ഒരുപാടു് ലോകദിനങ്ങളുണ്ടു്: അദ്ധ്യാപകദിനം, സ്ത്രീദിനം, കുട്ടിദിനം, യുവദിനം, മനഃസാക്ഷിദിനം, ചൂരദിനം, ചായദിനം, യോഗദിനം …
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടു് ഏതു് അന്തർദ്ദേശീയ ദിനത്തിലും ആർക്കു് വേണമെങ്കിലും ലോകത്തിലെ മാന്യമഹാജനങ്ങളോടു് രണ്ടുവാക്കു് പറയാൻ തടസ്സമില്ല. സ്വന്തമായി വാക്കുകൾ കൈവശം ഇല്ലാത്ത സാഹചര്യങ്ങളിൽ, മഹത്തുക്കൾ പറഞ്ഞിട്ടുള്ള നാലു് വാക്കുകളിൽ നിന്നും രണ്ടു് വാക്കുകൾ കടം കൊള്ളുന്ന രീതിയാണു് പ്രാബല്യത്തിലിരിക്കുന്നതു്. ഉദാഹരണത്തിനു്, അന്തർദ്ദേശീയ ജീവിതദിനത്തിൽ, “ജീവിതമാണു് മരണത്തെക്കാൾ നല്ലതു്. – ഓഷോ” എന്ന ആശംസാവചനം സാമാന്യം തെറ്റില്ലാത്ത ഒന്നാണു്. വേണ്ടാത്ത വാക്കുകൾ പറഞ്ഞു് നാണംകെടാതിരിക്കാൻ, തെറ്റു് വരുത്താൻ സാദ്ധ്യതയില്ല എന്നു് ഉറപ്പുള്ളവരുടെ വചനങ്ങളാണു് മനുഷ്യർ പൊതുവെ ക്വോട്ട് ചെയ്യാറുള്ളതു്. ഇക്കാര്യത്തിൽ ഗുരുസ്ഥാനീയർ ഒരു നല്ല ചോയിസാണു്.
അദ്ധ്യാപകദിനത്തിൽ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നൊരു ക്വോട്ട് കണ്ടിരുന്നു. അച്ചൻ, ബിഷപ്പു്, കർദ്ദിനാൾ, കപ്യാർ, അമ്മ, ധ്യാനഗുരു, വായുഗുരു, ശാസ്ത്രഗുരു, ദുരന്തഗുരു, ഹോമിയോ ഗുരു, ആയുർവ്വേദഗുരു, അലോപ്പതിഗുരു ഇത്യാദി കേരളീയ ഗുരുക്കളെ കാണുമ്പോൾ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നതിനേക്കാൾ, “പരിമിതമായ സാദ്ധ്യതകളുള്ള ഗുരു ഒരു ബാദ്ധ്യതയാണു്” എന്നതല്ലേ കൂടുതൽ അനുയോജ്യവും പ്രാസഭംഗിയും എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാമെങ്കിലും, “മാതാപിതാഗുരുദൈവം” എന്ന “പ്രത്യയശാസ്ത്രം” വഴി, മാതാവും പിതാവും എന്നപോലെതന്നെ, ഗുരുവും ദൈവസ്ഥാനീയനായതിനാൽ, അതുപോലൊരു ക്വോട്ട് ക്വോട്ടി ഗുരുവിനെ ഒരു ബാദ്ധ്യതയാക്കുന്നതു് ഗുരുനിന്ദയും തന്മൂലം ശിക്ഷാർഹമായ ബ്ലാസ്ഫമിയുമായി വിലയിരുത്തപ്പെടാം. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെവിടെയെങ്കിലും “ടർക്കി വിരിച്ചൊരു ചാരുകസേര” എന്ന വല്ല അംബീഷനും വച്ചുപുലർത്തുന്ന ഒരു പദവിമോഹിയാണു് നിങ്ങളെങ്കിൽ അത്തരം ദൈവദൂഷണങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണു് നിങ്ങളുടെ കരിയർ അഡ്വാൻസ്മന്റിനു് നല്ലതു്. (ശ്രദ്ധിക്കുക: അലോപ്പതി എന്ന വാക്കും ഒരു ബ്ലാസ്ഫമിയാണു് – “ലാങ്ഗ്വേജ് ബ്ലാസ്ഫമി”!)
അല്പം ഫിസിക്സ്: നക്ഷത്രം, ഗ്രഹം തുടങ്ങിയവയുടെ ആകർഷണശക്തിയെ ഭേദിച്ചു് രക്ഷപെടാൻ ഒരു വസ്തുവിനു് ആവശ്യമായ മിനിമം വേഗതയാണു് എസ്കെയ്പ്പ് വെലോസിറ്റി. അതു് കണക്കുകൂട്ടാൻ ഗ്രഹത്തിന്റെ മാസും, റേഡിയസും, യൂണിവേഴ്‌സൽ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റും അറിഞ്ഞാൽ മതി. ഉദാഹരണത്തിനു്, ഒരു സെക്കന്റിൽ 11.19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു വസ്തുവിനേ ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാൻ കഴിയൂ.
പാർട്ടിഭക്തർ, മതഭക്തർ, ദൈവഭക്തർ, സൂപ്പർസ്റ്റാർ ഭക്തർ തുടങ്ങിയ ഭക്തഫാനരർക്കു് അവർ അവരുടെ നക്ഷത്രത്തെ ചുറ്റുന്ന ഭ്രമണപഥത്തിൽനിന്നും പുറത്തുകടക്കാൻ കഴിയണമെങ്കിലും അതുപോലൊരു എസ്കെയ്പ്പ് വെലോസിറ്റി ആവശ്യമാണു്. പക്ഷേ, സെക്റ്റുകളുടെ രൂപത്തിൽ ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്ന അത്തരം ഭക്തിസംഘങ്ങളിൽ നിന്നും രക്ഷപെടണമെന്ന ആഗ്രഹമുള്ളവരല്ല, ആ സെക്റ്റുകളാൽ ബ്രെയ്ൻവാഷ് ചെയ്യപ്പെട്ടവരായ അവയിലെ അംഗങ്ങളിലെ 99 ശതമാനവും! ഒരിക്കൽ പെട്ടാൽ, അവിടെനിന്നും പിന്നീടൊരു എസ്കെയ്പ്പ് മിക്കവാറും അസാദ്ധ്യമാണെന്നു് ചുരുക്കം.
ഹോമോ സാപ്പിയൻസിൽ നിന്നും വ്യത്യസ്തമായി, മറ്റു് ജീവജാലങ്ങൾ ദൈവത്തിന്റെയോ മതത്തിന്റെയോ പ്രവാചകന്റെയോ പാർട്ടിയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ മറ്റിനം വിശ്വാസപ്രമാണങ്ങളുടെയോ പേരിൽ ബ്രെയ്ൻവാഷ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടു്, “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകം” എന്നും മറ്റും വിപ്ലവഗീതം പാടി സമയം കളയുന്നതിനേക്കാൾ, പാരതന്ത്ര്യത്തിൽ പെട്ടു എന്നു് മനസ്സിലാക്കുന്ന അതേ നിമിഷം മുതൽ അവിടെനിന്നും സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാനുള്ള ശ്രമം തുടങ്ങുന്നതാണു് അവയുടെ ജന്മസിദ്ധമായ രീതി.
ഞണ്ടുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവയിൽ ചിലതെങ്കിലും കലത്തിന്റെ സൈഡിലൂടെ പിടിച്ചുകയറി രക്ഷപെടാൻ ശ്രമിക്കും. അവ കേരളത്തിൽനിന്നും പിടിക്കപ്പെട്ട ഞണ്ടുകളാണെങ്കിൽ, രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടുകളെയും വലിച്ചു് താഴെയിടാൻ, കലത്തിലെ സ്വന്തം ജീവിതത്തിൽ പൂർണ്ണമായും സംതൃപ്തരായ മറ്റു് ഞണ്ടുകൾ ബദ്ധശ്രദ്ധരായിക്കുമെന്നതിനാൽ, ആ ശ്രമത്തിൽ അവ ദയനീയമായി പരാജയപ്പെടും എന്നതു് മറ്റൊരു കാര്യം. അക്കാര്യത്തിൽ കേരളത്തിലെ ഞണ്ടുകൾക്കു് കേരളത്തിലെ ഹോമോ സാപ്പിയൻസിനോടു് ഒരല്പം സാമ്യമുണ്ടു്.
കൊഞ്ചുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവ നിന്ന നില്പിൽ തെറിച്ചു് ആ കലത്തിനുള്ളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കും. തെറിക്കുന്ന കൊഞ്ചുകളെ വലിച്ചു് താഴെയിടാനുതകുന്ന സാങ്കേതികത്വം കൊഞ്ചുകളുടെ ലോകത്തിൽ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, തെറിക്കൽ വഴി വേണ്ടത്ര എസ്കെയ്പ്പ് വെലോസിറ്റി കൈവരിക്കാൻ കഴിയുന്ന ഏതൊരു കൊഞ്ചിനും കലത്തിനുള്ളിൽ നിന്നും ബാഹ്യലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാൻ സാധിക്കും. സാമൂഹികസഖാക്കളിൽ നിന്നുള്ള പിടിവലിശല്യം നേരിടേണ്ട ആവശ്യം ആ വിഷയത്തിൽ കൊഞ്ചുകൾക്കില്ല എന്നു് സാരം.
ഈ കഥാകഥനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, ഞണ്ടുകളുടെ ലോകം ന്യൂട്ടോണിയൻ ഫിസിക്സിന്റേതും, കൊഞ്ചുകളുടെ ലോകം ക്വാണ്ടം ഫിസിക്സിന്റേതുമാണു്. ഞണ്ടുകളുടെ ലോകത്തിൽ ചലനം അനലോഗ് ആയിരിക്കുമ്പോൾ, കൊഞ്ചുകളുടെ ലോകത്തിൽ ഓരോ കുതിപ്പും ഒരു ക്വാണ്ടം കുതിപ്പാണു്.
ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മനുഷ്യരുടെ കാര്യവും. ഓരോ മനുഷ്യനും അവന്റേതായ/അവളുടേതായ ഐഡിയോളജിക്കൽ കരിക്കലങ്ങളിൽ തടവിലിട്ടിരിക്കുന്ന ഞണ്ടുകളോ കൊഞ്ചുകളോ ആണു്. അച്ചൻകലം, ബിഷപ്പു്കലം, കർദ്ദിനാൾകലം, കപ്യാർകലം, അമ്മക്കലം, ധ്യാനഗുരുക്കലം, വായുഗുരുക്കലം, ശാസ്ത്രഗുരുക്കലം, ദുരന്തഗുരുക്കലം, ഹോമിയോഗുരുക്കലം, ആയുർവ്വേദഗുരുക്കലം, അലോപ്പതിഗുരുക്കലം etc. etc.
ഞണ്ടുകൾ ന്യൂട്ടോണിയൻ ഫിസിക്സിന്റെ അനുയായികൾ ആയതിനാൽ, അവയെ അടിമക്കലത്തിൽ നിന്നും രക്ഷപെടുത്തുക എന്നതു് മിക്കവാറും അസാദ്ധ്യമായ കാര്യമാണു്. രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടിനെയും കാലില്പിടിച്ചു് വലിച്ചു് താഴെയിടാൻ കൂലിപ്പണി ചെയ്യുന്ന പോരാളിഷാജികൾ അവയെ അതിനു് അനുവദിക്കില്ല. അതിനായാണു് പത്രത്തിലും സത്രത്തിലുമെല്ലാം ജോലിയോ, മന്ത്രി, കമ്മീഷൻ തുടങ്ങിയ പദവികളോ, തോളിലൊരു സ്നേഹപൂർവ്വത്തട്ടോ, കൈമടക്കോ നൽകി ഉപജാപകവൃന്ദവും, ന്യായീകരണത്തൊഴിലാളികളും, സിന്താവായും ലാൽ സലാമും വിളിക്കാനല്ലാതെ മറ്റൊരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിയർ ഗേൾസുമെല്ലാം ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്നതു്.
ക്വാണ്ടം ഫിസിക്സിന്റെ ലോകത്തിൽ ജീവിക്കുന്ന കൊഞ്ചുകളുടെ രക്ഷപെടാനുള്ള കുതിപ്പു് നേരിടുന്ന കുറവു് നികത്താൻ വേണ്ടത്ര എനർജി നൽകി ബൂസ്റ്റ് ചെയ്താൽ അവ രക്ഷപെട്ടുകൂടെന്നില്ല. അതല്ലാത്ത എല്ലാവിധ ഭക്തഫാനരരെയും നിഷ്കരുണം അവഗണിച്ചാൽ, അത്രയും എനർജി ലാഭം.