഷിണ്യം പിന്തുടര്‍ന്നു് നശിപ്പിക്കപ്പെട്ടു. ഇറേണിയൂസ് ചൂണ്ടിക്കാണിക്കുന്ന പ്രമാണങ്ങളില്‍ അധിഷ്ഠിതമല്ലാത്ത ക്രിസ്തുമതം ഒരു ക്രിസ്തുമതമല്ല എന്നു് സമ്മതിച്ചവര്‍ രക്ഷപെട്ടു.
അതുകൊണ്ടു് Gnosticism സഭയില്‍ സ്വന്തമായ ഒരു പാദമുദ്രയും പതിപ്പിക്കാതെ മറയുകയായിരുന്നു എന്നര്‍ത്ഥമില്ല. ക്രിസ്തീയസഭയുടെ പല അനുശാസനങ്ങളും തത്വസംഹിതകളും രൂപമെടുത്തതുതന്നെ gnostic വിശ്വാസങ്ങളോടുള്ള പ്രതികരണം എന്ന രൂപത്തിലായിരുന്നു. സഭാപിതാവായ അഗസ്റ്റിന്റെ പഠിപ്പിക്കലുകള്‍ക്കുപോലും നോസ്റ്റിക് ചിന്തകളോടുള്ള കടപ്പാടു് മറച്ചുപിടിക്കാനാവുന്നതല്ല.
ആരംഭകാലത്തെ ക്രിസ്തുമതത്തിനു് റോമാക്കാരില്‍ നിന്നും നേരിടേണ്ടിവന്ന പിന്തുടരലും പീഡനവും നേരിട്ടു് കണ്ടും അനുഭവിച്ചും അറിഞ്ഞവനായ Irenaeus തന്നെയാണു് മറ്റു് ക്രിസ്ത്യാനികളെ അവരുടെ വിശ്വാസപരമായ നിലപാടുകളിലെ വ്യത്യസ്തതയുടെ പേരില്‍ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതു് എന്നതാണു് ഈ നാടകത്തിലെ ഏറ്റവും വലിയ വിരോധാഭാസം! അതു് തിരിച്ചറിയുന്നതുവഴി നമുക്കു് ലഭിക്കുന്നതു്, സഭാപിതാക്കള്‍ പ്രസംഗിക്കുന്ന ദൈവനീതിയിലും അയല്‍പക്കസ്നേഹത്തിലുമൊക്കെ മറഞ്ഞിരിക്കുന്ന കാപട്യവും മുതലക്കണ്ണീരും കൃത്യമായി അളക്കാന്‍ കഴിയുന്ന ഒരു അളവുകോലാണു്.
അതിലൊക്കെ ഉപരിയായി, ഇത്തരം ചരിത്രങ്ങളില്‍നിന്നും സംശയലേശമില്ലാതെ നമുക്കു് (വേണമെങ്കില്‍!) മനസ്സിലാക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എല്ലാ ദൈവശാസ്ത്രങ്ങളുടെയും, എല്ലാ സ്വര്‍ഗ്ഗസങ്കല്‍പങ്ങളുടെയും, എല്ലാ ദൈവികവെളിപാടുകളുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ‘രഹസ്യം’ മനുഷ്യബുദ്ധിയും മനുഷ്യന്റെ കൈവേലകളും മാത്രമാണെന്ന നിഷേധിക്കാനാവാത്ത സത്യമാണു്. ലളിതമാണു് ഈ സത്യം. പക്ഷേ അതു് തിരിച്ചറിയണമെങ്കില്‍ കാണാതെ പഠിച്ച കുറെയേറെ ‘സര്‍വ്വസമവാക്യങ്ങള്‍’ ചവറ്റുകുട്ടയില്‍ എറിയണം. ഒരു മനുഷ്യജന്മം മുഴുവന്‍ ശ്രമിച്ചാലും സാധിക്കണമെന്നില്ലാത്ത ഒരു ജോലിയാണതു്. കാരണം, കാണാതെ ‘പഠനം’ വഴി കര്‍ത്താവും കര്‍മ്മവും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നു. നിയന്ത്രിക്കേണ്ടവന്റെ നിയന്ത്രണം കാണാതെ പഠിച്ചവ ഏറ്റെടുക്കുന്നു, നീരാളിപ്പിടിത്തം പോലെ! – മിക്കവാറും എല്ലായ്പോഴും മരണം വരെ ആ പിടിയില്‍നിന്നും മനുഷ്യനു് മോചനം നല്‍കാതെ! താന്‍ ആത്യന്തികസത്യത്തിന്റെ “പിടിയില്‍” സുരക്ഷിതനാണെന്ന മിഥ്യാബോധം മൂലം മോചനം നേടണമെന്ന ആഗ്രഹം പോലും അവനില്‍ ഉദിപ്പിക്കാതെ!