RSS

Daily Archives: Apr 29, 2008

പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍

ഫിസിക്സിലെ ഇതുവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ഡാര്‍ക്‌ എനര്‍ജി എന്നൊരു പ്രതിഭാസത്തിന്റെ സാദ്ധ്യതയിലേക്കു് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, അതെന്താണെന്നു് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല, വിശ്വാസയോഗ്യമായ ചില സങ്കല്‍പനങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും. അതേസമയം, ഡാര്‍ക്‌ മാറ്റര്‍ എന്നതു് ശാസ്ത്രലോകം തത്വത്തിലും സത്യത്തിലും അംഗീകരിച്ചും തെളിയിച്ചും കഴിഞ്ഞ വസ്തുതയാണുതാനും. ഐന്‍സ്റ്റൈന്റെ എനര്‍ജി ഇക്വേഷന്‍ പ്രകാരം മാറ്ററും എനര്‍ജിയും ഒന്നിന്റെ രണ്ടു് ഭാവങ്ങളാണെങ്കിലും, ഡാര്‍ക്‌ മാറ്ററും ഡാര്‍ക്‌ എനര്‍ജിയും രണ്ടു് വ്യത്യസ്ത ഭാവങ്ങളാണു് എന്ന അഭിപ്രായമാണു് പൊതുവേ നിലവിലിരിക്കുന്നതു്. അതുപോലെതന്നെ, ഡാര്‍ക്‌ മാറ്ററും, ആന്റിമാറ്ററും ഒന്നല്ല, രണ്ടു് വിഭിന്ന പ്രതിഭാസങ്ങളാണു്. ഡാര്‍ക്‌ എനര്‍ജിയിലേക്കു് കടക്കുന്നതിനു് മുന്‍പു്, വ്യക്തതയുടെ പേരില്‍, പ്രപഞ്ചത്തിന്റെ ആരംഭം സംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് മിക്കവാറും അംഗീകരിച്ചുകഴിഞ്ഞ തത്വങ്ങളില്‍നിന്നും തുടങ്ങേണ്ടതുണ്ടു്‌. dark എന്ന വാക്കിനു് ഏറ്റവും അനുയോജ്യമായ മലയാളപദം ശ്യാമം എന്നതിനേക്കാള്‍ ഇരുണ്ടതു് എന്നാണെന്നു് തോന്നുന്നതിനാല്‍, ഡാര്‍ക്‌ മാറ്റര്‍, ഡാര്‍ക്‌ എനര്‍ജി എന്നിവയ്ക്കു് ഇവിടെ ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊര്‍ജ്ജം എന്ന പേരുകള്‍ സ്വീകരിക്കുന്നു.

പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം മനുഷ്യരുടെ അറിവിന്റെ തലങ്ങളെ ഇതിനോടകം വളരെയേറെ വികസിപ്പിച്ചു. ക്വാണ്ടം ഫിസിക്സ്‌ വഴി ആണവ ഉപഘടകങ്ങളെപ്പറ്റി വളറെയേറെ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കി. ശൂന്യാകാശവും താരവൃന്ദങ്ങളും സംബന്ധിച്ചും മനുഷ്യന്‍ കൈവരിച്ച വിജ്ഞാനം ഗണനീയമാണു്. പക്ഷേ, ഇവയില്‍ നിന്നൊക്കെ എത്രയോ വിപുലമാണു്, മനുഷ്യന്‍ ഇതുവരെ കാര്യമായ ഒരു ശ്രദ്ധയും ചെലുത്താതിരുന്ന പ്രപഞ്ചത്തിലെ ശൂന്യത എന്ന മേഖല. ഈ ശൂന്യതയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രപഞ്ചത്തിലെ യഥാര്‍ത്ഥ ദ്രവ്യത്തിന്റെ അംശം ആകെ പ്രപഞ്ചത്തിന്റെ നേരിയ ഒരംശം പോലും വരില്ല എന്നതാണു് രസകരം. ഈ ദ്രവ്യാംശത്തിന്റെതന്നെ വളരെ ചെറിയ ഒരു ഭാഗത്തെപ്പറ്റി മാത്രമാണു് മനുഷ്യനു് ഇതുവരെ എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ആണവലോകത്തിലും (micro cosmos), ശൂന്യാകാശ-താരാപഥലോകത്തിലും (macro cosmos) ദ്രവ്യവും ശൂന്യതയും തമ്മിലുള്ള അനുപാതത്തില്‍ ഭീമമായ ഈ അന്തരം ഒരേപോലെ നിലനില്‍ക്കുന്നുണ്ടു്. ശൂന്യാകാശത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെയെങ്കിലും ഈ അന്തരം ഉള്‍ക്കൊള്ളാന്‍ നമുക്കു് കഴിയുമ്പോള്‍, ആണവലോകം നമ്മുടെ തലച്ചോറിന്റെ സങ്കല്‍പശേഷികളില്‍ നിന്നും പൂര്‍ണ്ണമായും വഴുതിമാറുകയാണു് ചെയ്യുന്നതു്. ഒരണുവിന്റെ സാക്ഷാല്‍ ദ്രവ്യാംശം വളരെ വളരെ ചെറുതാണു്. അതേസമയം, അണുകേന്ദ്രവും അതിനു് ചുറ്റുമുള്ള എലക്ട്രോണുകളും തമ്മിലുള്ള അകലം ആ കണികകളുടെ അളവുകള്‍ വച്ചു് നോക്കുമ്പോള്‍, വളരെ വലുതുമാണു്. ആണവലോകം ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പുവരെ മനുഷ്യനു് അജ്ഞാതമായിരുന്നതിനാല്‍, അതിനെ മനസ്സിലാക്കാനുതകുന്ന ഒരു ന്യൂറോണല്‍ സര്‍കിറ്റ് തലച്ചോറില്‍ എവൊല്യുഷന്‍ വഴി രൂപമെടുക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണു് ഒരു തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്റെ തലച്ചോറില്‍ ക്വാണ്ടം ലോകത്തെ സങ്കല്‍പിക്കുവാനുതകുന്ന ഒരു ഇന്റുവിഷന്‍ രൂപമെടുക്കുന്നതു്. ശില്‍പകാരന്റെ തലയില്‍ ശില്‍പവും, ചിത്രകാരന്റെ ഭാവനയില്‍ ചിത്രവും, പാചകക്കാരിയുടെ സങ്കല്‍പത്തില്‍ ഭക്ഷണത്തിന്റെ അന്തിമരൂപവുമൊക്കെ എങ്ങനെയോ മറഞ്ഞിരിക്കുന്നുണ്ടു് എന്നപോലെ. മനുഷ്യനുവേണ്ടി ഭൂമിയല്ല, ഭൂമിയില്‍ മനുഷ്യന്‍ രൂപമെടുക്കുകയായിരുന്നു എങ്കില്‍, കണ്ണുകളുള്ളതുകൊണ്ടു് സൂര്യനല്ല, സൂര്യന്‍ ഉള്ളതുകൊണ്ടു് കണ്ണുകള്‍ ഉണ്ടായി എന്നേ വരാന്‍ കഴിയൂ.

പ്രപഞ്ചം നിറയുന്ന ഈ ശൂന്യത യഥാര്‍ത്ഥത്തില്‍ എന്താണെന്നു് വ്യക്തമായി ഇതുവരെ നമുക്കു് അറിയില്ല എന്നതാണു് സത്യം. ശൂന്യത എന്നു് നമ്മള്‍ വിളിക്കുന്നതുകൊണ്ടു് അവിടെ ഒന്നും ഇല്ല എന്നു് അര്‍ത്ഥമാക്കാനാവില്ല എന്നു് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുതന്നെ അധികമായിട്ടില്ല. വാക്യും ഫ്ലക്ചുവേഷന്‍സ് മുതലായ ചില ആശയങ്ങളൊക്കെ ഉണ്ടെങ്കിലും അവയൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ ആരംഭദശയിലാണു്. ഈ പഠനങ്ങള്‍ വെളിവാക്കിയ ഒരു വസ്തുത, മാക്രോ കോസ്മോസിലെ ഇരുണ്ട ലോകങ്ങളെ മനസ്സിലാക്കണമെങ്കില്‍ അടിസ്ഥാനപരമായി മൈക്രോ കോസ്മോസില്‍ തന്നെ, അഥവാ പ്രപഞ്ചത്തിന്റെ ഉത്ഭവവേളയില്‍ രൂപമെടുത്ത ആണവ-ഊര്‍ജ്ജഘടകങ്ങളില്‍ തന്നെ പഠനം ആരംഭിക്കണമെന്നതാണു്. ഇതുവരെയുള്ള അറിവുകള്‍ പരിമിതമാണു് എന്നതുകൊണ്ടു് ശാസ്ത്രലോകം നിന്നിടത്തുതന്നെ നില്‍ക്കുകയായിരുന്നു എന്നര്‍ത്ഥമില്ല. ഇക്കഴിഞ്ഞ ഇരുന്നൂറു്, മുന്നൂറു് വര്‍ഷങ്ങളില്‍ ശാസ്ത്രം നേടിയ അറിവുകൾ  അതിനു് മുന്‍പു്‌ ആര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നവയാണെന്ന കാര്യം നിഷേധിക്കാനാവില്ലല്ലോ.

ഒരു ആദിസ്ഫോടനം (Big-Bang) വഴി പ്രപഞ്ചം രൂപമെടുക്കുകയായിരുന്നു എന്നതാണു് പ്രപഞ്ചോത്പത്തിയെപ്പറ്റി ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. സ്ഥല-കാല-ദ്രവ്യങ്ങളുടെ (space, time and matter) ആരംഭം കുറിച്ചുകൊണ്ടു് ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഇതു് സംഭവിച്ചുകാണണം എന്നു് കണക്കുകള്‍ വ്യക്തമാക്കുന്നു. ശക്തിയേറിയ ടെലസ്കോപ്പുകളുടെ കണ്ടുപിടുത്തമാണു് ബിഗ്‌-ബാങ്ങ് തിയറിയില്‍ എത്തിച്ചേരാന്‍ മനുഷ്യനെ പ്രധാനമായും സഹായിച്ചതു്. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയില്‍ എത്തിച്ചേരുന്ന പ്രകാശത്തിന്റെ സ്പെക്ട്രം പ്രദര്‍ശിപ്പിക്കുന്ന റെഡ് ഷിഫ്റ്റ് വഴിയാണു് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതു്. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു വാഹനത്തിന്റെ സൈറണില്‍ നിന്നും നമ്മുടെ ചെവിയില്‍ എത്തുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി ആ വാഹനം നമ്മോടു് അടുത്തു് വന്നുകൊണ്ടിരിക്കുന്നുവോ, അതോ അകന്നുപോയിക്കൊണ്ടിരിക്കുന്നുവോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ, വളരെ അകലെനിന്നും സ്വീകരിക്കപ്പെടുന്ന പ്രകാശതരംഗങ്ങള്‍ ചുവപ്പുനിറത്തിന്റെ ദിശയിലേക്കു് നീങ്ങി കാണപ്പെടുമ്പോള്‍, ആ പ്രകാശത്തിന്റെ ഉത്ഭവസ്ഥാനങ്ങള്‍ നമ്മില്‍നിന്നും അകലുകയാണെന്നു് മനസ്സിലാക്കാം. അതിനുപകരം, പ്രകാശം വയലറ്റ്‌ നിറത്തിന്റെ ദിശയിലേക്കു് നീങ്ങിയാണു് കാണപ്പെട്ടിരുന്നതെങ്കില്‍, ഗാലക്സികള്‍ അടുത്തുവന്നുകൊണ്ടിരിക്കുകയാണെന്നു് അനുമാനിക്കേണ്ടിവരുമായിരുന്നു. (Doppler Effect എന്ന പേരില്‍ അറിയപ്പെടുന്ന ഈ തത്വം തന്നെയാണു് വൈദ്യശാസ്ത്രം ഗര്‍ഭസ്ഥശിശുവിനേയും, ശരീരത്തിന്റെ അന്തര്‍ഭാഗത്തെ cancer-നെയുമൊക്കെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ultrasound scanner-ന്റെയും പ്രവര്‍ത്തനതത്വം.)

പക്ഷേ, ഗാലക്സികള്‍ ഭൂമിയില്‍ നിന്നും അകന്നുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല, പ്രപഞ്ചം ആകമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വേണം ഇതു് മനസ്സിലാക്കാന്‍. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം, ഈ വികാസം എന്നെങ്കിലും ആരംഭിച്ചിരിക്കണം എന്നാവുമല്ലോ. ഈ വസ്തുതകളെ ഗണിതശാസ്ത്രപരമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍, കിട്ടുന്ന ഉത്തരമാണു് 1370 കോടി വര്‍ഷങ്ങളാണു് പ്രപഞ്ചത്തിന്റെ പ്രായം എന്നതു്. ഈ കണക്കുകളുടെ ആധാരം ഉപകരണങ്ങളിലൂടെ ലഭിക്കുന്ന മൂല്യങ്ങള്‍ ആണെന്നതിനാല്‍, ഉപകരണങ്ങള്‍ എത്ര നവീനമോ, അത്രയും കൂടുതല്‍ കൃത്യമായിരിക്കും സ്വാഭാവികമായും കണക്കുകള്‍ വഴി ലഭിക്കുന്ന ഫലവും. പ്രകാശവര്‍ഷം എന്നതു്, പല വിദ്യാസമ്പന്നര്‍ പോലും മനസ്സിലാക്കിയിരിക്കുന്നതുപോലെ, സമയത്തിന്റെ അളവല്ല, ദൂരത്തിന്റെ അളവാണു്. ഒരു സെക്കന്റില്‍ ഏകദേശം മൂന്നു് ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ടു് പിന്നിടുന്ന “ദൂരമാണു്” ഒരു പ്രകാശവര്‍ഷം. അതായതു്, ഏകദേശം (300000 x 60 x 60 x 24 x 365) കിലോമീറ്റര്‍. അഞ്ചു് പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയില്‍ അഞ്ചു് വര്‍ഷങ്ങള്‍ക്കു് ശേഷമേ എത്തിച്ചേരൂ എന്നു് സാരം. ഒരുകോടി പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നമ്മള്‍ ഇന്നു് കാണുന്നു എങ്കില്‍, അതു് സംഭവിച്ചതു് ഒരുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പായിരിക്കും എന്നതിനാല്‍, ഒരേസമയം എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ക്കു് ഒരു കോസ്മിക്‌ മാനദണ്ഡത്തില്‍ ചിന്തിക്കുമ്പോള്‍ യാതൊരുവിധ അര്‍ത്ഥവും ഇല്ലാതാവുന്നു.

‘ബിഗ്‌-ബാങ്ങിന്റെ സമയത്തു്’ (അപ്പോള്‍ സ്ഥലവും സമയവുമൊന്നും ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഇതുപോലുള്ള പദപ്രയോഗങ്ങള്‍ മെറ്റഫോര്‍ ആയി മാത്രം മനസ്സിലാക്കേണ്ടതാണു്‌.) അനന്തമായ ഊര്‍ജ്ജത്തില്‍നിന്നും ഒരു സെക്കന്റിന്റെ കോടാനുകോടിഭാഗത്തിലും ചെറിയതായ സമയത്തിന്റെ ഒരു അംശത്തിനുള്ളില്‍ നമ്മുടെ പ്രപഞ്ചം ജനിക്കുന്നു. പക്ഷേ അതുവഴി രൂപമെടുത്തതു് ഇന്നു് നമ്മള്‍ അറിയുന്ന ദ്രവ്യത്തിന്റെ കണങ്ങള്‍ മാത്രമല്ല. ദ്രവ്യത്തിന്റെ പ്രതികണങ്ങളും (antimatter) അതോടൊപ്പം രൂപമെടുത്തിരുന്നു. നമ്മുടെ ലോകവും, വിപരീതചിഹ്നമുള്ള മറ്റൊരു ലോകവും രൂപമെടുത്തു എന്നു് വേണമെങ്കിലും ഈ അവസ്ഥയെ വര്‍ണ്ണിക്കാം. (പല പ്രപഞ്ചങ്ങള്‍ എന്ന ആശയം പോലും ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല.) ഇവിടെ ഒരു പ്രധാന പ്രശ്നമുണ്ടു്. ആദിസ്ഫോടനസമയത്തു് തുല്യമായ അളവിലാണു് കണങ്ങളും പ്രതികണങ്ങളും ഉണ്ടായതെങ്കില്‍, അവ പരസ്പരം ന്യൂട്രലൈസ്‌ ചെയ്തു് വീണ്ടും ഊര്‍ജ്ജമായി മാറുമായിരുന്നേനെ. (പ്ലസ് ഒന്നും മൈനസ്‌ ഒന്നും ചേര്‍ന്നു് പൂജ്യമാവുന്നപോലെ) അത്തരം ഒരു പ്രപഞ്ചത്തില്‍ ദ്രവ്യമോ നക്ഷത്രങ്ങളോ ജീവനോ രൂപമെടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പ്രപഞ്ചവും, അതില്‍ നിന്നും ദ്രവ്യവും, അതുവഴി ജൈവലോകവും മനുഷ്യരും ഉണ്ടായി എന്നതുകൊണ്ടുതന്നെ ആദിസ്ഫോടനസമയത്തു് “ശകലം ദ്രവ്യം” മിച്ചം വരത്തക്കവിധത്തില്‍ ഒരു സിമെട്രി ബ്രേക്കിങ് സംഭവിച്ചിരിക്കണം എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു.

ഫിസിക്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിവിധ തരം സിമട്രികളുണ്ടു്. അതില്‍ ചിലതു് സാമാന്യഭാഷയില്‍ വിശദീകരിക്കാവുന്നവയാണെങ്കില്‍, മറ്റു് ചിലതു് മനസ്സിലാക്കാന്‍ ഗണിതശാസ്ത്രത്തിന്റെ സഹായമില്ലാതെ സാധിക്കുകയില്ല. ആദ്യത്തെ വിഭാഗത്തില്‍ വരുന്ന ഒന്നാണു് കണ്ണാടിയിലെ പ്രതിബിംബസിമട്രി. ഒരു ഗോളം തിരിയുന്ന ദിശയുടെ എതിര്‍ദിശയില്‍ തിരിയുന്ന അതിന്റെ കണ്ണാടിയിലെ പ്രതിബിംബം സിമട്രിയുടെ ഒരുദാഹരണമാണു്. (സമയം പുറകോട്ടു് ചലിക്കുന്ന ഒരു ലോകത്തില്‍ ഗോളവും പ്രതിബിംബവും തിരിയുന്നതു് സ്വാഭാവികമായും ഒരേ ദിശയിലായിരിക്കും). ബിഗ് ബാങ്ങിനു്‌ ശേഷം ദ്രവ്യം രൂപമെടുക്കാന്‍ ആവശ്യമായിരുന്ന matter-antimatter asymmetry-യുടെ ചില നിബന്ധനകളാണു് പ്രപഞ്ചത്തിലെ thermodyanamic equilibrium, parity, charge, baryon number മുതലായവയുടെ symmetry breaking. ആദിസ്ഫോടനത്തിനു് ശേഷം ഇവയുടെ സിമട്രി ഭഞ്ജനമില്ലാതെ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രപഞ്ചം ദ്രവ്യമോ, തന്മൂലം ജീവനോ ഉണ്ടാവാനുള്ള സാദ്ധ്യതയില്ലാത്ത ഒരു ഫോട്ടോണ്‍ പ്രപഞ്ചമായി തുടരേണ്ടി വരുമായിരുന്നു.

ആന്റിമാറ്റര്‍ ഇന്നൊരു സങ്കല്‍പമല്ല. ജെനീവയിലെ CERN -ല്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ആന്റിമാറ്റര്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ബിഗ് ബാങ് സിമ്യുലേഷന്‍ അടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി 1989-ല്‍ ഭൂതലത്തില്‍ നിന്നും നൂറുമീറ്റര്‍ താഴെയായി വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന Large Electron-Positron Collider-ന്റെ നീളം 27 കിലോമീറ്ററാണു്. ആയിരത്തിലേറെ ഹൈടെക്ക് കുഴലുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ എലെക്ട്രോമാഗ്നെറ്റിക് ഫീല്ഡ് വഴി ആക്സിലെറേറ്റ് ചെയ്യപ്പെടുന്ന പ്രോട്ടോണ്‍സ് അതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്ന ഭീമാകാരമായ ഒരു ഹാളില്‍ വച്ചു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ പരസ്പരം കൂട്ടിമുട്ടുന്നു. ഇതിനു് മുന്‍പൊരിക്കലും ഭൂമിയില്‍ പിണ്ഡത്തെ ഇത്രമാത്രം വേഗതയിലേക്കു് ആക്സിലെറേറ്റ് ചെയ്യാന്‍ മനുഷ്യനു് കഴിഞ്ഞിട്ടില്ല. വേഗതമൂലം കൊളീഷന്‍ സമയത്തു് അവയുടെ ഭാരം വളരെ കൂടുതലായിരിക്കും (വീണ്ടും ഐന്‍സ്റ്റൈന്‍). അതുവഴി രൂപമെടുക്കുന്ന പുതിയ കണങ്ങളുടെ പഠനം വഴി ശാസ്ത്രജ്ഞര്‍ പല ചോദ്യങ്ങളുടെയും മറുപടി തേടുന്നു. ദ്രവ്യത്തിനു് പിണ്ഡം ഉണ്ടാകുന്നതിന്റെ കാരണമെന്തു് എന്നതുമുതല്‍ ക്വാണ്ടം ഫിസിക്സിന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന, Peter Higgs എന്ന ഭൗതികശാസ്ത്രജ്ഞന്‍ പോസ്റ്റ്യുലേറ്റ് ചെയ്ത, ഹിഗ്സ് പാര്‍ട്ടിക്കിള്‍സിന്റേയും ഹിഗ്സ് ഫീല്‍ഡിന്റേയും അസ്തിത്വം തേടല്‍ വരെ CERN-ലെ അന്വേഷണങ്ങളില്‍ പെടുന്നു.

(ശേഷം അടുത്തതില്‍)

 
13 Comments

Posted by on Apr 29, 2008 in ലേഖനം

 

Tags: , ,