RSS

Daily Archives: May 16, 2010

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-4

‘ബർണബാസിന്റെ പ്രവൃത്തികളും’ ബർണബാസ്‌ സുവിശേഷവും

ബർണബാസിന്റെ പ്രവൃത്തികൾ (Acts of Barnabas) എന്ന പേരിൽ അറിയപ്പെടുന്ന സ്യൂഡെപിഗ്രാഫിക്കൽ സൃഷ്ടിയിൽ ബർണബാസ്‌ സുവിശേഷത്തെപ്പറ്റി സൂചനയുണ്ടെന്നതും ഒരു തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമാണു്. “(തന്റെ സഹപ്രവർത്തകനായിരുന്ന മത്തായിയിൽ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചതായ) സുവിശേഷം ചുരുൾ നിവർത്തി ബർണബാസ്‌ യഹൂദരെ പഠിപ്പിക്കാൻ ആരംഭിച്ചു.” എന്ന അതിലെ ഒരു വാചകത്തിൽ നിന്നും ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന ഭാഗം ഒഴിവാക്കിയാൽ ബർണബാസ്‌ ചുരുൾ നിവർത്തുന്നതു് അവന്റെ സ്വന്തം സുവിശേഷം ആണെന്ന ധാരണ സൃഷ്ടിക്കാമല്ലോ. [“Barnabas, having unrolled the Gospel, (which we have received from Matthew his fellow-labourer,) began to teach the Jews.] ആരംഭകാലകാല ക്രിസ്തുമതത്തിൽ ഒരു ആധികാരിക ബർണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നു് തെളിയിക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കുന്ന ഒരു തന്ത്രമാണിതു്. ബർണബാസിന്റെ പ്രവൃത്തികളും, ബർണബാസിന്റെ ലേഖനവും കൂടാതെ, ഇവിടത്തെ വിഷയമായ ബർണബാസിന്റെ സുവിശേഷവും – ഒരു മദ്ധ്യകാലസൃഷ്ടി എന്ന നിലയിൽ സ്വാഭാവികമായും – കനോനിക്കൽ ബൈബിളിന്റെ ഭാഗങ്ങളല്ല. A.D. 70-നും 135-നും ഇടയിൽ എഴുതപ്പെട്ടതെന്നു് കരുതുന്ന ബർണബാസിന്റെ ലേഖനം പോലും ബർണബാസ്‌ എഴുതിയതല്ല എന്നാണു് പൊതുവേ പണ്ഡിതാഭിപ്രായം. അതുപോലെതന്നെ, ‘ബർണബാസിന്റെ പ്രവൃത്തികളിൽ’ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെയും വിശ്വാസപരമായ നിലപാടുകളുടെയും വെളിച്ചത്തിൽ അതു് സൈപ്രസിലെ ക്രൈസ്തവസഭയെ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ നിന്നും മോചിപ്പിച്ചു് സ്വതന്ത്രമാക്കുക എന്ന ആശയത്തിന്റെ അടിത്തറയിൽ 5/6 നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാവാനാണു് സാദ്ധ്യത. A.D. 431-ൽ എഫെസൂസിൽ വച്ചു് നടന്ന ഒന്നാം കൗൺസിലിലെ സൈപ്രസ്‌ സഭയുടെ സ്വാതന്ത്ര്യപ്രഖ്യാപനവും, പിൽക്കാലത്തു് (A.D. 474-475) ബിസാന്റീൻ ചക്രവർത്തി അതു് സ്ഥിരീകരിച്ചതുമെല്ലാം ഇതിനു് ഉപോദ്ബലകമായ തെളിവുകളായി കണക്കാക്കാം.

“ദൈവവചനവും, അത്ഭുതപ്രവൃത്തികളും, പ്രമാണങ്ങളും ഉൾക്കൊള്ളുന്ന” മത്തായിയുടെ സുവിശേഷമായിരുന്നു ബർണബാസ്‌ സൈപ്രസിൽ ഓരോരോ പ്രദേശങ്ങളിൽ ചെല്ലുമ്പോഴും രോഗശാന്തിശുശ്രൂഷക്കായി ഉപയോഗപ്പെടുത്തിയിരുന്നതു് എന്നും നമ്മൾ ‘ബർണബാസിന്റെ പ്രവൃത്തികളിൽ’ വായിക്കുന്നു. മത്തായിയും ബർണബാസും ലേവി ഗോത്രക്കാരായിരുന്നു എന്നതിനാൽ, മത്തായിയുടെ ‘യഹൂദ’സുവിശേഷം സംരക്ഷിക്കാനും തന്റെ പ്രവൃത്തികളുടെ ആധാരശിലയാക്കാനും ബർണബാസ്‌ തീരുമാനിക്കുന്നതും മുൻപേ സൂചിപ്പിച്ച ഇബായണൈറ്റ്‌ ചിന്താധാരയോടു് കൂട്ടിവായിച്ചാൽ മനസ്സിലാക്കാൻ പ്രയാസമില്ല. ബർണബാസിന്റെ മരണശേഷം മത്തായിയുടെ ഈ സുവിശേഷം ബര്‍ണബാസിന്റെ പ്രവൃത്തികളുടെ രചയിതാവെന്നു് അവകാശപ്പെടുന്ന മർക്കോസ്‌ റ്റീമോൺ റോഡോൺ എന്നിങ്ങനെ രണ്ടു് സഹപ്രവർത്തകരുടെ സഹായത്തോടെ രാത്രിയിൽ രഹസ്യമായി രക്ഷപെടുത്തി മൃതശരീരത്തോടൊപ്പം ഒരു ഗുഹയിൽ അടക്കം ചെയ്യുകയായിരുന്നത്രെ. പിന്നീടു്, ബർണബാസിന്റെ ഭൗതികാവശിഷ്ടങ്ങളോടൊപ്പം ആ സുവിശേഷം മൃതശരീരത്തിന്റെ നെഞ്ചോടു് ചേർത്തുവച്ച രീതിയിൽ കണ്ടെത്തുകയായിരുന്നു എന്നാണു് ഒരു ഐതിഹ്യം. കണ്ടെടുത്തപ്പോൾ മൃതശരീരവും സുവിശേഷവും അത്ഭുതകരമാം വിധം യാതൊരു കേടുപാടുമില്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ടു്. ബർണബാസിന്റെ മൃതശരീരത്തോടൊപ്പം ഉണ്ടായിരുന്നതു് ബർണബാസ്‌ സ്വന്തം കൈകൊണ്ടു് പകർത്തിയെഴുതിയ ‘മത്ഥിയാസിന്റെ’ സുവിശേഷമായിരുന്നു എന്ന മറ്റൊരു വേർഷൻ നമ്മൾ നേരത്തേ കണ്ടിരുന്നല്ലോ. ചുരുക്കത്തിൽ, ബർണബാസിന്റെ പ്രവൃത്തികളോ, ബർണബാസിന്റെ ലേഖനമോ ഒരിക്കലും മദ്ധ്യകാലസൃഷ്ടിയായ ബർണബാസിന്റെ സുവിശേഷമോ അതിന്റെ മുൻഗാമിയോ ആവുക എന്നതു് അടിസ്ഥാനരഹിതമാണു്.

ബർണബാസ്‌ കൈവശം സൂക്ഷിച്ചിരുന്നതും സംരക്ഷിച്ചിരുന്നതുമായ മത്തായിയുടെ സുവിശേഷം, ഒരുപക്ഷേ തെറ്റിദ്ധാരണയുടെ ഫലമായി, വിശ്വാസിവൃത്തങ്ങളിൽ ബർണബാസിന്റെ സുവിശേഷം എന്നു് അറിയപ്പെട്ടിരുന്നതാവാം. മുൻപു് സൂചിപ്പിച്ച രണ്ടു് ലിസ്റ്റുകളിലും ‘ബര്‍ണബാസ്‌ സുവിശേഷം’ എന്നു് രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടു് ആ ലിസ്റ്റ്‌ തയാറാക്കിയവർ അതു് കണ്ടിട്ടുള്ളതാവണം എന്നു് നിർബന്ധമൊന്നുമില്ല. ആരംഭകാലക്രിസ്തുമതത്തിന്റെ ചരിത്രം ഇതുപോലൊരു നിഗമനത്തെ അപ്പാടെ നിഷേധിക്കാവുന്ന വിധത്തിൽ ഉള്ളതുമല്ല. ബർണബാസ്‌ സുവിശേഷം നാമമാത്രമായേ നിലനിന്നിരുന്നുള്ളുവെന്നു് അറിയാമായിരുന്നവനായിരുന്നു വ്യാജസൃഷ്ടിയുടെ കർത്താവു് എങ്കിൽ, അങ്ങനെയൊന്നു് യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ, അതുപോലൊന്നു് എപ്പോഴെങ്കിലും കണ്ടുകിട്ടാനുള്ള സാദ്ധ്യതയും ഇല്ല എന്ന ഉറപ്പുമൂലം തന്റെ കൃതിക്കു് ധൈര്യമായി ‘ബർണബാസ്‌ സുവിശേഷം’ എന്ന പേരു് നൽകാനും അവനു് കഴിയുമായിരുന്നു.

ബര്‍ണബാസ്‌ സുവിശേഷത്തിലെ പൗലോസ്‌വിരോധം

ബർണബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ മുഖവുരയിൽ വ്യക്തമായ ഭാഷയിൽ പൗലോസിന്റെ പഠിപ്പിക്കലുകളോടുള്ള വിരോധം കാണാം. സാത്താന്റെ ചതിയിൽപ്പെട്ടവരോടൊപ്പം, പൗലോസിനെയും ഭക്തിരഹിതമായ കാര്യങ്ങൾ പഠിപ്പിക്കുന്നവനായി “ഇതെഴുതുന്നവൻ” എന്നു് സ്വയം വിശേഷിപ്പിക്കുന്ന ബര്‍ണബാസ്‌ കുറ്റപ്പെടുത്തുന്നു. യേശുവിനെ ദൈവപുത്രൻ എന്നു് വിളിക്കുന്നു, എന്നാളത്തേക്കുമായി ദൈവം ഏർപ്പെടുത്തിയ ചേലാകർമ്മം (circumcision) എന്ന നടപടി ഉപേക്ഷിക്കുന്നു, അശുദ്ധമായ മാംസം ഭക്ഷിക്കാൻ അനുവദിക്കുന്നു മുതലായവയാണു് പ്രധാന ആരോപണങ്ങൾ. “അതുകൊണ്ടാണു് നേരിൽ കണ്ടതും കേട്ടതുമായ ഈ സത്യങ്ങൾ ഞാനിവിടെ എഴുതുന്നതു്.” ഈ പൗലോസ്‌ വിരോധം അവസാന അദ്ധ്യായത്തിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു: “അനുയായികൾ എന്നു് ഭാവിച്ചുകൊണ്ടു് ചില ‘ദുഷിച്ച മനുഷ്യർ’ യേശു മരിച്ചുവെന്നും, ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും പ്രസംഗിക്കുന്നു. മറ്റു് ചിലർ യേശു യഥാർത്ഥത്തിൽ മരിച്ചുവെന്നും ഉയിർത്തെഴുന്നേറ്റുവെന്നും പഠിപ്പിക്കുന്നു. പൗലോസ്‌ അടക്കമുള്ള വീണ്ടും മറ്റു് ചിലരാകട്ടെ, യേശു ദൈവപുത്രനെന്നു് പ്രസംഗിച്ചു, ഇപ്പോഴും പ്രസംഗിക്കുന്നു”.

പക്ഷേ, മുഖവുരയിലെ ഈ ആരോപണങ്ങളുടെ തീവ്രത ആ സുവിശേഷത്തിന്റെ ഉള്ളിൽ ഇല്ല എന്നതാണു് സത്യം. ഉദാഹരണത്തിനു്, ചേലാകർമ്മവിഷയം 21 മുതൽ 29 വരെയുള്ള അദ്ധ്യായങ്ങളിലെ ഏതാനും പരാമർശങ്ങളായി പരിമിതപ്പെടുമ്പോൾ, ആകെ 222 അദ്ധ്യായങ്ങളിൽ മറ്റൊരിടത്തും അതിനു് സ്ഥാനം ലഭിക്കുന്നില്ല. അതുപോലെതന്നെ, അശുദ്ധമാംസം എന്ന പ്രശ്നം രണ്ടാം അദ്ധ്യായത്തിൽ, യേശു അശുദ്ധമാംസത്തിൽ നിന്നും വീഞ്ഞിൽ നിന്നും, വീര്യമുള്ള മദ്യത്തിൽ നിന്നും അകറ്റി നിർത്തപ്പെടണമെന്ന ഒരു സൂചനയിലും, അദ്ധ്യായം 32-ലെ ഒരു വാക്യത്തിലും മാത്രമായി ഒതുങ്ങുന്നു. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു്, മുഖവുരയിലും ഏതാനും അദ്ധ്യായങ്ങളിലും നടത്തിയ കൂട്ടിച്ചേർക്കൽ വഴി, ആ സുവിശേഷത്തിൽ ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായും വ്യക്തമായും പൗലോസ്‌ വിരോധം തിരുകിക്കയറ്റാനുള്ള ശ്രമം നടന്നു എന്നാണു്. ഈ ശ്രമത്തിനോടൊപ്പം, പൗലോസ്‌ ഗലാത്യർക്കെഴുതിയ ലേഖനത്തിൽ 2:12-ന്റെ ചുവടുപിടിച്ചു് ബര്‍ണബാസിനു് ഈ സുവിശേഷത്തിന്റെ സ്രഷ്ടാവു് എന്ന പദവി നൽകപ്പെടുകയായിരുന്നില്ലേ എന്നതും ചിന്തായോഗ്യമാണു്.

‘ജാതികൾ’ ക്രിസ്ത്യാനികൾ ആവാൻ തുടങ്ങിയതോടെ യഹൂദരുടെ ചട്ടങ്ങളായ ചേലാകർമ്മം, ‘അശുദ്ധമായ’ വസ്തുക്കൾ ഭക്ഷിക്കരുതു് മുതലായ കാര്യങ്ങൾ സഭാപിതാക്കളിൽ അഭിപ്രായവ്യത്യാസങ്ങൾക്കും ലഹളക്കും കാരണമായിരുന്നു. ഗലാത്യർക്കുള്ള ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ ഈ വിഷയം സംബന്ധിച്ചു് കേഫാവും പൗലോസും രണ്ടുപക്ഷത്തായി നിന്നുകൊണ്ടു് യേരുശലേമിൽ വച്ചു് നടക്കുന്ന വാക്കുതർക്കം ശ്രദ്ധേയമാണു്. (ഇവിടെ പറയുന്ന കേഫാവു് ശിഷ്യന്മാരുടെ തലവനായ പത്രോസ്‌ അല്ല എന്നൊരു പഠനമുണ്ടു്. പക്ഷേ, അതു് ഇവിടെ പ്രസക്തമല്ലാത്തതിനാൽ ഒഴിവാക്കുന്നു.) ഭാവിയിൽ പൗലോസും ബർണബാസും ജാതികളോടും, യാക്കോബും പത്രോസും യോഹന്നാനും യഹൂദരോടും സുവിശേഷം അറിയിക്കണമെന്നും, ജാതികൾ ക്രൈസ്തവരാവുമ്പോൾ ചേലാകർമ്മം അനുഷ്ഠിക്കേണ്ട കാര്യമില്ലെന്നുമുള്ള തീരുമാനമായിരുന്നു തർക്കത്തിന്റെ പരിണതഫലം. താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന യേരുശലേം ക്രിസ്ത്യാനികളെ സഹായിച്ചിരുന്നതു് അധികപങ്കും കച്ചവടക്കാരും, അതുകൊണ്ടുതന്നെ സാമ്പത്തികമായി ഉയർന്നവരുമായിരുന്ന അന്ത്യോഖ്യൻ ക്രിസ്ത്യാനികൾ ആയിരുന്നു എന്നതും, ‘ചേലാകർമ്മം’ യവനരിൽ അങ്ങേയറ്റം അറപ്പുളവാക്കിയിരുന്ന ഒരു ചടങ്ങായിരുന്നു എന്നതും ഈ തീരുമാനത്തെ പൗലോസിനും ബർണബാസിനും അനുകൂലമായി സ്വാധീനിച്ച പ്രധാന ഘടകങ്ങളായിരുന്നു. ‘ധനദാതാക്കളെ’ മുഷിപ്പിക്കരുതല്ലോ. വിശ്വാസം – അതാവാം ഒരുപക്ഷേ എല്ലാം. എങ്കിലും, ആർക്കിഷ്ടമായാലും ഇല്ലെങ്കിലും, ഒരു ‘പക്ഷേ’യുമില്ലാതെ പറയാൻ കഴിയുന്ന അതിലും വലിയ, എല്ലാറ്റിലും വലിയ ഒന്നുണ്ടു്: അതാണു് പണം!

പത്രോസിനോടൊപ്പമുള്ള അന്ത്യോഖ്യയിലെ സുവിശേഷപ്രവർത്തനത്തിനിടയിൽ അവിടത്തെ ക്രിസ്തീയസമൂഹത്തിനു് പൗലോസിനെ പരിചയപ്പെടുത്തിയതും ബർണബാസ്‌ ആണു്. ശിഷ്യന്മാർക്കു് ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേരു് ഉണ്ടായതും അവിടെവച്ചാണു്. പിന്നീടു്, സൈപ്രസിലെ സെർഗ്യോസ്‌ പൗലോസ്‌ എന്നൊരു ദേശാധിപതിയെ മാനസാന്തരപ്പെടുത്താൻ പൗലോസിനു് ചില ജാലവിദ്യകളിലൂടെ കഴിഞ്ഞതോടെ ആദ്യമാദ്യം പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന ബർണബാസിനെ പിൻതള്ളി പൗലോസിനു് ആ സ്ഥാനത്തു് കയറിപ്പറ്റാനായി. (അപ്പൊ. പ്രവൃത്തികൾ 13: 1-12) “പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രോസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു് … … ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാൻ തക്കവണ്ണം എനിക്കും ബർണബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു” (ഗലാത്യർ 2:7-10) എന്നു് പൗലോസ്‌ എഴുതുന്നുണ്ടു്. എങ്കിലും മുകളിൽ സൂചിപ്പിച്ച വാക്കുതർക്കത്തിൽ ബർണബാസ്‌ പൗലോസിന്റെ എതിര്‍പക്ഷത്താണു്. അതുപോലെതന്നെ, മറ്റൊരിക്കൽ പൗലോസ്‌ ബർണബാസുമൊത്തു് സുവിശേഷം അറിയിച്ച പട്ടണങ്ങൾ സന്ദര്‍ശിക്കാൻ പ്ലാനിട്ടപ്പോൾ തന്റെ മച്ചുനനായ മർക്കോസിനേയും (John Mark) കൂടെ കൊണ്ടുപോകാൻ ബർണബാസ്‌ ആഗ്രഹിച്ചു. പക്ഷേ, മുൻപൊരിക്കൽ പംഫുല്യ ദേശത്തുവച്ചു് ഈ മർക്കോസ്‌ പൗലോസും കൂട്ടരുമൊത്തു് പ്രവൃത്തിക്കു് നിൽക്കാതെ യേരുശലേമിലേക്കു് മടങ്ങിപ്പോയതിന്റെ ദ്വേഷ്യം മൂലം അവനെ കൂടെ കൂട്ടുവാൻ പൗലോസ്‌ ഇഷ്ടപ്പെട്ടില്ല. അതു് പൗലോസും ബർണബാസും തമ്മിൽ ഉഗ്രവാദത്തിനു് ഇടയാവുകയും അവർ തമ്മിൽ വേര്‍പിരിയുകയും അങ്ങനെ ബർണബാസ്‌ മർക്കോസുമായി സൈപ്രസിലേക്കു് കപ്പൽ കയറുകയും ചെയ്യുന്നു. പൗലോസാകട്ടെ, ശീലാസിനെയും കൂട്ടി താൻ പ്ലാനിട്ട സന്ദര്‍ശനത്തിനും പുറപ്പെടുന്നു. (അപ്പൊ. പ്രവൃത്തികൾ 15:35-40) എങ്കിലും, പിന്നീടു് അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും, ബർണബാസ്‌ തന്റെ സുവിശേഷപ്രവർത്തനം തുടർന്നു എന്നും വേണം കരുതുവാൻ. (1. കൊരിന്ത്യർ 9:5,6) ഈ വസ്തുതകളുടെ വെളിച്ചത്തിൽ മദ്ധ്യകാല ബർണബാസ്‌ സുവിശേഷം പോലെയൊരു സൃഷ്ടി പൗലോസിന്റെ ദൃഷ്ടിയിൽ ‘കൂട്ടായ്മയുടെ വലങ്കൈ’ ആയിരുന്ന ബർണബാസിൽ നിന്നും ഉരുത്തിരിയുക എന്നതു് സാധാരണഗതിയിൽ അസംഭവ്യം എന്നേ പറയാനാവൂ.

ബർണബാസ്‌ എന്ന പേരിന്റെ എറ്റിമോളജി

അപ്പൊസ്തലപ്രവൃത്തികൾ (4: 36,37): “പ്രബോധനപുത്രൻ (son of exhortation) എന്നു് അർത്ഥമുള്ള ബർന്നബാസ്‌ എന്നു് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ (സൈപ്രസ്‌) യോസേഫ്‌ എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു് പണം കൊണ്ടുവന്നു് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു.”

അരാമ്യ ഭാഷയിൽ നിന്നും വരുന്ന ബർ ‘നബി’യ എന്ന വാക്കിനു് പ്രവാചക(പുത്രൻ) എന്നാണർത്ഥം. അതേസമയം, ലൂക്കോസിന്റെ അപ്പൊസ്തലപ്രവൃത്തികളുടെ ഗ്രീക്ക്‌ വേർഷനിൽ ഈ വാക്കു് സാന്ത്വനപുത്രൻ (son of consolation), പ്രോത്സാഹനപുത്രൻ (son of encouragement) എന്നീ അർത്ഥങ്ങളുള്ള hyios parakleseos എന്നാണു്. കൂടാതെ, പാരക്ലീറ്റ്‌ എന്നാൽ ഒരു കോടതിയിലെ വക്കീൽ എന്നപോലെ വാദിക്കുന്നവനുമാണു്. “പ്രവചിക്കുന്നവനോ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു് സംസാരിക്കുന്നു” എന്നു് പൗലോസും പ്രവചനവും പ്രബോധനവും തമ്മിൽ ബന്ധപ്പെടുത്തുന്നുണ്ടു്. (1. കൊരിന്ത്യർ 14: 3) പ്രവാചകർ പ്രബോധിപ്പിക്കുന്നവരും ആണെന്നതിനാൽ പ്രവാചകപുത്രനും പ്രബോധനപുത്രനും തമ്മിൽ പൊരുത്തപ്പെടാതിരിക്കുന്നില്ല എന്നു് സാരം. ബര്‍ണബാസ്‌ സുവിശേഷത്തിനു് ആ പേരു് ലഭിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം മറ്റൊരു ദിശയിലേക്കു് തിരിച്ചുവിടാൻ ആവുമെന്നതാണു് ഇതിവിടെ സൂചിപ്പിക്കാനുണ്ടായ കാരണം.

ബർണബാസ്‌ സുവിശേഷത്തിലെ ‘മശിഹാസിദ്ധാന്തം’

“ഞാൻ പിതാവിനോടു് ചോദിക്കും; അവൻ ‘സത്യത്തിന്റെ ആത്മാവു്’ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു് നിങ്ങൾക്കു് തരും” എന്ന യോഹന്നാന്റെ സുവിശേഷത്തിലെ (14: 16) വാക്യം ബർണബാസ്‌ സുവിശേഷത്തിൽ “എനിക്കു് മുൻപു് സൃഷ്ടിക്കപ്പെട്ടവനും എനിക്കു് ശേഷം വരുവാനിരിക്കുന്നവനും, നിങ്ങൾ മശിഹാ എന്നു് വിളിക്കുന്ന ദൈവദൂതനുമായവൻ ‘സത്യത്തിന്റെ വചനങ്ങൾ’ നിങ്ങൾക്കായി കൊണ്ടുവരും” എന്നാക്കി മാറ്റിയിരിക്കുന്നു. ബർണബാസ്‌ സുവിശേഷപ്രകാരം, മുഹമ്മദിന്റെ ‘മശിഹാത്വം’ പ്രവചിക്കുന്നവനാണു് യേശു. യേശുവിനെ ‘മശിഹായുടെ’ മുന്നോടി ആക്കുന്നതുവഴി എഴുത്തുകാരൻ യേശുവിനെ ‘വരാനിരിക്കുന്ന സത്യത്തിന്റെ ആത്മാവു് എന്ന കാര്യസ്ഥന്റെ’ മുന്നോടിയാക്കുകയാണു് ചെയ്യുന്നതു്. ഇസ്ലാമികചിന്താധാരയുടെ സാന്നിദ്ധ്യം ബർണബാസ്‌ സുവിശേഷത്തിൽ ഉണ്ടെങ്കിലും മുഹമ്മദ്‌ എന്ന പേരു് അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമല്ല. മുഹമ്മദ്‌ എന്ന വാക്കിന്റെ സ്ഥാനത്തു് യോഹാന്നാന്റെ സുവിശേഷത്തിന്റെ അടിസ്ഥാനത്തിലും അർത്ഥത്തിലും, ‘വരുവാനിരിക്കുന്ന കാര്യസ്ഥൻ’ എന്നർത്ഥമുള്ള ഒരു വാക്കു് പ്രതിഷ്ഠിച്ചാൽ അതിലെ ‘മശിഹാസിദ്ധാന്തത്തിനു്’ ഭംഗമൊന്നും സംഭവിക്കുകയില്ല എന്നു് സാരം. ഏതായാലും, എഴുത്തുകാരനു് നാലാം സുവിശേഷത്തെപ്പറ്റി ഉണ്ടായിരുന്നത്ര വ്യക്തമായ അറിവു് ഖുർആനെപ്പറ്റിയോ മുഹമ്മദിന്റെ ഹാദിത്തുകളെപ്പറ്റിയോ ഉണ്ടായിരുന്നില്ല എന്നു് വ്യക്തമാണു്. ആ സുവിശേഷത്തിലെ ഖുർആനുമായി പൊരുത്തപ്പെടാത്ത പല കാര്യങ്ങളും, മുഹമ്മദിനു് ‘മശിഹാ’ ആയി സ്ഥാനാരോഹണം നൽകുന്നതുമെല്ലാം ഇതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണു്.

മദ്ധ്യകാല കാർമ്മിലൈറ്റ്‌സ്‌

രാജാക്കന്മാരുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഏലിയാ, എലീശാ എന്നീ പ്രവാചകന്മാരോടും അവരുടെ അനുയായികളോടും (പ്രവാചകരുടെ പുത്രന്മാർ) ഉള്ള ആഭിമുഖ്യം ബർണബാസ്‌ സുവിശേഷത്തിലുടനീളം പ്രകടമാണു്. യേശുവിനു് തന്നെ അതിൽ യോഹന്നാൻ സ്നാപകന്റെ റോൾ ആണു് നൽകപ്പെടുന്നതു്. യഹൂദരുടെ വിശ്വാസപ്രകാരം, യഥാർത്ഥ മശിഹാ ഇതുവരെ വന്നിട്ടില്ല, വരാനിരിക്കുന്നതേയുള്ളു. ബൈബിളിലെ രാജാക്കന്മാരിലെ വർണ്ണനകളോടു് ബാഹ്യമായവ കൂട്ടിച്ചേർത്തും തിരുത്തിയും കഥയെ ലക്ഷ്യത്തിനു് അനുയോജ്യമാക്കിർത്തീർത്തിരിക്കുന്ന ഒരു സൃഷ്ടിയാണു് ബർണബാസ്‌ സുവിശേഷം. വെട്ടിത്തിരുത്തലുകളുടെയും തുന്നിച്ചേർക്കലുകളുടെയും ആകെത്തുകയാണു് ബർണബാസ്‌ സുവിശേഷം എന്നു് പറഞ്ഞാലും അതിൽ അതിശയോക്തി ഒന്നുമില്ല. ബര്‍ണബാസ്‌ സുവിശേഷത്തിൽ നിന്നും എഡിറ്റിംഗ്‌ വഴി കൂട്ടിച്ചേർത്തതെന്നു് വിളിച്ചുപറയുന്ന വിധം മുഴച്ചുനിൽക്കുന്ന പൗലോസ്‌ വിരോധം, ചേലാകർമ്മവിഷയം, ബർണബാസ്‌ എന്ന പേരിലേക്കുള്ള സൂചനകൾ, മുഖവുര മുതലായ ഏതാനും കാര്യങ്ങൾ മാത്രം നീക്കം ചെയ്താൽ മതി, അതു് യോഹന്നാന്റെ സുവിശേഷത്തിന്റെ മാതൃകയിലുള്ളതും, എന്നാൽ ഇബായണൈറ്റ്‌ ചിന്താധാര ഉൾക്കൊള്ളുന്നതുമായ ഒരു സുവിശേഷമായി മാറും. ബർണബാസിന്റെ നാമത്തിലുള്ള ഒരു ആരംഭകാലസുവിശേഷം തേടിയുള്ള അന്വേഷണം അതോടെ അർത്ഥശൂന്യമായി മാറുകയും ചെയ്യും.

ബർണബാസ്‌ സുവിശേഷത്തിൽ യേശു ‘കപട’ പരീശന്മാരിൽ നിന്നും വേർത്തിരിക്കുന്ന ‘സത്യ’ പരീശന്മാർ സംശയരഹിതമായി കർമ്മേൽപർവ്വതത്തിലെ ഏലിയാപ്രവാചകനെയും പ്രവാചകപുത്രന്മാരെയും പ്രതിനിധീകരിക്കുന്നവരാണു് (അദ്ധ്യായങ്ങൾ 144 മുതൽ 151 വരെ കാണുക). കർമ്മേൽ പർവ്വതം അതിൽ പേരെടുത്തു് പറയുന്നുമുണ്ടു് (അദ്ധ്യായം 188). ഏലിയാ, എലീശാ പ്രവാചകന്മാരിൽനിന്നും, ‘പ്രവാചകപുത്രന്മാർ’ വഴി, യോഹന്നാൻ സ്നാപകനിലൂടെയുള്ള പിൻതുടർച്ച അവകാശപ്പെടുന്നവരാണു് മദ്ധ്യകാല കാർമ്മിലൈറ്റ്‌സ്‌ (medieval carmelites). ക്ലെമന്റൈൻ വൾഗെയ്റ്റിന്റെ അടിസ്ഥാനത്തിൽ, രാജാക്കന്മാരുടെ പുസ്തകത്തിന്റെ ഏലിയാവൃത്തങ്ങളെ കേന്ദ്രീകരിച്ചുള്ള ‘സത്യപ്രവാചകവ്യാഖ്യാനം’ യാക്കോബിന്റെ (James the Just) പഠിപ്പിക്കലുകളുടെ മുഖമുദ്രയായിരുന്നു. ഏതാണ്ടു് അതുതന്നെയാണു് മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തിൽ നമ്മൾ കാണുന്ന ചിന്താരീതിയും. ബര്‍ണബാസ്‌ എന്ന വാക്കു് പ്രവാചകപുത്രൻ എന്ന അർത്ഥത്തിൽ എടുത്താൽ, ബര്‍ണബാസ്‌ സുവിശേഷത്തിന്റെ കേന്ദ്ര ആശയവും കാർമ്മിലൈറ്റ്‌ ചിന്തകളും പൊരുത്തപ്പെടാതിരിക്കുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ, അതിന്റെ ഉത്ഭവം, പണ്ടുണ്ടായിരുന്ന ഒരു ബര്‍ണബാസ്‌ സുവിശേഷത്തിൽ നിന്നെന്നതിനേക്കാൾ, ക്ലെമന്റൈൻ വൾഗെയ്റ്റിന്റെ അടിത്തറയിൽ, ഇബായണൈറ്റ്‌ വിശ്വാസപ്രമാണങ്ങളിൽ അധിഷ്ഠിതമായി നിലനിന്നിരുന്ന ഒരു സ്ഥൂലകൃതിയിൽ നിന്നായിരിക്കാം എന്ന നിഗമനം തള്ളിക്കളയാവുന്നതല്ല – ബർണബാസ്‌ സുവിശേഷം ഒരു സുവിശേഷം എന്ന നിലയിൽ പ്രദര്‍ശിപ്പിക്കുന്ന അസാധാരണമായ കൃത്രിമത്വം മറച്ചുവയ്ക്കാവുന്നതല്ല എന്ന യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും.

കുരിശുയുദ്ധങ്ങൾക്കു് (Crusades) മുൻപുതന്നെ കർമ്മേൽ മലയിൽ (Mount Carmel) ‘പ്രവാചകപുത്രന്മാരായ’ പ്രാകൃതസന്യാസിമാർ വസിച്ചിരുന്നു. യഹൂദ, ക്രൈസ്തവ, ഇസ്ലാം പാരമ്പര്യത്തിലും ഏലിയൻ പ്രവാചകത്വത്തിലും അടിയുറച്ചു് വിശ്വസിച്ചിരുന്ന ഒരു പലസ്റ്റീനിയൻ ക്രൈസ്തവസമൂഹമായിരുന്നു അവർ. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർക്കവിടെ സ്വന്തമായ വിദ്യാലയം പോലുമുണ്ടായിരുന്നു. കുരിശുയുദ്ധങ്ങളുടെ അവസാനത്തിൽ അവർ യൂറോപ്പിലേക്കു് കുടിയേറാൻ നിർബന്ധിതരായതോടെ പൂർവ്വകാല കീഴ്‌വഴക്കങ്ങൾ അവർക്കു് നഷ്ടമായി. വിശുദ്ധ മലയിൽ നിന്നും, ആശ്രമങ്ങളിലെ സന്യാസജീവിതത്തിൽ നിന്നും പിഴുതെറിയപ്പെട്ട അവർ ഭിക്ഷാംദേഹികളുടെ സമൂഹമായി മാറി. അവരുടെ കൂട്ടത്തിൽ ഈ മാറ്റത്തിനു് എതിരായിരുന്നവർ ബർണബാസ്‌ സുവിശേഷത്തിന്റെ ഭാഷയിൽ ‘സത്യ’ പരീശന്മാരും (പ്രാകൃത സന്യാസികൾ), എതിരാളികൾ ‘വ്യാജ’ പരീശന്മാരും (അക്ഷരജ്ഞാനികളായ നാട്യക്കാർ) ആയി മുദ്രകുത്തപ്പെട്ടു. ഒരുപക്ഷേ, ഈ ഏറ്റുമുട്ടലിന്റെ ഫലമായി രംഗപ്രവേശം ചെയ്ത ഏതെങ്കിലും ഒരു പുരാതനലിഖിതമാവാം ബര്‍ണബാസ്‌ സുവിശേഷത്തിന്റെ രൂപത്തിലേക്കു് തിരുത്തി എഴുതപ്പെടുന്നതിനുള്ള കരടുരേഖയായിത്തീർന്നതു്.

അവലംബം:

1. The Medieval Gospel of Barnabas
2. Wurde das wahre Evangelium Christi gefunden? – Dr. Christine Schirmacher
3. Barnabas and the Gospels – R. Blackhirst
4. Bible, Quran and Various Wikipedia essays to compare and verify the details

 
4 Comments

Posted by on May 16, 2010 in മതം

 

Tags: , ,