RSS

Daily Archives: Dec 4, 2011

വിഡ്ഢിയാവുക, വിശ്വാസിയാവുക!

വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ വാക്കിനും അതിന്റേതായ സ്ഥാനമുണ്ടു്‌. ഒരൊറ്റ വാക്കു്‌ സ്ഥാനം തെറ്റി പ്രത്യക്ഷപ്പെട്ടാൽ മതി, വിശ്വാസികൾ അസ്വസ്ഥരാവും. ദൈവം പറയുന്നതു്‌, അതു്‌ സ്വന്തം മകനെ കുരുതി കഴിക്കാനായാലും ശരി, ഒരക്ഷരംപോലും തെറ്റിക്കാതെ അനുസരിക്കുകയാണു്‌ നിന്റെ കർത്തവ്യം എന്നാണു്‌ വിശ്വാസി ബാല്യം മുതലേ പഠിപ്പിക്കപ്പെടുന്നതു്‌. അതിൽ നിന്നും വ്യത്യസ്തമായതെന്തെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ, അതു്‌ അവന്റെ ഓറിയെന്റേഷൻ ആകെമൊത്തം താറുമാറാക്കും – പ്രത്യേകിച്ചും, താൻ മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നുണ്ടു് എന്ന ബോധം അവനുള്ളപ്പോൾ. തിന്മ ചെയ്യുന്നതിലല്ല, താൻ തിന്മ ചെയ്യുന്നതു് ദൈവം അറിയുന്നതിൽ പോലുമല്ല, തന്റെ തിന്മകൾ മനുഷ്യർ അറിയുന്നതിലാണു് അവന്റെ അങ്കലാപ്പു്. വല്ലപ്പോഴും അബദ്ധവശാൽ അവനൊരു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതു് നാലാൾ അറിയണമെന്നും അവനു് നിർബന്ധമുണ്ടു്.

പൊതുവേ ഓറിയെന്റേഷൻ അൽപം കുറഞ്ഞ ജീവികളാണു് അല്ലെങ്കിൽത്തന്നെ വിശ്വാസികൾ. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്നെ ഇതിനു് തെളിവു് നൽകുന്നുണ്ടു്. (വിവരവും വിദ്യാഭ്യാസവും ബിരുദവുമൊക്കെയുള്ളവർ ഇതൊന്നും വായിക്കുന്നുണ്ടാവുമെന്നു് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ, ഏബ്രഹാം എന്നേ വായിക്കാവൂ, അല്ലെങ്കിൽ അക്ഷരസ്ഫുടതയില്ലായ്മയുടെ പേരിൽ പ്രൊമോഷൻ കിട്ടാതിരിക്കാൻ സാദ്ധ്യതയുണ്ടു്.) ബൈബിൾ പറയുന്നതു് ശരിയാണെങ്കിൽ, ഈ അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറയിൽ നിന്നും ജനിച്ച യിസഹാക്കു് എന്ന പയ്യനെ ദൈവകൽപനപ്രകാരം – കടമറ്റത്തു് കത്തനാർക്കു് പണ്ടൊക്കെ ചില ശുദ്ധമാനകർഷകർ അർപ്പിക്കാറുണ്ടായിരുന്നു എന്നു് കേട്ടിട്ടുള്ള “കോഴിവെട്ടും വെള്ളം കുടിയും” നേർച്ചയുടെ മാതൃകയിൽ – യഹോവക്കു് നരബലിയായി അർപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ കഥ കേൾക്കാത്തവർ ചുരുക്കമായിരിക്കും. പക്ഷേ, കഥാന്ത്യം The operation was successful, but the patient died എന്ന പ്രയോഗത്തിനു് വിപരീതമായി The operation was not successful, because the patient did not die എന്ന രീതിയിൽ ആയിരുന്നതിനാൽ, ഫോർമാലിറ്റികളിൽ എന്തെങ്കിലും പിഴവു് സംഭവിച്ചോ എന്ന സംശയം ന്യായമായും അബ്രഹാമിനെ അലട്ടിയിട്ടുണ്ടാവണം. തുടർക്കഥക്കു് അങ്ങനെയേ കേൾക്കാൻ കൊള്ളാവുന്ന ഒരു വിശദീകരണം നൽകാനാവൂ എന്നാണെന്റെ പക്ഷം. “നിന്റെ മകനെ എനിക്കായി കുരുതി കഴിക്കണം” എന്ന ദൈവകൽപന താൻ കേട്ടു എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ലാതിരുന്നിട്ടും ബലികർമ്മം എന്തുകൊണ്ടു് നടക്കാതെ പോയി? അതായിരുന്നിരിക്കണം അബ്രഹാമിനെ മഥിച്ചുകൊണ്ടിരുന്ന ചിന്ത. ദൈവത്തിന്റെ വാക്കിനു് മാറ്റം സംഭവിക്കുകയോ? മറ്റെന്തു് സംഭവിച്ചാലും അതുമാത്രം സംഭവിക്കില്ലെന്ന കാര്യം അവനു് ഉറപ്പായിരുന്നു. അപ്പോൾ തനിക്കു് ദാസി ഹാഗാറിൽ നിന്നും ജനിച്ച യിശ്മായേലിന്റെ കാര്യം അബ്രഹാം ഓർത്തുകാണണം. സമ്പത്തുകാലത്തു് തൈപത്തു് വച്ചാൽ ആപത്തു് കാലത്തു് ഉണ്ടാകാവുന്ന ഓരോ ഗുണങ്ങൾ! ഇനിയിപ്പോൾ യഹോവ അറുക്കാൻ പറഞ്ഞതു് യിശ്മായേലിന്റെ കഴുത്തായിരുന്നോ ആവോ? ഓർമ്മക്കുറവു് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രായത്തിലുമായിരുന്നു അബ്രഹാം എന്നും കൂട്ടിക്കോളൂ. പിന്നെ ഒട്ടും താമസിച്ചില്ല, അദ്ദേഹം ഒരുവട്ടം കൂടി മലചവിട്ടാൻ തീരുമാനിച്ചു. ഇത്തവണ ബലികഴിക്കേണ്ടതു് യിശ്മായേലിനെ ആയിരുന്നതിനാലും, ഒരുവന്റെ കഴുത്തറക്കാൻ അവന്റെ കഴുത്തുതന്നെ വേണമെന്നതിനാലും, അവനെയും കൂട്ടിയായിരുന്നു മലകയറ്റം. പക്ഷേ, യിശ്മായേലിന്റെ ഭാഗ്യത്തിനു് ഇത്തവണയും അബ്രഹാമിനു് തന്നിലുള്ള വിശ്വാസം ടെസ്റ്റ്‌ ചെയ്യുക എന്നൊരു ലക്ഷ്യമേ യഹോവക്കുണ്ടായിരുന്നുള്ളു. ചില കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ വഴി ഒരു തീരുമാനത്തിലെത്തുന്നതാണു് ഉത്തമമെന്നു് ദൈവത്തിനുമറിയാം. മൈക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നതു് കേട്ടിട്ടില്ലേ? ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, ഹലോ, ഹലോ, വൺ, ടൂ, ത്രീ, ഹലോ അബ്രഹാം, ഹലോ, ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌, യുവർ വിശ്വാസം ടെസ്റ്റിംഗ്‌, ഹിയർ യുവർ യഹോവ, ഹലോ, ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, …..

ഖുർആൻ രചിച്ചവരുടെ അഭിപ്രായപ്രകാരം ഈ കഥയുടെ രണ്ടാം ഭാഗം സത്യവും ആദ്യഭാഗം നുണയുമാണു്, മോശെയുടെ പുസ്തകങ്ങൾ രചിച്ചവർ ആരോ അവരുടെ അഭിപ്രായത്തിൽ ആദ്യഭാഗം സത്യവും രണ്ടാം ഭാഗം നുണയുമാണു്. ബൈബിൾ അനുസരിച്ചു് ബലി കഴിക്കാൻ കൊണ്ടുപോയതു് യിസഹാക്കിനെയാണു്. ഖുർആൻ പറയുന്നു യിശ്മായേൽ ആയിരുന്നു “ബലിമൃഗത്തിന്റെ” പാർട്ട്‌ അഭിനയിച്ചതെന്നു്. രണ്ടും ദൈവവചനമാണെന്ന കാര്യത്തിൽ അതിലോരോന്നിലും വിശ്വസിക്കുന്നവർക്കു് തെല്ലുപോലും സംശയവുമില്ല. അതിനുവേണ്ടി തിളയ്ക്കുന്ന എണ്ണയിൽ (തിളയ്ക്കുന്നതു് കാരെള്ളെണ്ണ ആയാലും, സൂര്യകാന്തിയെണ്ണ ആയാലും, മണ്ണെണ്ണ ആയാലും) ഭാഗികമായോ പൂർണ്ണമായോ മുങ്ങിക്കുളിക്കാൻ പോലും തയ്യാറാവുന്ന ലക്ഷക്കണക്കിനു് വിശ്വാസികൾ രണ്ടുപക്ഷത്തുമുണ്ടു്. അതുകൊണ്ടാണു് ഒരു യിസഹാക്കു് വേർഷനും ഒരു യിശ്മായേൽ വേർഷനും ആവശ്യമായി വരുന്നതു്. “മതവിഹാരം” വ്രണപ്പെടാതിരിക്കാൻ എന്തെന്തു് ഓയിന്റ്‌മെന്റുകൾ പരുവിനുമീതെ വാരിപ്പൂശാൻ നമ്മൾ തയ്യാറാവുകയില്ല? കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, നമ്മെ സംബന്ധിച്ചു് ഈ അങ്കത്തിൽ ശ്രദ്ധാർഹമായതു്, കർട്ടൻ വീഴുന്നതിനുമുൻപു്, മുറുക്കാൻകല്ലിലും അമ്മിക്കല്ലിലും മാറിമാറിവച്ചു് ഇടിച്ചാലും പൊട്ടാത്ത അടയ്ക്ക പോലെ ഉറച്ച വിശ്വാസത്തിന്റെ ഉടമയാണു് അബ്രഹാം എന്നു് പരീക്ഷിച്ചറിഞ്ഞ യഹോവ അവനു് “സ്വന്തം മക്കളുടെ കഴുത്തറക്കാൻ പോലും മടിക്കാത്തവൻ” എന്ന അർത്ഥത്തിൽ “വിശ്വാസികളുടെ പിതാവു്” എന്ന ബിരുദം നൽകി അഭിനന്ദിച്ചു എന്ന ചരിത്രപ്രധാനമായ വസ്തുതയാണു്.

എന്താണു് ദൈവം ഒരു വിശ്വാസിയിൽ നിന്നും ആവശ്യപ്പെടുന്നതെന്നു് എങ്ങനെ അറിയും? അക്കാര്യത്തിൽ വിശ്വാസിക്കു്‌ സംശയമൊന്നുമില്ല. അതു്‌ അവന്റെ ദൈവം വേദഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു് അവനറിയാം. ദൈവത്തിനെ ശരിക്കു് സോപ്പിടുന്നവർക്കു് അപൂർവ്വമായി ചിലതൊക്കെ സ്വപ്നത്തിലൂടെയും ദൈവം വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഏതു് പിശാചു് കുത്തിവച്ച വിഷത്തിന്റെ സ്വാധീനത്താലാണെന്നറിയില്ല, മനുഷ്യർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവിധം സർവ്വശക്തിയുടെ അധികപങ്കും നഷ്ടപ്പെട്ടു് ദൈവം പക്ഷവാതം ബാധിച്ചവനെപ്പോലെയായി. ഏതു് മതം എന്നതിന്റെ അടിസ്ഥാനത്തിൽ ഇടതുവശം തളർന്ന ദൈവമുണ്ടു്, വലതുവശം തളർന്ന ദൈവമുണ്ടു്. [തലച്ചോറിന്റെ വലത്തുഭാഗത്തുണ്ടാവുന്ന ആഘാതങ്ങൾ (രക്തധമനിയുടെ അടയലോ പൊട്ടലോ) ഇടതുവശത്തിന്റെ തളർച്ചക്കും, അതുപോലെതന്നെ നേരേ മറിച്ചുമാണെന്ന കാര്യം മറക്കാതിരിക്കുക. പക്ഷനിർണ്ണയസംബന്ധമായ വ്യാഖ്യാനങ്ങളിൽ വകതിരിവു് നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും]. അതിനാൽ, തന്റെ വചനങ്ങൾ ശരിയായ രീതിയിൽ മനുഷ്യർക്കു് പൊരുൾ തിരിച്ചുകൊടുക്കാൻ ദൈവം തന്നെ വേണ്ടുവോളം വ്യാഖ്യാതാക്കളെയും ചുമതലപ്പെടുത്തി.

അങ്ങനെ എല്ലാം ശുഭമായി കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ദൈവത്തെ വീണ്ടും നാണം കെടുത്താനായി ഏതോ പിശാചു് ചെയ്ത ക്ഷുദ്രപ്രവൃത്തി മൂലമാവണം, ഓരോ വ്യാഖ്യാതാവിനും ദൈവവചനങ്ങൾ ഓരോ വിധത്തിലാണു് മനസ്സിലാകുന്നതു്. ഫലമോ, ദൈവവചനങ്ങൾ എന്ന പേരിൽ ഓരോരുത്തനും വിളിച്ചുപറയുന്നതു് അവനു് “കൂടോത്രം” ചെയ്ത പിശാചിന്റെ ദൈവശാസ്ത്രമാണു്. ഒരു ദൈവമാണു് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നു് പറയുകയും, അതേസമയംതന്നെ അന്യമതസ്ഥരെ അവരുടെ വിശ്വാസത്തിന്റെ മാത്രം പേരിൽ വെറുക്കണമെന്നും നശിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന നീതിശാസ്ത്രങ്ങൾ ഒരു പിശാചിന്റെ വായിൽ നിന്നും വരുന്നതാവാതിരിക്കുന്നതെങ്ങനെ? ഏതായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഏതർത്ഥത്തിലും ദൈവത്തേക്കാൾ യോഗ്യനും, ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനുമാണു് പിശാചു്. ഇതുവരെയുള്ള മതങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്നതു് ഈ കേവലസത്യമാണു്. ദൈവത്തേയും പിശാചുക്കളേയും മതങ്ങളേയും സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ ഏറ്റവും ഉയരത്തിലെ കൊമ്പത്തു് കയറ്റി ഇരുത്താൻ പരമാവധി ശ്രമിച്ചിട്ടും അക്കാര്യത്തിൽ അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തിനു് പിശാചു്? പ്രപഞ്ചസൃഷ്ടിയുടെ കഥ എഴുതിവച്ചിരിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, വെറുമൊരു പാമ്പുപോലും ദൈവത്തേക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്ന ജീവിയാണു്. മഹദ്‌വചനപ്രകാരം “അറിവു് ശക്തിയാണു്” എങ്കിൽ, ആ ശക്തി മനുഷ്യനു് ലഭിച്ചതു് പാമ്പുവഴിയാണു്. അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുക്കുതന്നെ നട്ടുപിടിപ്പിച്ചിട്ടു് അതിന്റെ ഫലം തിന്നരുതെന്നു് മനുഷ്യനെ വിലക്കുന്ന ഒരു ശുംഭൻ ദൈവത്തേക്കാൾ എത്രയോ യോഗ്യനാണു് ആ വൃക്ഷത്തിന്റെ ഫലം പറിച്ചു് മനുഷ്യനു് നൽകി “നിങ്ങൾ അറിവു് വർദ്ധിപ്പിക്കൂ കുഞ്ഞുങ്ങളേ” എന്നു് ഉപദേശിച്ച ആ പാമ്പു്? ആ ദൈവിക ശുംഭത്തത്തിന്റെ പിൻഗാമികളാണു് വിശ്വാസികൾ. അവർ മനുഷ്യബുദ്ധിയെ അവഹേളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

ഒരുവൻ ഏതെങ്കിലും ഒരു മതത്തിലും ആ മതത്തിന്റെ ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതു് അവന്റെ വ്യക്തിപരമായ കാര്യങ്ങളാണു്. ഒരു മതത്തിൽ ജനിച്ചതുകൊണ്ടും വളർത്തപ്പെട്ടതുകൊണ്ടും ആ മതത്തിൽ തുടരുന്നവരാണു് ബഹുഭൂരിപക്ഷം വിശ്വാസികളും. വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുതിർന്നതിനു് ശേഷമുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വഴി ഏതെങ്കിലുമൊരു മതവും അതിലെ ദൈവവും തനിക്കു് പിൻതുടരാൻ മാത്രം യോഗ്യതയുള്ളതാണെന്നു് ബോദ്ധ്യപ്പെട്ടശേഷം വിശ്വാസികളാവുന്നവരായുള്ളു. സൂക്ഷ്മമായി പരിശോധിച്ചാൽ തികച്ചും ലൗകികമായ പരിഗണനകളാണു് അവരെയും ആ തീരുമാനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നു് കാണാൻ കഴിയുകയും ചെയ്യും. നെറ്റിയിൽ “വിശ്വാസി” എന്ന ലേബലും ഒട്ടിച്ചുകൊണ്ടു് നടക്കുന്നവരിൽത്തന്നെ സാമൂഹികമായ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാനായി ദൈവവിശ്വാസമില്ലെങ്കിലും മതവിശ്വാസി ആയി തുടരുന്നവരും കുറവല്ല. ഊരുവിലക്കും തെമ്മാടിക്കുഴിയുമൊന്നും സമൂഹത്തിലെ സ്വൈര്യജീവിതത്തിനു് അത്ര ആശാസ്യമായ കാര്യങ്ങളല്ലല്ലോ. രാവിലെ മുതൽ വൈകുന്നതുവരെ വാചകമടിയുമായി നാൽക്കവലകളിൽ കുത്തിയിരിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരു കാര്യമാണു് ഏതെങ്കിലുമൊരു സമൂഹാംഗത്തിന്റെ പ്രവൃത്തി “നാട്ടുനടപ്പിനു്” പരുക്കേൽപ്പിക്കുന്നുണ്ടോ എന്നതു്. ഇക്കൂട്ടരിൽ നിന്നാണു് “സദാചാരപോലീസ്‌” മുതലായ “തൊഴിലുകൾ” ഉരുത്തിരിയുന്നതുതന്നെ. ഒരു കാർഷികരാജ്യത്തിൽ മനുഷ്യർക്കു് സമയമുണ്ടു്. ധാരാളം സമയമുണ്ടു്. വിളവിറക്കലിനും വിളവെടുപ്പിനുമിടയിൽ തല്ലിക്കൊന്നാലും ചാവാത്തത്ര സമയമുണ്ടു്! യാതൊരു അദ്ധ്വാനവുമില്ലാതെ ഇഷ്ടം പോലെ സമയം ലഭിക്കുമ്പോൾ സമയത്തിന്റെ വില അറിയാനാവില്ല. സാമൂഹികനന്മക്കായി പ്രയോജനപ്പെടുത്താൻ അറിയാത്തതോ കഴിയാത്തതോ ആയ സമായാധിക്യം അലസതയിലേക്കും അതിന്റെ ബൈപ്രോഡക്റ്റ്‌സ്‌ ആയ സ്വാർത്ഥപരതയിലേക്കും പരദ്രോഹത്തിലേക്കുമൊക്കെയേ നയിക്കൂ. ചിലർ ദിവസേന ജോലിക്കു് പോകുന്നതുതന്നെ പത്രം വായിക്കാനും മാസാവസാനം ശമ്പളം വാങ്ങാനുമായിട്ടാണല്ലോ. സമൂഹത്തിന്റെ കഴുത്തറത്തു് ചോര കുടിക്കൽ അഥവാ, ഒരുതരം നോക്കുകൂലി വാങ്ങൽ!

മതങ്ങളെ, പ്രത്യേകിച്ചും മതാധികാരികളെ, പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്ന ചില വിശ്വാസികളുണ്ടു്. പുരോഗമനക്കാർ എന്നാണു് അവർ സ്വയം വിശേഷിപ്പിക്കാറുള്ളതു്. “ഞാൻ ഒരു മതവിശ്വാസിയല്ല, പക്ഷേങ്കി, ഞാനൊരു ദൈവവിശ്വാസിയാണു്” ഇതാണു് അവരുടെ മുദ്രാവാക്യം. ഒരു ദൈവവിശ്വാസിയും സർവ്വശക്തനല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. സർവ്വശക്തനും സർവ്വജ്ഞാനിയുമല്ലാത്ത ഒരു ദൈവമുണ്ടോ? അങ്ങനെയൊരു ദൈവത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. അതുപോലൊരു ദൈവത്തിൽ വിശ്വസിച്ചിട്ടു് എന്തു് പ്രയോജനം? തന്നേക്കാൾ ശക്തിയും ജ്ഞാനവും കൂടുതലുള്ള ഒരു ദൈവത്തിനുമുന്നിൽ ആ ദൈവം തീർച്ചയായും സുല്ലിടേണ്ടി വരും. അതുകൊണ്ടു്, എന്റെ ദൈവമാണു് എല്ലാം തികഞ്ഞ ദൈവം എന്നു് വിശ്വസിക്കാനും സ്ഥാപിക്കാനും ശ്രമിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഒരു വിശ്വാസിക്കില്ല. പക്ഷേ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെയാണു് വിശ്വാസി ദൈവത്തോടൊത്തു് നടത്തുന്ന തീർത്ഥയാത്രകളും അവസാനിക്കാറു്. ഇത്തിരി ദൂരം പോകുമ്പോഴേക്കും കാറ്റും മഴയും ഒരുമിച്ചു് വരും. മണ്ണാങ്കട്ട മണ്ണിൽ അലിഞ്ഞും കരിയില എങ്ങോട്ടെന്നറിയാതെ പറന്നും അഡ്രസില്ലാതാവുന്ന ശോകപര്യവസായികൾ! ഇവിടെയും അതുതന്നെയാണു് സംഭവിക്കുന്നതു്. മതാധികാരികൾ ചെയ്യുന്നതു് ചൂഷണവും തെമ്മാടിത്തരവുമാണെങ്കിൽ അതു് ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമായിരിക്കുമോ? ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമാണെങ്കിൽ അവർ ദൈവത്തേക്കാൾ “മുടുക്കന്മാർ” ആണെന്നല്ലാതെ മറ്റെന്താണു് അതിനർത്ഥം? അത്ര തികഞ്ഞവനും വിശ്വാസയോഗ്യനുമായ ഒരു ദൈവത്തിലല്ല നമ്മുടെ ദൈവവിശ്വാസി അവന്റെ വിശ്വാസം അർപ്പിക്കുന്നതു് എന്നല്ലാതെ മറ്റെന്തെങ്കിലുമൊന്നു് അതിൽ നിന്നും വായിച്ചെടുക്കാനാവുമോ? ഒരുവൻ വിമർശിക്കുന്ന മതാധികാരികളെ നിയന്ത്രിക്കാനും നേർവഴിക്കാക്കാനും കഴിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നവന്റെ ദൈവവിശ്വാസം കപടവും അവനെത്തന്നെ വഞ്ചിക്കലുമാണു്. അർത്ഥശൂന്യമായ അവന്റെ ഈ നിലപാടിനെപ്പറ്റി ആരെങ്കിലും സൂചിപ്പിച്ചാൽ അതു് ന്യായീകരിക്കാനായി ഏതാനും മുട്ടായുക്തികൾ അവന്റെ കൈവശമുണ്ടു്. ദൈവം മനുഷ്യരുടെയിടയിൽ നടത്തുന്ന ട്രെയിനിംഗ്‌, ദൈവത്തിന്റെ പരൂക്ഷ, ദൈവം മനുഷ്യനു് അനുവദിച്ചിരിക്കുന്ന പ്രൊബേഷൻ പിരിയഡ്‌, അങ്ങനെ പോകും വാലും തലയുമില്ലാത്ത അവന്റെ വാദമുഖങ്ങൾ. അറ്റമെത്തിയാൽ വീണ്ടും ആദ്യം മുതൽ പടം നിരത്തൽ തുടങ്ങും. ഓരോ മനുഷ്യനും ജനനം മുതൽ മരണം വരെ എന്തൊക്കെ ചെയ്യുമെന്നും, അവന്റെ ഓരോ മുടിയും എപ്പോൾ എവിടെ എങ്ങനെ കൊഴിയുമെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുൻപുതന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവം അവന്റെ ഓരോ പ്രവൃത്തികളെയും, അവനു് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളേയും “സ്വർണ്ണം” തൂക്കുന്ന ത്രാസിൽ തൂക്കിനോക്കി രക്ഷയും ശിക്ഷയും വിധിക്കുമെന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് അസംബന്ധമാണെന്നു് അതൊക്കെ വായിക്കുന്ന ആർക്കും മനസ്സിലാവും – വിശ്വാസികളുടെ തലയിൽ മാത്രം എത്രവട്ടം ആവർത്തിച്ചാലും എന്തുകൊണ്ടോ അതൊന്നും കയറുകയില്ല.

“പൊങ്ങു്” ദൈവത്തിന്റെ ഇഷ്ടഭോജനമായതിനാലാവാം ദൈവം തലയിൽ കയറിക്കൂടിയാൽ വിശ്വാസിയുടെ തലച്ചോറു് പൊങ്ങായി മാറുന്നതു്. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ മുഴുവൻ അവിശ്വാസികളും “വിവരമില്ലാത്തവർ” ആവുന്നതിന്റെ രഹസ്യം ഈ പൊങ്ങാവണം. ചില വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പൊങ്ങു് എന്നാൽ പൊങ്ങുന്നതു് എന്നതിന്റെ അബ്രിവിയേഷൻ ആണെന്നാണു് അവർ ധരിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റാർക്കും കാണാൻ കഴിയാത്തതു് കാണാനും, മറ്റാർക്കും അനുഭവിക്കാൻ കഴിയാത്തതു് അനുഭവിക്കാനും, എന്തിനു്, പ്രപഞ്ചത്തിനു് അപ്പുറം സംഭവിക്കുന്നതെന്തൊക്കെയെന്നു് തത്സമയംതന്നെ അറിയാൻപോലും ഇന്ദ്രിയശേഷിയുള്ളവരാണു് അവർ. അതു് വട്ടാണെന്നൊന്നും പറയാൻ പോയേക്കരുതു്. പോയാൽ വട്ടു് നിങ്ങൾക്കാണെന്നു് കാര്യകാരണസഹിതം അവർ തെളിയിച്ചുതരും. അവർ വായിക്കുന്ന ഗ്രന്ഥങ്ങൾ നിറയെ അതിനുള്ള തത്വങ്ങളാണു്. അല്ലെങ്കിൽത്തന്നെ, അതൊക്കെ വായിച്ചാൽ “ശരിക്കും” മനസ്സിലാവാത്തതാണല്ലോ നിങ്ങളുടെ പ്രധാന പ്രശ്നവും! ഒരു ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതാണു് വായിക്കേണ്ടതു് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണു്. എഴുതാപ്പുറം വായിക്കാനുള്ള ശേഷിയാണു് ശേഷി. അതു് ദൈവം വിശ്വാസികൾക്കു് മാത്രമായി നേരിട്ടു് നൽകുന്നതാണു്.

യാഥാർത്ഥ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനുള്ള കരുത്തില്ലെങ്കിൽ മനുഷ്യൻ അവന്റെ മതത്തിലും ദൈവത്തിലും വിശ്വസിച്ചു് പണ്ടാറമടങ്ങണം. ജീവിതത്തെ മിഥ്യാബോധങ്ങളുടെ സഹായമില്ലാതെ നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ദൈവവും പിശാചും സ്വർഗ്ഗവും നരകവും മതവും പൗരോഹിത്യവുമെല്ലാം ആകെമൊത്തം നാറിയ ഏർപ്പാടാണെന്നു് അംഗീകരിച്ചു് അവയോടെല്ലാം വിടചൊല്ലി മനുഷ്യനായി ജീവിക്കാൻ തുടങ്ങണം. അതുപോലൊരു ജീവിതം സ്വന്തം സമൂഹത്തിൽ സാദ്ധ്യമാവുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കണം. അല്ലാതെ “അത്ര ആണുമല്ല, അത്ര പെണ്ണുമല്ല” എന്ന നാണംകെട്ട നിലപാടു് സ്വീകരിക്കുകയും, അതു് ന്യായീകരിക്കാനായി “കാണുന്നവർക്കു് എല്ലാം മനസ്സിലാവുന്നുണ്ടു്” എന്ന വിലാപവുമായി കിടന്നിടത്തുകിടന്നു് വീണ്ടും വീണ്ടും ഉരുളുകയുമല്ല ചെയ്യേണ്ടതു്. കാണുന്നവരിൽ അധികം പേർക്കും വേണ്ടപോലെയൊക്കെ മനസ്സിലാവുന്നുണ്ടു്. പക്ഷേ, കരഞ്ഞാലും ചിരിച്ചാലും പൊങ്ങു് വീണ്ടും തേങ്ങയാവില്ല എന്നറിയാവുന്നതിനാൽ അവഗണിക്കുന്നു, അത്രതന്നെ.

 
30 Comments

Posted by on Dec 4, 2011 in മതം

 

Tags: , ,