RSS

Daily Archives: Aug 20, 2010

അന്ധർ വർണ്ണങ്ങളെ വർണ്ണിക്കുമ്പോൾ

(വോൾട്ടയറുടെ Les aveugles juges des couleurs-ന്റെ സ്വതന്ത്ര പരിഭാഷ)

പാരീസിലെ “Quinze-Vingts” അന്ധാശുപത്രിയുടെ സ്ഥാപനസമയത്തു് എല്ലാ അന്തേവാസികൾക്കും തുല്യാവകാശം വാഗ്ദാനം ചെയ്യപ്പെട്ടതും അവരുടെ എല്ലാ കാര്യങ്ങളും ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കപ്പെടണമെന്നു് തീരുമാനിച്ചതും വിഖ്യാതമാണല്ലോ. അവരുടെ ശക്തിയേറിയ സ്പര്‍ശനേന്ദ്രിയശേഷി മൂലം അവർക്കു് ഒരു ചെമ്പു് നാണയവും വെള്ളിനാണയവും തമ്മിൽ ഒരു പ്രയാസവുമില്ലാതെ തിരിച്ചറിയാനാവുമായിരുന്നു. അവരിൽ ആരും ഒരിക്കൽ പോലും “ആട്ടിൻകാട്ടം കൂർക്കക്കിഴങ്ങാണെന്നു്” തെറ്റിദ്ധരിച്ചിരുന്നില്ല. രണ്ടു് കണ്ണുകളുമുള്ള അവരുടെ സഹജീവികളെ അപേക്ഷിച്ചു് കൂടുതൽ വളർച്ച പ്രാപിച്ച ഘ്രാണശേഷിയും അവർക്കു് സ്വന്തമായിരുന്നു. അവരുടെ നാലു് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചു് റീസണബിൾ ആയ ഒരു വിധിനിർണ്ണയത്തിൽ എത്തിച്ചേരുവാൻ അവർ തികച്ചും പ്രാപ്തരായിരുന്നു. അങ്ങനെ, കാര്യങ്ങളെ അറിയേണ്ടിടത്തോളം അറിയാൻ അവർക്കു് കഴിഞ്ഞിരുന്നതിനാൽ അവർ അന്ധർക്കു് സാദ്ധ്യമാവുന്നത്ര സന്തുഷ്ടവും സമാധാനപൂർവ്വവുമായി ജീവിച്ചുപോയിക്കൊണ്ടിരുന്നു. നിർഭാഗ്യവശാൽ, ഒരു ദിവസം അവരുടെ അദ്ധ്യാപകരിലൊരുവൻ കാഴ്ചക്കുള്ള അവന്റെ ശേഷി അവനെസംബന്ധിച്ചു് വളരെ വ്യക്തമായ ഒരു കാര്യമാണെന്നു് അവകാശപ്പെട്ടു. അവൻ അതിനെപ്പറ്റി പ്രസംഗങ്ങൾ നടത്തുകയും, അന്ധരിൽ ജിജ്ഞാസ ഉണർത്തുകയും, ആവേശഭരിതരായ ധാരാളം അനുയായികളെ സൃഷ്ടിക്കുകയും ചെയ്തതിന്റെ ഫലമായി അവസാനം അന്ധസമൂഹത്തിന്റെ നേതാവായി അംഗീകരിക്കപ്പെട്ടു. താമസിയാതെ അവൻ നിറങ്ങളെപ്പറ്റി ഏകാധിപത്യസ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ മറ്റൊന്നിനും വിലയില്ലാതായി.

അന്ധാശുപത്രിയിലെ ആദ്യത്തെ ഈ സ്വേച്ഛാധിപതി ചെറിയ ഒരു ഉപദേശകസമിതി രൂപീകരിക്കുകയും അവരെക്കൊണ്ടു് അവനെ ചാരിറ്റി അഡ്മിനിസ്റ്റ്രേറ്റർ ആയി വാഴിപ്പിക്കുകയും ചെയ്തു. അതിനുശേഷം ആരും അവനെ എതിർക്കാൻ തയ്യാറായില്ല. അതോടെ, ആ അന്ധാശുപത്രിയിലെ എല്ലാ അന്തേവാസികളും ധരിക്കുന്ന വസ്ത്രങ്ങൾ വെള്ളയാണെന്നു് അവൻ പ്രഖ്യാപിച്ചു. അവർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്നുപോലും വെള്ളയല്ലാതിരുന്നിട്ടും, അന്ധർ അതു് വിശ്വസിക്കുകയും, അന്നുമുതൽ തങ്ങളുടെ “മനോഹരമായ വെള്ള വസ്ത്രങ്ങളെപ്പറ്റി” മാത്രം സംസാരിക്കുകയും ചെയ്തു. അതുകേട്ട ജനങ്ങൾ അവരെ പരിഹസിക്കാൻ തുടങ്ങിയതിന്റെ പേരിൽ അന്ധർ തങ്ങളുടെ അധിപതിയുടെ മുന്നിൽ പരാതിയുമായി എത്തി. അവൻ അവരോടു് ഒട്ടും സൗഹൃദപരമല്ലാതെ പെരുമാറുകയും, അന്ധരല്ലാത്തവരുടെ ഭ്രാന്തൻ ആശയങ്ങളാൽ വഴിതെറ്റിക്കപ്പെട്ടവരും, സ്വന്തം അധിപതിയുടെ അപ്രമാദിത്വത്തിൽ സംശയാലുക്കളും, നവീകരണാസക്തരും, സ്വതന്ത്രബുദ്ധികളും, വിപ്ലവകാരികളുമായി മുദ്രകുത്തി അവരെ ഭര്‍ത്സിക്കുകയും ചെയ്തു. രണ്ടു് പാർട്ടികളുടെ രൂപമെടുക്കലായിരുന്നു ഈ ലഹളയുടെ ഫലം.

തുടർന്നു്, അന്ധരെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടി അവരുടെ വസ്ത്രങ്ങൾ ചുവപ്പാണെന്നൊരു അനുശാസനം സ്വേച്ഛാധിപതി പ്രസിദ്ധപ്പെടുത്തി. അതേസമയം, ആ അന്ധാശുപത്രിയിൽ ഒറ്റ വസ്ത്രം പോലും ചുവന്നതായിരുന്നില്ല. അതോടെ ജനങ്ങളുടെ പരിഹാസം പതിന്മടങ്ങായി പെരുകി. അന്ധസമൂഹത്തിന്റെ പുതിയ പരാതി – അധിപതി കോപാകുലനായി, അന്തേവാസികളും അതുപോലെതന്നെ. നീണ്ട ചർച്ചകളുടെയും തർക്കങ്ങളുടെയും അവസാനം സ്വന്തം വസ്ത്രത്തിന്റെ നിറം എന്തെന്ന വിധിനിർണ്ണയത്തിൽ സ്വയം എത്തിച്ചേരാനുള്ള അനുവാദം അന്ധന്മാർക്കു് ലഭിച്ചതോടെ മാത്രമേ ലഹള തീർന്നുള്ളു.

വർണ്ണസംബന്ധമായ ഈ ഒരു വിഷയത്തെപ്പറ്റി അന്ധരായവർ സംസാരിച്ചതു് ശരിയായ ഒരു കാര്യമായിരുന്നില്ല എന്നാണു് ഈ കഥ വായിച്ച ബധിരനായ ഒരുവൻ അഭിപ്രായപ്പെട്ടതു്. പക്ഷേ, സംഗീതത്തെപ്പറ്റി സംസാരിക്കാനുള്ള അവകാശം ബധിരർക്കു് മാത്രമുള്ളതാണെന്ന തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അവൻ പറഞ്ഞു.

 
Comments Off on അന്ധർ വർണ്ണങ്ങളെ വർണ്ണിക്കുമ്പോൾ

Posted by on Aug 20, 2010 in ഫിലോസഫി